ജമീൽ (നാലു വയസ്സ്), അലാ (അഞ്ച്), മുഅ്മിൻ (അഞ്ച്), ഹനീൻ (എട്ട്), ഹാസം (ഒമ്പത്), അഹ്മദ് (11), ജമീൽ (13), മുഹമ്മദ് (13), ഡാലിയ (13), മുഹമ്മദ് (14), ഹാമിദ് (16), നസ്മി (16), അഹ്മദ് (16), മുഹമ്മദ് (17), ഖലീൽ (18).
ഇസ്രായേലി ആക്രമണത്തിൽ കഴിഞ്ഞയാഴ്ച കൊല്ലപ്പെട്ട 15 ഫലസ്തീൻ കുട്ടികൾ ഇവരാണ്. ഇവരടക്കം 44 സിവിലിയന്മാർ കൊല്ലപ്പെട്ടു. 350ലേറെ സിവിലിയന്മാർക്ക് പരിക്ക്.
ഗസ്സയിലെ ചെറുത്തുനിൽപു സംഘടനയാണ് ഇസ്ലാമിക് ജിഹാദ്. അധിനിവിഷ്ട പ്രദേശങ്ങൾ സംബന്ധിച്ച അന്താരാഷ്ട്ര നിയമങ്ങളനുസരിച്ച് സായുധ പ്രതിരോധത്തിനു വരെ അവകാശമുള്ളവരാണ് ഫലസ്തീനികൾ. എന്നാലും ചെറുത്തുനിൽപു സംഘടനകളായിട്ടല്ല, ''ഭീകരരാ'' യിട്ടാണ് ആഗോളമാധ്യമങ്ങൾ അവയെ പരിചയപ്പെടുത്താറ്. ചുരുങ്ങിയത് ''തീവ്രവാദികൾ'' എന്നെങ്കിലും. ഉപരോധിച്ചും സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചും ജനലക്ഷങ്ങളെ ചെറിയ സ്ഥലത്ത് കുടുക്കിയിട്ടശേഷം അവരെ ബോംബിട്ട് കൊല്ലുന്ന ഇസ്രായേൽ പട്ടാളത്തെ ഭീകരരായോ തീവ്രവാദികളായോ വിവരിക്കാറില്ല.
ഈ മാധ്യമവിവേചനവും സയണിസ്റ്റ് അതിക്രമങ്ങൾപോലെ നിശിത വിമർശനത്തിന് ഇടയാക്കാറുണ്ട്. റിപ്പോർട്ടുകളിൽ ഉപയോഗിക്കുന്ന ഭാഷ മുതൽ, ഏകപക്ഷീയമായി ഇസ്രായേൽ ഭാഷ്യം ഏറ്റുപിടിക്കുന്ന രീതിവരെ തെളിവുസഹിതം വിമർശകർ ചൂണ്ടിക്കാട്ടാറുണ്ട്. ഇതിന് ചെറിയ ഫലമുണ്ടായി -പ്രത്യേകിച്ച് അമേരിക്കയിൽ.
കഴിഞ്ഞ വർഷം ഏതാനും റിപ്പോർട്ടർമാർ അസാധാരണമായ ഒരു തുറന്ന കത്ത് പ്രസിദ്ധപ്പെടുത്തി. ബോസ്റ്റൻ ഗ്ലോബ്, ലോസ് ആഞ്ജലസ് ടൈംസ്, വാഷിങ്ടൺ പോസ്റ്റ്, എ.ബി.സി ന്യൂസ് തുടങ്ങിയവയിലെ റിപ്പോർട്ടർമാരാണ് അത് തയാറാക്കിയത്. മറ്റു റിപ്പോർട്ടർമാരോടുള്ള അഭ്യർഥനയായിരുന്നു ഈ തുറന്ന കത്ത്.
ഇസ്രായേലിന്റെ അതിക്രമങ്ങളെ മൂടിവെച്ചും ചെറുതാക്കി കാണിച്ചുമാണ് മിക്ക വാർത്തകളും റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്ന് അതിൽ ചൂണ്ടിക്കാട്ടി. ഫലസ്തീൻകാരെ അടിച്ചമർത്തുന്ന ഇസ്രായേലി നടപടികളെ മറച്ചുപിടിക്കുന്നു. ''സന്ദർഭത്തിൽ ഊന്നിയുള്ള സത്യസന്ധമായ ഭീതിയോ പ്രീണനമോ കൂടാതുള്ള റിപ്പോർട്ടുകൾ ആണ് നാം നൽകേണ്ടത്. അല്ലാത്തത് നമ്മുടെ തൊഴിലിന്റെ നിലവാരത്തെ ഇടിച്ചുതാഴ്ത്തലായിപ്പോകുന്നു.'' 500ലേറെ റിപ്പോർട്ടർമാർ ഈ കത്തിൽ ഒപ്പിട്ടു.
പക്ഷേ, വെറും അവബോധം മതിയാകില്ലല്ലോ. അവബോധത്തിൽനിന്ന് പ്രവൃത്തിയിലേക്കുള്ള നീക്കം വളരെ മെല്ലെയാണ് എന്ന് കഴിഞ്ഞയാഴ്ചത്തെ ഇസ്രായേലി അതിക്രമങ്ങളുടെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പടിഞ്ഞാറൻ ഏജൻസികളെ ആശ്രയിക്കുന്ന മലയാള പത്രങ്ങളിലും ആ ഏജൻസികളുടെ ചായ്വുകളും പക്ഷപാതിത്വവും ഇപ്പോഴും കാണാം.
ഗസ്സയിലെ വെടിനിർത്തലിനു തൊട്ടു തലേന്നായിരുന്നു ഇസ്രായേലിന്റെ ഏറ്റവും മാരകമായ ആക്രമണം. അതിന്റെ വാർത്തകളടങ്ങുന്ന പത്രങ്ങൾ (ആഗസ്റ്റ് 8) ഈ കടുത്ത പൈശാചികതയുടെ വിവരം അവഗണിച്ചില്ല എന്നേയുള്ളൂ. കുട്ടികളടക്കം ഇത്രയേറെ സിവിലിയന്മാരെ കൊന്നുകളഞ്ഞ ഒരു അധിനിവേശ രാഷ്ട്രത്തിന്റെ സൈനിക അതിക്രമത്തിന് ഒന്നാം പേജിൽ ചേർക്കാൻ തക്ക ഗൗരവം കാണാത്തവരാണ് അനേകം പത്രങ്ങൾ. മംഗളത്തിൽ ആ വാർത്തയേ കണ്ടില്ല. ചന്ദ്രിക, മാധ്യമം, സുപ്രഭാതം എന്നിവ വാർത്ത ഒന്നാം പേജിൽ ചേർത്തു; ചന്ദ്രിക ഉൾപ്പേജിൽ ഉപവാർത്തയും പടങ്ങളും കൂടി ചേർത്തു. സിറാജ് ഒന്നാം പേജിൽ സൂചനയോടെ ഒമ്പതാം പേജിൽ വാർത്ത കൊടുത്തു. മലയാള മനോരമ, മാതൃഭൂമി, ദേശാഭിമാനി, ദീപിക, വീക്ഷണം, ജനയുഗം തുടങ്ങിയവയിൽ അത് ഉൾപ്പേജിലാണ്. പലതും ശുഷ്കമായ, ആക്രമിയെയും ഇരയെയും തിരിച്ചറിയാനാവാത്ത തരത്തിൽ മരണക്കണക്ക് മാത്രം ഉൾപ്പെടുത്തിയവ.
വാർത്തക്ക് നൽകുന്ന പ്രാധാന്യത്തെക്കാൾ ഗൗരവമുണ്ട് അതിന്റെ ഉള്ളടക്കത്തിലുള്ള പക്ഷപാത നിലപാടിന്. പൊതുവെ അത് ഇസ്രായേലി ഭാഷ്യമാണ് നൽകുന്നത്. ''ഗാസയിലെ ഇസ്രായേൽ ആക്രമണം: ഒരു പി.ഐ.ജെ കമാൻഡറെ കൂടി വധിച്ചു'' എന്ന കേരള കൗമുദി തലക്കെട്ട് തന്നെ, തുല്യശക്തികൾ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ധ്വനിയാണ് നൽകുന്നത്. ''വെള്ളിയാഴ്ച മുതൽ ഇസ്രായേലിന് നേരെ ഏകദേശം 600ഓളം റോക്കറ്റുകളാണ് ഗാസ തൊടുത്തത്'' എന്ന് പറയുമ്പോൾ വായനക്കാരൻ ധരിക്കുന്നത് ഇത് ഗസ്സക്കാർ ചോദിച്ചുവാങ്ങിയ ആക്രമണമാണ് എന്നാവും. ഇസ്രായേലാണ് പ്രകോപനം തുടങ്ങിയത് എന്നറിയാൻ പശ്ചാത്തല വിവരങ്ങൾ വേണം. അതൊന്നും ഇത്തരം റിപ്പോർട്ടുകളിലില്ല.
''സായുധ സംഘടനയായ ഇസ്ലാമിക് ജിഹാദ്'' (മാതൃഭൂമി), ''തീവ്രവാദ സംഘടന'' (ദീപിക) തുടങ്ങിയ വിശേഷണങ്ങൾ ''മിലിറ്റന്റ്'' എന്ന പടിഞ്ഞാറൻ പ്രയോഗത്തിന്റെ പരിഭാഷയാവാം. അധിനിവിഷ്ട ജനതയുടെ അവകാശത്തെ തള്ളിപ്പറയുന്ന ഇത്തരം ശൈലി നമ്മളും സ്വായത്തമാക്കിക്കഴിഞ്ഞിരിക്കുന്നു.
ഇസ്രായേൽ അധിനിവേശ രാജ്യവും ഫലസ്തീൻ അധിനിവിഷ്ട പ്രദേശവും എന്നതു മാത്രമല്ല വ്യത്യാസം. ആണവായുധമടക്കം അത്യാധുനിക പടക്കോപ്പു മുഴുവൻ കൈവശമുള്ള ഇസ്രായേലിനെയും നാടൻ മിസൈലും ചിലപ്പോൾ കല്ലുംകൊണ്ട് ശത്രുവിനെ നേരിടേണ്ടിവരുന്ന ഫലസ്തീനെയും തുല്യശക്തിയായി കാണിക്കുന്നതുതന്നെ വാർത്തയെ വ്യാജവാർത്തയാക്കുന്നു.
ഇത്തവണ ഫലസ്തീനിൽ 44 പേർ കൊല്ലപ്പെട്ടപ്പോൾ ഇസ്രായേലിൽ ഒരാൾപോലും കൊല്ലപ്പെട്ടില്ല എന്നതും, പത്രങ്ങൾ സൃഷ്ടിക്കുന്ന ധാരണ എത്ര വികലമാണെന്ന് സാക്ഷ്യപ്പെടുത്തുന്നു.
വ്യാജ സന്തുലനത്തിന്റെ ഇരകൾ
''ഗാസയിൽ ഇസ്ലാമിക് ജിഹാദ് കമാൻഡർ കൊല്ലപ്പെട്ടു; ഗാസയിൽനിന്ന് ഇസ്രേയലിലേക്ക് 580 റോക്കറ്റുകൾ തൊടുത്തുവെന്ന് ഇസ്രയേൽ സൈന്യം പറഞ്ഞു'' എന്ന് ദീപികയും ''ഇസ്രായേലും പാലസ്തീൻ ഭീകരരും തമ്മിലുള്ള യുദ്ധം വീണ്ടും കൊടുമ്പിരിക്കൊണ്ടിരിക്കുന്നു''എന്ന് ജന്മഭൂമിയും അറിയിക്കുമ്പോൾ അവ ഇസ്രായേൽപക്ഷ റിപ്പോർട്ടിങ് ഏറ്റെടുക്കുകയാണ്. ആ ഭാഷ്യമനുസരി
ച്ച് , മനുഷ്യാവകാശ ലംഘനങ്ങളും (യു.
എൻ മനുഷ്യാവകാശ കമീഷനും ആംനസ്റ്റിയും ഇസ്രായേലിലെ ബൈത് സലേമും അടക്കം സ്വതന്ത്ര സ്ഥാപനങ്ങൾ സ്ഥിരീകരിച്ചത്) അപാർതൈറ്റ് നയവും (യു.എൻ മനുഷ്യാവകാശ പ്രതിനിധി, ആംനസ്റ്റി) യുദ്ധക്കുറ്റങ്ങളും (യു.എൻ മനുഷ്യാവകാശ ഹൈകമീഷണർ) നടപ്പാക്കുന്ന ഇസ്രായേലിന്റെ അതിക്രമം വെറും പ്രതിരോധ തന്ത്രമോ കൂടിയാൽ ''സൈനിക നടപടി'' മാത്രമോ ആണ്; എന്നാലോ അധിനിവിഷ്ട രാജ്യമായ ഫലസ്തീൻ ചെറുത്തുനിൽപിനായി നടത്തുന്ന സമരങ്ങൾ ''ഭീകരത''യാണ്; ഇസ്രായേലും ഫലസ്തീനും പരസ്പരം ''ഏറ്റുമുട്ടുന്ന'', ''യുദ്ധം'' ചെയ്യുന്ന, തുല്യ ശക്തികളാണ്.
ഏകപക്ഷീയമായ ആക്രമണങ്ങൾ നിരന്തരം തുടരുമ്പോൾ ഈ ''തുല്യശക്തി'' ഭാഷ്യവും തുടരുന്നു. ''ഇസ്രായേൽ ഇസ്ലാമിക് ജിഹാദുമായി ഏറ്റുമുട്ടുന്നു''എന്ന് സി.എൻ.
എൻ. ഫലസ്തീൻ ''മിലിറ്റന്റുകൾ'' റോക്കറ്റ് തൊടുത്തതായി റോയിട്ടേഴ്സ് ആരോപണസ്വരത്തോടെ (ആഗ. 5) അറിയിച്ചു. ഒരു മാസം മുമ്പ്, ജൂലൈ ഏഴിന് ഇതേ റോയിട്ടേഴ്സ് യുക്രെയ്ൻ ചെറുത്തുനിൽപിനെ ധീരമെന്ന് പറഞ്ഞ് വാഴ്ത്തിയിരുന്നു.
ഫലസ്തീനുവേണ്ടി മാത്രം വാർത്ത ഏജൻസികൾ കണ്ടുവെച്ച കുറെ ഭാഷാപ്രയോഗങ്ങളുണ്ട്. ഫലസ്തീൻ ജേണലിസ്റ്റ് ഷിറീൻ അബൂ ആഖിലയെ ഇസ്രായേൽ സേന വെടിവെച്ച് കൊന്ന സംഭവത്തിൽപോലും ഇത് കണ്ടു. എന്തിനേറെ, അവരുടെ സംസ്കാരച്ചടങ്ങിൽ വരെ ഇസ്രായേൽ സേന അതിക്രമം കാട്ടിയപ്പോൾ ഫോക്സ് ന്യൂസും വാൾസ്ട്രീറ്റ് ജേണലും മറ്റും തലക്കെട്ടെഴുതി: ''ഇസ്രായേൽ സൈന്യവും ഫലസ്തീൻകാരും സംസ്കാരച്ചടങ്ങിൽ ഏറ്റുമുട്ടി.''
ഏപ്രിൽ മാസം ഇസ്രായേലി പട്ടാളം അൽ അഖ്സ പള്ളിയിൽ കയറി, പ്രാർഥനക്കെത്തിയവരെ ആക്രമിച്ചു. 152 ഫലസ്തീനികൾക്ക് പരിക്കേറ്റു. ഏകപക്ഷീയ അതിക്രമമെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് പറഞ്ഞു. അന്നും മാധ്യമങ്ങൾ അതിനെ ''ഏറ്റുമുട്ടലെ''ന്ന് വിശേഷിപ്പിച്ചു.
മസാചൂസറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് (എം.ഐ.ടി) കഴിഞ്ഞ കൊല്ലം ഒരു പഠനം നടത്തി. ഫലസ്തീൻ വിഷയത്തിൽ ന്യൂയോർക് ടൈംസ് പത്രം കഴിഞ്ഞ 50 വർഷം പ്രസിദ്ധപ്പെടുത്തിയ റിപ്പോർട്ടുകൾ പരിശോധിച്ചു. ഇസ്രായേലിന്റെ കുറ്റങ്ങൾ ചെറുതാക്കിക്കാണിക്കുന്നതാണ് കൂടുതലുമെന്ന് കണ്ടെത്തി. ഉദാഹരണത്തിന്, ഫലസ്തീൻകാരെ ആക്രമിച്ച് കൊന്നാൽ അത് കർമണി പ്രയോഗത്തിലാണ് പറയുക: ''ഇസ്രായേൽ പട്ടാളം ഫലസ്തീൻകാരെ കൊന്നു'' എന്നതിനു പകരം, ''ഫലസ്തീൻകാർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു''എന്ന്.
മൂന്നു വർഷം മുമ്പ്, 2019ൽ, കാനഡയിലെ ഒരുകൂട്ടം ഗവേഷകർ മറ്റൊരു പഠനം നടത്തിയിരുന്നു. ഫലസ്തീൻ വിഷയത്തിൽ അഞ്ച് പ്രമുഖ യു.എസ് പത്രങ്ങളിൽ വന്ന ഒരു ലക്ഷം തലക്കെട്ടുകൾ അവർ പരിശോധിച്ചു. പത്രങ്ങൾ വ്യക്തമായും ഇസ്രായേൽ ചായ്വ് പുലർത്തുന്നു എന്നാണ് കണ്ടെത്തിയത്. ''ഏറ്റുമുട്ടൽ'', ''സംഘർഷം'' തുടങ്ങിയ തെറ്റിദ്ധാരണയുണ്ടാക്കുന്ന പദങ്ങളുടെ ആധിക്യവും അതിൽ ചൂണ്ടിക്കാട്ടി. ബൈത് സലേം കണ്ടെത്തിയ മറ്റൊരു കാര്യം: ''2000 മുതൽ ഇസ്രായേലി ആക്രമണങ്ങളിൽ കൊല്ലപ്പെട്ട 10,000ത്തോളം ഫലസ്തീൻകാരിൽ ബഹുഭൂരിപക്ഷവും ഒരുതരത്തിലുള്ള പോരാട്ടത്തിലും ഏർപ്പെട്ടവരായിരുന്നില്ല'': എന്നാലും മാധ്യമങ്ങൾ ''ഏറ്റുമുട്ടൽ'' മരണങ്ങളായി അവയെ വിശേഷിപ്പിച്ചു.
ഷിറീനെ ഇസ്രായേലി പട്ടാളക്കാരാണ് കൊന്നതെന്ന് അര ഡസനോളം അന്വേഷണങ്ങൾ തെളിയിച്ചതാണ്. തുടക്കത്തിലേ മാധ്യമപ്രവർത്തകർ അക്കാര്യം പറഞ്ഞിരുന്നതുമാണ്. എന്നിട്ടും ന്യൂയോർക് ടൈംസ് ഫലസ്തീൻകാരാവും കൊന്നതെന്ന ഇസ്രായേലി ഭാഷ്യം ഏറ്റുപിടിക്കുകയാണ് തുടക്കത്തിൽ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.