ലോറി ഡ്രൈവർ പൊതുനിരത്തിൽ ലോറി നിർത്തി. ജമ്മു-കശ്മീരിലെ റംബാനിലാണ് സംഭവം. ഡ്രൈവർ മുസ്‍ലിമാണ്; അയാൾ ലോറിക്കു പിറകിൽ കയറി നമസ്കാരം നിർവഹിക്കുകയാണ്. ഒരു വശത്തേക്ക് മാറ്റിനിർത്തിയിരുന്നെങ്കിൽ മറ്റു വാഹനങ്ങൾക്ക് പോകാമായിരുന്നു. ഇത് പക്ഷേ റോട്ടിന്റെ നടുക്കാണ്. സീ ന്യൂസ് ചാനൽ ഈ ദൃശ്യം പലതവണ കാണിച്ചു. വാർത്താ അവതാരകർ പറഞ്ഞുകൊണ്ടേ ഇരുന്നു: ‘‘സമൂഹമാധ്യമങ്ങളിൽ ഇത് വൈറലാണ്. ഡ്രൈവർക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തം.’’ വാസ്തവത്തിൽ, വ്യാജവാർത്തകളുടെ പരമ്പരയിലേക്ക് ഒന്നുകൂടി മാത്രമാണിത്. ആ ലോറിക്കപ്പുറത്തെ ട്രാഫിക് തടസ്സവും വണ്ടികളുടെ നിരയും സമർഥമായി മറച്ചുപിടിച്ചാണ് വാർത്തയും വിഡിയോയും....
ലോറി ഡ്രൈവർ പൊതുനിരത്തിൽ ലോറി നിർത്തി. ജമ്മു-കശ്മീരിലെ റംബാനിലാണ് സംഭവം. ഡ്രൈവർ മുസ്‍ലിമാണ്; അയാൾ ലോറിക്കു പിറകിൽ കയറി നമസ്കാരം നിർവഹിക്കുകയാണ്.
ഒരു വശത്തേക്ക് മാറ്റിനിർത്തിയിരുന്നെങ്കിൽ മറ്റു വാഹനങ്ങൾക്ക് പോകാമായിരുന്നു. ഇത് പക്ഷേ റോട്ടിന്റെ നടുക്കാണ്.
സീ ന്യൂസ് ചാനൽ ഈ ദൃശ്യം പലതവണ കാണിച്ചു. വാർത്താ അവതാരകർ പറഞ്ഞുകൊണ്ടേ ഇരുന്നു: ‘‘സമൂഹമാധ്യമങ്ങളിൽ ഇത് വൈറലാണ്. ഡ്രൈവർക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തം.’’
വാസ്തവത്തിൽ, വ്യാജവാർത്തകളുടെ പരമ്പരയിലേക്ക് ഒന്നുകൂടി മാത്രമാണിത്. ആ ലോറിക്കപ്പുറത്തെ ട്രാഫിക് തടസ്സവും വണ്ടികളുടെ നിരയും സമർഥമായി മറച്ചുപിടിച്ചാണ് വാർത്തയും വിഡിയോയും. വലിയൊരു ട്രാഫിക് ബ്ലോക്കിൽ കുടുങ്ങിയ അനേകം വാഹനങ്ങൾ. അവക്കിടയിൽ ലോറിയുമുണ്ട്. ഡ്രൈവർ ആ നേരത്ത് പ്രാർഥന നടത്തുന്നു എന്നുമാത്രം.
പാരമ്പര്യ മാധ്യമങ്ങൾ പരത്തുന്നതിലുമേറെ വ്യാജങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട്. എണ്ണത്തിലും വ്യാപ്തിയിലും അവ വർധിക്കുന്നു എന്നാണ് പുതിയ വർഷത്തെ സൂചന.
ഡൽഹിയിലെ സ്റ്റേറ്റ് മിറർ ന്യൂസ് എന്ന ‘വാർത്താ’ ചാനൽ ഇൻസ്റ്റഗ്രാം വഴി പ്രചരിപ്പിച്ച ഒരു വിഡിയോ ‘ഒരേസമയം ഭാര്യയും മകളും ഭാര്യയുമായവൾ’ എന്ന കുറിപ്പോടെ സമൂഹമാധ്യമങ്ങളിൽ നേരത്തേ പരന്നിരുന്നു. ബുർഖയിട്ട സ്ത്രീയെ, തൊപ്പിയിട്ട വൃദ്ധനൊപ്പം കാണിക്കുന്നു. വൃദ്ധന്റെ സഹോദരപുത്രി അയാളുടെ ഭാര്യകൂടിയാണത്രെ. ‘ഇത് ഞങ്ങളുടെ സംസ്കാരത്തിൽ പതിവാണ്’ എന്ന കമന്റും. ഇത് വസ്തുതാ പരിശോധനക്ക് വിധേയമാക്കിയ ‘ആൾട്ട് ന്യൂസ്’ ഇത്തരത്തിൽ വേറെയും സമൂഹമാധ്യമ വിഡിയോകൾ (ഒരേ സമുദായക്കാരെപ്പറ്റി, ഒരേ ‘സംസ്കാരം’ വിവരിച്ച്) ചേർത്തു കണ്ടു.
വിഡിയോകളുടെ ഉറവിടം പരിശോധിച്ചപ്പോൾ കണ്ടത് ഇവ, ‘വിനോദാവശ്യാർഥം മാത്രം, ഒരു പ്രത്യേക വിഭാഗത്തെയും ഇകഴ്ത്താനുദ്ദേശിച്ചല്ല’ എന്ന, ഒരു നിമിഷംകൊണ്ട് അപ്രത്യക്ഷമാകുന്ന മുന്നറിയിപ്പോടെ അഭിനേതാക്കളെ വെച്ച് ഇറക്കിയ കൃത്രിമ നിർമിതികളാണെന്നത്രെ. ‘പ്രകാശ് സിങ്’, ‘അങ്കിത’ എന്നീ പേരുകളിലുള്ള സമൂഹമാധ്യമ അക്കൗണ്ടുകളിൽനിന്നാണ് തുടക്കം.
‘ആൾട്ട് ന്യൂസ്’, ‘ബൂം ലൈവ്’ മുതലായ ഫാക്ട് ചെക്കിങ് സൈറ്റുകളിൽ ഇതേ രീതിയിലുള്ള പുതിയ കുറെ വ്യാജ വാർത്തകൾ തുറന്നുകാട്ടിയത് കാണാം. തുറന്ന വിദ്വേഷത്തിനു പകരം, ഒരു സമൂഹത്തെ മോശമായി ചിത്രീകരിക്കുകയാണ് രീതി.
വേൾഡ് ഇക്കണോമിക് ഫോറം എല്ലാ വർഷവും ലോകം നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളെന്ത് എന്ന് അന്വേഷിച്ച് റിപ്പോർട്ട് പ്രസിദ്ധപ്പെടുത്താറുണ്ട്. ഈ വർഷവും ജനുവരിയിൽ റിപ്പോർട്ട് വന്നു (ഗ്ലോബൽ റിസ്ക്സ് റിപ്പോർട്ട് 2025). ലോകം നേരിടുന്ന ഏറ്റവും കടുത്ത വെല്ലുവിളികളുടെ കൂട്ടത്തിൽ വ്യാജപ്രചാരണവും ഉൾപ്പെടുന്നു. ഇന്ത്യയിൽ അതാണ് വിപത്തുകളുടെ കൂട്ടത്തിൽ ഒന്നാമൻ.
ഫെബ്രുവരിയിൽ പുറത്തിറങ്ങിയ മറ്റൊരു റിപ്പോർട്ട്, കഴിഞ്ഞ വർഷം വിവിധ വ്യക്തികൾ നടത്തിയ വിദ്വേഷ പ്രസ്താവനകളും പ്രസംഗങ്ങളും പരിശോധിച്ചിരുന്നല്ലോ. വാഷിങ്ടൺ ആസ്ഥാനമായുള്ള ഇന്ത്യ ഹേറ്റ് ലാബ് (ഐ.എച്ച്.എൽ) അത്തരം 1165 വിദ്വേഷ ഭാഷണങ്ങൾ സ്ഥിരീകരിച്ചു. 2023നെ അപേക്ഷിച്ച് മുക്കാൽ ഇരട്ടിയോളം (74.4 ശതമാനം) വിദ്വേഷ പ്രസംഗങ്ങൾ വർധിച്ചതായി കണ്ടെത്തി.
ഏറ്റവും കൂടുതൽ (അഞ്ചിലൊന്ന്) വിദ്വേഷ വാക്കുകൾ രാഷ്ട്രീയ-ഭരണ നേതാക്കളിൽനിന്നാണ്. യോഗി ആദിത്യനാഥ്, നരേന്ദ്ര മോദി, അമിത് ഷാ, ഹിമന്ത ബിശ്വ ശർമ. വിദ്വേഷം പരത്തുക മാത്രമല്ല, അത് ഭരണത്തിന്റെ നയമാക്കുകകൂടി ചെയ്തു എന്നർഥം.
ഐ.എച്ച്.എൽ കണ്ടെത്തിയത് വിദ്വേഷ വാക്കുകൾ അറിയാതെ പറ്റിപ്പോയ അബദ്ധങ്ങളല്ല, മറിച്ച് കരുതിക്കൂട്ടി ഹിംസ പരത്താനുദ്ദേശിച്ചുതന്നെ എന്നത്രെ. ബി.ജെ.പിയും മറ്റ് സംഘ്പരിവാർ സംഘടനകളുമാണ് ഇതിൽ മഹാഭൂരിപക്ഷവും ചെയ്യുന്നത്.
2024ൽ പൊതു തെരഞ്ഞെടുപ്പും ചില പ്രധാനപ്പെട്ട സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പും നടക്കുന്നു എന്നതാണ് വർഗീയ പ്രചാരണങ്ങളുടെ മുഖ്യകാരണമായി ഐ.എച്ച്.എല്ലും റിസ്ക്സ് റിപ്പോർട്ടും പറഞ്ഞത്. തെരഞ്ഞെടുപ്പുകൾ കഴിഞ്ഞു. ഇപ്പോഴത്തെ അവസ്ഥ എന്താണ്?
ഫാക്ട് ചെക്കിങ് സൈറ്റുകൾ ഒന്നോടിച്ച് നോക്കിയാൽ ഉത്തരം കിട്ടും. നേതാക്കളാകട്ടെ, പ്രവർത്തകരാകട്ടെ, വെറുപ്പ് പടർത്തുന്നതിൽ കുറവ് വരുത്തിയിട്ടില്ല. കേരളത്തിലടക്കം ഈ അവസ്ഥ എത്തിക്കഴിഞ്ഞു. പലപ്പോഴും ‘ഇടതുപക്ഷ’വും അക്കാര്യത്തിൽ വലത്തോട്ട് നീങ്ങുന്നുമുണ്ട്.
ഇവിടെ ഇടപെടാൻ കഴിയുന്നത് മാധ്യമങ്ങൾക്കാണ്. പക്ഷേ, പലപ്പോഴും അവയും വിദ്വേഷ പ്രചാരണത്തിന്റെ ഭാഗമാകുന്നു.
പ്രതികരണങ്ങൾ
വായനക്കാരുടെ കുറിപ്പുകളിൽനിന്ന്: മൊയ്തു എം. വാണിമേൽ മാർച്ച് 5ലെ മാധ്യമം മുൻപേജിലെ ഒരു വാർത്താവാചകം നിരൂപണംചെയ്യുന്നു. ചന്ദ്രനിലിറങ്ങിയ റോബോട്ട് ദൗത്യമായ ബ്ലൂ ഗോസ്റ്റ് മാർച്ച് 2ന് ചന്ദ്രനെ തൊട്ടു. മാധ്യമം വാചകം ഇങ്ങനെ: ‘‘ചന്ദ്രനിലെ ആദ്യ സൂര്യോദയം പകർത്തി ബ്ലൂ ഗോസ്റ്റ്...’’
വായനക്കാരൻ എഴുതുന്നു: ‘‘ഇത് വായിച്ചാൽ തോന്നുക, ബ്ലൂ ഗോസ്റ്റ് ചന്ദ്രനിലിറങ്ങിയ ശേഷമാണ് ചന്ദ്രനിൽ ആദ്യമായി സൂര്യനുദിച്ചത് എന്നാണ്.’’ പത്രമാധ്യമങ്ങൾ മലയാളത്തെ കൊല്ലാക്കൊല ചെയ്യുകയാണ്; ലേഖകർക്ക് ഭാഷാപഠനം നിർബന്ധമാക്കണമെന്ന് വായനക്കാരൻ.
ഫലസ്തീൻകാർ അധിനിവേശത്തിനിരയാണെന്ന വസ്തുതപോലും പാശ്ചാത്യ മാധ്യമങ്ങൾ പറയാറില്ല എന്ന ‘മീഡിയസ്കാനി’ലെ നിരീക്ഷണത്തോട് ടി.ഐ. ലാലു കൂട്ടിച്ചേർക്കുന്നു: പാശ്ചാത്യ മാധ്യമങ്ങളുടെ എല്ലാ സ്രോതസ്സുകളിൽനിന്നുമുള്ള വിവരങ്ങളും വാർത്തകളും വിമർശനാത്മകമായി വിലയിരുത്തേണ്ടതുണ്ട്. ‘‘മുമ്പെന്നപോലെ ഇന്നും വാർത്തകളുടെ സ്ഥിരം ഒഴുക്ക് പടിഞ്ഞാറുനിന്ന് കിഴക്കോട്ടാണ്.’’
ഇസ്രായേൽ ലോബി
മുമ്പൊരിക്കലും ഇത്ര വ്യക്തമായിട്ടില്ലായിരുന്നു, അമേരിക്കയുടെ വിദേശനയം പൂർണമായും ഇസ്രായേലിന് അടിപ്പെട്ടിരിക്കുന്നു എന്നത്. മിക്ക ഭരണകൂടങ്ങളും –െഡമോക്രാറ്റിക്കായാലും റിപ്പബ്ലിക്കനായാലും –ഈ കാര്യത്തിൽ മാത്രം ഒരേ നയമാണ് പിന്തുടർന്നിട്ടുള്ളത്. ഇസ്രായേലിന്റെ അമിതസ്വാധീനം ചെറുക്കാൻ ശ്രമിച്ച ഒരു പ്രസിഡന്റായിരുന്നു ജോൺ എഫ്. കെന്നഡി. അദ്ദേഹം വൈകാതെ കൊല്ലപ്പെട്ടു.
ഈ വിധേയത്വത്തിനു പിന്നിൽ ഇസ്രായേൽ ലോബിയുടെ പണവും സ്വാധീനവുമുണ്ട് –ഒരുപക്ഷേ ഭീഷണിയും. സയണിസ്റ്റ് സ്വാധീനം മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിലേക്കുവരെ വളർന്നതിന് ഒരു ഉദാഹരണം യു.എസിലും യു.കെയിലും ഇസ്രായേൽ ലോബികളുടെ സ്വാധീനത്തെപ്പറ്റി അൽജസീറ നടത്തിയ അന്വേഷണവും ഒടുവിൽ അതിന് സംഭവിച്ച ദുർഗതിയുംതന്നെ.
2016ലായിരുന്നു അന്വേഷണം. അമേരിക്കയും ഫലസ്തീൻ അതോറിറ്റിയും നടത്തിയ ഗൂഢ ചർച്ചകൾ വെളിപ്പെടുത്തിക്കൊണ്ട് പാലസ്ൈറ്റൻ പേപ്പേഴ്സ് എന്ന പുസ്തകമെഴുതിയ ക്ലേയ്ടൻ സ്വിഷർ അൽജസീറയുടെ ഇൻവെസ്റ്റിഗേറ്റിവ് വിഭാഗം ഡയറക്ടറായപ്പോൾ, ഇസ്രായേൽ ലോബിയെപ്പറ്റി അന്വേഷണം നടത്താൻ തീരുമാനിച്ചു. മാസങ്ങളെടുത്ത് അത് തയാറാക്കി ‘ദ ലോബി’ എന്ന ഡോക്യുമെന്ററിയുടെ ബ്രിട്ടനുമായി ബന്ധപ്പെട്ട ഒന്നാം ഭാഗം 2017 ജനുവരിയിൽ സംപ്രേഷണംചെയ്തു. അത് വലിയ കോളിളക്കമുണ്ടാക്കി. ചിലർ സ്ഥാനങ്ങളിൽനിന്ന് രാജിവെേക്ക ണ്ടിവന്നു. ഇസ്രായേലി സ്വാധീനത്തെപ്പറ്റി അന്വേഷണത്തിന് മുറവിളി ഉയർന്നു. എങ്കിലും പതുക്കെപ്പതുക്കെ ആ ബഹളം കെട്ടടങ്ങി.
പരമ്പരയുെട രണ്ടാം ഭാഗം യു.എസിലെ ഇസ്രാേയലി സ്വാധീനത്തെപ്പറ്റിയാണെന്ന് പരസ്യപ്പെടുത്തിയിരുന്നു. തങ്ങളുടെ ഒരു ജേണലിസ്റ്റ് (ഓക്സ്ഫഡി ൽ ജേണലിസം പി.ജി പഠിച്ചിറങ്ങിയ െജയിംസ് ആന്റണി െക്ലയ്ൻഫെൽഡ് എന്ന് പിന്നീട് വെളിപ്പെട്ടു) വാഷിങ്ടണിലെ വിവിധ ഇസ്രായേൽ അനുകൂല സംഘടനകളിൽ നുഴഞ്ഞുകയറി, ഒളികാമറ അടക്കം ഉപയോഗിച്ച് തയാറാക്കിയ ഈ അമേരിക്കൻ ഭാഗം സംപ്രേഷണം ചെയ്യാൻ പോവുകയാണെന്ന് അൽജസീറ 2017 ഒക്ടോബർ 11ന് അറിയിച്ചു.
പിന്നീട് അതിനെപ്പറ്റി വിവരമൊന്നും കേട്ടില്ല. 2018 ഫെബ്രുവരിയിൽ മറ്റൊരു വാർത്ത പുറത്തുവന്നു: ആ ഭാഗം സംപ്രേഷണംചെയ്യില്ലെന്ന് ജൂത-അമേരിക്കൻ സംഘടനകൾക്ക് ഖത്തർ അധികൃതർ ഉറപ്പുകൊടുത്തിട്ടുണ്ട് എന്ന്. (അതിന്റെ നാല് എപ്പിസോഡുകൾ ചോർത്തി ഇലക്ട്രോണിക് ഇൻതിഫാദ, ഫ്രഞ്ച് ഓൺലൈൻ മാധ്യമമായ ഓറിയന്റ് XXI എന്നിവ പിന്നീട് സംപ്രേഷണം ചെയ്തു.)
സംപ്രേഷണം ഉപേക്ഷിച്ചതിൽ നിരാശനായ സ്വിഷർ അൽജസീറയിൽനിന്ന് അവധിയെടുത്തു. ‘‘അൽജസീറയെ എനിക്കിഷ്ടംതന്നെ. ഗംഭീരമായ റിപ്പോർട്ടുകൾ അവർ െചയ്യാറുണ്ട്. പേക്ഷ, എന്തുചെയ്യാം, ഈ ഡോക്യുെമന്ററി പുറത്തുവരുന്നില്ല’’ –അദ്ദേഹം പറഞ്ഞു.
സംഭവിച്ചതെന്ത് എന്ന് ഊഹിക്കാൻ പ്രയാസമില്ല. ഇസ്രായേലി അധികൃതർ അമേരിക്കൻ നേതാക്കളുമായി ബന്ധപ്പെട്ടു. യു.എ.ഇ, സൗദി അറേബ്യ എന്നിവ ഏർപ്പെടുത്തിയ ഉപരോധം നീക്കിക്കിട്ടാൻ ഖത്തർ അമേരിക്കയുടെ സഹായം തേടിയ സമയമായിരുന്നു അത്. ഇസ്രായേലി ലോബിയുെട കരുത്ത് തെളിയിക്കാൻ, ഡോക്യുമെന്ററിയേക്കാൾ ഉതകി അതിനെ ഒതുക്കിയ രീതി. ഇന്ന് ആ ‘ലോബി’യുടെ ശക്തി ലോകം കണ്ടറിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.