സമൂഹമാധ്യമങ്ങളിലും മറ്റുമായി മോദിയെ പ്രതിരോധിക്കുന്ന പോസ്റ്റുകളും കുറവല്ല. അവപോലും ഫലത്തിൽ ഡോക്യുമെന്ററിക്ക് പ്രചാരമുണ്ടാക്കി എന്നതാണ് വസ്തുത. വിലക്കപ്പെട്ട ഡോക്യുമെന്ററി കാണാൻ ബദൽ സാങ്കേതികവിദ്യകൾ തേടുന്നവരും അനേകം.
ഇരുപതുവർഷം മുമ്പ്, 2003ൽ അമേരിക്കൻ ഗായികയും നടിയുമായ ബാർബ്ര സ്ട്രൈസൻഡ്, ഫോട്ടോഗ്രാഫർ കെനത് ആഡൽമനെതിരെ കേസ് കൊടുത്തു. തന്റെ സ്വകാര്യത ലംഘിച്ചു എന്ന പരാതിയിൽ, അഞ്ചുകോടി ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു കേസ്.
കാലിഫോർണിയ തീരശോഷണത്തിന്റെ ആകാശചിത്രങ്ങൾ പകർത്താൻ ഒരു സ്വകാര്യ കമ്പനി നിയോഗിച്ചതായിരുന്നു ആഡൽമനെ. പകർത്തിയ ചിത്രങ്ങൾ കമ്പനിയുടെ ‘കോസ്റ്റൽ റെക്കോഡ്സ് പ്രോജക്ടി’ന്റെ വെബ്സൈറ്റിൽ ചേർത്തു.
12,000 ഫോട്ടോകളുണ്ടായിരുന്നു അതിൽ. അവയിൽ ഒരെണ്ണം ബാർബ്ര സ്ട്രൈസൻഡിന്റെ ഉടമസ്ഥതയിലുള്ള ഒരു ഒറ്റപ്പെട്ട ബംഗ്ലാവായിരുന്നു.
തന്റെ ബംഗ്ലാവിന്റെ ഫോട്ടോ അങ്ങനെ പരസ്യമാക്കിയത് സ്വകാര്യതാ ലംഘനമാണെന്നായിരുന്നു സ്ട്രൈസൻഡിന്റെ വാദം. കേസിൽ അവർ തോറ്റു. കോടതിച്ചെലവായ ഒന്നേമുക്കാൽ ലക്ഷം ഡോളർ ആഡൽമന് കൊടുക്കേണ്ടിയും വന്നു.
പക്ഷേ, നഷ്ടം അതിലും വലുതായിരുന്നു. തന്റെ ബംഗ്ലാവിന്റെ ചിത്രം പരസ്യപ്പെടുത്തിയതായിരുന്നല്ലോ അവരെ പ്രകോപിപ്പിച്ചത്. അത് മൂടിവെക്കാൻ കൊടുത്ത കേസു കാരണം അതിന് കൂടുതൽ വാർത്താപ്രാധാന്യം ലഭിക്കുകയും ബംഗ്ലാവിന്റെ വിവരവും ഫോട്ടോയും അനേകമിരട്ടി ആളുകൾക്ക് ലഭ്യമാവുകയും ചെയ്തു.
നിരോധിച്ചുകിട്ടാൻ കേസ് കൊടുക്കുന്നതിനുമുമ്പ് ആകെ ആറുപേരാണ് ബംഗ്ലാവിന്റെ ചിത്രം ഡൗൺലോഡ് ചെയ്തിരുന്നത് – അതിൽതന്നെ രണ്ടെണ്ണം സ്ട്രൈസൻഡിന്റെ അഭിഭാഷകർ. എന്നാൽ, കേസ് കൊടുത്തതോടെ ഒറ്റമാസംകൊണ്ട് 4,20,000 പേർ ആ ഫോട്ടോ എടുത്തു.
നമ്മൾ മുമ്പ് പരാമർശിച്ച ഈ സംഭവം ഇപ്പോൾ ഓർക്കാൻ കാരണം, ബി.ബി.സി ഡോക്യുമെന്ററിക്കുണ്ടായ അനുഭവമാണ്. ഒരുകാര്യം ഒതുക്കാൻ ശ്രമിച്ചാൽ, അക്കാരണം കൊണ്ടുതന്നെ അത് കൂടുതൽ ശ്രദ്ധിക്കപ്പെടുന്നതിന് ചിലർ കൊടുത്ത പേരാണ് ‘സ്ട്രൈസൻഡ് പ്രഭാവം’ (Streisand Effect). ബംഗ്ലാവിനെപ്പറ്റി ആരുമറിയാതിരിക്കാനാണല്ലോ അതിന്റെ ചിത്രം വിലക്കണമെന്ന് സ്ട്രൈസൻഡ് കോടതിയോടപേക്ഷിച്ചത്. ആ ഒറ്റക്കാരണത്താൽതന്നെ അത് എല്ലാവരുമറിഞ്ഞു.
ഗുജറാത്ത് വംശഹത്യയിൽ നരേന്ദ്ര മോദിക്ക് നേരിട്ട് പങ്കുണ്ടെന്ന് പറയുന്ന ബ്രിട്ടീഷ് സർക്കാറിന്റെ റിപ്പോർട്ടടക്കം ഉൾപ്പെടുത്തി ബി.ബി.സി തയാറാക്കിയ ഡോക്യുമെന്ററിക്ക് സംഭവിച്ചതും അതല്ലേ?
ആ ഡോക്യുമെന്ററിയിൽ (India: The Modi Question) ബ്രിട്ടീഷ് ഔദ്യോഗിക റിപ്പോർട്ട് ഉൾപ്പെട്ടു എന്നതൊഴിച്ചാൽ അതിൽ പറയുന്ന ഒന്നും പുതിയ വിവരമല്ല. അതേസമയം, മറ്റു രാജ്യങ്ങളിൽ വളരെയൊന്നും ശ്രദ്ധിക്കപ്പെടാതെ കിടന്ന ആ വിവരങ്ങൾ എല്ലാവരുമറിയാൻ ഇടവരുത്തിയത് ഡോക്യുമെന്ററിക്ക് ഇന്ത്യയിൽ മോദിസർക്കാർ ഏർപ്പെടുത്തിയ വിലക്കാണ്.
ഡോക്യുമെന്ററിയുടെ ഉള്ളടക്കത്തിന്റെ വിശ്വാസ്യത ഉറപ്പിക്കാൻകൂടി അത് വഴിവെച്ചു എന്നും വിലയിരുത്തലുണ്ട്. സത്യമല്ലെങ്കിൽ എന്തിന് നിരോധനം? മറിച്ചുള്ള തെളിവുകൾ നൽകിയാൽ പോരേ?
ഇപ്പോഴത്തെ സർക്കാർ വക്താക്കൾ മുതൽ മുൻ വിദേശകാര്യ സെക്രട്ടറി കവൽ സിബൽ വരെ ബി.ബി.സിയുടെ കൊളോണിയൽ ചിന്താഗതിയെ പഴിക്കുന്നു. സർക്കാർപക്ഷ ചാനലുകൾക്കും ഇഷ്ടം ഡോക്യുമെന്ററിയുടെ ഉള്ളടക്കം ചർച്ച ചെയ്യാനല്ല, മറിച്ച് ബി.ബി.സിയുടെ ഉദ്ദേശ്യശുദ്ധി ചോദ്യംചെയ്യാനാണ്. 1943ൽ ബംഗാളിൽ ലക്ഷങ്ങൾ പട്ടിണി കാരണം മരിക്കാനിടയാക്കിയ ബ്രിട്ടീഷ് രാജ് നയങ്ങളെപ്പറ്റി ബി.ബി.സി ഡോക്യുമെന്ററി ഉണ്ടാക്കാത്തതെന്തെന്ന് മുൻ സൈനികൻ വിനോദ് ഭാട്യ ട്വിറ്ററിൽ ചോദ്യമിട്ടു. ബി.ബി.സി ബ്രിട്ടീഷ് നയങ്ങളെ വിമർശിച്ചുകൊണ്ട് ആ വിഷയത്തിൽ ചെയ്ത ഡോക്യുമെന്ററിയുടെ ലിങ്കുകൾ ഉടനെ മറുപടിയായി എത്തി.
ഇന്ത്യയിൽ പ്രത്യേകാന്വേഷണ സംഘം (എസ്.ഐ.ടി) അന്വേഷിച്ച് മോദിസർക്കാറിനെ കുറ്റമുക്തമാക്കിയതാണെന്ന് പലരും ചൂണ്ടിക്കാട്ടി. അതിനു മറുപടിയായി ചിലർ ചോദ്യമെറിഞ്ഞു: 2002ൽ വംശഹത്യക്ക് പിന്നാലെ പ്രധാനമന്ത്രി വാജ്പേയി തന്നെ മോദിയോട് സ്ഥാനമൊഴിയാൻ ആവശ്യപ്പെട്ടത് എന്തിനായിരുന്നു? മോദിയെ ഇരുത്തിക്കൊണ്ട് ‘രാജധർമ’ത്തെപ്പറ്റി പ്രസംഗിച്ചത് എന്തിനായിരുന്നു? അന്നത്തെ മാധ്യമറിപ്പോർട്ടുകൾ നോക്കിയാലറിയാം എസ്.ഐ.ടി കാണാതെ പോയ കാര്യങ്ങൾ എന്ന് കുറിച്ചു പലരും. ‘‘2002ൽ അവരെ പാഠം പഠിപ്പിച്ചു’’ എന്ന് അമിത് ഷാ ഈയിടെ പരസ്യമായി പ്രസംഗിച്ചതും വാർത്തയായി.
കാരവനിൽ ഹർതോഷ് സിങ് ബാൽ എസ്.ഐ.ടി കണ്ടെത്തലുകളെ ചോദ്യംചെയ്ത് എഴുതിയിരുന്ന ലേഖനം വീണ്ടും പോസ്റ്റ് ചെയ്യപ്പെട്ടു. ഒന്നിന് നാല് എന്ന തോതിൽ മുസ്ലിംകളെ ഹിന്ദുക്കൾ എണ്ണത്തിൽ കവച്ചുവെച്ച സ്ഥലങ്ങളിൽ പൊലീസ് ആവർത്തിച്ച് വെടിവെക്കുന്നു; കൊല്ലപ്പെട്ടത് മഹാഭൂരിപക്ഷവും മുസ്ലിംകൾ. ഇത് സ്ഥിതിവിവര ശാസ്ത്രപരമായി (Statistically) അസംഭവ്യമാണെന്ന് ആ ലേഖനം എടുത്തുകാട്ടി; ഭരണകൂട വിവേചനം വ്യക്തമാണെന്നും.
എസ്.എ.ടി റിപ്പോർട്ടിന്റെ അയുക്തികത ചൂണ്ടിക്കാട്ടുന്ന കുറിപ്പുകളും ലേഖനങ്ങളും പുനഃപ്രകാശനം ചെയ്യപ്പെട്ടു.
ബി.ബി.സി ഡോക്യുമെന്ററിയിൽ, അക്കാലത്തെ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജാക് സ്ട്രോ, മോദിയെ കുറ്റപ്പെടുത്തുന്ന ബ്രിട്ടീഷ് രേഖയെപ്പറ്റി പറയുന്നുണ്ട്. അതിനെ തള്ളിക്കളഞ്ഞ് ഇന്ത്യയിൽ സർക്കാർ വക്താവ് രംഗത്തിറങ്ങിയതിന് പിന്നാലെ, ദ വയറിനുവേണ്ടി കരൺ ഥാപ്പർ ജാക് സ്ട്രോയുമായി ഓൺലൈൻ അഭിമുഖം നടത്തി. ഡോക്യുമെന്ററിയിൽ പറഞ്ഞ കാര്യം അദ്ദേഹം സ്ഥിരീകരിക്കുകയാണ് ചെയ്തത്.
ചുരുക്കത്തിൽ, ബി.ബി.സി ഡോക്യുമെന്ററി നിരോധിച്ച നടപടി വിഷയം മൂടിവെക്കാനല്ല, കൂടുതൽ ശ്രദ്ധ പിടിച്ചെടുക്കാനാണ് ഇടയാക്കിയത്. മഹുവ മൊയ്ത്ര, ഡെറക് ഓബ്രയൻ തുടങ്ങി പല പ്രതിപക്ഷ നേതാക്കളും ഡോക്യുമെന്ററി ഓൺലൈനിൽ പോസ്റ്റ് ചെയ്തു. പ്രഫസർ ഓഡ്രി ട്രഷ്കെ എഴുതി: ‘‘വിദേശ യൂനിവേഴ്സിറ്റികളിൽ എന്റെ വിദ്യാർഥികൾക്ക് ഞാൻ ഡോക്യുമെന്ററിയിലെ പ്രസക്ത ഭാഗങ്ങൾ കാണിക്കാൻ തീരുമാനിച്ചിരിക്കുന്നു.’’
നിരോധനം വിദേശ വാർത്താ ഏജൻസികൾക്കും മാധ്യമങ്ങൾക്കും വലിയ വാർത്തയായി. റോയിട്ടേഴ്സ്, സി.എൻ.എൻ, ബി.ബി.സി, ഡോയ്ഷെ വെല (ജർമൻ), വോയ്സ് ഓഫ് അമേരിക്ക, ടി.ആർ.ടി (തുർക്കി), എസ്.ബി.എസ് (ആസ്ട്രേലിയ), ബ്ലൂംബർഗ്, സ്കൈ ന്യൂസ്, ഇൻഡിപെൻഡന്റ്, ഗാർഡിയൻ (ബ്രിട്ടൻ), ഗൾഫ് ന്യൂസ്, അറബ് ന്യൂസ്, അൽജസീറ, സി.എൻ.ബി.സി, ദോഹ ന്യൂസ് തുടങ്ങി എല്ലാ പ്രധാന മാധ്യമങ്ങളും അത് റിപ്പോർട്ട് ചെയ്തു. എല്ലാ റിപ്പോർട്ടിലും ബി.ബി.സി ഡോക്യുമെന്ററിയുടെ ഉള്ളടക്കം വിസ്തരിച്ചുതന്നെ നൽകി.
സമൂഹമാധ്യമങ്ങളിലും മറ്റുമായി മോദിയെ പ്രതിരോധിക്കുന്ന പോസ്റ്റുകളും കുറവല്ല. അവപോലും ഫലത്തിൽ ഡോക്യുമെന്ററിക്ക് പ്രചാരമുണ്ടാക്കി എന്നതാണ് വസ്തുത. വിലക്കപ്പെട്ട ഡോക്യുമെന്ററി കാണാൻ ബദൽ സാങ്കേതികവിദ്യകൾ തേടുന്നവരും അനേകം.
സ്വന്തം ബംഗ്ലാവിന്റെ ചിത്രം അന്യർ കാണാതിരിക്കാൻ വഴിതേടിയ ബാർബ്ര സ്ട്രൈസൻഡിന് പറ്റിയതും ഇതുതന്നെയായിരുന്നു. കേസ് വന്നതോടെ ജിജ്ഞാസുക്കൾ ഇന്റർനെറ്റിലേക്ക് ഓടിച്ചെന്ന് പടം കണ്ടു. വിഡിയോകൾ ഇറക്കി. തമാശപ്പാട്ടുകൾ പോസ്റ്റ് ചെയ്തു. ഫയൽ കൈമാറ്റ ശൃംഖലകളിലൂടെ അത് പ്രചരിപ്പിച്ചു.
അതുതന്നെ ഇപ്പോൾ നടക്കുന്നു. പഴയ വിഡിയോകളും പുതിയ മീമുകളും ട്രോളുകളും കാർട്ടൂണുകളും വരെ ബി.ബി.സി ഡോക്യുമെന്ററിയെ ആഘോഷിക്കുകയാണിന്ന്. വിലക്ക് അതിന്റെ പ്രചാരം പതിന്മടങ്ങാക്കി.
ബി.ബി.സി ഇന്ത്യാ സർക്കാറിനോട് നന്ദി പറയണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.