മാധ്യമരംഗത്തെ സൂക്ഷ്മമായ സ്കാനിംഗിന് വിധേയമാക്കുന്ന പംക്തി. മീഡിയയിലെ തെറ്റുകളും അപചയങ്ങളും ചൂണ്ടിക്കാട്ടി, പ്രമുഖ മാധ്യമ പ്രവർത്തകനായ യാസീൻ അശ്റഫ് ആഴ്ചപ്പതിപ്പിൽ രണ്ടു പതിറ്റാണ്ടിലേറെയായി തുടരുന്ന കോളത്തിൽനിന്ന്.
കൊറോണ വൈറസിെൻറ ഒന്നാം വരവിൽ കാണാത്ത വിവാദങ്ങളാണ് രണ്ടാം വരവോടെ അരങ്ങ് തകർക്കുന്നത്. ശാസ്ത്രജ്ഞർ തമ്മിൽ, രാജ്യങ്ങൾ തമ്മിൽ, മാധ്യമങ്ങൾ തമ്മിൽ...
വകഭേദം വന്ന തർക്കങ്ങളുടെ ഒത്ത നടുവിലുള്ളത് മാധ്യമങ്ങൾ തന്നെ.
ഇക്കൊല്ലമാദ്യം ന്യൂയോർക് മാഗസിനിൽ നോവലിസ്റ്റ് നിക്കൾസൺ ബേക്കർ ഒരു നെടുങ്കൻ ലേഖനമെഴുതിയിരുന്നു. കോവിഡ് രോഗാണു ചൈനയിലെ പരീക്ഷണ ശാലയിൽനിന്ന് ചോർന്നു പരന്നതാണ് എന്ന് അദ്ദേഹം വാദിച്ചു. കഥാകാരെൻറ കാൽപനിക ഭാവനയെന്ന് കരുതിയാവാം പലരും അതത്ര ശ്രദ്ധിച്ചില്ല. മേയ് മാസത്തിൽ മീഡിയം എന്ന ഓൺലൈൻ പത്രികയിൽ നിക്കളസ് വെയ്ഡ് എന്ന ശാസ്ത്ര ജേണലിസ്റ്റ് ഒരു സുദീർഘ ലേഖനം ''സെൽഫ് പബ്ലിഷ്'' ചെയ്തു. ബുള്ളറ്റിൻ ഓഫ് ദ അറ്റോമിക് സയൻറിസ്റ്റ്സ് എന്ന ശാസ്ത്ര പ്രസിദ്ധീകരണത്തിൽ വെയ്ഡിെൻറ ലേഖനം വന്നതോടെ ശാസ്ത്രലോകത്ത് അതൊരു ചർച്ചയായി.
അങ്ങനെ രണ്ട് വാദങ്ങൾ കോവിഡിനെ ചുറ്റിപ്പറ്റിക്കൊണ്ട് മാധ്യമങ്ങളിൽ നിറഞ്ഞു. ഈ വൈറസ് എവിടെനിന്ന്, എങ്ങനെ വന്നു എന്നതിനുള്ള ഉത്തരമായിട്ടാണ് രണ്ടും ഉന്നയിക്കപ്പെടുന്നത്.
ചൈനയിലെ വൂഹാനിലെ ഭക്ഷ്യ മാംസച്ചന്തയിൽനിന്നാണ് അത് മനുഷ്യരിലേക്ക് പടർന്നത് എന്ന് പൊതുവെ വിശ്വസിക്കപ്പെടുന്നു. മനുഷ്യരുടെ പ്രത്യേക ഇടപെടലില്ലാതെ ''സ്വാഭാവികമായ'' രീതിയിൽ അത് മനുഷ്യരിൽ പടർന്നുകയറി.
വൂഹാനിൽതന്നെയാണ് ചൈനയുടെ വിഖ്യാതമായ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്. വൈറസുകളെപറ്റി പഠന-പരീക്ഷണങ്ങൾ നടക്കുന്ന ലാബ്. അവിടെ പുതിയ രോഗാണുക്കളെ സൃഷ്ടിച്ചെടുക്കുന്ന പരീക്ഷണങ്ങൾ നടക്കുന്നുണ്ടെന്നും അറിഞ്ഞോ അറിയാതെയോ അവിടെനിന്ന് ചോർന്നതാണ് രോഗാണു എന്നുമാണ് രണ്ടാമത്തെ വാദം.
അന്വേഷണത്തിനായുള്ള ആവശ്യം മുറുകിയത് അമേരിക്കൻ രഹസ്യാന്വേഷണ റിപ്പോർട്ടിലെ പ്രസക്ത ഭാഗങ്ങൾ വാൾസ്ട്രീറ്റ് ജേണൽ വഴി പുറത്തുവന്നതോടെയാണ്. ചൈനയുടെ പങ്കിനെപറ്റി അന്വേഷണം വേണമെന്ന പഴയ ആവശ്യത്തിന് ബലം കൂടി. യു.എസ് പ്രസിഡൻറ് ബൈഡൻ അത് അന്വേഷിക്കാൻ ഉത്തരവിട്ടു.
എന്താണീ ''രഹസ്യം''? വൂഹാനിൽ ആദ്യ കോവിഡ് ബാധ കണ്ടെത്തുന്നതിനും (2019 ഡിസംബർ) ആഴ്ചകൾക്ക് മുമ്പ് (2019 നവംബർ) വൂഹാൻ ലാബിലെ മൂന്ന് ഗവേഷകർ കോവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. ഈ സംഭവം കഴിഞ്ഞ്, ആദ്യ കോവിഡ് ബാധ സ്ഥിരീകരിച്ച് ദിവസങ്ങൾക്ക് ശേഷമാണ് ചൈന ലോകാരോഗ്യ സംഘടനയെ വിവരമറിയിച്ചത്.
ബുള്ളറ്റിൻ ഓഫ് ദ അറ്റോമിക് സയൻറിസ്റ്റ്സിലെയും (മേയ് 5) വാൾസ്ട്രീറ്റ് ജേണലിലെയും (മേയ് 23) ലേഖനങ്ങൾ കടന്നൽകൂട്ടിനെറിഞ്ഞ കല്ലായി. (ഇക്കൊല്ലം ജനുവരിയിൽ ലോകാരോഗ്യ സംഘടനയുടെ അന്വേഷക സംഘത്തിന് ൈചന അനുമതി നിഷേധിച്ചിരുന്നു.)
കഴിഞ്ഞ വർഷം ചൈനക്കെതിരെ പലരും സംശയമുന്നയിച്ചപ്പോൾ തിടുക്കത്തിൽ ഇടപെടുകയും ചൈനയെ അന്വേഷണമില്ലാതെ കുറ്റമുക്തമാക്കുകയും ചെയ്തു എന്ന ആരോപണം ഇപ്പോൾ ലാൻസറ്റ്, നേച്ചർ എന്നീ വിഖ്യാത ശാസ്ത്ര-ഗവേഷണ പ്രസിദ്ധീകരണങ്ങൾക്ക് നേരെ ഉയർന്നിരിക്കുന്നു.
ചൈനയുടെ ഔദ്യോഗിക നിലപാടിനോട് ചേർന്ന് നിൽക്കാത്തതും അതിനെ ചോദ്യം ചെയ്യുന്നതുമായ അനേകം ഗവേഷണ പ്രബന്ധങ്ങൾ ഈ പ്രസിദ്ധീകരണങ്ങളിലേക്ക് പലരും അയച്ചു; അവയെല്ലാം തള്ളി. അമേരിക്കയിലെ സയൻസ് മാഗസിനെ കുറിച്ചും ഈ പരാതിയുണ്ട്. പതിവുള്ള നിഷ്കൃഷ്ട പരിശോധനകൾക്ക് േശഷമാണ് എല്ലാ ലേഖനങ്ങളും തള്ളുകയോ കൊള്ളുകയോ ചെയ്യാറെന്ന് ഈ പ്രസിദ്ധീകരണങ്ങളുടെയും എഡിറ്റർമാർ പറയുന്നു.
എന്നാൽ, നേച്ചർ, സയൻറിഫിക് അമേരിക്കൻ എന്നിവ അടക്കം 3500 പ്രസിദ്ധീകരണങ്ങൾ ഇറക്കുന്ന സ്പ്രിംഗർ നേച്ചർ പ്രസാധക കമ്പനി, ചൈനയിലെ അതിെൻറ പ്രസിദ്ധീകരണങ്ങളിൽ ൈചനീസ് സർക്കാറിന് അഹിതകരമായ വിഷയങ്ങൾ ഒഴിവാക്കാറുണ്ട് എന്ന് തുറന്നു സമ്മതിച്ചതാണ്. ലാൻസറ്റ് പ്രസാധകരായ എൽസീവിയറും സ്പ്രിംഗർ നേച്ചറും ൈചനീസ് സർക്കാർ സ്ഥാപനങ്ങളുമായി സ്പോൺസർഷിപ് ധാരണകൾ ഒപ്പുവെച്ചിട്ടുമുണ്ട്.
എങ്കിലും ഇതൊന്നും ചൈനക്ക് പുറത്തുള്ള തങ്ങളുടെ പ്രസിദ്ധീകരണങ്ങളിലെ ഉള്ളടക്കത്തെ ബാധിക്കില്ലെന്നാണ് അവർ വാദിക്കുന്നത്.
ലാൻസറ്റ്, നേച്ചർ, സയൻസ് തുടങ്ങിയവ ശാസ്ത്ര വിരുദ്ധമായി ചായ്വുകാണിച്ചോ എന്ന തർക്കം ഒരു ഭാഗത്ത് നടക്കുേമ്പാൾ ൈചനീസ് സർക്കാറിനെ പ്രതിരോധിക്കാൻ അവിടത്തെ മാധ്യമങ്ങൾ രംഗത്തെത്തിയിരിക്കുന്നു. സൗത് ചൈന മോണിങ് പോസ്റ്റിൽ അലക്സ് ലോ എഴുതിയ ലേഖനം (ജൂൺ 18) ഉദാഹരണം.
ശാസ്ത്രീയ തലത്തിൽ പുതിയ കണ്ടെത്തലോ തെളിവോ ഒന്നുമില്ലാതെ പെട്ടെന്ന് ആരോപണ വിരൽ ചൈനക്കെതിരെ നീളുന്നത് രാഷ്ട്രീയ കാരണങ്ങൾകൊണ്ടാണെന്ന് ആ ലേഖനം പറയുന്നു. മാത്രമല്ല, വൈറസ് ലാബ് നിർമിതമാണെന്ന് നിക്കളസ് വെയ്ഡിനോട് അഭിപ്രായപ്പെട്ട നൊബേൽ ജേതാവ് ഡേവിഡ് ബാൾട്ടിമോർ പിന്നീട് തെൻറ നിലപാട് മയപ്പെടുത്തിയിട്ടുമുണ്ടത്രെ. പ്രമുഖ വൈറോളജിസ്റ്റായ ക്രിസ്ത്യൻ ആൻഡേഴ്സൺ ബാൾട്ടിമോറിെൻറ വാദത്തെ എതിർത്തതിന് പിന്നാലെയാണത്രെ ഈ പിന്മാറ്റം.
പക്ഷേ, ''ലാബ് നിർമിത വൈറസ്'' എന്ന വാദത്തെ ഖണ്ഡിക്കാൻ പോസ്റ്റ് കാര്യമായി ഉന്നയിക്കുന്ന ചോദ്യം, പടിഞ്ഞാറൻ മാധ്യമങ്ങളുടെ വിശ്വാസ്യത എത്രത്തോളം എന്നതാണ്. ആ ചോദ്യത്തിൽ കാര്യം ഇല്ലാതില്ല.
ഒരു ഉദാഹരണം: പുതിയ ൈചന വിരുദ്ധ വാദങ്ങൾ ആദ്യമായി പുറത്തുവന്നത് വാൾസ്ട്രീറ്റ് ജേണലിലും മറ്റുമാണല്ലോ. ജേണലിൽ ലേഖനമെഴുതിയ ആൾ മൈക്കൽ ഗോർഡനാണ്. ഇറാഖിനെ ആക്രമിക്കാൻ യു.എസ് സർക്കാറിനെ സഹായിച്ച നുണക്കഥകൾ ജൂഡിത് മിലറോടൊപ്പം പണ്ട് ന്യൂയോർക് ടൈംസിലെഴുതിയ ആൾ. സദ്ദാം ഹുസൈൻ കൂട്ട നശീകരണായുധങ്ങൾ നിർമിക്കുന്നുണ്ടെന്ന അവരുടെ റിപ്പോർട്ട് (2002 സെപ്റ്റംബർ) അപ്പടി കള്ളമായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു.
ഇന്ന് ചൈനക്ക് നേരെ വിരൽ ചൂണ്ടുന്ന അമേരിക്കൻ മാധ്യമങ്ങളുടെ വിശ്വാസ്യതയെപറ്റി പോസ്റ്റ് ഉന്നയിക്കുന്ന ആരോപണങ്ങൾ ശരിയാണ്. അതേസമയം, പോസ്റ്റ് പറയാത്ത മറ്റുചില കാര്യങ്ങളുമുണ്ട്.
പോസ്റ്റ് അടക്കമുള്ള ചൈനീസ് മാധ്യമങ്ങളും ഉദ്യോഗസ്ഥരും നിരന്തരം നിഷേധിച്ചുവന്ന ഷിൻജ്യങ് തടങ്കൽപാളയങ്ങളുടെ കാര്യം ഉദാഹരണം. ഉയ്ഗൂറുകാരെ പാർപ്പിച്ച് പീഡിപ്പിക്കുന്ന ഈ പാളയങ്ങൾ നൂറുകണക്കിനുണ്ടെന്ന് തെളിയിക്കുന്ന വസ്തുതകൾ ഈയിടെ പുറത്തുവന്നിരിക്കുന്നു.
നേര് മറച്ചുവെക്കുന്നതിൽ ചൈനീസ് സർക്കാറിെൻറ മിടുക്ക് അവിടത്തെ മാധ്യമങ്ങൾക്കും ഉണ്ടെന്നർഥം.
അതേപോലെ, ക്രിസ്ത്യൻ ആൻഡേഴ്സനെയും പീറ്റർ ദസാക്കിനെയും പോലുള്ള വൈറോളജി വിദഗ്ധർക്ക് വൂഹാൻ ഇൻസ്റ്റിറ്റ്യൂട്ടുമായുള്ള ബന്ധവും ഇപ്പോൾ പുറത്തുവന്നിരിക്കുന്നു.
കൊറോണ വൈറസ് വന്നത് ''സ്വാഭാവിക''മായിട്ടോ ലാബിൽനിന്നോ ആകാം. പക്ഷേ, യു.എസിലെയും ചൈനയിലെയും മാധ്യമങ്ങൾ പറയുന്നതു മാത്രം കേട്ട് ഒന്നും ഉറപ്പിച്ചു പറയാനാകില്ല എന്ന് വന്നിരിക്കുന്നു.
പുറമെ കാണുന്ന കുലീനതയുടെ മൂടുപടം ചില നേരങ്ങളിൽ പൊഴിച്ചുപോകുന്ന ചട്ടമ്പികൾ സിനിമകളിലുണ്ട്. കേരള രാഷ്ട്രീയവും അത്തരമൊരു 'മാന്യനാ'ണെന്ന് തോന്നുന്നു.
കോളജ് കാലത്തെ പരാക്രമങ്ങളെപറ്റി സംസ്ഥാന കോൺഗ്രസ് പ്രസിഡൻറ് കെ. സുധാകരൻ ചിലത് പറയുന്നു: പിണറായി വിജയനെ ചവിട്ടിയിട്ടുണ്ടെന്നും മറ്റും.
ഇന്ന് മുഖ്യമന്ത്രികൂടിയായ പിണറായി വിജയൻ 'കോവിഡ് വാർത്താ സമ്മേളന'ത്തിെൻറ ചോദ്യോത്തര ഭാഗം രാഷ്ട്രീയം പറയാൻ നീക്കിവെച്ച മട്ടാണ്. സുധാകരനെതിരെ അദ്ദേഹവും ആത്മസംയമനമൊക്കെ അഴിച്ചുവെച്ച് ചിലത് പറയുന്നു: സുധാകരൻ തെൻറ മക്കളെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടുവത്രെ.
എല്ലാം തുടങ്ങുന്നത് ഒരു മാധ്യമ മര്യാദക്കേടിൽനിന്ന്. മനോരമ ആഴ്ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിലാണ് സുധാകരൻ തെൻറ കോളജ് നിലവാരം വെളിപ്പെടുത്തിയത്. എന്നാൽ, അത് അച്ചടിക്കരുതെന്ന നിബന്ധനയോടെ പറഞ്ഞ സ്വകാര്യമായിരുന്നത്രെ.
'ഓഫ് ദ റെക്കോഡാ'യി പറയുന്നത് പരസ്യപ്പെടുത്തുന്നത് ചതിയാണ്. മാത്രമല്ല, മാധ്യമപ്രവർത്തനത്തിെൻറ ജീവവായുവായ വിശ്വാസ്യതയെ തകർക്കലാണത്. അതിനും പുറമെ, വാർത്താ ഉറവിടങ്ങളെ ഭയപ്പെടുത്തി നിശ്ശബ്ദരാക്കാനും അത് ഇടയാക്കും.
മാധ്യമങ്ങൾ മറ്റു സുപ്രധാന വിഷയങ്ങൾ വിട്ട് ഈ വിവാദത്തിെൻറ പിന്നാലെ കൂടി. മരംമുറി കേസ്, കോവിഡ് പ്രതിസന്ധി, തൊഴിലില്ലായ്മ, വർധിക്കുന്ന കുറ്റകൃത്യങ്ങൾ തുടങ്ങിയ പ്രധാന വാർത്തകളെ മൂന്നു ദിവസമെങ്കിലും ഈ കോളജ് കളരിക്കഥകൾ പിന്നിലാക്കി.
ഇത് ഏറ്റവുമധികം മുതലെടുത്തത് മലയാള മനോരമ തന്നെ. മനോരമ ആഴ്ചപ്പതിപ്പ് വിശ്വാസവഞ്ചന നടത്തിയെന്ന് സുധാകരൻ ആരോപിച്ചിട്ടും അതിെൻറ നിജസ്ഥിതി എന്തെന്ന് മനോരമ വെളിപ്പെടുത്തിയില്ല. ചതിച്ചു എന്ന ആരോപണം ശരിവെക്കുന്നതല്ലേ ഈ മൗനം?
എൺപതുകൾ, കണ്ണൂർ രാഷ്ട്രീയം, ബ്രണ്ണൻ കോളജ് തുടങ്ങിയവകൊണ്ട് വാർത്താകോളങ്ങൾ നിറഞ്ഞ ദിവസങ്ങളെ സാക്ഷിയാക്കിക്കൊണ്ട് പറയാം: രാഷ്ട്രീയം മാത്രമല്ല, മാധ്യമപ്രവർത്തനവും മാന്യതയുടെ മുഖംമൂടി ചിലപ്പോൾ അഴിച്ചുവെക്കാറുണ്ട്. മാധ്യമ ധാർമികതകൂടി രാഷ്ട്രീയ സദാചാരത്തോടൊപ്പം വിചാരണ നേരിടേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.