ബ്രിട്ടന്റെ രണ്ട് ആർക്കൈവുകളിൽ ഒളിപ്പിച്ചുവെച്ചിരുന്ന രഹസ്യഫയലുകളടങ്ങുന്ന 300 പെട്ടി രേഖകൾ ആരോ ചോർത്തി പുറത്തുവിട്ടു. കെനിയയിലെ ക്രൂരതകൾക്കു പുറമെ, മറ്റു 36 കോളനികളിൽ ബ്രിട്ടൻ ചെയ്തുകൂട്ടിയ പൈശാചിക കൃത്യങ്ങൾകൂടി വിവരിക്കുന്ന 2,40,000 അതിരഹസ്യ ഫയലുകളാണ് ചോർന്നത്.മനുഷ്യാവകാശങ്ങൾ, ജനാധിപത്യം, മാധ്യമസ്വാതന്ത്ര്യം -ബ്രിട്ടീഷ്, അമേരിക്കൻ വക്താക്കൾ സ്വന്തമെന്ന് വിളിക്കുന്ന മൂല്യങ്ങൾ. എന്നാൽ, ഈ അവകാശവാദങ്ങൾക്കപ്പുറം, നേർവിപരീതമാണ്...
ബ്രിട്ടന്റെ രണ്ട് ആർക്കൈവുകളിൽ ഒളിപ്പിച്ചുവെച്ചിരുന്ന രഹസ്യഫയലുകളടങ്ങുന്ന 300 പെട്ടി രേഖകൾ ആരോ ചോർത്തി പുറത്തുവിട്ടു. കെനിയയിലെ ക്രൂരതകൾക്കു പുറമെ, മറ്റു 36 കോളനികളിൽ ബ്രിട്ടൻ ചെയ്തുകൂട്ടിയ പൈശാചിക കൃത്യങ്ങൾകൂടി വിവരിക്കുന്ന 2,40,000 അതിരഹസ്യ ഫയലുകളാണ് ചോർന്നത്.
മനുഷ്യാവകാശങ്ങൾ, ജനാധിപത്യം, മാധ്യമസ്വാതന്ത്ര്യം -ബ്രിട്ടീഷ്, അമേരിക്കൻ വക്താക്കൾ സ്വന്തമെന്ന് വിളിക്കുന്ന മൂല്യങ്ങൾ. എന്നാൽ, ഈ അവകാശവാദങ്ങൾക്കപ്പുറം, നേർവിപരീതമാണ് രണ്ടിടത്തെയും ഔദ്യോഗികനയവും നടപടിയുമെന്ന് തെളിയിക്കുന്ന രണ്ടു വാർത്തകളുണ്ട്: എലിസബത്ത് രാജ്ഞിയുടെ പ്ലാറ്റിനം ജൂബിലിയും ജൂലിയൻ അസാൻജിനെതിരായ ബ്രിട്ടീഷ് സർക്കാറിന്റെ തീരുമാനവും.
എലിസബത്ത് രാജ്ഞിയുടെ കിരീടധാരണത്തിന്റെ 70ാം വാർഷികം നാലുദിവസത്തെ ആഘോഷമാക്കി ബ്രിട്ടൻ. മാധ്യമങ്ങൾ ആഘോഷവിശേഷങ്ങൾ പങ്കുവെച്ചു: പേരമക്കളുടെ മക്കളുടെ കുസൃതികൾ മുതൽ രാജ്ഞിയുടെ ഭക്ഷണശീലം വരെ. മൊത്തത്തിൽ, എല്ലാവരെയും സ്നേഹിക്കാനും സേവിക്കാനും മാത്രം അറിയാവുന്ന തറവാട്ടുകാരണവരുടെ സപ്തതി ആഘോഷത്തിൽ സന്തോഷിക്കുന്ന ലോകത്തെയാണ് മാധ്യമങ്ങൾ പരിചയപ്പെടുത്തിയത്.
എന്നാൽ, ആഘോഷങ്ങൾ മാത്രമായിരുന്നില്ല ഇത്. വലിയ തമസ്കരണം കൂടിയായിരുന്നു. ലോക ഭൂപ്രദേശങ്ങളുടെ നാലിലൊന്നിൽ അധീശത്വം സ്ഥാപിച്ച് നൂറ്റാണ്ടുകൾ അവിടങ്ങളിൽ ഭീകരമായ ചൂഷണവും അടിച്ചമർത്തലും നടപ്പാക്കിയ മഹാസാമ്രാജ്യത്വത്തിന്റെ ചെയ്തികൾ മറവിയിലേക്ക് തള്ളാനുള്ള ഒരഭ്യാസം കൂടി.
ഇരുനൂറ് വർഷം. നാലു ഭൂഖണ്ഡങ്ങൾ. എങ്ങും പരന്നുകിടന്ന കൊളോണിയൽ നീരാളിയായിരുന്നു ബ്രിട്ടൻ. കോടിക്കണക്കിന് മനുഷ്യരെ കൊന്നും മർദിച്ചും അടിമകളാക്കിയും കെട്ടിപ്പടുത്ത സാമ്രാജ്യത്വം. കൊള്ളയും വംശീയതയും വർണക്കോയ്മയും കൂട്ടക്കൊലകളുമായിരുന്നു ബ്രിട്ടീഷ് രാജ് ആഘോഷിച്ച നേട്ടങ്ങൾ. ഏഷ്യയിൽ, ആഫ്രിക്കയിൽ, ലാറ്റിനമേരിക്കയിൽ... ബംഗാൾ പട്ടിണി, മൗ മൗ കൂട്ടക്കൊല, ഇസ്രായേൽ രാഷ്ട്രനിർമിതി, ബോയർ കോൺസൻട്രേഷൻ ക്യാമ്പുകൾ, ജാലിയൻവാലാബാഗ് കൂട്ടക്കൊല, ഇന്ത്യാവിഭജനം, അയർലൻഡിലും ഇന്ത്യയിലും ദാരിദ്ര്യം വിതച്ച വിക്ടോറിയ രാജ്ഞിയുടെ കാലത്തെ ക്രൂരപരിഷ്കാരങ്ങൾ -ഇതെല്ലാമല്ലേ 'ആഘോഷി'ക്കേണ്ടത്? ഇവയിൽ ഒന്നും പരാമർശിക്കാതെ, ഒരു ക്ഷമാപണവും നടത്താതെ, രാജ്ഞി അഭിനയിച്ച ആനിമേഷൻ കാർട്ടൂൺ പൊലിപ്പിച്ച് നടത്തിയ ജൂബിലി, രക്തപ്പാടുകൾക്കുമേൽ വിരിച്ച കൃത്രിമ മറ മാത്രമായി.
പ്രഫ. ഹാമിദ് ദബാശി എഴുതിയ ലേഖനത്തിൽനിന്ന്: ''ഈ ആഘോഷക്കാഴ്ചകളുടെ സംവിധായകർ ഉദ്ദേശിക്കുന്നത് സ്നേഹസമ്പന്നയായ അമ്മ, അമ്മൂമ്മ, വല്യമ്മൂമ്മ ഒക്കെയായി റാണിയെയും മക്കളും പേരമക്കളുമടങ്ങുന്ന കുലീനകുടുംബത്തെയും ദേശീയാഘോഷത്തിന്റെ കേന്ദ്രബിന്ദുവാക്കി അവതരിപ്പിക്കാനാണ്. എന്നാൽ, ബ്രിട്ടീഷ് രാജഭരണമെന്ന ഈ സ്ഥാപനം സത്യത്തിൽ എന്താണെന്നതിൽ അവർ അജ്ഞത നടിക്കുന്നു.''
രാജഭരണത്തിന്റെ ജൂബിലികൾ കൊളോണിയൽ ക്രൂരതകൾ തമസ്കരിക്കാനുള്ള അവസരങ്ങളായിട്ടുകൂടിയാണ് ബ്രിട്ടൻ ഉപയോഗിച്ചുവന്നിട്ടുള്ളത്. 1947ൽ 21ാം വയസ്സിൽ രാജ്ഞിപദമേറുന്നതിനും അഞ്ചുകൊല്ലം മുമ്പ്, എലിസബത്ത് രാജകുമാരി ചെയ്ത ഒരു പ്രസംഗം റേഡിയോ വഴി വ്യാപകമായി പ്രക്ഷേപണം ചെയ്യപ്പെട്ടു. ഇന്ത്യ സ്വാതന്ത്ര്യം നേടിയ വർഷത്തിൽ ചെയ്ത ആ പ്രസംഗത്തിലെ മുഖ്യസൂചന ഇനി മറ്റൊരു കോളനിയെയും സ്വതന്ത്രമാക്കി വിടില്ല എന്നായിരുന്നു. ''നമ്മുടെ മഹത്തായ സാമ്രാജ്യ കുടുംബത്തിന്റെ സേവനത്തിന്'' സ്വയം സമർപ്പിക്കുന്നു എന്ന് അവർ പ്രഖ്യാപിക്കുമ്പോൾ വിക്ടോറിയ രാജ്ഞിയുടെയും പിൽക്കാലത്തെയും അടിച്ചമർത്തലുകൾക്കുള്ള വ്യംഗ്യമായ ന്യായീകരണം കൂടിയായിരുന്നു അത്. ബോയർ യുദ്ധം, ഐറിഷ് സ്വാതന്ത്ര്യസമരം, ഇന്ത്യൻ സമരം, സൈപ്രസിലെയും ഇറാഖിലെയും ഫലസ്തീനിലെയും മലയയിലെയും കെനിയയിലെയും കലാപങ്ങൾ -എല്ലാം അടിച്ചമർത്തിക്കൊണ്ടാണ് ''മഹത്തായ ബ്രിട്ടീഷ് സാമ്രാജ്യം'' പുഷ്ടിപ്പെട്ടത്.
മറനീക്കിയ പുസ്തകങ്ങൾ
പക്ഷേ, കാലം പകവീട്ടും. മറച്ചുവെച്ച സത്യങ്ങൾ പുറത്തുവരികതന്നെ ചെയ്യും. കെനിയയിലെ കികുയു വംശക്കാർക്കെതിരെ ബ്രിട്ടീഷ് സാമ്രാജ്യത്വം നടപ്പാക്കിയ കൊടും പീഡനങ്ങളും കൂട്ടക്കൊലയും നേരിട്ട് അന്വേഷിക്കാനും പരസ്യപ്പെടുത്താനും ചില ഗവേഷകർ മുന്നോട്ടുവന്നു.
1950കളിൽ കെനിയയിൽ 'മൗ മൗ കലാപം' എന്നറിയപ്പെട്ട സ്വാതന്ത്ര്യപ്രക്ഷോഭം നടന്നു. ബ്രിട്ടൻ അതിനെ അതിക്രൂരമായി അടിച്ചമർത്തി.
1963ൽ കെനിയ സ്വതന്ത്രമായപ്പോൾ ബ്രിട്ടൻ അതിന്റെ ക്രൂരതകളുടെ തെളിവുരേഖകളെല്ലാം നൈറോബിയിൽനിന്ന് ബ്രിട്ടനിലേക്ക് കടത്തി ഒളിപ്പിച്ചു.
എന്നാൽ, മൗ മൗ പ്രക്ഷോഭകരെ കൊലചെയ്തതിന്റെയും തടവിലിട്ടതിന്റെയും വാർത്തകൾ ലോകം കേട്ടുകഴിഞ്ഞിരുന്നു. സർക്കാർ മറച്ചുവെച്ച കാര്യങ്ങളെപ്പറ്റി അന്വേഷിക്കാൻ ചിലർ മുന്നോട്ടുവന്നു. അക്കൂട്ടത്തില കാരലൈൻ എൽക്കിൻസ് എന്ന ഗവേഷക വിദ്യാർഥിനിയും ഉണ്ടായിരുന്നു. അന്വേഷണാത്മക ജേണലിസത്തിന്റെ എല്ലാ രീതികളുമവലംബിച്ച് അവർ തയാറാക്കിയ പിഎച്ച്.ഡി പ്രബന്ധം 2005ൽ പുസ്തകമായി പ്രസിദ്ധപ്പെടുത്തിയപ്പോൾ (Imperial Reckoning: The Untold Story of Britain's Gulag in Kenya) അതൊരു വലിയ വെളിപ്പെടുത്തൽ കൂടിയായി. സ്വാതന്ത്ര്യപ്രക്ഷോഭകരെ അടിച്ചമർത്തിയതിന്റെ അനുഭവവിവരണങ്ങൾ അതിലുണ്ടായിരുന്നു. പുസ്തകത്തിന് 2006ൽ പുലിറ്റ്സർ സമ്മാനം ലഭിച്ചു.
വൈകാതെ ഈ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ കെനിയയിലെ കികുയു വംശക്കാരായ മൗ മൗ ഇരകൾ ലണ്ടനിലെ കോടതിയിൽ നഷ്ടപരിഹാരക്കേസ് ഫയൽ ചെയ്തു. ബ്രിട്ടീഷ് സർക്കാർ ഇരകളോട് മാപ്പുപറയുകയും രണ്ടുകോടി പൗണ്ട് നഷ്ടപരിഹാരം നൽകുകയും വേണമെന്നായിരുന്നു ആവശ്യം.
കികുയുകളെ വംശഹത്യ നടത്താനായിരുന്നു ബ്രിട്ടന്റെ പദ്ധതി എന്ന കാരലൈൻ എൽക്കിൻസിന്റെ വാദം ഇരകൾ ഉയർത്തിക്കാട്ടി. എന്നാൽ, അതിന് മതിയായ തെളിവില്ലെന്നായിരുന്നു സാമ്രാജ്യത്വവാദികളുടെ മറുവാദം.
അപ്പോഴാണ് മറ്റൊരത്ഭുതം സംഭവിക്കുന്നത്. ബ്രിട്ടന്റെ രണ്ട് ആർക്കൈവുകളിൽ ഒളിപ്പിച്ചുവെച്ചിരുന്ന രഹസ്യഫയലുകളടങ്ങുന്ന 300 പെട്ടി രേഖകൾ ആരോ ചോർത്തി പുറത്തുവിട്ടു. കെനിയയിലെ ക്രൂരതകൾക്കുപുറമെ, മറ്റു 36 കോളനികളിൽ ബ്രിട്ടൻ ചെയ്തുകൂട്ടിയ പൈശാചിക കൃത്യങ്ങൾകൂടി വിവരിക്കുന്ന 2,40,000 അതിരഹസ്യ ഫയലുകളാണ് ചോർന്നത്.
2011ൽ കേസ് വിചാരണയുടെ തൊട്ടുമുമ്പായിരുന്നു ഇത്. കോടതിക്ക് നിരാകരിക്കാനാകാത്ത തെളിവുകൾ. ഇരകൾക്കനുകൂലമായി വിധിവന്നു. ബ്രിട്ടീഷ് സർക്കാർ മാപ്പുപറഞ്ഞു. നഷ്ടപരിഹാരം നൽകി.
കാരലൈൻ എൽക്കിൻസിന് കൂടുതൽ അന്വേഷണത്തിനുള്ള വകകൂടിയായി ചോർന്ന ഫയലുകൾ. കെനിയ എന്ന കോളനിയിലെ കഥകൾക്കുപിന്നാലെ ഇതാ അതടക്കം 37 കോളനികളിലെ കഥകൾ.
അവരുടെ അടുത്ത പുസ്തകം ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ ശരിക്കും പ്രതിക്കൂട്ടിൽ നിർത്തുന്നു. ഇക്കൊല്ലം മാർച്ചിലാണ് അത് (Legacy of Violence: A History of the British Empire) പ്രകാശിതമായത്.
ബ്രിട്ടന്റെ മൗ മൗ കുറ്റങ്ങൾ തെളിയിക്കപ്പെട്ടത് ആരോ ചോർത്തിയ രഹസ്യഫയലുകൾ വഴിയായിരുന്നു. അവ നിയമനടപടികൾക്ക് ആധാരമായി. എന്നാൽ, അമേരിക്കയുടെ സാമ്രാജ്യത്വ കുറ്റങ്ങൾ തെളിയിക്കുന്ന രഹസ്യരേഖകൾ പുറത്തുകൊണ്ടുവന്ന ജൂലിയൻ അസാൻജിനെ അമേരിക്കയും ബ്രിട്ടനും ചേർന്ന് വേട്ടയാടുകയാണ്.
എക്കാലത്തെയും മികച്ചതും ധീരവുമായ 'സ്കൂപ്പാ'യി ആഘോഷിക്കപ്പെടേണ്ടതായിരുന്നു ഇതെല്ലാം. പക്ഷേ, അമേരിക്കൻ സർക്കാർ അതിന്റെ ഭീകരമുഖം അസാൻജിനെതിരെയും തിരിച്ചു. 1917ലെ (ഒന്നാം ലോക യുദ്ധകാലത്തെ) ചാരവേല നിയമമുപയോഗിച്ച് കേസെടുത്തു. ലണ്ടനിലെ എക്വഡോർ എംബസിയിൽ അഭയം തേടിയ അസാൻജിനെ പിടിച്ചുകൊടുക്കാൻ ബ്രിട്ടീഷ് അധികാരികളും ജുഡീഷ്യറിയും ഒത്തുകളിച്ചു. ഇപ്പോൾ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ പറയുന്നു, അസാൻജിനെ അമേരിക്കക്ക് കൈമാറാൻ പോവുകയാണെന്ന്. ആജീവനാന്ത തടവാണ് അവിടെ അസാൻജിനെ കാത്തിരിക്കുന്നത്.
ഭരണകൂടത്തിന്റെ നെറികേടുകൾ പുറത്തുകൊണ്ടുവരുന്നതാണ് നല്ല ജേണലിസമെന്നും സ്വതന്ത്ര മാധ്യമപ്രവർത്തനം ജനാധിപത്യത്തിന്റെ കാതലാണെന്നുമൊക്കെ വാചകമടിക്കാറുള്ള ബ്രിട്ടീഷ്-അമേരിക്കൻ സാമ്രാജ്യത്വങ്ങളുടെ തനിനിറമാണ് വെളിവാകുന്നത്.
രാജകീയ ജൂബിലിയിൽ മറച്ചുവെച്ചതും അസാൻജ് വേട്ടയിൽ തെളിയുന്നതുമായ സാമ്രാജ്യത്വ ഭീകരത വർത്തമാനകാല ലോകാവസ്ഥയെ ശരിക്കും പ്രതിഫലിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.