ലോകത്തെ 180 രാജ്യങ്ങളിൽ എത്രയൊക്കെ മാധ്യമസ്വാതന്ത്ര്യമുണ്ട്? വിവിധ മാനദണ്ഡങ്ങൾ വെച്ച് സൂക്ഷ്മമായി പഠിക്കുകയും കിട്ടിയ വിലയിരുത്തലുകൾ സംഖ്യകളാക്കി കൃത്യതയോടെ മാറ്റിയെടുക്കുകയും, രാജ്യങ്ങൾ തമ്മിലെ താരതമ്യസ്ഥാനം ആധികാരികമായി നിർണയിച്ച് പ്രതിവർഷ റിപ്പോർട്ടിറക്കുകയും ചെയ്യുന്ന ആഗോള പ്രസ്ഥാനമാണ് റിപ്പോർട്ടേഴ്സ് വിതൗട്ട് ബോർഡേഴ്സ് (ആർ.എസ്.എഫ്).
180 രാജ്യങ്ങളെ എടുത്താൽ, മാധ്യമസ്വാതന്ത്ര്യത്തിന്റെ അളവ് താരതമ്യേന കൂടുതലുള്ള പകുതി രാജ്യങ്ങളുടെ കൂട്ടത്തിലാണ് നമ്മുടെ ഇന്ത്യയെങ്കിൽ നമുക്ക് 90നുള്ളിൽ ഒരു സ്ഥാനം കിട്ടണം. പക്ഷേ, ആർ.എസ്.എഫ് നമുക്ക് കണക്കുകൂട്ടി തന്നത് 161ാം സ്ഥാനമാണ്. എന്നുവെച്ചാൽ, 180 പേർ വരിനിൽക്കുമ്പോൾ ഏറ്റവും അവസാനത്തെ ഇരുപതിൽപെടും നമ്മൾ. അവസാന ഇരുപതിൽ നമുക്ക് കൂട്ടായി, വിയറ്റ്നാമും ചൈനയും വടക്കൻ കൊറിയയുമടക്കമുള്ള, മാധ്യമസ്വാതന്ത്ര്യം അനുവദിക്കാത്ത കുറെ രാജ്യങ്ങളുണ്ട്.
നമ്മെക്കാൾ ഭേദമാണ് താലിബാൻ ഭരിക്കുന്ന അഫ്ഗാനിസ്താന്റെയും സൈനിക സ്വാധീനമേറെയുള്ള പാകിസ്താന്റെയും സ്ഥിതി. ഇത് എത്രത്തോളം അമ്പരപ്പിക്കുന്ന വസ്തുതയാണ് എന്നതിന്റെ ഒരു ലക്ഷണം,സൂചികതന്നെ തെറ്റാണെന്നു പറയാൻ ഇന്ത്യൻ ഔദ്യോഗിക കേന്ദ്രങ്ങൾ അത് ഉപയോഗിക്കുന്നു എന്നതാണ്. പക്ഷേ, എന്തുകൊണ്ട് തങ്ങൾ ഇന്ത്യയുടെ പദവി 11 സ്ഥാനം പിന്നിലേക്കാക്കി എന്നതിന് ആർ.എസ്.എഫിന്റെ സൂചികയിലെ വിശദാംശങ്ങൾ മറുപടി നൽകുന്നുണ്ട്. രാഷ്ട്രീയം, സാമ്പത്തികം, നിയമപരം, സാമൂഹികം, സുരക്ഷാപരം എന്നീ അഞ്ച് മാനദണ്ഡങ്ങളിലും നാം വിവിധതോതിൽ പിറകോട്ടാണ് പോയത്.
മാധ്യമങ്ങൾക്കെതിരായ ഭരണകൂട നടപടികൾ തന്നെയാണ് മറ്റു പല രാജ്യങ്ങളിലുമെന്നപോലെ ഇന്ത്യയിലും മാധ്യമസ്വാതന്ത്ര്യം കുറയാനുള്ള പ്രധാന കാരണം. ‘‘2014 മുതൽ നരേന്ദ്രമോദി ഭരിക്കുന്ന’’ ഇന്ത്യയിൽ മാധ്യമസ്വാതന്ത്ര്യം പ്രതിസന്ധിയിലാണെന്ന് ആർ.എസ്.എഫ് പറയുന്നു. അതിന് അവർ എടുത്തുപറയുന്ന കാരണങ്ങളിൽ, ജേണലിസ്റ്റുകൾക്കെതിരായ അതിക്രമങ്ങളും മാധ്യമങ്ങളുടെ രാഷ്ട്രീയചായ്വുകളും മാധ്യമമേഖലയിലെ കുത്തകവത്കരണവുമൊക്കെ ഉൾപ്പെടും. ബി.ജെ.പി നേതാവും ഹിന്ദു ദേശീയവാദി വലതുപക്ഷത്തിന്റെ മൂർത്തീമദ്ഭാവവുമെന്നാണ് ആർ.എസ്.എഫ് സൂചികയിൽ മോദിയെ വിവരിച്ചിട്ടുള്ളത്.
മാധ്യമങ്ങൾക്കും മാധ്യമപ്രവർത്തകർക്കുമെതിരെ തീവ്ര വലതുപക്ഷം നടത്തുന്ന വേട്ടക്ക് ഇന്ന് മറപോലും ആവശ്യമില്ലെന്നായിരിക്കുന്നു. ഗുജറാത്ത് വംശഹത്യയെപ്പറ്റിയുള്ള ബി.ബി.സി ഡോക്യുമെന്ററി സമൂഹമാധ്യമങ്ങളിൽ നിരോധിച്ചെങ്കിലും അത് കൂടുതലാളുകളിലേക്കെത്താനാണ് ആ നടപടി നിമിത്തമായത്. പിന്നെ കണ്ടത് ബി.ബി.സി ഓഫിസുകളിൽ റെയ്ഡുകൾ നടക്കുന്നതാണ്. ബി.ബി.സിക്കെതിരെ കേസുമെടുത്തിരിക്കുന്നു. കേസ് നേരിടാത്ത സ്വതന്ത്ര മാധ്യമങ്ങൾ ഇന്ത്യയിൽ നന്നേ കുറവാണ്.
ജമ്മു-കശ്മീരിന്റെ സംസ്ഥാനപദവി എടുത്തുകളഞ്ഞ സമയത്ത് അവിടെ ഗവർണറായിരുന്ന സത്യപാൽ മലിക് ചില അഭിമുഖങ്ങളിൽ തുറന്നടിച്ച വസ്തുതകൾ സാധാരണനിലക്ക് സ്വതന്ത്ര അന്വേഷണത്തിലേക്ക് നയിക്കേണ്ടതായിരുന്നു. പുൽവാമയിൽ ഇന്ത്യൻ സൈനികർക്ക് സുരക്ഷിതമായി സഞ്ചരിക്കാൻ വ്യോമസൗകര്യം നൽകാതിരുന്നതാണ് ഭീകരാക്രമണത്തിനും 40 ജവാന്മാരുടെ മരണത്തിനും ഇടവരുത്തിയതെന്ന് മലിക് തുറന്നുപറഞ്ഞിരുന്നു. മാത്രമല്ല, ആ സമയത്ത് കോർബറ്റ് പാർക്കിൽ ഒരു ഫിലിം ഷൂട്ടിങ്ങിലായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് താൻ ഇക്കാര്യം പറഞ്ഞെന്നും സർക്കാർ വീഴ്ചയാണ് ദുരന്തത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ അത് ആരോടും മിണ്ടരുതെന്നാണ് മോദി നിർദേശിച്ചതെന്നും മലിക് വെളിപ്പെടുത്തിയത് വലിയ കോളിളക്കമുണ്ടാക്കി. പിന്നെ സംഭവിച്ചത് എന്തെങ്കിലും ഔദ്യോഗിക അന്വേഷണമല്ല, മറിച്ച് മലികിനെതിരെ പഴയ ഏതോ കേസ് പൊടിതട്ടിയെടുക്കുന്നതാണ്.
മാധ്യമവേട്ടയുടെ ഉദാഹരണമാണ്, മീഡിയവൺ ചാനലിന്റെ സംപ്രേഷണാനുമതി പുതുക്കാതെ അത് നിർത്തിവെപ്പിച്ചത്. ജുഡീഷ്യറിയുടെ സഹായത്തോടെ ചാനൽ അനുമതി വീണ്ടെടുത്തെങ്കിലും 14 മാസം നീണ്ട നിയമപോരാട്ടം വേണ്ടിവന്നു അതിന്. വിധിപ്രസ്താവത്തിൽ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് എടുത്തുപറയുന്ന പല കാര്യങ്ങളും ആർ.എസ്.എഫ് റിപ്പോർട്ടിലെ സൂചനകളുമായി ഒത്തുപോകുന്നുണ്ട്. ഭരണകൂടത്തെ വിമർശിക്കാൻ മാധ്യമങ്ങൾക്ക് അവകാശവും ഉത്തരവാദിത്തവുമുണ്ട്, ഭരണകൂട വിമർശനം രാജ്യത്തിനെതിരല്ല, സ്വതന്ത്ര മാധ്യമങ്ങൾ ജനാധിപത്യത്തിന് അത്യാവശ്യമാണ് തുടങ്ങിയ നിരീക്ഷണങ്ങൾ കോടതി നടത്തിയത് ഉദാഹരണം.
മാധ്യമരംഗത്തെ കുത്തകവത്കരണം മാധ്യമസ്വാതന്ത്ര്യത്തെ ബാധിക്കുന്നുണ്ടെന്ന് ആർ.എസ്.എഫ് പറയുന്നു. ചില കുടുംബങ്ങളും വ്യാപാരസ്ഥാപനങ്ങളുമാണ് ജനങ്ങൾക്ക് ലഭ്യമാകുന്ന വാർത്തകളുടെ വൻഭാഗത്തെ നിയന്ത്രിക്കുന്നത്. ഈ സ്ഥാപനങ്ങൾ വിചാരിച്ചാൽ വാർത്തകളെയും ചർച്ചകളെയും വഴിതിരിച്ചുവിടാനാകും എന്നാണ് ഇതിനർഥം.
നിയമങ്ങൾ താത്ത്വികമായി മാധ്യമസ്വാതന്ത്ര്യത്തെ പിന്തുണക്കുന്നുണ്ടെങ്കിലും അനുഭവത്തിൽ മറിച്ചാണവസ്ഥയെന്ന് ആർ.എസ്.എഫ് ഉദാഹരണങ്ങൾ സഹിതം എടുത്തുപറയുന്നു.
ഇന്ത്യൻ മാധ്യമരംഗത്തിന്റെ പതനത്തിന്റെ ലക്ഷണമായി ആർ.എസ്.എഫ് എടുത്തുപറയുന്ന മറ്റൊന്ന് ‘ഗോദി മീഡിയ’ സംസ്കാരമാണ്. ഭരണകൂടത്തോടുള്ള ദാസ്യമാണ് ഈ വിധേയമാധ്യമങ്ങളുടെ മുഖമുദ്ര. സർക്കാർപക്ഷ വ്യാഖ്യാനങ്ങൾ പ്രചരിപ്പിക്കുക മാത്രമായിട്ടുണ്ട് ഇവയുെട ജോലി. മുൻ വർഷ റിപ്പോർട്ടുകളിൽ ആർ.എസ്.എഫ് വ്യാജവാർത്താ നിർമിതിയെ വലിയൊരു വെല്ലുവിളിയായി ചൂണ്ടിക്കാട്ടിയിരുന്നു. അതിൽ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ കുറെ മാധ്യമങ്ങളുടെ പങ്കും സൂചിപ്പിച്ചിരുന്നു. എന്നാൽ, ഇക്കൊല്ലം ‘ഗോദി മീഡിയ’യെപ്പറ്റിയുള്ള സൂചനയിലൂടെ ഇതാദ്യമായി ആർ.എസ്.എഫ് ഇന്ത്യയിലെ ചങ്ങാത്ത ജേണലിസത്തെ (crony journalism) നിർണായകമായൊരു സംഭവവികാസമായി എടുത്തുകാണിക്കുകയാണ്.
ജോലിക്കിടെ കൊല്ലപ്പെടുന്ന മാധ്യമപ്രവർത്തകരുടെയും ജോലി കാരണം വേട്ടയാടപ്പെടുന്ന മാധ്യമപ്രവർത്തകരുടെയും എണ്ണം ആർ.എസ്.എഫിന്റെ മാനദണ്ഡങ്ങളിൽ ഉൾപ്പെടും. വർഷം മൂന്നോ നാലോ എന്നതോതിൽ ജേണലിസ്റ്റുകൾ ഇന്ത്യയിൽ കൊല്ലപ്പെടുന്നുണ്ടത്രെ. ‘‘മാധ്യമപ്രവർത്തനത്തിന് ഏറ്റവും ആപൽക്കരമായ രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിയിരിക്കുന്നു. പൊലീസുകാർ വേട്ടയാടുന്നു, രാഷ്ട്രീയക്കാർ പതിയിരുന്ന് ആക്രമിക്കുന്നു, കുറ്റവാളിസംഘങ്ങൾ പകപോക്കുന്നു, അഴിമതിക്കാരായ ഉദ്യോഗസ്ഥർ പിന്തുടർന്ന് ഉപദ്രവിക്കുന്നു. ഓൺലൈൻ വേദികളിൽ ജേണലിസ്റ്റുകൾ കടുത്ത വിദ്വേഷത്തിനും ഭീഷണിക്കും ഇരയാക്കപ്പെടുന്നു. വനിത ജേണലിസ്റ്റുകളുടെ കാര്യത്തിൽ ഇത് പതിന്മടങ്ങാണ്.’’
ഇന്ത്യൻ സമൂഹത്തിന്റെ സമ്പന്നമായ ബഹുസ്വരത ഇവിടത്തെ മാധ്യമമേഖല പ്രതിഫലിപ്പിക്കുന്നില്ലെന്ന ആക്ഷേപം ആർ.എസ്.എഫ് ആവർത്തിച്ചിട്ടുണ്ട്. ‘കീഴ്ജാതി’ക്കാർക്കും വനിതകൾക്കും പ്രാതിനിധ്യം കുറവാണെന്ന് അത് ഊന്നിപ്പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.