ഒരു കേസ് എങ്ങനെ നിർമിച്ചെടുക്കാം? അതിന് മാതൃകയാവുകയാണ് സിദ്ദിഖ് കാപ്പൻ കേസ്. മാത്രമല്ല, മാധ്യമപ്രവർത്തകരെ കള്ളക്കേസിൽ കുടുക്കുന്നതിന് മാധ്യമപ്രവർത്തകർതന്നെ തയാറാകുന്നുണ്ടെന്നും വെളിപ്പെടുന്നു.
2020 ഒക്ടോബർ 5ന് കാപ്പനടക്കം നാലുപേരെ യു.പിയിലെ മഥുര പൊലീസ് അറസ്റ്റ് ചെയ്തത്, ഹാഥറസിലേക്ക് പോകുന്ന വഴിക്കാണ്. അവിടെ ഒരു ദലിത് ബാലിക മേൽജാതിക്കാരുടെ അക്രമത്തിനും കൂട്ട മാനഭംഗത്തിനുമിരയായി മരിച്ചപ്പോൾ അത് ലോകത്തെതന്നെ ഞെട്ടിച്ചു. പൊലീസാകട്ടെ അന്ത്യസംസ്കാരങ്ങൾ കുടുംബത്തിന്റെ സമ്മതം വാങ്ങാതെ പെട്ടെന്ന് നടത്തുകയും ചെയ്തു.
അധികൃതർതന്നെ കേസിന് തുമ്പില്ലാതാക്കാൻ ശ്രമിക്കുന്നു എന്ന ആരോപണമുയർന്നു. ആഗോളമാധ്യമങ്ങളിൽനിന്നടക്കം റിപ്പോർട്ടർമാർ ഹാഥറസിലേക്കൊഴുകി.
എന്നാൽ, അങ്ങോട്ടു പോകുംവഴി പൊലീസ് സിദ്ദിഖ് കാപ്പനെയും മറ്റും അറസ്റ്റ് ചെയ്ത് കേസെടുത്തു. രാജ്യദ്രോഹം മുതൽ യു.എ.പി.എ, ഐ.ടി നിയമം എന്നിവപ്രകാരമുള്ള കുറ്റങ്ങളും ചാർത്തിയാണ് കേസ്.
യഥാർഥ മാധ്യമപ്രവർത്തനവും അതിനെതിരെ ഭരണകൂടം ഉയർത്തുന്ന വെല്ലുവിളികളും ഗൗരവത്തോടെ കാണുന്ന മാധ്യമങ്ങളും വെബ് പോർട്ടലുകളും വിശദമായി പിന്തുടരുന്ന കേസാണിത്. തുടക്കം മുതൽ സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിക്കുന്നതുവരെയുള്ള കേവല വസ്തുതകൾ മാത്രം നോക്കിയാൽ നമ്മുടെ മാധ്യമസ്വാതന്ത്ര്യത്തെപ്പറ്റി മാത്രമല്ല, ചില മാധ്യമപ്രവർത്തകരുടെ ഒറ്റുപണിയെപ്പറ്റിയും ധാരണ തെളിയും. ന്യൂസ് ലോൺഡ്രിയിൽ ആകാംക്ഷ കുമാറാണ് കേസ് വിശദമായി പിന്തുടരുന്ന ഒരാൾ. അവരെഴുതിയ പരമ്പരയിൽ കുറെ വസ്തുതകൾ ചൂണ്ടിക്കാട്ടുന്നുണ്ട്.
4500 പേജുള്ള കുറ്റപത്രത്തിലും പൊലീസ് രേഖപ്പെടുത്തിയ മൊഴികളിലും വസ്തുതക്ക് നിരക്കാത്ത കാര്യങ്ങൾ കുറെയുണ്ടേത്ര. യു.പി പൊലീസിന്റെ പ്രത്യേക കർമസേന അവരുടെ വാദത്തിന് പ്രധാന ആധാരമായെടുത്തത് ജി. ശ്രീദത്തൻ എന്ന മാധ്യമപ്രവർത്തകന്റെ പ്രസ്താവനയാണ്. ഓർഗനൈസർ എന്ന ആർ.എസ്.എസ് മുഖപത്രത്തിന്റെയും ഇൻഡസ് സ്ക്രോൾസ് എന്ന ഹിന്ദുത്വപക്ഷ വെബ്സൈറ്റിന്റെയും എഡിറ്ററാണ് ശ്രീദത്തൻ. കുറെ മാസം മുമ്പ് കാപ്പൻ അദ്ദേഹത്തിനെതിരെ മാനനഷ്ടത്തിന് വക്കീൽ നോട്ടീസ് അയച്ചിരുന്നു. പൊലീസ് കേസിന് ആധാരമാക്കിയ ശ്രീദത്തന്റെ പ്രസ്താവനയുടെ കാതൽ, പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി കാപ്പന് ബന്ധമുണ്ടെന്ന ആരോപണമാണ്. ''വാർത്ത കലാപങ്ങൾ'' സൃഷ്ടിക്കാനാണ് സിദ്ദിഖ് കാപ്പൻ ഡൽഹിയിൽ ജോലിചെയ്യുന്നത് എന്ന കണ്ടെത്തലും ശ്രീദത്തന്റേതായി ഉണ്ട്. വാദത്തിന് ഉദാഹരണമായി, 2019 ഡിസംബറിൽ ജാമിഅ പ്രക്ഷോഭത്തിനിടെ മൂന്നു വിദ്യാർഥികൾ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടു എന്നൊരു വ്യാജവാർത്ത സിദ്ദിഖ് കാപ്പൻ റിപ്പോർട്ട് ചെയ്തതായി ശ്രീദത്തൻ ആരോപിച്ചു. വാസ്തവത്തിൽ കാപ്പൻ അങ്ങനെയൊരു വാർത്ത റിപ്പോർട്ട് ചെയ്തിട്ടേ ഇല്ല. രണ്ടാമതായി, മൂന്നുപേർ കൊല്ലപ്പെട്ടു എന്നത് സത്യമല്ലെങ്കിലും പൊലീസ് വെടിവെപ്പ് നടന്നതാണ്. സഫ്ദർജങ് ആശുപത്രിയിൽ വിദ്യാർഥികളെ പരിശോധിച്ചതിന്റെ ഫലം മെഡിക്കൽ സൂപ്രണ്ട് എൻ.ഡി.ടി.വിയോടു പങ്കുവെച്ചിരുന്നു. വിദ്യാർഥികൾക്ക് വെടിയുണ്ടയുടെ പരിക്കാണേത്ര ഉള്ളത്. ഡൽഹി പൊലീസിന്റെ അന്വേഷണത്തിൽ, സ്ഥലത്തുണ്ടായിരുന്ന രണ്ട് പൊലീസുകാരുടെ തോക്കിൽനിന്ന് മൂന്ന് ഉണ്ടകൾ ഉതിർത്തതായി തെളിഞ്ഞു. ഏതായാലും കാപ്പൻ ഇതൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലായിരുന്നു.
തന്റെ ഉറവിടം ആരോ അയച്ചുതന്ന ഒരു വാട്സ്ആപ് സന്ദേശമായിരുന്നു എന്ന് ന്യൂസ് ലോൺഡ്രിയോട് ശ്രീദത്തൻ സമ്മതിക്കുന്നുമുണ്ട്. അത് പരിശോധിക്കാൻ കിട്ടില്ലേത്ര – ഏത് ഗ്രൂപ്പിലാണ് ആ സന്ദേശം വന്നതെന്ന് ഒരോർമയും അദ്ദേഹത്തിനില്ല.
പക്ഷേ, ഒരു മാധ്യമപ്രവർത്തകനെ തളച്ചിടാൻ ആരോ എപ്പോഴോ എന്തിനോ പങ്കുവെച്ച വാട്സ്ആപ് സന്ദേശം മതി എന്നു വന്നിരിക്കുന്നു. തെളിവില്ലെങ്കിൽ ഒടുവിൽ കോടതി മോചിപ്പിക്കുമല്ലോ എന്ന ചോദ്യംപോലും ഇന്ത്യൻ സാഹചര്യത്തിൽ ക്രൂരമായ തമാശമാത്രം. കാരണം, പലരും പറയുംപോലെ, ''നടപടിക്രമങ്ങൾ തന്നെ ശിക്ഷയാണ്'' (The process is the punishment).
കുട്ടികളടക്കം കുടുംബത്തെ പിരിഞ്ഞിരിക്കേണ്ടിവരുന്നു. മാതാവിന്റെ അന്ത്യനാളുകളിൽ ഒന്നു കാണാൻ പറ്റാത്ത സ്ഥിതി. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമെല്ലാം ആധിയും ആശങ്കയും. പണച്ചെലവ്. പല കേസുകൾകൊണ്ട് മുറുക്കുന്ന ഭരണകൂട സാമർഥ്യം. നീതിക്കുമേൽ നിയമത്തെ തടസ്സംവെച്ച് വർത്തിക്കേണ്ടിവരുന്ന നീതിന്യായ നിസ്സഹായത.
മാധ്യമപ്രവർത്തകർ മൊത്തം അഭിമുഖീകരിക്കുന്ന ഈ പ്രശ്നത്തെ മാധ്യമ പ്രവർത്തകരെങ്കിലും പക്വതയോടെ സമീപിക്കുമെന്നും, വ്യാജ ആരോപണങ്ങൾ തുറന്നുകാട്ടി മാധ്യമസ്വാതന്ത്ര്യത്തെ ശക്തിപ്പെടുത്തുമെന്നും കരുതിയവർക്ക് തെറ്റി.
2021 ഡിസംബറിൽ ആകാംക്ഷ കുമാർ എഴുതിയ ലേഖനത്തിൽ പൊലീസ് സേന സമർപ്പിച്ച കുറ്റപത്രത്തിൽ ബിനു വിജയൻ എന്ന മാധ്യമപ്രവർത്തകന്റെ പ്രസ്താവന ഉൾപ്പെടുത്തിയതായി അറിയിച്ചു. മലയാള മനോരമ ലേഖകനാണേത്ര അദ്ദേഹം. കേരള യൂനിയൻ ഓഫ് വർക്കിങ് ജേണലിസ്റ്റ്സ് (കെ.യു.ഡബ്ല്യു.ജെ) ഡൽഹി ചാപ്റ്ററിന്റെ സെക്രട്ടറിയായ സിദ്ദിഖ് കാപ്പൻ അതിന്റെ ഫണ്ട് വ്യാജവാർത്ത പരത്താൻ ഉപയോഗിച്ചു എന്നാണേത്ര ബിനു വിജയന്റെ മൊഴി. ഇത് കെ.യു.ഡബ്ല്യു.ജെയുടെ ഉത്തരവാദപ്പെട്ടവർ നിഷേധിച്ചിട്ടുണ്ട്. ആ കേസ് കോടതിയിൽ വേറെ നടക്കുന്നു.
ബിനു വിജയനാണേത്ര ശ്രീദത്തന് സിദ്ദിഖ് കാപ്പനെപ്പറ്റി ഇ-മെയിൽ അയച്ചത്. ഇതാണ് നമ്മുടെ മാധ്യമപ്രവർത്തനത്തിന്റെ സാമ്പിളെങ്കിൽ, ഒരു സിദ്ദിഖ് കാപ്പൻ മാത്രമല്ല ഇരയാക്കപ്പെടുന്നത്; മാധ്യമപ്രവർത്തനം മുഴുവനുമാണ്. അതും മാധ്യമപ്രവർത്തകരുടെ തന്നെ അഞ്ചാം പത്തി നീക്കങ്ങൾ വഴി.
ഭരണകൂടങ്ങൾ പ്രതിരോധത്തിലായ പല സംഭവങ്ങളിലും അധികാരികൾ നിർമിക്കുന്ന കഥ വീറോടെ പ്രചരിപ്പിക്കാനും ചോദ്യം ചെയ്യുന്നവരെ ക്രൂശിക്കാനും വൻകിട മാധ്യമങ്ങൾ ശീലിച്ചുകഴിഞ്ഞു. അധികൃതർക്കുവേണ്ടി അവർ രൂപപ്പെടുത്തുന്ന ''സ്പിൻ'' കഥകൾ ഒറ്റനോട്ടത്തിൽ മനസ്സിലാകില്ലെന്നു മാത്രം.
അമേരിക്കയിലെ പൊതു-സ്വകാര്യ മേഖലയിൽ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്വതന്ത്ര മാധ്യമസ്ഥാപനമായാണ് നാഷനൽ പബ്ലിക് റേഡിയോ (എൻ.പി.ആർ) സ്ഥാപിക്കപ്പെട്ടത്. യു.എസ് ഭരണകൂടത്തെ അടക്കം വിമർശിക്കാൻ അതിന് കഴിയണം എന്നാണ് സങ്കൽപം. അമേരിക്കയിലെ ആയിരം പൊതുമേഖല റേഡിയോ നിലയങ്ങളടങ്ങുന്ന മാധ്യമശൃംഖലയെ നയിക്കുന്നത് എൻ.പി.ആറാണ്.
അഫ്ഗാനിസ്താനിൽനിന്ന് യു.എസ് സേന ഓടിപ്പോയതിന്റെ വാർഷികത്തോടനുബന്ധിച്ച് എൻ.പി.ആർ പ്രക്ഷേപണംചെയ്ത പരമ്പര ഒറ്റനോട്ടത്തിൽ നിർദോഷമായിരുന്നു.
അമേരിക്ക അന്നാട്ടിൽ കടന്നുകയറിയത് സെപ്റ്റംബർ 11ലെ ന്യൂയോർക് ഭീകരാക്രമണത്തെ തുടർന്നായിരുന്നു. വേൾഡ് ട്രേഡ് സെന്ററിൽ ഇടിച്ച വിമാനങ്ങൾ കെട്ടിടങ്ങളുടെ തകർച്ചക്കും മൂവായിരത്തോളം നിരപരാധികളുടെ ദാരുണമരണത്തിനും കാരണമായി എന്നാണ് പൊതുവെ സ്വീകരിക്കപ്പെട്ട ആഖ്യാനം.
ആ വിമാനങ്ങൾ അയച്ചതിലോ കെട്ടിടങ്ങളിലിടിച്ചതിലോ അഫ്ഗാൻകാർക്ക് പങ്കുണ്ടായിരുന്നില്ല. അതിലുള്ളവരിൽ ഒരാളും അഫ്ഗാനിയല്ല. പക്ഷേ, അതിന്റെ പേരിൽ അമേരിക്ക ആക്രമിച്ചത് താലിബാൻ ഭരിക്കുന്ന അഫ്ഗാനിസ്താനെ. കാരണം, ചാവേറുകൾ അൽഖാഇദക്കാരാണ്. അതിന്റെ നേതാക്കൾ അഫ്ഗാനിലാണ് ഉള്ളത്. അതുകൊണ്ട് അവിടം തകർക്കുക. ഇത്ര വലിയ ഒരു സൈനിക ഓപറേഷന് വേണ്ട ആൾശേഷിയും സംഘാടനവും പണവും അൽഖാഇദക്കുണ്ടോ എന്ന ചോദ്യം ഉന്നയിച്ചവരെ അടിച്ചിരുത്തുന്ന തരത്തിലാണ് ''സ്പിൻ'' മാന്ത്രികർ കഥകൾ നെയ്തത്.
പക്ഷേ, അതിനിടയിലും ചില വസ്തുതകൾ ബാക്കിനിന്നു. താലിബാൻ അൽഖാഇദയെ പിന്തുണക്കാത്തവരാണെന്നു മാത്രമല്ല, അവരെ എതിർക്കുന്നവരുമാണ്. അൽഖാഇദ നേതാക്കളെ നിയമത്തിനു മുമ്പാകെ കൊണ്ടുവരാൻ അമേരിക്കയോടു ചേർന്ന് പ്രവർത്തിക്കാൻ വരെ താലിബാൻ (ഭീകരാക്രമണത്തിനു മുമ്പുതന്നെ) തയാറായിരുന്നു. വർഷങ്ങളോളം പലതവണ അവർ അനൗദ്യോഗിക ചാനലുകൾ വഴി അമേരിക്കയെ അറിയിച്ചു. അൽഖാഇദയെ മര്യാദ പഠിപ്പിക്കാൻ മറ്റു നിർദേശങ്ങളും അവർ മുന്നോട്ടുവെച്ചു.
പക്ഷേ, ബിൻലാദിനെ വിട്ടുതരൂ എന്നുപറഞ്ഞ് അമേരിക്ക നടത്തിയ ആക്രമണം, രണ്ടാം ലോകയുദ്ധത്തിനൊടുവിൽ ജപ്പാൻ കീഴടങ്ങാൻ തയാറായ ശേഷവും അണുബോംബിട്ട നടപടിയുടെ മറ്റൊരു പതിപ്പായി.
യു.എസ് സേന ആക്രമിച്ചതിനു ശേഷവും താലിബാൻ ബിൻലാദിനെ വിട്ടുകൊടുക്കാമെന്നു പറഞ്ഞു. ''ഒരു സന്ധിയുമില്ല'' എന്ന പ്രഖ്യാപനത്തോടെ ബുഷ് അന്നാടിനെ നിരത്തി ബോംബിട്ടു.
ഇപ്പോളിതാ എൻ.പി.ആർ ആ കഥ ഒന്ന് മാറ്റുന്നു. ആഗസ്റ്റ് 5ന് പ്രക്ഷേപണം ചെയ്ത ചർച്ചാ പരിപാടിയുടെ ആമുഖത്തിൽ അവതാരകൻ സ്റ്റീവ് ഇൻസ്കീപ് പറഞ്ഞു: ''2001ൽ ഉസാമ ബിൻലാദിനെ വിട്ടുകൊടുക്കാൻ വിസമ്മതിച്ചു താലിബാൻ നേതാവ് മുല്ല ഉമർ. ആ വിസമ്മതമാണ് യുദ്ധത്തിലേക്ക് നയിച്ചത്.''
ചരിത്രത്തെ പച്ചയായി മാറ്റിയെഴുതുന്ന ഈ അവതരണം അബദ്ധവശാൽ വന്നുപോയതല്ല. റേഡിയോയുടെ ഓൺലൈൻ പതിപ്പിൽ അത് കൂടുതൽ ശക്തമായി എൻ.പി.ആർ പറഞ്ഞുവെക്കുന്നു.
9/11 എല്ലാ വർഷവും അമേരിക്കയുടെ സ്വന്തം പ്രചാരണ വാർഷികങ്ങളായിരുന്നു. ഇക്കൊല്ലം ആ പരമ്പരകൾ നിലച്ച മട്ടാണ്. പകരം അഫ്ഗാനിസ്താൻ ആക്രമണത്തെ ന്യായീകരിക്കലും യുക്രെയ്നിൽ റഷ്യക്കെതിരായ ''ന്യായമായ'' യുദ്ധവുമാണ് നാം കണ്ടത്. ഓരോ കാലങ്ങളിൽ ഓരോ അതിക്രമങ്ങൾ; ഓരോ കഥകൾ...
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.