വടക്കേ ഇന്ത്യൻ വർഗീയ ചാനലുകൾ സകല മറകളും നീക്കിയാണ് ഇപ്പോൾ വിദ്വേഷപരിപാടികൾ മത്സരിച്ച് നടത്തുന്നത്.
ചാനലുകളിലെ വിദ്വേഷപരിപാടികൾ നിയന്ത്രിക്കാനാവില്ലേ എന്ന് സുപ്രീംകോടതി സർക്കാറിനോട് ആരാഞ്ഞ ആഴ്ചതന്നെ ആജ് തക് ചാനലിലെ സുധീർ ചൗധരി കടുത്ത വർഗീയവിഷം ചുരത്തുന്ന ഒരു പരിപാടി അവതരിപ്പിച്ചു. മറ്റു ചാനലുകളും ആ മത്സരത്തിലേക്ക് ചാടിവീണു.
സീ ന്യൂസിലിരിക്കെ നിത്യേനയെന്നോണം വർഗീയവിഷം നിറച്ച ചർച്ചകൾ നടത്തി പേരെടുത്തയാളാണ് സുധീർ ചൗധരി. ഏതോ ഫേസ്ബുക്ക് പോസ്റ്റിലെ വ്യാജം നോക്കി, പലതരം 'ജിഹാദു'കളുടെ (ലവ് ജിഹാദ്, ജനസംഖ്യാ ജിഹാദ്...) പട്ടികയും ചാർട്ടും വെച്ച് അന്തിച്ചർച്ച നടത്തിയിട്ടുണ്ടദ്ദേഹം.
ആജ് തകിൽ ചെയ്യുന്നതും അത്തരം പരിപാടിതന്നെ. നവരാത്രി ആഘോഷങ്ങൾക്കിടയിൽ മധ്യപ്രദേശിലും ഗുജറാത്തിലും മുസ്ലിംകൾക്കുനേരെ ഉണ്ടായ ആൾക്കൂട്ട ആക്രമണങ്ങളാണ് പശ്ചാത്തലം. അവയെ ഭരണഘടനയുടെയോ നിയമവാഴ്ചയുടെയോ അടിസ്ഥാനത്തിൽ പരിശോധിക്കുന്നതിന് പകരം ആക്രമണങ്ങളെ ന്യായീകരിക്കുകയും ഇരകളെ കുറ്റപ്പെടുത്തുകയും ചെയ്യുന്ന തരത്തിലാണ് സുധീർ ചൗധരിയും മറ്റും ചർച്ചകൾ സംഘടിപ്പിച്ചത്.
'ലവ് ജിഹാദി'ന്റെ ഭാഗമായി മുസ്ലിംകൾ നവരാത്രി ആഘോഷങ്ങളിലേക്ക് നുഴഞ്ഞുകയറുന്നു എന്നതാണ് സുധീർ ചൗധരിയുടെ പരിപാടിയുടെ മൊത്തം വാദമുഖം. (ആഘോഷങ്ങളിലെ 'മുസ്ലിം ഇടപെടലി'നെപ്പറ്റി മറ്റൊരുതരം റിപ്പോർട്ട് ദ ടെലിഗ്രാഫ് പത്രം ലീഡ് വാർത്തയാക്കിയത് ഇത്തരം വിദ്വേഷ പ്രചാരണത്തിനുള്ള മറുപടിയായിട്ടുകൂടിയാകണം. പശ്ചിമ ബംഗാളിൽ ദുർഗപൂജ ആഘോഷത്തിന്റെ ഭാഗമായി വിഗ്രഹനിമജ്ജനം ചെയ്യുന്നതിനിടെ മാൽനദിയിൽ മിന്നൽപ്രളയമുണ്ടായി; നിരവധിപേർ ഒഴുക്കിൽപെട്ടു. എല്ലാവരും പകച്ചുനിൽക്കെ മുഹമ്മദ് മാനിക് എന്ന വെൽഡിങ് തൊഴിലാളി എടുത്തുചാടി പത്തുപേരെ രക്ഷിച്ചു. 'ദുരന്തത്തിനിടയിലും മതഭ്രാന്തന്മാർക്കൊരു പാഠം' എന്ന തലക്കെട്ടിലാണ് ദ ടെലിഗ്രാഫ് ഒക്ടോബർ 7ലെ ഈ മുഖ്യവാർത്ത കൊടുത്തത്.)
സുധീർ ചൗധരിയെപ്പോലുള്ളവർ വർഗീയവിദ്വേഷത്തെ ന്യായീകരിക്കുക മാത്രമല്ല, പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്.
ന്യൂസ് 18 ചാനലിൽ അവതാരകൻ അമൻ ചോപ്ര പൊലീസിന്റെ വകയായുള്ള ഒരു പരസ്യദണ്ഡന പരിപാടി ആഘോഷിക്കുകതന്നെയായിരുന്നു. ഗുജറാത്തിലെ ഖേഡയിൽ പത്ത് മുസ്ലിംകളെ പൊലീസ് കെട്ടിയിട്ട് അടിക്കുന്ന രംഗമാണ് അദ്ദേഹത്തിന് രസിച്ചത്.
ക്ഷേത്രവും പള്ളിയും അടുത്തടുത്ത് സ്ഥിതിചെയ്യുന്നിടത്ത് രാത്രി നവരാത്രി ആഘോഷത്തിനുനേരെ കല്ലെറിഞ്ഞു എന്നാരോപിച്ചാണ് പത്തുപേരെ പൊലീസ് പിടികൂടി മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയത്. പിറ്റേന്ന് പൊലീസ് സ്ഥലവാസികളെ വിളിച്ചുകൂട്ടി, 'കുറ്റവാളികളെ' ഓരോരുത്തരെയായി കെട്ടിയിട്ട് ലാത്തികൊണ്ട് പലതവണ അടിക്കുന്നു. അതുകണ്ട് ജനം ആർത്തു ചിരിക്കുന്നു. ഇതിന്റെ വിഡിയോ എടുത്ത് സമൂഹമാധ്യമങ്ങളിലിടുന്നു.
സംഭവം വിവാദമായപ്പോൾ പൊലീസ് അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടു. വിദേശ മാധ്യമങ്ങൾ ഈ വിഡിയോ പോസ്റ്റ് ചെയ്തത്, 'സൂക്ഷിക്കുക, ഹിംസയുടെ ദൃശ്യം' എന്ന മുന്നറിയിപ്പോടെയാണ്.
പക്ഷേ, അമൻ ചോപ്ര അത് നല്ല വിനോദമായാണ് കണ്ടത്. 'ഒന്ന്, രണ്ട്, മൂന്ന്' എന്ന് ലാത്തിയടികൾ എണ്ണിരസിച്ചു അദ്ദേഹം. പ്രേക്ഷകരോടും എണ്ണാൻ ആഹ്വാനം ചെയ്യുന്നു. ദൃശ്യങ്ങൾ കാണിക്കുമ്പോൾ ശബ്ദം കൂട്ടാൻ അദ്ദേഹം സ്റ്റുഡിയോ ജീവനക്കാരോട് പ്രത്യേകം ആവശ്യപ്പെടുകയും ചെയ്തു.
'വിനോദം' മുഴുവൻ കാണിച്ചതിനുശേഷം വന്നു ചർച്ച. പൊലീസ് വീഴ്ചയെപ്പറ്റിയോ നിയമനിഷ്ഠയെപ്പറ്റിയോ ഒന്നുമല്ല ചർച്ച. പരിപാടി മുഴുവൻ ശ്രദ്ധിച്ച ന്യൂസ് ലോൺഡ്രിയിലെ തനിഷ്ക സോധി പറയുന്നു: ''ചർച്ചയായിരുന്നില്ല, മുസ്ലിംകളെ കുറ്റവിചാരണ ചെയ്യലായിരുന്നു ശരിക്കും നടന്നത്.''
കോടതി എത്രതന്നെ ആശങ്ക പ്രകടിപ്പിച്ചാലും ഉത്തരേന്ത്യൻ ചാനലുകൾ കൂട്ടമായിത്തന്നെ (എൻ.ഡി.ടി.വി മാത്രമാവും അപവാദം) നവരാത്രി ആഘോഷങ്ങളെ മുസ്ലിം വേട്ടയാക്കി മാറ്റുകയായിരുന്നു. നേരത്തേ സൂചിപ്പിച്ച ന്യൂസ് 18ഉം അമൻ ചോപ്രയും ആജ് തക്കും സുധീർ ചൗധരിയും രണ്ട് ഉദാഹരണങ്ങൾ മാത്രം. ന്യൂസ് നേഷൻ ആണ് മറ്റൊന്ന്. 'ജിഹാദി'കളെ പരസ്യമായി ആക്രമിച്ച മധ്യപ്രദേശിലെ ബജ്റംഗ് ദളുകാരെ ന്യായീകരിക്കുന്ന രീതിയിലായിരുന്നു അതിലെ ഒരു അവതരണം.
റിപ്പബ്ലിക് ഭാരതിൽ ഹിമാനി നൈതാനിയുടെ ഷോയും ഇതേ പാതയിൽതന്നെ. ''ഗർബ ചടങ്ങുകളിൽ മുസ്ലിംകൾക്കെന്ത് കാര്യം?'' തുടങ്ങി, ''ഹിന്ദു സ്ത്രീകളെ വശീകരിക്കാനോ?'' എന്നുവരെ എത്തുന്ന ചോദ്യങ്ങളോടെ പതിവ് വാദങ്ങൾതന്നെ നിരത്തി.
മുസ്ലിംകൾ പേരുമാറ്റി നവരാത്രി ആഘോഷങ്ങൾക്കെത്തുന്നത് പതിവാണെന്നും ഹിന്ദു പെൺകുട്ടികൾക്ക് നവരാത്രി ആഘോഷിക്കാൻ പറ്റാത്ത അവസ്ഥയുണ്ടെന്നും ടൈംസ് നൗ നവഭാരതിൽ നവിക കുമാർ ആരോപണമുയർത്തി.
സുധീർ ചൗധരിയുടെ മുൻലാവണമായ സീ ന്യൂസിൽ അദ്ദേഹമില്ലാത്തതിന്റെ കുറവ് കാണാനില്ല. അദിതി ത്യാഗി എന്ന പുതിയ അവതാരക മോശമാക്കിയില്ല. 'ഗർബ ആഘോഷം' മതത്തിന്റെ ഭാഗമാണെന്ന് താൻ കരുതുന്നില്ലെന്ന് തുടക്കത്തിൽ പറഞ്ഞ അവർ, ഒടുവിൽ പറഞ്ഞത് ഇങ്ങനെ: വിഗ്രഹാരാധനയോട് യോജിപ്പില്ലാത്ത മുസ്ലിംകളെന്തിനാണ് ഗർബപന്തലിലേക്ക് വരുന്നത്?
ഈ ചാനലുകൾ വർഗീയാന്തരീക്ഷം വഷളാക്കാൻ ഇറങ്ങിപ്പുറപ്പെട്ടതായി തോന്നും. ആഘോഷങ്ങളുടെ നടത്തിപ്പും സാമൂഹികദ്രോഹികളുണ്ടാക്കുന്ന പ്രകോപനങ്ങളും വസ്തുനിഷ്ഠമായി ചർച്ച ചെയ്യാവുന്ന സന്ദർഭത്തെ അവ ദുരുപയോഗപ്പെടുത്തി. ആൾക്കൂട്ട നീതിയെയും പൊലീസിന്റെ നിയമലംഘനത്തെയും വരെ വർഗീയ ബ്രഷ് കൊണ്ട് ചായംപൂശി ന്യായീകരിച്ചു.
പാവം സുപ്രീംകോടതി. ഇത്രയും വിദ്വേഷപ്രചാരണം അനുവദിച്ചുകൊടുക്കാമോ എന്ന ആ ചോദ്യം ഈ അന്തരീക്ഷത്തിൽതന്നെ ലയിച്ചുചേരുന്നല്ലോ.
2020ലെ ഡൽഹി ആക്രമണങ്ങളെപ്പറ്റി പൗരസമിതി നടത്തിയ അന്വേഷണത്തിന്റെ ഫലം പുറത്തുവന്നു. റിട്ട. ജസ്റ്റിസ് മദൻ ലോകുറിന്റെ നേതൃത്വത്തിലുള്ള സമിതിയിൽ മുൻ ജഡ്ജിമാരായ എ.പി. ഷാ, ആർ.എസ്. സോധി, അഞ്ജന പ്രകാശ് എന്നിവരും മുൻ ആഭ്യന്തര സെക്രട്ടറി ജി.കെ. പിള്ളയുമുണ്ട്.
ഡൽഹിയിൽ നടന്ന സംഭവങ്ങളുടെയും കാരണക്കാരുടെയും വസ്തുനിഷ്ഠമായ വിവരണമാണ് റിപ്പോർട്ട്. 53 പേരാണ് കൊല്ലപ്പെട്ടത് – അതിൽ 40 പേർ മുസ്ലിംകൾ. പരിക്കേറ്റവരിലും അറസ്റ്റിലായവരിലും ബഹുഭൂരിഭാഗം മുസ്ലിംകൾ. യു.എ.പി.എ ചുമത്തപ്പെട്ട 34ൽ 26 പേരും മുസ്ലിംകൾ.
കേന്ദ്രത്തിലെയും ഡൽഹിയിലെയും സർക്കാറുകൾക്ക് പറ്റിയ വീഴ്ചകൾ റിപ്പോർട്ട് എടുത്തുപറയുന്നുണ്ട്. ബി.ജെ.പി നേതാക്കളുടെ വിദ്വേഷപ്രസംഗങ്ങളും അവർക്കെതിരെ നടപടിയെടുക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടതും അത് ചൂണ്ടിക്കാട്ടുന്നു.
ഒപ്പം, ടെലിവിഷൻ ചാനലുകളിലെ വർഗീയ അവതരണങ്ങളും അക്രമങ്ങൾക്ക് കാരണമായി എന്നാണ് റിപ്പോർട്ട് സ്ഥാപിക്കുന്നത്. മുസ്ലിം വിരോധം ചാനലുകളുടെ പൊതുരീതിയായിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരായ ന്യായമായ പ്രതിഷേധങ്ങളെ അക്രമോത്സുകവും ഗൂഢാലോചനയുമായി ചിത്രീകരിച്ച മാധ്യമങ്ങൾ അക്രമങ്ങൾക്ക് ഇന്ധനം പകർന്നു.
ആറ് പ്രമുഖ ചാനലുകളുടെ ഉള്ളടക്കം റിപ്പോർട്ടിൽ നിരൂപണം ചെയ്യുന്നുണ്ട്. റിപ്പബ്ലിക് ടി.വി, റിപ്പബ്ലിക് ഭാരത്, ടൈംസ് നൗ, ഇന്ത്യ ടി.വി, സീ ന്യൂസ്, ആജ് തക് എന്നിവയാണ് ചാനലുകൾ. ഓരോന്നിലെയും പ്രകോപനപരമായ ഉള്ളടക്കങ്ങളും അവതരണങ്ങളും റിപ്പോർട്ട് എടുത്തുപറയുന്നു.
സുപ്രീംകോടതി മാത്രമല്ല, ജഡ്ജിമാരടങ്ങുന്ന പൗരസമിതി അന്വേഷകസംഘവും പറയുന്നു, ഇത്തരം ചാനലുകൾ സംഘർഷം നിർമിച്ചെടുക്കുകയാണെന്ന്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.