മാധ്യമരംഗത്തെ സൂക്ഷ്മമായ സ്കാനിംഗിന് വിധേയമാക്കുന്ന പംക്തി. മീഡിയയിലെ തെറ്റുകളും അപചയങ്ങളും ചൂണ്ടിക്കാട്ടി, പ്രമുഖ മാധ്യമ പ്രവർത്തകനായ യാസീൻ അശ്റഫ് ആഴ്ചപ്പതിപ്പിൽ രണ്ടു പതിറ്റാണ്ടിലേറെയായി തുടരുന്ന കോളത്തിൽനിന്ന്
സ്ഥിതിവിവരക്കണക്കുകൾ കണ്ണാടിയാണ്, പക്ഷേ, അവ വരണ്ട അക്കങ്ങൾ മാത്രവുമാണ്. ഈ അക്കങ്ങളെ മനുഷ്യാവസ്ഥയുടെ നേർച്ചിത്രങ്ങളാക്കിമാറ്റുക എന്നത് ജേണലിസത്തിെൻറ ഭാഗമാകണം. 474 മാധ്യമപ്രവർത്തകർ കോവിഡ് ബാധിച്ച് മരിച്ചു എന്നത് വെറും കണക്കാകരുതല്ലോ. ആ ജേണലിസ്റ്റുകൾ ഓരോരുത്തരും അക്കങ്ങളല്ല, വ്യക്തികളാണ്.
2003ൽ അമേരിക്ക കള്ളക്കഥകളുണ്ടാക്കി ഇറാഖിൽ കടന്നാക്രമണം നടത്തിയതിനു പിന്നാലെ യു.എസ് മാധ്യമങ്ങളിൽ വിചിത്രമായ ഒരു രീതി കണ്ടു. മുേമ്പ നിലനിന്നുവന്നതും എന്നാൽ ആളുകളുടെ ശ്രദ്ധ കിട്ടാതെപോയതുമായ ഒരു കാര്യം.
അധിനിവേശ യുദ്ധങ്ങളിൽ അധിനിവേശ രാജ്യത്തിെൻറ പട്ടാളക്കാർ വളരെ കുറച്ചേ കൊല്ലപ്പെടാറുള്ളൂ. ഇരരാജ്യത്തെ പതിനായിരങ്ങൾ കൊല്ലപ്പെടാം. പടിഞ്ഞാറൻ പത്രങ്ങൾ വഴി ലോകം, അക്രമിരാജ്യത്തിെൻറ പട്ടാളക്കാർ കൊല്ലപ്പെടുേമ്പാൾ ഓരോരുത്തരുടെയും കഥകൾ കേൾക്കും. കുടുംബത്തിെൻറ ദുഃഖം, കൊല്ലപ്പെട്ടവരുടെ മോഹങ്ങൾ തുടങ്ങി പലതും...
എന്നാൽ, ഇരരാജ്യത്ത് വെറുതെ കൊല്ലപ്പെടുന്ന സിവിലിയന്മാരുടെ പോലും കദനകഥകൾ മാധ്യമങ്ങളിൽ കാണില്ല. േവട്ടക്കാരെൻറ പക്ഷം മഹത്ത്വവത്കരിക്കപ്പെടാനും ഇരയുടെ പക്ഷം തമസ്കരിക്കപ്പെടാനും ഇത് ഇടയാക്കുന്നു. എന്തിനേറെ, എത്രപേർ കൊല്ലപ്പെട്ടു എന്നുപോലും പറയില്ല -ആ കണക്ക് എടുത്തിട്ടുണ്ടാകില്ല.
യുദ്ധരംഗത്ത് ഇരരാജ്യത്തെ മനുഷ്യരെ വെറും മൃഗങ്ങളായാണ് വേട്ടക്കാരായ രാജ്യങ്ങളും അവയുടെ മാധ്യമങ്ങളും കരുതുന്നതെന്ന വിമർശനം ഉയർന്നത് ഇങ്ങനെയാണ്.
ഇറാഖിലെ യു.എസ് ജനറൽ ടോമി ഫ്രാങ്ക്സിനോട് ഒരിക്കൽ മരണക്കണക്ക് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: ''ഞങ്ങൾ ജഡങ്ങളുടെ കണക്ക് വെക്കാറില്ല'' (We don't do body counts).
ഇതിനോടുള്ള പ്രതികരണമായി ഇൻറർനെറ്റിൽ 'ഇറാഖ് ബോഡി കൗണ്ട്' എന്നൊരു വെബ്സൈറ്റ് തന്നെ ആക്ടിവിസ്റ്റുകൾ സ്ഥാപിച്ചു. ഇറാഖിൽ യുദ്ധം കാരണം കൊല്ലപ്പെടുന്ന ഓരോ സിവിലിയൻ മരണവും അത് രേഖപ്പെടുത്തുന്നു. യുദ്ധം നിലച്ചെങ്കിലും ഒന്നും രണ്ടുമായി ഇന്നും മരണങ്ങൾ തുടരുന്നുണ്ട്. മേയ് 31ന് രണ്ടുപേർ കൊല്ലപ്പെട്ടു.
2003 മുതൽ ഇറാഖിൽ 2,08,231 സിവിലിയന്മാർ ഇങ്ങനെ കൊല്ലപ്പെട്ടിരിക്കാമെന്ന് 'ബോഡി കൗണ്ട്' കരുതുന്നു. അതേസമയം, മാധ്യമവാർത്തകളെ അടിസ്ഥാനപ്പെടുത്തിയുള്ള ഈ കണക്ക് യാഥാർഥ്യത്തിെൻറ അടുത്തുപോലുമെത്തില്ലെന്നാണ് നിരീക്ഷകർ പറയുന്നത്.
കൊല്ലപ്പെടുന്ന ആരും സ്ഥിതിവിവരക്കണക്ക് മാത്രമല്ല. ആകരുത്. ഉറ്റവരും കുടുംബങ്ങളും ബന്ധങ്ങളും സ്വപ്നങ്ങളുമുള്ളവരാണ് ഓരോരുത്തരും. അവരെ ആ നിലയിൽതന്നെ മാധ്യമങ്ങൾ അവതരിപ്പിക്കണം.
ഈ ബോധ്യത്തിെൻറകൂടി അടിസ്ഥാനത്തിലാണ് ഗസ്സയിൽ കൊല്ലപ്പെട്ട 67 കുട്ടികളുടെ ഫോട്ടോകൾ ഇസ്രായേലി പത്രമായ ഹാരറ്റ്സ് (മേയ് 27) ഒന്നാം പേജിൽ പ്രസിദ്ധപ്പെടുത്തിയത് (ചിത്രം കഴിഞ്ഞ ലക്കം 'മീഡിയാസ്കാനി'ൽ).
ഹാരറ്റ്സിെൻറ ഹീബ്രു പതിപ്പിൽ തന്നെ ഇത് ചെയ്തത് അതിശക്തമായ ഒരു രാഷ്ട്രീയ പ്രഖ്യാപനംകൂടിയാണ്: ഇസ്രായേൽ ഫലസ്തീനോട് ചെയ്യുന്നത് യുദ്ധക്കുറ്റത്തിൽ പെടുത്താവുന്നതാണെന്ന വ്യംഗ്യമായ പ്രഖ്യാപനം. സ്വതന്ത്ര പത്രമായ ഹാരറ്റ്സ് അടക്കം ഏതെങ്കിലും ഇസ്രായേലി പത്രം ഇത്ര വ്യക്തമായി സയണിസ്റ്റ് വിരുദ്ധത പ്രകടിപ്പിക്കുന്നതും ആദ്യം.
'യുദ്ധത്തിെൻറ വില ഇതാണ്' (This is the price of war) എന്ന തലക്കെട്ടിലുള്ള ഈ ഫോട്ടോശേഖരം മനുഷ്യാവകാശ പ്രസ്ഥാനങ്ങളുടെ പ്രശംസ പിടിച്ചുപറ്റിയിരിക്കുന്നു.
ഇസ്രായേലിലെ മനുഷ്യാവകാശ ഗ്രൂപ്പായ ബെത്സലേം ഈ തമസ്കരണത്തിനെതിരെ ശബ്ദമുയർത്താറുണ്ട്. ഇസ്രായേലി ബോംബിങ്ങിൽ കൊല്ലപ്പെടുന്ന ഫലസ്തീൻ കുഞ്ഞുങ്ങളുടെ പേരുകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു പരിപാടി ഇസ്രായേലി റേഡിയോയിലൂടെ പ്രക്ഷേപണം ചെയ്യാൻ അവർ 2014ൽ പരസ്യക്കൂലി കൊടുത്ത് ശ്രമിച്ചു. പക്ഷേ, ഇസ്രായേലി ബ്രോഡ്കാസ്റ്റിങ് അതോറിറ്റി അത് നിരോധിച്ചു. 'ഗസ്സയിലെ കുഞ്ഞുങ്ങൾക്ക് പേരുണ്ട്' എന്ന തലക്കെട്ടിലുള്ള ആ പരിപാടി അങ്ങനെ ഉപേക്ഷിക്കപ്പെട്ടു. ഇതുകൂടി പരിഗണിക്കുേമ്പാൾ ഹാരറ്റ്സിെൻറ നടപടി അസാധാരണം മാത്രമല്ല, ധീരവുമാണ്.
ജൂയിഷ് കറൻറ്സ് എന്ന മാഗസിൻ ജൂത കാഴ്ചപ്പാടിലൂടെ വിഷയങ്ങൾ അവതരിപ്പിക്കുന്ന പ്രസിദ്ധീകരണമാണ്. അതിെൻറ എഡിറ്ററായ അരിയേൽ ഏഞ്ജൽ മേയ് 22ന് ഗാർഡിയനിൽ എഴുതി: ''ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ 2014ൽ പങ്കെടുത്തപ്പോൾ ഞാൻ ഒറ്റക്കായിരുന്നു. ഇപ്പോൾ ഞാൻ ഒറ്റക്കല്ല.''
ഇപ്പോൾ ഹാരറ്റ്സ് ഗസ്സയിലെ കുഞ്ഞു ഇരകളുടെ പടം പ്രസിദ്ധപ്പെടുത്തിയതിെൻറ പിറ്റേന്ന് (മേയ് 28) ന്യൂയോർക് ടൈംസ് പത്രവും അത് ചെയ്തു.
പറഞ്ഞുവന്നത് വരണ്ട സ്ഥിതിവിവരക്കണക്കുകൾക്ക് ജീവൻ നൽകുന്ന ജോലികൂടി മാധ്യമപ്രവർത്തകർ ഏറ്റെടുത്തുതുടങ്ങി എന്നാണ്.
ഒരു വർഷം മുമ്പ്, 2020 മേയ് 24നാണ് ന്യൂയോർക് ടൈംസ് ഒന്നാംപേജിലും ഉൾപ്പേജിലുമായി ആയിരം മനുഷ്യരുടെ പേരും വിലാസവും അച്ചടിച്ചത്. ആമുഖക്കുറിപ്പ് പുതിയതരം ജേണലിസത്തിന് ചൂണ്ടുപലകകൂടിയായി: ''ഇവർ ഒരു പട്ടികയിലെ വെറും പേരുകളല്ല. ഇവർ നമ്മൾതന്നെയാണ്.''
''കോവിഡിെൻറ ആഘാതം എണ്ണം മാത്രം നോക്കി അളക്കാനാകില്ല. അമേരിക്കയിൽ കോവിഡ് മരണങ്ങൾ ലക്ഷത്തോടടുക്കുേമ്പാൾ അവരിൽ ഒരു ശതമാനം ആളുകളെ മാത്രമേ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളൂ. അവരിലാരും വെറും എണ്ണമല്ല.''
ആയിരം പേരും വിലാസവും മാത്രമല്ല, ഓരോരുത്തരെപ്പറ്റിയും ഏതാനും വാക്കുകളിൽ വിവരണവും പട്ടികയിലുണ്ടായിരുന്നു. സ്ഥിതിവിവര കണക്കുകളെ മനുഷ്യരാക്കി മാറ്റിയെടുക്കുന്ന പദ്ധതി.
സ്ഥിതിവിവരക്കണക്കുകൾക്ക് ജീവൻ നൽകുക മാധ്യമധർമമാണെങ്കിൽ, അവയിലെ നെല്ലും പതിരും വേർതിരിക്കുക മാധ്യമങ്ങളുടെ മൗലിക കടമയാണ്. കോവിഡ് ബാധയുടെയും മരണങ്ങളുടെയും കണക്കുകളിൽ മനഃപൂർവവും അല്ലാതെയും സർക്കാറുകൾ വ്യാപകമായി മായം ചേർക്കുേമ്പാൾ അതിനെ തുറന്നുകാട്ടൽ ജനപക്ഷ രാഷ്ട്രീയപ്രവർത്തനം കൂടിയാകുന്നു. ഗുജറാത്തിൽ കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിെൻറ 16 ഇരട്ടി വരുമെന്ന് ദിവ്യഭാസ്കർ പത്രം അറിയിച്ചു. ഏപ്രിൽ-മേയ് മാസങ്ങളിൽ ഡൽഹിയിൽ കോവിഡ് മരണം 13,201 എന്നാണ് ഔദ്യോഗിക കണക്ക്. മൊത്തം മരണസർട്ടിഫിക്കറ്റ് നൽകിയത് 34,750. മൊത്തം മരണങ്ങളിൽ രണ്ടര ഇരട്ടി വർധന കാണുന്നു എന്നും അധികമരണം കോവിഡിെൻറ കണക്കിൽപെടുത്തേണ്ടതാണെന്നും ടൈംസ് ഓഫ് ഇന്ത്യ. കൊൽക്കത്തയിലെ കോവിഡ് മരണക്കണക്ക് (ഏപ്രിൽ-മേയ്) സർക്കാർ പറയുന്നതിെൻറ നാലിരട്ടി വരാമെന്ന് ഹിന്ദു.
ഇന്ത്യയിലെ മൊത്തം കോവിഡ് മരണക്കണക്ക് മൂന്നു ലക്ഷത്തിലെത്തിയിരിക്കെ (മേയ് 24), ഈ ഒൗദ്യോഗിക കണക്കിനെ സ്ഥിതിവിവര ശാസ്ത്രം ഉപയോഗിച്ച് ചോദ്യം ചെയ്യുന്നു ന്യൂയോർക് ടൈംസ്. ആറു ലക്ഷം മരണമെങ്കിലും യഥാർഥത്തിലുണ്ടാകാമത്രെ. 42 ലക്ഷം വരെ യഥാർഥ കണക്ക് എത്താമെന്നും!
ഇതെല്ലാം ശാസ്ത്രീയ മാനങ്ങൾ വെച്ചുള്ള നിഗമനങ്ങൾ. ഭാസ്കർ ഗ്രൂപ്പിൽപെട്ട ദിവ്യഭാസ്കറും (ഗുജറാത്തി) ദൈനിക് ഭാസ്കറും ശ്മശാനങ്ങൾ നേരിട്ട് സന്ദർശിച്ച് റിപ്പോർട്ട് ചെയ്തത് വലിയ സംഭവമായി. ഗുജറാത്ത്, മധ്യപ്രേദശ്, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ സർക്കാറുകൾ കോവിഡ് കണക്ക് കുറച്ചുകാണിക്കുന്നുണ്ടെന്ന് പത്രം തെളിയിച്ചത് ജഡങ്ങൾ സംസ്കരിക്കുന്ന, കിലോമീറ്റർ കണക്കിലുള്ള ഇടങ്ങളുടെ േഡ്രാൺ ചിത്രങ്ങൾ കാണിച്ചാണ്. ഇതിനായി മുപ്പത് റിപ്പോർട്ടർമാരെ അവർ നിയോഗിച്ചു.
ദിവ്യഭാസ്കറിെൻറ മറ്റൊരു ഇടപെടലിനെപ്പറ്റിയും പറയണം. കോവിഡ് ചികിത്സക്കുള്ള റെംഡെസിവിർ കുത്തിവെപ്പ് മരുന്ന് ബി.ജെ.പിയുടെ ഗുജറാത്ത് അധ്യക്ഷൻ സി.ആർ. പാട്ടീൽ വൻതോതിൽ ശേഖരിച്ചുവെച്ചത് വിവാദമായി. അയ്യായിരം ഇൻജക്ഷൻ തെൻറ പക്കലുണ്ടെന്നും ആവശ്യക്കാർക്ക് നൽകാമെന്നും അദ്ദേഹം പറഞ്ഞത്, ആ മരുന്ന് അത്യാവശ്യക്കാർക്ക് കരിഞ്ചന്തയിൽപോലും കിട്ടാത്ത സമയത്താണ്.
മാധ്യമപ്രവർത്തകർ മുഖ്യമന്ത്രി വിജയ് രൂപാണിയെ കണ്ട് ചോദിച്ചു, ഇതെങ്ങനെ പാട്ടീലിെൻറ കൈയിലെത്തി എന്ന്. പാട്ടീലിനോടു തന്നെ ചോദിക്കൂ എന്ന് മുഖ്യമന്ത്രിയുടെ മറുപടി.
ദിവ്യഭാസ്കർ വിട്ടില്ല. അവർ പാട്ടീലിനെ സമീപിച്ചു. സുഹൃത്തുക്കൾ വഴി സംഘടിപ്പിച്ചതാണ് മരുന്നെന്ന് പാട്ടീൽ. ഏത് സുഹൃത്തുക്കളെന്ന് റിപ്പോർട്ടർ. പാട്ടീലിെൻറ മറുപടി: ആവശ്യമുള്ളവർ മാത്രം വന്നാൽ മതി. ആവശ്യമില്ലാത്തവർ വരേണ്ട. അങ്ങനെയാണ് ദിവ്യഭാസ്കറിെൻറ (ഏപ്രിൽ 12) ലീഡ് തലക്കെട്ട് ഒരു നമ്പർ മാത്രമായത്: സി.ആർ. പാട്ടീലിെൻറ മൊബൈൽ ഫോൺ നമ്പർ.
വാർത്തക്ക് പുറമെ, എഡിറ്റർ ദേവേന്ദ്ര ഭട്നഗർ ട്വിറ്ററിൽ ഇങ്ങനെ കുറിച്ചു: ''ഇൻജക്ഷനുവേണ്ടി അത്യാവശ്യക്കാർ പരക്കംപായുേമ്പാൾ ഒരാളുടെ കൈവശമെങ്ങനെ ഇത്രയേറെ മരുന്ന് വന്നു? സർക്കാർ മറുപടി പറയണം. ആവശ്യക്കാർ ഏതായാലും പാട്ടീലിനെ വിളിച്ചോളൂ.''
ഇത്തരം ഇടപെടലുകൾ ഫലം ചെയ്യുന്നുണ്ട്. സുപ്രീംകോടതിയുടെയും മാധ്യമങ്ങളുടെയും ഇടപെടൽ കാരണമാണ് കോവിഡ് കുത്തിവെപ്പ് സൗജന്യമാക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.