ഇസ്രായേൽ, ഇന്ത്യ, അമേരിക്ക   –ചില  മാധ്യമ ‘സ്വാതന്ത്ര്യ’ചിത്രങ്ങൾ

ഇസ്രായേൽ, ഇന്ത്യ, അമേരിക്ക –ചില മാധ്യമ ‘സ്വാതന്ത്ര്യ’ചിത്രങ്ങൾ

കാർട്ടൂണും ചിത്രപ്പുസ്തകങ്ങളും വരെ അപകടകാരികളാകാം! സമഗ്രാധിപതികൾ എന്തിനെയും പേടിക്കും. മറ്റുള്ളവരെ പേടിപ്പിക്കുന്നതിനേക്കാൾ അവർ മറ്റുള്ളവരെ പേടിക്കും. കഴിഞ്ഞ ദിവസങ്ങളിൽ ഇസ്രായേലി അധികൃതർക്ക്​ വൻ ഭീഷണിയായി​േത്താന്നിയത്​ കുട്ടികളുടെ പുസ്തകങ്ങളാണ്​. ഫെബ്രുവരി 10ന്​ അധിനിവിഷ്ട കിഴക്കൻ ജറൂസലമിൽ ഇസ്രായേലി പൊലീസ്​ ഒരു ഫലസ്തീനി പുസ്തകശാല റെയ്​ഡ്​ ചെയ്തു – അന്താരാഷ്ട്ര പുസ്തകങ്ങൾ വിൽപനക്ക്​ വെച്ച ലോകപ്രശസ്ത ബുക്​​സ്​റ്റോറിന്‍റെ രണ്ട്​ ശാഖകൾ മുഴുവൻ അവർ കീഴ്​മേൽ മറിച്ച്​ പരിശോധിച്ചു. എന്നിട്ട്​, കുറേ പുസ്തകങ്ങൾ കസ്റ്റഡിയിലെടുത്തു. പുസ്തകശാലയുടെ ഉടമയെ അറസ്റ്റ്​ ചെയ്തു....

കാർട്ടൂണും ചിത്രപ്പുസ്തകങ്ങളും വരെ അപകടകാരികളാകാം! സമഗ്രാധിപതികൾ എന്തിനെയും പേടിക്കും. മറ്റുള്ളവരെ പേടിപ്പിക്കുന്നതിനേക്കാൾ അവർ മറ്റുള്ളവരെ പേടിക്കും.

കഴിഞ്ഞ ദിവസങ്ങളിൽ ഇസ്രായേലി അധികൃതർക്ക്​ വൻ ഭീഷണിയായി​േത്താന്നിയത്​ കുട്ടികളുടെ പുസ്തകങ്ങളാണ്​. ഫെബ്രുവരി 10ന്​ അധിനിവിഷ്ട കിഴക്കൻ ജറൂസലമിൽ ഇസ്രായേലി പൊലീസ്​ ഒരു ഫലസ്തീനി പുസ്തകശാല റെയ്​ഡ്​ ചെയ്തു – അന്താരാഷ്ട്ര പുസ്തകങ്ങൾ വിൽപനക്ക്​ വെച്ച ലോകപ്രശസ്ത ബുക്​​സ്​റ്റോറിന്‍റെ രണ്ട്​ ശാഖകൾ മുഴുവൻ അവർ കീഴ്​മേൽ മറിച്ച്​ പരിശോധിച്ചു.

എന്നിട്ട്​, കുറേ പുസ്തകങ്ങൾ കസ്റ്റഡിയിലെടുത്തു. പുസ്തകശാലയുടെ ഉടമയെ അറസ്റ്റ്​ ചെയ്തു. അക്രമത്തിന്​ പ്രേരിപ്പിക്കുന്നവയാണത്രെ പിടിച്ചെടുത്ത എട്ടു പുസ്തകങ്ങൾ. വാസ്തവത്തിൽ, മിക്ക പുസ്തകങ്ങളും അറബിയിലുള്ളവയല്ല; അന്താരാഷ്ട്ര വായനക്കാരെ ഉ​േദ്ദശിച്ചുള്ളവയാണ്​. അക്രമത്തിന്​ പ്രേരിപ്പിക്കുന്നു​ എന്നുപറഞ്ഞ എട്ടു പുസ്തകങ്ങൾ ഏതെല്ലാമെന്ന്​ ഇസ്രായേലി അധികൃതർ വ്യക്തമാക്കിയില്ലെങ്കിലും, അവയിലൊന്ന്​ കുട്ടികളുടെ ‘കളറിങ്​ ബുക്കാ’ണെന്ന്​ റിപ്പോർട്ടുകൾ പറയുന്നു.

എന്താണ്​ അക്രമത്തിലേക്ക്​ അത്​ നൽകുന്ന പ്രേരണ? കളറിങ്​ ബുക്കിന്‍റെ ചട്ടയിലെഴുതിയ പേരുതന്നെ: From the River to the Sea. ‘നദി മുതൽ കടൽ വരെ ഫലസ്തീൻ സ്വതന്ത്രമാകും’ എന്ന മുദ്രാവാക്യത്തെ ഓർമിപ്പിക്കുന്നു എന്നതാണ്​ അവർ ഭയക്കുന്ന ഭീകരത. ഒരു സമൂഹത്തിന്‍റെ സ്വാതന്ത്ര്യ മോഹത്തിന്​ വാക്കിലൂടെ നൽകുന്ന ആവിഷ്കാരംപോലും ഭീകരമായി തോന്നുന്നു, ‘അഭിപ്രായ സ്വാതന്ത്ര്യ’ത്തെപ്പറ്റി വാചാലമാകുന്നവർക്ക്​്. ദക്ഷിണാഫ്രിക്കൻ ചിത്രകാരനായ നാതി​ ങ്​ഗുബാനെ തയാറാക്കിയ ഈ ചിത്രമെഴുത്ത്​ പുസ്തകമാകട്ടെ ഫലസ്തീനെപ്പറ്റിയേ അല്ല.

നോം ചോംസ്കി, ഇലാൻ പാപ്പെ, ബങ്ക്​സി തുടങ്ങിയ പ്രശസ്തരുടെ പുസ്തകങ്ങളും ‘ഭീകര’ പ്പട്ടികയിൽ ഉണ്ട്​. ഏതായാലും പുസ്തകശാലക്കാരെ രണ്ടാം ദിവസം ജയിലിൽനിന്ന്​ വിട്ട്​ വീട്ടുതടങ്കലിലാക്കി.

ഗസ്സയിലെ ​ൈലബ്രറികൾ നശിപ്പിച്ച്​ രസിക്കുന്ന ഇസ്രായേലി സൈനികരു​െട ചിത്രങ്ങൾ ധാരാളം അവർതന്നെ പകർത്തി പുറത്തുവിട്ടിട്ടുണ്ട്​. അക്ഷരങ്ങളെപ്പോലും ഭീകരരായി കാണുന്നിടത്തോളം ചകിതരാണ്​ കുഞ്ഞുങ്ങളെ കൊന്ന്​ ശൗര്യം പ്രകടിപ്പിക്കുന്നവർ എന്നർ​ഥം. പുസ്തകശാലക്കാരാകട്ടെ, സംസ്കാരത്തിന്‍റെ ജീവവായുവായി അക്ഷരങ്ങളെ ഗണിക്കുന്നവരും.

അറസ്റ്റിലായി പിന്നീട്​ വിട്ടയക്കപ്പെട്ട ബുക്​സ്​റ്റോർ ഉടമ മഹ്​മൂദ്​ മുന വെറും വ്യാപാരിയല്ല; എഴുത്തുകാരനും എഡിറ്ററുംകൂടിയാണ്​ അ​ദ്ദേഹം. വർഷങ്ങളായി ഇസ്രായേൽ ഗസ്സക്കെതിരെ നടത്തുന്ന കടന്നാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, ഫലസ്തീനി കഥകളുടെ ഒരു സമാഹാരം അദ്ദേഹം മ​റ്റൊരാളുമായി ചേർന്ന്​ എഡിറ്റ്​ ചെയ്തിട്ടുണ്ട്. ‘Daybreak in Gaza: Stories of Palestinian Lives and Cultures’ എന്ന ഈ സമാഹാരം, സാഹിത്യത്തിലൂടെയും സംഗീതത്തിലൂടെയും കഥകളിലൂടെയും ഓർമകളിലൂ​ടെയും ഗസ്സക്കാരു​െട സംസ്കാരം സംരക്ഷിച്ചു നിലനിർത്താനുള്ള ​ശ്രമമാണെന്ന്​ അതിൽ പറയുന്നു.

നിരോധിച്ചാൽ പ്രശസ്തി

ഏതായാലും റെയ്ഡ്​ പുസ്തകശാലയുടെ പ്രശസ്​തി വർധിപ്പിച്ചു. ശ്രദ്ധിക്കപ്പെടാതെ പോകുമായിരുന്നതുപോലും നിരോധനം വഴി ഇങ്ങനെ ആഗോളശ്രദ്ധ നേടിയെന്നു വരാം. ‘സ്​ട്രെയ്​സൻഡ്​ പ്രഭാവം’ (Streisand effect) എന്നറിയപ്പെടുന്ന ഇത് ഇന്ത്യയിൽ വികടൻ കാർട്ടൂണിന്‍റെ കാര്യത്തിലും സംഭവിച്ചോ?

ഇന്ത്യയിൽനിന്നുള്ള അനധികൃത കുടിയേറ്റക്കാരെ അമേരിക്ക ​ൈസനിക വിമാനത്തിൽ ചങ്ങലയും വിലങ്ങുമിട്ട്​ തിരിച്ച്​ നാടുകടത്തുന്നു (പ്രധാനമന്ത്രി ട്രംപുമായി കൂടിക്കാഴ്​ച നടത്തിയശേഷവും സ്ഥിതി മാറിയില്ല). ഇതിനെ സൂചിപ്പിച്ച്​ തമിഴ്​ ഡിജിറ്റൽ മാഗസിനായ വികടൻ പ്രസിദ്ധപ്പെടുത്തിയ കാർട്ടൂൺ ഭരണപക്ഷത്തിന്​ പിടിച്ചില്ല. മോദി ട്രംപിനെ കണ്ട സന്ദർഭമാണ്​ ചിത്രത്തിൽ. മോദി ചങ്ങലയിൽ ബന്ധിതനായി ഇരിക്കുന്നു. തൊട്ടടുത്ത കസേരയിൽ ട്രംപ്​ അത്​ ചൂണ്ടിക്കാട്ടി കളിയാക്കുന്നു –ഇതാണ്​ ‘വികട’ കാർട്ടൂൺ (ഫെബ്രുവരി 10).

തമിഴ്​നാട്​ ബി.​െജ.പി അധ്യക്ഷൻ ബഹളമുണ്ടാക്കി. അദ്ദേഹം യൂനിയൻ സർക്കാറിലേക്ക്​ പരാതി അയച്ചു. വൈകാതെതന്നെ വികടന്‍റെ വെബ്​സൈറ്റ്​ (Vikatan.com) അധികൃതർ ​​േബ്ലാക്ക്​ ചെയ്തു.

അതുകൊണ്ടെന്ത്​ സംഭവിച്ചു? ആ കാർട്ടൂണിനെപ്പറ്റി അറിയാത്ത തമിഴരല്ലാത്തവരടക്കം അത്​ കണ്ടു.

വികടന്‍റെ അച്ചടിരൂപമായിരുന്ന ആനന്ദവികടനിൽ 1987ൽ ഒരു കാർട്ടൂൺ വന്നിരുന്നു: വായനക്കാരൻ വരച്ചത്​. എം.എൽ.എമാരെ തെമ്മാടികളായി ചിത്രീകരിക്കുന്ന ആ ചിത്രത്തിന്‍റെ പേരിൽ സർക്കാർ അതിന്‍റെ എഡിറ്റർ എസ്​. ബാലസുബ്രഹ്​മണ്യത്തെ ജയിലിലടച്ചു. പ്രതിഷേധത്തെ തുടർന്ന് രണ്ടുനാൾ കഴിഞ്ഞാണ് അദ്ദേഹത്തെ വിട്ടയച്ചത്. പിന്നീട് മദ്രാസ് ഹൈകോടതി ആ അറസ്റ്റ് ഭരണഘടനാവിരുദ്ധമായിരുന്നു എന്ന് വിധിച്ചു.

അന്ന് സർക്കാർ നടപടിക്രമമെങ്കിലും പാലിച്ചു –അടിസ്ഥാനം തെറ്റിയെങ്കിലും. ഇക്കുറി, പക്ഷേ, ബി.ജെ.പി അധ്യക്ഷൻ യൂനിയൻ മന്ത്രി എൽ. മുരുഗൻ വഴി (വ്യക്തമായ കുറ്റാരോപണം, പബ്ലിഷർക്ക് നോട്ടീസ് തുടങ്ങിയ നടപടിക്രമങ്ങൾ പാലിക്കാതെ) വെബ്സൈറ്റ് ലഭ്യമല്ലാതാക്കുകയായിരുന്നു.

ജനാധിപത്യത്തെ പരിഹസിക്കുന്ന ഇത്തരം മാധ്യമനിയന്ത്രണങ്ങൾ വർധിച്ചുവരുന്നതിന്റെ മറ്റൊരു ഉദാഹരണം കഴിഞ്ഞ വർഷം ഫെബ്രുവരിയിലുണ്ടായി. ജമ്മു-കശ്മീരിലെ പൂഞ്ചിൽ ഇന്ത്യൻ സൈനികർ സാധാരണ ജനങ്ങളെ മർദിക്കുന്നതിനെപ്പറ്റി കാരവൻ മാഗസിൻ വിശദ റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തി (Screams from the Army Post). വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം അത് നീക്കംചെയ്യാൻ ഉത്തരവിറക്കി (അതിനെ എതിർക്കുന്നതിനു പകരം പ്രസ് കൗൺസിൽ കാരവന് കാരണംകാണിക്കൽ നോട്ടീസ് നൽകി. പീഡിതർക്ക് പിന്നീട് സർക്കാർ നഷ്ടപരിഹാരം നൽകിയെങ്കിലും കുറ്റവാളികളെ ശിക്ഷിച്ചില്ല. കാരവൻ ലേഖിക ജതിന്ദർ കൗർ ആകട്ടെ കുറ്റംചെയ്ത സൈനിക ഓഫിസർമാർക്കെതിരായ തെളിവുകളുമായി വീണ്ടും മുന്നോട്ടുവന്നിരിക്കുന്നു).

ടിക് ടോക്കും മെക്സികോ ഉൾക്കടലും

അമേരിക്കയും മാധ്യമവേട്ടയിൽ പിന്നിലല്ല. ജോ ബൈഡന്റെ കാലത്ത് ‘ടിക് ടോക്’ നിരോധിച്ചത്, അത് ചൈനയുടേതാണെന്നും അമേരിക്കൻ സുരക്ഷാതാൽപര്യങ്ങൾക്ക് ഹാനികരമാണെന്നും പറഞ്ഞായിരുന്നു.

പക്ഷേ, ശരിയായ കാരണം അതായിരുന്നില്ല എന്ന് ഇപ്പോൾ ചില ആധികാരിക കേന്ദ്രങ്ങൾതന്നെ വെളിപ്പെടുത്തിയിരിക്കുന്നു. ശരിയായ കാരണം, ഇസ്രായേൽ ഗസ്സയിൽ കാട്ടിക്കൂട്ടുന്ന ക്രൂരതകളുടെ നേർച്ചിത്രങ്ങൾ ‘ടിക് ടോക്കി’​ലൂടെ അമേരിക്കക്കാർ ധാരാളമായി കാണുന്നു എന്നതും, അത് ഇസ്രായേലിനെതിരെ ജനവികാരം ഉയർത്തുന്നു എന്നതുമായിരുന്നു. അന്ന് യു.എസ് കോൺഗ്രസിൽ ‘ടിക് ടോക്’ നിരോധിക്കാനുള്ള നിയമം അവതരിപ്പിച്ച സെനറ്റർ മാർക് വാർണർ അക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനീസ് ഉടമസ്ഥതയ​ല്ല, ഉള്ളടക്കമാണ് അമേരിക്കൻ സർക്കാറിന് പ്രശ്നമായതെന്നർഥം.

അമേരിക്കയിൽനിന്നുള്ള മറ്റൊരു (ഗൗരവപ്പെട്ട) തമാശ, മെക്സികോ ഉൾക്കടലിന്റെ പേര് ഡോണൾഡ് ട്രംപ് മാറ്റിയതാണ്. ഇനി അത് ‘അമേരിക്കൻ ഉൾക്കടൽ’ എന്നറിയപ്പെടും. സമഗ്രാധിപതികളുടെ ഇഷ്ടവിനോദമാണ് പേരുമാറ്റം. പക്ഷേ, നാട്ടുകാർക്ക് അത് പിടിക്കണമെന്നില്ല. മാധ്യമങ്ങൾക്കും. ഏതോ ഒരു പ്രസിഡന്റിന് തോന്നിയാൽ പേര് മാറി​ല്ലല്ലോ.

പക്ഷേ, ‘ടെക് ഭീമൻ’മാർക്ക് നട്ടെല്ല് ആവശ്യമില്ലാത്തതുകൊണ്ട് അവ വേഗം വഴങ്ങി. ഗൂഗ്ൾ മാപ്പിൽ (അമേരിക്കയിൽ) പേര് ‘അമേരിക്കൻ ഉൾക്കടൽ’ എന്നാക്കി. ആപ്പിൾ കമ്പനിയും അവരുടെ ഭൂപടത്തിൽ മാറ്റം വരുത്തി. വാർത്ത ഏജൻസിയായ അസോസിയേറ്റഡ് പ്രസ് (എ.പി) ആ പേര് മാറ്റിയില്ല. അത് ട്രംപ് ഭരണകൂടത്തെ പ്രകോപിപ്പിച്ചു.

യു.എസ് പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനത്തിൽ പലപ്പോഴും മാധ്യമപ്രവർത്തകരെയും കൂട്ടാറുണ്ട്. എന്നാൽ, എ.പി റിപ്പോർട്ടറെ ഇനി വേണ്ടെന്നായി വൈറ്റ് ഹൗസ്. വൈറ്റ് ഹൗസിലെ വാർത്ത സമ്മേളനങ്ങളിലും എ.പിക്ക് പ്രവേശനമുണ്ടാകില്ല.

മാധ്യമസ്വാതന്ത്ര്യം ഇല്ലാത്ത രാജ്യങ്ങൾ, അത് ഉള്ള രാജ്യങ്ങൾ എന്നെല്ലാമുള്ള കണക്കെടുക്കുമ്പോൾ ഇന്ത്യയുടെയും അമേരിക്കയുടെയും ഏറ്റവും പുതിയ സ്ഥാനം എവിടെയായിരിക്കും? ഇക്കൊല്ലത്തെ മാധ്യമസ്വാതന്ത്ര്യ സൂചിക രണ്ടുമാസം കഴിഞ്ഞ് ഇറങ്ങാനിരിക്കുന്നു.


Tags:    
News Summary - Palestinian bookstore raided

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.