സാമാന്യം ദീർഘമായ ആ അഭിമുഖം അച്ചടിച്ചുവന്നപ്പോൾ ചെറിയ ഒരു എഡിറ്റിങ് നടന്നിരുന്നു. ഒരു ചോദ്യവും ഒരു മറുപടിയും വെട്ടിമാറ്റി –അത്രമാത്രം. പക്ഷേ, ആ വെട്ടിമാറ്റലിലുണ്ട് പുതിയ ഇന്ത്യയും അതിലെ മാധ്യമങ്ങളും.
ഇന്ത്യയിൽ ജനിച്ച്, ലോകത്തോളം വളർന്ന സംഗീതജ്ഞനാണ് സുബിൻ മേത്ത. ടൈംസ് ഓഫ് ഇന്ത്യ (ആഗ. 10)യിൽ അദ്ദേഹവുമായി അഗ്നീവ ബാനർജി നടത്തിയ ഒരു അഭിമുഖം വന്നിരുന്നു. ‘സംഗീതത്തിന്റെ ശക്തി വിലകുറച്ച് കാണരുത്’ (Don't underestimate the power of music) എന്ന് തലക്കെട്ട്.
സാമാന്യം ദീർഘമായ ആ അഭിമുഖം അച്ചടിച്ചുവന്നപ്പോൾ ചെറിയ ഒരു എഡിറ്റിങ് നടന്നിരുന്നു. ഒരു ചോദ്യവും ഒരു മറുപടിയും വെട്ടിമാറ്റി –അത്രമാത്രം.
പക്ഷേ, ആ വെട്ടിമാറ്റലിലുണ്ട് പുതിയ ഇന്ത്യയും അതിലെ മാധ്യമങ്ങളും.
87 വയസ്സുള്ള സുബിൻ മേത്ത അമേരിക്കയിലെ ലോസ്ആഞ്ജലസിലാണ്. എട്ടുവർഷത്തിനിടെ ഇത് രണ്ടാംതവണയാണ് അദ്ദേഹം ടൈംസിനോട് സംസാരിക്കുന്നത് എന്ന് ആ മുഖത്തിൽ ലേഖകൻ എഴുതുന്നു. ഈ അഭിമുഖം ഫോൺവഴിയാണ്.
ജന്മസ്ഥലമായ ബോംബേ, ഇന്ത്യ, ലോകം, സംഗീതം തുടങ്ങി പലപല കാര്യങ്ങളെപ്പറ്റിയും ചോദ്യങ്ങൾ, ഉത്തരങ്ങൾ. എല്ലാം അക്ഷരംപ്രതി ടൈംസിൽ അച്ചടിച്ചുവന്നു.
ആ ഒന്നൊഴിച്ച്.
എന്തെങ്കിലും സന്ദേശം നൽകാനുണ്ടോ എന്ന ചോദ്യത്തിന് സുബിൻ മേത്ത, ചില ലോകകാര്യങ്ങൾ സൂചിപ്പിച്ചു. അപ്പോൾ അഭിമുഖകാരന്റെ ചോദ്യം: ‘‘ഇന്ത്യയിലെ കാര്യമോ?’’
ഉത്തരം: ‘‘എന്റെ പല സുഹൃത്തുക്കളോടും ഞാൻ സംസാരിക്കാറുണ്ട്. അവരിൽനിന്ന് വിവരങ്ങൾ അറിയാറുമുണ്ട്. ഇന്ത്യയിലെ എന്റെ മുസ്‍ലിം സുഹൃത്തുക്കൾക്ക് എക്കാലവും സമാധാനത്തിൽ ജീവിക്കാൻ കഴിയട്ടെ എന്നാഗ്രഹിക്കുകയാണ്.’’
ഈ ചോദ്യവും ഉത്തരവും വെട്ടിമാറ്റിയാണ് അഭിമുഖം അച്ചടിച്ചത്.
സുബിൻ മേത്തയുടെ ശ്രദ്ധയിൽ അത് വന്നു. അദ്ദേഹം അത് പരസ്യപ്പെടുത്തി. ദ വയറിൽ കരൺ ഥാപ്പറുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്.
നമ്മുടെ നാടിന്റെ അവസ്ഥയെപ്പറ്റി, പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളോടുള്ള സമീപനത്തെപ്പറ്റി എന്തു തോന്നുന്നു എന്ന് കരൺ ഥാപ്പറുടെ ചോദ്യം.
മറുപടി ഇങ്ങനെ: തുറന്നു പറയട്ടെ. രണ്ടാഴ്ച മുമ്പ് ഞാൻ ലോസ്ആഞ്ജലസിൽനിന്ന് ടൈംസ് ഓഫ് ഇന്ത്യക്ക് ഒരു അഭിമുഖം നൽകി. നല്ല ഇന്റർവ്യൂ ആയിരുന്നു. ഞാനത് വായിച്ചു. പദാനുപദം കൃത്യം. അവസാനഭാഗത്ത് ഞാൻ, ‘‘ഇന്ത്യയിൽ നമ്മുടെ മുസ്‍ലിം സുഹൃത്തുക്കൾക്ക് എക്കാലവും സമാധാനമായി ജീവിക്കാൻ കഴിയട്ടെ എന്നാഗ്രഹിക്കുകയാണ്’’ എന്നു പറഞ്ഞതു മാത്രം അതിലില്ല. അഭിമുഖകാരനെ പിന്നീട് ഞാൻ കണ്ടു. ആ വാചകം എടുത്തുകളഞ്ഞതായി അദ്ദേഹം സമ്മതിച്ചു. എന്തുകൊണ്ടാണ് അത് വെട്ടിയത് എന്ന് വിശദീകരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.
സുബിൻ മേത്ത ഇത് പറഞ്ഞപ്പോൾ ഥാപ്പർ പ്രതികരിച്ചു: മോദിയെയും സർക്കാറിനെയും അലോസരപ്പെടുത്തേണ്ട എന്ന് കരുതിയാവും.
ഈ വെളിപ്പെടുത്തൽ സമൂഹമാധ്യമങ്ങളിൽ പരന്നതോടെ ടൈംസ് ഓഫ് ഇന്ത്യ പരിഹാരക്രിയ തുടങ്ങി. അവർ ഒരു കുറിപ്പ് പോസ്റ്റ് ചെയ്തു. അത് ഇങ്ങനെ: ‘‘സുബിൻ മേത്തയുമായുള്ള അഭിമുഖം ദീർഘമായിരുന്നു, അതുകൊണ്ട്, പേജിൽ ഒതുങ്ങാൻവേണ്ടി നീളം കുറക്കേണ്ടിവന്നു. പരാമർശിക്കപ്പെട്ട വരി ഇന്റർവ്യൂവിന്റെ അവസാനഭാഗത്തായതിനാലാണ് നീളം കുറച്ചപ്പോൾ അത് വെട്ടിപ്പോയത്. പിന്നീട് മേത്ത അഭിമുഖകാരനുമായി സംസാരിച്ച് ഈ ഭാഗം വിട്ടുപോയത് ചൂണ്ടിക്കാട്ടി. ഓൺലൈൻ പതിപ്പിൽ അത് വീണ്ടും ചേർത്തിട്ടുണ്ട്.’’
ഈ വിശദീകരണത്തിലുമുണ്ട് ചില പ്രശ്നങ്ങൾ. ഒന്നാമത്, വെട്ടിക്കളഞ്ഞ ഭാഗം ഒടുവിലല്ല; അത് കഴിഞ്ഞും കുറേ സംഭാഷണമുണ്ട്. പേജിൽ നീളം കണക്കാക്കാൻവേണ്ടിയാണ് കൃത്യമായി ആ ഭാഗം മാത്രം വെട്ടിക്കളഞ്ഞതെന്നത് വിശ്വസിക്കാൻ പ്രയാസം. രണ്ടാമത്, പേജിൽ ഒതുങ്ങേണ്ട പ്രശ്നം ഉണ്ടെങ്കിൽതന്നെ അത് അച്ചടിപ്പതിപ്പിനും ഇ-പേപ്പറിനും മാത്രം ബാധകമാകുന്ന ഒന്നാണ്. ഓൺലൈൻ ലേഖനത്തിൽ സ്ഥലപരിമിതിയുടെ പ്രശ്നമില്ലെന്നിരിക്കെ അതിൽനിന്നുകൂടി ഒഴിവാക്കിയതെന്തിന്?
വെട്ടിമാറ്റിയതിന് നൽകിയ വിശദീകരണവും അത് അബദ്ധവശാൽ സംഭവിച്ചതല്ല എന്ന് സ്ഥിരീകരിക്കുകയേ ചെയ്തുള്ളൂ.
വിദേശ മാധ്യമങ്ങൾ മുമ്പത്തേതിലും കൂടുതലായി ഇന്ത്യയെ ശ്രദ്ധിക്കുന്നുണ്ട്. സ്വാതന്ത്ര്യത്തിന്റെ 76ാം വാർഷികവേളയിൽ ഇത് പ്രകടമായി. വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഈ താൽപര്യം വർധിക്കുമെന്നുറപ്പ്.
എന്നാൽ, ചന്ദ്രയാൻ ദൗത്യത്തിലെ മികവൊഴിച്ചാൽ ഇന്ത്യയെപ്പറ്റി നല്ലത് പറയാൻ വിദേശ മാധ്യമങ്ങൾക്ക് ഏറെയില്ല. അധികരിച്ചുവരുന്ന ഫാഷിസ്റ്റ് പ്രവണതകൾ, മണിപ്പൂർ, കശ്മീർ, ലിഞ്ചിങ് – മോശമായി പറയാൻ കാര്യങ്ങൾ ധാരാളം.
ജൂലൈ 30ന് ന്യൂയോർക് ടൈംസിൽ വന്ന ലേഖനത്തിന്റെ തലക്കെട്ട് ‘ഇന്ത്യയിലെ വംശീയ സംഘർഷം മോദിക്ക് അവഗണിക്കാൻ പറ്റാത്ത ഒന്നായി വളരുന്നുവോ?’ എന്നായിരുന്നു. ആഗസ്റ്റ് ഒന്നിന് വാഷിങ്ടൺ പോസ്റ്റിലെ ലേഖനത്തിന്റെ തലക്കെട്ട്, ‘ബീഭത്സമായ ഒരു പീഡനക്കേസ് ഇന്ത്യയെ പിടിച്ചുലക്കുന്നു; മോദി നടപടിയെടുക്കേണ്ടിയിരിക്കുന്നു’ എന്നും.
വിവിധ രാജ്യങ്ങളിൽ പത്രങ്ങളും മാഗസിനുകളും റേഡിയോ നിലയങ്ങളുമുള്ള മെട്രോ യു.എസിന്റെ വെബ്സൈറ്റിൽ, ഇന്ത്യയിൽ നിലവിലെ രാജ്യദ്രോഹ നിയമത്തിന് പകരം മറ്റൊന്ന് കൊണ്ടുവരുന്നു എന്ന വാർത്ത പ്രാധാന്യത്തോടെ ചേർത്തു. ഉത്തരേന്ത്യയിലെ പ്രളയവും ഇന്ത്യയുടെ സാമ്പത്തികനിലയും വാർത്തയിലുണ്ടെങ്കിലും വിദേശമാധ്യമങ്ങൾ ഇന്ത്യയെ പ്രധാനമായും വാർത്തയായി കാണുന്നത് ഇവിടെ വളരുന്ന വംശീയതയുടെയും സമഗ്രാധിപത്യത്തിന്റെയും പേരിലാണ്.
ഇന്ത്യയുമായുള്ള സൈനിക വിമാനക്കച്ചവടത്തിന് പിന്നിലെ രാഷ്ട്രീയത്തെപ്പറ്റി ഫ്രാൻസ് 24 ചാനലിൽ സംവാദം നടന്നു. മോദി പതിറ്റാണ്ടുകളായി ഭരണകൂട ഹിംസ വളർത്തുന്നു എന്ന് ല മോന്ദ് പത്രത്തിൽ ലേഖനം. മുസ്‍ലിം വീടുകളും വ്യാപാരസ്ഥാപനങ്ങളും തകർത്തുകൊണ്ട് ഇന്ത്യയിൽ ‘വംശഹത്യയാവാം നടക്കുന്നതെ’ന്ന് ഡെമോക്രസി നൗവിൽ റിപ്പോർട്ട്. ഇന്ത്യയിലെ തകരുന്ന ജനാധിപത്യത്തെപ്പറ്റി ടൈം മാഗസിനിൽ ലേഖനം.
ഇത് ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ പാശ്ചാത്യ മാധ്യമങ്ങളിൽ വന്ന ഇന്ത്യൻ ഉള്ളടക്കത്തിന്റെ ചെറിയ സാംപ്ൾ മാത്രം.
മറുവശത്ത് ഇന്ത്യയെപ്പറ്റി ലോക മാധ്യമങ്ങളിൽ വളരുന്ന മോശം പ്രതിച്ഛായ ഇല്ലാതാക്കാൻ ഇന്ത്യയിലെ ചില മാധ്യമങ്ങൾ പ്രത്യേക ശ്രദ്ധ ചെലുത്തുന്നതായി ദ ഇക്കോണമിസ്റ്റ് പറയുന്നു. ലോകത്തെപ്പറ്റി അറിയാനുള്ളതിനേക്കാൾ താൽപര്യം ലോകത്തിന് മുമ്പാകെ ഇന്ത്യയെ അവതരിപ്പിക്കാനാണ്. ഇന്ത്യൻ പത്രങ്ങൾ മുമ്പത്തെപ്പോലെ വിദേശങ്ങളിൽ സ്വ. ലേകളെ നിയമിക്കുന്നില്ല. അതേസമയം, ഇന്ത്യയുടെ ‘‘ദേശീയത’’ ലോകത്തിന് പരിചയപ്പെടുത്താൻ ശ്രമിക്കുന്നു. സുഭാഷ് ചന്ദ്രയുടെ വിയോൺ (World Is One News) അതിനായി തുടങ്ങിയതാണ്. അതിൽ പാൽകി ശർമ നടത്തിയ പരിപാടി അതിവേഗം സ്വീകാര്യത നേടി. പാൽകി ശർമയെ നെറ്റ്‍വർക് 18 തട്ടിയെടുക്കുകയും ചെയ്തു.
ഇന്ത്യയിലെ വംശീയതയും ഫാഷിസ്റ്റ് പ്രവണതയും ചർച്ചയാകുമ്പോൾ പാൽകി ശർമയെപ്പോലുള്ളവർ മറ്റു രാജ്യങ്ങളിൽ അത്തരം കാര്യങ്ങൾ നടക്കുന്നത് കാട്ടി പ്രതിരോധിക്കും. മാധ്യമങ്ങൾ ഏറെയും മോദിസർക്കാറിന്റെ പ്രചാരകരായതായുള്ള നിരീക്ഷണം ദ ഇക്കോണമിസ്റ്റ് എടുത്തുകാട്ടുന്നു. മറ്റു രാജ്യങ്ങളെ കൂടുതൽ അകറ്റുകയെന്ന ഒരു കെണിയിലേക്കാണ് മോദി ചെന്നുവീഴുന്നതെന്നാണ് ദ ഇക്കോണമിസ്റ്റ് കരുതുന്നത്.
തമാശ നിരോധിച്ചിരിക്കുന്നു. ചന്ദ്രനിൽ നീൽ ആംസ്ട്രോങ് ഇറങ്ങിയപ്പോൾ കണ്ടത് മലയാളി ചായക്കടക്കാരനെയാണ് എന്നതൊരു പഴയ തമാശയാണ്. നടൻ പ്രകാശ് രാജ് ‘ചന്ദ്രയാൻ’ കാലത്ത് ഇതൊന്ന് പുതുക്കി. വിക്രം അവിടെ ലാൻഡ് ചെയ്താൽ കാണാൻ പോകുന്നത് എന്ന് കുറിപ്പും. മോദിയെ വിമർശിക്കുന്ന പ്രകാശ് രാജിന്റേത് ചാന്ദ്രദൗത്യത്തെ കളിയാക്കലാണ് എന്നായി വലതുപക്ഷ വൃത്തങ്ങൾ. ഇന്ത്യ ടുഡേ അടക്കം ചാനലുകൾ അത് ചർച്ചവരെയാക്കി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.