മാധ്യമരംഗത്തെ സൂക്ഷ്മമായ സ്കാനിംഗിന് വിധേയമാക്കുന്ന പംക്തി. മീഡിയയിലെ തെറ്റുകളും അപചയങ്ങളും ചൂണ്ടിക്കാട്ടി, പ്രമുഖ മാധ്യമ പ്രവർത്തകനായ യാസീൻ അശ്റഫ് ആഴ്ചപ്പതിപ്പിൽ രണ്ടു പതിറ്റാണ്ടിലേറെയായി തുടരുന്ന കോളത്തിൽനിന്ന്.
കോൺഗ്രസ് മുക്ത ഭാരതവും പ്രതിപക്ഷ മുക്ത ഭാരതവും ആരുടെ അജണ്ടയാണ്? ഭാരതീയ ജനതാപാർട്ടിയുടേതോ അതോ പത്രങ്ങളുടേതോ? പ്രതിപക്ഷത്തെ ശബ്ദം കേൾപ്പിക്കാതിരിക്കാൻ അവർ ശ്രമിക്കുന്നുണ്ടോ?
മേയ് 28ന് രാഹുൽ ഗാന്ധി ഒരു വെർച്വൽ വാർത്താ സമ്മേളനം നടത്തി. 30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മാസാന്ത 'മൻ കീ ബാത്' പ്രക്ഷേപണവും നടത്തി.
29ലെ പത്രങ്ങൾ രാഹുൽ എന്ന പ്രതിപക്ഷത്തെ പ്രമുഖ നേതാവിെൻറ വാർത്താ സമ്മേളനം പാടേ തമസ്കരിച്ചില്ല എന്നേയുള്ളൂ. ഹിന്ദു, ടൈംസ് ഓഫ് ഇന്ത്യ, ബിസിനസ് സ്റ്റാൻഡേഡ്, ഇന്ത്യൻ എക്സ്പ്രസ്, ന്യൂ ഇന്ത്യൻ എക്സ്പ്രസ്, ഹിന്ദുസ്താൻ ടൈംസ് തുടങ്ങിയ ഇംഗ്ലീഷ് പത്രങ്ങളൊന്നും അതിെൻറ വാർത്ത ഒന്നാംപേജിൽ കൊടുത്തില്ല. ന്യൂ ഇന്ത്യൻ എക്സ്പ്രസ് ഏഴാം പേജിലാണ് അത് ചേർത്തതെന്നു മാത്രമല്ല, കേന്ദ്രമന്ത്രി ജാവദേക്കറുടെയും മറ്റും പ്രതികരണം കൂടുതൽ പ്രാധാന്യത്തോടെ ആദ്യം ചേർത്തു. ഡെക്കാൻ ക്രോണിക്ളും അതുതന്നെ ചെയ്തു -ഒന്നാം പേജിലാണെന്നു മാത്രം.
മലയാളത്തിൽ ഒരു പത്രത്തിനും അത് ഒന്നാംപേജ് വാർത്തയായി തോന്നിയില്ല (കോൺഗ്രസ് പത്രമായ വീക്ഷണം അത് പിൻപേജിലാണ് ചേർത്തത്; അതും വാർത്താ സമ്മേളനത്തിൽ രാഹുൽ ഉയർത്തിയ പ്രശ്നങ്ങൾ പ്രതിപാദിക്കാതെ വെറും പ്രതിപക്ഷ വിമർശനമെന്ന രീതിയിൽ: ''കോവിഡ് പ്രതിരോധം: കേന്ദ്രത്തിനും മോദിക്കുമെതിരെ രാഹുൽ ഗാന്ധി''). മംഗളം ജാവദേക്കറുടെ മറുപടിക്കു താഴെയാണ് (പേജ് ഏഴ്) രാഹുലിെൻറ ആരോപണങ്ങൾ പ്രാധാന്യം കുറച്ച് പരാമർശിച്ചത്.
മോദിയുടെ 'മൻ കീ ബാതി'െൻറ കാര്യമോ? പലരും അത് ഒന്നാംപേജിൽ ചേർത്തു (മേയ് 31). ന്യൂ ഇന്ത്യൻ എക്സ്പ്രസിെൻറ മുൻപേജ് വാർത്തക്ക് തലക്കെട്ട്: ''എത്ര വലിയ വെല്ലുവിളിയായാലും ഇന്ത്യ വിജയിക്കും: മോദി''.
മാതൃഭൂമിയും കേരളകൗമുദിയും രാഹുലിെൻറ വാർത്താസമ്മേളനം ഒന്നാംപേജിൽ ചേർത്തില്ലെങ്കിലും, മോദിയുടെ പ്രഭാഷണത്തിന് ഒന്നാം പേജിൽ ഇടംകൊടുത്തു: ''ടീം ഇന്ത്യയായി പ്രവർത്തിച്ചു -മോദി'' (മാതൃഭൂമി); ''ഏഴു വർഷം ടീം ഇന്ത്യ: അഭിമാനം പങ്കുവച്ച് പ്രധാനമന്ത്രി'' (കൗമുദി സൂപ്പർലീഡ്).
ജേണലിസത്തിെൻറ ഏതു മാനംവെച്ചാവും രാഹുലിെൻറ പ്രസ് കോൺഫറൻസ് (അതെ, മാധ്യമങ്ങൾക്കായി സംഘടിപ്പിച്ചത്) അവഗണിക്കുകയും മോദിയുടെ മാമൂൽ പ്രഭാഷണം പൊലിപ്പിക്കുകയും ചെയ്തത്?
ഇന്നുവരെ ഒരു വാർത്താസമ്മേളനം നടത്താത്തയാളാണ് പ്രധാനമന്ത്രി മോദി. 'മൻ കീ ബാത്' പോലുള്ള, തിരിച്ചുചോദിക്കാൻ അവസരമില്ലാത്ത പ്രഭാഷണങ്ങളും ട്വീറ്റുകളുമൊക്കെയാണ് അദ്ദേഹം മാധ്യമങ്ങൾക്കായി നൽകുന്നത്. രാഹുലാകട്ടെ, ചോദ്യങ്ങൾക്ക് അവസരം നൽകുന്നു; ഉത്തരം നൽകുന്നു. അവകാശവാദങ്ങൾക്കുപരിയായി വസ്തുതകൾ നിരത്തുന്നു.
ഉള്ളടക്കത്തിെൻറ കാര്യമോ? ഏഴു വർഷത്തെ ''നേട്ടങ്ങൾ'' എന്ന അവകാശവാദം, ചോദ്യങ്ങൾക്ക് അവസരം നൽകാതെ, മോദി അവതരിപ്പിക്കുേമ്പാൾ അത് വെറുമൊരു പബ്ലിക് റിലേഷൻസ് അഭ്യാസം മാത്രമാവുകയാണ്. നോട്ട്നിരോധനവും സാമ്പത്തിക തകർച്ചയും അവകാശനിഷേധങ്ങളും ജനാധിപത്യ ശോഷണവും മാധ്യമവേട്ടയുമെല്ലാം ഏഴു വർഷത്തെ ''നേട്ടങ്ങളിൽ'' പെടുമോ എന്ന് ചോദിക്കാൻ മാധ്യമങ്ങൾക്കാവില്ല. എന്നിട്ട്, മുന്നിലേക്കിട്ടുതരുന്ന അവകാശവാദങ്ങൾ വൻ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്യേണ്ടിവരുേമ്പാൾ മാധ്യമങ്ങൾ സർക്കാറിെൻറ ഉച്ചഭാഷിണികൾ മാത്രമാവുകയല്ലേ?
അതേസമയം രാഹുൽഗാന്ധി ജനപക്ഷത്തുനിന്നുകൊണ്ട് രാജ്യത്തിെൻറ പ്രതിസന്ധി ചൂണ്ടിക്കാട്ടുകയും മോദിയുടെ വീഴ്ചകൾ എണ്ണിപ്പറയുകയും ചെയ്തു. പ്രധാനമന്ത്രി വെറും ''ഇവൻറ് മാനേജരായി'' എന്ന പരാമർശം മാത്രം എടുത്തുചേർത്ത പത്രങ്ങളുണ്ട്. എന്നാൽ അദ്ദേഹത്തിെൻറ വാർത്താസമ്മേളനത്തിെൻറ മർമം, കൃത്യസമയത്ത് ചൂണ്ടിക്കാട്ടിയിട്ടും നിരന്തരം ഓർമിപ്പിച്ചിട്ടും സർക്കാർ അലംഭാവം പുലർത്തിയതുമൂലം രോഗവും മരണവും വർധിച്ചതിെനപ്പറ്റിയാണ്.
2020 ഫെബ്രുവരിയിൽ രാഹുൽഗാന്ധി പറഞ്ഞു: ''കോവിഡ് ജനങ്ങൾക്കും സമ്പദ്രംഗത്തിനും വലിയ ഭീഷണിയാണ്. സർക്കാർ അതിനെ ഗൗരവത്തിലെടുത്തിട്ടില്ല.'' 2020 മാർച്ച് 17ന് രാഹുൽ: ''വരാനിരിക്കുന്ന സാമ്പത്തികത്തകർച്ചക്കെതിരെ മുന്നൊരുക്കം വേണം.'' 2020 ആഗസ്റ്റ് 14ന് വീണ്ടും രാഹുൽ: ''അടിയന്തരമായി രാജ്യം ഒരു വാക്സിൻ പദ്ധതി രൂപപ്പെടുത്തണം. ലഭ്യതയും വിലയും വിതരണവും ശരിയാക്കണം.''
പക്ഷേ, പാത്രംകൊട്ടലും വിളക്ക് െതളിക്കലുമൊക്കെയായി ലോക്ഡൗൺ കാലവും തുടർന്നുള്ള മാസങ്ങളും കേന്ദ്രം പാഴാക്കി. ഇക്കൊല്ലം ഫെബ്രുവരി 17ന് രാഹുൽ വീണ്ടും മുന്നറിയിപ്പുമായെത്തി: ''കോവിഡ് പോയിട്ടില്ല. സൂക്ഷിക്കണം.''
പക്ഷേ, ജനുവരി 28ന് പ്രധാനമന്ത്രി ലോകത്തിനു മുമ്പാകെ അവകാശപ്പെട്ടത്, ''ഭൂലോകത്തെ ഇന്ത്യ രക്ഷിച്ചു'' എന്നായിരുന്നു. മാർച്ച് ഏഴിന് കേന്ദ്ര ആേരാഗ്യമന്ത്രിയും രാഹുലിെൻറ മുന്നറിയിപ്പ് പാടേ അവഗണിച്ചുകൊണ്ട് പറഞ്ഞു, ''നമ്മൾ മഹാമാരിയുടെ അവസാന ഘട്ടത്തിലാണെ''ന്ന്. മാർച്ച് 21ന് പ്രധാനമന്ത്രിതന്നെ കുംഭമേളയിലേക്ക് ജനങ്ങളെ ക്ഷണിച്ചു. മാർച്ച് 30ന് ആരോഗ്യമന്ത്രി വീണ്ടും: ''മഹാമാരി നിയന്ത്രണവിധേയം.''
പിന്നെ കണ്ടത് ലോക്ഡൗൺ ദുരിതത്തെ കവച്ചുവെക്കുന്ന ദയനീയ കാഴ്ചകൾ- പ്രാണവായു കിട്ടാതെ മരിച്ചുകൊണ്ടിരിക്കുന്ന ശതകണക്കിന് മനുഷ്യർ. സംസ്കരിക്കാൻ ഇടംകിട്ടാതെ ജഡങ്ങൾ. ഗംഗയിൽ ഒഴുകുന്ന കോവിഡ് മൃതദേഹങ്ങൾ...
ഇന്ന് രാഹുൽ പറയുന്നു: ഒന്നാം തരംഗം മുൻകൂട്ടി കാണാനായില്ലെന്ന് പറയാം. പക്ഷേ, രണ്ടാംതരംഗത്തെപ്പറ്റി വേണ്ടത്ര മുന്നറിയിപ്പുണ്ടായിരുന്നു. പ്രതിരോധത്തിന് മതിയായ ഇടവേളയും കിട്ടിയിരുന്നു. എന്നിട്ടും ഒന്നും ചെയ്യാതിരുന്ന പ്രധാനമന്ത്രിക്കാണ് ഈ മരണങ്ങളുടെ ഉത്തരവാദിത്തം. അദ്ദേഹം ഇപ്പോഴും സ്വന്തം പ്രതിച്ഛായയെപ്പറ്റി മാത്രമാണ് വേവലാതിപ്പെടുന്നത്. ചെയ്യേണ്ടതൊന്നുമല്ല അദ്ദേഹം ചെയ്തുകൊണ്ടിരുന്നത്. നേതാവാണെന്ന് തെളിയിക്കേണ്ട സമയമാണിത്.
വാസ്തവത്തിൽ, ഈ പ്രതിച്ഛായ വളർത്തലിന് മാധ്യമങ്ങളും ഉപകരണങ്ങളായി നിന്നുകൊടുക്കുന്നില്ലേ? കോവിഡിനെ ചുറ്റിപ്പറ്റിയുള്ള അറിവുകേടിെൻറ ഉത്സവങ്ങൾക്ക് നൽകിയ പ്രാധാന്യത്തിെൻറ പകുതിയെങ്കിലും അതിനെക്കുറിച്ച ഗൗരവപ്പെട്ട താക്കീതുകൾക്ക് മാധ്യമങ്ങൾ നൽകിയിരുന്നെങ്കിൽ!
വാർത്താപ്രാധാന്യത്തിെൻറ മാനദണ്ഡങ്ങൾപോലും ലംഘിക്കപ്പെടുന്നതിെൻറ ഒടുവിലത്തെ ഉദാഹരണമാണ് മോദിയുടെ 'മൻ കീ ബാതി'ന് അമിത പ്രാമുഖ്യം നൽകിയതും രാഹുൽഗാന്ധിയുടെ വാർത്താസമ്മേളനം അവഗണിച്ചതും. ഒരു ജീവന്മരണ പ്രതിസന്ധിക്ക് മുമ്പിൽപോലും വ്യക്തികൾക്കും അധികാരത്തിനുമപ്പുറത്തേക്ക്, യഥാർഥ പ്രശ്നങ്ങളിലേക്ക് കടക്കാൻ മാധ്യമങ്ങൾ മടിക്കുന്നു.
ഫലസ്തീനിൽ കുരുതികൾക്ക് തൽക്കാലം ശമനമായി. എന്നാൽ മാധ്യമരംഗത്ത് ഫലസ്തീനെതിരായ പ്രചാരണങ്ങൾ നിലക്കുന്നില്ല.
മേയ് 25ന് ദീപിക പത്രം എഡിറ്റ് പേജിൽ പ്രസിദ്ധപ്പെടുത്തിയ ഒരു അഭിമുഖം വിഷയത്തിെൻറ മർമം മാറ്റുന്നതിൽ വിജയിച്ചിട്ടുണ്ട്്. ''ഇസ്രായേലിൽ സമാധാനം സ്ഥാപിതമാകണമെങ്കിൽ'' എന്ന തലക്കെട്ടിനുകീഴിലാണ്, ചോദ്യങ്ങളും ഉത്തരങ്ങളും.
ഹെബ്രോനിലെ അരിയേൽ സിയോണുമായാണ് അഭിമുഖം. അഭിമുഖത്തിലെ ഒരു ചോദ്യത്തിനു നൽകിയ ഉത്തരം, ഇസ്രായേലി അധിനിവേശമെന്ന പശ്ചാത്തലംപോലും മായ്ച്ചുകളയുന്നതാണ്. ഫലസ്തീനിലെ സംഘടനകളായ അൽഫതഹും ഹമാസും തമ്മിലുള്ള തർക്കത്തിൽ പാവം ഇസ്രായേൽ ഇരയാവുകയാണത്രെ.
''സംഘർഷത്തിെൻറ മൂലകാരണം ഹമാസും ഫത്തായും തമ്മിലുള്ള മൂപ്പിളമത്തർക്കമാണ്'' പോലും. ആർക്കാണ് ഇസ്രായേലിന് കൂടുതൽ പരിക്കേൽപ്പിക്കാൻ കഴിയുക എന്ന മത്സരത്തിലാണ് ഫലസ്തീനിലെ ഈ സംഘടനകൾ എന്നും ഈ മത്സരത്തിെൻറ ഇരയാണ് ഇസ്രായേൽ എന്നുമാണ് സിയോൺ പറയുന്നത്.
ഇസ്രായേലി, യു.എസ് മാധ്യമങ്ങൾപോലും ചരിത്രത്തിലെ ഏറ്റവും വലിയ അധിനിവേശത്തെ ഇത്ര വെടിപ്പായി തമസ്കരിച്ചിട്ടില്ല.
ദീപിക ഫലസ്തീൻ പ്രശ്നത്തെ വർഗീയമായി ഫ്രെയിം ചെയ്യാൻ ശ്രമിക്കുന്നുണ്ട്. ഫലസ്തീൻ ഒരു മത, സാമുദായിക വിഷയമല്ല. സാമുദായികതയും വിഭാഗീയതയും അടിസ്ഥാനമാക്കുന്ന ഇസ്രായേൽ എന്ന മതരാഷ്ട്രത്തിൽനിന്ന് ഏറെ ഭിന്നമാണ് ഫലസ്തീൻ. ഇസ്രായേലിെൻറ സയണിസത്തെ എതിർക്കുന്നവരിൽ മുസ്ലിംകളും ക്രിസ്ത്യാനികളും ജൂതരുമുണ്ട്. ഇസ്രായേലി വംശീയതയെയും അധിനിവേശ സംസ്കാരത്തെയും ഏറ്റവും ശക്തമായി എതിർക്കുന്ന ഡോ. നോർമൻ ഫിങ്കൽസ്റ്റൈൻ ജൂതവംശജനാണ്. എമിലി വൈൽഡർ എന്ന യുവ ജേണലിസ്റ്റ് (ജൂതവംശജ) ഇസ്രായേലി അധിനിവേശത്തെ എതിർത്തതിന് എ.പി വാർത്താ ഏജൻസിയിൽനിന്ന് പിരിച്ചുവിടപ്പെട്ടത് രണ്ടാഴ്ച മുമ്പാണ്.
ഇസ്രായേലിെൻറ യുദ്ധക്കുറ്റങ്ങളും അപ്പാർത്തൈറ്റും യു.എൻ അടക്കം തിരിച്ചറിയുേമ്പാൾ ദീപിക അതെല്ലാം മറച്ചുെവക്കുന്നു. ''ഇസ്രായേലിലെ അറബികൾ സംതൃപ്തരാണോ'' എന്ന ചോദ്യത്തിനു കൊടുത്ത ഉത്തരം വർഗീയ മുൻവിധിയുടെ മികച്ച ഉദാഹരണമാണ്: ''അമുസ്ലിംകളുടെ ഭരണത്തിൽ ഒരു മുസ്ലിമിനും സംതൃപ്തി അനുഭവപ്പെടുകയില്ല. അതാണ് മുസ്ലിം മനഃസ്ഥിതി എന്നാണ് ഞാൻ മനസ്സിലാക്കുന്നത്'' ഇതാണ് മറുപടി!
ഈ അഭിമുഖം അറിവ് പകരുന്നില്ല. അങ്ങനെ ഉദ്ദേശിച്ചിട്ടുമില്ല എന്നാണ് തോന്നുന്നത്. ഇന്ന് പ്രചരിപ്പിക്കപ്പെടുന്ന ചില വാർപ്പു മാതൃകകൾക്ക് ഏതായാലും ഇത് ബലം കൂട്ടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.