പുൽവാമ ഭീകരാക്രമണത്തിൽ 40 ജവാന്മാർ കൊല്ലപ്പെടാനിടയായത് മോദി സർക്കാറിന്റെ അനാസ്ഥകൊണ്ടായിരുന്നു. മോദിക്ക് അഴിമതിയോട് വലിയ വിരോധമൊന്നുമില്ല. ജമ്മു-കശ്മീർ വിഷയത്തെപ്പറ്റി മോദിക്ക് വിവരമൊന്നുമില്ല.
പുൽവാമയിൽ സർക്കാർ വീഴ്ച മൂലമാണ് ജവാന്മാർ കൊല്ലപ്പെടാനിടയായതെന്ന് പ്രധാനമന്ത്രിയോട് ചൂണ്ടിക്കാണിച്ചപ്പോൾ ആരോടും പറയരുതെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ആ ആക്രമണം മുതലെടുത്ത് തെരഞ്ഞെടുപ്പിൽ ജയമുറപ്പിക്കാനാണ് മോദി ഉദ്ദേശിക്കുന്നതെന്ന് എനിക്കപ്പോൾ മനസ്സിലായി.
– ഏത് അളവുകോൽ വെച്ചളന്നാലും സ്ഫോടനാത്മകമാണ് ഈ പ്രസ്താവനകൾ. അവ വരുന്നത് ഏറ്റവും ഉത്തരവാദപ്പെട്ട ഒരാളിൽനിന്നാകുമ്പോൾ പ്രത്യേകിച്ചും.
ജമ്മു-കശ്മീർ ഗവർണറായിരുന്ന സത്യപാൽ മലികിന്റേതാണ് ഈ പ്രസ്താവനകൾ. ദ വയറിന് വേണ്ടി കരൺ ഥാപ്പർ നടത്തിയ അഭിമുഖത്തിലാണ് സ്ഫോടനാത്മകമായ വെളിപ്പെടുത്തലുകൾ. അഭിമുഖത്തിൽ പറഞ്ഞ ഓരോ കാര്യവും സത്യമാണെന്നും (താൻ മുമ്പ് അമിത്ഷായെപ്പറ്റി അവാസ്തവം പറഞ്ഞത് മലിക് സമ്മതിക്കുന്നുണ്ട്), അതിൽ ഉറച്ചുനിൽക്കുന്നു എന്നും അഭിമുഖത്തിനൊടുവിൽ അദ്ദേഹം ഊന്നിപ്പറയുന്നു.
2019 ഫെബ്രുവരിയിലായിരുന്നു പുൽവാമ ഭീകരാക്രമണം. രാജ്യം പൊതു തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന സമയം. പാകിസ്താനിൽനിന്ന് വന്ന 300 കിലോ ആർ.ഡി.എക്സുമായി ഒരു കാർ കശ്മീരിൽ കടന്ന്, പത്ത്, പതിനഞ്ച് ദിവസം പലേടത്തുമായി സഞ്ചരിച്ചിട്ടും പരമാവധി കാവലും നിരീക്ഷണ കാമറകളുമുള്ള പ്രദേശത്തുപോലും ആരും അറിഞ്ഞതേയില്ല. എന്നാൽ, ഇതേ ദിവസങ്ങളിൽ രഹസ്യാന്വേഷണ വിഭാഗങ്ങൾ അധികൃതർക്ക് നിരന്തരം മുന്നറിയിപ്പ് നൽകിക്കൊണ്ടിരുന്നു: സ്ഫോടകങ്ങൾ എത്തിയതിനെപ്പറ്റിയല്ല, തീവ്രവാദികൾ ആക്രമണത്തിന് കോപ്പുകൂട്ടുന്നുണ്ട് എന്ന വിവരം. ഒന്നും രണ്ടുമല്ല, പതിനൊന്ന് മുന്നറിയിപ്പുകളാണ് ഇങ്ങനെ അധികൃതർക്ക് ലഭിച്ചത്.
ഇതുമാത്രമല്ല, 2500ലധികം വരുന്ന സി.ആർ.പി.എഫ് സൈനികർക്ക് ജമ്മുവിൽനിന്ന് ശ്രീനഗറിലേക്ക് പുൽവാമ വഴിയായിരുന്നു റോഡ് യാത്ര. മുന്നറിയിപ്പുകൾ കണക്കിലെടുത്ത്, സുരക്ഷയില്ലാത്ത റോഡ് യാത്ര ഒഴിവാക്കാൻവേണ്ടി അഞ്ച് സൈനിക വിമാനങ്ങൾ നൽകാൻ സൈനിക അധികൃതർ ആവശ്യപ്പെട്ടെങ്കിലും അത് സർക്കാർ നൽകിയില്ല. സൈനികരുടെ വാഹനവ്യൂഹത്തിലെ ബസുമായി കാറിടിപ്പിച്ചാണ് ചാവേർ ആക്രമണം നടത്തിയത്. അത്യാവശ്യമായിട്ടും വിമാനം അനുവദിക്കാഞ്ഞതെന്ത് എന്ന ചോദ്യമുണ്ട്.
സംഭവത്തിനുശേഷം സർക്കാർ അനാസ്ഥയും സുരക്ഷാവീഴ്ചയും ചർച്ചയായിരുന്നു. എന്നാൽ, വിധേയമാധ്യമങ്ങളുടെ സജീവ സഹകരണത്തോടെ പാകിസ്താൻ വിരുദ്ധ മനസ്സ് വളർത്തപ്പെടുകയും അത് വോട്ടായി പരിണമിക്കുകയും ചെയ്തു. സർക്കാറിന്റെ വീഴ്ചയെപ്പറ്റി മിണ്ടരുത് എന്ന് പ്രധാനമന്ത്രി പറഞ്ഞപ്പോൾ തന്നെ ഇത് രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് തനിക്ക് മനസ്സിലായതായി സത്യപാൽ മലിക് പറയുന്നു (പുൽവാമക്കുശേഷം നടന്ന ബാലകോട്ട് ആക്രമണം തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ളതാണെന്ന് അന്നേ അഭിപ്രായമുണ്ടായിരുന്നു).
മറ്റു പല വിവരങ്ങളും ദ വയർ അഭിമുഖത്തിലുണ്ട്. രാഷ്ട്രപതിയെ കാണുന്നതിന് പ്രധാനമന്ത്രികാര്യാലയത്തിന്റെ അനുമതി വേണമെന്ന അവസ്ഥയുണ്ടെന്ന് മലിക് പറഞ്ഞു. രാഷ്ട്രപതിപോലും പ്രധാനമന്ത്രിക്ക് വിധേയയാണെന്ന്.
അദാനിയെപ്പറ്റി രാഹുൽ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ പ്രധാനമന്ത്രിക്കാവുന്നില്ല.
ഗവർണർമാരായി മൂന്നാംകിട ആളുകളെയാണ് സർക്കാർ നിയമിക്കുന്നത് – ഇങ്ങനെ പോകുന്നു മറ്റു നിരീക്ഷണങ്ങൾ.
ഇതിലുമേറെ വെളിപ്പെടുത്തലുകളും സ്ഫോടനാത്മക നിരീക്ഷണങ്ങളുമുള്ളതാണ് ഇന്റർവ്യൂ. ഇതെല്ലാം പറയുന്നതോ പുൽവാമ ആക്രമണ സമയത്തും 370ാം വകുപ്പ് എടുത്തുകളഞ്ഞ നിർണായക വേളയിലും ജമ്മു-കശ്മീർ ഗവർണറായിരുന്ന ഒരാൾ. മോദിയെ അടുത്തറിയുന്നയാൾ. മോദിയുടെ വിശ്വസ്തൻ.
ഇങ്ങനെയൊന്ന് പുറത്തുവന്നാൽ സാധാരണനിലക്ക് സംഭവിക്കുക, സകല മാധ്യമങ്ങളും അത് വാർത്തയാക്കുകയും പത്രങ്ങൾ ഒന്നാം പേജിൽ ലീഡ് പദവി നൽകുകയും സത്യപാൽ മലികുമായി നേരിട്ട് സംസാരിക്കാൻ തിടുക്കം കൂട്ടുകയും ചാനലുകൾ പ്രൈംടൈം ചർച്ചയാക്കുകയും ചെയ്യുകയാവും.
അത് വാർത്താപ്രാധാന്യം നോക്കി പ്രവർത്തിക്കുന്ന സ്വതന്ത്ര മാധ്യമങ്ങളുടെ കാര്യം. എന്നാൽ, സംഭവിച്ചത് മറിച്ചാണ്. ‘ദേശീയ’ ചാനലുകൾ മൗനത്തിലൊളിച്ചു. ‘ദേശീയ’പത്രങ്ങൾ വാർത്ത അവഗണിക്കുകയോ ഉൾപ്പേജിൽ നിസ്സാരമായി മാത്രം കൊടുക്കുകയോ ചെയ്തു.
ടെലിഗ്രാഫ് പത്രം മാത്രമാണ് ഏപ്രിൽ 15ന് അത് ലീഡാക്കിയത്. മലയാളത്തിൽ ജനയുഗം പത്രവും. (ജനയുഗം പുൽവാമ വീഴ്ചയിലല്ല ഊന്നിയത്, മോദി അഴിമതിക്കെതിരല്ല എന്ന ഭാഗത്തിലാണ്.) മലയാളത്തിൽ സിറാജ് വാർത്ത ഉൾപ്പേജിൽ ചേർത്തു. വിഷു അവധി കഴിഞ്ഞ് 17ന് മറ്റു മലയാള പത്രങ്ങൾ ഈ വാർത്ത ഉൾപ്പെടുത്തിയെങ്കിലും അങ്ങനെ ചെയ്യാത്തവയുമുണ്ട്. റിപ്പോർട്ട് ചെയ്തവർ തന്നെ അതിനെ ബി.ജെ.പി-പ്രതിപക്ഷ രാഷ്ട്രീയപ്പോരായി ചുരുക്കുകയും ചെയ്തു.
ദേശീയ പത്രങ്ങളിൽ ലീഡ് വാർത്തയായി സത്യപാൽ മലികിന്റെ ആരോപണങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച ദിവസമായിരുന്നു ഏപ്രിൽ 15. അന്ന് ടൈംസ് ഓഫ് ഇന്ത്യയിൽ ലീഡ് വാർത്ത, കെജ്രിവാളിനെ സി.ബി.ഐ ചോദ്യം ചെയ്യലിന് വിളിച്ചതാണ്. മലിക് അഭിമുഖം എങ്ങുമില്ല. ഹിന്ദുവിൽ മുഖ്യവാർത്ത, വടക്കുകിഴക്കൻ മേഖലക്ക് എയിംസ് അടക്കം അനേകം പദ്ധതികൾ അനുവദിച്ചു എന്നതായിരുന്നു. മലിക് ഇല്ല. ദൈനിക് ഭാസ്കർ, ഇന്ത്യൻ എക്സ്പ്രസ് തുടങ്ങിയ പ്രചാരമുള്ള പത്രങ്ങളിലും അതില്ല. എന്നാൽ, പിറ്റേന്ന് എക്സ്പ്രസിൽ ഒന്നാം പേജിന്റെ ചുവട്ടിൽ വാർത്ത വന്നു: ‘മിണ്ടാതിരിക്കാൻ പ്രധാനമന്ത്രി എന്നോട് പറഞ്ഞു’. ടൈംസ് ഓഫ് ഇന്ത്യയിൽ, ബി.ജെ.പി മറുപടി പറയണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടതായി ഒറ്റക്കോളം വാർത്തയുണ്ട് 23ാം പേജിൽ. സത്യപാൽ മലിക് പറഞ്ഞ കാര്യങ്ങളുടെ പേരിൽ പ്രതിപക്ഷം കേന്ദ്രസർക്കാറിനെ ടാർഗറ്റ് ചെയ്യുന്നു എന്ന ആംഗിളിലാണ് ഹിന്ദു ആ വാർത്ത ഒന്നാംപേജിൽ ചേർത്തത്.
പുൽവാമ സംഭവം നടന്ന ഉടനെ ‘ഈ ഭീകരാക്രമണം ശരിക്കും നമുക്ക് ജയം’ എന്ന് ട്വീറ്റ് ചെയ്ത അർണബ് ഗോസ്വാമിയുടെ റിപ്പബ്ലിക്, മിക്ക വിഷയങ്ങളിലും സർക്കാറിന്റെ ഉച്ചഭാഷിണിയാകാറുള്ള സീ ന്യൂസ്, ടൈംസ് നൗ, ആജ്തക് മുതലായ അനേകം ഉത്തരേന്ത്യൻ ചാനലുകളും മലികിന്റെ വെളിപ്പെടുത്തലുകൾ അവഗണിച്ചു. ഗുലാം നബി ആസാദ് കോൺഗ്രസിനെതിരെ ഉയർത്തിയ വിമർശനങ്ങളാണ് അവ അന്തിച്ചർച്ചക്കെടുത്തത്.
മലയാള പത്രങ്ങൾ വിഷു ഒഴിവ് കഴിഞ്ഞ് 17ന് ഇറങ്ങിയപ്പോഴേക്കും മലികിന്റെ വെളിപ്പെടുത്തൽ സർക്കാർ-പ്രതിപക്ഷ തർക്കമായി ചുരുക്കിക്കഴിഞ്ഞിരുന്നു. ടെലിഗ്രാഫ് ആകട്ടെ അപ്പോഴേക്കും തുടർവാർത്തകളും ലീഡാക്കി. പ്രധാനമന്ത്രിയുടെ മൗനം പതിവാകുന്നു, മാധ്യമങ്ങൾ പ്രധാന വിഷയങ്ങൾ തമസ്കരിക്കുന്നു, പുൽവാമയിൽ ഇന്നും ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ, ജവാന്മാരുടെ മരണം ഒഴിവാക്കാമായിരുന്നുവെന്ന മുൻ സൈനിക മേധാവിയുടെ കുറ്റസമ്മതം എന്നിങ്ങനെ പലതും അവർ ഒന്നാം പേജിൽ ചേർത്തു.
ഇത്ര പ്രധാനപ്പെട്ട ഒരു വെളിപ്പെടുത്തൽ മറ്റു പത്രങ്ങളും ചാനലുകളും നിസ്സാരമായി കാണാൻ കാരണം അത് ഓൺലൈൻ മാധ്യമങ്ങളിലാണ് വന്നത് എന്നതുകൂടിയാവാം. ‘‘പൈതൃക’’ മാധ്യമങ്ങൾക്ക് ‘‘പുത്തൻ’’ മാധ്യമങ്ങളോടുള്ള അവജ്ഞ. എന്നാൽ, മാധ്യമരംഗത്ത് ഓൺലൈൻ പോർട്ടലുകളും ചാനലുകളും ആധിപത്യം സ്ഥാപിക്കുന്നു എന്ന സൂചനകൂടി മലിക് അഭിമുഖം നൽകുന്നുണ്ട്.
പുൽവാമയിൽ അനേകം മുന്നറിയിപ്പുകൾ ഉണ്ടായിട്ടും അധികൃതർക്ക് വീഴ്ചപറ്റി എന്ന് ആദ്യമായി ആധികാരിക വാർത്ത നൽകിയത് ഫ്രണ്ട്ലൈൻ മാഗസിനാവണം. 2019 മാർച്ചിലെ അതിന്റെ ലക്കത്തിൽ അത് കവർസ്റ്റോറിയായിരുന്നു.
ആ കാര്യങ്ങളടക്കം അന്നത്തെ ജമ്മു-കശ്മീർ ഗവർണർ ഇന്ന് സ്ഥിരീകരിച്ചപ്പോഴാകട്ടെ ആ വാർത്ത വരുന്നത് ഓൺലൈൻ മാധ്യമങ്ങളിലൂടെയാണ്. പ്രശാന്ത് ടാണ്ഡൻ എന്ന ഡൽഹി ജേണലിസ്റ്റിന്റെ യൂട്യൂബ് ചാനലിലാണ്, രണ്ടാഴ്ച മുമ്പ് സത്യപാൽ മലിക് ഈ വെടി ആദ്യം പൊട്ടിക്കുന്നത്. അത് കണ്ട കരൺ ഥാപ്പർ വിശദമായ അഭിമുഖം നടത്തി ദ വയറിലൂടെ പുറത്തുവിട്ടപ്പോഴാണ് അധികമാളുകൾ അറിഞ്ഞതെന്നു മാത്രം. ഇതിനുശേഷം രവീഷ്കുമാറും തന്റെ യൂട്യൂബ് ചാനലിലൂടെ മലികുമായുള്ള അഭിമുഖം പുറത്തുവിട്ടു.
സത്യപാൽ മലിക് നമ്മെ ബോധ്യപ്പെടുത്തുന്ന കാര്യങ്ങളെന്തൊക്കെ? പുൽവാമ കൂട്ടക്കൊല ഒഴിവാക്കാമായിരുന്നു. സർക്കാർ വീഴ്ച പുറത്തറിയാതിരിക്കാൻ പ്രധാനമന്ത്രിയടക്കം ശ്രമിച്ചു തുടങ്ങിയ സ്ഫോടക വിവരങ്ങൾക്കൊപ്പം, പൊതു മാധ്യമങ്ങളുടെ സർക്കാർ വിധേയത്വവും ഓൺലൈൻ മാധ്യമങ്ങളുടെ വർധിതമായ സ്വീകാര്യതയും അക്കൂട്ടത്തിലുണ്ട്.
ഏപ്രിൽ 11 ഒരു വാർഷികമായിരുന്നു. യു.എസ്, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളുടെ ജനാധിപത്യ നാട്യങ്ങൾ തുറന്നുകാട്ടിയ ജൂലിയൻ അസാൻജ് എന്ന ജേണലിസ്റ്റ് ലണ്ടനിലെ കുപ്രസിദ്ധമായ ബെൽമാർഷ് ജയിലിൽ നാലുവർഷം തികച്ച ദിവസമാണത്. ബ്രിട്ടനിൽനിന്ന് അസാൻജിനെ അമേരിക്കയിലേക്ക് നാടുകടത്താൻ ശ്രമങ്ങൾ നടക്കുന്നു. അവിടെ അദ്ദേഹത്തെ കാത്തിരിക്കുന്നത് അനേക വർഷം തടവു വിധിക്കാവുന്ന കുറ്റാരോപണങ്ങളാണ്.
ചാരപ്പണിയാണ് ആരോപിക്കപ്പെടുന്ന പ്രധാന കുറ്റം. യഥാർഥത്തിൽ അദ്ദേഹം ചെയ്തതോ, ‘വീക്കിലീക്സ്’ എന്ന ഓൺലൈൻ മാധ്യമം സ്ഥാപിച്ച് അതിലൂടെ വൻ രാജ്യങ്ങളുടെ യുദ്ധക്കുറ്റങ്ങളുടേതടക്കമുള്ള രഹസ്യരേഖകൾ ചോർത്തി പുറത്തുവിട്ടു. അമേരിക്കൻ സൈനികർ ഇറാഖിൽ രണ്ട് പത്രപ്രതിനിധികളടക്കം പത്തുപേരെ വെടിവെച്ചു കൊല്ലുന്ന വിഡിയോ ദൃശ്യം (‘കോലാറ്ററൽ മർഡർ’) അക്കൂട്ടത്തിലുണ്ട്. സൈനികർ ഹെലികോപ്ടറിലിരുന്ന് താഴെ സിവിലിയൻമാരെ കൊല്ലുമ്പോൾ തമ്മിൽ തമാശ പറഞ്ഞ് ചിരിക്കുന്നതും വിഡിയോയിൽ കേൾക്കാം. ഗ്വണ്ടാനമോ, അബൂഗുറൈബ് തുടങ്ങിയ തടവറകളുടെ യഥാർഥ ചിത്രം ലോകത്തിന് മുമ്പാകെ കാണിച്ച് അമേരിക്കയെ നാണം കെടുത്തിയതും അസാൻജിന്റെ കുറ്റങ്ങളിൽപെടും.
l
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.