അയോധ്യ കേസിൽ മാത്രമല്ല, നോട്ടുനിരോധനമടക്കമുള്ള പല കേസുകളിലും അബ്ദുൽ നസീർ ഉൾപ്പെട്ട ബെഞ്ചിന്റെ വിധി സർക്കാറിന് അനുകൂലമായിരുന്നു എന്നത് നിയമനത്തെ സ്വാധീനിച്ചതായി മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു. ജെയ്റ്റ് ലി പറഞ്ഞതനുസരിച്ചാണെങ്കിൽ, ഇത്തരം നിയമനം കിട്ടുമെന്ന പ്രതീക്ഷ മുൻകാല വിധികളെ സ്വാധീനിച്ചിരിക്കണം.
ഇന്ത്യൻ ജുഡീഷ്യറിയെയും അതിന്റെ വിശ്വാസ്യതയെയും മാധ്യമ ചർച്ചകളിലേക്ക് എത്തിച്ച രണ്ട് സംഭവങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായി. ഒന്ന്, മദ്രാസ് ഹൈകോടതിയിൽ ജഡ്ജിയായി അഡ്വ. വിക്ടോറിയ ഗൗരിയെ നിയമിച്ചത്. രണ്ട്, സുപ്രീംകോടതിയിൽ ജഡ്ജിയായി ഈയിടെ വിരമിച്ച അബ്ദുൽ നസീറിനെ ആന്ധ്രപ്രദേശ് ഗവർണറായി നിയമിച്ചത്.
വിക്ടോറിയ ഗൗരിയെ ജഡ്ജിയാക്കാൻ സുപ്രീംകോടതി കൊളീജിയം ജനുവരി 17ന് ശിപാർശ ചെയ്തതോടെ പലരും അമ്പരന്നു. അമ്പരപ്പിന് മതിയായ ന്യായങ്ങളുണ്ട്. ബി.ജെ.പി മഹിളാ മോർച്ചയുടെ ദേശീയ ജനറൽ സെക്രട്ടറിയായിരുന്നു അവർ എന്ന് മാത്രമല്ല, ആ പദവിയിലിരിക്കെ തനി വർഗീയമായ പരാമർശങ്ങൾ സമൂഹമാധ്യമങ്ങൾ വഴിയും അല്ലാതെയും അവർ നടത്തിയിരുന്നു.
‘‘ക്രിസ്ത്യൻ സംഘങ്ങൾ മുസ്ലിം സംഘങ്ങളെക്കാൾ ആപത്കാരികളാണ്; ഇരുകൂട്ടരും മതപരിവർത്തനത്തിൽ ഒരേപോലെ ആപത്കാരികൾ; പ്രത്യേകിച്ച് ലവ് ജിഹാദ്.’’ ‘‘ഇസ്ലാമിക ഭീകരത പച്ച ഭീകരതയെങ്കിൽ ക്രൈസ്തവ ഭീകരത വെള്ള ഭീകരതയാണ്.’’ അവരുടെ നിലപാട് തുറന്നുകാട്ടുന്ന പല പ്രസ്താവനകളിൽ രണ്ടെണ്ണമാണിത്. ഇത്തരം പരാമർശങ്ങൾ അവർ ഒരിക്കലും നിഷേധിക്കുകയോ തള്ളിപ്പറയുകയോ പിൻവലിക്കുകയോ ഉണ്ടായിട്ടില്ല.
കൊളീജിയം എങ്ങനെ ഇത്തരമൊരാളെ ശിപാർശ ചെയ്തു എന്നതും അമ്പരപ്പുളവാക്കി. ശിപാർശകൾ വെച്ചു താമസിപ്പിക്കാറുള്ള കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ അതിവേഗം നീങ്ങിയതും നിയമന ഉത്തരവിറക്കിയതും ശ്രദ്ധിക്കപ്പെട്ടു.
ഗൗരിയുടെ വർഗീയ നിലപാട് ചൂണ്ടിക്കാട്ടി ചിലർ സുപ്രീംകോടതിയെ സമീപിച്ചു. മുമ്പ് ശ്രദ്ധയിൽപെടാതെ പോയ കാര്യങ്ങളുണ്ടെന്ന് പറഞ്ഞ് ചീഫ് ജസ്റ്റിസ് അത് സ്വീകരിച്ചു.
പിന്നെ നടന്നത് നാടകീയമായ രംഗങ്ങൾ. കുറെ പത്രങ്ങൾ, നാടകീയത ചോരാതെതന്നെ അത് വർണിച്ചു. സുപ്രീംകോടതിയാണ് പ്രധാന അരങ്ങ്. ഹരജി പരിഗണിക്കാൻ കോടതി തീരുമാനിച്ച ഉടനെ കേന്ദ്ര സർക്കാർ അടിയന്തര നിയമന ഉത്തരവിറക്കിയിരുന്നു. മദ്രാസ് ഹൈകോടതിയാകട്ടെ, പുതിയ ജഡ്ജിയുടെ സത്യപ്രതിജ്ഞ കാലത്ത് പത്തരക്ക് നടത്താൻ തീരുമാനിച്ചുകൊണ്ട് രാത്രി സർക്കുലർ ഇറക്കി.
സത്യപ്രതിജ്ഞക്കു മുമ്പ് അതിനെതിരായ ഹരജി അടിയന്തരമായി കേൾക്കണമെന്ന് ഹരജിക്കാർ സുപ്രീം കോടതിയോട് അഭ്യർഥിച്ചു. രാവിലെ 9.15ന് കേസ് കേൾക്കുമെന്ന് കോടതിയുടെ അറിയിപ്പ്. പക്ഷേ, അതിന് മുമ്പ് കേസ് കേൾക്കേണ്ട ബെഞ്ചിലെ ഒരു ജഡ്ജി പിന്മാറുന്നു. ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് കേസ് കേൾക്കുമെന്നായി തുടർന്നുള്ള അറിയിപ്പ്. അഭിഭാഷകർ അങ്ങോട്ടുചെന്ന് കാത്തിരുന്നു. ആരും വന്നില്ല. ബെഞ്ച് മാറ്റിയെന്ന് വീണ്ടും അറിയിപ്പ്. അറിയിപ്പനുസരിച്ച് അഭിഭാഷകർ അതിനായി മറ്റൊരു കോടതിമുറിയിലേക്ക് പോയി. പക്ഷേ, അവിടെയും ജഡ്ജിമാർ എത്തുന്നില്ല.
പത്തരക്കാണ് കേസെടുക്കുകയെന്ന അറിയിപ്പോടെ കേസുപട്ടിക വേറെ തൂക്കുന്നു. ഹരജി തള്ളിക്കൊണ്ട് ബെഞ്ച് വിധിപറയുന്നതിന്റെ ഏതാനും മിനിറ്റുമുമ്പ് മദ്രാസ് ഹൈകോടതിയിൽ വിക്ടോറിയ ഗൗരി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തുകഴിഞ്ഞിരുന്നു.
വിശ്വസിക്കുക, ഇപ്പറഞ്ഞ നാടകം നടന്നത് സുപ്രീംകോടതിയിൽ. മാധ്യമങ്ങൾ പൊതുവെ കാര്യങ്ങൾ വിവരിച്ച് വിഷയം വിടുകയാണ് ചെയ്തത്. ലേഖനമോ എഡിറ്റോറിയലോ ഇതേപ്പറ്റി വേണമെന്ന് ഭൂരിപക്ഷം പത്രങ്ങൾക്കും തോന്നിയില്ല.
വിദ്വേഷ പ്രചാരണത്തിനെതിരെ ഏതാനും ആഴ്ച മുമ്പാണ് സുപ്രീംകോടതിതന്നെ പരാമർശങ്ങൾ നടത്തിയതെന്നും ഓർക്കാം. ചില ഓൺലൈൻ മാധ്യമങ്ങൾ വളരെ ഗൗരവത്തിൽ ഈ നിയമന വിഷയം പരിശോധിക്കാൻ തയാറായി.
രാഷ്ട്രീയക്കാരിയെ ജഡ്ജിയാക്കാനുള്ള കൊളീജിയം തീരുമാനംതന്നെ ന്യൂനതയുള്ളതാണെന്ന് ലൈവ് ലോയിൽ വി. വെങ്കടേശൻ ചൂണ്ടിക്കാട്ടി. ഇതേ വെബ്സൈറ്റിൽ മനു സെബാസ്റ്റ്യൻ എഴുതിയ ലേഖനം ഗൗരിയുടെ നിയമനത്തെ വിമർശിച്ചു; അത് ‘‘കേന്ദ്രത്തിന്റെ ഇരട്ടത്താപ്പും കൊളീജിയത്തിന്റെ പരാജയവും’’ വെളിപ്പെടുത്തുന്നു എന്ന് സമർഥിച്ചു.
ഈ ലേഖനങ്ങൾക്കു മുമ്പ്, ജനുവരി 30ന് ആർട്ടിക്ൾ -14ൽ സൗരവ്ദാസ് സുദീർഘമായ ലേഖനമെഴുതി. ജഡ്ജിയാകാൻ പോകുന്ന ഗൗരിയുടെ പക്ഷപാതിത്വം കൊളീജിയത്തിന്റെ സുതാര്യതയില്ലായ്മ തുറന്നുകാട്ടുന്നു എന്ന് അതിൽ സ്ഥാപിച്ചു.
ഭരണകർത്താക്കളോട് വിധേയത്വം കാണിക്കുന്ന പ്രശംസകളും പരാമർശങ്ങളും ജഡ്ജിമാരിൽനിന്നുണ്ടായ അനേകം സന്ദർഭങ്ങൾ അതിൽ എടുത്തുകാട്ടി. ഭരണപക്ഷ ചായ്വുള്ളവർ ധാരാളമായി ഹൈകോടതികളിൽ വന്നുകൊണ്ടിരിക്കുമ്പോഴും നിയമനങ്ങളിൽ കൂടുതൽ സ്വാധീനത്തിന് കേന്ദ്രം ശ്രമിക്കുന്നു എന്നും.
രാജ്യത്തിന്റെ മർമപ്രധാന ഭരണഘടനാ സ്ഥാപനമായ ജുഡീഷ്യറിയുടെ വിശ്വാസ്യത തകരുന്നത് ഗൗരവവിഷയമായി മുഖ്യധാരാ മാധ്യമങ്ങൾ എടുക്കുമെന്ന് പ്രതീക്ഷിക്കുക.
വിക്ടോറിയ ഗൗരിയുടെ യോഗ്യത (eligibility)യിൽ പ്രശ്നമില്ലെന്നും എന്നാൽ, അവരുടെ അനുയോജ്യത (suitability) പരിശോധിക്കാനാവില്ലെന്നും പറഞ്ഞാണ് സുപ്രീംകോടതി അവരുടെ നിയമനത്തിനെതിരായ ഹരജി തള്ളിയത്.
അനുയോജ്യരല്ലാത്തവർക്കും ‘‘യോഗ്യത’’ പത്രം കിട്ടുന്നുണ്ടെന്നുതന്നെ ഇതിനർഥം. അതേസമയം, യോഗ്യതയേക്കാൾ അനുയോജ്യതക്ക് മാർക്ക് നൽകുന്ന രീതിയാണ് കേന്ദ്ര സർക്കാറിന്റെ ഗവർണർ നിയമനത്തിൽ കാണുക.
ജസ്റ്റിസ് അബ്ദുൽ നസീർ സുപ്രീംകോടതിയിൽനിന്ന് പിരിഞ്ഞ് വൈകാതെതന്നെ അദ്ദേഹത്തെ ആന്ധ്രപ്രദേശ് ഗവർണറാക്കുന്നു കേന്ദ്ര സർക്കാർ. ഈ നിയമനത്തിന് പിന്നിൽ രാഷ്ട്രീയ ‘‘അനുയോജ്യത’’യാണ് പരിഗണിക്കപ്പെട്ടതെന്ന് കരുതുന്നവർ, ബി.ജെ.പി നേതാവും നിയമമന്ത്രിയുമൊക്കെ ആയിരുന്ന അരുൺ ജെയ്റ്റ്ലിയുടെ ഒരു പാർലമെന്റ് പ്രസംഗഭാഗം ഉദ്ധരിക്കുന്നു: ‘‘റിട്ടയർമെന്റിനുശേഷം കിട്ടാനിടയുള്ള നിയമനങ്ങൾ റിട്ടയർമെന്റിന് മുമ്പത്തെ വിധിപ്രസ്താവനകളെ നിർണയിക്കുന്നു’’ എന്നാണ് ജെയ്റ്റ്ലി അന്ന് പറഞ്ഞത്.
ഈ ‘‘അനുയോജ്യത’’ തലക്കെട്ടിലൂടെ പ്രതിഫലിപ്പിക്കാൻ ചില പത്രങ്ങൾ (ഫെബ്രു. 13) ശ്രദ്ധിച്ചു. ‘‘അമ്പലം പണിയാൻ ഉത്തരവിട്ട ജഡ്ജി ഗവർണർ’’ (ദേശാഭിമാനി), ‘‘രാമക്ഷേത്രം വിധിച്ച ജ. നസീർ ഗവർണർ’’ (മാധ്യമം), ‘‘അയോധ്യാ കേസിൽ വിധി പറഞ്ഞ ജസ്റ്റിസ് അബ്ദുൾ നസീർ ആന്ധ്രാ ഗവർണർ’’ (മാതൃഭൂമി), ‘‘ബാബരി മസ്ജിദ് കേസ് വിധി പറഞ്ഞ ജസ്റ്റിസ് നസീർ ആന്ധ്ര ഗവർണർ’’ (സിറാജ്), ‘‘അയോധ്യ കേസിൽ വിധി പറഞ്ഞ ജസ്റ്റിസ് നസീറിന് ഗവർണർ പദവി: ഉപകാര സ്മരണ’’ (ചന്ദ്രിക), ‘‘വരമ്പത്ത് കൂലി: ബാബരി കേസിൽ വിധി പറഞ്ഞ ജസ്റ്റിസ് അബ്ദുൽ നസീർ ഗവർണർ’’ (സുപ്രഭാതം).
അയോധ്യ കേസിൽ മാത്രമല്ല, നോട്ടുനിരോധനമടക്കമുള്ള പല കേസുകളിലും അബ്ദുൽ നസീർ ഉൾപ്പെട്ട ബെഞ്ചിന്റെ വിധി സർക്കാറിന് അനുകൂലമായിരുന്നു എന്നത് നിയമനത്തെ സ്വാധീനിച്ചതായി മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു. ജെയ്റ്റ്ലി പറഞ്ഞതനുസരിച്ചാണെങ്കിൽ, ഇത്തരം നിയമനം കിട്ടുമെന്ന പ്രതീക്ഷ മുൻകാല വിധികളെ സ്വാധീനിച്ചിരിക്കണം.
ജഡ്ജി നിയമനവും ഗവർണർ നിയമനവുമെല്ലാം ഭരണനീതിയുമായി നേരിട്ട് ബന്ധപ്പെട്ട വിഷയങ്ങളാണ്. അവയിലെ ന്യായാന്യായങ്ങൾ പരിശോധിക്കപ്പെടണം. ജഡ്ജിക്ക് ‘‘യോഗ്യത’’ വേണം, ‘‘അനുയോജ്യത’’ വേണമെന്നില്ല എന്നും ഗവർണർക്ക് ആകെക്കൂടി വേണ്ടത് ‘‘അനുയോജ്യത’’യാണെന്നുമൊക്കെയുള്ള വാദങ്ങൾ എല്ലാം എത്തുക രാഷ്ട്രീയ അവസരവാദത്തിലേക്കാണ്. സമഗ്രാധിപത്യത്തിലേക്കും.
ലെജിസ്ലേച്ചർ, എക്സിക്യൂട്ടിവ് എന്നിവയിലെ മേധാവിത്വംകൊണ്ട് ജുഡീഷ്യറിയെയും മീഡിയയെയും കൂടി കീഴ്പ്പെടുത്താനുള്ള ശ്രമങ്ങൾക്കു മുമ്പുണ്ടായിരുന്ന മറപോലും ഇപ്പോഴില്ലാതാകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.