ഭൂമിയുടെ ചരിത്രത്തിൽ, ഒന്നേകാൽ ലക്ഷം വർഷങ്ങളിൽവെച്ച് ഏറ്റവും ചൂടുകൂടിയ ദിവസങ്ങൾ ഈ മാസമായിരുന്നു -ജൂലൈ 3നും 4നും. ആ ദിവസങ്ങളിൽ പത്രങ്ങളിലെ ലീഡ് വാർത്ത മഹാരാഷ്ട്രയിൽ എൻ.സി.പിയെ പിളർത്തി അജിത് പവാർ ഉപമുഖ്യമന്ത്രിസ്ഥാനം പിടിച്ചെടുത്തതാണ്.പത്രപ്രവർത്തനം കഴിഞ്ഞ നാലഞ്ച് പതിറ്റാണ്ടുകളിൽ വളരെയേറെ മാറിയിട്ടുണ്ട്. വാർത്തവിന്യാസത്തിലാണ് ഇത് ഏറ്റവും പ്രകടമായി കാണുക. പല പത്രങ്ങളും അച്ചടിക്കുന്ന ടൈപ്പും ലേ ഔട്ടുകളുമെല്ലാം ഇടക്കിടെ പുതുക്കാറുണ്ട്. ടെലിവിഷൻ വന്നതോടെ പത്രങ്ങളിലും ചിത്രങ്ങൾക്ക് പ്രാധാന്യം കൂടി. സമൂഹ മാധ്യമങ്ങളുടെ വരവോടെ വാർത്തകളുടെ അവതരണത്തിന്റെ പരിഷ്കാരം വന്നു. വാർത്തയെഴുത്തിന്റെ...
ഭൂമിയുടെ ചരിത്രത്തിൽ, ഒന്നേകാൽ ലക്ഷം വർഷങ്ങളിൽവെച്ച് ഏറ്റവും ചൂടുകൂടിയ ദിവസങ്ങൾ ഈ മാസമായിരുന്നു -ജൂലൈ 3നും 4നും. ആ ദിവസങ്ങളിൽ പത്രങ്ങളിലെ ലീഡ് വാർത്ത മഹാരാഷ്ട്രയിൽ എൻ.സി.പിയെ പിളർത്തി അജിത് പവാർ ഉപമുഖ്യമന്ത്രിസ്ഥാനം പിടിച്ചെടുത്തതാണ്.
പത്രപ്രവർത്തനം കഴിഞ്ഞ നാലഞ്ച് പതിറ്റാണ്ടുകളിൽ വളരെയേറെ മാറിയിട്ടുണ്ട്. വാർത്തവിന്യാസത്തിലാണ് ഇത് ഏറ്റവും പ്രകടമായി കാണുക. പല പത്രങ്ങളും അച്ചടിക്കുന്ന ടൈപ്പും ലേ ഔട്ടുകളുമെല്ലാം ഇടക്കിടെ പുതുക്കാറുണ്ട്. ടെലിവിഷൻ വന്നതോടെ പത്രങ്ങളിലും ചിത്രങ്ങൾക്ക് പ്രാധാന്യം കൂടി. സമൂഹ മാധ്യമങ്ങളുടെ വരവോടെ വാർത്തകളുടെ അവതരണത്തിന്റെ പരിഷ്കാരം വന്നു. വാർത്തയെഴുത്തിന്റെ രീതി മാറി. അവക്ക് പൊതുവെ നീളം കുറഞ്ഞു; വിശകലന രീതിയിലുള്ള റിപ്പോർട്ടുകൾ വർധിച്ചു.
എന്നാൽ, ആഗോളതലത്തിലെ മാറ്റങ്ങൾ പത്രങ്ങളെ സ്പർശിക്കാതെ പോകുന്നുണ്ട്. കഴിഞ്ഞ പതിറ്റാണ്ടുകളിൽ രാജ്യാതിർത്തികളെ അപ്രസക്തമാക്കുന്ന തരത്തിൽ മനുഷ്യരെ ഒന്നാകെ ഒരുപോലെ ബാധിക്കുന്ന ആഗോള അനുഭവങ്ങൾ പലതുമുണ്ടായിട്ടുണ്ട്. അക്കൂട്ടത്തിൽ ഏറ്റവും പ്രകടമായിട്ടുള്ള രണ്ട് അനുഭവങ്ങളാണ് കോവിഡ് മഹാമാരിയും കാലാവസ്ഥാ പ്രതിസന്ധിയും.
കോവിഡിന്റെ കാര്യത്തിൽ പത്രങ്ങൾ ആ മഹാമാരിയുടെ പ്രാദേശിക വിശേഷങ്ങൾ മുതൽ ആഗോള വിശേഷങ്ങൾ വരെ റിപ്പോർട്ട് ചെയ്യാൻ ശ്രദ്ധിച്ചിരുന്നു. ഒരു ആഗോള പ്രശ്നമെന്ന നിലക്കുതന്നെ അതിനെ കണ്ടിരുന്നു.
ജൂലൈയിൽ ഭൂമിയുടെ ഭാവം പാടേ മാറി – മാധ്യമങ്ങൾ അറിഞ്ഞില്ലെന്ന് മാത്രം
എന്നാൽ, കാലാവസ്ഥയുടെ കാര്യത്തിൽ അത് ഇപ്പോഴും കാണുന്നില്ലെന്ന് പറയണം. കാലാവസ്ഥാ പ്രതിസന്ധി ഭൂഗോളത്തിന്റെ മൊത്തം അതിജീവന പ്രശ്നമായിട്ടും അത് ആ രൂപത്തിൽ വാർത്തകളിൽ വരുന്നില്ലെന്നത് അതിശയിപ്പിക്കണം. വിഷയം അതിജീവനമാവുക, അത് എല്ലാ മനുഷ്യരെയും ഒരുപോലെ ബാധിക്കുന്ന അടിയന്തര വിഷയമാവുക, വെറും താൽക്കാലിക പരിഹാരത്തിനപ്പുറം ദീർഘകാല പരിഹാരം തേടുന്ന ഒന്നാവുക, മർമപ്രധാനമായ രാഷ്ട്രീയ തീരുമാനങ്ങൾ ഉടനടി ഉണ്ടാകേണ്ട ഒന്നാവുക – ഇത്രയും ലക്ഷണങ്ങൾ ഒത്തുവന്ന മറ്റേത് വിശേഷമാണ് പത്രങ്ങളുടെ ചരിത്രത്തിൽ ഉണ്ടായിട്ടുള്ളത്? പ്രതിദിനം ഓരോ ഒന്നാം പേജ് വാർത്തയെങ്കിലും ആകാൻ ഇത്ര യോഗ്യത പോരേ?
പക്ഷേ, നമ്മുടെ പത്രങ്ങളിൽ അങ്ങനെയൊന്നും കാണില്ല. കാലാവസ്ഥ അവക്ക് പലപ്പോഴും പ്രാദേശികമോ സംസ്ഥാനതലത്തിലുള്ളതോ ആയ വാർത്ത മാത്രമാണ്. ദൈനംദിന കാലാവസ്ഥ (weather)ക്കപ്പുറം ദീർഘകാല ഋതുഭേദങ്ങൾ (climate) ശ്രദ്ധിക്കുകയും റിപ്പോർട്ട് ചെയ്യുകയും ചെയ്യുന്ന രീതി ഇല്ല.
നാലു പതിറ്റാണ്ടു മുമ്പാണ് കാലാവസ്ഥാ മാറ്റത്തെപ്പറ്റിയും ആഗോള താപനത്തെപ്പറ്റിയും ശാസ്ത്രലോകം മുന്നറിയിപ്പ് നൽകിയത്. അന്നു മുതൽ ആഗോളതലത്തിൽ ക്ലൈമറ്റ് വാർത്തകൾക്ക് പ്രസക്തിയും വന്നതാണ്. രാജ്യാതിർത്തികൾ ഇതിൽ അപ്രസക്തമായിക്കഴിഞ്ഞു. എന്നിട്ടും നമുക്ക് പ്രാദേശിക വാർത്തകളായിട്ടേ കാലാവസ്ഥാ ഭേദങ്ങളെ കാണാൻ കഴിയുന്നുള്ളൂ. കേരളത്തിലെ പ്രളയവും കാനഡയിലെ ചുഴലിക്കാറ്റും വെവ്വേറെ വാർത്തകളാണ് നമുക്ക്. അവയെ ബന്ധിപ്പിക്കുന്ന ആഗോളാവസ്ഥയുണ്ടെന്നും പ്രാദേശിക പ്രശ്നമെന്നപോലെ അവ ആഗോളപ്രശ്നം കൂടിയാണെന്നും നമ്മുടെ വാർത്തകൾ കണ്ടാൽ മനസ്സിലാകില്ല.
ചൂടുള്ള വാർത്ത
ഭൂമിയുടെ ചരിത്രത്തിൽ, ഒന്നേകാൽ ലക്ഷം വർഷങ്ങളിൽവെച്ച് ഏറ്റവും ചൂടുകൂടിയ ദിവസങ്ങൾ ഈ മാസമായിരുന്നു – ജൂലൈ 3നും 4നും. ആ ദിവസങ്ങളിൽ പത്രങ്ങളിലെ ലീഡ് വാർത്ത മഹാരാഷ്ട്രയിൽ എൻ.സി.പിയെ പിളർത്തി അജിത് പവാർ ഉപമുഖ്യമന്ത്രിസ്ഥാനം പിടിച്ചെടുത്തതാണ്. ജൂലൈ മാസത്തിൽ, 18 വരെയുള്ള ദിവസങ്ങളിൽ നമ്മുടെ പത്രങ്ങൾ കാര്യമായി പറഞ്ഞുതരാത്ത കാലാവസ്ഥാ വിശേഷങ്ങൾ നിരവധിയുണ്ട്.
ജൂലൈ 3 മുതൽ 10 വരെ ഭൂമി ചുട്ടുപൊള്ളുകയായിരുന്നു. ഇനിയും ചൂടുള്ള ദിനങ്ങളുണ്ടാകാമെന്നും വരുംകാലങ്ങളിൽ ചൂടിന്റെ അളവും കൂടാമെന്നും ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പും ഇതോടൊപ്പമുണ്ട്.
ചൂടേറ്റം ഭൂമിയുടെ പരിസ്ഥിതിക്ക് വരുത്തിക്കൊണ്ടിരിക്കുന്ന പരിക്ക് ചെറുതല്ല. അന്റാർട്ടിക്ക സമുദ്രത്തിൽ 26 ലക്ഷം ചതുരശ്ര കിലോമീറ്റർ മഞ്ഞ് നഷ്ടപ്പെട്ടുകഴിഞ്ഞു. മെഡിറ്ററേനിയൻ കടലിന് വൻതോതിൽ ചൂട് കൂടി. എല്ലാ സമുദ്രങ്ങളിലും താപവർധനയുണ്ട്.
ചൈനയിലെ സിൻജ്യങ് പ്രവിശ്യയിലെ സാംബവോയിൽ ജൂലൈ 16ന് 52.2 ഡിഗ്രി സെൽഷ്യസ് ചൂട് അനുഭവപ്പെട്ടു – പുതിയ റെക്കോഡ്. ആറുമാസം മുമ്പ് ഇവിടെ കൊടും തണുപ്പായിരുന്നു: മൈനസ് 53 ഡിഗ്രി. ഇത്ര വേഗം ഇത്ര വലിയ താപവ്യതിയാനം മറ്റൊരു റെക്കോഡാണ്.
അമേരിക്കയിലും കാനഡയിലും യൂറോപ്പിലും ഏഷ്യയിലുമെല്ലാം ഇക്കുറി മുമ്പില്ലാത്ത ചൂടാണുണ്ടായത്. എൽനീന്വോ എന്ന പ്രതിഭാസം തുടങ്ങുന്നതിനു മുമ്പേ ഇതനുഭവപ്പെട്ടു. അമേരിക്കയിൽ ജനസംഖ്യയുടെ മൂന്നിലൊന്ന് ആപൽക്കരമായ ചൂടനുഭവിക്കുന്ന മേഖലകളിലാണ്. യൂറോപ്യൻ യൂനിയൻ പ്രദേശങ്ങളിൽ പകുതി സ്ഥലത്തും വരൾച്ചയും കാട്ടുതീയും പുതിയ ചരിത്രം സൃഷ്ടിക്കുന്നു. നാല് ഋതുക്കളുണ്ടായിരുന്ന പല ഭൂപ്രദേശങ്ങളിലും ഇന്ന് അങ്ങനെയില്ല. കാനഡയിൽ രണ്ടേകാൽ കോടിയിലേറെ ഏക്കർ കാട് കത്തിനശിച്ചുകഴിഞ്ഞു.
ഋതുക്കളിലെ മാറ്റം ധാന്യവിളകളെ ബാധിച്ചുതുടങ്ങി. ലോകത്തെ ധാന്യപ്പുരകളായി അറിയപ്പെട്ട പലേടത്തും ഭക്ഷ്യോൽപാദനം ഒരേസമയം കുറഞ്ഞത് ആശങ്ക സൃഷ്ടിക്കുന്നു.
അതികഠിനമായ ചൂടും അതിശക്തമായ മഴയും ഇക്കൊല്ലം മിക്ക രാജ്യങ്ങളും അനുഭവിച്ചു. ചുഴലിക്കാറ്റും കൊടും ചൂടും അതിവൃഷ്ടിയും വരൾച്ചയും പ്രളയവും – തീക്ഷ്ണ കാലാവസ്ഥകൾ പതിവാകുന്നു.
ഭൂമി മൊത്തം അനുഭവിക്കുന്ന ഈ മഹാപ്രതിസന്ധിയുടെ ഗൗരവം ജനങ്ങളറിയുന്നില്ലെങ്കിൽ അതിന് കാരണം നമ്മുടെ പത്രങ്ങളാണ്. ജൂലൈ മാസത്തിലെ ആദ്യ മൂന്നു വാരങ്ങളിൽ 5 മുതൽ കേരളത്തിലും 11 മുതൽ ഉത്തരേന്ത്യയിലും പെരുമഴ സൃഷ്ടിച്ച കെടുതികൾ വാർത്തയായി. എന്നാൽ, അവപോലും കാലാവസ്ഥാ പ്രതിസന്ധി എന്ന വിഷയത്തോട് ചേർത്തല്ല റിപ്പോർട്ട് ചെയ്തത്. ഒറ്റപ്പെട്ട ദുരന്തങ്ങളായി മാത്രം അവയെ ജനങ്ങൾ മനസ്സിലാക്കുന്നത് അതുകൊണ്ടാണ്. ലേഖനങ്ങളും മുഖപ്രസംഗങ്ങളുമെല്ലാം വിഷയത്തിന്റെ ഗൗരവവുമായി തട്ടിച്ചാൽ നന്നേ കുറവാണ്.
പത്രങ്ങളുടെ മുൻ പേജുകൾ മിക്കവാറും ചില കാര്യങ്ങൾക്കായി പതിച്ചുനൽകിയപോലെയാണ്. അധികാര രാഷ്ട്രീയം, വ്യക്തിവിശേഷങ്ങൾ എന്നിവക്കാണ് മുൻഗണന. മണിപ്പൂരിൽ മുഖ്യമന്ത്രിയുടെ രാജിനാടകവും മഹാരാഷ്ട്ര അട്ടിമറിയും മുതൽ ആർട്ടിസ്റ്റ് നമ്പൂതിരി, മിലൻ കുന്ദേര, ഉമ്മൻചാണ്ടി എന്നിവരുടെ നിര്യാണവും എം.ടിയുടെ നവതിയും വരെ പത്രങ്ങളുടെ വാർത്ത ഇടങ്ങളിൽ നിറഞ്ഞപ്പോൾ ഭൂമിയെ മൊത്തം ബാധിക്കുന്ന കാലാവസ്ഥ അട്ടിമറി ആരുമറിയാതെ പോകുന്നു.
യുദ്ധം ഭൂമിക്കെതിരെ
അന്താരാഷ്ട്ര വാർത്തകളിലും കാലാവസ്ഥ ഒറ്റപ്പെട്ട പ്രകൃതിക്ഷോഭങ്ങളായി മാത്രം അവതരിപ്പിക്കുന്നു. യുക്രെയ്ൻ വിശേഷങ്ങൾക്ക് വൻ പ്രാമുഖ്യം കിട്ടുന്നു; അതാകട്ടെ രാഷ്ട്രീയ വിഷയമായി മാത്രം. വാസ്തവത്തിൽ വൻതോതിൽ മലിനീകരണവാതകങ്ങൾ പുറത്തുവിടുന്ന വ്യവസായങ്ങളിൽ മുന്നിലുള്ളത് യുദ്ധവ്യവസായമാണ്. യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും മറ്റും വലിയ അളവിൽ സൈനികച്ചെലവ് വർധിപ്പിച്ചിട്ടുണ്ട്. യുക്രെയ്ന് ക്ലസ്റ്റർ ബോംബ് കൊടുക്കുന്നു. കാലാവസ്ഥ പരിഹാരങ്ങൾക്ക് നീക്കിവെക്കുമെന്ന് രാജ്യങ്ങൾ വാക്കുപറഞ്ഞ 10,000 കോടി ഡോളർ ഇനിയും കൊടുത്തിട്ടില്ല. അതേസമയം, 2015 മുതൽ നാറ്റോ രാജ്യങ്ങൾ അവയുടെ യുദ്ധബജറ്റുകളിൽ 20,000 കോടി ഡോളറിന്റെ വർധന വരുത്തിയിട്ടുണ്ട് എന്ന് ‘ഡിഫൻസ് എക്സ്പെൻഡിച്ചർ റിപ്പോർട്ട്’ അറിയിക്കുന്നു. ഇതെല്ലാം ഭൂമിയുടെ ചൂട് വർധിപ്പിക്കാനേ സഹായിക്കൂ.
കഴിഞ്ഞ ഏപ്രിലിൽ അവസാനിച്ച വർഷം ഹരിതഗൃഹവാതകങ്ങൾ ഭൗമാന്തരീക്ഷത്തെ ചൂടുപിടിപ്പിച്ചത് എത്രത്തോളമെന്ന മറ്റൊരു കണക്കുണ്ട്. ഓരോ സെക്കൻഡിലും 14.63 ഹിരോഷിമ ബോംബുകൾക്ക് സമാനമത്രെ അത്. ഒരൊറ്റ വർഷം 40 കോടി ഹിരോഷിമകൾ താണ്ടേണ്ടിവരുന്ന ഭൂമി പ്രതികരിച്ചില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.
ഒരു ഡിഗ്രി സെൽഷ്യസിന്റെ പത്തിലൊരംശം ചൂട് വർധിച്ചാൽ 14 കോടി മനുഷ്യർ നിരാലംബരായിത്തീരുമെന്ന കണക്കുമുണ്ട്.
ഭരണകൂട നയങ്ങളുമായും നമ്മുടെ നിത്യജീവിത ശീലങ്ങളുമായും നേരിട്ട് ബന്ധപ്പെട്ട് കിടക്കുന്ന ഒന്നാണ് കാലാവസ്ഥാ പ്രതിസന്ധി. അത് പിടിവിടുമ്പോൾ, ഒന്നേകാൽ ലക്ഷം വർഷങ്ങളിലെ ഏറ്റവും ചൂടുള്ള ദിവസങ്ങൾ അനുഭവിക്കുമ്പോൾ, അക്കാര്യങ്ങൾ ജനങ്ങളോട് പറയേണ്ട ചുമതല മാധ്യമങ്ങൾക്കുണ്ട്. അധികാരക്കളികൾക്കും യുദ്ധ വിനോദങ്ങൾക്കുമപ്പുറം ഭൂമിയുടെയും അതിലെ ജീവന്റെയും അതിജീവനം ഇനിയെന്നാണ് പ്രധാന വാർത്തയാകാൻ പോകുന്നത്?
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.