അടിയന്തരാവസ്ഥാ പ്രഖ്യാപനം വേണ്ടിവരുന്നില്ല ഒന്നിനും. കാർഷിക നിയമങ്ങൾ വെറും മിനിറ്റുകൾകൊണ്ട് പാസാക്കാൻ സാധിച്ചു; അതിനെക്കാൾ കുറഞ്ഞ സമയം കൊണ്ട് പിൻവലിക്കാനും സാധിച്ചു. പ്രതിപക്ഷത്തെ തീർത്തും അവഗണിക്കാൻ സാധിച്ചു. മാധ്യമങ്ങളെ നിരന്തരം പീഡിപ്പിക്കാൻ കഴിയുന്നു. ഒടുവിൽ, പാർലമെൻറിൽ മാധ്യമങ്ങൾക്ക് ഭാഗിക വിലക്കേർപ്പെടുത്താൻവരെ കഴിഞ്ഞു.
ഇതെല്ലാം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ടേ കഴിയൂ എന്നു കരുതിയവർക്ക് തെറ്റി.
ഇപ്പോൾ പ്രസ് കൗൺസിലും മറ്റും പ്രതിഷേധവുമായി ഇറങ്ങിയിരിക്കുന്നു.
മാധ്യമനിയന്ത്രണത്തിനും വഴിയൊരുക്കിയത്, മറ്റുപല സമഗ്രാധിപത്യ നടപടികളിലുമെന്നപോലെ, കോവിഡ് മഹാമാരിതന്നെ. കഴിഞ്ഞ കൊല്ലം മാർച്ചിലാണ് രോഗപ്പകർച്ച നിയന്ത്രിക്കാനെന്നപേരിൽ മാധ്യമപ്രവർത്തകർക്ക് പാർലമെൻറിൽ പ്രവേശനം ആദ്യമായി നിഷേധിച്ചത്.
എന്നാൽ, അതിനുശേഷം നാലഞ്ച് സമ്മേളനങ്ങൾ കഴിഞ്ഞു. കോവിഡ് തോത് ഗണ്യമായി കുറഞ്ഞു. സിനിമാ ഹാളുകൾ തുറന്നു. മാളുകൾ തുറന്നു. അന്താരാഷ്ട്ര വ്യോമയാത്രകൾ പുനരാരംഭിച്ചു. വിനോദയാത്രകൾ വീണ്ടും പ്രോത്സാഹിപ്പിക്കാൻ തുടങ്ങുന്നു. പക്ഷേ, ഇതിെൻറയൊക്കെയത്ര രോഗപ്പകർച്ചക്ക് സാധ്യതയില്ലാത്ത പാർലമെൻറ് പ്രവേശനം സമ്മതിക്കുന്നില്ല.
പ്രവേശനവിലക്കില്ല എന്ന് വരുത്താൻ ചില സൂത്രങ്ങൾ പ്രയോഗിച്ചിട്ടുണ്ട്. ശീതകാല സമ്മേളനത്തിലേക്ക് മാധ്യമങ്ങൾക്ക് നറുക്കെടുപ്പ് ഏർപ്പെടുത്തിയിരിക്കുന്നു. മലയാള മനോരമയുടെ മുഖപ്രസംഗത്തിൽനിന്ന് (ഡിസം. 4): ''ശീതകാല സമ്മേളനത്തിലെ നടപടികൾ എല്ലാ ദിവസവും റിപ്പോർട്ട് ചെയ്യാൻ ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള ഏതാനും മാധ്യമങ്ങളെ മാത്രമാണ് ഇപ്പോൾ അനുവദിച്ചിട്ടുള്ളത്. മറ്റു മാധ്യമങ്ങളുടെ പ്രതിനിധികൾക്ക് ആകെ രണ്ടുദിവസം മാത്രം പാർലമെൻറ് വളപ്പിലും സഭയുടെ പ്രസ് ഗാലറിയിലും പ്രവേശിക്കാം. ഏതൊക്കെ ദിവസമെന്നതു നറുക്കെടുപ്പിലൂടെ തീരുമാനിക്കും. രാജ്യസഭയിലും ഏതാനും ദിവസം മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്. അതും നറുക്കെടുപ്പിലൂടെ മാത്രം. വാർഷിക പാസ് ഉള്ള മാധ്യമപ്രവർത്തകർക്കുപോലും നറുക്കെടുപ്പിലൂടെ അനുവദിക്കപ്പെടുന്ന ദിവസങ്ങളിൽ മാത്രമേ പാർലമെൻറ് വളപ്പിലേക്ക് പ്രവേശനമുള്ളൂ. മുതിർന്ന മാധ്യമപ്രവർത്തകർക്ക് പാർലമെൻറിെൻറ സെൻട്രൽ ഹാളിൽ നേരത്തേ പ്രവേശനം ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
''കോവിഡ് പ്രതിസന്ധി തുടങ്ങിയപ്പോഴാണ് മാധ്യമപ്രവർത്തകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. ഇപ്പോൾ നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയതിന് ശേഷവും മാധ്യമങ്ങൾക്ക് നേരത്തേ നിശ്ചയിച്ച അകലം തുടരുന്നു എന്നതാണ് സ്ഥിതി. ഇതിനെതിരെ മാധ്യമപ്രവർത്തകരുടെ സംഘടനകളും പാർലമെൻറ് അംഗങ്ങളും ലോക്സഭാ സ്പീക്കർക്കും രാജ്യസഭാ അധ്യക്ഷനും നിവേദനങ്ങൾ നൽകിയെങ്കിലും ന്യായമായ മറുപടിപോലും ലഭിച്ചിട്ടില്ല.''
പ്രതിപക്ഷത്തിന് ശേഷം മാധ്യമങ്ങളെ കൂടി സർക്കാർ നോട്ടമിടുേമ്പാൾ കൗതുകകരമായ ഒരു വസ്തുതയുണ്ട്. ഏത് വിഷയത്തിലും അന്തിച്ചർച്ചയും ബഹളവും കൊണ്ട് കാടിളക്കാറുള്ള 'ഗോദി മീഡിയ' എന്ന ഉത്തരേന്ത്യൻ വിധേയമാധ്യമങ്ങൾ മൗനത്തിലാണ്. ഈ മൗനമാകട്ടെ ഒട്ടും ശീലമില്ലാത്തതെങ്കിലും വിധേയമാധ്യമങ്ങൾ കാർഷിക നിയമങ്ങൾ പിൻവലിച്ചപ്പോഴും നാഗാലാൻഡ് കൂട്ടക്കൊല നടന്നപ്പോഴും പാലിച്ചുവരുന്നതാണ്.
അങ്ങനെയെങ്കിലും ബഹളം കുറക്കാൻ അവ ശീലിക്കട്ടെ!
മാധ്യമങ്ങൾക്ക് പാർലമെൻറിൽ നിയന്ത്രണം വെച്ചതിൽ പ്രതിഷേധിച്ച് രണ്ട് എം.പിമാർ (ശശി തരൂർ -കോൺഗ്രസ്, പ്രിയങ്ക ചതുർവേദി -ശിവസേന) പാർലമെൻറിെൻറ ടെലിവിഷൻ ചാനലായ സൻസദ് ടി.വിയിൽ അവതാരകരെന്ന പദവി രാജിവെച്ചു.
'മേരി കഹാനി' എന്ന ഹിന്ദി പരിപാടിയാണ് പ്രിയങ്ക ചതുർവേദി അവതരിപ്പിച്ചിരുന്നത്. 'ടു ദ പോയൻറ്' എന്ന ഇംഗ്ലീഷ് പരിപാടി ശശി തരൂരും.
മാധ്യമനിയന്ത്രണത്തെ മൗനമായി പിന്തുണക്കാൻ മാധ്യമലോകത്ത് തന്നെ ചിലരുണ്ട് എന്നതാണ് മറുവശം. സ്വതന്ത്ര മാധ്യമപ്രവർത്തനം കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്.
പച്ചക്ക് വർഗീയത പറയുന്നത് സാധാരണക്കാർ മാത്രമല്ല. ജനപ്രതിനിധികളും ഭരണകർത്താക്കളും അക്കൂട്ടത്തിലുണ്ട്. ഇതൊക്കെ ഇന്ത്യയിൽ മാത്രമെന്ന് കരുതുന്നെങ്കിൽ അതും തെറ്റ്.
അമേരിക്കയിൽ മാധ്യമ ചർച്ചകൾ അത്തരമൊരു സംഭവത്തിന് ചുറ്റും കറങ്ങുകയായിരുന്നു കഴിഞ്ഞയാഴ്ച. ഒരു വനിത പാർലമെൻറംഗം മറ്റൊരു വനിത പാർലമെൻറംഗത്തെ ഭീകരപ്രവർത്തക എന്നുവിളിച്ച് ആക്ഷേപിച്ചതാണ് സംഭവം.
ഇൽഹാൻ ഉമർ ആണ് അധിക്ഷേപത്തിന് ഇരയായത്. അധിനിവിഷ്ട ഫലസ്തീൻകാർക്കു വേണ്ടി, ഇസ്രായേലിെൻറ ഭീകരനയങ്ങളെ എതിർക്കുന്നതുമൂലം സ്വന്തം പാർട്ടി (ഡെമോക്രാറ്റ്)യിൽനിന്നടക്കം എതിർപ്പ് നേരിടുന്നയാളാണ് ഇൽഹാൻ ഉമർ.
മറുവശത്ത്, റിപ്പബ്ലിക്കൻ പാർട്ടിക്കാരിയായ ലോറൻ ബോബേർട്. മൂന്നാഴ്ച മുമ്പാണ് അവർ ഒരു പരിപാടിയിൽ, ഹിജാബ് ധരിക്കുന്ന ഏക മുസ്ലിം എം.പിയായ ഇൽഹാനെ 'ജിഹാദ് സ്ക്വാഡി'ലെ അംഗമെന്ന് വിളിച്ചത്. മുെമ്പാരിക്കൽ, ദുസ്സൂചനകൾ നിറഞ്ഞ തെരുവു പ്രസംഗ ശൈലിയിൽ ചിലതും പറഞ്ഞിരുന്നു. ഇക്കുറി കഥ പറച്ചിൽ ഇങ്ങനെ: ''ഒരിക്കൽ ലിഫ്റ്റിൽ ഇൽഹാൻ ഉമറിനെ കണ്ട ഒരു പൊലീസുകാരൻ പേടിയോടെ നോക്കുന്നത് കണ്ടു. അയാൾ പേടിക്കേണ്ടതില്ലായിരുന്നു. കാരണം ഇൽഹാെൻറ കൈവശം അപ്പോൾ ബാഗുണ്ടായിരുന്നില്ല.'' (ചാവേറുകൾ പിറകിൽ തൂക്കുന്ന ബോംബ് നിറച്ച ബാക്ക്പാക്കാണ് ഉദ്ദേശ്യം.)
അങ്ങേയറ്റം അപരിഷ്കൃതമായ സമൂഹങ്ങളിൽപോലും കേൾക്കാത്ത ഇത്തരം വാക്കുകൾ വലിയ പ്രതിഷേധമുണ്ടാക്കി. ഒടുവിൽ ലോറൻ ബോബേർട് ''മുസ്ലിം സമുദായത്തോട്'' മാപ്പുപറഞ്ഞു. തുടർന്ന് അവർ ഇൽഹാനെ നേരിട്ടു വിളിച്ചെങ്കിലും അവരോട് മാപ്പു പറയാൻ തയാറായില്ല.
അതിനുപിന്നാലെ ബോബേർട് ഒരു വിഡിയോ സന്ദേശം പുറത്തുവിട്ടു. ''ഭീകരരോട്'' മാപ്പു പറയുന്ന പ്രശ്നമില്ല എന്നായിരുന്നു അത്.
സംഭവം അവിടംകൊണ്ടും തീർന്നില്ല. ബോബേർടിെൻറ വിഡിയോയുടെ തുടർച്ചയെന്നോണം ഇൽഹാൻ ഉമറിന് ഫോണിൽ വധഭീഷണിയെത്തി. അവരത് വാർത്താസമ്മേളനത്തിൽ കേൾപ്പിച്ചു.
ബോബേർട് വർഗീയത പറയുന്നു എന്നത് മാത്രമല്ല വിഷയം. അവർ പറഞ്ഞതത്രയും നുണയുമാണ്. ലിഫ്റ്റിൽ പൊലീസുകാരനെയും ഇൽഹാനെയും കണ്ടു എന്നത് കെട്ടുകഥയാണ്. അത്തരമൊരു കഥ കുറച്ചുമുമ്പും ഇൽഹാനെപറ്റി വേറെ കഥാപാത്രങ്ങളെ ചേർത്ത് അവർ പറഞ്ഞതായി പലരും ഓർത്തെടുത്തു.
ഏതായാലും ലോറൻ ബോബേർട് മാപ്പു പറയില്ലെങ്കിൽ തങ്ങൾ മാപ്പു പറയുന്നു എന്ന് ഡെൻവർ പോസ്റ്റ് പത്രം മുഖപ്രസംഗമെഴുതി. ''ചാവേറുകളെപ്പറ്റി തമാശ പറയുക, മുസ്ലിമാണ് എന്ന ഒറ്റക്കാരണത്താൽ ഒരു കോൺഗ്രസംഗം അവർ രാജ്യത്തിന് അപകടമാണ് എന്ന് പറയുക -ഇതൊക്കെ വർഗീയതയാണ്'' -പത്രം എഴുതി.
ഇതൊക്കെയാണെങ്കിലും ബോബേർടിെൻറ പാർട്ടിയായ റിപ്പബ്ലിക്കെൻറ നേതൃത്വം അവരെ തള്ളിപ്പറഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയം. കോൺഗ്രസ് (പാർലമെൻറ്) തലത്തിലും നടപടിയൊന്നുമുണ്ടായിട്ടില്ല.
റിപ്പബ്ലിക്കൻ നേതൃത്വത്തിന് സ്വന്തം പാർട്ടിക്കുള്ളിലെ പിണക്കങ്ങൾ തീർത്ത് വർഗീയതയെന്ന പ്രശ്നത്തെ അഭിമുഖീകരിക്കാൻ സമയം കിട്ടുന്നുണ്ടാവില്ലെന്ന് വാഷിങ്ടൺ പോസ്റ്റ് കുറിച്ചു.
ബോബേർടിേൻറത് അരക്ഷമാപണമാണെങ്കിൽ, ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലിന് മുഴു ക്ഷമാപണംതന്നെ ചെയ്യേണ്ടിവന്നു.
ഇന്ത്യൻ വംശജയെന്നനിലക്ക് നമ്മുടെ പത്രങ്ങളിൽ സ്ഥാനം നേടിയ പ്രീതിക്ക് ആഭ്യന്തര മന്ത്രി എന്ന നിലയിൽ തുറന്ന കോടതിയിൽ മാപ്പപേക്ഷിക്കേണ്ടിവന്നു. നവംബർ 15നാണ് ഡോ. സൽമാൻ ബട്ട് എന്ന മാധ്യമപ്രവർത്തകനോട് മാപ്പുപറഞ്ഞത്.
തീവ്രവാദത്തെ നേരിടാനെന്ന പേരിൽ ബ്രിട്ടനിലെ കാമറൺ സർക്കാർ ഒരു ടാസ്ക് ഫോഴ്സ് രൂപവത്കരിച്ചിരുന്നു. മുഖ്യ ഉന്നം മുസ്ലിംകൾ തന്നെ. സർവകലാശാലകളിലും കോളജുകളിലും തീവ്രവാദം പടരുന്നതു തടയേണ്ടതിനെപ്പറ്റി 2015ൽ ഇറക്കിയ പത്രക്കുറിപ്പാണ് വിവാദമായത്. തീവ്രവാദം പ്രചരിപ്പിക്കുന്നയാൾ, വിദ്വേഷ പ്രസംഗം ചെയ്യുന്നയാൾ എന്നൊക്കെ വിശേഷണങ്ങളോടെ ഡോ. സൽമാൻ ബട്ടിനെ അതിൽ നോട്ടപ്പുള്ളിയെന്ന നിലയിൽ ഉൾപ്പെടുത്തി.
ഇസ്ലാം 21 സി എന്ന വെബ്സൈറ്റിെൻറ ചീഫ് എഡിറ്ററാണ് ബട്ട്. തുറന്ന സംവാദങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ശൈലിയാണ് വെബ്സൈറ്റിനും എഡിറ്റർക്കുമുള്ളത്. തീവ്രവാദമെന്ന് അതിനെ വിശേഷിപ്പിക്കാൻ ഇസ്ലാം വിരോധം നല്ല അളവിൽ വേണ്ടിയിരുന്നു.
സൽമാൻ ബട്ട് കേസ് കൊടുത്തു. സർക്കാറിന് വേണ്ടി പ്രീതി പട്ടേൽ നിരുപാധികം മാപ്പു പറയുന്നതിലാണ് അത് ഇപ്പോൾ ചെന്നെത്തിയത്. ബട്ടിെൻറ പേര് രേഖകളിൽനിന്ന് ഒഴിവാക്കും. അദ്ദേഹത്തിന് കേസ് നടത്തിപ്പിെൻറ ചെലവിന് പുറമെ നഷ്ടപരിഹാരവും നൽകും.
ആറു വർഷം ആ തീവ്രവാദി മുദ്രയെ വീറോടെ ന്യായീകരിച്ചുവന്ന ആഭ്യന്തര സെക്രട്ടറിയാണ് ഇപ്പോൾ എല്ലാം മടക്കിയെടുത്ത് കീഴടങ്ങിയിരിക്കുന്നത്.
തെൻറ ഓൺലൈൻ മാധ്യമപ്രവർത്തനം രഹസ്യ നിരീക്ഷണത്തിന് വിധേയമാക്കിയ സർക്കാർ ചെയ്തി ചോദ്യംചെയ്തുകൊണ്ട് ഡോ. ബട്ട് യൂറോപ്യൻ മനുഷ്യാവകാശ കോടതിയിൽ നൽകിയ കേസ് നടന്നുകൊണ്ടിരിക്കുകയാണ്.
l
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.