വിദ്വേഷ ആക്രമണങ്ങളുടെ വിഡിയോ പ്രചരിച്ചാലും കേസെടുക്കാൻ വലിയ കാലതാമസമാണിവിടെ എന്ന ആക്ഷേപം നിലനിൽക്കുമ്പോഴും ചില മാധ്യമസ്ഥാപനങ്ങൾക്കെതിരെ സർക്കാർ ഏജൻസികളെ ഇറക്കിവിടാൻ വിദേശ പത്രത്തിലെ ഒരു റിപ്പോർട്ട് മതിയാകും. ന്യൂസ് ക്ലിക് എന്ന വാർത്ത പോർട്ടലിനെതിരെ 2021 മുതൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം നടത്തുന്നുണ്ട്. കള്ളപ്പണം വെളുപ്പിച്ചു, വിദേശനാണ്യ വിനിമയച്ചട്ടം ലംഘിച്ചു തുടങ്ങിയവയാണ് ആരോപണങ്ങൾ. വേൾഡ് വൈഡ് മീഡിയ ഹോൾഡിങ്സ് എൽ.എൽ.സി എന്ന അമേരിക്കൻ കമ്പനിയിൽനിന്ന് 38 കോടി രൂപ ന്യൂസ് ക്ലിക് കൈപ്പറ്റി എന്നാണ് ആരോപണത്തിന്റെ ഒരുവശം. വേൾഡ് വൈഡ് മീഡിയ കമ്പനിയുടെ ഉടമ നെവിൽ റോയ് സിങ്ങമാണ്....
വിദ്വേഷ ആക്രമണങ്ങളുടെ വിഡിയോ പ്രചരിച്ചാലും കേസെടുക്കാൻ വലിയ കാലതാമസമാണിവിടെ എന്ന ആക്ഷേപം നിലനിൽക്കുമ്പോഴും ചില മാധ്യമസ്ഥാപനങ്ങൾക്കെതിരെ സർക്കാർ ഏജൻസികളെ ഇറക്കിവിടാൻ വിദേശ പത്രത്തിലെ ഒരു റിപ്പോർട്ട് മതിയാകും.
ന്യൂസ് ക്ലിക് എന്ന വാർത്ത പോർട്ടലിനെതിരെ 2021 മുതൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം നടത്തുന്നുണ്ട്. കള്ളപ്പണം വെളുപ്പിച്ചു, വിദേശനാണ്യ വിനിമയച്ചട്ടം ലംഘിച്ചു തുടങ്ങിയവയാണ് ആരോപണങ്ങൾ. വേൾഡ് വൈഡ് മീഡിയ ഹോൾഡിങ്സ് എൽ.എൽ.സി എന്ന അമേരിക്കൻ കമ്പനിയിൽനിന്ന് 38 കോടി രൂപ ന്യൂസ് ക്ലിക് കൈപ്പറ്റി എന്നാണ് ആരോപണത്തിന്റെ ഒരുവശം. വേൾഡ് വൈഡ് മീഡിയ കമ്പനിയുടെ ഉടമ നെവിൽ റോയ് സിങ്ങമാണ്. സിങ്ങമിന് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധമുണ്ടെന്നതാണ് ആരോപണത്തിന്റെ മറ്റൊരു വശം. മൂന്നാമത്തേത്, കിട്ടിയ പണത്തിൽനിന്ന് ഗൗതം നവ്‍ലഖ, ടീസ്റ്റ സെറ്റൽവാദ് തുടങ്ങിയ ജേണലിസ്റ്റുകൾക്കും ആക്ടിവിസ്റ്റുകൾക്കും ന്യൂസ് ക്ലിക് വിതരണംചെയ്തു എന്നും. അവരുടെ ലേഖനങ്ങൾക്ക് പ്രതിഫലം അയച്ചുകൊടുത്തതിനെയാണ് ഇങ്ങനെ ചിത്രീകരിക്കുന്നത്.
ന്യൂസ് ക്ലിക് പറയുന്നത്, സിങ്ങമിൽനിന്ന് തങ്ങൾ പണം പറ്റിയിട്ടുണ്ട് എന്നും എന്നാലത് പൂർണമായും നിയമാനുസൃതമാണ് എന്നുമാണ്. ഡൽഹി ഹൈകോടതി ന്യൂസ് ക്ലിക് ജേണലിസ്റ്റുകൾക്ക് അറസ്റ്റിൽനിന്ന് സംരക്ഷണം നൽകിയിട്ടുണ്ട്. ആദായനികുതി വകുപ്പ് ഫയൽ ചെയ്ത പരാതി ഡൽഹി കോടതി തള്ളുകയും ചെയ്തു.
ഇപ്പോൾ പെട്ടെന്ന് ഈ ആരോപണങ്ങൾക്കും കേസിനും ജീവൻ വെക്കാൻ കാരണം ന്യൂയോർക് ടൈംസ് പ്രസിദ്ധപ്പെടുത്തിയ സുദീർഘമായ ഒരു റിപ്പോർട്ടാണ്.
ആഗസ്റ്റ് 5നാണ് റിപ്പോർട്ട് വരുന്നത്. ‘ചൈനയുടെ ആഗോള പ്രചാരണ ശൃംഖല ചെന്നെത്തുന്നത് യു.എസ് ടെക് ഭീമനിൽ’ എന്ന തലക്കെട്ടിലുള്ള റിപ്പോർട്ടിന്റെ ചുരുക്കം, ചൈനക്കുവേണ്ടി ചൈനയുടെ വാദങ്ങൾ അവതരിപ്പിക്കാൻ അമേരിക്കൻ സന്നദ്ധ സംഘടനകളെ ഉപയോഗപ്പെടുത്തിവരുന്ന വലിയൊരു സാമ്പത്തിക ശൃംഖലയെ തുറന്നുകാട്ടുന്ന റിപ്പോർട്ട് എന്നാണ് ടൈംസ് ഇതിനെ വിശേഷിപ്പിച്ചത്.
സിങ്ങമിന്റെ ഫണ്ട് പറ്റുന്ന സന്നദ്ധസംഘടനകളെപ്പറ്റി അന്വേഷണം നടത്തണമെന്ന ആവശ്യം ഉന്നയിക്കുന്ന ടൈംസ് അതുവഴി സ്വന്തം പക്ഷം അനാവരണം ചെയ്യുന്നു. കാരണം, എന്തൊക്കെയോ വ്യാജ ഇടപാടുകളുടെ തലച്ചോറെന്ന മട്ടിൽ പത്രം അവതരിപ്പിക്കുന്ന സിങ്ങം ഇടതുപക്ഷക്കാരനും അമേരിക്കയുടെ യുദ്ധോത്സുകതയെ തുറന്നെതിർക്കുന്നയാളുമൊക്കെയാണ്. അദ്ദേഹം സാമ്പത്തികസഹായം ചെയ്യുന്ന എൻ.ജി.ഒകളിൽ യുദ്ധവിരുദ്ധ സംഘടനയായ ‘കോഡ് പിങ്ക്’, സോഷ്യലിസ്റ്റ് ബുദ്ധികേന്ദ്രമായ ‘ടൈ കോണ്ടിനെന്റൽ’ തുടങ്ങിയവയുണ്ട്.
വ്ലാദിമിർ പുടിനെ എതിർത്ത യെവ്ഗനി പ്രിഗോഷിൻ സ്വന്തം ജീവൻ വിലയായി നൽകി. അദ്ദേഹം കയറിയ വിമാനം തകർന്നുവീഴുകയായിരുന്നു. കൊലപാതകമെന്നത് റഷ്യാ വിരുദ്ധരുടെ ആരോപണം മാത്രമാണെന്ന് റഷ്യ പറയുമ്പോഴും, പുടിൻ സർക്കാറിനെ എതിർത്ത അരഡസനോളം പേരുടെ നിഗൂഢമരണങ്ങൾ ശക്തമായ സാഹചര്യത്തെളിവായി മാറുന്നുണ്ട്. അമേരിക്കൻ മാധ്യമങ്ങളേതായാലും പ്രിഗോഷിന്റെ മരണത്തിനു പിന്നിൽ പുടിന്റെ പങ്ക് ഉറപ്പിക്കുന്നു. ‘ട്രിബ്യൂൺ ഏജൻസി’ക്കുവേണ്ടി ബ്രിൽ ബ്രാംഹാൾ വരച്ച ഈ കാർട്ടൂൺ എല്ലാ സമഗ്രാധിപതികൾക്കും ബാധകമാണ്. തോക്ക് ചൂണ്ടിക്കൊണ്ട് പുടിൻ പറയുന്നത്: ‘‘അപ്പോൾ നാം ഏകകണ്ഠമായി തീരുമാനിക്കുന്നു, ആ വിമാനാപകടം വെറും അപകടമായിരുന്നു എന്ന്’’
ടൈംസ് വാർത്ത വന്ന ഉടനെ റിപ്പബ്ലിക്കൻ പാർട്ടിക്കാരനായ എം.പി മാർകോ റുബിയോ നിയമവകുപ്പിന് കത്തെഴുതി: കോഡ് പിങ്കും ട്രൈകോണ്ടിനെന്റലും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നിർദേശമനുസരിച്ച് പ്രവർത്തിക്കുന്നവയാണ്. ഇത് തുടരാൻ അനുവദിച്ചുകൂടാ.
സിങ്ങമിൽനിന്ന് ഫണ്ട് ലഭിക്കുന്ന വിദേശസംഘങ്ങളുടെ കൂട്ടത്തിൽ ഇന്ത്യയിലെ വേൾഡ് വൈഡ് മീഡിയ ഹോൾഡിങ്സിന്റെ പേരും ടൈംസ് റിപ്പോർട്ടിലുണ്ട്.
ടൈംസിന്റെയും ഇന്ത്യയിലെ ഭരണപക്ഷത്തിന്റെയും രാഷ്ട്രീയ നിലപാട് യോജിക്കുന്ന ബിന്ദുവാണ് ഇടതുവിരോധം. പുതിയ തെളിവെന്നോണം ടൈംസ് റിപ്പോർട്ടിനെ ഇവിടത്തെ വലതുപക്ഷ മാധ്യമങ്ങൾ ഉയർത്തിക്കാട്ടുന്നുമുണ്ട്. എന്നാൽ, മുമ്പേ ഉന്നയിക്കപ്പെട്ട ആരോപണങ്ങളല്ലാതെ തെളിവായി ഒന്നും ടൈംസ് റിപ്പോർട്ടിലില്ല.
‘ഫെയർ’ (Fairness and Accuracy in Reporting) എന്ന മാധ്യമനിരീക്ഷണ സൈറ്റ് ടൈംസിന്റെ റിപ്പോർട്ട് അൽപം വിശദമായി പരിശോധിച്ചു. അതിൽ ജൂലി ഹോളർ എഴുതുന്നു: ‘‘മൂവായിരത്തിലേറെ വാക്കുണ്ട് ലേഖനത്തിൽ. ഇത്ര നീളമുണ്ടെങ്കിലും തെളിവായി അതിൽ ഒന്നുമില്ല. ജീവകാരുണ്യ പ്രവർത്തകനായ സിങ്ങമാകട്ടെ, അദ്ദേഹം സാമ്പത്തികമായി സഹായിക്കുന്ന ഗ്രൂപ്പുകളാകട്ടെ തെറ്റായ എന്തെങ്കിലും ജോലിയിലേർപ്പെടുന്നതിന്റെ ഒരു തെളിവും ലേഖനത്തിലില്ല. അദ്ദേഹവും ആ ഗ്രൂപ്പുകളും ചൈനയോട് ചായ്‍വ് കാണിക്കുന്നു എന്ന് മാത്രമേ തെളിയുന്നുള്ളൂ. എന്നാൽ, പത്രമാകട്ടെ, അവരെല്ലാം ചൈനയുടെ ഒളിപ്പടയാണെന്ന ദുസ്സൂചന വീണ്ടും വീണ്ടും ആവർത്തിക്കുന്നുണ്ട്.
ഇടതുപക്ഷ താൽപര്യങ്ങൾക്ക് പണം ചെലവിടുന്നയാളാണ് സിങ്ങം എന്നത് രഹസ്യമല്ല. എന്നാൽ, ടൈംസ് റിപ്പോർട്ട് പദപ്രയോഗങ്ങൾകൊണ്ട് (തെളിവു നൽകാതെ) സൂചിപ്പിക്കുന്നത് അദ്ദേഹം ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുന്നു എന്നാണ് (തലക്കെട്ടിലടക്കം റിപ്പോർട്ടിൽ 13 തവണ ‘പ്രോപഗണ്ട’ എന്ന വാക്ക് ഉപയോഗിക്കുന്നുണ്ട്). ചൈനീസ് നേതാക്കൾക്കൊപ്പം സിങ്ങം പരിപാടികളിൽ പങ്കെടുത്തതിന്റെ ചിത്രങ്ങളുണ്ട്. പക്ഷേ, ഇതിലൊന്നും നിയമവിരുദ്ധ പ്രവർത്തനത്തിന്റെ ഒരു തെളിവുമില്ലെന്ന് ഫെയർ പറയുന്നു. ‘‘ഇവിടെ ചൈനക്ക് പകരം യുക്രെയ്ൻ എന്നായിരുന്നെങ്കിൽ ടൈംസ് ഇങ്ങനെയൊരു റിപ്പോർട്ടുണ്ടാക്കാൻ ലേഖകരെ അയക്കില്ലായിരുന്നു.’’
സിങ്ങമിൽനിന്ന് ധനസഹായം കൈപ്പറ്റിയ മാധ്യമസ്ഥാപനങ്ങളെയും അദ്ദേഹവുമായി സൗഹൃദം പുലർത്തുന്ന ജേണലിസ്റ്റുകളെയും ഈ ചൈനീസ് പ്രചാരണ ശൃംഖലയുടെ ഭാഗമെന്ന് ദ്യോതിപ്പിക്കുന്നുണ്ട് ടൈംസ് റിപ്പോർട്ട്. അദ്ദേഹത്തിന്റെ വിവാഹത്തിൽ പങ്കെടുത്ത ഡെമോക്രസി നൗ! അവതാരക എയ്മി ഗുഡ്മൻ അടക്കം അതിൽപെടുന്നു എന്നാണ് സൂചന.
ന്യൂയോർക് ടൈംസിന്റെ ഇടതുപക്ഷ വിരുദ്ധതയുടെ ഉൽപന്നമാണ് വേൾഡ് വൈഡ് മീഡിയ ഹോൾഡിങ്സ് കമ്പനിക്കെതിരായ, തെളിവുകൾ നൽകാത്ത നീണ്ട റിപ്പോർട്ട്. ഇന്ത്യയിലെ മാധ്യമവേട്ടക്ക് അത് ആയുധമാക്കുകയാണ് അധികാരികൾ. വിധേയമാധ്യമങ്ങളിൽ ഉൾപ്പെടാത്ത ന്യൂസ് ക്ലിക് സർക്കാർ നയങ്ങളെ വിമർശിക്കാൻ മടികാണിക്കാറില്ല.
വിചിത്ര ബാലനീതി
ഫാക്ട് ചെക്കിങ് സൈറ്റായ ആൾട്ട് ന്യൂസിന്റെ സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ വീണ്ടും കേസ്. മുസഫർനഗറിലെ ഒരു യു.പി സ്കൂളിൽ പ്രധാനാധ്യാപിക മുസ്‍ലിം വിദ്യാർഥിയെ വർഗീയമായി വിശേഷിപ്പിക്കുകയും മറ്റു കുട്ടികളെക്കൊണ്ട് തല്ലിക്കുകയും ചെയ്ത സംഭവത്തിന്റെ വിഡിയോ ഷെയർ ചെയ്തതാണ് കാരണം. വിദ്യാർഥിയെ തിരിച്ചറിയാനാവുന്ന തരത്തിൽ വിഡിയോ ഷെയർ ചെയ്തത് ബാലനീതി നിയമത്തിന്റെ ലംഘനമാണ്.
പീഡനത്തിനിരയാകുന്ന, അല്ലെങ്കിൽ കുറ്റകൃത്യം ചെയ്യുന്ന, കുട്ടികളുടെ സുരക്ഷക്കുവേണ്ടിയുള്ളതാണ് ബാലനീതി നിയമത്തിലെ ചട്ടം. എന്നാൽ, അത് പ്രയോഗിക്കുന്ന രീതി ബാലനീതിയുടെ നിഷേധമാകുന്നു.
ആ വിഡിയോ ഷെയർ ചെയ്യപ്പെട്ട് വൈറലായതുകൊണ്ട് മാത്രമാണ് കുട്ടിയോട് ചെയ്ത കടുത്ത ക്രൂരത നാടറിഞ്ഞത്. അതിനെതിരെ രോഷമുയർന്നതുകൊണ്ട് മാത്രമാണ് അധികൃതർ ആ അധ്യാപികക്കെതിരെ നിസ്സാര വകുപ്പുപ്രകാരമെങ്കിലും നടപടിയെടുത്തത്.
ബാലനീതി നിയമത്തിലെ വ്യവസ്ഥ, വാർത്ത റിപ്പോർട്ട് ചെയ്യുന്നത് തടയാൻ അധികാരികൾക്ക് സഹായകമാകുന്നുണ്ട്. മുസഫർനഗറിലെ കുട്ടിയുടെ പേരും വിലാസവും മറ്റുമെല്ലാം എല്ലായിടവും എത്തിക്കഴിഞ്ഞശേഷം അതുപയോഗിച്ച് വാർത്തകൾ തടയുകയാണ്. ‘ട്വിറ്ററി’ൽ (‘എക്സ്’) ആ സംഭവത്തെപ്പറ്റിയുള്ള അനേകം പോസ്റ്റുകൾ അന്യായമായി തടഞ്ഞതായി പരാതി ഉയർന്നിട്ടുണ്ട്. കുട്ടിയെ തിരിച്ചറിയുന്ന ഒന്നും ഇല്ലാഞ്ഞിട്ടും അവ ‘എക്സ്’ എടുത്തുമാറ്റുകയാണത്രെ – ബാലനീതി നിയമം ചൂണ്ടിക്കാട്ടിയുള്ള അധികൃതരുടെ നിർദേശത്തിന്റെ മറവിലാണിത്.
കുറ്റകൃത്യങ്ങൾ അനുവദിക്കപ്പെടുകയും അവ പുറത്തറിയിക്കുന്നത് ശിക്ഷിക്കപ്പെടുകയും ചെയ്യുന്ന വിചിത്ര നീതിയാണ് നിയമംവഴി നടപ്പാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.