ചില വാർത്തകൾ ഒറ്റപ്പെട്ട സംഭവങ്ങളാണ്. നടന്ന സമയത്ത് മാത്രം പ്രസക്തിയുള്ള വെറും വർത്തമാനങ്ങൾ. എന്നാൽ, മറ്റു ചിലതുണ്ട്. ചരിത്രത്തിന്റെ രൂപത്തിൽ ഭൂതകാലത്തെയും, സംഭവിക്കാനിരിക്കുന്നതിന്റെ സൂചനയെന്നനിലക്ക് ഭാവിയെയും ഉൾക്കൊള്ളുന്ന വൻ വാർത്തകൾ. പലപ്പോഴും അത്തരം സംഭവങ്ങൾ ഒരു സാധാരണ വർത്തമാനത്തിന്റെ മട്ടിൽ ഉൾപ്പേജിൽ ഒതുങ്ങിക്കിടക്കുന്നുണ്ടാകും- ഒറ്റദിവസത്തെ മാത്രം വാർത്തയായിട്ട്. അത്തരമൊരു ''പാവം റിപ്പോർട്ടാ''യിരുന്നു മേയ് 16ന്...
ചില വാർത്തകൾ ഒറ്റപ്പെട്ട സംഭവങ്ങളാണ്. നടന്ന സമയത്ത് മാത്രം പ്രസക്തിയുള്ള വെറും വർത്തമാനങ്ങൾ. എന്നാൽ, മറ്റു ചിലതുണ്ട്. ചരിത്രത്തിന്റെ രൂപത്തിൽ ഭൂതകാലത്തെയും, സംഭവിക്കാനിരിക്കുന്നതിന്റെ സൂചനയെന്നനിലക്ക് ഭാവിയെയും ഉൾക്കൊള്ളുന്ന വൻ വാർത്തകൾ.
പലപ്പോഴും അത്തരം സംഭവങ്ങൾ ഒരു സാധാരണ വർത്തമാനത്തിന്റെ മട്ടിൽ ഉൾപ്പേജിൽ ഒതുങ്ങിക്കിടക്കുന്നുണ്ടാകും- ഒറ്റദിവസത്തെ മാത്രം വാർത്തയായിട്ട്.
അത്തരമൊരു ''പാവം റിപ്പോർട്ടാ''യിരുന്നു മേയ് 16ന് വിദേശവാർത്തകളിൽ ഒന്നായി നമ്മുടെ പത്രങ്ങളിലും വന്ന വംശവെറി വിശേഷം. ന്യൂയോർക്കിലെ ബഫലോ നഗരത്തിലെ സൂപ്പർമാർക്കറ്റിൽ പേയ്റ്റൺ ജെൻഡ്രോൺ എന്ന 18 വയസ്സുകാരൻ കറുത്ത വർഗക്കാരെ ലക്ഷ്യമിട്ട് നടത്തിയ വെടിവെപ്പിൽ പത്തുപേർ കൊല്ലപ്പെട്ടു.
ഇതൊരു വംശഹത്യയാണെന്നത് വ്യക്തമായിരുന്നു. രണ്ടുദിവസം മുമ്പ് പ്രതി ഓൺലൈൻ വേദികളിൽ ഒരു 180 പേജ് പ്രഖ്യാപനം പ്രസിദ്ധപ്പെടുത്തിയിരുന്നു. തന്റെ പ്രവൃത്തിക്ക് ന്യായമായി, 'പകരക്കാർ സിദ്ധാന്തം' (The Great Replacement Theory) എന്ന ഒരു വംശീയ തത്ത്വശാസ്ത്രം വിവരിക്കുന്ന പ്രമാണമായിരുന്നു അത്.
അതിനുപുറമെ, കഴിഞ്ഞ ഡിസംബറോടെ പോസ്റ്റ് ചെയ്ത നൂറുകണക്കിന് ഓൺലൈൻ സന്ദേശങ്ങളും 'പകരക്കാരെ' (Replacers) കുറ്റപ്പെടുത്തുന്നതായിരുന്നു. മാത്രമല്ല, 'ഡിസ്കോഡ്' (Discord) എന്ന സ്വകാര്യ സന്ദേശ വിനിമയ ആപ്പിൽ താനുദ്ദേശിക്കുന്ന ആക്രമണത്തിന്റെ വിവരം ചിലരുമായി പങ്കുവെക്കുകയും ചെയ്തു. കറുത്ത വംശക്കാർ കൂടുതലുള്ള ഇടങ്ങളിൽ വെടിവെപ്പ് നടത്താനായിരുന്നു പ്ലാൻ. ആദ്യത്തേതാണ് സൂപ്പർമാർക്കറ്റിലേത്.
ഇതിനെ വെറുമൊരു വാർത്ത എന്നതിൽനിന്ന് ഒരു ആഗോളപ്രവണത എന്ന തലത്തിലേക്ക് ഉയർത്തുന്ന ഘടകങ്ങൾ ധാരാളമുണ്ട്. ഇവിടെ വാട്സാപ്പെങ്കിൽ അവിടെ ഡിസ്കോഡ് എന്ന ചെറു വ്യത്യാസങ്ങളൊഴിച്ചാൽ സമാനതകൾ തന്നെ കൂടുതലും.
വംശീയ ആക്രമണങ്ങൾ വിഡിയോയിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്ന ശൈലിയും പൊതുവെയുണ്ട്.
ഇതിനെക്കാളൊക്കെ ഉപരിയായി വംശവെറിക്ക് ഊർജം നൽകുന്ന വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തിൽ ഈ അക്രമികളെല്ലാം വിശ്വസിക്കുന്നു.
പേയ്റ്റൺ ജെൻ ഡ്രോണെ ആവേശിച്ചത്, 'പകരക്കാർ സിദ്ധാന്ത'മാണല്ലോ. ന്യൂനപക്ഷക്കാർ പെറ്റുപെരുകിയും കുടിയേറിയും ഭൂരിപക്ഷത്തെ പുറന്തള്ളി ആധിപത്യ മേഖലകളിൽ പകരക്കാരായി വരും എന്നാണ് 'റീപ്ലേസ്മെന്റ് തിയറി' പറയുന്നത്. വെറുമൊരു ഗൂഢാലോചനാ സിദ്ധാന്തം മാത്രമാണെങ്കിലും അത് വല്ലാതെ പ്രചരിക്കുകയും വലിയൊരു വിഭാഗം ആളുകളിൽ അരക്ഷിതത്വബോധവും ഒപ്പം 'പകരക്കാർ' എന്ന് മുദ്രകുത്തപ്പെടുന്ന അപരരോടുള്ള വിദ്വേഷവും സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. ഫാഷിസ്റ്റ് ശക്തികളുടെ അദൃശ്യമായ ആയുധമാണ് ഈ നിർമിത ഭീതി.
ഇന്ത്യയടക്കം പലരാജ്യങ്ങളിലും ഭൂരിപക്ഷ മനസ്സുകളിൽ അരക്ഷിതത്വ ബോധം വളർത്തുന്ന വിവിധ സിദ്ധാന്തങ്ങളുണ്ട്. ഇവിടെ 'ഹിന്ദു ഖത് രേമേ ഹേ' (ഹിന്ദുക്കൾ അപകടത്തിൽ) എന്ന മുദ്രാവാക്യത്തിന് നൂറ്റാണ്ട് തികയുന്നു. അമേരിക്കയിൽ വെള്ളക്കാരിലാണ് 'പകരക്കാർ ഭീതി' പടർത്തപ്പെടുന്നത്. ഉത്കൃഷ്ട വിഭാഗമായ തങ്ങളാണ് നാട് ഭരിക്കേണ്ടവർ എന്ന മേൽക്കോയ്മ വാദം ഇതിന്റെയെല്ലാം മർമവുമാണ്.
കൈയിൽ തോക്കും ഹെൽമറ്റിൽ കാമറയുമായി, തനിക്ക് പരിചയംപോലുമില്ലാത്ത കറുത്ത വർഗക്കാർക്കുനേരെ വെടിയുതിർത്ത പേയ്റ്റൺ തന്നെ ഒരു കാര്യം പറയുന്നുണ്ട്: തനിക്ക് ആവേശം പകർന്നത് 2019ൽ ന്യൂസിലൻഡിൽ രണ്ട് മസ്ജിദുകളിലായി 51 പേരെ വെടിവെച്ചുകൊന്ന ബ്രെന്റൺ ടാറന്റ് എന്ന ''വെള്ള വർണവെറിയ''ന്റെ ചെയ്തിയാണെന്ന്.
അതേവർഷം അമേരിക്കയിൽ ടെക്സസിലെ എൽപാസോയിലുള്ള വാൾമാർട്ട് സ്റ്റോറിൽ 23 പേരെ കൊന്ന പാട്രിക് വുഡ് ക്രൂസിയസും ടാറന്റിന്റെ വെള്ള വംശീയതയിൽനിന്ന് ആവേശമുൾക്കൊണ്ടയാളാണ്. പാതകം ചെയ്യും മുമ്പ് തന്റെ വിദ്വേഷ ആദർശം ഓൺലൈനായി പോസ്റ്റ് ചെയ്തു അയാളും.
2015ൽ സൗത് കാരലൈനയിലെ ചാൾസ്റ്റണിൽ, കറുത്ത വംശക്കാരുടെ ചർച്ചിൽ ഒമ്പതുപേരെ വെടിവെച്ചുകൊന്ന ഡിലൻ റൂഫിന് അന്ന് പ്രായം 21. ക്രൂരകൃത്യം ചെയ്യിച്ചത് മനസ്സിൽ ഊട്ടപ്പെട്ട വെള്ളവംശീയത തന്നെ. അവനും വെടിവെക്കാനിറങ്ങും മുമ്പ് തന്റെ വിദ്വേഷ തത്ത്വശാസ്ത്രം വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തി.
ഡിലൻ റൂഫിന് പ്രചോദനമായത് വെള്ള വർണവെറിയുടെ മറ്റൊരു ഹിംസാരൂപമായ ആൻഡേഴ്സ് ബ്രെയ്വിക് ആണ്. 2011ൽ നോർവേയിലെ ഓസ്ലോയിൽ സർക്കാർ കെട്ടിടങ്ങളിൽ ബോംബിട്ട് എട്ടുപേരെ കൊന്ന ഇയാൾ പിന്നാലെ ഉതോയ ദ്വീപിൽ 69 പേരെ (കൂടുതലും കുട്ടികൾ) വെടിവെച്ചുകൊന്നു. അന്ന് 32 വയസ്സുള്ള ബ്രെയ്വിക്, തന്റെ അക്രമോത്സുക തത്ത്വശാസ്ത്രം രേഖയായി എഴുതിവെച്ചിട്ടാണ് എല്ലാം ചെയ്തത്. ഇസ്ലാം വിരുദ്ധതയും ഫെമിനിസ്റ്റ് വിരുദ്ധതയുമായിരുന്നു അതിന്റെ കാതൽ.
ചെറുപ്പക്കാരിൽ വെറുപ്പിന്റെ തത്ത്വശാസ്ത്രം വളരുന്നു എന്ന് കാണിക്കുന്നതാണ് ഈ സംഭവങ്ങളെല്ലാം. പരസ്യമായാണ് കുറ്റകൃത്യം ചെയ്യുന്നത് -ലൈവ് സ്ട്രീമിങ് അടക്കം. അവരുടെ കൈകളെ കുറ്റകൃത്യത്തിലേക്ക് തള്ളുന്നത് തലച്ചോറുകളിൽ ഉറപ്പിച്ചുകഴിഞ്ഞ വിദ്വേഷ സിദ്ധാന്തങ്ങളാണ്.
സമത്വത്തിന്റെയും സാഹോദര്യത്തിന്റേതുമായ ആശയങ്ങളുടെ എതിർപക്ഷത്താണ് ഇവരെല്ലാം നിലയുറപ്പിച്ചത്. ''ആര്യൻ വംശീയതയുടെ ഉത്കൃഷ്ടതയും മേൽക്കോയ്മയും വീണ്ടെടുക്കലാ''ണ് തന്റെ ആദർശമെന്ന് ആൻഡേഴ്സ് ബ്രെയ്വിക് വ്യക്തമാക്കി. മുകളിൽ ഉദാഹരിച്ചവരെല്ലാം തന്നെ, മനുഷ്യസമത്വത്തെ നിരാകരിക്കുന്ന ഒരു ''ഉത്കൃഷ്ടവംശ''ത്തെ രക്ഷിക്കാൻ ഒരുമ്പെട്ടിറങ്ങിയവരാണ്.
ഈ സംഭവങ്ങളിൽ വലതുപക്ഷ മാധ്യമങ്ങൾ വലിയ പങ്കുവഹിച്ചു എന്നതും ഒരു വസ്തുതയാണ്. ഭൂരിപക്ഷ വിഭാഗക്കാരിൽ (ഇന്ത്യയിൽ ഹിന്ദുമതക്കാർ, യൂറോപ്പിലും അമേരിക്കയിലും വെള്ളക്കാർ) മറ്റുള്ളവരെപ്പറ്റി ഭീതി വിതക്കാൻ നടന്ന ശ്രമങ്ങൾക്ക് അത്തരം മാധ്യമങ്ങൾ കരുത്ത് പകർന്നു.
ഹിംസയുടെ തത്ത്വശാസ്ത്രം, 'അപരന്മാ'രോടുള്ള വിദ്വേഷം, വെറുപ്പിന്റെ ആദർശത്തെ കുറിച്ചുള്ള പരസ്യമായ അഭിമാനം എന്നിവയിലെല്ലാം ഈ മാധ്യമങ്ങൾ അവർക്ക് താങ്ങാകുന്നു.
ബഫലോ സംഭവത്തെ പറ്റി മാത്രം പറയാം. അമേരിക്കയിലെ ഫോക്സ് ന്യൂസ് ചാനൽ (ഇന്ത്യയിലെ റിപ്പബ്ലിക്, സീ ന്യൂസ്, ടൈംസ് നൗ തുടങ്ങിയവയെപോലെ) തീവ്ര വംശീയതക്ക് കൂട്ടുനിൽക്കുന്നു. പേയ്റ്റൺ ജെൻഡ്രോണിനെ തീവ്രവാദിയാക്കിയതിൽ കാര്യമായ പങ്കുള്ള ഓൺലൈൻ പ്രചാരകർ പലരും ഫോക്സ് ന്യൂസിൽനിന്ന് ഊർജം സംഭരിക്കുന്നവരാണ്.
'റീപ്ലേസ്മെന്റ് തിയറി' എന്ന വംശീയ തത്ത്വശാസ്ത്രം ഏറ്റുപിടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യാറുണ്ട് ഫോക്സ്. അതിലെ ടക്കർ കാൾസൺ ഉൾപ്പെടെയുള്ള അവതാരകർ ഈ വംശീയതയുടെ വക്താക്കളും പ്രചാരകരുമാണ്. ന്യൂനപക്ഷങ്ങളും കുടിയേറ്റക്കാരും പെരുകി വെള്ളക്കാർക്ക് പകരം നിൽക്കുമെന്ന ആശയം അവരുടെ ചർച്ചകളിൽ ഉന്നയിക്കപ്പെടുകയും സ്ഥാപിക്കപ്പെടുകയും ചെയ്യുന്നു.
ന്യൂേയാർക് ടൈംസ് ഒരു പഠനം നടത്തി- 2016 മുതൽ ഫോക്സ് ന്യൂസ് സംപ്രേഷണം ചെയ്ത ചർച്ചാ പരിപാടികൾ അവർ പരിശോധിച്ചു. 400ലേറെ പരിപാടികളിൽ 'റീപ്ലേസ്മെന്റ് തിയറി' പ്രചരിപ്പിച്ചുവന്നിട്ടുണ്ട് ഫോക്സ് എന്ന് കണ്ടെത്തി. പ്രമുഖ അവതാരകരെല്ലാം വംശീയതയുടെ പ്രചാരകരാണ് എന്നും. അടുത്തകാലത്ത് ന്യൂസിലൻഡിലും അമേരിക്കയിലുമായി നടന്ന വംശീയ കൊലകൾക്ക് പ്രേരകമായത് ഈ വ്യാജ പ്രചാരണമാണ് എന്ന് വാഷിങ്ടൺ പോസ്റ്റിൽ പോൾ ഫാറി എഴുതുന്നു.
ബഫലോ വെറുമൊരു ഒറ്റപ്പെട്ട സംഭവമല്ല. അതൊരു സൂചകമാണ്. വംശീയത എങ്ങനെ വ്യാജ പ്രചാരണങ്ങളിലൂടെ, അപര ഭീതിയിലൂടെ വളർത്തപ്പെടുന്നു എന്നതിന്റെ സൂചകം. ഒപ്പം, സമൂഹത്തിൽ സ്വാധീനമുള്ള മാധ്യമങ്ങൾ ഈ ഫാഷിസ്റ്റ്, വംശീയ ആയുധങ്ങൾക്ക് മൂർച്ചയേറ്റുന്നു എന്നതിന്റെയും.
ബഫലോ ഒരു കുരുതിയുടെ വാർത്ത മാത്രമല്ല. അത് മാധ്യമങ്ങളെപ്പറ്റിയുള്ള വാർത്തകൂടിയാണ്.
'കുരങ്ങു രോഗ'ങ്ങൾ
ഇപ്പോൾ ലോകത്ത് പലേടത്തും പരക്കുന്നതായി കേൾക്കുന്ന ആ രോഗം എന്താണ്? 'കുരങ്ങുപനി'യോ (മംഗളം, സുപ്രഭാതം, മലയാള മനോരമ, മാധ്യമം) അതോ 'കുരങ്ങുവസൂരി'യോ (മാതൃഭൂമി), 'വാനര വസൂരി'യോ (മാതൃഭൂമി, ദേശാഭിമാനി)? തർക്കം വേണ്ടെന്ന മട്ടിൽ 'മങ്കി പോക്സ്' (കേരള കൗമുദി) എന്ന് എഴുതിയാലും പോരേ?
പ്രശ്നം വെറും വാക്കിന്റെതല്ല; നമ്മുടെ ഡെസ്കുകൾ പുതിയ വിഷയങ്ങൾ വരുമ്പോൾ ആഴത്തിൽ പഠിക്കുന്നില്ല എന്നതാണ്.
കുരങ്ങുപനി (Monkey fever) അല്ല കുരങ്ങു വസൂരി അഥവാ വാനരവസൂരി (Monkey pox), ആഫ്രിക്കയിൽ കുരങ്ങുകളിൽ ആദ്യം കാണപ്പെട്ട കുരങ്ങു വസൂരി, സാക്ഷാൽ വസൂരിയുടെ കുടുംബത്തിൽപെട്ട രോഗമാണ്. കുരങ്ങുപനി അഥവാ ക്യാസനൂർ ഫോറസ്റ്റ് ഡിസീസ് (കെ.എഫ്.ഡി) കർണാടകയിലെ ക്യാസനൂർ കാട്ടിൽ കുരങ്ങുകളിൽനിന്ന് പ്രാണികൾ വഴി മനുഷ്യരിലേക്ക് പടരുന്നതായി കാണപ്പെട്ട രോഗമാണ്. മഞ്ഞപ്പനിയുടെയും ഡെങ്കിപ്പനിയുടെയും ചാർച്ചക്കാരനാണ് ഇത്. കഴിഞ്ഞ ഫെബ്രുവരിയിൽ വയനാട്ടിൽ ഈ രോഗം ബാധിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു.
കുരങ്ങുപനിയും കുരങ്ങുവസൂരിയും രണ്ടും വൈറസ് രോഗങ്ങളാണ്. കേരള സർക്കാറിന്റെ ഔദ്യോഗിക രേഖകളിൽ വാനരവസൂരി എന്ന് മങ്കിപോക്സിനെ വിശേഷിപ്പിക്കുന്നത് മങ്കിഫീവറുമായുള്ള വ്യത്യാസം അറിഞ്ഞുതന്നെയാവണം.
വാക്കും പേരുമൊക്കെ പ്രധാനമാണെന്നുകൂടി നമ്മുടെ മാധ്യമങ്ങൾ തിരിച്ചറിയണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.