ഉത്തർപ്രദേശിലെ ബുലന്ദ്ശഹറിൽ മാർച്ച് 31ന് ഒരു വീട്ടിലുണ്ടായ സ്ഫോടനത്തിൽ ആറുപേർ മരിച്ചു. വീട്ടിൽ സൂക്ഷിച്ച സ്ഫോടകങ്ങൾ കത്തിയതാണ് കാരണം.
സംഘ്പരിവാർപക്ഷ ഓൺലൈൻ വാർത്താ പോർട്ടലായ സുദർശൻ ന്യൂസ് ഉടനെ അതിന്റെ ട്വിറ്റർ ഹാൻഡ്ലിൽ വാർത്ത കൊടുത്തു: ‘‘ഒരു മുഹമ്മദ് ശഫീഖിന്റെ വീട്ടിലാണ് സ്ഫോടനമുണ്ടായത്.’’
വാസ്തവത്തിൽ അത് തെറ്റായിരുന്നു. സ്ഫോടനം നടന്നതും ആറുപേർ കൊല്ലപ്പെട്ടതും വാസ്തവം. എന്നാൽ, അത് നടന്നത് ‘‘മുഹമ്മദ് ശഫീഖി’’ന്റെ വീട്ടിലല്ല, ഒരു സതീഷിന്റെ വീട്ടിലാണ്. വിശദമായ വാർത്ത ദൈനിക് ഭാസ്കർ പത്രത്തിൽ വന്നെങ്കിലും ‘‘മുസ്ലിം ഭീകരനെ’’പ്പറ്റിയുള്ള വാർത്ത ട്വിറ്ററിൽ നന്നായി പ്രചരിപ്പിച്ചു.
പൊലീസ് കണ്ടെത്തിയതും ആൾട്ട് ന്യൂസ് വസ്തുതാപരിശോധന നടത്തി ഉറപ്പുവരുത്തിയതുമായ കാര്യങ്ങൾ ഇങ്ങനെ:
വീട് സതീഷിന്റേതാണെങ്കിലും അതിൽ രാജ്കുമാർ എന്നയാളാണ് വാടകക്ക് താമസിക്കുന്നത്. ഈ രാജ്കുമാർ പടക്കവും മറ്റു രാസസ്ഫോടകങ്ങളും ഉണ്ടാക്കി കച്ചവടം ചെയ്യുന്നയാളാണ്. അതിന് ലൈസൻസുമുണ്ട്.
സുദർശൻ ന്യൂസിന്റെ വാർത്തയിലെ ‘‘മുഹമ്മദ് ശഫീഖ്’’ യഥാർഥ കഥയിൽ എവിടെയുമില്ല – കൊല്ലപ്പെട്ടവരിൽപോലും. പക്ഷേ, ആ കഥ ട്വിറ്റർവഴി നന്നായി പ്രചരിപ്പിക്കപ്പെട്ടു.
ദുരന്തം നടന്നാൽ കാര്യം അന്വേഷിക്കുകയും അറിയിക്കുകയും ചെയ്യുന്നതിനു പകരം, ഒരു വ്യാജവാർത്തക്കുകൂടി നിമിത്തമാക്കാൻ ആ ദുരന്തത്തെ ഉപയോഗപ്പെടുത്തുന്ന ഒരു മനസ്സ് മാധ്യമലോകത്ത് വളർന്നുകൊണ്ടിരിക്കുന്നു.
ഈ വ്യാജവാർത്ത ഇറങ്ങുന്നതിന്റെ തലേന്ന് സമൂഹമാധ്യമങ്ങളിൽ (ട്വിറ്റർ, ഫേസ്ബുക്) പ്രചരിച്ച ഒരു വിഡിയോ ഉണ്ട്. ഒരു ക്ഷേത്രത്തിൽ പൂജാരിയോ മറ്റോ ക്ഷേത്രച്ചടങ്ങിന്റെ ഭാഗമായി ‘ബാങ്ക്’ വിളിക്കുന്നു.
വടക്കേ ഇന്ത്യയിൽ നന്നായി പ്രചരിക്കണമെന്ന ചിന്തയിലാവണം, ഈ പോസ്റ്റിനൊപ്പം ഹിന്ദിയിലൊരു കുറിപ്പുമുണ്ട്. അതിൽ പറയുന്നതിങ്ങനെ: ‘‘കേരള സർക്കാർ ക്ഷേത്രങ്ങളിൽ മുസ്ലിംകളെയും ക്രിസ്ത്യാനികളെയും പൂജാരികളായി നിയമിക്കുന്നുണ്ട്. ഇതിന്റെ ഫലമായി ഹനുമാൻ രൂപത്തെ മദ്യം കഴിപ്പിക്കുകയും മാംസം തീറ്റിക്കുകയും ചെയ്യുന്നു; അല്ലാഹു അക്ബർ ചൊല്ലുന്നു.’’
ഇതും മറ്റൊരു വ്യാജം. ഇവിടെ ക്ഷേത്രഭരണത്തിൽ മുസ്ലിംകൾക്കോ ക്രിസ്ത്യാനികൾക്കോ പങ്കില്ല. വാസ്തവത്തിൽ ഈ വിഡിയോയിലുള്ളത് ഒരു തെയ്യമാണെന്ന് വസ്തുതാപരിശോധനയിൽ കണ്ടു. നാനൂറോളം തെയ്യങ്ങളുള്ളതിൽ മുസ്ലിം കഥാപാത്രങ്ങളടങ്ങുന്ന 15ഓളം ‘‘മാപ്പിളത്തെയ്യ’’ങ്ങളുണ്ട്.
കേരളത്തിൽ – വടക്കൻ കേരളത്തിൽ പ്രത്യേകിച്ചും – അത്ഭുതമുളവാക്കാത്ത വിഡിയോ ദൃശ്യത്തിന് തെറ്റായ വ്യാഖ്യാനം ചമച്ച് ഹിന്ദിമേഖലയിൽ പ്രചരിപ്പിച്ചതിന് പിന്നിലുള്ളതും സദുദ്ദേശ്യമല്ലെന്ന് വ്യക്തം.
ന്യൂനപക്ഷങ്ങളാണ് ഇത്തരം വ്യാജ പ്രചാരണങ്ങളുടെ ഒരു ഉന്നം. മറ്റൊന്ന്, തെക്കേ ഇന്ത്യൻ പ്രദേശങ്ങളാണ്. ഹിന്ദിക്കെതിരായ ചെറുത്തുനിൽപും ദ്രാവിഡ രാഷ്ട്രീയവും വഴി വടക്കേ ഇന്ത്യയിലെ വലതുപക്ഷത്തിന് അനഭിമതരായ തമിഴ്നാട് വിശേഷിച്ചും. ആ സംസ്ഥാനത്ത് ബിഹാരി തൊഴിലാളികൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളുടേതാണെന്നുപറഞ്ഞ് അരഡസനോളം വിഡിയോകൾ കഴിഞ്ഞ മാസം പ്രചരിച്ചു. എല്ലാം വ്യാജമാണെന്ന് ഫാക്ട് ചെക്കിങ്ങിൽ കണ്ടെത്തി.
ഇതിനിടെ ദൈനിക് ഭാസ്കർ എന്ന, ഹിന്ദി പത്രങ്ങളിൽവെച്ച് ഏറ്റവും പ്രചാരമുള്ള, പത്രത്തിന്റെ ബിഹാർ (പട്ന) പതിപ്പിൽ ഒരു വാർത്ത വന്നു (മാർച്ച് 3): ‘‘തമിഴ്നാട്ടിലെ തിരുപ്പൂരിൽ ബിഹാരി തൊഴിലാളികൾക്കെതിരെ ആക്രമണം. പവൻ യാദവ് എന്ന ബിഹാർ സ്വദേശി കൊല്ലപ്പെട്ടു.’’ വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന പൊലീസ് വിശദീകരണം തെറ്റാണെന്നും പത്രം അവകാശപ്പെട്ടു. ഇതിന് തെളിവായി, പവൻ യാദവിന്റെ സഹോദരൻ നീരജ് കുമാർ (അയാളും തിരുപ്പൂരിൽ തൊഴിലാളിയാണ്) പറഞ്ഞ ചില കാര്യങ്ങൾകൂടി പത്രം റിപ്പോർട്ട് ചെയ്തു. ഫെബ്രുവരി 19ന് ഒരുകൂട്ടം അക്രമികൾ വന്ന് യാദവിനെ കുത്തിക്കൊല്ലുകയായിരുന്നത്രെ.
എന്നാൽ, കൊന്നത് തൊട്ടടുത്ത മുറിയിൽ താമസിക്കുന്ന ഝാർഖണ്ഡുകാരൻ ഉപേന്ദ്രധാരി എന്നയാളാണെന്നും സ്വന്തം ഭാര്യയെപ്പറ്റിയുള്ള അടിസ്ഥാനമില്ലാത്ത സംശയമാണ് കാരണമെന്നുമാണ് നീരജ്കുമാറും മറ്റൊരു സഹോദരനായ ബലിരാജും ഒരു ഹിന്ദി ചാനലിനോട് പറഞ്ഞത്. ഉപേന്ദ്രധാരി കുറ്റം പൊലീസിനോട് സമ്മതിച്ചിട്ടുമുണ്ട്.
വസ്തുത ഇതായിട്ടും, തമിഴ്നാട്ടിൽ ഉത്തരേന്ത്യക്കാർക്കെതിരെ വ്യാപകമായി അക്രമം നടക്കുന്നു എന്ന കഥയുണ്ടാക്കുകയായിരുന്നു ദൈനിക് ഭാസ്കർ. ഇതിന് മറ്റൊരു തെളിവായി പത്രം മോനു എന്ന മറ്റൊരു ബിഹാറുകാരന്റെ മരണവും എടുത്തുകാട്ടി.
തമിഴ്നാട്ടിലെ കൃഷ്ണഗിരിയിൽ, താമസിക്കുന്ന മുറിയിലെ ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിലാണ് മോനുവിനെ കണ്ടെത്തിയത്. മോനുവിനെ കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് അയാളുടെ ജ്യേഷ്ഠനും അച്ഛനും ആരോപിച്ചതായി പത്രം പറഞ്ഞു.
എന്നാൽ, ഇത് ആത്മഹത്യയാണെന്ന് പൊലീസ് കണ്ടെത്തിയതാണ്. മാത്രമല്ല, മോനുവിന്റെ ജ്യേഷ്ഠൻ സോനുവിന്റെ വിഡിയോ മൊഴിയിൽ പറയുന്നത്, ജോലികഴിഞ്ഞ് താമസസ്ഥലത്തെത്തി വാതിലിന് മുട്ടിയിട്ടും തുറക്കാഞ്ഞപ്പോൾ താൻ ജനലിലൂടെ നോക്കിയെന്നും മോനുവിന്റെ ശരീരം തൂങ്ങിയാടുന്നത് കണ്ട് കെട്ടിടമുടമയെ അറിയിച്ചെന്നുമാണ്. ഇതെല്ലാം ശരിയാണെന്ന് പൊലീസ് എഫ്.ഐ.ആർ പറയുന്നു.
കൊലപാതകങ്ങളെന്ന് വരുത്താൻ യാദവിന്റെയും മോനുവിന്റെയും സഹോദരന്മാരുടെ മൊഴികൾവരെ ദൈനിക് ഭാസ്കർ വളച്ചൊടിച്ചോ? കരുതിക്കൂട്ടിയോ അല്ലാതെയോ അതാണ് സംഭവിച്ചതെന്ന് വസ്തുതാപരിശോധനയിൽ കണ്ടു.
ദൈനിക് ജാഗരൺ എന്ന ഹിന്ദി പത്രത്തിൽ മാർച്ച് ആദ്യവാരം വന്ന ഒരു വാർത്തയുടെ ക്ലിപ്പിങ് ധാരാളമായി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെട്ടു. തമിഴ്നാട്ടിൽ ഹിന്ദിഭാഷക്കാരായ തൊഴിലാളികൾ കൊല്ലപ്പെടുന്നു എന്നായിരുന്നു തലക്കെട്ട്.
തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ ഹിന്ദി ഭാഷക്കാരോട് സംസ്ഥാനം വിട്ടുപോകാനാവശ്യപ്പെട്ടു എന്നും പോകുന്നില്ലെങ്കിൽ അവർക്ക് സംഭവിക്കുന്നതിനൊന്നും സംസ്ഥാനം ഉത്തരവാദിയാകില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി എന്നുമായിരുന്നു വാർത്ത.
വാർത്തക്കൊപ്പം യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഫോട്ടോ ചേർത്തിരുന്നു. തമിഴ്നാട്ടിൽ സുരക്ഷിതത്വമില്ലാത്തതിനാൽ മടങ്ങിയെത്തുന്ന തൊഴിലാളികൾക്ക് യു.പിയിൽ തൊഴിൽ നൽകാമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടത്രെ.
വാർത്ത അപ്പടി വ്യാജം തന്നെ. പക്ഷേ, ഇവിടെയും വ്യാജം നിർമിച്ചത് ദൈനിക് ജാഗരൺ പത്രമല്ല. അതിന്റെ ക്ലിപ്പിങ് എന്നുപറഞ്ഞ് ആരോ കൃത്രിമമായുണ്ടാക്കിയതാണത്. ഗൂഗ്ൾ പ്ലേ സ്റ്റോറിൽനിന്ന് കിട്ടുന്ന ‘‘ന്യൂസ് ബാനർ മേക്കർ’’ എന്ന ആപ്പ് ഉപയോഗിച്ച് കെട്ടിച്ചമച്ച കള്ളവാർത്ത.
വാർത്ത ഇറങ്ങിയപ്പോഴേക്കും സമൂഹമാധ്യമങ്ങളിൽ അനേകമാളുകൾ അത് പോസ്റ്റ് ചെയ്തും ഷെയർ ചെയ്തും പരത്താൻ തുടങ്ങി.
ഇത് വ്യാജ വാർത്താലോകത്തിന്റെ ഒരു ചെറു സാമ്പിൾ. കേരളത്തെ ലക്ഷ്യമിട്ടുള്ള മറ്റൊരു വ്യാജവും മാർച്ചിൽ ഇറങ്ങി. ആർ.എസ്.എസ് മുഖപത്രമായ ഓർഗനൈസറിൽ വന്ന ഒരു റിപ്പോർട്ട് (മാർച്ച് 22) അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തെപ്പറ്റിയായിരുന്നു. പൂരത്തോടനുബന്ധിച്ച് ക്ഷേത്രകമ്മിറ്റി ഇക്കൊല്ലവും ക്ഷേത്രത്തിന് പുതിയ പെയിന്റടിച്ചു. നിറം പച്ചയായിപ്പോയതിൽ ചിലർ നീരസം പ്രകടിപ്പിച്ചു. പ്രതിഷേധമായപ്പോൾ കമ്മിറ്റിതന്നെ നിറം മാറ്റി പെയിന്റടിച്ചു. ഇതാണ് സംഭവം.
ഇതിനെപ്പറ്റി ഓർഗനൈസറിന്റെ വാർത്ത ഇങ്ങനെ: ‘‘മലപ്പുറം ജില്ലയിൽ ഭദ്രകാളി ക്ഷേത്രം പള്ളിയാക്കിമാറ്റാനുള്ള ശ്രമം പരാജയപ്പെടുത്തി.’’
കേരളത്തിൽ ഇത്തരം വാർത്തകളിലെ അവാസ്തവം തിരിച്ചറിയപ്പെടുമെങ്കിലും വടക്കേ ഇന്ത്യയിൽ ഇത് വിശ്വസിക്കാനും പ്രചരിപ്പിക്കാനും ഒട്ടനേകം ആളുണ്ടായി.
വസ്തുത അന്വേഷിക്കാൻ നമുക്ക് നേരമില്ല. വ്യാജവാർത്ത ഉണ്ടാക്കാനും പ്രചരിപ്പിക്കാനും സൗകര്യങ്ങളും ആളുകളും വേണ്ടതിലേറെ ഉണ്ടുതാനും.
വാർത്തകളുടെ ലോകം വ്യാജങ്ങളാൽ മൂടപ്പെടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.