മേയ് 29ന് പത്രങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു പ്രസ്താവന വാർത്തയായി വന്നിരുന്നു. ഇതിനോട് മാധ്യമങ്ങൾ സ്വീകരിച്ച സമീപനം, ഇന്ത്യൻ മാധ്യമരംഗത്തെ ചില പോരായ്മകളും പാളിച്ചകളും സൂചിപ്പിച്ചു. ഒന്ന്, ഭരണരംഗത്തെ പ്രമുഖരുടെ അവകാശവാദങ്ങൾക്ക് നൽകുന്ന 'കവറേജി'ന്റെ പ്രശ്നം. രണ്ട്, ചില മാധ്യമങ്ങൾ പ്രധാനമന്ത്രിയുടെ അവകാശവാദത്തിന് അനുവദിച്ച പ്രാമുഖ്യത്തിന്റെ അളവിനെപ്പറ്റിയുള്ള വിവാദം.
ഒന്നാമത്തേത്, കേവലമായ പ്രസ്താവനകൾക്ക് ഇന്ത്യയിലെ മാധ്യമങ്ങൾ കൽപിക്കുന്ന അമിതപ്രാധാന്യമാണ്. രാഷ്ട്രീയ-ഭരണ നേതൃത്വങ്ങളിലുള്ളവരുടെ വിടുവായത്തങ്ങൾവരെ അക്ഷരംപ്രതി റിപ്പോർട്ടാക്കുന്നതും അവ ചുറ്റിപ്പറ്റി വിവാദങ്ങളും അന്തിച്ചർച്ചകളും നിർമിക്കുന്നതും മാധ്യമങ്ങളുടെ പൊതുരീതിയാണെങ്കിലും ഇന്ത്യയിൽ അത് തങ്ങളുടെ പ്രധാന ധർമമായി ചില മാധ്യമങ്ങൾ ധരിച്ചുപോയിട്ടുണ്ട്.
പതുെക്കയാണെങ്കിലും വികസിച്ചുവരുന്ന ഫാക്ട് ചെക്കിങ് അഥവാ വസ്തുതാപരിശോധന മാധ്യമപ്രവർത്തനത്തിന്റെ മർമമാകേണ്ട കാലമെത്തി. അമേരിക്കയിൽ വർഷങ്ങളായി നേതാക്കളുടെ പ്രസ്താവനകളിലെ ശരിയും തെറ്റും പരിശോധിച്ച് പൊതുജനങ്ങളെ അറിയിക്കുന്ന മാധ്യമ ൈസറ്റുകളുണ്ട് (ഉദാ: ഫാക്ട് ചെക്ക് ഡോട്ട് ഓർഗ്, പൊളിറ്റി ഫാക്ട് ഡോട്ട്കോം).
ഫാക്ട് ചെക്കിങ് സൈറ്റുകൾ വാർത്താവിനിമയ മേഖലയിലെ അവശ്യ ഘടകമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തിയ കാലമായിരുന്നു ഡോണൾഡ് ട്രംപ് പ്രസിഡന്റായിരുന്ന കാലം. അർധസത്യവും തനികള്ളവും നിറഞ്ഞ പ്രസംഗങ്ങൾ. ഇന്നും ഫാക്ട് ചെക്കർമാരുടെ ഏറ്റവും വിലപ്പെട്ട ഇര ഇപ്പോഴത്തെ പ്രസിഡന്റ് ബൈഡനല്ല, മുൻ പ്രസിഡന്റ് ട്രംപാണ്.
അമേരിക്കൻ ജനാധിപത്യം വ്യാജോക്തികൾക്കു മുമ്പിൽ കീഴടങ്ങാതിരിക്കാൻ മാധ്യമങ്ങളുടെ വസ്തുതാപരിശോധന സഹായിച്ചുകാണണം. (2017ൽ ന്യൂയോർക് ടൈംസ് 'ട്രംപിന്റെ നുണകൾ' എന്ന ശീർഷകത്തിൽ ഒരു പട്ടികതന്നെ പ്രസിദ്ധപ്പെടുത്തിയിരുന്നു. 2021 ജനുവരിയിൽ പ്രസിഡന്റ് ട്രംപിന്റെ നുണകൾ 35,000 കടന്നത് വാഷിങ്ടൺ പോസ്റ്റും എടുത്തുകാട്ടി.)
ഇൗ അമേരിക്കൻ രീതി ഇന്ത്യയിലേക്ക് എത്തിയിട്ടില്ലെന്ന് തെളിയിക്കുന്നതാണ്, മോദിയുടെ പ്രസ്താവന റിപ്പോർട്ട് ചെയ്യപ്പെട്ട രീതി.
പ്രസ്താവന വ്യക്തമായിരുന്നു. ഗുജറാത്തിൽ അസംബ്ലി തെരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കെ, പ്രധാനമന്ത്രിപദത്തിൽ താൻ എട്ടു വർഷം തികക്കുന്നതിന്റെ തൊട്ടുമുമ്പത്തെ ദിവസങ്ങളിലായിരുന്നു അത്:
''കഴിഞ്ഞ എട്ടു വർഷത്തെ ഭരണത്തിനിടയിൽ രാജ്യത്തെ ഏതെങ്കിലും പൗരന് സർക്കാറിനെയോർത്ത് തലകുനിക്കേണ്ടിവരുന്ന ഒന്നും അബദ്ധത്തിൽപോലും ചെയ്തിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ടു...'' (മാതൃഭൂമി, മേയ് 29, പേജ് 7).
പ്രധാനമന്ത്രിയുടെ അവകാശവാദം വാർത്തതന്നെ, സംശയമില്ല. എന്നാൽ, ഭരണകർത്താവിന്റെ വാക്കുകൾക്ക് ഉച്ചഭാഷിണിയായിരിക്കുക എന്നതിനപ്പുറം ഒരു ധർമംകൂടിയുണ്ടല്ലോ വാർത്താമാധ്യമങ്ങൾക്ക്- ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാതെ, അവർക്ക് വസ്തുനിഷ്ഠമായ വിവരങ്ങൾ നൽകുക എന്നത്. അതുകൊണ്ടുതന്നെ പ്രസ്താവന റിപ്പോർട്ട് ചെയ്യുന്ന അത്രതന്നെ പ്രാധാന്യത്തോടെ വസ്തുതാപരിശോധന നടത്തി ജനങ്ങളെ അറിയിക്കേണ്ട ഉത്തരവാദിത്തവും മാധ്യമങ്ങൾക്കുണ്ട്.
ഇന്ത്യക്കാർക്ക് നാണക്കേടുണ്ടാക്കിയ ഒരൊറ്റ നടപടിയും മോദി സർക്കാർ സ്വീകരിച്ചിട്ടില്ല എന്ന പ്രസ്താവന എത്രത്തോളം ശരിയാണ്? രാജ്യത്തെയും ജനങ്ങളെയും ഏറെ പ്രയാസപ്പെടുത്തുക മാത്രമല്ല, ലോകമാധ്യമങ്ങളിൽ ഒട്ടും അഭിമാനകരമല്ലാത്ത രീതിയിൽ വാർത്താപാത്രമാക്കുകകൂടി ചെയ്ത നടപടികളായിരുന്നു ദേശവ്യാപക ലോക്ഡൗണും നോട്ടുനിരോധനവും. അക്കാലങ്ങളിലെ സ്വദേശ-വിദേശ പത്രങ്ങൾ നോക്കിയാൽ ഇത് ബോധ്യമാകും. മുന്നാലോചനയില്ലാതെ തെറ്റായ രീതിയിൽ എടുത്ത തീരുമാനമായിരുന്നു ലോക്ഡൗണെങ്കിൽ, തെറ്റായ തീരുമാനം തെറ്റായ രീതിയിൽ എടുത്ത് നടപ്പിൽ വരുത്തിയതിന്റെ മികച്ച ഉദാഹരണമായാണ് നോട്ടുനിരോധനത്തെ അന്ന് സ്വതന്ത്രമാധ്യമങ്ങൾ വിശേഷിപ്പിച്ചത്. വേഗത്തിലോടുന്ന കാറിന്റെ ടയറിനുനേരെ വെച്ച വെടിയായി അതിനെ വർണിച്ച സാമ്പത്തിക ശാസ്ത്രജ്ഞരുണ്ട്.
ആ ഒരൊറ്റ തീരുമാനം രാജ്യത്തെ സാമ്പത്തികമായി വല്ലാതെ പിറകോട്ടടിപ്പിച്ചു. 50 ദിവസങ്ങൾക്കകം നോട്ടുനിരോധനത്തിന് ഉദ്ദേശിച്ച ഫലം ഉണ്ടായില്ലെങ്കിൽ, തന്നെ ജീവനോടെ കത്തിച്ചോളൂ എന്ന് പ്രധാനമന്ത്രി പ്രസംഗിക്കുകവരെ ചെയ്തു. എന്തായിരുന്നു ആ ഉദ്ദേശിച്ച ഫലം?
ആദ്യം പറഞ്ഞു, കള്ളപ്പണം ഇല്ലാതാക്കാനെന്ന്. പിന്നെ പറഞ്ഞു, ഭീകരവൃത്തി അവസാനിപ്പിക്കാനെന്ന്. അഴിമതി നിർമാർജനത്തിനെന്നും 'കാഷ് ലെസ്, ഡിജിറ്റൽ ഇക്കോണമി' സ്ഥാപിക്കാനെന്നുമൊക്കെ വേെറയും ഉദ്ദേശ്യങ്ങൾ നിരത്തപ്പെട്ടു.
50 ദിവസമല്ല അഞ്ചരവർഷം കഴിഞ്ഞിട്ടും ഒരു ലക്ഷ്യവും നിറവേറിയില്ലെന്ന് ഈയിടെ വന്ന മാധ്യമറിപ്പോർട്ടുകൾ തെളിയിക്കുന്നു.
സർക്കാറിന്റെ തെറ്റായ തീരുമാനത്തെ ഭക്ത്യാദരപൂർവം ന്യായീകരിക്കാൻ മാധ്യമങ്ങളും അവതാരകരും പരിഹാസ്യവാദങ്ങളുയർത്തിയ സംഭവങ്ങളുമുണ്ടായി. പുതിയ നോട്ടുകളിൽ ഇലക്ട്രോണിക് ചിപ്പുണ്ടെന്നും അവ കൈമാറ്റം ചെയ്യുന്നതും ശേഖരിച്ചുവെക്കുന്നതും എല്ലാം നിരീക്ഷിക്കപ്പെടുമെന്നും ഇനി ഒരു കള്ളത്തരവും നടപ്പില്ലെന്നും പ്രചരിപ്പിക്കപ്പെട്ടു. മുൻനിര ഹിന്ദി ചാനലുകളിലെ ഈ അവകാശവാദങ്ങൾ ഇപ്പോൾ ഒന്നു കേട്ടുനോക്കിയാൽ മാത്രം മതി, നാമെത്ര പരിഹാസ്യരായി എന്നറിയാൻ.
കോവിഡ് മൂലമുള്ള മരണത്തിന്റെ കണക്ക് ഇന്ത്യ ഗണ്യമായി കുറച്ചുകാണിച്ചതായി ലോകാരോഗ്യ സംഘടന പറയുന്നു. കോവിഡ് പടർന്നുകയറിയ കാലത്ത് കിണ്ണം മുട്ടിയും മുദ്രാവാക്യം ഉയർത്തിയും ദീപം തെളിച്ചുമൊക്കെ അതിനെ നേരിടാൻ നേതാക്കൾ ആഹ്വാനം ചെയ്തത് നമ്മുടെ അഭിമാനം വർധിപ്പിക്കുകയല്ലല്ലോ ഉണ്ടായത്. 2020 മേയ് 28ന് ചില ഇന്ത്യൻ പത്രങ്ങൾ തന്ന വാർത്തയായിരുന്നു, ലോകത്തിന് ചാണകവും ഗോമൂത്രവും പാലുമൊക്കെ ചേർത്തുള്ള പഞ്ചഗവ്യ ദിവ്യൗഷധം ഇന്ത്യ നൽകാൻ പോകുന്നു എന്ന്. രണ്ടു കൊല്ലം കഴിഞ്ഞ് അതിനെപ്പറ്റി കേൾക്കുന്നേയില്ല.
500 രൂപയുടെ കള്ളനോട്ടുകൾ മുൻവർഷത്തെക്കാൾ 102 ശതമാനം വർധിച്ചതായി പറയുന്നത് റിസർവ് ബാങ്കാണ്. 2000 രൂപ കള്ളനോട്ടും വർധിച്ചു.
ഡൽഹിയിൽ സ്ത്രീകൾ പ്രത്യേകിച്ചും ഒറ്റക്ക് യാത്ര ചെയ്യരുതെന്ന് അമേരിക്കൻ പൗരന്മാർക്ക് കഴിഞ്ഞ നവംബറിൽ ഇന്ത്യയിലെ യു.എസ് എംബസി നിർദേശം നൽകിയതും നമ്മുടെ യശസ്സ് വർധിപ്പിച്ചിട്ടില്ല. അന്താരാഷ്ട്ര മാധ്യമങ്ങളിൽ ഇന്ത്യയെപ്പറ്റി വരുന്ന പല വാർത്തകളും ഇന്ത്യക്കാർക്ക് അഭിമാനകരമല്ല.
ഭരണപക്ഷ എം.പി തേജസ്വി സൂര്യ വിദേശവനിതകൾക്കെതിരെ പോസ്റ്റ് ചെയ്ത അവഹേളന ട്വീറ്റിനോട് പുറംലോകം പ്രതികരിച്ചതും നമ്മുടെ അഭിമാനം ഉയർത്തിയില്ല. വാക്കിലും പ്രവൃത്തിയിലും ഇന്ത്യൻ രാഷ്ട്രീയ സംസ്കാരം നിലവാരത്തകർച്ചയാണ് നേരിട്ടത്.
വിശദമായ ഫാക്ട് ചെക്കിങ്ങിന് വിധേയമാക്കേണ്ടതായിരുന്നു പ്രധാനമന്ത്രിയുടെ അവകാശവാദങ്ങൾ. മാധ്യമങ്ങൾ അത് ചെയ്തില്ലെന്നു മാത്രമല്ല, അവയിൽ ചിലത് ആ പ്രസംഗത്തിന് അമിതപ്രാധാന്യവും നൽകി. അക്കൂട്ടത്തിൽ ഹിന്ദുവിന്റെ പ്രകടനം എടുത്തുപറയണം. 29ന് ഒന്നാം പേജിൽ ഒന്നാം വാർത്തയായിരുന്നു മോദിയുടെ പ്രസംഗം.
മൂന്നു വർഷം മുമ്പ് റഫാൽ തോക്കിടപാടിലൂടെ മോദിസർക്കാർ വരുത്തിയ നഷ്ടത്തെപ്പറ്റി വസ്തുതാപരമായ അന്വേഷണ റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തിക്കൊണ്ട് പൊള്ളയായ അവകാശവാദങ്ങൾ പൊളിച്ചുകാട്ടിയ പത്രം ഇപ്പോൾ മറ്റൊരു അവകാശവാദത്തിന് അതേ ഇടം നൽകിയിരിക്കുന്നു.
അവകാശവാദത്തിന് മറ്റുപല പത്രങ്ങളും അത്ര പ്രാധാന്യം നൽകിയില്ല. മാത്രമല്ല, ഡെക്കാൻ ഹെറൾഡ് അതിന്റെ 'സ്പീക്കൗട്ട്' പംക്തിയിൽ മോദിയുടെ വാക്കുകൾ ഉദ്ധരിച്ചശേഷം സി.എസ്. ലൂയിസിന്റെ പ്രതിവചനം ഉദ്ധരിച്ചു: ''ഇരകൾക്കുവേണ്ടി എന്നു പറഞ്ഞ് നടത്തിയ ദുർഭരണമാണ് ഏറ്റവും ക്രൂരം'' എന്ന്. ഈ ''ക്രൂരത''ക്ക് തെളിവായി പത്രം നോട്ടുനിരോധനം, ലോക്ഡൗൺ, അന്തർസംസ്ഥാന തൊഴിലാളികളുടെ ദുരിതം, ഇലക്ടറൽ ബോണ്ട് അഴിമതി, തൊഴിലില്ലായ്മ തുടങ്ങിയവ എടുത്തുകാട്ടി.
ടെലിഗ്രാഫ് പത്രവും ഈ മാതൃകയിൽ മോദിയുടെ വാചകത്തിന് ഗാന്ധിജിയുടെ പ്രതിവചനംകൊണ്ട് മറുപടി കൊടുത്തു. ''ഗാന്ധിജിയുടെയും പട്ടേലിന്റെയും സ്വപ്നത്തിനൊത്ത് ഇന്ത്യയെ നിർമിക്കാനാണ് എട്ടു വർഷം ശ്രമിച്ചത്'' എന്ന് മോദി. ''നമ്മുടെ ജീവിതംതന്നെ നമ്മുടെ വാക്കുകളേക്കാൾ നമ്മെപ്പറ്റി സംസാരിക്കട്ടെ'' എന്ന് ഗാന്ധിജി.
ഉള്ളടക്കത്തിലെ വസ്തുനിഷ്ഠത പരിശോധിക്കാതെ നേതാക്കളുടെ അവകാശവാദങ്ങൾ വൻ പ്രാധാന്യത്തോടെ വാർത്തയാക്കുന്ന രീതി ഹിന്ദുവിൽ പതിവുള്ളതല്ല. പക്ഷേ, ഇക്കുറി പത്രത്തിന് ചുവടുപിഴച്ചു.
എട്ടു വർഷംകൊണ്ട് മാധ്യമങ്ങൾക്ക് സംഭവിച്ചതിന്റെ സൂചനയാകുമോ ഇത്?
തെറ്റ് സംഭവിച്ചുപോകുന്നത് ഒരു കുറ്റമല്ല. പക്ഷേ, തെറ്റായ റിപ്പോർട്ട് തിരുത്താതെ പോകുന്നത് കുറ്റംതന്നെയാണ്. മാധ്യമങ്ങൾ ശീലിച്ചുപോയ കുറ്റം.
കൊച്ചി പുറംകടലിൽ 1526 കോടി രൂപയുടെ മയക്കുമരുന്ന് രണ്ട് ബോട്ടുകളിൽനിന്ന് പിടിച്ചത് മേയ് 21ലെ പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. മലയാള മനോരമ ഒന്നാം പേജിൽ ചേർത്ത വാർത്തയിൽ, 1526 കോടിക്കു പകരം 526 കോടിയെന്ന് തെറ്റിയെഴുതി. ചെറിയ വ്യത്യാസമല്ല. പക്ഷേ, തിരുത്തിയതായി കണ്ടില്ല.
മേയ് 31ന് സിവിൽ സർവിസ് പരീക്ഷാഫലം വാർത്തയായിരുന്നു. ആദ്യ മൂന്നു റാങ്കുകൾ വനിതകൾക്ക്. എന്നാൽ, ചില പത്രങ്ങൾ (മംഗളം, ജന്മഭൂമി, ചന്ദ്രിക, ജനയുഗം, വീക്ഷണം) ആദ്യ നാല് റാങ്കുകൾ വനിതകൾക്ക് എന്ന് എഴുതി. നാലാം റാങ്ക് നേടിയ ഐശ്വര്യ വർമ പുരുഷനാണ് എന്നറിയാത്തതിനാൽ വന്ന തെറ്റ്. ഇതും തിരുത്തെപ്പട്ടുകണ്ടില്ല. (മലയാളത്തിന് പുറത്ത് ന്യൂസ്18, ഇക്കണോമിക് ടൈംസ് തുടങ്ങിയവക്കും ഇതേ തെറ്റുപറ്റി.)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.