മാധ്യമപ്രവർത്തനരംഗത്ത് ആധുനിക സാ​ങ്കേതിക സൂത്രങ്ങളുടെ പിൻബലത്തോടെ വാർത്താശേഖരണത്തിലും അവതരണത്തിലും പുതിയ രീതികൾ വരുന്നു. ചൈനയിലെ സിൻജ്യങ് പ്രവിശ്യയിൽ ഉയിഗൂറുകാരെ കൂട്ടമായി തടങ്കലിലിടുന്നതിന്റെയും അടിച്ചമർത്തുന്നതിന്റെയും സൂചനകൾ പുറത്തുവന്നപ്പോഴെല്ലാം ചൈന നിഷേധിക്കുകയായിരുന്നു. എന്നാൽ 'സിൻജ്യങ് പൊലീസ് ഫയൽസ്' എന്നപേരിൽ ഈയിടെ മാധ്യമങ്ങൾ വെളിപ്പെടുത്തിയത് ചൈനീസ് പൊലീസിന്റെയും തടങ്കൽപ്പാളയങ്ങളിലെയും ഔദ്യോഗിക കമ്പ്യൂട്ടറുകൾ ഹാക്ക് ചെയ്ത് ചോർത്തിയ വമ്പിച്ച ഫയൽശേഖരമാണ്. നിഷേധിക്കാനാകാത്ത തരത്തിലുള്ള ആധികാരികത ഈ പൊലീസ് ഫയലുകൾക്കുണ്ട്. ഹാക്കർമാർ ചോർത്തിയ ഡിജിറ്റൽ ഫയലുകൾ...

മാധ്യമപ്രവർത്തനരംഗത്ത് ആധുനിക സാ​ങ്കേതിക സൂത്രങ്ങളുടെ പിൻബലത്തോടെ വാർത്താശേഖരണത്തിലും അവതരണത്തിലും പുതിയ രീതികൾ വരുന്നു.

ചൈനയിലെ സിൻജ്യങ് പ്രവിശ്യയിൽ ഉയിഗൂറുകാരെ കൂട്ടമായി തടങ്കലിലിടുന്നതിന്റെയും അടിച്ചമർത്തുന്നതിന്റെയും സൂചനകൾ പുറത്തുവന്നപ്പോഴെല്ലാം ചൈന നിഷേധിക്കുകയായിരുന്നു. എന്നാൽ 'സിൻജ്യങ് പൊലീസ് ഫയൽസ്' എന്നപേരിൽ ഈയിടെ മാധ്യമങ്ങൾ വെളിപ്പെടുത്തിയത് ചൈനീസ് പൊലീസിന്റെയും തടങ്കൽപ്പാളയങ്ങളിലെയും ഔദ്യോഗിക കമ്പ്യൂട്ടറുകൾ ഹാക്ക് ചെയ്ത് ചോർത്തിയ വമ്പിച്ച ഫയൽശേഖരമാണ്. നിഷേധിക്കാനാകാത്ത തരത്തിലുള്ള ആധികാരികത ഈ പൊലീസ് ഫയലുകൾക്കുണ്ട്.

ഹാക്കർമാർ ചോർത്തിയ ഡിജിറ്റൽ ഫയലുകൾ ചൈനാഗവേഷകനായ ഏഡ്രിയൻ സെൻസിന് അയച്ചുകിട്ടി. അദ്ദേഹം അത് പരിശോധിച്ചശേഷം 24 മാധ്യമസ്ഥാപനങ്ങൾക്ക് അയച്ചുകൊടുത്തു.

ഇവിടെ പുതിയ രീതി ഒന്നിലധികമുണ്ട്. ഒന്നാമത്, അഴിമതികളും കൊള്ളരുതായ്മകളും അകമേനിന്ന് ചോർത്തുന്ന 'വിസിൽ ബ്ലോവർ'മാരുടെ സാന്നിധ്യം. വിക്കിലീക്സ് പ്രസ്ഥാനം ​പ്രചാരം നേടിക്കൊടുത്ത രീതിയാണിത്. അതിന്റെ സ്ഥാപകൻ ജൂലിയൻ അസാൻജ് അതിന്റെ പേരിലാണ് വേട്ടയാടപ്പെടുന്നത്.

രണ്ടാമത്, ഡിജിറ്റൽ ഉറവിടങ്ങൾ തുറക്കുന്ന സാധ്യതകൾ. പത്ത് ഗിഗാബൈറ്റിലേറെ വരും സിൻജ്യങ്ങിൽനിന്ന് ചോർന്ന ദൃശ്യങ്ങളുടെയും പ്രസംഗങ്ങളുടെയും ഔദ്യോഗിക ആശയവിനിമയങ്ങളുടെയും നിരീക്ഷണ കാമറ ഉള്ളടക്കങ്ങളുടെയും ഫയലുകൾ. ഡിജിറ്റൽ ജേണലിസം എന്നത് ഇപ്പോൾ ആ രൂപത്തിലുള്ള വാർത്താ അവതരണത്തിന്റെ മാത്രം പേരല്ല; മറിച്ച്, ഡിജിറ്റൽ ഉറവിടങ്ങളിൽനിന്ന് ചോർത്തിയും ഖനനം ചെയ്തും സാധിച്ചെടുക്കുന്ന വാർത്താശേഖരണത്തിന്റെകൂടി പേരാണ്.

മൂന്നാമത്, ഭരണകൂടങ്ങളുടെ ദുഷ്ചെയ്തികളെപ്പറ്റിയുള്ള വെളിപ്പെടുത്തലുകൾ ഏതെങ്കിലും ഒരു മാധ്യമസ്ഥാപനം ചെയ്യുന്നതിനു പകരം അന്താരാഷ്ട്ര മാധ്യമ കൂട്ടായ്മകൾ ചെയ്യുന്ന രീതി. പരസ്പരം മത്സരിക്കുന്ന മാധ്യമസ്ഥാപനങ്ങൾതന്നെ ഇത്തരം കാര്യങ്ങളിൽ സഹകരിച്ച് പ്രവർത്തിക്കുന്നു. 'സിൻജ്യങ് പൊലീസ് ഫയൽസ്' റിപ്പോർട്ട് ചെയ്തത് 24 മാധ്യമസ്ഥാപനങ്ങൾ ചേർന്നാണ്. അന്താരാഷ്ട്ര ജേണലിസ്റ്റ്സ് കൺസോർട്യം (ഐ.സി.ഐ.ജെ) എന്ന കൂട്ടായ്മയും അതിൽപെടും. ബി.ബി.സി, ഗാർഡിയൻ, വാഷിങ്ടൺ പോസ്റ്റ്, ദ ഹിന്ദു, ലമോങ്, ലണ്ടൻ ടൈംസ് എന്നിങ്ങനെ പോകുന്നു മറ്റു മാധ്യമങ്ങളുടെ പട്ടിക.

പെഗസസ് പേപ്പേഴ്സ് (ഇസ്രായേലി ചാര സോഫ്റ്റ്​വെയർ ഇന്ത്യയിലടക്കം വാങ്ങിയതിനെപ്പറ്റി), അഫ്ഗാൻ പേപ്പേഴ്സ് (അമേരിക്ക അഫ്ഗാനിസ്താനിൽ ചെയ്തുകൂട്ടിയ അബദ്ധങ്ങളെപ്പറ്റി), പാനമ പേപ്പേഴ്സ് (നികുതിവെട്ടിപ്പുകാർ സമ്പാദ്യങ്ങൾ ഒളിച്ചുകടത്തി സൂക്ഷിക്കുന്നതിനെപ്പറ്റി) തുടങ്ങി, മാധ്യമക്കൂട്ടായ്മകൾ ഏറ്റെടുത്ത വാർത്താ സംരംഭങ്ങൾ നിരവധിയാണ്.

നാലാമത്, മാധ്യമങ്ങൾ ലഭ്യമായ വിവരങ്ങൾ നേർക്കുനേരെ റിപ്പോർട്ട് ചെയ്യുക എന്നതിനപ്പുറം വസ്തുതാപരിശോധനയും കുറ്റാന്വേഷണ ശാസ്ത്രവും (ഫോറൻസിക് സയൻസ്) വഴി കാര്യങ്ങൾ ആഴത്തിൽ കണ്ടെത്തി റിപ്പോർട്ട് ചെയ്യുന്ന ശൈലി. അമേരിക്കൻ സേന അഫ്ഗാനിസ്താൻ വിടുമ്പോൾ ഡ്രോൺ ഉപയോഗിച്ച് കുട്ടികളടക്കം പത്തുപേരെ കൊലപ്പെടുത്തി. ഭീകരരെയാണ് കൊന്നതെന്ന് സൈന്യം അവകാശപ്പെട്ടപ്പോൾ കുറ്റാന്വേഷണ സ​ങ്കേതങ്ങളുപയോഗിച്ച് ന്യൂയോർക് ടൈംസ് സത്യം തെളിയിച്ചു: കൊന്നത് നിരപരാധികളെയായിരുന്നു. അമേരിക്ക കുറ്റം സമ്മതിക്കേണ്ടിവന്നത് അങ്ങനെയാണ്.

അൽജസീറയുടെ ഫലസ്തീൻ റിപ്പോർട്ടർ ശിറീൻ അബൂ ആഖിലയെ ഇസ്രായേൽ സൈനികൻ കരുതിക്കൂട്ടി കൊന്നതാണെന്ന് സി.എൻ.എൻ തെളിയിച്ചതും ആധുനിക അപസർപ്പക രീതികൾ ഉപയോഗിച്ചാണ്.

'ഓപൺ സോഴ്സ്'

ഇത്തരം നവീന സ​ങ്കേതങ്ങളുടെയും രീതികളുടെയും കൂട്ടത്തിലേക്ക് മറ്റൊന്നുകൂടി: ഓപൺ സോഴ്സ് ജേണലിസം.

സ്വന്തം ലേഖകൻമാരെയും വാർത്താ ഏജൻസികളെയുമല്ല ഇതിന് ആവശ്യം. മറിച്ച്, പൊതുമണ്ഡലങ്ങളിൽ ലഭ്യമായ വസ്തുതകൾ കണ്ടെത്താനുള്ള സാ​ങ്കേതികവിദ്യകളും വിദഗ്ധരുമാണ്. ഒപ്പം, അങ്ങനെ ലഭ്യമാകുന്ന വിവരങ്ങൾ പരിശോധിച്ച് കുറ്റമറ്റതാണെന്ന് ഉറപ്പുവരുത്തുന്ന സംവിധാനവും.

ഇന്റർനെറ്റും സമൂഹമാധ്യമങ്ങളും ഉപഗ്രഹങ്ങളും നിർമിതബുദ്ധിയുമടങ്ങുന്ന ആധുനിക സ​ങ്കേതങ്ങളാണ് ഈ പുതിയ സാധ്യതകൾ തുറന്നിട്ടത്. 'ഓപൺ സോഴ്സ്' വിവരങ്ങൾ ശേഖരിക്കുന്നത് ഇവയുമായി ബന്ധപ്പെട്ട ഉറവിടങ്ങളിൽനിന്നാണ്. മൊബൈൽ ഫോണുകളിൽ, ഉപഗ്രഹദൃശ്യങ്ങളിൽ, നിരീക്ഷണ കാമറകളിൽ (സി.സി.ടി.വി), സമൂഹമാധ്യമ പോസ്റ്റുകളിൽ, ഗൂഗ്ൾ മാപ്പ് വഴി കിട്ടുന്ന സ്ഥലനിർണയ രീതികളിൽ, എല്ലാം ശ്രദ്ധിക്കപ്പെടാതെ കിടക്കുന്ന ശിഥില വിവരങ്ങൾ പലപ്പോഴും വൻ വാർത്തകളുടെ അസംസ്കൃത പദാർഥങ്ങളാണ്. ഒരു പതിറ്റാണ്ട് മുമ്പുപോലും അടഞ്ഞുകിടന്നിരുന്ന ഉറവിടങ്ങൾ.

യുക്രെയ്നിൽ റഷ്യക്ക് അപ്രതീക്ഷിത തിരിച്ചടി നേരിട്ടപ്പോൾ ലോകം അതറിഞ്ഞത് ഓപൺ സോഴ്സ് ജേണലിസത്തിലൂടെയാണ്. റഷ്യൻ സൈനികർ റേഡിയോ വഴി നടത്തിയ സംഭാഷണങ്ങൾ ഹാക്കർമാർ ചോർത്തി. അവശ്യവസ്തുക്കൾ എത്തുന്നില്ല, ഉപകരണങ്ങൾ കേടാണ്, ഏകോപനം നടക്കുന്നില്ല എന്നിങ്ങനെ 'സ്വകാര്യ' പരാതികൾകൊണ്ട് 'സമ്പന്ന'മായിരുന്നു ആ സംഭാഷണങ്ങൾ.

ഉപഗ്രഹ ദൃശ്യങ്ങൾ ചൈനയിലെ തടങ്കൽപ്പാളയങ്ങളെപ്പറ്റിയും ശിറീൻ വധത്തെപ്പറ്റിയും അഫ്ഗാനിസ്താനിലെ അമേരിക്കൻ ഡ്രോൺ ആക്രമണങ്ങളെപ്പറ്റിയുമുള്ള ഔദ്യോഗിക ഭാഷ്യങ്ങൾ പൊളിക്കാൻ സഹായിച്ചിട്ടുണ്ട്. റഷ്യക്കാർ യുക്രെയ്നിലെ ഒരു ഫ്ലാറ്റ് സമുച്ചയം കൈയേറിയപ്പോൾ നിരീക്ഷണ കാമറകളും മൊബൈൽ ഫോൺ വിഡിയോകളും പരിശോധിച്ചാണ് ന്യൂയോർക് ടൈംസ് അത് വാർത്തയാക്കിയത്.

വാർത്താചിത്രങ്ങൾ കരാറിടപാടിലൂടെ വാങ്ങിവരുന്ന മാധ്യമങ്ങൾ ഇന്ന് ഉപഗ്രഹ ചിത്രങ്ങളും വിലകൊടുത്ത് വാങ്ങുന്നുണ്ട്. യുക്രെയ്നിൽ റഷ്യ അതിക്രമങ്ങൾ ചെയ്തതായി നാട്ടുകാരുടെ പരാതികൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ റഷ്യ പറഞ്ഞത്, പരാതിക്കാർ പോസ്റ്റ് ചെയ്ത വിഡിയോകൾ കൃത്രിമമായി നിർമിച്ചതാണ് എന്നായിരുന്നു. ഉപഗ്രഹചിത്രങ്ങൾ വാങ്ങി വിശകലനം ചെയ്തിട്ടാണ് ടൈംസ് റഷ്യയുടെ ഈ അവകാശവാദം തകർത്തത്. മരിയുപോളിലെ തിയറ്റർ റഷ്യ ബോംബിട്ട് തകർത്തപ്പോൾ അസോസിയേറ്റഡ് പ്രസ് (എ.പി) നിർമിതബുദ്ധി ഉപയോഗിച്ച് തിയറ്ററിന്റെ ത്രിമാന മാതൃക ഉണ്ടാക്കി. ലഭ്യമായ വിഡിയോ ദൃശ്യങ്ങളും അതിജീവിതരുമായുള്ള സംഭാഷണങ്ങളുംകൊണ്ട് സംഭവം പുനരാവിഷ്കരിച്ച് നടത്തിയ അന്വേഷണത്തിൽ, മുമ്പ് റിപ്പോർട്ട് ചെയ്തതിൽ കൂടുതൽ സിവിലിയൻമാർ കൊല്ലപ്പെട്ടതായി കണ്ടു.

മനുഷ്യാവകാശ ലംഘനങ്ങളും ഭരണകൂട ഭീകരതയും യുദ്ധക്കുറ്റങ്ങളും ആരുമറിയില്ലെന്നു കരുതിവന്ന കാലഘട്ടത്തെ ഓപൺസോഴ്സ് റിപ്പോർട്ടിങ് പിറകോട്ട് തള്ളിമാറ്റുകയാണ്. സിറിയയിൽ അസദ് ഭരണകൂടം രാസായുധം പ്രയോഗിച്ചതായി 2018ൽ ആരോപണമുയർന്നു; അധികൃതർ അത് നിഷേധിച്ചു. ഈ ഔദ്യോഗിക ഭാഷ്യം കള്ളമാണെന്ന് ടൈംസ് തെളിയിച്ചത്, തകർക്കപ്പെട്ട ഒരു കെട്ടിടം നിർമിതബുദ്ധികൊണ്ട് 'പുനർനിർമി'ച്ചാണ്. ഗസ്സയുടെ ചുറ്റുവട്ടത്ത് ഇസ്രായേൽ നടത്തിയ കുരുതിയുടെയും മ്യാന്മറിലെ പട്ടാള ഭരണകൂടം ചെയ്തുകൂട്ടിയ ഭീകരതകളുടെയും ലോകമറിയാതെ കിടന്ന വിശദാംശങ്ങൾ എ.പി പുറത്തുകൊണ്ടുവന്നത് കമ്പ്യൂട്ടർ മോഡലിങ് ഉപയോഗിച്ചുകൊണ്ടാണ്.

ഓപൺ സോഴ്സ് റിപ്പോർട്ടിങ്ങിന്റെ വാതിൽ തുറക്കാൻ സഹായിച്ച സംഭവപരമ്പരയായിരുന്നു അറബ് വസന്തം. സർക്കാറുകൾക്കെതിരായ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാനും ഏകോപിപ്പിക്കാനും ട്വിറ്റർ പോലുള്ള സമൂഹമാധ്യമ വേദികൾ പ്രയോജനപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ജേണലിസ്റ്റുകൾക്ക് ഈ പോസ്റ്റുകൾ തപ്പിയെടുക്കേണ്ട ജോലി മാത്രമേ ഉണ്ടായുള്ളൂ.

2018ൽ ഗസ്സയിലെ യുവനഴ്സ് റസാൻ അൽ നജ്ജാറിനെ ഇസ്രായേൽ പട്ടാളം വെടിവെച്ച് കൊന്നത് വലിയ വിമർശനത്തിനിടയാക്കി. ഈയിടെ ശിറീൻ വധത്തിലെന്നപോലെ അന്ന് റസാൻ വേട്ടയിലും ഇസ്രായേൽ വ്യാജ വിഡിയോ ഇറക്കി വിമർശനങ്ങളെ നേരിടാൻ നോക്കി. ഇന്നെന്നപോലെ അന്നും ഇസ്രായേലിന്റെ കുറ്റം തെളിഞ്ഞത് വിഡിയോ ദൃശ്യങ്ങളടക്കമുള്ള 'ഓപൺ സോഴ്സു'കൾ പരിശോധിച്ചാണ്.

ഓപൺ സോഴ്സ് ജേണലിസം വളരുന്നു

പല പ്രമുഖ ലോകമാധ്യമങ്ങളും ഇന്ന് ഓപൺ സോഴ്സ് രീതിക്ക് ഇടംനൽകിത്തുടങ്ങിയിട്ടുണ്ട്. ന്യൂയോർക് ടൈംസ് ഇതിനായി പ്രത്യേക യൂനിറ്റ് തന്നെ 2017ൽ സ്ഥാപിച്ചു; ഇന്ന് അതിൽ 17 ജീവനക്കാരുണ്ട്. വാഷിങ്ടൺ പോസ്റ്റും ഈ മേഖലയിൽ മുതലിറക്കുന്നുണ്ട്. അവരുടെ 'വിഡിയോ ഫോറൻസിക്' സംഘത്തിൽ ആറുപേരുണ്ടായിരുന്നത് 12 ആക്കാൻ പോകുന്നു.

2021ൽ ട്രംപ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തോറ്റതിനു പിന്നാലെ നടന്ന 'കാപിറ്റൽ കലാപ'ത്തെ പുനരാവിഷ്കരിച്ച് ടൈംസ് തയാറാക്കിയ 'ക്രോധത്തിന്റെ നാൾ' (Day of Rage) എന്ന അന്വേഷണ റിപ്പോർട്ടും, ലഫായറ്റ് സ്ക്വയറിൽ ട്രംപിനുവേണ്ടി പ്രക്ഷോഭകരെ ബലംപ്രയോഗിച്ച് ഒഴിപ്പിച്ച (2020) സംഭവത്തെപ്പറ്റി പോസ്റ്റ് തയാറാക്കിയ റിപ്പോർട്ടും 'ഡിജിറ്റൽ ജേണലിസം' പുരസ്കാരം (ഡൂ പോണ്ട്- കൊളംബിയ അവാർഡ്) നേടി. രണ്ടും ഓപൺ സോഴ്സ് രീതിയിലാണ് തയാറാക്കിയത്. യൂനിവേഴ്സിറ്റി ഓഫ് കാലിഫോർണിയ കഴിഞ്ഞവർഷം ഈ പുതിയ രീതിയിലുള്ള ജേണലിസത്തിൽ കോഴ്സ് തുടങ്ങി.

മാധ്യമസ്ഥാപനങ്ങൾക്ക് പുറമെ ഓപൺ സോഴ്സ് അന്വേഷണ രീതി സ്വീകരിച്ച് പ്രവർത്തിക്കുന്ന പുതിയ വെബ്സൈറ്റുകളുമുണ്ട്- സ്റ്റോറിഫുൾ, ബെലിങ് ക്യാറ്റ് എന്നിവ ഉദാഹരണം.

Tags:    
News Summary - madhyamam weekly media scan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.