വാർത്തയാണ് അപകടം

വാർത്തയാണ് അപകടം

അത്യാഹിത മരണത്തെക്കാൾ അധികാരികൾക്ക് പേടി അതിനെപ്പറ്റിയുള്ള വാർത്തയെയാണ്. അത്യാഹിതം തടയുന്നതിനെക്കാൾ ശ്രദ്ധ വാർത്ത നിയന്ത്രിക്കുന്നതിലും. ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിത്തിരക്ക് കാരണം 18 പേർ മരിച്ചു. ഉടനെ യൂനിയൻ സർക്കാർ ‘ഡാമേജ് കൺട്രോൾ മോഡി’ലായി. എന്നുവെച്ചാൽ അപകടം ഇല്ലാതാക്കാനുള്ള ജാഗ്രതയിലല്ല, അപകടത്തെപ്പറ്റി വിശദ വിവരങ്ങൾ ജനങ്ങളറിയാതിരിക്കാനുള്ള ജാഗ്രതയിൽ.ഈ ജാഗ്രതയുടെ അന്തിമഘട്ടമാവണം, സമൂഹമാ​ധ്യമ വേദിയായ ‘എക്സി’നു നൽകിയ ഉത്തരവ്. അത്യാഹിത മരണത്തിന്റെ വിഡിയോകൾ അടങ്ങുന്ന 285 ലിങ്കുകൾ നീക്കണം. പ്രമുഖ വാർത്താമാധ്യമങ്ങളിലേക്കടക്കമുള്ളതാണ് ലിങ്കുകൾ. ആ വാർത്തകളും...

അത്യാഹിത മരണത്തെക്കാൾ അധികാരികൾക്ക് പേടി അതിനെപ്പറ്റിയുള്ള വാർത്തയെയാണ്. അത്യാഹിതം തടയുന്നതിനെക്കാൾ ശ്രദ്ധ വാർത്ത നിയന്ത്രിക്കുന്നതിലും. ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിത്തിരക്ക് കാരണം 18 പേർ മരിച്ചു. ഉടനെ യൂനിയൻ സർക്കാർ ‘ഡാമേജ് കൺട്രോൾ മോഡി’ലായി. എന്നുവെച്ചാൽ അപകടം ഇല്ലാതാക്കാനുള്ള ജാഗ്രതയിലല്ല, അപകടത്തെപ്പറ്റി വിശദ വിവരങ്ങൾ ജനങ്ങളറിയാതിരിക്കാനുള്ള ജാഗ്രതയിൽ.

ഈ ജാഗ്രതയുടെ അന്തിമഘട്ടമാവണം, സമൂഹമാ​ധ്യമ വേദിയായ ‘എക്സി’നു നൽകിയ ഉത്തരവ്. അത്യാഹിത മരണത്തിന്റെ വിഡിയോകൾ അടങ്ങുന്ന 285 ലിങ്കുകൾ നീക്കണം. പ്രമുഖ വാർത്താമാധ്യമങ്ങളിലേക്കടക്കമുള്ളതാണ് ലിങ്കുകൾ. ആ വാർത്തകളും ദൃശ്യങ്ങളും ഒഴിവാക്കേണ്ടത് ‘‘ധാർമിക’’മായും ‘എക്സി’ന്റെ ഉള്ളടക്ക നയമനുസരിച്ചും ആവശ്യമാണത്രെ. മാത്രമല്ല, അവ ‘ഇന്ത്യൻ റെയിൽവേസിന്റെ പ്രവർത്തനങ്ങളെ ബാധിച്ചേക്കും’; ‘അനാവശ്യമായ ക്രമസമാധാന സാഹചര്യവും സൃഷ്ടിച്ചേക്കും’.

ഇതൊക്കെ വാർത്തയും വാർത്താദൃശ്യവും കാരണം ഉണ്ടാകാവുന്ന പൊല്ലാപ്പാണ്. അതുകൊണ്ട് ഒഴിവാക്കണമെന്ന്. ഈ യുക്തിയനുസരിച്ച്, വാർത്തകളിലേക്കുള്ള ലിങ്കുകളെക്കാൾ മാരകമല്ലേ ആ വാർത്തകൾ? അവയല്ലേ ‘റെയിൽവേയുടെ പ്രവർത്തനത്തിന് തടസ്സ’വും ‘ക്രമസമാധാനഭംഗ’വും സൃഷ്ടിക്കുക? ആ യുക്തിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്ന് തോന്നുന്നു. അപകടങ്ങൾ തടയുന്നതിനെക്കാൾ എളുപ്പമാണ് അവയെപ്പറ്റിയുള്ള വിവരം തടയുന്നത്.

ആ അതിജാഗ്രതയുടെ വിവരണമുണ്ട് ദ ഹിന്ദുവിൽ. ഡൽഹി അത്യാഹിതം റിപ്പോർട്ട് ചെയ്ത അലിഷ ദത്ത തന്റെ അനുഭവക്കുറിപ്പിൽ (ഫെബ്രു. 21) വർണിക്കുന്നത്, മാധ്യമങ്ങൾക്കോ ജനങ്ങൾക്കോ വിവരങ്ങൾ കിട്ടുംമുമ്പ് എല്ലാം ഒതുക്കാനുള്ള അധികൃതരുടെ വ്യഗ്രതയെപ്പറ്റിയാണ്.

അപകടം സൃഷ്ടിച്ച തിക്കിത്തിരക്കിനെപ്പറ്റി ആദ്യം വന്ന വാർത്തകൾ ഉത്തര റെയിൽവേയുടെ മുഖ്യ പബ്ലിക് റിലേഷൻസ് ഓഫിസറായ ഹിമാൻഷു ഉപാധ്യായ തിടുക്കത്തിൽ നിഷേധിച്ചു. വാർത്ത വെറും അഭ്യൂഹം മാത്രം –അദ്ദേഹം പൊതു വിളംബരത്തിൽ അറിയിച്ചു.

പക്ഷേ, പാതിരാവായപ്പോൾ ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേനയുടെ വക മറ്റൊരു സമൂഹമാധ്യമ പ്രസ്താവന ഇറങ്ങി. തിക്കിത്തിരക്കിൽപെട്ട് മരിച്ചവർക്കുള്ള അനുശോചനമായിരുന്നു അത്. പക്ഷേ, സക്സേന മിനിറ്റുകൾക്കകം തന്റെ പോസ്റ്റ് തിരുത്തി. തിക്കിത്തിരക്ക്, മരണം തുടങ്ങിയ വാക്കുകൾ ഒഴിവാക്കി. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ പോസ്റ്റാണ് അടുത്തത്. എല്ലാം ‘നിയന്ത്രണവിധേയ’മാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. മരണത്തെപ്പറ്റി ഒന്നുമില്ല.

ലേഖിക അന്നേരത്തെ ധർമസങ്കടത്തെപ്പറ്റി പറയുന്നു: പത്രങ്ങൾ അച്ചടിക്കാനുള്ള സമയം അടുക്കുമ്പോഴും എന്താണ് ശരിയായ വാർത്തയെന്ന് അറിയാൻ കഴിയുന്നില്ല. വലിയൊരു അത്യാഹിതത്തെപ്പറ്റി കേൾക്കുന്നു; പക്ഷേ, അധികാരികൾ അതിനെ നിസ്സാരമാക്കുന്ന തരത്തിലാണ് സംസാരിക്കുന്നത്. റിപ്പോർട്ട് എങ്ങനെയെഴുതും? പിറ്റേന്നത്തെ പത്രങ്ങൾ ഇറങ്ങിയത് സ്ഥിരീകരണമില്ലാത്ത മരണക്കണക്കുമായിട്ടാണ്.

എന്തൊരു സ്പീഡ്!

കൃത്യമായ കണക്ക് നൽകാൻ ഇത്രയേറെ അമാന്തം കാട്ടിയ അധികൃതർ മറ്റൊരു കാര്യത്തിൽ അത്യസാധാരണമായ വേഗം കാണിച്ചെന്ന് അലിഷ ദത്ത. രാത്രിക്കുരാത്രി മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടത്തി ഒഴിവാക്കുന്നിടത്തായിരുന്നു ഈ വേഗം. പുലർച്ചെ രണ്ടരക്ക്, പലരും ആശുപത്രികളിൽ ബന്ധുക്കളുടെ മൃതദേഹം തിരഞ്ഞെത്തുമ്പോഴേക്കും കുറെ പോസ്റ്റ്മോർട്ടം കഴിഞ്ഞിരുന്നു.

ഇതേ വേഗം ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ അത്യാഹിതത്തിന്റെ അടയാളങ്ങൾ (പാദരക്ഷകൾ, വസ്ത്രത്തുണ്ടുകൾ, രക്തക്കറ) എടുത്തുമാറ്റിയും കഴുകിയും കാണാതാക്കുന്നതിലും ഉണ്ടായി.

ഒരു ആശു​പത്രിയിൽ, ചോരയിൽ കുതിർന്ന മകളുടെ ജഡവുമായി ഒരാളെത്തുന്നത് ലേഖിക കണ്ടു. പൊലീസ് അയാളുടെ മൊഴി രേഖപ്പെടുത്തുന്നു. മൊഴി രേഖപ്പെടുത്തി കഴിഞ്ഞ ഉടനെ ആശുപത്രി ജീവനക്കാർ അയാളെ മോർച്ചറിയിലേക്ക് കൂട്ടിക്കൊണ്ടു പോയി. മകളുടെ ശരീരം അവിടെയുണ്ട് –പോസ്റ്റ്മോർട്ടം കഴിഞ്ഞിരിക്കുന്നു! ഒരു മണിക്കൂറിനുള്ളിൽ മകളുടെ ജഡവും പത്തുലക്ഷം രൂപ ആശ്വാസധനവുമായി അയാളെ പറഞ്ഞുവിട്ടു. മകളുടെ മരണത്തിൽ പകച്ച ആ മനുഷ്യന് അത് ഉൾക്കൊള്ളാൻപോലും കഴിയും മുമ്പേ എല്ലാം തീർന്നിരിക്കുന്നു.

നേരം വെളുത്തപ്പോഴേക്കും എല്ലാ മൃതദേഹങ്ങളും ബന്ധുക്കൾക്ക് വിട്ടുകൊടുത്തിരുന്നു. ആശ്വാസധനവുമായി അവരെ മുഴുവൻ പറഞ്ഞയച്ചു. റിപ്പോർട്ടർമാർ എത്തുമ്പോൾ നേരിട്ടു സംസാരിക്കാൻ ബന്ധുക്കളുണ്ടായിരുന്നില്ല.

പരിക്കേറ്റവരെ –ഗുരുതര പരിക്കുള്ളവരെപ്പോലും– ഡിസ്ചാർജ് ചെയ്തുകൊണ്ടിരുന്നു. തൽക്ഷണം ആശ്വാസധനവും നൽകുന്നു. ഒരാൾ ഓരോരുത്തരോടും നഷ്ടപരിഹാരത്തുക മുഴുവൻ കിട്ടിയില്ലേ എന്ന് ചോദിക്കുന്നു; അതെല്ലാം കാമറയിൽ പകർത്തുന്നു.

അലിഷ ദത്ത എഴുതുന്നു: ആദ്യം അത്യാഹിതം മറച്ചുവെച്ചും പിന്നീട് സാധാരണനിലയുടെ ധാരണ സൃഷ്ടിച്ചും സർക്കാർ വലിയ ജാഗ്രതയോടെ പ്രവർത്തിച്ചു. രാജ്യം ഇതും എളുപ്പം മറക്കും –മഹാ കുംഭമേളയിലെ തിക്കിത്തിരക്ക് ദുരന്തം മറന്നപോലെ. ജനങ്ങൾക്ക് വിവരം നിഷേധിക്കുന്നത് ജനാധിപത്യ വിരുദ്ധമായ ഭരണരീതിയാണ്. പക്ഷേ, ഇന്ന് ആ രീതി പതിവാകുന്നു.

കുംഭമേളയിലെ കൃത്യമായ മരണക്കണക്ക് എത്രയാണ്? യു.പി സർക്കാർ 30 എന്ന കണക്ക് ആദ്യം പുറത്തുവിട്ടു. പിന്നെ മൗനത്തിലായി. മാധ്യമങ്ങൾ ‘മുപ്പതോ നാൽപതോ’ എന്ന ഏകദേശ കണക്ക് പറഞ്ഞു. അപ്പോൾ ന്യൂസ് ലോൺഡ്രി പോർട്ടൽ അന്വേഷിക്കാനിറങ്ങി. റിപ്പോർട്ടർമാർ സ്ഥലം സന്ദർശിച്ചു; സാക്ഷികളെ കണ്ടു; കുടുംബങ്ങളെ കണ്ടു; ആശുപത്രി രേഖകൾ പരിശോധിച്ചു. 79 മരണം അവർക്ക് സ്ഥിരീകരിക്കാൻ കഴിഞ്ഞു. യഥാർഥ മരണം നൂറിലേറെ വന്നുകൂടായ്കയില്ലത്രെ.

കണക്കില്ലായ്മയും വിവരം നൽകാതിരിക്കലുമാണ് ഭരണമെന്നു വരുമ്പോൾ യഥാർഥ വാർത്ത നൽകൽ കുറ്റകൃത്യമാകും. വാർത്തകൾ സെൻസർ ചെയ്യപ്പെടും.

ജർമനി –വ്യാജവും വംശീയതയും

ജർമനിയിലും തീവ്ര വലതുപക്ഷം ഭരണത്തിലേറുന്നു. വൻ വിജയം നേടിയ കുടിയേറ്റ വിരുദ്ധ, വംശീയ പാർട്ടികൾക്ക് പുറമെ, മുഖ്യധാരയിൽനിന്ന് ഒതുക്കിനിർത്തപ്പെട്ടിരുന്ന എ.എഫ്.ഡി ജനപിന്തുണ വർധിപ്പിച്ചു. വലത്തോട്ടുള്ള ഈ ചായ്‍വിനെ ഏറെ സഹായിച്ച ഘടകങ്ങളിൽ വ്യാജ പ്രചാരണങ്ങളും മാധ്യമങ്ങളുടെ വലത്തോട്ടുള്ള മാറ്റവുമുണ്ട്.

റഷ്യയും അമേരിക്കയും ശക്തമായി ജർമൻ തെരഞ്ഞെടുപ്പിൽ ഇടപെട്ടു; രണ്ടും അന്തിമമായി ഗുണംചെയ്തത് തീവ്ര വലതുപക്ഷത്തിന്. നിർമിതബുദ്ധി ഉപയോഗിച്ച് റഷ്യയിൽനിന്നിറങ്ങിയ വ്യാജ വാർത്തകളും വിഡിയോകളും ജർമൻകാരെ സ്വാധീനിച്ചു. ജർമൻ മാധ്യമങ്ങളു​ടെ കൃത്യമായ അനുകരണങ്ങൾ നിർമിച്ച് (ഡോപ്പൾ ഗാംഗർ –Doppelganger അഥവാ ഇരട്ട– എന്ന് പേര്) അനേകം കള്ളങ്ങൾ ജർമൻകാരെ വിശ്വസിപ്പിക്കുന്നതിൽ റഷ്യൻ പ്രചാരകർ വിജയിച്ചു.

റഷ്യൻ ഇടപെടൽ അനൗദ്യോഗികമായിരുന്നെങ്കിൽ അമേരിക്കയുടേത് ഏറക്കുറെ ഔപചാരികവും പരസ്യവുമായിരുന്നു. ജർമൻ വലതുപക്ഷത്തിന് ഇഷ്ടപ്പെടുന്ന ‘നാത് സി സലൂട്ട്’ പരസ്യമാക്കി​ക്കൊണ്ട് അമേരിക്കയിൽ അധികാരമേറ്റ ഇലോൺ മസ്ക്, എ.എഫ്.ഡിയുടെ തനി വർഗീയ നേതാവായ ആലിസ് വൈഡലുമായി അഭിമുഖം നടത്തി തന്റെ ‘എക്സി’ൽ പ്രസിദ്ധപ്പെടുത്തി. ആ വർഗീയ പാർട്ടിയെ അനുകൂലിച്ച് ജർമൻ പത്രമായ ഡി വെൽറ്റിൽ ലേഖനമെഴുതി.

യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും എ.എഫ്.ഡിയെ ജർമൻ മുഖ്യധാരാ രാഷ്ട്രീയത്തിലുൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് പരസ്യമായി ആ വിദേശ തെരഞ്ഞെടുപ്പിൽ ഇടപെട്ടു.

‘എക്സ്’, ‘മെറ്റ’ (ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ്ആപ്) എന്നീ സമൂഹമാധ്യമ വേദികൾ കടുത്ത വംശീയവിദ്വേഷം നിറഞ്ഞ പരസ്യങ്ങൾ പ്രസിദ്ധപ്പെടുത്തിക്കൊണ്ട് ജർമനിയിലെ തെരഞ്ഞെടുപ്പ് വലതുപക്ഷത്തിന് അനുകൂലമാക്കിയതായും പഠനങ്ങൾ കാണിക്കുന്നു. (techcrunch.comൽ നടാഷ ലോമസ് വിശദമായ പഠനറിപ്പോർട്ട് പുറത്തുവിട്ടിട്ടുണ്ട്.) അധികാരം, പണം, ആയുധം, മീഡിയ– എല്ലാം കൊടും വർഗീയവാദികളിൽ കേന്ദ്രീകരിക്കുന്നതിന്റെ പുതിയ ഉദാഹരണമാണ് ജർമനി.


Tags:    
News Summary - toxic news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.