നിസ്സാരമെന്ന് തോന്നിച്ച ഒരു സമൂഹമാധ്യമ സംഭവം മണിക്കൂറുകൾക്കുള്ളിൽ ആഗോള സോഷ്യൽ മീഡിയ ഭീമനും ഒരു ഇന്ത്യൻ വാർത്താ പോർട്ടലും തമ്മിലുള്ള ഓൺലൈൻ പോരായി രൂപപ്പെട്ടു. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ്ആപ് തുടങ്ങിയവയുടെ ഉടമസ്ഥരായ 'മെറ്റ' കമ്പനിയും ദ വയർ പോർട്ടലും തമ്മിലാണ്, ലോക മാധ്യമങ്ങളും ടെക് ചക്രവർത്തിമാരും ശ്രദ്ധിച്ച കൊമ്പുകോർക്കൽ. സാങ്കേതികവിദ്യയുടെ സങ്കീർണതകളും 'മെറ്റ'യുടെ കച്ചവട-രാഷ്ട്രീയ താൽപര്യങ്ങളും ഈ തർക്കത്തിൽ ചർച്ചയാകുന്നുണ്ട്.
ഒരു രാഷ്ട്രീയ വിമർശന പോസ്റ്റ് ഇൻസ്റ്റഗ്രാം നീക്കംചെയ്തതോടെയായിരുന്നു തുടക്കം.
അയോധ്യയിലൊരാൾ യോഗി ആദിത്യനാഥിനെ പ്രതിഷ്ഠയാക്കി ഒരു ക്ഷേത്രമുണ്ടാക്കി. പ്രഭാകർ മൗര്യ എന്ന ഈ യോഗിഭക്തൻ യോഗിക്ക് പൂജ ചെയ്യുന്ന പടം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഇതിനെ കളിയാക്കിക്കൊണ്ടാണ് 'സൂപ്പർ ഹ്യൂമൻസ് ഓഫ് ക്രിഞ്ചു ടോപ്യ' എന്ന അക്കൗണ്ടിൽ ഒരു പോസ്റ്റിട്ടത്. വൈകാതെ ആ പോസ്റ്റ് ഇൻസ്റ്റഗ്രാം എടുത്തുമാറ്റി. അതിനു പറഞ്ഞ കാരണം, അതിൽ നഗ്നതയും അശ്ലീലവും ഉണ്ടെന്നായിരുന്നു – വ്യക്തമായിത്തന്നെ തെറ്റായ ആരോപണം.
പൊതുവെതന്നെ, ബി.ജെ.പിയെ പരിഹസിക്കുന്ന പോസ്റ്റുകൾ ഇൻസ്റ്റഗ്രാം എടുത്തുമാറ്റുന്നു എന്ന ആരോപണം നിലനിൽക്കെയാണിത്. 'ക്രിഞ്ചു ടോപ്യ' അക്കൗണ്ടിന്റെ പല പോസ്റ്റുകളും ഇങ്ങനെ എടുത്തുമാറ്റിയിരുന്നു. ഇൻസ്റ്റഗ്രാമിലെ ആൽഗോരിതം യാന്ത്രികമായിത്തന്നെ ഇവ മാറ്റുന്നതാണെന്നും ആൽഗോരിതം അന്യൂനമല്ലാത്തതുകൊണ്ടാണതെന്നുമാണ് കരുതപ്പെട്ടിരുന്നത്.
എന്നാൽ, യോഗിവിരുദ്ധ പോസ്റ്റ് ഉടനെ എടുത്തുമാറ്റപ്പെടുകയല്ല ഉണ്ടായത്. അത് രണ്ടുതവണ 'പുനഃപരിശോധന'ക്ക് വിധേയമായശേഷമാണ് എടുത്തുമാറ്റിയത്. ആരാണ് നീക്കം െചയ്യാനുള്ള ബോധപൂർവമായ തീരുമാനമെടുത്തത്?
നീക്കം ചെയ്യേണ്ട പോസ്റ്റ് ആൽഗോരിതം കണ്ടെത്തുന്നു. അത് പരിശോധിച്ച് മനുഷ്യരാരോ അന്തിമ തീരുമാനമെടുക്കുന്നു – ഇതാകുമല്ലോ രീതി.
ഈ പോസ്റ്റ് നീക്കണമെന്ന തീരുമാനമെടുത്തത് ഏത് മനുഷ്യർ? ഇൻസ്റ്റഗ്രാമിനകത്തെ പരിശോധകസംഘമോ അതോ പുറത്തുള്ള മറ്റാരെങ്കിലുമോ?
ഇതാണ് പിന്നീട് കോലാഹലത്തിലേക്ക് നയിച്ച വിവാദത്തിന്റെ മർമം.
ഇൻസ്റ്റഗ്രാമിൽ ഏതൊക്കെ പോസ്റ്റ് വരണമെന്നും വരരുതെന്നും ഏതെങ്കിലും രാഷ്ട്രീയക്കാർ തീരുമാനിക്കുന്നുണ്ടോ? മുമ്പ് എടുത്തുമാറ്റിയ കുറെ പോസ്റ്റുകൾ ബി.ജെ.പിയെ വിമർശിക്കുന്നവയായതിനാൽ ദ വയറിലെ ഡെപ്യൂട്ടി എഡിറ്ററായ ജാഹ്നവി സെന്നിന് ആ സംശയമൊന്ന് തീർക്കണമെന്ന് തോന്നി.
അവർ 'മെറ്റ' കമ്പനിയിലെ കമ്യൂണിക്കേഷൻസ് ഡയറക്ടർ ആൻഡി സ്റ്റോണിന് വിവരമാരാഞ്ഞ് ഇ-മെയിൽ അയച്ചു.
മെയിലിനൊപ്പം വെച്ച രേഖ കിട്ടിയില്ലെന്നും, ഒന്നുകൂടി അയക്കണമെന്നും ആവശ്യപ്പെട്ട് കമ്പനിയിൽനിന്നൊരു സന്ദേശം വന്നതല്ലാതെ ആൻഡി സ്റ്റോൺ മറുപടി അയച്ചില്ല. ചോദിച്ച രേഖ ഒരിക്കൽകൂടി അയച്ചുകൊടുത്തെങ്കിലും പിന്നെ കമ്പനി അനങ്ങിയില്ല.
ജാഹ്നവി പക്ഷേ വിഷയം വിട്ടില്ല. അവർ 'മെറ്റ' കമ്പനിയിൽ ജോലിചെയ്യുന്ന സുഹൃത്തുക്കളോടു ചോദിച്ചു: എന്താവും ആ യോഗിവിരുദ്ധ പോസ്റ്റിന് സംഭവിച്ചിരിക്കുക?
അവർക്ക് കിട്ടിയ മറുപടി, 'മെറ്റ'യുടെ ഉള്ളടക്കം തീരുമാനിക്കുന്നതിൽ ബി.ജെ.പിക്ക് സ്വാധീനമുണ്ട് എന്നായിരുന്നു.
ജാഹ്നവി, ആ യോഗിവിരുദ്ധ പോസ്റ്റിന്റെ 'േലാഗ്' വിശദാംശങ്ങൾ നോക്കിയപ്പോൾ കണ്ടെത്തിയത്, ബി.ജെ.പി ഐ.ടി സെല്ലിന്റെ തലവനായ അമിത് മാളവ്യ ആ പോസ്റ്റ് കമ്പനിക്ക് ചൂണ്ടിക്കാണിച്ചുകൊടുത്തിരുന്നു എന്നാണ്. അതിനെ തുടർന്നാണ് അത് നീക്കിയത് എന്നും.
തുടർന്നുള്ള അന്വേഷണത്തിൽ മറ്റൊന്നുകൂടി കണ്ടെത്തി. അമിത് മാളവ്യക്ക് 'മെറ്റ' കമ്പനി, 'പരിശോധന വേണ്ടാത്തയാൾ' (x check) എന്ന പദവി ചാർത്തിക്കൊടുത്തിട്ടുണ്ട് എന്നത്രെ അത്. ഈ പദവിയുള്ളവർ എടുത്തുമാറ്റാൻ പറഞ്ഞാൽ (ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും) എടുത്തുമാറ്റും, മാറ്റരുതെന്ന് പറഞ്ഞാൽ മാറ്റില്ല എന്നതാണുപോലും രീതി (ബ്രസീലിയൻ ഫുട്ബാളർ നെയ്മർ കമ്പനി ചട്ടം ലംഘിച്ചുകൊണ്ട് സ്ത്രീവിരുദ്ധ ഫോട്ടോകൾ പോസ്റ്റ് ചെയ്തിട്ടും കമ്പനി അത് എടുത്തുമാറ്റിയില്ല. അദ്ദേഹത്തിന് 'എക്സ്ചെക്ക്' പദവിയുണ്ട്. ഇന്ത്യയിൽ ബി.ജെ.പി പക്ഷക്കാരുടെ അങ്ങേയറ്റം വർഗീയ പോസ്റ്റുകൾ പോലും എടുത്തുമാറ്റാത്തതും അതുകൊണ്ടുതന്നെയാണത്രെ).
'മെറ്റ'യുടെ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ബി.ജെ.പി പക്ഷ ഉപയോക്താക്കൾക്ക് അമിത പരിഗണന ലഭിക്കുന്നുണ്ടെന്ന ആക്ഷേപം മുമ്പേ ഉള്ളതാണ്. പോസ്റ്റുകൾ എടുത്തുമാറ്റുന്നതിലും അനുവദിക്കുന്നതിലും ഇത് പ്രകടമാണ്.
ഫേസ്ബുക്ക് മുൻ ജീവനക്കാരി സോഫി ഷാങ് മുമ്പ് ഒരു കാര്യം വെളിപ്പെടുത്തിയിരുന്നു. കമ്പനിയുടെ പ്രഖ്യാപിത നയത്തിനെതിരായി കുറെ വ്യാജ അക്കൗണ്ടുകൾ തുടരാൻ ഫേസ്ബുക്ക് അനുവദിച്ചു എന്നാണത്. ബി.ജെ.പിക്ക് അനുകൂലമായ വ്യാജ അക്കൗണ്ടുകളാണ്, കാര്യം ബോധ്യപ്പെട്ടശേഷവും കമ്പനിയുടെ ഇന്ത്യൻ അധികൃതർ ഒഴിവാക്കാതെ വിട്ടത്.
തെരഞ്ഞെടുപ്പുകാലത്ത് ബി.ജെ.പിക്ക് ആനുകൂല്യങ്ങൾ ഫേസ്ബുക്ക് ചെയ്തുകൊടുത്തതായി അൽജസീറയും വെളിപ്പെടുത്തിയിരുന്നു. തെരഞ്ഞെടുപ്പ് പരസ്യങ്ങൾ കുറഞ്ഞ നിരക്കിൽ പ്രസിദ്ധപ്പെടുത്തുന്നതടക്കം ആ ആനുകൂല്യങ്ങളിൽപെട്ടിരുന്നു.
ഇപ്പോൾ ദ വയറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ 'മെറ്റ' നിഷേധവും മറുവാദങ്ങളുമായി ഇറങ്ങിയിട്ടുണ്ട്. ദ വയർ ആരോപണങ്ങളിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്നു. തങ്ങൾക്ക് ആധികാരിക വിവരം കൈമാറിയ ഉറവിടങ്ങളെപ്പറ്റി സൂചന കിട്ടാനാണ് കമ്പനി ഇപ്പോൾ കളിക്കുന്നതെന്നും ആ കെണിയിൽ തങ്ങൾ വീഴില്ലെന്നും തങ്ങൾ പറഞ്ഞതെല്ലാം പൂർണമായി ബോധ്യപ്പെട്ട കാര്യങ്ങളാണെന്നും ദ വയർ പറയുന്നു.
ദ വയർ പുറത്തുവിട്ട ഇ-മെയിൽ തങ്ങളുടേതല്ലെന്ന് 'മെറ്റ' വാദിക്കുന്നുണ്ട്. പക്ഷേ, ഈ കോലാഹലത്തിനിടയിലും ഒരു കാര്യം 'മെറ്റ' നിഷേധിക്കുകയോ പരാമർശിക്കുകപോലുമോ ചെയ്യുന്നില്ല എന്നത് ശ്രദ്ധേയമാണ്.
അമിത് മാളവ്യയെപോലെ, എക്സ് ചെക്ക് പദവിയും അതുള്ളവർക്ക് ഉള്ളടക്കത്തിൽ നിർണായക അധികാരവും 'മെറ്റ' നൽകുന്നു എന്നതാണ് അത്.
ആ ആരോപണം സത്യമാണ് എന്നല്ലേ ഇതിൽനിന്ന് മനസ്സിലാക്കേണ്ടത്?
ഒരു അപകടമുണ്ടായി കുറെ പേർ മരിച്ചാൽ മാത്രം റോഡുസുരക്ഷയെപ്പറ്റി ഓർക്കുന്നവരാണ് നമ്മൾ. മൂഢവിശ്വാസങ്ങൾ നരബലിയിലെത്തുമ്പോൾ മാത്രം ആത്മവിചാരണ ചെയ്യുന്നവർ.
പത്തനംതിട്ടയിലെ ഇലന്തൂരിൽ രണ്ടു സ്ത്രീകളെ കഴുത്തറുത്തു കൊന്നപ്പോൾ ഞെട്ടിയവരിൽ മാധ്യമങ്ങളുണ്ട്. അധികാരികളുമുണ്ട്. ഇത്തരം ഞെട്ടൽ മുമ്പും ഉണ്ടായിരുന്നു. അന്ധവിശ്വാസങ്ങൾ കുറ്റകൃത്യത്തിലേക്കു നയിച്ചാൽ അത് വാർത്തയാകും; അത്തരം അന്ധവിശ്വാസങ്ങൾ വളർത്തുന്നതിൽ പങ്കുവഹിച്ച മാധ്യമങ്ങൾ തൽക്കാലം അമ്മാതിരി പരസ്യങ്ങൾ മാറ്റിവെക്കും; ബഹളം ശമിക്കുന്നതോടെ 'അത്ഭുതസിദ്ധി' പരസ്യങ്ങൾ പിന്നെയും തലപൊക്കും.
ദുരിതത്തിലകപ്പെട്ട നിസ്സഹായർക്കു മുമ്പിൽ, എല്ലാറ്റിനും പരിഹാരം നിർദേശിക്കുന്ന മന്ത്രവാദങ്ങളുടെയും ജിന്ന്സേവയുടെയുമൊക്കെ ആശ്വാസപരസ്യങ്ങൾ കാണുമ്പോൾ ആ പാവങ്ങൾ വഴിതെറ്റിപ്പോവുക സ്വാഭാവികമാണ്. നിയമംവഴി നിരോധിക്കപ്പെട്ട പരസ്യങ്ങൾ ധാരാളം. 1954ലാണ് ഡ്രഗ്സ് ആൻഡ് മാജിക്കൽ റെമഡീസ് ആക്ട് നിലവിൽ വരുന്നത്. ആ നിയമം മാധ്യമങ്ങൾപോലും പാലിച്ചില്ലെന്നതിന് പിൽക്കാല ചരിത്രവും ചില പത്രങ്ങളുടെ ക്ലാസിഫൈഡ് കോളങ്ങളും സാക്ഷി.
ഉള്ള നിയമം മാധ്യമങ്ങൾ നടപ്പാക്കാത്തതു മാത്രമല്ല, സമഗ്ര നിയമം പാസാക്കാൻ സർക്കാറുകൾ തയാറല്ലാത്തതും പ്രശ്നമാണ്. അന്ധവിശ്വാസങ്ങൾക്കെതിരെ പോരാടിയ ദാഭോൽക്കർ കൊല്ലപ്പെട്ടതിനു പിന്നാലെ (2013ൽ) മഹാരാഷ്ട്രയിലെ കോൺഗ്രസ്-എൻ.സി.പി സർക്കാർ നിയമം പാസാക്കി. കർണാടകയിൽ 2017ൽ നിയമം വന്നു. കേരളത്തിൽ ഒന്നിലേറെ തവണ ബിൽ നിയമസഭയിൽ വന്നെങ്കിലും സർക്കാർ പാസാക്കാൻ താൽപര്യമെടുത്തില്ല.
2018ൽ പി.ടി. തോമസ് കൊണ്ടുവന്ന ബില്ലിൽ അന്ധവിശ്വാസങ്ങൾക്കൊപ്പം ആൾദൈവങ്ങൾക്കും എതിരെ നടപടിക്ക് വ്യവസ്ഥ ചെയ്തിരുന്നു. പക്ഷേ, അത് സർക്കാറിന്റെ താൽപര്യമില്ലായ്മ കാരണം വ്യർഥമായി. 2019ൽ ജസ്റ്റിസ് കെ.ടി. തോമസ് അധ്യക്ഷനായ ഭരണ പരിഷ്കാര കമീഷനും 2021ൽ (നിയമസഭയിൽ) കെ.ഡി. പ്രസേനനും മുന്നോട്ടുവെച്ച നിയമങ്ങളും പാസാക്കാൻ ഭരണതലത്തിൽ താൽപര്യമില്ലാതെപോയി.
നരബലി വാർത്ത കേട്ടാൽ ഞെട്ടാൻ ഒരുങ്ങിനിൽക്കുന്ന അധികാരികളും മാധ്യമങ്ങളും സ്വന്തം മുഖം കണ്ണാടിയിൽ നോക്കുന്നത് നന്നാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.