മഹാരാഷ്ട്രയിൽ ഒരു വനിത ജേണലിസ്റ്റിനോട് തീവ്ര വലതുപക്ഷ നേതാവ് സംസാരിക്കാൻ വിസമ്മതിച്ചു. അവർ നെറ്റിയിൽ പൊട്ട് തൊട്ടിരുന്നില്ല എന്നതാണ് കാരണം.
സംഭാജി ഭിഡെയാണ് കഥാനായകൻ. 'ഹിന്ദുത്വ' പ്രവർത്തകനാണദ്ദേഹം. ഭീമ കൊറേഗാവിൽ 2018 ജനുവരിയിൽ ദലിതുകൾക്കെതിരെ നടന്ന മേൽജാതി ആക്രമണങ്ങളിൽ പങ്കെടുത്തതിന് പിടികൂടപ്പെട്ടെങ്കിലും കുറ്റപത്രത്തിൽ ഒഴിവാക്കപ്പെട്ടു. എൻ.ഐ.എ പിന്നീട് കേസെടുത്തതാകട്ടെ ഇരകളായ ദലിതർക്കെതിരെയും. അതിനുമുമ്പും സംഭാജി ഭിഡെ വർഗീയമായ അതിക്രമങ്ങളിൽ സജീവമായി പങ്കെടുത്തിരുന്നു.
നവംബർ രണ്ടിന് ഭിഡെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക് നാഥ് ഷിൻഡെയെ സന്ദർശിച്ചിരുന്നു. അതിനെപ്പറ്റി അന്വേഷിക്കാൻവേണ്ടി മറാഠി ചാനലായ സാം ടി.വിയുടെ ലേഖിക രൂപാലി ബി.ബി അദ്ദേഹത്തെ സമീപിച്ചു.
ചോദ്യം മുഴുമിപ്പിക്കുന്നതിന് മുമ്പുതന്നെ ഭിഡെ ഇടപെട്ടു. ലേഖിക നെറ്റിയിൽ കുറി ഇടാത്തത് ശരിയായില്ലെന്നും അത്തരമൊരാളോട് താൻ സംസാരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതിനോട് വനിതാ മാധ്യമപ്രവർത്തകർ പ്രതികരിച്ചു. അവർ സ്വന്തം പടങ്ങൾ നെറ്റിയിൽ കുറി ഇല്ലാതെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. മഹാരാഷ്ട്ര വനിത കമീഷൻ ഭിഡെക്ക് വിശദീകരണം ചോദിച്ച് നോട്ടിസും നൽകി.
കേരളത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മാധ്യമങ്ങളെ വിളിച്ചുവരുത്തുകയും വാർത്താസമ്മേളനം തുടങ്ങും മുമ്പ് രണ്ട് മാധ്യമങ്ങളോട് പുറത്തുപോകാൻ ആവശ്യപ്പെടുകയും ചെയ്തു. ഭിഡെ പറഞ്ഞ മട്ടിൽതന്നെ, ''നിങ്ങളോട് സംസാരിക്കില്ല'' എന്നായിരുന്നു നയപ്രഖ്യാപനം.
പ്രധാനമന്ത്രി നരേന്ദ്ര മോദി വാർത്തസമ്മേളനം വിളിക്കില്ലെന്നേ ഉള്ളൂ. ഗവർണർ ആരിഫ് ഖാൻ വാർത്തസമ്മേളനത്തിന് മുൻകൂർ ഇ-മെയിൽ അപേക്ഷ വാങ്ങും, അതിന് എത്തുന്നവരെ സുരക്ഷാ പരിശോധന (കൾ)ക്ക് വിധേയരാക്കും, എന്നിട്ട് വിളിച്ചുവരുത്തിയവരിൽ ഇഷ്ടമില്ലാത്തവരെ തിരഞ്ഞുപിടിച്ച് പുറത്താക്കും. മോദിയല്ലേ ഭേദം?
നവംബർ 7ന് കൊച്ചിയിലായിരുന്നു ഗവർണർ വാർത്തസമ്മേളനം വിളിച്ചത്. അതിന് എത്തിയവരിൽ മീഡിയവൺ, കൈരളി എന്നീ ചാനലുകളുടെ പ്രതിനിധികളെ ''കാഡർ ചാനലുകൾ'' എന്ന് വിശേഷിപ്പിച്ച് പുറത്തുപോകാൻ പറഞ്ഞു. മീഡിയവൺ റിപ്പോർട്ടർ മുഹ്സിന അസ്സു, വാർത്ത സമ്മേളനത്തിലേക്ക് അനുമതി കിട്ടിയതാണെന്ന് പറഞ്ഞുനോക്കി. പക്ഷേ, ഗവർണർ 'ഗെറ്റൗട്ട്' പറഞ്ഞു.
1983ൽ സ്പീക്കർ വക്കം പുരുഷോത്തമൻ ദേശാഭിമാനി പത്രത്തിന്റെ റിപ്പോർട്ടറായിരുന്ന ആർ.എസ്. ബാബുവിനെ നിയമസഭ റിപ്പോർട്ടിങ്ങിൽനിന്ന് വിലക്കിയ സംഭവം മാധ്യമപ്രവർത്തകൻ കെ.എ. ഷാജി അനുസ്മരിക്കുന്നുണ്ട്. അന്ന്, കോൺഗ്രസാണ് കേന്ദ്രത്തിലും സംസ്ഥാനത്തും ഭരണത്തിൽ. ആ പാർട്ടിയുടെ മുഖപത്രമായ വീക്ഷണം, ആകാശവാണി, ദൂരദർശൻ എന്നിവയുടേതടക്കം എല്ലാ മാധ്യമപ്രതിനിധികളും സഭ റിപ്പോർട്ടിങ് ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. ഗവർണറുടെ നയപ്രഖ്യാപനം ഒരിക്കലും റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. ഒടുവിൽ സ്പീക്കർ വക്കം വഴങ്ങേണ്ടിവന്നു.
ഇപ്പോൾ ഗവർണറാണ് തനിക്ക് വിരോധമുള്ള മാധ്യമങ്ങളോട് പുറത്തുപോകാൻ പറയുന്നത്. പക്ഷേ, മറ്റു ചാനലുകൾ ഇത്തവണ ബഹിഷ്കരണത്തിന് മുതിർന്നില്ല. 'പ്രായോഗിക ബുദ്ധിമുട്ടുകൾ' ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നു. ഓർക്കാപ്പുറത്ത് ഇങ്ങനെയൊരു നടപടി ഗവർണറിൽനിന്നുണ്ടാകുമ്പോൾ പ്രതികരണത്തെപ്പറ്റി ചിന്തിക്കാനോ തീരുമാനിക്കാനോ സാധ്യമാകാതെ പോകുന്നു.
ഈ വാർത്തസമ്മേളനത്തിലേക്ക് ജയ്ഹിന്ദ് ചാനലിന് അനുമതിയേ ലഭിച്ചില്ല എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
പെട്ടെന്നൊരു ബഹിഷ്കരണം തീരുമാനിക്കാൻ പ്രയാസമുണ്ട് എന്നതിൽ ശരിയുണ്ട്. അതേസമയം, വേണമെന്നുണ്ടെങ്കിൽ മുൻകൂട്ടി ആലോചിക്കാനുള്ള സാവകാശം ഗവർണർതന്നെ നൽകിയിട്ടുണ്ട് എന്നതാണ് വാസ്തവം.
ഏതാനും ദിവസംമുമ്പ് വൈസ് ചാൻസലർ പ്രശ്നത്തിൽ ഗവർണറെ കാണാൻ പോയ ചാനലുകളിൽ നാലെണ്ണത്തെ ഒഴിവാക്കുകയുണ്ടായി. അന്നേരം മാധ്യമങ്ങൾക്ക് വഴങ്ങേണ്ടിവന്നത് മനസ്സിലാക്കാം. പക്ഷേ, അത്തരം സന്ദർഭങ്ങളിൽ എന്തുചെയ്യണമെന്ന് നയം രൂപവത്കരിക്കാൻ മാധ്യമങ്ങൾക്ക് അന്നുമുതലെങ്കിലും സാധിക്കുമായിരുന്നില്ലേ?
സാധിക്കും എന്ന് തെളിയിച്ചുകൊണ്ട് റിപ്പോർട്ടർ ചാനൽ ഇത്തവണ ഗവർണറെ ബഹിഷ്കരിച്ചതുമാണ്.
ഏതായാലും സംഭവത്തിനുശേഷമെങ്കിലും മാധ്യമങ്ങൾ ഉണർന്നു എന്നുതോന്നുന്നു. പ്രതിഷേധ പരിപാടികളുമായി അവ ഗവർണറുടെ സമീപനത്തോടുള്ള തങ്ങളുടെ എതിർപ്പ് വ്യക്തമാക്കുന്നുണ്ട്.
സ്തുതിപാഠകരും വിയോജിക്കാത്തവരും മതി തങ്ങളുടെ വാർത്തസമ്മേളനങ്ങളിലെന്ന് ആരിഫ് ഖാനെപ്പോലെ മറ്റുള്ളവരും തീരുമാനിച്ചാൽ ജനാധിപത്യത്തിന്റെ അവസ്ഥ എന്താകും? ഇഷ്ടമുള്ളവരും അല്ലാത്തവരുമാക്കി മാധ്യമങ്ങളെ വിഭജിക്കുന്നത് സ്വേച്ഛാധിപത്യത്തിന്റെ ലക്ഷണമാണ്; അല്ല, സ്വേച്ഛാധിപത്യംതന്നെയാണ്.
''നിങ്ങളെന്താണ് മരത്തിലെ കുരങ്ങന്മാരെപ്പോലെ എന്റെ ചുറ്റുംനിന്ന് ചാടുന്നത്? നായ്ക്കൾക്കും പ്രേതങ്ങൾക്കും ചാരായവിൽപനക്കാർക്കുമൊക്കെ ചോദ്യംചോദിക്കാനുണ്ടാകും. എന്നുവെച്ച് അവർ ചോദിക്കുന്നതിനൊക്കെ ഞാൻ മറുപടി പറയണോ?''
മാധ്യമപ്രവർത്തകരോട് ''ഗെറ്റൗട്ട്'' പറയുന്നതിന് പകരം അവരെ കുരങ്ങന്മാരോടും നായ്ക്കളോടുമൊക്കെ ഉപമിച്ച് സ്ഥലംവിടുകയായിരുന്നു തമിഴ്നാട്ടിലെ ഒരു രാഷ്ട്രീയ നേതാവ്.
സംഭവം ഒക്ടോബർ 27ന്. സ്ഥലം കൂടലൂർ. കഥാനായകൻ തമിഴ്നാട് ബി.ജെ.പി അധ്യക്ഷൻ കെ. അണ്ണാമലൈ.
അണ്ണാമലൈയുടെ പ്രതികരണത്തിൽ മാധ്യമപ്രവർത്തകർ രോഷംകൊണ്ടു. അദ്ദേഹം മാപ്പുപറയണമെന്ന് അവർ ആവശ്യപ്പെട്ടു.
മാപ്പു പറയില്ലെന്ന് അണ്ണാമലൈ: ''ഞാൻ ജേണലിസ്റ്റുകളെ കുരങ്ങുകളെന്ന് വിളിച്ചിട്ടില്ല. കുരങ്ങുകളെപ്പോലെ ചാടുന്നതെന്ത് എന്ന് ചോദിച്ചേയുള്ളൂ. നിങ്ങൾ കടുവയെപ്പോലെ നടക്കുന്നു എന്നു പറഞ്ഞാൽ അതിനർഥം നിങ്ങൾ കടുവയാണ് എന്നല്ലല്ലോ.''
അത് ന്യായം. എങ്കിൽ നമുക്ക് അതേ കളി തുടരാം എന്ന് ടൈംസ് ഓഫ് ഇന്ത്യയിൽ (ചെന്നൈ, നവംബർ 7) റെസിഡന്റ് എഡിറ്റർ അരുൺ റാം തന്റെ പതിവ് കോളത്തിൽ ('സ്റ്റോറി ബോർഡ്') എഴുതി. അദ്ദേഹത്തിന്റെ ആ 'കളി'യിൽനിന്നൽപം:
''... അണ്ണാമലൈ കഴുതയെപ്പോലെ അമറുന്നു എന്നു പറഞ്ഞാൽ അതിനർഥം അദ്ദേഹം കഴുതയാണ് (കഴുതകളോട് അനാദരവ് ഉദ്ദേശിച്ചില്ല) എന്നല്ല. ഇനി, അണ്ണാമലൈ സിംഹത്തെപ്പോലെ ഗർജിച്ചു (വികാരം വ്രണപ്പെട്ടതായി സിംഹങ്ങൾക്ക് തോന്നിയെങ്കിൽ മാപ്പ്) എന്ന് പറഞ്ഞാലോ? അതിനർഥം അദ്ദേഹം സിംഹമാണ് എന്നല്ല...
''ഇൗ കളി നമുക്ക് ഒരു രാഷ്ട്രീയ ആനിമൽ ഫാം ആക്കാം. വായനക്കാർക്ക് പൂരിപ്പിക്കാനിതാ ചില വാക്യങ്ങൾ: നരേന്ദ്രമോദി ––– പോലെ കാമറക്ക് പോസ് ചെയ്യുന്നു; രാഹുൽ ഗാന്ധി ––– പോലെ നടക്കുന്നു; എം.കെ. സ്റ്റാലിൻ ––– പോലെ സൈക്കിളോടിക്കുന്നു...''
ഇത്രയും വായിച്ചപ്പോൾ നിങ്ങൾക്ക് ഗവർണർ ആരിഫ് മുഹമ്മദ്ഖാനെപ്പറ്റി ബഹുമാനം തോന്നുന്നുണ്ടാകും. ക്രിമിനലെന്നോ കുരങ്ങെന്നോ അദ്ദേഹം മാധ്യമപ്രവർത്തകരെ വിളിച്ചിട്ടില്ല. ഗവർണർ പദവിയുടെ അന്തസ്സ് അത്രയെങ്കിലും കാത്തതിന് നന്ദി പറയാം.
ഒരു വിഷയവും മറ്റനേകം വിഷയങ്ങളും. ഒരു വാർത്തയും മറ്റനേകം വാർത്തകളും.
നവംബർ 6ലെ കുറെ വാർത്തകൾ ഇതെല്ലാമായിരുന്നു: ''തിരുവനന്തപുരം മേയറുടെ കത്ത് വിവാദം''; ഗവർണർ – സർക്കാർ പോര്; ഹിമാചൽപ്രദേശ് തെരഞ്ഞെടുപ്പ്; പി.എഫ് പെൻഷനെപ്പറ്റി സുപ്രീംകോടതി വിധിയും ആശയക്കുഴപ്പവും; എം.പി ഫണ്ട് ഉപയോഗത്തിലും ഹിന്ദി അടിച്ചേൽപിക്കുന്നു. പിന്നെ ലോകകപ്പ് ക്രിക്കറ്റ്, ഐ.എസ്.എൽ ഫുട്ബാൾ, തുടങ്ങാനിരിക്കുന്ന ഖത്തറിലെ ലോക ഫുട്ബാൾ...
ഇതെല്ലാം വിശദമായി പദധാരാളിത്തത്തോടെ വന്ന വാർത്തകൾ. ഇനി, ഒറ്റപ്പെട്ട് നിൽക്കുന്ന ആ വാർത്ത. ഈജിപ്തിൽ കോപ് 27 തുടങ്ങുന്നു.
രാഷ്ട്രീയവും കായികമത്സരങ്ങളും ഭരണനടപടികളുമെല്ലാം പ്രധാനംതന്നെ. എന്നാൽ, ഇപ്പോൾ നടക്കുന്ന നിർണായകമായ കാലാവസ്ഥ ഉച്ചകോടി അപ്രധാനമാണോ?
പല പത്രങ്ങളിലും കാലാവസ്ഥ ഉച്ചകോടിയുടെ (നവം. 6 മുതൽ 18 വരെ) വാർത്തക്ക് മുൻകാലങ്ങളേക്കാൾ ശ്രദ്ധ കിട്ടുന്നുണ്ടെന്നത് ശരിയാണ്. ലേഖനങ്ങളും റിപ്പോർട്ടുകളും കാണാനുണ്ട്. മാതൃഭൂമി ആദ്യദിനം അത് സൂപ്പർലീഡാക്കി. മാധ്യമം മുൻകൂർ മുഖപ്രസംഗമെഴുതി. മറ്റു പത്രങ്ങളും വിവരങ്ങൾ ചേർക്കുന്നുണ്ട്.
എന്നാൽ, രാഷ്ട്രീയത്തിനും ക്രൈമിനും സ്പോർട്സിനും ഉള്ളഴിഞ്ഞുനൽകുന്ന പ്രാമുഖ്യമല്ല, മറിച്ച് ഏതോ വിദൂരസ്ഥമായ അന്താരാഷ്ട്ര വിശേഷമെന്ന തരത്തിലുള്ള മാമൂൽ സ്ഥാനം മാത്രമാണ് ഇന്നും കാലാവസ്ഥ വാർത്തകൾക്ക് നൽകുന്നത്. കാലാവസ്ഥ ഉച്ചകോടിയുടെ സ്പോൺസർ സ്ഥാനത്തുനിന്ന് കൊക്കകോളയെ ഒഴിവാക്കണമെന്ന് പ്ലാച്ചിമടക്കാർ ആവശ്യപ്പെടുന്നതുപോലും ശ്രദ്ധ നേടുന്നില്ല.
അതേസമയം, ശാസ്ത്രലോകവും യു.എന്നും മുന്നറിയിപ്പ് തരുന്നു, കോപ് 27 ഉച്ചകോടി ഭൂമിയിലെ ജീവജാലങ്ങളുടെ നിലനിൽപിന് നിർണായകമാകാമെന്ന്. പരിഹാരത്തിന് മുന്നിലെ ഏക തടസ്സം, അടിയന്തര നടപടികൾ സ്വീകരിക്കുന്നതിൽ വിവിധ രാജ്യങ്ങളുടെ രാഷ്ട്രീയ നേതൃത്വങ്ങൾക്ക് ഇച്ഛാശക്തി ഇല്ലാത്തത് മാത്രമാണേത്ര.
പ്രാദേശിക വിവാദങ്ങൾക്കു പിന്നാലെ പായുന്ന മാധ്യമങ്ങൾക്ക് ഭൂമിയുടെ ദുരവസ്ഥക്ക് അരപ്പേജ് പ്രാധാന്യമെങ്കിലും നൽകാൻ സമയമായില്ലേ?
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.