നാഗാലാൻഡിൽ കൊല്ലപ്പെട്ട 14 ഗ്രാമീണർക്കും കുടുംബങ്ങളുണ്ട്. അവർക്കുമുണ്ട് ദുഃഖവും നഷ്ടവും. അവരുടെ കഥകളും രാജ്യം കേൾക്കാനാഗ്രഹിക്കുന്നു. പക്ഷേ, നമ്മുടെ മിക്ക പത്രങ്ങളിലും ആ സംഭവത്തെപ്പറ്റി മൂന്നു ദിവസങ്ങളിലായി മൂന്നു റിപ്പോർട്ടുകളാണ് വന്നത്.
രണ്ട് ദുരന്തങ്ങൾ. ഒന്നിൽ 14 ഗ്രാമീണർ കൊല്ലപ്പെട്ടു; മറ്റേതിൽ സൈനികരടക്കം 13 പേർ കൊല്ലപ്പെട്ടു. ഒന്നിൽ സൈനികർ കൊലയാളികളാണ്; മറ്റേതിൽ ഇരകളും. രണ്ടും ഇന്ത്യയിൽ നാലു ദിവസത്തെ വ്യത്യാസത്തിൽ സംഭവിച്ചത്. നാഗാലാൻഡിൽ സൈനികരുടെ വെടിയേറ്റ് കൊല്ലപ്പെട്ട 14 ഗ്രാമീണരും കൂനൂരിൽ ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ട 13 സൈനികരും രാജ്യത്തെ നടുക്കിയ രണ്ട് അത്യാഹിതങ്ങളുടെ ഇരകൾ.
നാഗാലാൻഡ് സംഭവത്തിെൻറ റിപ്പോർട്ടുകൾ പത്രങ്ങളിൽ ആദ്യം വരുന്നത് ഡിസംബർ ആറിനാണ്; കൂനൂർ സംഭവത്തിേൻറത് ഒമ്പതിനും.
എന്നാൽ, രണ്ടിെൻറയും കവറേജിൽ വലിയ വ്യത്യാസം കാണാം. വാർത്താ പ്രാധാന്യത്തിലുള്ള ഈ അന്തരത്തിന് പ്രധാന കാരണം, ഹെലികോപ്ടർ ദുരന്തത്തിൽ സൈനികമേധാവി ബിപിൻ റാവത്ത് ഉൾപ്പെട്ടു എന്നതാണ്.
പക്ഷേ, നാഗാലാൻഡ് കൂട്ടക്കൊല ഇത്രയേറെ അവഗണിക്കപ്പെട്ടതിന് ന്യായം കണ്ടെത്തുക പ്രയാസം. ഒരുനിലക്ക്, ഹെലികോപ്ടർ അത്യാഹിതത്തേക്കാൾ രാഷ്ട്രീയ ഗൗരവം നാഗാലാൻഡിൽ സൈന്യത്തിന് പിണഞ്ഞ ''അബദ്ധ''ത്തിനുണ്ട്. കാരണം അത് ഒരു കരിനിയമത്തിെൻറ (സായുധസേനാ പ്രത്യേകാധികാര നിയമം -അഫ്സ്പ) ബലത്തിൽ സംഭവിച്ചതാണ്. ഭരണകൂട നയവുമായി ബന്ധപ്പെട്ട കാര്യമെന്നനിലക്ക് അതേപ്പറ്റി മുഖപ്രസംഗങ്ങൾക്ക് ധാരാളം വകയുമുണ്ടായിരുന്നു. എന്നാൽ, മലയാള പത്രങ്ങളുടെ കൂട്ടത്തിൽ, കൂനൂർ ദുരന്തത്തെപ്പറ്റി തൽക്ഷണ എഡിറ്റോറിയലെഴുതിയ കുറെ എണ്ണത്തിന് നാഗാലാൻഡിനെപ്പറ്റിയോ അഫ്സ്പയെപ്പറ്റിയോ എഴുതണമെന്ന് തോന്നിയില്ല. മലയാള മനോരമ, മാതൃഭൂമി, കേരള കൗമുദി, മംഗളം തുടങ്ങിയവ നാഗാലാൻഡ് സംഭവത്തെപ്പറ്റി മുഖപ്രസംഗമെഴുതാത്തവയിൽപെടുന്നു.
കൂനൂർ ദുരന്തം ഒമ്പത് മുതൽ 12 വരെ തീയതികളിൽ ഒന്നാം പേജിലുണ്ടായിരുന്നു. ഇതിനുപുറമെ, സെൻറർ സ്പ്രെഡ് അടക്കം മുഴുപ്പേജുകളും. റാവത്തും ഭാര്യ മധുലികയും ദുരന്തത്തിൽപെട്ടത് സംഭവത്തിെൻറ വാർത്താപ്രാധാന്യം വർധിപ്പിച്ചു. അത് സ്വാഭാവികം. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ കുറിച്ചും അവരുടെ ദുഃഖത്തെ കുറിച്ചും കൊല്ലപ്പെട്ടവരുടെ ഭാര്യമാർ കാണിച്ച കരളുറപ്പിനെ കുറിച്ചും വിശദമായ വാർത്തകൾ നൽകാൻ മാധ്യമങ്ങൾക്ക് കഴിഞ്ഞു.
എന്നാൽ, നാഗാലാൻഡിൽ കൊല്ലപ്പെട്ട 14 ഗ്രാമീണർക്കും കുടുംബങ്ങളുണ്ട്. അവർക്കുമുണ്ട് ദുഃഖവും നഷ്ടവും. അവരുടെ കഥകളും രാജ്യം കേൾക്കാനാഗ്രഹിക്കുന്നു. പക്ഷേ, നമ്മുടെ മിക്ക പത്രങ്ങളിലും ആ സംഭവത്തെപ്പറ്റി മൂന്നു ദിവസങ്ങളിലായി മൂന്നു റിപ്പോർട്ടുകളാണ് വന്നത്.
ഡിസംബർ നാലിന് നടന്ന സംഭവം ഒരുദിവസം കഴിഞ്ഞാണ് പുറത്തറിയുന്നത്. അതിനിടക്ക് ഗ്രാമീണരുടെ മൃതദേഹങ്ങൾ ഒളിപ്പിക്കാൻവരെ ശ്രമമുണ്ടായി എന്ന് ആരോപണമുണ്ട്. ആറിന് സംഭവത്തെപ്പറ്റി ആദ്യ റിപ്പോർട്ട് പത്രങ്ങളിൽ വന്നു -ഏറെയും ലീഡ് വാർത്ത തന്നെ. പിറ്റേന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ഖേദപ്രകടനം, കൊല നടത്തിയവർക്കെതിരെ അന്വേഷണം എന്നീ വാർത്തകളും. നാഗാലാൻഡ് സമാധാന ശ്രമങ്ങൾക്ക് ഇത് തിരിച്ചടിയാകാമെന്ന വിശകലനവും പൊലീസ് കേസിെൻറ വാർത്തയും ചില പത്രങ്ങളിൽ വന്നു.
'അഫ്സ്പ' എന്ന നിയമം ഈ സംഭവത്തിെൻറ പശ്ചാത്തലത്തിലുണ്ടെങ്കിലും അതിനെപ്പറ്റി പാർശ്വവാർത്തകൾ തയാറാക്കാൻപോലും മിക്ക പത്രങ്ങൾക്കും കഴിഞ്ഞില്ല. നാഗാലാൻഡിലും മണിപ്പൂരിലും കശ്മീരിലുമടക്കം സൈന്യത്തിന് അമിതാധികാരം നൽകുന്ന നിയമത്തെ നിരൂപണം ചെയ്യാൻ കിട്ടിയ സന്ദർഭം അവ കണ്ടില്ലെന്ന് നടിച്ചു.
ഹെലികോപ്ടർ അപകടവുമായി ബന്ധപ്പെട്ട അസംഖ്യം റിപ്പോർട്ടുകളിൽ, മുമ്പ് നടന്ന വ്യോമ അപകടങ്ങൾ, അവയിൽ ഉൾപ്പെട്ടവർ, അപകടത്തിെൻറ കാരണങ്ങളെ കുറിച്ചുള്ള നിരീക്ഷണങ്ങൾ എന്നിവ വിസ്തരിച്ചു. എന്നാൽ, നാഗാലാൻഡ് ദുരന്തത്തോട് ബന്ധപ്പെട്ട് അഫ്സ്പയുടെ ദുരുപയോഗംമൂലമുണ്ടായ അനേകം സംഭവങ്ങളെപ്പറ്റിയോ ആ നിയമത്തിെൻറ കരാളവകുപ്പുകളെപ്പറ്റി പോലുമോ പത്രങ്ങൾ നമ്മെ അറിയിച്ചില്ല.
കൂനൂർ ദുരന്തത്തിെൻറ ഇരകളുടെ അന്ത്യ സംസ്കാരച്ചടങ്ങുകൾ മാധ്യമങ്ങൾ ഒപ്പിയെടുത്തു. നാഗാലാൻഡിലെ കൂട്ടക്കൊലയുടെ ഇരകളുടെ പേരുപോലും അവ പറഞ്ഞുതന്നില്ല.
ഇന്ന് രാജ്യത്ത് പടർന്ന പ്രകടനാത്മക തീവ്ര ദേശീയതയുടെ സമ്മർദമാണ് കൂനൂർ ദുരന്തത്തിെൻറ പാർശ്വവാർത്തകളിൽ കാണുന്നതെന്ന് വാദിക്കാം. പക്ഷേ, അതൊന്നും നാഗാലാൻഡ് സംഭവത്തെ നിസ്സാരമാക്കുന്നതിന് ന്യായമല്ല. ഭരണഘടന നൽകുന്ന പൗരാവകാശങ്ങളുമായും ഭരണകൂടം കൈയാളുന്ന അമിതാധികാരവുമായും നേർക്കുനേരെ ബന്ധമുള്ള സംഭവമാണ് നാഗാലാൻഡ് കൂട്ടക്കൊല. ആ 14 പേർക്ക് മാധ്യമങ്ങൾ സമ്മാനിച്ച അവഗണനയുടെ ആഴം വ്യക്തമാക്കാൻ കൂനൂർ കവറേജ് ഉപകരിച്ചു.
അപവാദങ്ങളില്ലെന്നല്ല. കൽക്കരി ഖനിയിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പിക്കപ് വാനിൽ മടങ്ങുകയായിരുന്ന ഗ്രാമീണരോട് വണ്ടി നിർത്താനാവശ്യപ്പെട്ടെന്നും നിർത്താതെ പോയതുകൊണ്ട് വെടിവെച്ചതാണെന്നും സൈന്യം അവകാശപ്പെട്ടിരുന്നു. ഈ ഘട്ടത്തിൽ ഇന്ത്യൻ എക്സ്പ്രസ് ലേഖകൻ വെടിവെപ്പിൽ പരിക്കേറ്റ് ആശുപത്രിയിലുള്ള ഗ്രാമീണരെ കണ്ട് നേരിട്ടന്വേഷിച്ചു. വണ്ടി നിർത്താൻ ആവശ്യപ്പെട്ടില്ലെന്നും നിരപരാധികളെ വെറുതെ വെടിവെക്കുകയായിരുന്നെന്നുമാണ് പരിക്കേറ്റവർ അറിയിച്ചത്. ഇതുപോലെ നേരിട്ടന്വേഷിച്ച് സത്യം കണ്ടെത്താൻ ചില മാധ്യമങ്ങൾ ശ്രദ്ധിച്ചിട്ടുണ്ട്. അബദ്ധം പിണഞ്ഞതാണെന്ന ഔദ്യോഗിക നിലപാടിനെ നിരാകരിക്കുന്നുണ്ട് അവ.
കൂനൂരിലേത് ദൗർഭാഗ്യകരമായ അപകടമായിരുന്നെങ്കിൽ നാഗാലാൻഡിലേത് അങ്ങനെയല്ല. ആ കാരണംകൊണ്ടുതന്നെ അതിന് വാർത്താപ്രാധാന്യം ഏറെയാണ്. അഫ്സ്പ പിൻവലിക്കണമെന്ന നാഗാലാൻഡ് സർക്കാറിെൻറ ആവശ്യംപോലും ഒരു ചെറുവാർത്തയിലൊതുക്കിയ പത്രങ്ങൾ, ആ കരിനിയമത്തിെൻറ ഇരകളായ 14 ഗ്രാമീണരുടെ മരണത്തോട് നീതി ചെയ്തില്ല. സർക്കാറുകളുടെ ഔദ്യോഗിക പ്രസ്താവനകൾകൊണ്ട് തൃപ്തിപ്പെടാൻ മാധ്യമങ്ങൾക്ക് സാധിക്കുേമ്പാൾ അതിനർഥം ഇത്തരം ദുരന്തങ്ങളിൽ അവക്കും ഇനിമേൽ പങ്കുണ്ടെന്നുതന്നെ.
വർഗീയ അക്രമങ്ങൾക്കും വംശഹത്യക്കും വരെ സമൂഹ മാധ്യമങ്ങൾ സൗകര്യമൊരുക്കുന്നു എന്ന ആരോപണം പുതിയതല്ല. ഇന്ത്യയിൽ വർഗീയത വളർത്താൻ ബോധപൂർവം ശ്രമം നടക്കുന്നു എന്നറിഞ്ഞിട്ടും വാണിജ്യനഷ്ടം ഭയന്ന് ഫേസ്ബുക്ക് അനങ്ങാതിരുന്നതിനെപ്പറ്റിയും കുറെ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. മ്യാൻമറിലെ വംശഹത്യയിലും ഫേസ്ബുക്കിനുള്ള പങ്ക് മുേമ്പ റിപ്പോർട്ട് ചെയ്യപ്പെട്ടതാണ്.
ഇപ്പോൾ യു.എസിലെ ഒരു റോഹിങ്ക്യക്കാരി ഫേസ്ബുക്കിനും മാതൃസ്ഥാപനമായ മെറ്റക്കുമെതിരെ കേസ് കൊടുത്തിരിക്കുന്നു. മ്യാൻമറിൽനിന്ന് ജീവനുംകൊണ്ട് രക്ഷപ്പെട്ട ലക്ഷക്കണക്കിന് അഭയാർഥികളിൽ പതിനായിരത്തിലധികം പേർ 2012 മുതൽ അമേരിക്കയിൽ താമസിക്കുന്നുണ്ട്. അവരെ പ്രതിനിധാനംചെയ്തുകൊണ്ട് ഫയൽ ചെയ്ത കേസിൽ 15,000 കോടി ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെടുന്നു.
വിദ്വേഷ പ്രസ്താവനകളും കമൻറുകളും കൂടുതൽ പ്രചരിപ്പിക്കുന്ന തരത്തിലാണ് ഫേസ്ബുക്കിെൻറ ആൽഗരിതം. അക്രമങ്ങൾക്ക് പ്രേരണയും പ്രോത്സാഹനവും നൽകുന്ന പോസ്റ്റുകൾ തടയാനും കലാപങ്ങൾക്ക് സാധ്യത വർധിപ്പിക്കാതിരിക്കാനും കമ്പനിക്ക് ബാധ്യതയുണ്ടായിരുന്നു. വംശീയ അതിക്രമങ്ങൾക്ക് വഴിവെക്കുമെന്ന് അനേകം പോസ്റ്റുകളെപ്പറ്റി കമ്പനിക്ക് മുന്നറിയിപ്പ് നൽകിയിരുന്നതാണ്. പക്ഷേ, കമ്പനി നടപടിയെടുത്തില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കേസ്.
ബ്രിട്ടനിലും റോഹിങ്ക്യൻ അഭയാർഥികൾ ഇത്തരമൊരു കേസ് ഫയൽചെയ്യാനുള്ള ഒരുക്കത്തിലാണ്.
2017ലെ പട്ടാളഭീകരതയിൽ ഏഴര ലക്ഷത്തോളം മുസ്ലിംകളാണ് മ്യാൻമറിൽനിന്ന് ആട്ടിയോടിക്കപ്പെട്ടത്. ബലാത്സംഗം, കൊല, വീടുകൾക്ക് തീവെപ്പ് തുടങ്ങി ''വംശഹത്യയുടെ ടെക്സ്റ്റ് ബുക്ക് മാതൃക''യെന്ന് ഐക്യരാഷ്ട്ര സഭ തന്നെ വിശേഷിപ്പിച്ച ക്രൂരതകൾ അവിടെ അരങ്ങേറി. ഈ പൈശാചികതക്ക് ഊർജം പകരാനായി മ്യാൻമറിലെ തീവ്ര ദേശീയവാദികളായ ബുദ്ധസന്ന്യാസിമാരും സർക്കാറിലെ ഉന്നതരും റോഹിങ്ക്യർക്കെതിരെ വിരോധം വളർത്താൻ വ്യാജവാർത്തകൾ ധാരാളം പ്രചരിപ്പിച്ചു; അനേകം വ്യാജ വിഡിയോകളും. ഇതിനെല്ലാം ഫേസ്ബുക്ക് സൗകര്യം നൽകി എന്ന് യു.എന്നിെൻറ അന്വേഷണത്തിൽ കണ്ടു.
അക്രമോത്സുക തീവ്ര ദേശീയത വെറുപ്പ് വളർത്തി സ്വാധീനമുറപ്പിക്കാൻ സമൂഹമാധ്യമങ്ങളെ നന്നായി ആശ്രയിക്കുന്നു. അത് തടയുന്നതിനു പകരം ഫേസ്ബുക്ക് സ്വന്തം വളർച്ച മാത്രം ലക്ഷ്യമിട്ട് വർഗീയ പ്രചാരണങ്ങൾക്ക് പ്രോത്സാഹനം നൽകി.
ഫേസ്ബുക്കിനെതിരെ അടുത്തകാലത്ത് പുറത്തുവന്ന പല വെളിപ്പെടുത്തലുകളും ഈ ആരോപണത്തിന് ബലം നൽകുന്നു.
സമൂഹമാധ്യമ കമ്പനികളിൽ ഉത്തരവാദിത്തബോധം വളർത്താൻ ഈ കേസുകൾ നിമിത്തമാകുമോ?
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.