കള്ളവാർത്തകൾക്കെതിരായ പോരാട്ടം (ഡിസിൻഫർമേഷൻ ആക്ടിവിസം) തന്നെ മാധ്യമ പ്രവർത്തനത്തിന്റെ മുഖ്യധാരയിൽ എത്തിക്കഴിഞ്ഞു. കള്ളം കണ്ടെത്തി വെളിപ്പെടുത്തുന്ന ഫാക്ട് ചെക്കിങ്ങിനപ്പുറം, വ്യാജ വാർത്താ വ്യവസായത്തിന്റെ പൊതുരീതികളും ഉപകരണങ്ങളും ചികഞ്ഞുനോക്കുന്ന സംരംഭങ്ങൾ പല രാജ്യങ്ങളിലും വന്നുകൊണ്ടിരിക്കുന്നു.
വ്യാജ വാർത്തകളുടെ വ്യാപ്തി അമ്പരപ്പിക്കുന്നതാണ്. അവ കണ്ടെത്താൻ ശ്രമിക്കുന്ന വസ്തുതാപരിശോധകർ (ഫാക്ട് ചെക്കർമാർ) ഇന്ന് ധാരാളമുണ്ടെങ്കിലും, അവരെല്ലാം ചേർന്നാലും കണ്ടെത്തിത്തീരാത്തത്ര വിസ്തൃതമാണ് ഇപ്പോഴും വികസിച്ചുകൊണ്ടിരിക്കുന്ന വ്യാജവാർത്താ പ്രപഞ്ചം. മാത്രമല്ല, വസ്തുതാ പരിശോധകർക്കിടയിലുമുണ്ട് വ്യാജവാർത്തകൾക്ക് സാധ്യത നൽകുന്ന അതിവ്യാജന്മാർ.
കള്ളവാർത്തകൾക്കെതിരായ പോരാട്ടം (ഡിസിൻഫർമേഷൻ ആക്ടിവിസം) തന്നെ മാധ്യമപ്രവർത്തനത്തിന്റെ മുഖ്യധാരയിൽ എത്തിക്കഴിഞ്ഞു. കള്ളം കണ്ടെത്തി വെളിപ്പെടുത്തുന്ന ഫാക്ട് ചെക്കിങ്ങിനപ്പുറം, വ്യാജവാർത്താ വ്യവസായത്തിന്റെ പൊതുരീതികളും ഉപകരണങ്ങളും ചികഞ്ഞുനോക്കുന്ന സംരംഭങ്ങൾ പല രാജ്യങ്ങളിലും വന്നുകൊണ്ടിരിക്കുന്നു. രാജ്യാന്തര മാധ്യമകൂട്ടായ്മകളും ഈ പ്രവർത്തനത്തിൽ പങ്കുകൊള്ളുന്നുണ്ട്. ‘മീഡിയ സ്കാൻ’ കഴിഞ്ഞ ലക്കത്തിൽ പരാമർശിച്ച ‘ഫൊർബിഡൻ സ്റ്റോറീസ്’ അടക്കമുള്ള പ്രസ്ഥാനങ്ങൾ പലതരം വ്യാജവാർത്താ ഉപകരണങ്ങളെ തുറന്നുകാട്ടിയിട്ടുണ്ട്. അക്കൂട്ടത്തിൽ, ഇസ്രായേലി നിർമിത പെഗസസ് സോഫ്റ്റ്വെയറുമുണ്ട്. ഇന്ത്യയിൽ ഈ സോഫ്റ്റ്വെയർ ഉപയോഗിച്ച് ആക്ടിവിസ്റ്റുകളെ കുടുക്കിയത് വ്യാജവാർത്താ വ്യവസായത്തിന്റെ ചെയ്തിയാണെന്നും വെളിപ്പെട്ടിട്ടുണ്ട്.
യൂറോപ്യൻ യൂനിയനിലെ ‘ഡിസിൻഫോ ലാബ്’ എന്ന സ്ഥാപനം ഇപ്പോൾ ഇന്ത്യയിലെ വാർത്താലോകത്തെ കൈയടക്കാൻ നടക്കുന്ന ശ്രമങ്ങളിലൊന്ന് തുറന്നുകാണിച്ചിരിക്കുന്നു. ഏഷ്യൻ ന്യൂസ് ഇന്റർനാഷനൽ (എ.എൻ.ഐ) എന്ന വാർത്താ ഏജൻസിയാണ് വിഷയത്തിന്റെ കേന്ദ്രബിന്ദു.
‘ഹിന്ദുസ്താൻ സമാചാർ’ പോലെ, മോദിസർക്കാറിനുവേണ്ടി മാധ്യമപ്രവർത്തനം നടത്തുന്ന ഏജൻസിയായി വിലയിരുത്തപ്പെട്ട സ്ഥാപനമാണ് എ.എൻ.ഐ. കാരവൻ മാഗസിൻ 2019 മാർച്ച് ലക്കത്തിന്റെ കവർസ്റ്റോറി, ‘എ.എൻ.ഐ എങ്ങനെ സർക്കാർ ഭാഷ്യം വാർത്തയാക്കുന്നു’ എന്നതായിരുന്നു. ദ കെൻ എന്ന ബിസിനസ് പ്രസിദ്ധീകരണവും ഇതേ തരത്തിൽ വിശദറിപ്പോർട്ട് പ്രസിദ്ധപ്പെടുത്തി (എ.എൻ.ഐ നിശ്ശബ്ദം കുത്തകയായതെങ്ങനെ? 2019 ഡിസംബർ 19).
ഡിസിൻഫോ ലാബ് തന്നെ മുമ്പ് രണ്ടുതവണ ഇന്ത്യയിലെ കള്ളവാർത്താ വാണിഭം എടുത്തുകാട്ടിയിട്ടുണ്ട്. ലോകാഭിപ്രായത്തെ സ്വാധീനിക്കാനും ലോകമാധ്യമങ്ങളിൽ കള്ളക്കഥകൾ പരത്താനുംവേണ്ടി 65 രാജ്യങ്ങളിലായി 265 ഫോക് പ്രാദേശിക വാർത്താ വെബ്സൈറ്റുകൾ ഇന്ത്യയിലെ ചില ശൃംഖലകൾ നടത്തുന്നുണ്ടെന്ന് 2019ൽ ഇ.യു ഡിസിൻഫോ ലാബ് കണ്ടെത്തി. നിലച്ചുപോയ സ്ഥാപനങ്ങളുടെ (ഉദാ: വോയ്സ് ഓഫ് അമേരിക്ക) പേരുകൾ ഉപയോഗിച്ചാണ് പല ശൃംഖലകളും കള്ള വാർത്തകൾ പ്രസരിപ്പിച്ചുവന്നത്. ഇതേ തരത്തിൽതന്നെ, പ്രവർത്തനം നിലച്ച മാധ്യമങ്ങളുടെയും ബുദ്ധികേന്ദ്രങ്ങളുടെ (തിങ്ക്ടാങ്ക്)യും എൻ.ജി.ഒകളുടെയും പേരുപയോഗപ്പെടുത്തി ഇന്ത്യാ സർക്കാറിനുവേണ്ടി വ്യാജവാർത്ത പരത്തുന്നതായി മറ്റൊരു റിപ്പോർട്ട് 2020ലും ഡിസിൻഫോ ലാബ് പ്രസിദ്ധപ്പെടുത്തി.
ഇപ്പോളിതാ, അത്തരത്തിൽ കള്ളവാർത്തകളിറക്കാൻ എ.എൻ.ഐ എന്ന വാർത്താ ഏജൻസിതന്നെ പലകുറി തയാറായതിന്റെ വിവരങ്ങൾ ഡിസിൻഫോ ലാബ് പുതിയ റിപ്പോർട്ടിൽ നൽകിയിരിക്കുന്നു. ‘Bad Sources: How Indian news agency ANI quoted sources that do not exist’ എന്ന തലക്കെട്ടിലാണ് ഈ റിപ്പോർട്ട്.
കാനഡയിലെ ഒരു വ്യാജ സൈറ്റിൽനിന്നുള്ള കള്ളവാർത്തകൾ എ.എൻ.ഐ പതിവായി എടുക്കുകയും വിവിധ വാർത്താ ഏജൻസികൾക്ക് ശരിയായ വാർത്തയെന്ന മട്ടിൽ വിതരണം ചെയ്യുകയും ചെയ്യുന്നു എന്നാണ് റിപ്പോർട്ടിന്റെ കാതൽ.
‘ഇന്റർനാഷനൽ ഫോറം ഫോർ റൈറ്റ്സ് ആൻഡ് സെക്യൂരിറ്റി’ (ഇഫ്റാസ്) ഒരു അന്താരാഷ്ട്ര ‘തിങ്ക്ടാങ്ക്’ ആയിരുന്നു. 2014ൽ അത് പ്രവർത്തനം നിർത്തി, പിരിച്ചുവിട്ടു. പക്ഷേ, ഓൺലൈനിൽ അതിന്റെ വെബ്സൈറ്റ് ബാക്കിയായി. ആരോ അതിൽ ഉള്ളടക്കം ചേർത്തുകൊണ്ടിരുന്നു.
ഇന്ത്യയിലെ മോദിസർക്കാറിന് അനുകൂലവും പാകിസ്താൻ സൈന്യത്തെയും ചൈനീസ് വിദേശനയത്തെയും കുറ്റപ്പെടുത്തുന്നതുമായ ‘പഠനറിപ്പോർട്ടുകൾ’ ഇഫ്റാസ് വെബ്സൈറ്റിൽ ധാരാളമായി വന്നുകൊണ്ടിരുന്നത് ഡിസിൻഫോലാബ് ശ്രദ്ധിച്ചു. ഈ റിപ്പോർട്ടുകൾ തുടർച്ചയായി എ.എൻ.ഐ വാർത്തയാക്കുന്നുമുണ്ടായിരുന്നു. 2021 മേയ് മുതൽ 2023 ജനുവരി വരെ 200ലേറെ തവണ ഇഫ്റാസിനെ ഉദ്ധരിച്ചുള്ള വാർത്തകൾ എ.എൻ.ഐ വിതരണം ചെയ്യുകയും പൊതുമാധ്യമങ്ങൾ അവ ആധികാരിക വിവരമെന്ന നിലക്ക് പ്രസിദ്ധപ്പെടുത്തുകയും ചെയ്തു.
അപ്പോൾ, 2014ൽ ഇല്ലാതായ ഇഫ്റാസ് വെബ്സൈറ്റ് കൃത്രിമമായി നടത്തിപ്പോരുകയും എ.എൻ.ഐക്കായി പാകപ്പെടുത്തിയ വ്യാജവാർത്തകൾ അതിൽ ഉൽപാദിപ്പിക്കുകയും ചെയ്തതാരാണ്? ഡിസിൻഫോലാബ് പറയുന്നു, അതിനുപിന്നിൽ ഡൽഹിയിലെ ‘ശ്രീവാസ്തവ ഗ്രൂപ്’ ആണെന്ന്. ശ്രീവാസ്തവ ഗ്രൂപ്പിന്റെ സൈറ്റുകളുടെ ഐ.പി വിലാസംതന്നെയാണ് ഇഫ്റാസ് സൈറ്റിനുമുള്ളത്. (ശ്രീവാസ്തവ ഗ്രൂപ്പ് വ്യാജവിവരം പരത്താനായി ഇന്ത്യൻ രഹസ്യാന്വേഷക വിഭാഗങ്ങൾ ഉപയോഗപ്പെടുത്തുന്ന വേദിയാണെന്ന് ഫ്രഞ്ച് വാർത്താ മാധ്യമമായ ലെജൂ 2020ൽ ആരോപിച്ചിരുന്നു). എ.എൻ.ഐയുടെ വാർത്തകൾക്ക് ആധികാരിക വാർത്താ സ്രോതസ്സുകളായി അവതരിപ്പിച്ചിരുന്ന പലരും വ്യാജന്മാരായിരുന്നു.
ഇഫ്റാസ് മാത്രമല്ല ഇമ്മാതിരി വ്യാജ ഉറവിടം. എ.എൻ.ഐ കൂടക്കൂടെ ഉദ്ധരിച്ചുവന്ന പോളിസി റിസർച് ഗ്രൂപ്പ് എന്ന തിങ്ക് ടാങ്കും വ്യാജവാർത്താ നിർമാണത്തിനായുള്ള നിഴൽപ്രസ്ഥാനം തന്നെ. എ.എൻ.ഐ വാർത്തകളിൽ ഉദ്ധരിച്ച മഗദ് ലിപൻ (ചിലപ്പോൾ ഇത് മഗ്ദലിപിൻ ആകും!), മിസ് വാലൈന്റൻ പോപ്പസ്ക്യൂ, ജെയിംസ് ഡുഗ്ലസ് ക്രിക്ടൺ തുടങ്ങിയ അന്താരാഷ്ട്ര ‘വിദഗ്ധർ’ മായാമനുഷ്യരത്രെ.
‘സെന്റർ ഫോർ പൊളിറ്റിക്കൽ ആൻഡ് ഫോറിൻ അഫയേഴ്സ്’ ആണ് മറ്റൊരു തിങ്ക് ടാങ്ക്. ഹോങ്കോങ്ങിൽ രജിസ്റ്റർ ചെയ്ത ഈ ഫ്രഞ്ച് സ്ഥാപനം യഥാർഥം തന്നെ; അതേസമയം അതിൽ പ്രവർത്തിക്കുന്നവരെന്നു പറഞ്ഞ് എ.എൻ.ഐ ഉദ്ധരിച്ചുവരുന്ന ‘വിദഗ്ധർ’ അയഥാർഥമാണെന്ന് ഡിസിൻഫോ ലാബ് കണ്ടു.
അന്വേഷണത്തിൽനിന്ന് അവർക്ക് മനസ്സിലായത്, എ.എൻ.ഐ വിതരണംചെയ്യാൻ ഉദ്ദേശിച്ചതരം വാർത്തകൾ നേരത്തേ തീരുമാനിക്കുകയും അവക്ക് സാധുത നൽകാൻ വ്യാജ ‘വിദഗ്ധരി’ലൂടെ അവ നിർമിച്ചെടുക്കുകയുമായിരുന്നു എന്നത്രെ.
‘ഫൊർബിഡൻ സ്റ്റോറീസ്’ കണ്ടെത്തിയപോലെ, വ്യാജ വാർത്തകൾ നിശ്ചിത പ്രതിഫലം വാങ്ങി നിർമിച്ചുകൊടുക്കുകയാണ് (മുൻ ലക്കത്തിൽ സൂചിപ്പിച്ച) ‘നുണ ക്വട്ടേഷൻ’ സംഘങ്ങൾ ചെയ്യുന്നതെങ്കിൽ, തങ്ങളിറക്കാൻ പോകുന്ന വ്യാജങ്ങൾക്ക് ആധികാരികതയുടെ കൃത്രിമ പാക്കിങ് സംഘടിപ്പിക്കുകയാണ് എ.എൻ.ഐ ചെയ്യുന്നതെന്ന് ഡിസിൻഫോ ലാബിന്റെ വെളിപ്പെടുത്തലിൽനിന്ന് മനസ്സിലാക്കാം.
വാർത്താരംഗം കൈയടക്കാനുള്ള മോദിസർക്കാറിന്റെ ശ്രമങ്ങൾ തുടരുന്നതും ഇതിനോട് ചേർത്ത് വായിക്കണം. പി.ടി.ഐ എന്ന സ്വതന്ത്ര ഏജൻസിയിൽനിന്ന് വാർത്ത വാങ്ങുന്നത് പ്രസാർ ഭാരതി രണ്ടുവർഷം മുമ്പ് നിർത്തി. ദൂർദർശൻ, ആകാശവാണി എന്നിവക്കുള്ള വാർത്തകൾ വാങ്ങാൻ പ്രസാർ ഭാരതി ഇപ്പോൾ, ഹിന്ദുസ്ഥാൻ സമാചാർ എന്ന ‘സംഘ്പരിവാർ പക്ഷ’ ഏജൻസിയുടെ വരിക്കാരായിരിക്കുന്നു.
ഒരു പാർലമെന്റാക്രമണം. തൊട്ടുപിന്നാലെ ‘ഭീകരരെ’ തിരിച്ചറിയുന്നു. ഉടനെ ‘ഭീകരവിരുദ്ധ’ നിയമം പ്രതിപക്ഷ വേട്ട; തെരഞ്ഞെടുപ്പിൽ ഭരണപക്ഷത്തിന് വൻ വിജയം.
1932ലെ തെരഞ്ഞെടുപ്പിൽ ഹിറ്റ്ലറുടെ നാസി (ദേശീയ സോഷ്യലിസ്റ്റ്) പാർട്ടിക്ക് ഭൂരിപക്ഷം കിട്ടിയില്ല. കൂട്ടുസർക്കാറിന്റെ തലവനായ ഹിറ്റ്ലർ ചാൻസലറായി ജനുവരി 30ന് അധികാരമേറ്റു. ഉടനെ പ്രസിഡന്റിനെ കണ്ട്, പാർലമെന്റ് (റൈക്സ്റ്റാഗ്) പിരിച്ചുവിട്ട് പുതിയ തെരഞ്ഞെടുപ്പ് നടത്താൻ ശിപാർശ ചെയ്തു. മാർച്ച് 5ന് തെരഞ്ഞെടുപ്പ് നിശ്ചയിച്ചു.
ഫെബ്രുവരി 27ന് റൈക്സ്റ്റാഗ് കെട്ടിടത്തിന് ആരോ തീവെക്കുന്നു. കമ്യൂണിസ്റ്റുകാരാണ് അത് ചെയ്തതെന്ന് വാർത്ത ഇറങ്ങുന്നു. ഒരു 24കാരനെ മുഖ്യപ്രതിയാക്കുന്നു; അയാൾക്ക് വധശിക്ഷ വിധിക്കുന്നു. തെരഞ്ഞെടുപ്പിൽ നാസികൾക്ക് കൂടുതൽ സീറ്റ് ലഭിച്ചു. ഹിറ്റ്ലർ ജർമൻ പ്രസിഡന്റിനെക്കൊണ്ട് പ്രത്യേക ‘രാജ്യസുരക്ഷാ നിയമം’ ഒപ്പിടുവിച്ചത് പാർലമെന്റാക്രമണത്തിന്റെ ബലത്തിലാണ്. പൗരാവകാശം അങ്ങനെ ഇല്ലാതാക്കി. പ്രതിപക്ഷക്കാരെ തടവിലാക്കി. മാധ്യമങ്ങളുടെ വായ മൂടിക്കെട്ടി.
ഈ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ ഹിറ്റ്ലറുടെ പക്ഷംതന്നെ ചെയ്തതാണ് തീവെപ്പ് എന്ന വാദം അന്നും ഇന്നും ശക്തമാണ്. 1933ൽ പ്രസിദ്ധപ്പെടുത്തിയ The Brown Book of the Reichstag Fire and Hitler Terror എന്ന പുസ്തകം സമർഥിച്ചത്, നാസി നേതാവിന്റെ വീട്ടിൽനിന്ന് ചിലർ റൈക്സ്റ്റാഗ് കെട്ടിടത്തിലേക്കുള്ള തുരങ്കപാതയിലൂടെ ചെന്ന്, കെട്ടിടത്തിന് തീകൊടുത്ത്, തിരിച്ചുപോയി എന്നാണ്. ഇതിന്റെ തെളിവായി 90 പേജിൽ രേഖകൾകൂടി പുസ്തകത്തിൽ ചേർത്തു. ഒരുകാര്യം സത്യമാണ്. ആ പാർലമെന്റാക്രമണത്തിന്റെ ഗുണഭോക്താവ് ഹിറ്റ്ലറായിരുന്നു. അതുകൊണ്ട്, അയാളുടെ പക്ഷക്കാർ സംഘടിപ്പിച്ച ‘കള്ളസംഭവ’മായിരുന്നു അതെന്ന്.
റൈക്സ്റ്റാഗ് ‘സംഭവ’ത്തിന്റെ വാർഷികദിനത്തിലാണ് 2002ൽ ഗുജറാത്തിലെ ഗോധ്രയിൽ തീവണ്ടിക്ക് തീയിട്ട് 59 കർസേവകർ കൊല്ലപ്പെട്ടത്. ഗുജറാത്ത് വംശഹത്യക്ക് വഴിമരുന്നായിത്തീർന്നു അത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.