കാട്ടുപോത്ത് മനുഷ്യരെ കൊല്ലുന്നു. പക്ഷേ, വൈകാതെ നമ്മുടെ മാധ്യമങ്ങളിൽ ആ വാർത്ത കൊണ്ടുവരുന്ന ചർച്ച എന്താണ്? മന്ത്രി മയക്കുവെടിയെപ്പറ്റി പറയുന്നു; പ്രതിപക്ഷത്തെ നേതാവ് മന്ത്രിക്കാണ് മയക്കുവെടി വെക്കേണ്ടതെന്ന് പറയുന്നു; ഗൗരവമേറിയ ഒരു വിഷയം രാഷ്ട്രീയക്കാരുടെ വാക്പയറ്റാക്കിക്കൊണ്ട് ഇത്തരം തുടർവാർത്തകൾ ഉൽപാദിപ്പിക്കുകയാണ് മാധ്യമങ്ങൾ.
അരിക്കൊമ്പൻ നാട്ടിലിറങ്ങുമ്പോഴും കാടുകടത്തപ്പെടുമ്പോഴും ഒടുവിൽ എങ്ങനെയോ അത് രാഷ്ട്രീയത്തർക്കമായി പരിണമിക്കുന്നു. ഒരു വാചകപ്പയറ്റിന് പാകത്തിൽ ഭരണ-പ്രതിപക്ഷ ഭാഗങ്ങളിൽനിന്ന് ശകാരങ്ങൾ പുറത്തു വന്നുകിട്ടിയാൽ അതായി തലക്കെട്ട്. ‘‘മരിച്ചുപോയവരെ വച്ച് വിലപേശുന്നെന്ന് മന്ത്രി ശശീന്ദ്രൻ; നിശ്ശബ്ദരാക്കാൻ നോക്കേണ്ടെന്ന് കർദിനാൾ’’; ‘‘രാവിലെ കെ.സി.ബി.സിക്ക് എതിരെ; പിന്നീട് മലക്കം മറിഞ്ഞ് മന്ത്രി’’; ‘‘മയക്കുവെടി വയ്ക്കേണ്ടത് വനംമന്ത്രിയെ: െചന്നിത്തല’’ എന്നിങ്ങനെ പോകുന്നു വലിയ ശീർഷകങ്ങൾ. കാട്ടുപോത്തുകൾ നാട്ടിലിറങ്ങി മൂന്നുപേരെ കൊന്ന സംഭവത്തിലെ തുടർവാർത്തകളാണിവ. ഇടക്ക് നാം വായിക്കേണ്ടിവരുന്ന ഗുരുതര വാർത്തകൾ: ‘‘5 വർഷത്തിനിടെ കാട്ടുപോത്തുകൾ കൊന്നത് 6 പേരെ’’; ‘‘തേനെടുക്കാൻ പോയ ആദിവാസിയെ കരടി ആക്രമിച്ചു’’...
വന്യജീവികളുടെ കാടിറക്കവും മനുഷ്യവാസമേഖലയിലേക്കുള്ള കടന്നുകയറ്റവും മറ്റൊരു വലിയ പ്രതിസന്ധിയുടെ ലക്ഷണമല്ലേ എന്ന ചോദ്യംപോലും ഉയർത്തപ്പെടുന്നില്ല. മാധ്യമങ്ങൾ കുറെ കുത്തുകൾ കാണുന്നു; പക്ഷേ അവ യോജിപ്പിച്ച് സമഗ്ര ചിത്രം കണ്ടെത്തുന്നില്ല.
റെക്കോഡ് ഭേദിക്കുന്ന ചൂട് ഇനിയും വരാനിരിക്കുന്നു എന്ന യു.എൻ മുന്നറിയിപ്പ് മറ്റൊരു തലക്കെട്ട് മാത്രം. അതും കാട്ടുപോത്തിന്റെ കാടിറക്കവും തമ്മിൽ ബന്ധമില്ലേ എന്ന ചോദ്യം ചോദിക്കുന്നില്ല.
കഴിഞ്ഞ ആഴ്ചകളിൽ നാം കേട്ട വാർത്തകളിൽ ചിലത്: അരനൂറ്റാണ്ടിനിടെ ഇന്ത്യയിൽ കാലാവസ്ഥാ ദുരന്തങ്ങൾമൂലം മരിച്ചത് 1.3 ലക്ഷം പേർ എന്ന് യു.എൻ ഏജൻസിയായ ലോക കാലാവസ്ഥാ വകുപ്പ്. ലോകത്ത് മൊത്തം അതുമൂലം മരിച്ചത് 20 ലക്ഷംപേർ.
‘‘വന്യമൃഗങ്ങൾ പെരുകി; തീറ്റതേടി നാട്ടിലിറങ്ങി കടുവയും കാട്ടാനയും’’ (കേരള കൗമുദി, മേയ് 20), ‘‘2100ഓടെ ഭൂമി ചുട്ടുപൊള്ളും’’ (മേയ് 23); ‘‘മനുഷ്യ-വന്യജീവി സംഘർഷം – ഇടപെടാം, വികേന്ദ്രീകൃത ആസൂത്രണത്തിലൂടെ’’ (പ്രമോദ് കൃഷ്ണന്റെ ലേഖനം, മാതൃഭൂമി, മേയ് 22) തുടങ്ങിയ ഒറ്റപ്പെട്ട ശകലങ്ങൾ പത്രങ്ങളിൽ വരാറുണ്ടെങ്കിലും ദൈനംദിന ജീവിതത്തെ കാലാവസ്ഥാമാറ്റം എങ്ങനെ ബാധിച്ചുതുടങ്ങി എന്ന്, ജനങ്ങൾ അറിഞ്ഞിരിക്കേണ്ടതും മനുഷ്യരുടെ അതിജീവനവുമായി നേരിട്ട് ബന്ധമുള്ളതുമായ വിവരങ്ങൾ മാധ്യമങ്ങൾ നൽകേണ്ട സമയമാണിത്. അത്തരം അന്വേഷണങ്ങൾ മാധ്യമങ്ങൾ നടത്തുന്നതായി അറിവില്ല; അതിന്റെ സ്ഥാനത്താണ് രാഷ്ട്രീയക്കാരുടെയും മറ്റും വിലകുറഞ്ഞ തർക്കങ്ങൾ പ്രധാന വാർത്തയാകുന്നത്.
കേരളത്തെ സംബന്ധിച്ച് അതിപ്രധാനമായ ഒരു അന്വേഷണ റിപ്പോർട്ട് ഈയിടെ പുറത്തുവിട്ടത് റോയിട്ടേഴ്സ് എന്ന വിദേശ വാർത്ത ഏജൻസിയാണ്.
വന്യജീവികൾ കാടിറങ്ങിയും മനുഷ്യർ മലകയറിയുമെല്ലാം ഉണ്ടാകാൻ പോകുന്ന അപകടത്തെപ്പറ്റിയുള്ള മുന്നറിയിപ്പു കൂടിയാണ് അത്. വവ്വാലുകൾ അവയുടെ വാസസ്ഥലങ്ങൾ വിടേണ്ടിവരുകയും മനുഷ്യരുമായി അടുത്ത് ഇടപഴകാൻ തുടങ്ങുകയും ചെയ്യുമ്പോൾ ഉണ്ടാകാവുന്ന അപായമാണ് രണ്ടു ഭാഗമായുള്ള റിപ്പോർട്ടിന്റെ ഉള്ളടക്കം. ‘വവ്വാൽ നാടുകൾ’ (The Bat Lands) എന്ന ശീർഷകത്തിലുള്ള റിപ്പോർട്ടിൽ പറയുന്നു: കോടിക്കണക്കിന് വർഷങ്ങളായി മനുഷ്യരിൽനിന്നും അകലെ കഴിഞ്ഞുവന്നവരാണ് വവ്വാലുകൾ. മാരകങ്ങളായ അനേകം വൈറസുകളുടെ പോറ്റുകാർകൂടിയാണ് അവ. കാലാവസ്ഥ പ്രതിസന്ധി കാരണം അവയുടെ ആവാസവ്യവസ്ഥകൾ തകരാനും അവ മനുഷ്യരുമായി കൂടിക്കഴിയാനും സാധ്യത തെളിയുന്നു എന്ന് റോയിട്ടേഴ്സിന്റെ അന്വേഷണ റിപ്പോർട്ടിലുണ്ട്.
2018നു ശേഷം കേരളത്തിൽ മൂന്നുതവണ നിപ ബാധ ഉണ്ടായത് വവ്വാലിൽനിന്നാണ്. ഇനിയും അതിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ‘‘നിപ സാധ്യത പ്രദേശങ്ങളാ’’യ ‘‘ജമ്പ് സോണു’’കളിൽ കേരളം ഉൾപ്പെടും. ഇങ്ങനെ, കാലാവസ്ഥ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് വിദേശ മാധ്യമങ്ങളിൽ വരുന്ന പഠനങ്ങൾ പലതും ഇവിടെ കാണാതെ പോകുന്നുണ്ട്.
രാഷ്ട്രീയക്കാരുടെ വെറും തർക്കങ്ങൾ മാറ്റിവെച്ച് ശാസ്ത്രജ്ഞർക്കും കാലാവസ്ഥ വിദഗ്ധർക്കും കൂടുതൽ ഇടം അനുവദിക്കാൻ മാധ്യമങ്ങൾക്ക് കഴിയണം. കാലാവസ്ഥ പ്രതിസന്ധി സൃഷ്ടിച്ചത് അന്തരീക്ഷ മലിനീകരണമാണെങ്കിൽ, വാർത്ത മലിനീകരണം നമ്മുടെ അറിവിന്റെ നിലവാരം താഴ്ത്തിക്കൊണ്ടിരിക്കുന്നുണ്ട്.
‘നാനോ ചിപ്പ്’ നോട്ടും
പിൻവലിഞ്ഞു
അങ്ങനെ രണ്ടായിരം രൂപ നോട്ടും ഒടുവിൽ പിൻവലിച്ചു. മാർക്സിന്റെ വാക്കുകൾ അൽപം മാറ്റിപ്പറഞ്ഞാൽ, നോട്ടുനിരോധനം ആദ്യം ദുരന്തമായി പ്രത്യക്ഷപ്പെട്ടു; പിന്നെ ഇപ്പോൾ പ്രഹസനമായും.
ഇത്തവണ 2000 രൂപ നോട്ടിനെ പടികടത്തിയ കാര്യം പ്രഖ്യാപിക്കുമ്പോൾ കേന്ദ്ര ധനവകുപ്പ് സെക്രട്ടറി പ്രത്യേകം പറഞ്ഞു, ഈ നടപടികൊണ്ട് നിത്യജീവിതത്തിൽ ദുരിതമൊന്നും ഉണ്ടാകില്ലെന്ന്. ആ പ്രസ്താവനയിൽ ഒരു കുറ്റസമ്മതം ഒളിച്ചിരിപ്പുണ്ട് – ഏഴുവർഷം മുമ്പ് ഈ നോട്ട് ഇന്ത്യൻ ജനതക്കുമേൽ അടിച്ചേൽപിക്കപ്പെട്ടത് നോട്ടുനിരോധനമെന്ന മഹാദുരിതത്തിന്റെ പശ്ചാത്തലത്തിലായിരുന്നു.
2016ലെ നോട്ടുനിരോധനം നാട്ടിൽ പ്രചാരത്തിലുണ്ടായിരുന്ന കറൻസിയുടെ 86 ശതമാനവും ഒറ്റയടിക്ക് ഇല്ലാതാക്കിയപ്പോൾ നിത്യജീവിതം തന്നെ സ്തംഭിച്ച അവസ്ഥയായി. ചെറുകിട, ഇടത്തരം വ്യാപാരങ്ങൾ തകർന്നു. അസംഘടിത തൊഴിൽരംഗം അട്ടിമറിഞ്ഞു. വലിയ സാമ്പത്തിക ഞെരുക്കത്തിലേക്ക് അത് രാജ്യത്തെ എടുത്തെറിഞ്ഞു. അതിനെ ന്യായീകരിക്കാൻ റിസർവ് ബാങ്ക് അധികൃതർ പോലും പ്രയാസപ്പെട്ടു.
എന്നാൽ, കേന്ദ്രസർക്കാറിന്റെ വിധേയരായ മാധ്യമങ്ങൾ ജനങ്ങളെ മറന്നുപോലും സർക്കാറിനൊപ്പംനിന്നു. നിരോധിച്ച നോട്ടുകൾക്ക് പകരമായി ഇറക്കിയ 2000ത്തിന്റെ നോട്ടുകളിൽ മൈക്രോചിപ്പ് ഉണ്ടെന്നും ഇനി ആർക്കും കള്ളപ്പണം ഒളിപ്പിക്കാനാകില്ലെന്നും മണ്ണിൽ ആഴത്തിൽ കുഴിച്ചിട്ടാൽപോലും റിസർവ്ബാങ്കിൽ സിഗ്നൽ എത്തുമെന്നുമൊക്കെ ഗോദി മീഡിയ ഒരു മടിയുമില്ലാതെ തട്ടിവിട്ടിരുന്നു.
ഇപ്പോൾ 2000 പിൻവലിക്കുമ്പോൾ, അന്ന് സർക്കാർ പറഞ്ഞ ന്യായങ്ങളെല്ലാം പൊളിഞ്ഞുകഴിഞ്ഞു. പണം പൂഴ്ത്തിവെക്കുന്നവർക്ക് 1000 രൂപ നോട്ടിനേക്കാൾ എളുപ്പമായി 2000ത്തിന്റേത്. സർക്കാറിനൊപ്പം അന്ന് ന്യായങ്ങൾ പറഞ്ഞ മാധ്യമങ്ങൾ ഇപ്പോൾ ഏറെയൊന്നും പറയുന്നില്ല.
മറ്റു മാധ്യമങ്ങൾ പക്ഷേ, പറയുന്നുണ്ട്. ‘‘വീണ്ടും നോട്ട് നിരോധനം’’ എന്നാണ് ജനയുഗത്തിന്റെ ലീഡ് തലക്കെട്ട് (മേയ് 20). ‘‘2000 രൂപ നോട്ടും ഒൗട്ട്’’ എന്ന് കേരള കൗമുദി. ‘‘ബൈ ബൈ 2000’’ എന്ന് മാധ്യമം.‘‘രണ്ടായിരത്തിനും ആദരാഞ്ജലി’’ എന്ന് മംഗളം.
‘‘ഔട്ട്; 2000 രൂപ നോട്ട് പിൻവലിച്ചു’’ (സുപ്രഭാതം), ‘‘2000 ഇനിയില്ല’’ (മലയാള മനോരമ) തുടങ്ങി തലക്കെട്ടുകളിൽ ദുരന്തസൂചനയേക്കാൾ പ്രഹസന സൂചനയാണ് കണ്ടത്. അതിന് ന്യായവുമുണ്ട് – ഒരു പരാജയത്തിന്റെ ഏറ്റുപറച്ചിൽകൂടിയാണ് ഈ പിൻവലിക്കൽ.
‘‘ഒടുവിൽ കുറ്റസമ്മതം’’ എന്ന് പാർശ്വവാർത്ത ചെയ്ത ദേശാഭിമാനിയുടെ മുഖപ്രസംഗം (മേയ് 22) ഇങ്ങനെ: ‘‘ഒറ്റച്ചോദ്യം: എന്തിനായിരുന്നു ആ ദുരന്തം സൃഷ്ടിച്ചത്?’’ ചന്ദ്രിക ചോദിച്ചു: ‘‘രണ്ടായിരത്തെ കൊന്നത് എന്തിന്?’’; ‘‘നോട്ട് പിൻവലിക്കൽ: രാഷ്ട്രീയലക്ഷ്യമോ?’’ (സുപ്രഭാതം) തുടങ്ങി മുഖപ്രസംഗങ്ങൾ നോട്ടുനിരോധന അഭ്യാസങ്ങളുടെ വ്യർഥതയിലേക്ക് വിരൽചൂണ്ടി.
2000 പിൻവലിച്ചപ്പോഴും ആവശ്യമായ വ്യക്തത റിസർവ് ബാങ്കിന്റെ അറിയിപ്പിലില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ ചൂണ്ടിക്കാട്ടി; ഇതിന്റെ ഉദ്ദേശ്യവും മനസ്സിലാകുന്നില്ലത്രെ.
2016ൽ 2000 രൂപ നോട്ട് കൊണ്ടുവന്നത് സുചിന്തിതമായിട്ടാണ്; കരിമ്പണത്തിനെതിരായ നടപടിയാണ് എന്നെല്ലാമുള്ള വാദമാണ് പൊളിഞ്ഞതെന്ന് ഇന്ത്യൻ എക്സ്പ്രസ് എഡിറ്റോറിയൽ പറഞ്ഞു.
ഇപ്പോഴത്തെ നടപടിയും ജനങ്ങളെ ബുദ്ധിമുട്ടിക്കുകയേ ഉള്ളൂ എന്ന് ന്യൂ ഇന്ത്യൻ എക്സ്പ്രസ്. രൂപയിലുള്ള വിശ്വാസം ഇടിയാൻ ഇത് കാരണമാകും. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന കാര്യങ്ങളിൽ വരെ സർക്കാർ പാഠം പഠിക്കുന്നില്ലെന്നും പത്രം ആരോപിച്ചു.
കന്നിപ്രകടനത്തിൽ വൻ പ്രതീക്ഷ ഉയർത്തിവിട്ട ശേഷം പരാജിതനായി കളംവിടുന്ന സിനിമ/ ക്രിക്കറ്റ് താരത്തെപ്പോലെയാണ് 2000 രൂപ നോട്ടിന്റെ അവസ്ഥയെന്ന് ഡെക്കാൻ ക്രോണിക്ൾ.
മതിയായ ആലോചന ഇക്കുറിയും അധികൃതർക്കുണ്ടായില്ലെന്ന് ആരോപിക്കുന്നു ഹിന്ദു ‘ബിസിനസ് ലൈൻ’. കഷ്ടപ്പാട് അപ്പോഴും സാധാരണക്കാർക്കുതന്നെ.
പറഞ്ഞല്ലോ, അന്ന് നോട്ട് നിരോധനത്തെ നിരുപാധികം വാഴ്ത്തിയ വിധേയമാധ്യമങ്ങൾക്ക് ഇക്കുറി ശബ്ദം പൊങ്ങുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.