യുക്രെയ്ൻ യുദ്ധത്തിന്റെ കാരണങ്ങളെപ്പറ്റി പടിഞ്ഞാറൻ മാധ്യമങ്ങൾ ധാരാളം പറയുന്നുണ്ട്. അവയെല്ലാം റഷ്യയെ കുറ്റപ്പെടുത്തുന്നവയാണ്. റഷ്യൻ അധിനിവേശം യുദ്ധത്തിന് കാരണമായി എന്ന്.
റഷ്യക്ക് മറ്റൊരു ഭാഷ്യം നൽകാനുണ്ട്. ‘നാറ്റോ’യിൽ യുക്രെയ്നെ അടക്കം ചേർത്ത് ആ പാശ്ചാത്യ സൈനികസഖ്യം റഷ്യക്കു ചുറ്റും നിലകൊള്ളുന്ന അവസ്ഥ ഉണ്ടാക്കരുതെന്ന് നേരത്തേ ധാരണയുള്ളതാണ്. പാശ്ചാത്യ രാജ്യങ്ങൾ അത് ലംഘിച്ചപ്പോൾ റഷ്യക്ക് വേറെ വഴിയില്ലായിരുന്നു എന്ന്.
രണ്ടും ലോകം കേൾക്കുന്നത് മാധ്യമങ്ങൾ വഴി. അതുകൊണ്ടുതന്നെ പാശ്ചാത്യവാദമാണ് നാമടക്കം എല്ലാവരും കൂടുതൽ കേൾക്കുന്നത്.
ഈ ഏകപക്ഷീയതയുടെ അപകടം കഴിഞ്ഞ മാസങ്ങളിൽ കണ്ടു. മറ്റൊരു ലോകയുദ്ധത്തിലേക്ക് – മിക്കവാറും ആണവയുദ്ധത്തിലേക്ക് – യൂറോപ്പിനെ എടുത്തെറിയാൻ തക്കശക്തിയുണ്ടായിരുന്ന ഒരു വ്യാജവാർത്ത പാശ്ചാത്യ മാധ്യമങ്ങൾ പടർത്തി.
റഷ്യ-യുക്രെയ്ൻ ഏറ്റുമുട്ടൽ ഒന്ന് മൂർച്ഛിച്ചതായിരുന്നു പശ്ചാത്തലം.
നവംബർ 15ന് റഷ്യ യുക്രെയ്നിലെ ഊർജശൃംഖലക്കുനേരെ ക്രൂസ് മിസൈലുകൾകൊണ്ട് ആക്രമണം നടത്തി.
അതേ വേളയിൽതന്നെ, യുക്രെയ്ന്റെ അയൽരാജ്യമായ പോളണ്ടിൽ ഒരു കൃഷിയിടത്തിൽ മിസൈലുകൾ വീണ് രണ്ട് കർഷകർ കൊല്ലപ്പെട്ടു.
ഉടനെ വന്നു വാർത്തകൾ: ‘‘റഷ്യ പോളണ്ടിലേക്ക് മിസൈൽ വിട്ടു.’’ യുകെയ്ൻ പ്രസിഡന്റ് സെലൻസ്കി പറഞ്ഞു: ‘‘റഷ്യൻ ആക്രമണം കൂട്ടുസുരക്ഷക്കുനേരെയുള്ള ആക്രമണമാണ്.’’
അതിന്റെ അർഥം ഇങ്ങനെ: പോളണ്ട് നാറ്റോ അംഗമാണ്. നാറ്റോ ഉടമ്പടിയിൽ പറയുന്നുണ്ട്, ഏതെങ്കിലും ഒരു അംഗരാജ്യത്തെ ആക്രമിക്കുന്നത് എല്ലാ അംഗരാജ്യങ്ങളെയും ആക്രമിക്കലായി കണക്കാക്കും എന്ന്.
റഷ്യ പോളണ്ടിൽ മിസൈലാക്രമണം നടത്തിയെങ്കിൽ നാറ്റോ തന്നെ തിരിച്ചടിക്കണം എന്നാണ് സെലൻസ്കി ഉദ്ദേശിച്ചത്.
അതിന് റഷ്യ പോളണ്ടിനെ ആക്രമിച്ചോ?
‘‘പോളണ്ടാക്രമണം വിരൽ ചൂണ്ടുന്നത് റഷ്യക്കെതിരെ’’ (ദ ടൈംസ്, ലണ്ടൻ), ‘‘റഷ്യൻ മിസൈൽ പോളണ്ടിൽ കൊണ്ടു’’ (ടെലിഗ്രാഫ്), ‘‘റഷ്യ യുക്രെയ്നെ ആക്രമിക്കുന്നതിനിടെ പോളണ്ടിൽ മിസൈൽ വീണതായി അവകാശവാദം’’ (ഗാർഡിയൻ), ‘‘റഷ്യൻ മിസൈൽ പോളണ്ടിൽ’’ (ഡെയ്ലി മിറർ), ‘‘പോളണ്ടിൽ രണ്ടുപേരെ റഷ്യൻ മിസൈൽ കൊന്നു’’ (ഡെയ്ലി എക്സ്പ്രസ്), ‘‘പുടിൻ നാറ്റോക്കുനേരെ ബോംബിട്ടു’’ (ഡെയ്ലി സ്റ്റാർ). പ്രധാന പത്രങ്ങൾ മുതൽ ടാബ്ലോയ്ഡുകൾ വരെ ഒരേതരം റിപ്പോർട്ട്.
പക്ഷേ അത് തെറ്റായിരുന്നു. ‘‘റഷ്യ ആക്രമിച്ചതായുള്ള ഈ റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന് തോന്നുന്ന’’തായി ബി.ബി.സി നവംബർ 16നു തന്നെ സമ്മതിച്ചു. യുക്രെയ്ൻ അതിർത്തിയോടു ചേർന്നുള്ള പോളണ്ടിലെ കൃഷിസ്ഥലത്ത് രണ്ടുപേർ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനു പിന്നിൽ കരുതിക്കൂട്ടിയുള്ള ആക്രമണമുണ്ടെന്ന് കരുതുന്നില്ല എന്ന് പോളണ്ട് പ്രസിഡന്റ് ദൂദയും പറഞ്ഞു.
മിസൈൽ റഷ്യയിൽനിന്ന് വന്നതാകാൻ വഴിയില്ലെന്ന് അതിനിടെ യു.എസ് പ്രസിഡന്റ് ബൈഡനും അറിയിച്ചു.
യുെക്രയ്നിൽനിന്നാണ് മിസൈൽ വന്നതെന്ന് തെളിഞ്ഞതോടെ പത്രങ്ങൾ പതിയെ പിൻവലിഞ്ഞു.
മിസൈൽ യുക്രെയ്നിൽനിന്ന് അബദ്ധത്തിൽ തൊടുത്തതായിരുന്നു. പക്ഷേ, എടുത്തുചാടി റഷ്യയെ കുറ്റപ്പെടുത്തിയ മാധ്യമങ്ങൾ ഒരു ലോകയുദ്ധത്തിന്റെ വക്കോളം യൂറോപ്പിനെ എത്തിച്ചു.
അസോസിയേറ്റഡ് പ്രസ് (എ.പി) എന്ന വാർത്താ ഏജൻസിയാണ് ഇതിൽ മുഖ്യപ്രതി. നവംബർ 15ന് അവർ ഇറക്കിയ ‘‘ബ്രേക്കിങ് ന്യൂസ്’’ ഇതായിരുന്നു: ‘‘റഷ്യൻ മിസൈലുകൾ നാറ്റോ അംഗരാജ്യമായ പോളണ്ടിന്റെ അതിർത്തിക്കുള്ളിലെത്തി രണ്ടുപേരെ കൊന്നതായി ഒരു മുതിർന്ന യു.എസ് ഇന്റലിജൻസ് വക്താവ് പറഞ്ഞു.’’
ഇന്റലിജൻസ് വക്താവിന്റെ പേരില്ല. അയാൾ ആരോടാണ് ഇത് പറഞ്ഞത്? ആ റിപ്പോർട്ടറുടെ പേരും ഇല്ല. എ.പി സ്വയം തീരുമാനിച്ച മാർഗരേഖപ്രകാരം പേരു പറയാത്ത (അനോണിമസ്) വാർത്താ ഉറവിടങ്ങളെ ഉദ്ധരിക്കുമ്പോൾ റിപ്പോർട്ടറുടെ ബൈലൈൻ നിർബന്ധമായും ഉണ്ടായിരിക്കണം. ഇവിടെ ആ നിയമം തെറ്റിച്ചിരിക്കുന്നു.
എ.പി ഏതായാലും പിന്നീട് വാർത്ത പിൻവലിച്ചു.
സ്വന്തം നിയമം ലംഘിച്ചുകൊണ്ട് ഒരു അവാസ്തവം – ആപൽക്കരമായ ഒരു നുണ – വാർത്തയാക്കാൻ എ.പിക്ക് എങ്ങനെ കഴിഞ്ഞു? ‘ഉറവിടം ദുർബലമായ ഒരു വാർത്തയുംകൊണ്ട് എ.പി മിക്കവാറും മൂന്നാം ലോകയുദ്ധത്തിന് ഇടവരുത്തിയതെങ്ങനെ’ (How a lightly -sourced AP story almost set off World War III) എന്ന ലേഖനത്തിൽ കോണർ എക്കൾസ് എഴുതി: ‘‘ഏറ്റവും വലിയ രണ്ട് ആണവശക്തികളെ (യു.എസിനെയും റഷ്യയെയും) യുദ്ധത്തിലേക്ക് തള്ളിവിടാനുള്ള ശ്രമമായിരുന്നു ഇന്നലെ കുറെ ആളുകൾ നടത്തിയത്.’’
നാം കണ്ണടച്ചു വിശ്വസിക്കുന്ന ‘‘ഒന്നാം ലോക മാധ്യമങ്ങളെ’’പ്പറ്റിയാണ് ഇത് പറയുന്നതെന്നോർക്കുക.
‘കശ്മീർ ഫയൽസ്’ എന്ന വിവേക് അഗ്നിഹോത്രിയുടെ സിനിമയെപ്പറ്റി ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ജൂറി ചെയർമാൻ പറഞ്ഞത് കുറെയാളുകൾക്ക് രുചിച്ചില്ല. ആ സിനിമ കലാമേന്മയില്ലാത്ത പ്രൊപഗാൻഡയാണ് എന്നാണ് നദവ് ലപിഡ് തുറന്നടിച്ചത്. 90കളിൽ കശ്മീരിൽനിന്ന് പലായനം ചെയ്യേണ്ടിവന്ന പണ്ഡിറ്റുകളുടെ ദുരിതമാണ് സിനിമയുടെ പ്രമേയം. ആ ദുരിതം യഥാർഥമാണെങ്കിലും, അതിനെക്കുറിച്ചുള്ള സിനിമ എന്ന ലേബലിൽ തീവ്ര വലതുപക്ഷ പ്രചാരവേല ഒളിച്ചുകടത്താനാണ് സംവിധായകൻ ശ്രമിച്ചത്.
ലപിഡിനെതിരെ തിരിഞ്ഞവരിൽ ചില ‘‘ദേശീയ’’ മാധ്യമങ്ങളമുണ്ട്. അദ്ദേഹം മറുപടി നൽകി: ഒരു സിനിമയെ വിമർശിച്ചാൽ രാജ്യത്തെ വിമർശിച്ചു എന്നർഥമില്ല. പണ്ഡിറ്റുകളുടെ ദുരിതത്തെ നിഷേധിക്കലുമല്ല.
ജൂറി അംഗവും ‘ദി കേരള സ്റ്റോറി’ എന്ന വ്യാജ പ്രചാരണ സിനിമയുടെ സംവിധായകനുമായ സുദീപ്തോ സെൻ ലപിഡിനെ തള്ളിപ്പറഞ്ഞു. എന്നാൽ, മറ്റു ജൂറി അംഗങ്ങളെല്ലാം ഒറ്റ സ്വരത്തിൽ ആവർത്തിച്ചു – കശ്മീർ ഫയൽസ് നിലവാരമില്ലാത്ത പ്രചാരവേല മാത്രമാണ്.
ലപിഡ് ഇസ്രായേലിയാണ് എന്നതുകൊണ്ട്, ഇസ്രായേലിന്റെ സ്ഥാനപതി ആ വിമർശനത്തിന്റെ പേരിൽ മാപ്പു പറയുന്ന അത്ഭുതവും പിന്നെ സംഭവിച്ചു.
പക്ഷേ, ഇസ്രായേലിന്റെ ഈ ‘‘അഭിപ്രായ സ്വാതന്ത്ര്യ’’വാദം തുറന്നുകാട്ടുന്ന മറ്റൊരു സംഭവം ഉണ്ടായി. നെറ്റ് ഫ്ലിക്സിൽ റിലീസ് ചെയ്ത ‘ഫർഹ’ എന്ന േജാർഡൻ ചലച്ചിത്രത്തിനെതിരെ ഇസ്രായേലി അധികൃതർ സർവശക്തിയുമുപയോഗിച്ച് രംഗത്തുവന്നു. നെറ്റ് ഫ്ലിക്സ് അധികൃതർ ഉറച്ചുനിന്നതുകൊണ്ട് ആ സിനിമ റിലീസ് ചെയ്യപ്പെട്ടു.
1948ൽ ഇസ്രായേൽ എന്ന രാഷ്ട്രത്തിന് ജന്മം നൽകിയ മഹാവിനാശത്തിന്റെ (‘നക്ബ’) ഒരു ചെറു സാമ്പിളാണ് ‘ഫർഹ’ സിനിമ കാണിക്കുന്നത്. ഒരു യഥാർഥ സംഭവത്തെ ആസ്പദമാക്കി നിർമിച്ചതാണ് സിനിമ.
വെടിയുണ്ടകളുമായി ഇരച്ചുവന്ന ഇസ്രായേലി പട്ടാളക്കാരിൽനിന്ന് രക്ഷ തേടിയ ഗ്രാമം. മറഞ്ഞിരിക്കേണ്ടി വന്ന ഫർഹ എന്ന പെൺകുട്ടി, ഇരുട്ടുമുറിയുെട വിടവിലൂടെ കണ്ട കാഴ്ചകൾ. നവജാത ശിശുവിനെപ്പോലും കൊന്നുകളഞ്ഞ നിഷ്ഠുരത.
‘കശ്മീർ ഫയൽസ്’ കലാമേന്മ ഇല്ലെന്നതിനാൽ വിമർശിക്കപ്പെട്ടപ്പോൾ ‘ഫർഹ’ കലാമേന്മയുടെ പേരിൽതന്നെ പ്രശംസ പിടിച്ചുപറ്റുന്നു.
ഇസ്രായേലിന്റെയും സയണിസത്തിന്റെയും സമാനമായ വലതു തീവ്രവാദികളുടെയും കലയോടുള്ള സമീപനം തിരിച്ചറിയാൻ ഈ സിനിമകൾ സഹായിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.