നേർവാർത്തകൾ ഉപരോധിക്കപ്പെടുന്നു

ദ ഗാർഡിയൻ ബ്രിട്ടനിലെ ഇടത്, പുരോഗമന മാധ്യമമായാണ് അറിയപ്പെടുന്നത്. അവർ സ്വന്തം കാർട്ടൂണിസ്റ്റിനെ ഒഴിവാക്കുകയാണ്. 42 വർഷമായി പത്രത്തിനുവേണ്ടി കാർട്ടൂൺ വരക്കുന്ന സ്റ്റീവ് ബെൽ, ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിനെപ്പറ്റി കാർട്ടൂൺ വരച്ചുകളഞ്ഞു. ഗസ്സയിൽനിന്ന് ഹമാസ് പോരാളികൾ ഇസ്രായേൽ അധിനിവിഷ്ട പ്രദേശത്തേക്ക് കടന്നുചെന്നതിനു പിന്നാലെ ബി.ബി.സി ന്യൂസ് ട്വിറ്ററിൽ രണ്ടു വാചകങ്ങൾ കുറിച്ചു, ഏറ്റവും പുതിയ വാർത്തയായിട്ട്. അത് ഇങ്ങനെ:More than 500 people died in Gaza after Israel launched massive retaliatory air strikes, according to Gaza's health ministry. More than 700 people have been killed in Israel since Hamas launched its attacks on Saturday. ഒന്ന് ഗസ്സയിലെ അവസ്ഥ. മറ്റേത് ഇസ്രായേലിലേത്. റിപ്പോർട്ടിങ്ങിലെ പ്രകടമായ...

ദ ഗാർഡിയൻ ബ്രിട്ടനിലെ ഇടത്, പുരോഗമന മാധ്യമമായാണ് അറിയപ്പെടുന്നത്. അവർ സ്വന്തം കാർട്ടൂണിസ്റ്റിനെ ഒഴിവാക്കുകയാണ്. 42 വർഷമായി പത്രത്തിനുവേണ്ടി കാർട്ടൂൺ വരക്കുന്ന സ്റ്റീവ് ബെൽ, ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിനെപ്പറ്റി കാർട്ടൂൺ വരച്ചുകളഞ്ഞു. 

ഗസ്സയിൽനിന്ന് ഹമാസ് പോരാളികൾ ഇസ്രായേൽ അധിനിവിഷ്ട പ്രദേശത്തേക്ക് കടന്നുചെന്നതിനു പിന്നാലെ ബി.ബി.സി ന്യൂസ് ട്വിറ്ററിൽ രണ്ടു വാചകങ്ങൾ കുറിച്ചു, ഏറ്റവും പുതിയ വാർത്തയായിട്ട്. അത് ഇങ്ങനെ:

More than 500 people died in Gaza after Israel launched massive retaliatory air strikes, according to Gaza's health ministry.

More than 700 people have been killed in Israel since Hamas launched its attacks on Saturday.

ഒന്ന് ഗസ്സയിലെ അവസ്ഥ. മറ്റേത് ഇസ്രായേലിലേത്. റിപ്പോർട്ടിങ്ങിലെ പ്രകടമായ വ്യത്യാസം ശ്രദ്ധിക്കുക. ഗസ്സയിൽ ആളുകൾ മരിച്ചതാണ് (died), അവരെ കൊന്നതല്ല. മരിച്ചതിന് കാരണം തിരിച്ചടിയെന്ന നിലക്കുള്ള (retaliatory) ഇസ്രായേലിന്റെ വ്യോമാക്രമണമാണ്. ഇ​സ്രായേലിൽ ആളുകൾ ‘മരിച്ച’തല്ല, ‘കൊല്ലപ്പെട്ട’തു (killed) തന്നെയാണ്. ഹമാസ് അഞ്ചര പതിറ്റാണ്ടിന്റെ അടിച്ചമർത്തലിന് ‘തിരിച്ചടിച്ച’തല്ല; ആക്രമണം (attacks) നടത്തിയതാണ്.

ഒന്നുകൂടി നോക്കിയാൽ മറ്റൊരു വ്യത്യാസംകൂടി കാണാം. ഗസ്സയിലെ മരണത്തെപ്പറ്റി അവിടത്തെ ആരോഗ്യമന്ത്രാലയം പറഞ്ഞതാണ് –ബി.ബി.സിക്ക് നേരിട്ട് ബോധ്യപ്പെട്ടതല്ല. ഇസ്രായേലിലേത് അങ്ങനെ മറ്റു ഉറവിടങ്ങൾക്കുമേൽ ചാർത്തിയിട്ടില്ല; അതുകൊണ്ട് ബി.ബി.സി നേരിട്ടറിഞ്ഞത് എന്ന് വ്യംഗ്യം. ഇത് ആധികാരിക വിവരമാണ്, മറ്റേത് ഗസ്സക്കാർ പറഞ്ഞതാണ്.

ദ ഗാർഡിയൻ ബ്രിട്ടനിലെ ഇടത്, പുരോഗമന മാധ്യമമായാണ് അറിയപ്പെടുന്നത്. അവർ സ്വന്തം കാർട്ടൂണിസ്റ്റിനെ ഒഴിവാക്കുകയാണ്. 42 വർഷമായി പത്രത്തിനുവേണ്ടി കാർട്ടൂൺ വരക്കുന്ന സ്റ്റീവ് ബെൽ, ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിനെപ്പറ്റി കാർട്ടൂൺ വരച്ചുകളഞ്ഞു. കാർട്ടൂൺ ‘സെമിറ്റിക് വിരുദ്ധ’മാണത്രെ. കാർട്ടൂൺ ഒഴിവാക്കിയെന്നു മാത്രമല്ല, കാർട്ടൂണിസ്റ്റിന്റെ വാർഷിക കരാർ അടുത്ത ഏപ്രിലിൽ തീരുന്നതോടെ അത് പുതുക്കേണ്ടെന്ന് തീരുമാനിക്കുകയും ചെയ്തു ഗാർഡിയൻ.

ഗസ്സയിലെ കൂട്ടക്കുരുതിയെ ആ നിലക്ക് വിമർശിക്കുന്നതുപോലുമല്ല കാർട്ടൂൺ. കരയുദ്ധം നെതന്യാഹുവിനുതന്നെയാണ് പരിക്കേൽപിക്കുക എന്നതാണ് അതിലെ സൂചന. കാർട്ടൂണിൽ നെതന്യാഹു ത​ന്റെ വയറ് തുറന്നുവെച്ചിരിക്കുന്നു. കൈകളിൽ ഗുസ്തിക്കാരന്റെ കൈയുറകളുണ്ട്. വയറ്റത്ത് ഗസ്സയുടെ ഭൂപടത്തിന്റെ രൂപരേഖയുണ്ട്. ‘ഗസ്സ നിവാസികളേ, ഉടൻ പുറത്തുകടക്കൂ’ എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം കൈയിലെ കത്തികൊണ്ട് സ്വന്തം വയറ്റത്തെ ഗസ്സ ഭൂപടം വെട്ടിമാറ്റാനൊരുങ്ങുന്നു –ഇതാണ് കാർട്ടൂൺ.

ഷേക്സ്പിയറുടെ ‘വെനീസിലെ വ്യാപാരി’ എന്ന നാടകത്തിൽ, കടം വീട്ടാനാകാത്തയാളുടെ ശരീരത്തിൽ നിന്ന് ഒരു റാത്തൽ ഇറച്ചി വെട്ടിയെടുക്കാൻ തീരുമാനിച്ച ഷൈലോക് എന്ന ജൂത കഥാപാത്രത്തെ ഇത് ഓർമിപ്പിക്കുന്നുണ്ടെന്ന് ഗാർഡിയൻ പത്രാധിപ കാത് വൈനർക്ക് തോന്നി. എന്നാൽ, വിയറ്റ്നാം യുദ്ധകാലത്ത് യു.എസ് പ്രസിഡന്റ് ലിൻഡൻ ജോൺസണെ കളിയാക്കി ഡേവിഡ് ലെവീൻ വരച്ച കാർട്ടൂണിന്റെ മറ്റൊരു രൂപം മാത്രമാണിതെന്ന് ബെൽ വിശദീകരിക്കുന്നു.

ഓർക്കുക. കാർട്ടൂണിലടക്കം ആവിഷ്കാര സ്വാതന്ത്ര്യത്തിന് മുറവിളി കൂട്ടിവന്ന പത്രമാണ് ഗാർഡിയൻ. ഷാളി എബ്ദോ പത്രം മുഹമ്മദ് നബിയെ പരിഹസിച്ചു വരച്ച കാർട്ടൂണിനു പിന്നാലെ ഉണ്ടായ കോലാഹലത്തിനിടെ ഗാർഡിയൻ എഡിറ്റോറിയലിലൂടെ (2015 ജനുവരി 8) നിലപാട് വ്യക്തമാക്കി: ഞങ്ങൾ ന്യായമെന്ന് തോന്നുന്ന ഏതു വിഷയവും അറിയിക്കാനും അന്വേഷിക്കാനും പ്രസിദ്ധപ്പെടുത്താനും –വരക്കാനും– എന്നും തയാറായിരിക്കും...

ഈ ഗാർഡിയനാണ്, സെമിറ്റിക് വിരോധമെന്ന് നെതന്യാഹുവിന് തോന്നിയെങ്കിലോ എന്നു കരുതി കാർട്ടൂണിനെയും കാർട്ടൂണിസ്റ്റിനെയും പുറത്താക്കുന്നത്.

‘പുരോഗമന’ സെൻസർഷിപ്

സ്റ്റീവ് ബെല്ലിന്റെ കാർട്ടൂൺ മുമ്പും ഗാർഡിയൻ ഒഴിവാക്കിയിട്ടുണ്ട്. 2018ലെ ഇസ്രായേലി അതിക്രമങ്ങളുടെ സമയത്താണത്. അന്നും പ്രധാനമന്ത്രി നെതന്യാഹുവാണ്. ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന മാർഗരറ്റ് താച്ചറുടെ കൂടെ അവരുടെ ഓഫിസിൽ നെതന്യാഹു ഇരിക്കുന്നു. തണുപ്പകറ്റാൻ നെരിപ്പോടിൽ തീ കത്തുന്നുണ്ട്. അതിൽ വിറകായി എരിയുന്നത് ഇസ്രായേലി സൈന്യം കൊന്നുകളഞ്ഞ ഫലസ്തീൻ നഴ്സ് റസാൻ അൽ നജ്ജാർ ആണ്.

ഇസ്രായേൽ-ബ്രിട്ടൻ ചങ്ങാത്തം ഫലസ്തീൻ ജനതയുടെ ചെലവിലാണെന്ന് കാണിക്കുന്ന ഈ കാർട്ടൂണും ഗാർഡിയൻ ഒഴിവാക്കി. നെതന്യാഹുവിനെ തൊടരുത്!

ഫലസ്തീൻകാരുടെ രക്തവും മൃതദേഹവുംകൊണ്ട് ‘‘മിഡിലീസ്റ്റ് സമാധാനം സിമന്റ് ചെയ്യുന്ന’’ നെതന്യാഹുവിനെ ജെറൾഡ് സ്കാർഫ് വരച്ചപ്പോൾ സൺഡേ ടൈംസ് അത് ചവറ്റുകുട്ടയിലെറിഞ്ഞു. രക്തക്കറയോടെയും മിസൈൽ തൊടുക്കുന്ന ഭാവത്തിലും നെതന്യാഹുവിനെ വരച്ച കാർട്ടൂണുകൾ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ കാവൽക്കാരായ പടിഞ്ഞാറൻ മാധ്യമങ്ങൾ സെൻസർ ചെയ്ത് ഒഴിവാക്കിയിട്ടുണ്ട്.

ഇടക്ക് കാർട്ടൂണിസ്റ്റുകളെത്തന്നെ ഒഴിവാക്കുന്നത് അവർക്കുള്ള താക്കീത് കൂടിയാവാം. 2018ൽ ജർമൻ പത്രമായ സെയ്തുങ് അതിന്റെ കാർട്ടൂണിസ്റ്റിനെ പിരിച്ചുവിട്ടത് നെതന്യാഹു മിസൈൽ പിടിച്ചുനിൽക്കുന്ന കാർട്ടൂൺ വരച്ചതിനായിരുന്നു.

ഗാർഡിയൻ എന്ന ‘ഇടതുപക്ഷ’ പത്രം മാത്രമല്ല ഇസ്രായേലിനെ വ്യക്തമായ നെറികേടിൽ പിന്താങ്ങുന്നത്. ബ്രിട്ടനിലെ ‘ഇടതുപക്ഷ’ പാർട്ടിയായ ലേബർ തീവ്ര വലതുപക്ഷക്കാരെ അനുകരിക്കുകയാണ്. പാർട്ടി അംഗങ്ങൾക്കും പ്രാദേശിക ഘടകങ്ങൾക്കും അയച്ച നിർദേശമനുസരിച്ച്, ഫലസ്തീൻ അനുകൂല പരിപാടികളിൽ പാർട്ടിക്കാർ പ​ങ്കെടുക്കാൻ പാടില്ല.

ഫലസ്തീനെതിരെ ഇസ്രായേൽ മാത്രമല്ല ഉപരോധമേർപ്പെടുത്തിയിട്ടുള്ളത്. സഞ്ചാരസ്വാതന്ത്ര്യവും അവശ്യവസ്തുക്കളുമാണ് ഇസ്രായേൽ അവർക്ക് വിലക്കുന്നത്. അത്യാവശ്യമായ മറ്റൊരു അവകാശം –ജനാധിപത്യ സ്വാതന്ത്ര്യം– ഇസ്രായേലിനൊപ്പം ചേർന്ന് മറ്റ് രാജ്യങ്ങളും കക്ഷികളും മാധ്യമങ്ങളും ഫലസ്തീന് നിഷേധിക്കുന്നുണ്ട്: സ്വന്തം ശബ്ദം ലോകത്തെ കേൾപ്പിക്കാനുള്ള അവകാശം.

ഇസ്രായേലിനെ വിമർശിച്ചും സ്വതന്ത്ര ഫലസ്തീന് അനുകൂലമായും വ്യക്തിഗത അഭിപ്രായം പറഞ്ഞതിന് അമേരിക്കയിലെ സി.എൻ.എൻ മാർക് ലാമണ്ട് ഹിൽ എന്ന ലേഖകനെ പിരിച്ചുവിട്ടത് 2018ൽ. ദ ഹിൽ ടി.വി അവതാരക കേയ്റ്റി ഹാൾപ്പർ 2022 സെപ്റ്റംബറിലെ ഒരു സംവാദം നടത്തവേ, ഇസ്രായേൽ അപാർതൈറ്റ് നടപ്പാക്കുന്നു എന്ന് പറഞ്ഞു. അവരെ ചാനൽ പുറത്താക്കി.

2021 മേയിൽ അസോസിയേറ്റഡ് പ്രസ് ഒരു വനിത റിപ്പോർട്ടറെ പുറത്താക്കി. ജൂത മതക്കാരിയാണ് എമിലി വിൽഡർ. പക്ഷേ, അവർ ഫലസ്തീനെ പിന്തുണച്ചും ഇസ്രായേൽ എന്ന രാജ്യംതന്നെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ടും ട്വീറ്റ് ചെയ്തു. 2021 ഒക്ടോബറിൽ ഗാർഡിയൻ നാഥൻ റോബിൻസൺ എന്ന കോളമിസ്റ്റിനെ ഒഴിവാക്കിയിരുന്നു. ഇസ്രായേലിന് സൈനിക സഹായം നൽകുന്നതിനെ വിമർശിച്ചതായിരുന്നു കാരണം.

ഇത്രയൊക്കെ ചെയ്യുന്ന മാധ്യമങ്ങൾക്ക് വാർത്തയിൽ ചായ്‍വ് കാട്ടാനും കള്ളം ചേർക്കാനും മടി ഉണ്ടാകേണ്ടതില്ല. എത്രയോ കള്ളങ്ങൾ പൊളിഞ്ഞു. അതിനർഥം, പൊളിയാതെയും വ്യാപകമായി അംഗീകരിക്കപ്പെട്ടും ധാരാളം വ്യാജങ്ങൾ പ്രചരിക്കുന്നുണ്ട് എന്നുകൂടിയാണ്. ഇസ്രായേലി അധിനിവേശ സ്ഥലത്തേക്ക് ഫലസ്തീൻ പോരാളികൾ നടത്തിയ കടന്നാക്രമണത്തെപ്പറ്റി പ്രചരിച്ച കെട്ടുകഥകൾ കുറച്ചൊന്നുമല്ല. 40 കുഞ്ഞുങ്ങളെ ഹമാസുകാർ കഴുത്തറുത്ത് കൊന്നു എന്ന് റിപ്പോർട്ട് ചെയ്തത് സി.എൻ.എൻ ആണ്.

ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫിസും യു.എസ് പ്രസിഡന്റ് നേരിട്ടും അത് ശരിവെക്കുകവരെ ചെയ്തു. പക്ഷേ, നുണയായിരുന്നു അത്. ഇസ്രായേലി യുവതി ശാനി ലൂക്കിനെ ഹമാസ് പീഡിപ്പിച്ച് കൊന്നതായി വാർത്ത പ്രചരിപ്പിക്കപ്പെട്ടു –അവരെ ഹമാസ് ആശുപത്രിയിലാക്കിയതാണെന്ന് പിന്നീട് തിരുത്ത് വന്നു. നോവ എന്ന യുവതിയെ ഹമാസ് കൊല്ലാൻ കൊണ്ടുപോയെന്ന് പ്രചരിപ്പിക്കപ്പെട്ടു; ആ യുവതിയും സുരക്ഷിതയായിരുന്നു.

ഇസ്രായേലിൽ ഹമാസ് സിവിലയന്മാരെ കൂട്ടമായി കൊന്നെന്ന് വാർത്ത വന്നു. കണക്കെടുപ്പ് നടത്തിയ ഇസ്രായേലി പത്രമായ ഹാരറ്റ്സ് അത് പൊളിച്ചു; കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗം സൈനികരായിരുന്നു.

കുറെ സിവിലിയന്മാർ കൊല്ലപ്പെട്ടതുപോലും ഇസ്രായേലിന്റെ തിരിച്ചുള്ള വെടിവെപ്പിൽ പെട്ടുപോയിട്ടാണെന്ന് പിന്നീട് ഹമാസ് വ്യക്തമാക്കി. ഹമാസിന്റെ തടവിൽനിന്ന് മോചിതയായ ഇസ്രായേലി വനിത അവരെപ്പറ്റി നല്ല വാക്കുകൾപറഞ്ഞത് മുഖ്യധാരാ മാധ്യമങ്ങളിൽ കണ്ടില്ല. ഹമാസ് വക്താക്കൾ ഇംഗ്ലീഷിലിറക്കിയ വിഡിയോ വിശദീകരണവും തമസ്കരിക്കപ്പെട്ടു. ‘മറുപക്ഷം കൂടി പറയുക’ എന്ന ജേണലിസത്തിലെ അടിസ്ഥാന തത്ത്വം ഫലസ്തീന്റെ കാര്യത്തിൽ നിരന്തരം ലംഘിക്കപ്പെടുന്നു.

കാർട്ടൂൺ സെൻസർഷിപ്, ഫലസ്തീൻ അനുകൂല ശബ്ദങ്ങളെ അടിച്ചമർത്തൽ, ഒടുവിൽ അൽ ജസീറ പോലുള്ളവയെ നിരോധിക്കൽ –ഫലസ്തീന്റെ പോരാട്ടം ഇന്ന് ശരിയായ വാർത്തക്കുവേണ്ടി കൂടിയുള്ളതാണ്. അടിച്ചമർത്തപ്പെടുന്ന ജനസമൂഹങ്ങളുടെയും ശബ്ദങ്ങളുടെയും പോരാട്ടമാണിത്. വാർത്തകളിലെ പ്രകടമായ വിവേചനം സാക്ഷി.  അദൃശ്യമായ ഒരു ഉപരോധം നിലനിൽക്കുന്നു –നേർവാർത്ത പുറത്തുവരാതിരിക്കാനുള്ള മുഖ്യധാരാ മാധ്യമങ്ങളുടെ വാർത്താ ഉപരോധം.

Tags:    
News Summary - weekly column media scan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.