സ്വത്വമാണ് രാഷ്ട്രീയം; അതാണ് വാർത്തയും

സ്വത്വമാണ് രാഷ്ട്രീയം; അതാണ് വാർത്തയും

കെ.കെ. കൊച്ച് അന്തരിച്ചു. ആരായിരുന്നു അദ്ദേഹം? ‘‘വാക്കുകളെ ദളിത് അവകാശങ്ങൾ നേടാനുള്ള ആയുധമാക്കിയ എഴുത്തുകാരനും ദളിത് ചിന്തകനു’’മെന്ന് പരിചയപ്പെടുത്തിയാണ് മാതൃഭൂമിയുടെ ചരമവാർത്ത (മാർച്ച് 14) തുടങ്ങുന്നത്. ‘‘ദലിത് ചിന്തകനും കീഴാള അവകാശ പോരാളിയും’’ എന്ന് മാധ്യമത്തിന്റെ ഉപശീർഷകം. ‘‘ദലിത്-കീഴാള അവകാശ പോരാളിയും എഴുത്തുകാരനും ചിന്തകനു’’മെന്ന് വാർത്തയുടെ തുടക്കം. ‘‘ദലിത് ചിന്തകൻ കെ.കെ. കൊച്ച് അന്തരിച്ചു’’ എന്ന് സുപ്രഭാതം തലക്കെട്ട്. ‘‘എഴുത്തുകാരനും ചരിത്രകാരനും സാമൂഹികപ്രവർത്തകനും ദളിത് ചിന്തകനുമായ കെ.കെ. കൊച്ച്’’ എന്ന് ചന്ദ്രിക. ‘‘ദലിത്-ആദിവാസി അവകാശങ്ങൾക്കായി പോരാടിയ ചിന്തകൻ’’ എന്ന് മലയാള...

കെ.കെ. കൊച്ച് അന്തരിച്ചു. ആരായിരുന്നു അദ്ദേഹം?

‘‘വാക്കുകളെ ദളിത് അവകാശങ്ങൾ നേടാനുള്ള ആയുധമാക്കിയ എഴുത്തുകാരനും ദളിത് ചിന്തകനു’’മെന്ന് പരിചയപ്പെടുത്തിയാണ് മാതൃഭൂമിയുടെ ചരമവാർത്ത (മാർച്ച് 14) തുടങ്ങുന്നത്. ‘‘ദലിത് ചിന്തകനും കീഴാള അവകാശ പോരാളിയും’’ എന്ന് മാധ്യമത്തിന്റെ ഉപശീർഷകം. ‘‘ദലിത്-കീഴാള അവകാശ പോരാളിയും എഴുത്തുകാരനും ചിന്തകനു’’മെന്ന് വാർത്തയുടെ തുടക്കം. ‘‘ദലിത് ചിന്തകൻ കെ.കെ. കൊച്ച് അന്തരിച്ചു’’ എന്ന് സുപ്രഭാതം തലക്കെട്ട്. ‘‘എഴുത്തുകാരനും ചരിത്രകാരനും സാമൂഹികപ്രവർത്തകനും ദളിത് ചിന്തകനുമായ കെ.കെ. കൊച്ച്’’ എന്ന് ചന്ദ്രിക. ‘‘ദലിത്-ആദിവാസി അവകാശങ്ങൾക്കായി പോരാടിയ ചിന്തകൻ’’ എന്ന് മലയാള മനോരമ. ‘‘ദളിത്, കീഴാള അവകാശപ്പോരാളിയും എഴുത്തുകാരനു’’മെന്ന് മംഗളം. ‘‘കീഴാള ചിന്തകളെ ജ്വലിക്കുന്ന വാക്കുകളിൽ രേഖപ്പെടുത്തിയ’’ കെ.കെ. കൊച്ച് ‘‘ദളിത് ചിന്തകനും എഴുത്തുകാരനും സാമൂഹിക പ്രവർത്തകനു’’മെന്ന് കേരള കൗമുദി. ‘‘ദളിത് ചിന്തകനും എഴുത്തുകാരനും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗവും സാമൂഹികപ്രവർത്തകനു’’മെന്ന് ജനയുഗം.

ചുരുക്കത്തിൽ കെ.കെ. കൊച്ചിന്റെ പ്രഥമ ഐഡന്റിറ്റിതന്നെ അദ്ദേഹം ദലിത് സ്വത്വം സാഭിമാനം ഉയർത്തിപ്പിടിക്കുകയും അതിനുവേണ്ടി പോരാടുകയും ചെയ്തു എന്നതാണ്. അദ്ദേഹത്തിന്റെ സാമൂഹിക, അക്കാദമിക, ധൈഷണിക പ്രവർത്തനങ്ങളെല്ലാം ദലിത്, കീഴാള സ്വത്വത്തെ കേന്ദ്രീകരിച്ചായിരുന്നു. തന്റെ ആത്മകഥക്ക് അദ്ദേഹം പേരിട്ടതും ദലിതൻ എന്നുതന്നെ.

ഒട്ടെല്ലാ പത്രങ്ങളും കെ.കെ. കൊച്ചിന്റെ ദലിത് സ്വത്വം എടുത്തുപറഞ്ഞപ്പോൾ അത് പറയാതെ വാർത്തയെഴുതുന്നതെങ്ങനെ എന്ന് നോക്കുകയായിരുന്നു ദേശാഭിമാനി.

അശോകൻ ചരുവിൽ എഴുതിയ ഒാർമക്കുറിപ്പിൽ ‘‘കേരളത്തിലെ മറ്റ് ദളിത് ചിന്തകരിൽനിന്നും കെ.കെ. കൊച്ച് ഏറെ വേറിട്ടുനിൽക്കുന്നു’’ എന്ന് പറയുന്നുണ്ട്. ‘അടിസ്ഥാനവർഗത്തിന്റെ പോരാളി’ എന്ന കോട്ടയം കുറിപ്പിൽ ‘‘ദളിതുകളുടെയും കീഴാള വിഭാഗങ്ങളുടെയും അവകാശങ്ങൾക്കും അതിജീവനത്തിനുമായി’’ ശബ്ദമുയർത്തിയതായി പറയുന്നുണ്ട്. അജിൻ ജി. നാഥിന്റെ കുറിപ്പിലും ‘ദളിത്’ പരാമർശമുണ്ട്.

അതേസമയം, കുറിപ്പുകൾക്കപ്പുറത്ത്, വാർത്താകോളങ്ങളിൽ മറ്റു പല വിശേഷണങ്ങളും ചേർത്തപ്പോഴും ‘ദലിത്’ എന്ന് ചേർത്തില്ല.

‘വീട്ടിലെത്തി അനുശോചനമറിയിച്ച് എം.വി. ഗോവിന്ദനും വി.എൻ. വാസവനും’ എന്ന റിപ്പോർട്ടിന്റെ തുടക്കം, ‘‘അന്തരിച്ച എഴുത്തുകാരൻ’’ എന്നാണ്. ഒപ്പമുള്ള ഫോട്ടോയുടെ അടിക്കുറിപ്പിൽ ‘‘സാഹിത്യകാരൻ കെ.കെ. കൊച്ച്’’എന്നും.

ഒന്നാം പേജിലെ ചരമവാർത്തയിൽ ഒരിടത്തും ദലിത്/ ദളിത് എന്ന വാക്കില്ല. ‘കെ.കെ. കൊച്ച് അന്തരിച്ചു’ എന്ന വാർത്ത തുടങ്ങുന്നത്, ‘‘സാമൂഹ്യ രാഷ്ട്രീയ ചിന്തകനും എഴുത്തുകാരനും’’ എന്ന് കെ.കെ. കൊച്ചി​നെ പരിചയപ്പെടുത്തിക്കൊണ്ടാണ്.

ചരമവാർത്ത അച്ചടിപ്പതിപ്പിലാണിങ്ങനെ. തലേന്ന് ഓൺലൈൻ പതിപ്പിൽ തലക്കെട്ടിൽ ആ വാക്ക് വിട്ടുപോയിരുന്നില്ല. ‘ദളിത് ചിന്തകനും എഴുത്തുകാരനുമായ കെ.കെ. കൊച്ച് അന്തരിച്ചു’ എന്നാണ് അതിലെ തലക്കെട്ട്. ആ റിപ്പോർട്ടിൽ ദലിതൻ എന്ന ആത്മകഥയെപ്പറ്റിയും പ്രാധാന്യത്തോടെ പറയുന്നുണ്ട്.

ഡിജിറ്റൽ പതിപ്പിലെ ‘‘ദളിത് ചിന്തകൻ’’ പിറ്റേന്നത്തെ അച്ചടിപ്പതിപ്പിൽ ‘‘സാമൂഹ്യ രാഷ്ട്രീയ ചിന്തകൻ’’ എന്നായി മാറാനെന്താവും കാരണം? അക്ഷരങ്ങൾ കൂടുതൽ വേണ്ടിവരുന്ന ആ തിരുത്തിന് ഒരു ന്യായമുണ്ടാകില്ലേ? ദലിത് സ്വത്വം എടുത്തുപറയാതെ കെ.കെ. കൊച്ചിന്റെ ചരമവാർത്ത പൂർണമാകുമോ?

അങ്ങനെയും ഒരു യു.എൻ ദിനം

ചില സ്വത്വങ്ങൾ അങ്ങനെയാണ്. അവക്ക് ദൃശ്യത നൽകാൻ ചില മാധ്യമങ്ങൾക്ക് മടിയാണ്.

മാർച്ച് 15, യു.എന്നിന്റെ ആഭിമുഖ്യത്തിലുള്ള അന്താരാഷ്ട്ര ഇസ്‍ലാമോഫോബിയ പോരാട്ട ദിനമായിരുന്നു. യു.എൻ ​പൊതുസഭയിൽ ചർച്ചയുണ്ടായി. ഇന്ത്യ ഭാഗികമായി വിയോജിപ്പ് പ്രകടിപ്പിച്ചു. അതേസമയം, ഈ ദിനാചരണത്തിന്റെ പ്രാധാന്യം അനേകം ലോക നേതാക്കൾ എടുത്തുപറഞ്ഞു. യു.എൻ സെക്രട്ടറി ജനറൽ പ്രത്യേക വിഡിയോ പ്രസ്താവന സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു.

എന്നാൽ, മലയാളത്തിൽ ഇതിന്റെ റിപ്പോർട്ടോ ദിനാചരണ ലേഖനമോ ചേർത്തത് രണ്ടോ മൂന്നോ പത്രങ്ങൾ മാത്രം. സുപ്രഭാതം മാർച്ച് 15ന് ബാബുരാജ് ഭഗവതിയും കെ. അഷ്റഫും എഴുതിയ ലേഖനം ചേർത്തു. മാധ്യമം, കേരള നെറ്റ്‍വർക്ക് എഗൻസ്റ്റ് ഇസ്‍ലാമോഫോബിയ കൺവീനർ സുദേഷ് എം. രഘുവിന്റെ ലേഖനവും. പിറ്റേന്ന്, യു.എൻ സമ്മേളനവാർത്ത സുപ്രഭാതം ഒന്നാം പേജിൽ ചേർത്തു. യു.എൻ മേധാവിയുടെ പ്രസ്താവന വേറെയും. ചന്ദ്രിക, യു.എൻ സെക്രട്ടറി ജനറലിന്റെ പ്രസ്താവന ചെറുവാർത്തയാക്കി. ഇത്രയുമാണ് പത്രങ്ങളിൽ കണ്ട ഇസ്‍ലാമോഫോബിയ വിരുദ്ധ ദിനത്തിന്റെ വിശേഷങ്ങൾ.

ഇത്രയേറെ പത്രങ്ങൾ ഈ ദിനാചരണം അറിയാതിരുന്നതെന്തുകൊണ്ടാവും? യു.എൻ സമ്മേളന വാർത്ത, ന്യൂസ് ഏജൻസികൾ മാധ്യമങ്ങൾക്ക് അയച്ചിരിക്കില്ലേ?

കൃത്യം ഒരാഴ്ച മുമ്പായിരുന്നു യു.എൻ ആഭിമുഖ്യത്തിലുള്ള വനിത ദിനാചരണം. പത്രങ്ങൾ മാസ്റ്റ്ഹെഡ് മുതൽ അതിനായി അലങ്കരിച്ചു; ലേഖനങ്ങളും ചർച്ചകളും ധാരാളമായി ചേർത്തു.

യു.എൻ ദിനാചരണങ്ങളുടെ ഒരു പ്രധാന ലക്ഷ്യംതന്നെ, അതത് വിഷയങ്ങളെപ്പറ്റി ബോധവത്കരണത്തിന് അവസരം നൽകുക എന്നതാണ്. ബോധവത്കരണത്തിൽ മാധ്യമങ്ങൾക്കുള്ള പങ്ക് എടുത്തുപറയേണ്ടതില്ല.

വനിതദിനത്തിൽ അത് ഫലപ്രദമായി നടക്കുന്നു. പക്ഷേ, ഇസ്‍ലാമോഫോബിയ വിരുദ്ധദിനം ആളുകൾ അറിയുന്നുപോലുമില്ല.

യു.എൻ സമ്മേളനത്തിൽ ഇന്ത്യൻ പ്രതിനിധി പറഞ്ഞത് ഏതെങ്കിലും ഒരു മതവിഭാഗത്തിനു മാത്രമായി വിവേചനമുണ്ടെന്ന് പറഞ്ഞുകൂടെന്നും വിവേചനമനുഭവിക്കുന്നവർ എല്ലാ സമുദായങ്ങളിലുമുണ്ടെന്നുമാണ്. നയത്തിലും നിയമത്തിലും മുസ്‍ലിംകളെ ഉന്നമിട്ട് ചട്ടങ്ങളുണ്ടാക്കുന്ന നാടിന്റെ പ്രതിനിധി ഇങ്ങനെ പറഞ്ഞത് ശരിയോ എന്ന് മാധ്യമങ്ങൾക്ക് പരിശോധിക്കാമായിരുന്നു. ഈ ദിനാചരണത്തിന്റെ വേളയിൽ ഹോളി ആഘോഷം തികഞ്ഞ മുസ്‍ലിം വിരുദ്ധതയായി നേരിട്ടനുഭവിച്ച പ്രദേശങ്ങൾ അനേകമുണ്ട്. മുസ്‍ലിംകൾ അടക്കമുള്ള ന്യൂനപക്ഷങ്ങൾക്കെതിരെ വിദ്വേഷപ്രചാരണം ഇന്ത്യയിൽ പെരുകുന്നു എന്ന കണക്ക് ‘ഇന്ത്യ ഹേറ്റ്ലാബ്’ പുറത്തുവിട്ടത് ഈയിടെയാണ്. അനേകം പേർ വിചാരണയില്ലാതെ ജയിലിൽ കിടക്കുന്നത് സ്വത്വത്തിന്റെ പേരിലാണ്. പ്രബുദ്ധമെന്ന് പറയപ്പെടുന്ന കേരളത്തിൽവരെ ഇസ്‍ലാം വെറുപ്പിന്റെ ആവിഷ്കാരങ്ങൾ പതിവായി.

ഇതിനെപ്പറ്റി സംസാരിക്കാനും ബോധവത്കരിക്കാനുമായി ഒരു ദിനം ഐക്യരാഷ്ട്ര സഭ നിർണയിച്ചിട്ടും അന്നുപോലും അതിനെപ്പറ്റി ചർച്ചയോ സംവാദമോ പോയിട്ട് ഒരു വാക്ക് വാർത്തപോലും മാധ്യമങ്ങളിലില്ലെങ്കിൽ എന്താണ് മനസ്സിലാക്കേണ്ടത്?

തമസ്കരണം എന്ന അവഗണന

‘‘ശവംതിന്ന് തിന്ന് തടിച്ചതാണവ.’’ ഈയിടെ ഗസ്സ സന്ദർശിച്ച യു.എൻ പ്രതിനിധി ടോം ഫ്ലെച്ചർ, താൻ അവിടെവെച്ച് കേട്ട ഈ വാക്കുകൾ റിപ്പോർട്ടർമാർക്കു മുമ്പാകെ ഉദ്ധരിച്ചു. ഇസ്രായേൽ നശിപ്പിച്ച സ്ഥലങ്ങളിൽ, അസാധാരണ തടിയുള്ള നായ്ക്കളെ കണ്ടപ്പോൾ അതി​െനപ്പറ്റി ചോദിച്ചതിന് കിട്ടിയ മറുപടിയാണ് ആ വാചകം.

ഗസ്സയിൽ പട്ടിണി കിടന്ന് അവശരായ കുഞ്ഞുങ്ങൾക്ക് കരയാനുള്ള ശക്തിപോലുമില്ലെന്ന് യൂനിസെഫിന്റെ റിപ്പോർട്ട്.

ഇതൊക്കെയായിട്ടും പടിഞ്ഞാറൻ മാധ്യമങ്ങളിൽ ‘വംശഹത്യ’, ‘വംശീയ ഉന്മൂലനം’ എന്നീ വാക്കുകൾ വന്നുതുടങ്ങിയിട്ടില്ല. വരുന്നെങ്കിൽ ഉദ്ധരണി ചിഹ്നത്തോടെ മാത്രം. യു.എന്നിന്റെയും മറ്റ് സ്വതന്ത്ര ഏജൻസികളുടെയും അന്വേഷണ റിപ്പോർട്ടുകൾ (അനിഷേധ്യ വസ്തുതകൾ) പോലും ‘‘അങ്ങനെ ആരോപിക്കപ്പെടുന്നു’’ എന്ന ​ശൈലിയിലാണ് വാർത്തയാക്കപ്പെടുന്നത്.

ഉദാഹരണം: മാർച്ച് 15ലെ ഒരു വാർത്ത ഇങ്ങനെ –‘‘ഗസ്സ യുദ്ധത്തിൽ ഇസ്രായേൽ സേന ലൈംഗികാതിക്രമങ്ങൾ നടത്തുന്നതായി യു.എൻ മനുഷ്യാവകാശ കൗൺസിൽ റിപ്പോർട്ട്. സ്വതന്ത്ര അംഗങ്ങളടങ്ങിയ കമീഷനാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.’’ (മാധ്യമം)

‘‘ലൈംഗിക-പ്രത്യുൽപാദന ആരോഗ്യരക്ഷക്കുള്ള സംവിധാനങ്ങൾ മനഃപൂർവംതകർത്ത് വംശഹത്യാപരമായ പ്രവൃത്തി ഇസ്രായേൽ ഗാസയിൽ ചെയ്തെന്ന് ഐക്യരാഷ്ട്രസഭയുടെ അന്വേഷണ റിപ്പോർട്ട്.’’ (മാതൃഭൂമി)

ഇതാണ് വസ്തുത. അന്വേഷണ റിപ്പോർട്ടാണത് –വെറും ആരോപണമല്ല. ഇനി കുറേ പടിഞ്ഞാറൻ തലക്കെട്ടുകൾ നോക്കുക:

‘‘ഗസ്സയിൽ ഇസ്രായേൽ ലൈംഗികാതിക്രമവും ‘വംശഹത്യ’ക്കുറ്റവും നടത്തിയതായി യു.എൻ റിപ്പോർട്ട് ആരോപിച്ചു’’ (വാഷിങ്ടൺ പോസ്റ്റ്). ബി.ബി.സി, സി.ബി.എസ് ന്യൂസ്, എ.പി തുടങ്ങി അനേകം മാധ്യമങ്ങളിൽ ഇതേ ശൈലിയാണ്. ‘ആരോപണ’മെന്ന വാക്കുണ്ട്; ‘വംശഹത്യ’ എന്ന വാക്കിന് ഉദ്ധരണി ചിഹ്നമുണ്ട്.

ഒരു വംശഹത്യ മറച്ചുപിടിക്കാൻ മാധ്യമങ്ങൾ കാട്ടുന്ന അഭ്യാസങ്ങൾതന്നെ മറ്റൊരു മഹാപാതകമായി വളർന്നു കഴിഞ്ഞു.


Tags:    
News Summary - Dalit Activist kk kochu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.