രണ്ടു രാഷ്ട്രീയ നേതാക്കൾ. രണ്ടു പ്രസ്താവനകൾ. പലതരം പ്രതികരണങ്ങൾ. രാഷ്ട്രപതി ദ്രൗപദി മുർമു പാർലമെന്റിൽ ചെയ്ത നയപ്രഖ്യാപന പ്രസംഗത്തെപ്പറ്റി മാധ്യമങ്ങൾ അഭിപ്രായം തേടിയപ്പോൾ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി തന്റെ തോന്നൽ പറഞ്ഞു; ‘‘പ്രസംഗിച്ച് അവസാനമായപ്പോഴേക്കും പാവം ക്ഷീണിച്ചുപോയെ’’ന്നും കൂട്ടത്തിൽ പറഞ്ഞു. അത് നിരുപദ്രവമായ ഒരു അഭിപ്രായപ്രകടനമായി എടുക്കാം; പരോക്ഷ വിമർശനമായി എടുക്കാം. പക്ഷേ, കുറച്ചു പേരെങ്കിലും അതിനെ വ്യാഖ്യാനിച്ചത് ‘‘ഭരണഘടനാ സ്ഥാപനത്തോടുള്ള അധിക്ഷേപ’’മായാണ്. മാധ്യമങ്ങൾ ഒരു വാചകത്തെ വിവാദമാക്കി പരുവപ്പെടുത്തിയതിന്റെ ഫലംകൂടിയാണത്. മലയാളത്തിൽ മംഗളവും കേരള കൗമുദിയുംപോലെ പലരും...
രണ്ടു രാഷ്ട്രീയ നേതാക്കൾ. രണ്ടു പ്രസ്താവനകൾ. പലതരം പ്രതികരണങ്ങൾ.
രാഷ്ട്രപതി ദ്രൗപദി മുർമു പാർലമെന്റിൽ ചെയ്ത നയപ്രഖ്യാപന പ്രസംഗത്തെപ്പറ്റി മാധ്യമങ്ങൾ അഭിപ്രായം തേടിയപ്പോൾ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി തന്റെ തോന്നൽ പറഞ്ഞു; ‘‘പ്രസംഗിച്ച് അവസാനമായപ്പോഴേക്കും പാവം ക്ഷീണിച്ചുപോയെ’’ന്നും കൂട്ടത്തിൽ പറഞ്ഞു.
അത് നിരുപദ്രവമായ ഒരു അഭിപ്രായപ്രകടനമായി എടുക്കാം; പരോക്ഷ വിമർശനമായി എടുക്കാം. പക്ഷേ, കുറച്ചു പേരെങ്കിലും അതിനെ വ്യാഖ്യാനിച്ചത് ‘‘ഭരണഘടനാ സ്ഥാപനത്തോടുള്ള അധിക്ഷേപ’’മായാണ്.
മാധ്യമങ്ങൾ ഒരു വാചകത്തെ വിവാദമാക്കി പരുവപ്പെടുത്തിയതിന്റെ ഫലംകൂടിയാണത്. മലയാളത്തിൽ മംഗളവും കേരള കൗമുദിയുംപോലെ പലരും ഒന്നാം പേജിൽ പ്രമുഖസ്ഥാനം കൊടുത്തു അതിന്. ഒരു അവാർത്തയെ (non-news) വൻ വാർത്തയായി അവതരിപ്പിക്കുമ്പോൾ സംഭവിക്കുന്നത്, ഗൗരവപ്പെട്ട വാർത്തകൾക്ക് പ്രാധാന്യം കുറയും എന്നതുകൂടിയാണ്.
ഭരണപക്ഷവും അവസരം നഷ്ടപ്പെടുത്തിയില്ല. സോണിയയെ വിമർശിച്ച് രാഷ്ട്രപതി ഭവനും പ്രധാനമന്ത്രിയും രംഗത്തുവന്നു. രാഷ്ട്രപതി ഭവൻ ദീർഘമായ മറുകുറിപ്പിറക്കി. ഇത് പതിവില്ലാത്തതാണ്. സോണിയ ഉദ്ദേശിച്ചതിലേറെ അവരിൽ ആരോപിക്കുന്നുണ്ട് ആ കുറിപ്പ്. പ്രധാനമന്ത്രിയുടെ പ്രതികരണവും അത്തരത്തിലുള്ളതുതന്നെ. ഗോത്ര വർഗക്കാരിയായ രാഷ്ട്രപതിയെ സോണിയ അധിക്ഷേപിച്ചു എന്നാണ് നരേന്ദ്ര മോദിയുടെ പക്ഷം.
ഇനി, യൂനിയൻ മന്ത്രിസഭയിലെ മലയാളികൂടിയായ മന്ത്രി സുരേഷ്ഗോപിയുടെ പ്രസ്താവന. ഡൽഹി തെരഞ്ഞെടുപ്പു പ്രചാരണ യോഗത്തിൽ സംസാരിക്കെ അദ്ദേഹം പറഞ്ഞു: ഗോത്ര വർഗക്കാരുടെ ഉന്നമനത്തിന്, ബ്രാഹ്മണനോ നായിഡുവോ പോലുള്ള ഉന്നതകുലജാതർക്ക് ഗോത്രവർഗ മന്ത്രാലയത്തിന്റെ ചുമതല നൽകണം.
പച്ചയായ ജാതീയതയും ഗോത്രവർഗക്കാരെ ‘‘ഉന്നതകുല ജാതർ’’ ഭരിക്കണമെന്ന ഉച്ചനീചത്വ ചിന്തയും രാഷ്ട്രപതിഭവനോ പ്രധാനമന്ത്രിയോ കണ്ടില്ല. സോണിയ പറഞ്ഞതിനെ വലിച്ചുനീട്ടി, ഗോത്ര വർഗക്കാരിയായ പ്രസിഡന്റിനെ അധിക്ഷേപിച്ചു എന്നു വിമർശിച്ച മോദി തന്റെ മന്ത്രിസഭയിലെ അംഗം നടത്തിയ പരാമർശം അവഗണിച്ചു. ഇല്ലാത്ത അധിക്ഷേപം ഉണ്ടെന്നും ഉള്ളത് കേട്ടില്ലെന്നും ഭരണകർത്താക്കൾ നടിക്കുമ്പോൾ സ്പഷ്ടമായ ഈ ഇരട്ടത്താപ്പ് മാധ്യമങ്ങളാണ് ചൂണ്ടിക്കാട്ടേണ്ടിയിരുന്നത്. എന്നാൽ, സോണിയയെ പ്രതിസ്ഥാനത്തു നിർത്തിയ ‘ദേശീയ’ മാധ്യമങ്ങൾക്ക് ‘‘ഉന്നതകുലജാത’’രും ‘‘ഗോത്രവർഗ’’ക്കാരും വിഷയമായില്ല.
പ്രധാനമന്ത്രിയുടെ ഓഫിസ് തിരുത്താതിരുന്ന ‘രാഷ്ട്രപതിനിന്ദ’ എന്ന് വ്യാഖ്യാനിക്കാവുന്ന ഒരു നയതന്ത്ര അബദ്ധം അതിനിടെ ആരും ശ്രദ്ധിക്കാതെ പോയി. റിപ്പബ്ലിക് ദിനത്തിന് വിദേശ രാഷ്ട്രത്തലവന്മാർ അയച്ച ആശംസകളാണ് വിഷയം.
റിപ്പബ്ലിക് ദിനം ഭരണഘടനയുടെ ആഘോഷംകൂടിയാണ്. അന്ന് ചടങ്ങുകളിലടക്കം രാജ്യത്തെ പ്രതിനിധാനംചെയ്യുന്നത് രാഷ്ട്രപതിയാണ്. വിദേശ രാജ്യങ്ങൾ ആശംസ അയക്കേണ്ടതും പ്രഥമമായി രാഷ്ട്രപതിക്കാവണം. രാഷ്ട്രപതി കഴിഞ്ഞേ പ്രധാനമന്ത്രിയും മന്ത്രിമാരും വരൂ.
‘എക്സ്’ വഴി ആശംസയറിയിച്ചു ചില രാജ്യത്തലവന്മാർ. ചിലരെങ്കിലും ഒരു തെറ്റ് വരുത്തി –അവർ രാഷ്ട്രപതിയെ അവഗണിച്ചു.
നേപ്പാൾ പ്രധാനമന്ത്രി ശർമ ഒലി ‘‘പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിക്കും ഇന്ത്യൻ ജനതക്കു’’മാണ് ആശംസ നേർന്നത്. അതുതന്നെ നേപ്പാളി കോൺഗ്രസ് നേതാവ് ഷേർ ബാദുർ ഡ്യൂബയും ചെയ്തു –മുർമുവിനെ അവർ മറന്നു.
തായ്‍ലൻഡിന്റെ വനിത പ്രധാനമന്ത്രി പൈതോങ്താൺ ഷിനവത്ര കുറിച്ചു: ‘‘പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യൻ ജനതക്കും 76ാം റിപ്പബ്ലിക് ദിനത്തിൽ എന്റെ ഊഷ്മള ആശംസകളും അഭിനന്ദനവും...’’ അവരും ഇന്ത്യയുടെ വനിതാ രാഷ്ട്രപതിയെ അവഗണിച്ചു.
രാഷ്ട്രത്തലവന് അയക്കേണ്ടത് ഭരണത്തലവന് അയക്കുന്നതിലെ ഔചിത്യഭംഗം ചൂണ്ടിക്കാട്ടേണ്ടിയിരുന്നത് ഇന്ത്യയാണ്. പക്ഷേ, ‘‘ഗോത്രവർഗക്കാരിയായ’’ രാഷ്ട്രപതിയെ ലോകത്തിനു മുമ്പാകെ അവഗണിച്ചത് സർക്കാറോ മാധ്യമങ്ങളോ ശ്രദ്ധിച്ചുപോലുമില്ല.
ഭാഷാ വിവേചനം
ബന്ദി, തടവുകാർ എന്നീ വാക്കുകൾ ഇസ്രായേലി-ഫലസ്തീനി വംശവിവേചനത്തിന്റെ ഉപകരണമായി മാധ്യമങ്ങൾ ഉപയോഗിക്കുന്നു. സാമ്രാജ്യത്വ ശക്തികൾ ഛിദ്രിച്ചുപോയെങ്കിലും ഇത്തരം വിവേചനങ്ങൾ പഴയപടി ശക്തമായി നിലനിൽക്കുന്നതിന്റെ മകുടോദാഹരണമാണ് ഇതെന്ന് ടി.ഐ. ലാലു അഭിപ്രായപ്പെടുന്നു. ഭാഷാ വിവേചനത്തിന്റെ രാഗം-താനം-പല്ലവി പാടാൻ നമ്മുടെ നാട്ടിലെ പത്രപ്രവർത്തകരും തയാറാകുന്നത് ദുരന്തമെന്ന് വായനക്കാരൻ.
‘ക്രിമിനൽ’ റിപ്പോർട്ട്
കുറ്റകൃത്യങ്ങളുടെ റിപ്പോർട്ടുകൾ പെരുകിക്കൊണ്ടിരിക്കുന്നു. കുറ്റകൃത്യങ്ങൾ പെരുകുന്നതുതന്നെ കാരണം. എന്നാൽ, ക്രൈം റിപ്പോർട്ടുകൾ കൂടുതൽ കുറ്റകൃത്യങ്ങൾക്ക് പ്രോത്സാഹനമാകുന്നുണ്ടോ?
കുറ്റകൃത്യങ്ങൾ എല്ലാം വാർത്തയാകേണ്ടതുണ്ടോ? വാർത്തയാകേണ്ടവ ഒന്നാം പേജിൽ വരേണ്ടതുണ്ടോ? ഉണ്ടെങ്കിൽതന്നെ അവയെ പേജ് വിന്യാസത്തിൽ ശ്രദ്ധേയസ്ഥാനം നൽകി പൊലിപ്പിക്കേണ്ടതുണ്ടോ? മനുഷ്യനെ ‘‘വെട്ടിനുറുക്കി സഞ്ചിയിലാക്കി കലുങ്കിനടിയിലേക്ക് വലിച്ചെറിഞ്ഞ’’തിലെ വിശദാംശങ്ങൾ പൊലീസ് അന്വേഷിക്കട്ടെ. കുറ്റകൃത്യങ്ങളെപ്പറ്റിയുള്ള അക്കാദമിക ഗവേഷണങ്ങളിലും അത് പഠിക്കട്ടെ. കിണറ്റിലെറിഞ്ഞ് കൊന്ന സംഭവത്തിലും ആശുപത്രിയിൽ ഡോക്ടറെ പീഡിപ്പിച്ച് കൊന്നതിലും കാമുകനെ കാമുകി വിഷക്കഷായം കുടിപ്പിച്ച് കൊന്നതിലുമെല്ലാം മാധ്യമങ്ങളെന്തിന് കുറ്റത്തിന്റെ സൂക്ഷ്മാംശങ്ങൾ വിവരിക്കണം?
ചോറ്റാനിക്കര പോക്സോ കേസ് പ്രതി പൊലീസിനോട് വിസ്തരിച്ച ചെയ്തികളിൽ പ്രധാനപ്പെട്ടതെല്ലാം ചേർത്താണ് മിക്ക പത്രങ്ങളും (ഫെബ്രു. 1) വാർത്ത റിപ്പോർട്ട് ചെയ്തത്. മാധ്യമത്തിൽ ഒന്നാം പേജിലെ അഞ്ചു കോളം സൂപ്പർലീഡിലെ വർണനകൾ ഉൾപ്പേജിലെ നാലു കോളം അനുബന്ധത്തിൽ ആവർത്തിക്കുന്നുണ്ട്. മിക്ക പത്രങ്ങളിലും പ്രതിയുടെ മൊഴി വിശദമായി എടുത്തുദ്ധരിച്ചു.
‘‘പെൺകുട്ടിയെ അനൂപ് ക്രൂരമായി മർദിച്ചിരുന്നു. ലൈംഗിക ഉപദ്രവത്തിനു പിന്നാലെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചെന്നും ശ്വാസം മുട്ടിച്ചെന്നും... പെൺകുട്ടി ജീവനൊടുക്കാൻ കഴുത്തിൽ കുരുക്കിട്ടപ്പോൾ ‘പോയി ചത്തോ’ എന്നും അനൂപ് ആക്രോശിച്ചുവെന്നും പറയുന്നു.’’ (സുപ്രഭാതം)
‘‘ചുറ്റിക ഉപയോഗിച്ചും മറ്റുമുള്ള മർദനത്തിൽ സഹികെട്ട പെൺകുട്ടി ആത്മഹത്യ ചെയ്യുവാൻ ഷാളിൽ തൂങ്ങിയപ്പോൾ ഷാൾ മുറിച്ച് നിലത്തിട്ടശേഷം തലയണ ഉപയോഗിച്ച് മുഖത്ത് അമർത്തി കൊലപ്പെടുത്താനും ശ്രമിച്ചു...’’ (മംഗളം)
‘‘ഫാനിൽ കെട്ടിത്തൂങ്ങിയ പെൺകുട്ടി പിടയുന്നതു കണ്ട് പ്രതി ഷാൾ മുറിച്ചു താഴെയിട്ടു. പെൺകുട്ടി ബഹളമുണ്ടാക്കിയപ്പോഴാണ് പ്രതി ബലം പ്രയോഗിച്ച് വായ പൊത്തിപ്പിടിച്ചു ശ്വാസം മുട്ടിച്ചത്.’’ (മലയാള മനോരമ)
ഇത്തരം വിവരണങ്ങൾ വായിച്ചു ശീലിച്ച സമൂഹത്തിന് ഇതിലെന്ത് കുഴപ്പമെന്ന് തോന്നാം. റിപ്പോർട്ടിങ്ങിലെ ‘സെൻസേഷനൽ’ രീതി ശീലമായിക്കഴിഞ്ഞു എന്നർഥം.
ചന്ദ്രിക ഈ വാർത്ത വല്ലാതെ പൊലിപ്പിച്ചു. മുൻ പേജിലെ വാർത്തക്കു പുറമെ പിൻ പേജിൽ ആറു കോളത്തിൽ വിശദവാർത്ത. പ്രതി പെൺകുട്ടിയുടെ വീട്ടിനകത്ത് കടന്നതുമുതലുള്ള ഓരോ നിമിഷത്തെയും ചെയ്തികൾ ഒന്നും വിടാതെ അതിൽ ചേർത്തിരിക്കുന്നു. കുറ്റം എങ്ങനെ ചെയ്യാമെന്ന് അതിൽനിന്ന് പഠിച്ചെടുക്കാൻ പ്രയാസമുണ്ടാകില്ല.
കുറ്റകൃത്യങ്ങൾ ‘നോർമലൈസ്’ ചെയ്യപ്പെടുന്നു എന്നതാണ് ഇതിന്റെ ഒരു ഫലം. ക്രിമിനോളജി പഠനങ്ങളിൽ, കുറ്റകൃത്യങ്ങൾ സ്വീകാര്യത നേടുന്നതിലും അവ വർധിക്കുന്നതിലും മാധ്യമങ്ങളുടെ പങ്കിനെപ്പറ്റി പറഞ്ഞിട്ടുണ്ട്. റിപ്പോർട്ടുകളിലെ വർണനകൾ കുറ്റവാളികൾ അനുകരിക്കാറുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ‘കോപ്പികാറ്റ് പ്രഭാവം’ (copycat effect) എന്നറിയപ്പെടുന്ന അനുകരണത്തിന് പ്രേരണ, വിസ്തരിച്ചുള്ള കുറ്റവർണനകളത്രെ. 1888-91 കാലത്ത് ലണ്ടനിൽ ‘ജാക്ക് ദ റിപ്പർ’ നടത്തിയ 11 കൊലപാതകങ്ങളുടെ വർണനകൾ പിന്നീട് ബ്രിട്ടനിൽ കൊലപാതക പരമ്പരകൾക്കുതന്നെ കാരണമായി.
നോവലുകളും (ഉദാ: The Sorrows of the Young Werther, 1774) സിനിമകളും (ഉദാ: ദൃശ്യം) അനുകരണങ്ങൾക്ക് നിമിത്തമായിട്ടുണ്ട്. എന്നാൽ, അത്തരം ഭാവനാസൃഷ്ടികളെക്കാൾ ശക്തിയുണ്ട് മാധ്യമവാർത്തകൾക്ക്.
കുറ്റവാർത്തകൾ റിപ്പോർട്ട് ചെയ്യുമ്പോൾ ചില വിദേശ മാധ്യമങ്ങൾ ശ്രദ്ധിക്കുന്ന കാര്യങ്ങളിൽ ചിലത്: കുറ്റവാളിയെ പൊലിപ്പിക്കാതിരിക്കുക; കുറ്റവാളിയുടെയും ഇരയുടെയും ചിത്രങ്ങൾ അടുത്തടുത്ത് കാണിക്കാതിരിക്കുക; അമിത വർണനകൾ ഒഴിവാക്കുക; വാർത്തയുടെ വിന്യാസത്തിൽ സംയമനം പാലിക്കുക; ഭാഷയിൽ സൂക്ഷ്മത പുലർത്തുക; കുറ്റകൃത്യത്തിന്റെ രീതിയും വിശദാംശങ്ങളും ഒഴിവാക്കുക; കൂടുതൽ ശ്രദ്ധ ഇരകൾക്ക് നൽകുക; കുറ്റകൃത്യം തടയാൻ സഹായിക്കുന്ന ‘ഹെൽപ് ലൈൻ’ നമ്പറുകൾ ചേർക്കുക. സമൂഹമാധ്യമങ്ങളുടെ പ്രചാരം ഈ രംഗത്ത് സങ്കീർണത സൃഷ്ടിച്ചിട്ടുണ്ടെങ്കിലും അച്ചടി-പ്രക്ഷേപണ മാധ്യമങ്ങൾ ചില മാനദണ്ഡങ്ങൾ പാലിക്കുന്നത് നന്ന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.