ഇസ്രായേലിനു വേണ്ടി എത്രയെത്ര വാക്കുകളുടെ അർഥമാണ് മാധ്യമങ്ങൾ മാറ്റിക്കൊണ്ടിരിക്കുന്നത്! ജേണലിസത്തിലെ ഓന്ത് പദങ്ങളായിരിക്കുന്നു ജനാധിപത്യവും ഫാഷിസവും മതരാഷ്ട്രവും തീവ്രവാദവും അപാർതൈറ്റുമെല്ലാം.
പലപല രാജ്യഭരണകൂടങ്ങൾക്ക് പാശ്ചാത്യ മാധ്യമങ്ങൾ കരുതിവെച്ച പലപല വിശേഷണങ്ങളുണ്ട്. തുർക്കിയിലെ ‘‘ഡിക്റ്റേറ്റർ’’ ഉർദുഗാൻ, ഫലസ്തീൻ ‘‘മിലിറ്റന്റ് ഗ്രൂപ്’’ ഹമാസ്, സൗദി അറേബ്യയിലെ ‘‘അൾട്രാ കൺസർവേറ്റിവ് രാജഭരണം’’, യുദ്ധഭ്രാന്തനായ പുടിൻ എന്നിങ്ങനെ പോകുന്നു സ്ഥിരം വിശേഷണങ്ങൾ. ഇത് കാണുമ്പോൾ തോന്നുക, മറ്റു ഭരണകൂടങ്ങളും ഭരണകർത്താക്കളും ഇതൊന്നുമല്ല എന്നാകും.
എന്നിട്ട്, ഇസ്രായേലിന് അവർ ഒരു പ്രത്യേക വിശേഷണംകൂടി നൽകുന്നു: ‘‘മിഡിലീസ്റ്റിലെ ഏക ജനാധിപത്യം.’’
പേരിൽ അങ്ങനെയാണെങ്കിലും ഈ രാജ്യം ഇന്ന് നിത്യവും ചെയ്തുകൊണ്ടിരിക്കുന്നത്, തങ്ങൾ കൈയേറിയ അധിനിവിഷ്ട ഭൂമിയിൽ യുദ്ധക്കുറ്റങ്ങളോളമെത്തുന്ന ക്രൂരതകളാണ്.
എന്നാൽ, ഇസ്രായേലിന്റെ യാഥാർഥ്യത്തെപ്പറ്റി മാധ്യമങ്ങൾ പറയുന്നില്ല. അവർ പറയാത്തതാണ് അതിന്റെ യാഥാർഥ്യം എന്നിടത്തോളം കാര്യങ്ങൾ എത്തിനിൽക്കുന്നു.
കുട്ടികളെപ്പോലും ഭീകരരെന്ന് വിളിച്ച് തടവിലിടുകയും കൊല്ലുകയും ചെയ്യുന്ന ഈ ആധുനിക ‘‘ജനാധിപത്യ’’ ശൈലിയെപ്പറ്റി നാം മാധ്യമങ്ങളിൽ വായിക്കില്ല. വായിച്ചാൽതന്നെ, ‘‘കൊല്ലപ്പെട്ട തീവ്രവാദികളു’’ടെ സംഖ്യകൾ മാത്രമായിട്ടാവും. മരിച്ചവരെ മനുഷ്യരായും ഇരകളായും തിരിച്ചറിഞ്ഞ് ഓരോരുത്തരുടെയും വിശദവിവരങ്ങൾ അറിയിക്കുന്ന ഓൺലൈൻ മാധ്യമങ്ങൾ കണ്ടാലറിയാം, ‘‘മുഖ്യധാരാ’’ മാധ്യമങ്ങൾ എത്രത്തോളം ഇരകളെ മനുഷ്യരല്ലാതാക്കുന്നുണ്ടെന്ന്. 2022ൽ ഇസ്രായേൽ കൊന്നുകളഞ്ഞ 231 ഫലസ്തീൻകാരെപ്പറ്റി യുംന പട്ടേൽ (മിഡിലീസ്റ്റ് ഐ, മോൺഡോവൈസ് പോർട്ടലുകൾ) എഴുതിയ വിശദ റിപ്പോർട്ട് കണ്ടാൽ ഇത് ബോധ്യപ്പെടും. കുടുംബങ്ങളും സ്വപ്നങ്ങളുമുള്ള മനുഷ്യരെ കേവലം എണ്ണമാക്കി തള്ളിക്കൊണ്ട് പാശ്ചാത്യ വാർത്ത ഏജൻസികൾ ഇസ്രായേലി കുറ്റകൃത്യങ്ങൾ മറച്ചുവെക്കുന്നു.
ഇസ്രായേലിനെപ്പറ്റി മോശം പറയാതിരിക്കുക എന്ന നയം ആ ഏജന്റുകൾക്കുണ്ടോ എന്നറിയില്ല. പക്ഷേ, അവ നൽകുന്ന വാർത്തകളുടെ വലിയ തലക്കെട്ടുകളിലൊന്നും കാണാത്ത ചിലതുണ്ട്:
ബിന്യമിൻ നെതന്യാഹു ഇപ്പോൾ വീണ്ടും പ്രധാനമന്ത്രിയായത് ജനങ്ങൾ തെരഞ്ഞെടുത്തിട്ടല്ല. ഏറ്റവും വലിയ ഒറ്റക്കക്ഷിയുടെ നേതാവ് എന്ന നിലക്കാണ്. കൂട്ടുഭരണത്തിനായി ആശ്രയിക്കുന്നത് ഏറ്റവും കടുത്ത വംശീയവാദി ഗ്രൂപ്പുകളെയും. ഫലസ്തീൻ പ്രദേശങ്ങളിൽ മുഴുവൻ ചോദ്യംചെയ്യാൻ പറ്റാത്ത അവകാശം ജൂതജനതക്കുണ്ടെന്ന വംശീയ-ഫാഷിസ്റ്റ് വാദഗതി തുറന്നു പ്രഖ്യാപിച്ചിരിക്കുന്നു അദ്ദേഹം. ഇതിന്റെ പകുതി മാത്രമേ, മുമ്പ് ലോകം അപലപിച്ച് തോൽപിച്ച ദക്ഷിണാഫ്രിക്കയിലെ വർണവിവേചന സർക്കാറിനുണ്ടായിരുന്നുള്ളൂ. പക്ഷേ, ‘‘ഫാഷിസ്റ്റ്’’ എന്നോ ‘‘അപാർതൈറ്റ്’’ എന്നോ ‘‘വംശവെറിയൻ’’ എന്നോ ഉള്ള മുദ്രകൾ എന്നിട്ടും മാധ്യമങ്ങൾ ഇസ്രായേലി ഭരണകൂടത്തിന് ചാർത്തിക്കണ്ടില്ല.
1948ൽ ആൽബർട്ട് ഐൻസ്റ്റൈൻ അടക്കം 19 പണ്ഡിതർ അന്നത്തെ ഇസ്രായേൽ സർക്കാറിനെ ‘‘ഫാഷിസ്റ്റ് രാഷ്ട്ര സിദ്ധാന്തം പരസ്യമായി പ്രസംഗിക്കുന്നവരെ’’ന്ന് വിശേഷിപ്പിച്ചിരുന്നെങ്കിൽ ഇന്ന് മാധ്യമങ്ങൾ അതിന്റെ അതിതീവ്ര പതിപ്പിനെ വിളിക്കുന്നത് ‘‘മേഖലയിലെ ഏക ജനാധിപത്യം’’ എന്നാണല്ലോ. ഹിറ്റ്ലർക്ക് കീഴിൽ ജൂതർ എന്ത് അനുഭവിച്ചോ അതാണ് യൂറോപ്പിൽനിന്നെത്തിയ സയണിസ്റ്റുകൾ ഇപ്പോൾ ഫലസ്തീൻകാരോട് ചെയ്യുന്നത്. ഈ യാഥാർഥ്യം മാധ്യമവാർത്തകളിൽ വായിക്കാനാവില്ല.
പുതിയ നെതന്യാഹു സർക്കാറിന്റെ മറനീക്കിയ അതിതീവ്ര ഫാഷിസം ഉൾക്കൊള്ളാനാകാതെ ഫ്രാൻസിലെ ഇസ്രായേൽ അംബാസഡർ യാഅൽ ജർമൻ രാജിവെച്ചു. ഇസ്രായേലി പാർലമെന്റായ ക്നെസറ്റിന് മുന്നിൽ ഇസ്രായേലികൾ തന്നെ പ്രതിഷേധമുയർത്തിയതും ഈ ഫാഷിസം തിരിച്ചറിഞ്ഞിട്ടാണ്. സർക്കാറിന്റെ അതിതീവ്ര നയങ്ങളെ എതിർത്തുകൊണ്ട് നൂറുകണക്കിന് ജൂത പുരോഹിതന്മാർ കഴിഞ്ഞ ദിവസമാണ് തുറന്ന കത്തെഴുതി പ്രസിദ്ധപ്പെടുത്തിയത്. മറ്റേതെങ്കിലും നാട്ടിലാണ് ഇത്തരം സംഭവവികാസങ്ങൾ ഒരൊറ്റ ആഴ്ചക്കുള്ളിൽ ഉണ്ടായതെങ്കിൽ പാശ്ചാത്യ മാധ്യമങ്ങൾ എന്തെല്ലാം എഴുതുമായിരുന്നു!
പക്ഷേ, ഇല്ല, അവ ഇളകിയില്ല. മതരാഷ്ട്രവാദം പരസ്യമായി ഉന്നയിച്ച നെതന്യാഹുവിന്റെ ഭരണത്തിന് ആ ചാപ്പ കുത്തുകയില്ല. ‘‘ഇസ്രായേൽ ജൂതഫാഷിസത്തിലേക്ക് സ്വപ്നാടനം നടത്തുകയാണ്’’ എന്ന് ഇസ്രായേലി പത്രംതന്നെ (ഹാരറ്റ്സ്, 2022 ഒക്ടോ. 30) തുറന്നെഴുതിയപ്പോൾ ന്യൂയോർക് ടൈംസ് (നവം. 8) മറുപടിയെന്നോണം എഴുതിയ ലേഖനത്തിന്റെ തലക്കെട്ട് ഇങ്ങനെ: ‘‘ഇസ്രായേലിന് പ്രശ്നങ്ങൾ പലതുണ്ടാവാം. പക്ഷേ, ആസന്ന ഫാഷിസം അതിൽപെടില്ല.’’
ഇസ്രായേലിനു വേണ്ടി എത്രയെത്ര വാക്കുകളുടെ അർഥമാണ് മാധ്യമങ്ങൾ മാറ്റിക്കൊണ്ടിരിക്കുന്നത്! ജേണലിസത്തിലെ ഓന്ത് പദങ്ങളായിരിക്കുന്നു ജനാധിപത്യവും ഫാഷിസവും മതരാഷ്ട്രവും തീവ്രവാദവും അപാർതൈറ്റുമെല്ലാം.
കെ.പി. ശശി അന്തരിച്ചത് ക്രിസ്മസ് ദിനത്തിലാണ് – ഡിസംബർ 25ന്. മലയാള പത്രങ്ങൾക്ക് അദ്ദേഹത്തെക്കുറിച്ച് വാർത്തയും അനുസ്മരണങ്ങളും തയാറാക്കാൻ ഒരു ദിവസത്തെ ഒഴിവു കിട്ടി. അങ്ങനെ 27ലെ പത്രങ്ങളിൽ വരുന്നു വാർത്ത.
മലയാള മനോരമയിൽ ഉൾപ്പേജിൽ രണ്ടു കോളം വാർത്ത; മാതൃഭൂമിയിലും രണ്ടു കോളം ‘‘യാത്രാമൊഴി’’യുണ്ട് അകം പേജിൽ. കേരള കൗമുദിയിൽ അകത്ത് മൂന്നു കോളം വാർത്ത.
ജനയുഗവും മാധ്യമവുമാണ് ഒന്നാംപേജിൽ ആ വാർത്ത കൊടുത്തത്. ജനയുഗത്തിൽ താഴെ മൂന്നുകോളം; മാധ്യമത്തിൽ പേജിന് മുകളിൽ ഒരു കോളം. ദേശാഭിമാനിയിൽ റിപ്പോർട്ട് ഉൾപ്പേജിലാണ് – ഒറ്റക്കോളത്തിൽ.
ഈ മൂന്ന് പത്രങ്ങളിലാണ് ശശിയെപ്പറ്റി ഓർമക്കുറിപ്പുകൾ വന്നത്. ദേശാഭിമാനിയിൽ ഫാ. ബെന്നി ബെനഡിക്ട് എഴുതിയ കുറിപ്പ് അകത്ത് വാർത്താ പേജിൽ കാണാം. ജനയുഗത്തിൽ, എഡിറ്റ് പേജിൽ ഡോ. വി. രാമൻകുട്ടിയുടെ കുറിപ്പ്. മാധ്യമത്തിൽ എഡിറ്റ് പേജിൽ (ഡിസം. 27) പി. ബാബുരാജിന്റെയും ജി.പി. രാമചന്ദ്രന്റെയും ലേഖനങ്ങൾ, എഡിറ്റ് പേജിൽതന്നെ (ജനു. 3) കെ.പി. ശശിയെയും ടി.ജി. ജേക്കബിനെയും അനുസ്മരിച്ച് ഡോ. ടി.ടി. ശ്രീകുമാറിന്റെ ലേഖനം.
മറ്റു പ്രമുഖ മലയാള പത്രങ്ങൾ ചരമവാർത്ത മാത്രം കൊടുത്ത് മതിയാക്കി.
കായികതാരങ്ങൾക്കും (പെലെ) മതനേതാക്കൾക്കും (മുൻ മാർപാപ്പ) റിപ്പോർട്ടുകളും സെന്റർസ്പ്രെഡും എഡിറ്റോറിയലുമായി മുഴുപ്പേജുകൾ നീക്കിവെച്ച ‘വൻ’പത്രങ്ങൾ കെ.പി. ശശിയോട് അവഗണനയാണ് കാണിച്ചത്. കാരണം അദ്ദേഹം പാർട്ടിക്കാരനല്ല, മതപുരോഹിതനല്ല, താരമല്ല.
പക്ഷേ, സമൂഹത്തിനുവേണ്ടി വിശ്രമമില്ലാതെ പ്രവർത്തിച്ച സാമൂഹിക പ്രവർത്തകനായിരുന്നു. മനുഷ്യാവകാശ പോരാളി. സാംസ്കാരിക-മാധ്യമ രംഗങ്ങളിൽ മനുഷ്യപക്ഷത്ത് നിലകൊണ്ട ജനസേവകൻ, സിനിമ നിർമാതാവ്, സംവിധായകൻ, കാർട്ടൂണിസ്റ്റ്, ഗ്രന്ഥകാരൻ.
മുഖ്യധാരാ രാഷ്ട്രീയ കക്ഷികളുടെ ഭാഗമായില്ല. ജനസേവനത്തിന് സമാന്തര രാഷ്ട്രീയമാണ് യോജിച്ചതെന്ന് അദ്ദേഹം കണ്ടു. ബദൽ മാധ്യമ പ്രസ്ഥാനങ്ങളിലൂടെ ഭരണകൂട-കോർപറേറ്റ് ഭീകരതയുടെ ഇരകൾക്കായി ശബ്ദിച്ചു. ‘ഇലയും മുള്ളും’ എന്ന അദ്ദേഹത്തിന്റെ ഫീച്ചർ ഫിലിം മൂന്നു പെൺകുട്ടികളുടെ ആത്മഹത്യ ആധാരമാക്കി ഉണ്ടാക്കിയതാണ്. അദ്ദേഹത്തിന്റെ ഡോക്യുമെന്ററി, ജപ്പാനിലെ ആണവവിരുദ്ധ സമരങ്ങളിൽ പ്രദർശിപ്പിക്കാറുണ്ട്.
അമേരിക്കയെ കുറിച്ചുള്ള ‘അമേരിക്ക, അമേരിക്ക’, മഅ്ദനിയെപ്പറ്റിയുള്ള ‘ഫാബ്രിക്കേറ്റഡ്’ തുടങ്ങി കുറെ ഡോക്യുമെന്ററികൾ മുഖ്യധാരാ മാധ്യമങ്ങൾ അവഗണിച്ച മാനുഷിക വിഷയങ്ങൾ പൊതുചർച്ചയിലെത്തിക്കുന്നതായിരുന്നു. അദ്ദേഹം മുംബൈ ഫ്രീ പ്രസ് ജേണലിനുവേണ്ടിയും അല്ലാതെയും വരച്ച കാർട്ടൂണുകളും ശബ്ദമില്ലാത്തവർക്ക് വേണ്ടിയാണ് ശബ്ദിച്ചത്.
പൊതുമാധ്യമങ്ങളിൽ പൊലിപ്പിക്കപ്പെടാനോ താരമെന്നോ നേതാവെന്നോ പദവി നേടാനോ ശശിക്ക് നേരമുണ്ടായിരുന്നില്ല. യഥാർഥ ജനപക്ഷ രാഷ്ട്രീയത്തിനായി സ്വയം അർപ്പിച്ചതായിരുന്നു ആ ജീവിതം.
അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിന്റെ വിയോഗം ‘വൻ’ പത്രങ്ങൾക്ക് അത്രവലിയ വാർത്തയാകാതെ പോയത്. അദ്ദേഹം താരമല്ലായിരുന്നു. താരസംസ്കാരത്തിന്റെ നേർവിപരീതമായിരുന്നു. ശശിയോടുള്ള അവഗണന അദ്ദേഹത്തിന്റെയല്ല, ആ പത്രങ്ങളുടെ നിലവാരമില്ലായ്മയാണ് കാണിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.