നിലപാടുകളുടെ പ്രദർശന വേദിയാകാറുണ്ട് സ്പോർട്സ്. കറുത്ത വർഗക്കാരും മറ്റു അവഗണിക്കപ്പെട്ട സമൂഹങ്ങളും കായിക വേദികൾ പ്രതിഷേധവേദികളാക്കാറുണ്ട്. ഫലസ്തീൻ അടിച്ചമർത്തപ്പെടുകയും ഫലസ്തീൻ അനുകൂല സ്വരങ്ങൾ നിശ്ശബ്ദമാക്കപ്പെടുകയും ചെയ്യുമ്പോൾ കളിക്കാരും കാണികളും തങ്ങളുടെ ഫലസ്തീൻ അനുകൂല നിലപാടുകൾ പ്രഖ്യാപിക്കാൻ കായിക മത്സരങ്ങൾ വേദിയാക്കാറുണ്ട്. എന്നാൽ, നിലപാടും തെരഞ്ഞെടുപ്പ് രാഷ്ട്രീയ പ്രചാരണവും രണ്ടാണ്. ഹിറ്റ്ലർ ആൾക്കൂട്ടങ്ങളെ തന്റെ നാസി പ്രചാരണങ്ങൾക്കായി ഉപയോഗിക്കാൻ ശ്രദ്ധിക്കാറുണ്ടായിരുന്നു. 1936ലെ ബർലിൻ ഒളിമ്പിക്സ് ആര്യൻ മേധാവിത്വം സ്ഥാപിക്കാനുള്ള അവസരമായിട്ടാണ് ഉപയോഗിച്ചത്....
നിലപാടുകളുടെ പ്രദർശന വേദിയാകാറുണ്ട് സ്പോർട്സ്. കറുത്ത വർഗക്കാരും മറ്റു അവഗണിക്കപ്പെട്ട സമൂഹങ്ങളും കായിക വേദികൾ പ്രതിഷേധവേദികളാക്കാറുണ്ട്. ഫലസ്തീൻ അടിച്ചമർത്തപ്പെടുകയും ഫലസ്തീൻ അനുകൂല സ്വരങ്ങൾ നിശ്ശബ്ദമാക്കപ്പെടുകയും ചെയ്യുമ്പോൾ കളിക്കാരും കാണികളും തങ്ങളുടെ ഫലസ്തീൻ അനുകൂല നിലപാടുകൾ പ്രഖ്യാപിക്കാൻ കായിക മത്സരങ്ങൾ വേദിയാക്കാറുണ്ട്.
എന്നാൽ, നിലപാടും തെരഞ്ഞെടുപ്പ് രാഷ്ട്രീയ പ്രചാരണവും രണ്ടാണ്. ഹിറ്റ്ലർ ആൾക്കൂട്ടങ്ങളെ തന്റെ നാസി പ്രചാരണങ്ങൾക്കായി ഉപയോഗിക്കാൻ ശ്രദ്ധിക്കാറുണ്ടായിരുന്നു. 1936ലെ ബർലിൻ ഒളിമ്പിക്സ് ആര്യൻ മേധാവിത്വം സ്ഥാപിക്കാനുള്ള അവസരമായിട്ടാണ് ഉപയോഗിച്ചത്. ഇരകൾക്ക് കായികവേദികൾ അവസരം മാത്രമാണ്; ഹിറ്റ്ലറെപോലുള്ളവർക്ക് അത് രണ്ടാം സ്ഥാനത്താണ് – ഒന്നാം സ്ഥാനം സങ്കുചിത രാഷ്ട്രീയത്തിനു തന്നെ.
ബർലിനിൽ ആര്യൻ പ്രതാപമറിയിക്കാൻ വേണ്ടിയാണ് അതിവിപുലമായ സ്റ്റേഡിയം നിർമിച്ചത്. സ്പോർട്സല്ല മുഖ്യ വിഷയമായത് – നാസി രാഷ്ട്രീയമാണ്. ജർമൻ ടീമിൽ ജൂതന്മാർക്കും ജിപ്സികൾക്കും ഇടമേ നൽകിയില്ല. മറ്റു രാജ്യങ്ങളിൽനിന്നുവന്ന ടീമുകളിൽപോലും അനാര്യരായ അത്‍ലറ്റുകൾക്ക് ഇടം നൽകാതിരിക്കാൻ പരമാവധി ശ്രമിച്ചു.
ഈ ‘നാസിവത്കൃത’ കായിക വേദിയിലാണ് അമേരിക്കയിൽനിന്നെത്തിയ കറുത്ത വർഗക്കാരൻ ജെസി ഓവൻസ് നാല് സ്വർണമെഡലുകൾ വാരിക്കൂട്ടി ഹിറ്റ്ലറുടെ തന്ത്രങ്ങൾക്ക് തിരിച്ചടി നൽകിയത്. ഹിറ്റ്ലറുടെ ആര്യൻ അധീശത്വ സിദ്ധാന്തത്തിന് കനത്ത ആഘാതമേൽപ്പിച്ച ഒറ്റയാൻ പോരാളിയായി ഓവൻസ് ചരിത്രത്തിൽ സ്വന്തം സ്ഥാനം കുറിച്ചു.
ബർലിനിലെ വലിയ സ്റ്റേഡിയത്തിൽ വെച്ചാണ് ഹിറ്റ്ലറുടെ പ്രോപഗണ്ട മന്ത്രി ജോസഫ് ഗീബൽസ് സഖ്യരാജ്യങ്ങൾക്കെതിരെ ‘‘സമ്പൂർണ യുദ്ധം’’ എന്ന മുദ്രാവാക്യം അവതരിപ്പിച്ചത്. അദ്ദേഹം പ്രസംഗിക്കുമ്പോൾ പിറകിൽ ആ മുദ്രാവാക്യമെഴുതിയ കൂറ്റൻ ബാനർ തൂക്കിയിരുന്നു. അതിന്റെ ഫിലിമും പിന്നീട് പ്രദർശിപ്പിച്ചു. പ്രസംഗം റേഡിയോ മുഖേന പലകുറി പ്രക്ഷേപണംചെയ്തു.
പ്രചാരണത്തിൽ സ്പോർട്സിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞുതന്നെയാണ് ഹിറ്റ്ലർ സ്പോർട്സ് കാര്യാലയത്തിന്റെ ചുമതല തന്നോട് കൂറുള്ള രാഷ്ട്രീയക്കാരനെ ഏൽപിച്ചത്. ഹാൻസ് വോൺ ഷാമർ ഉൻഡ് ഓസ്റ്റൻ എന്ന ഇയാൾക്ക് കായിക രംഗത്തെക്കാൾ താൽപര്യം നാസി രാഷ്ട്രീയത്തിലായിരുന്നു.
ഗുജറാത്തിൽ സർദാർ പട്ടേൽ സ്റ്റേഡിയത്തിന്റെ സ്ഥാനത്ത് നരേന്ദ്ര മോദി സ്റ്റേഡിയമുണ്ടാക്കിയതും ക്രിക്കറ്റ് ബോർഡിന്റെ ചുമതല അമിത്ഷായുടെ മകൻ ജേയ് ഷാക്ക് കിട്ടിയതുമൊന്നും മുകളിൽ പറഞ്ഞ ചരിത്രവുമായി താരതമ്യപ്പെടുത്താനാവില്ലായിരിക്കാം. എന്നാൽ, ജനശ്രദ്ധ കേന്ദ്രീകരിക്കുന്ന ഏത് മണ്ഡലത്തെയും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനുവേണ്ടി ഉപയോഗിക്കുന്ന സമ്പ്രദായം ഏതാനും വർഷമായി ഇന്ത്യയിൽ വളർന്നുവരുന്നുണ്ട്. ഉപഗ്രഹ വിക്ഷേപണം പിഴച്ചാൽ അത് ശാസ്ത്രജ്ഞരുടെ കണക്കിലും വിജയിച്ചാൽ ഭരണകർത്താക്കളുടെ കണക്കിലും ചേർക്കും; കളി തോറ്റാൽ അത് ടീമിന്റെ തോൽവി; ജയിച്ചാൽ ഭരണാധിപരുടെ നേട്ടം.
നരേന്ദ്ര മോദി സ്റ്റേഡിയത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന്റെ അരങ്ങായി പ്രഖ്യാപിച്ചതു മുതലേ ഐ.സി.സിയിലെ രാഷ്ട്രീയക്കലർപ്പിനെ പറ്റി ആക്ഷേപങ്ങൾ ഉയർന്നിരുന്നു. സംസ്ഥാനങ്ങളിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളും അടുത്ത വർഷത്തെ പാർലമെന്റ് തെരഞ്ഞെടുപ്പും കളിയാരവങ്ങൾക്ക് പശ്ചാത്തലമായുണ്ടായിരുന്നു മാധ്യമങ്ങളിൽ.
വിവിധ മത്സരങ്ങളെപ്പറ്റി മാധ്യമവാർത്തകളിലും സമൂഹമാധ്യമ പോസ്റ്റുകളിലും വന്ന കുറിപ്പുകൾ പലതും തീവ്രദേശീയത വളർത്താൻ ഉദ്ദേശിച്ചുള്ളവയായിരുന്നു. വർഗീയത വരെ തെരഞ്ഞെടുപ്പുകാല വാശിയോടെ പ്രചരിപ്പിക്കപ്പെട്ടു. മികച്ച കളിക്കാരനെന്ന് ആവർത്തിച്ച് തെളിയിച്ചിട്ടും മുഹമ്മദ് ഷമിക്കു മേൽ ചെറിയ പിഴവിന്റെ പേരിൽ വർഗീയാധിക്ഷേപം ചൊരിയപ്പെട്ടു. മുംബൈയിലെയും ഡൽഹിയിലെയും സ്റ്റേഡിയങ്ങളെ അവഗണിച്ച് അഹ്മദാബാദിലെ സ്റ്റേഡിയം അരങ്ങാക്കിയതും ഗാലറിയിലിരുന്നുള്ള ജയ്ശ്രീറാം വിളികളും ബി.ജെ.പി നേതാവിനെതിരെ സമരം ചെയ്ത വനിതാ കായിക താരങ്ങളെ പിന്തുണച്ചിരുന്ന കപിൽദേവിനെ ഫൈനൽ കാണാൻ ക്ഷണിക്കാതിരുന്നതും എല്ലാം സ്പോർട്സിനു മേൽ സങ്കുചിത രാഷ്ട്രീയം നേടിയ മേൽക്കൈ സൂചിപ്പിച്ചു.
മത്സരാവേശത്തിനപ്പുറം, സങ്കുചിത ദേശീയത വളർത്തുന്ന റിപ്പോർട്ടിങ് ശൈലിയും കണ്ടു. നന്നായി കളിക്കുന്നവർ ജയിക്കട്ടെ എന്നതാണ് സ്പോർട്സിന്റെ നീതിയെങ്കിൽ, നാം തന്നെ ജയിക്കും എന്നത് യുദ്ധത്തിലെ പ്രചാരണ ഭാഷയാണ്. ഫൈനലിന് മുമ്പ് ചാനലുകളിലും പത്രങ്ങളിലും ഫൈനൽ ജയം ഉറപ്പാണെന്ന മട്ടിലായിരുന്നു അവതരണം. ‘140 കോടി ജനങ്ങൾക്കിന്ന് ഒരേ സ്വരം: വിജയിക്കും നാം’ (ദൈനിക് ഭാസ്കർ), ‘നമ്മൾ നേടും’, ‘ഇന്ത്യ ഉയർത്തും’ ‘രാജ്യം ഒന്നാകെ പറയുന്നു, ജീത്തേഗാ’ (മൂന്നും മാതൃഭൂമി), ‘മോഹക്കപ്പിൽ ഇന്ന് ഇന്ത്യൻ മുത്തം’ (കേരള കൗമുദി) എന്നിങ്ങനെ പോയി ആ തീർച്ച.
തീക്ഷ്ണ ദേശീയതയുടെയും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെയും ചിന്തകൾ ഉണർത്താൻ സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി മോദിയുടെ സാന്നിധ്യം കാരണമായെന്ന് നിരീക്ഷകർ പറയുന്നു. നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ത്യൻ ടീം വിജയികളായാൽ മോദി നടത്താൻ പോകുന്ന പ്രസംഗത്തെപ്പറ്റിയുള്ള തമാശകൾ രാഷ്ട്രീയക്കാർക്കിടയിൽ കേട്ടിരുന്നു. അതേസമയം, മോദിയുടെയും അമിത്ഷായുടെയും സാന്നിധ്യം സൃഷ്ടിച്ച സമ്മർദവും പിരിമുറുക്കവും ഇന്ത്യൻ ടീമിനെ ബാധിച്ചെന്നും ഇന്ത്യ ടുഡേ, ടൈംസ് നൗ പോലുള്ള ചാനലുകളുടെ ചർച്ചകളിൽ പിന്നീട് കേട്ടു. ടൈംസ് നൗ ചർച്ചയിൽ ക്രിക്കറ്റല്ല, രാഷ്ട്രീയമാണ് കേന്ദ്രവിഷയമായതുതന്നെ.
കായികരംഗത്തെ ബാധിച്ച കക്ഷിരാഷ്ട്രീയ വൈറസ് അതിനെ നശിപ്പിക്കുമെന്ന് സ്പോർട്സ് നിരീക്ഷകർ മുന്നറിയിപ്പു നൽകുന്നു. ഇന്ത്യൻ എക്സ്പ്രസിൽ അവിജിത് പാഠക് എഴുതിയ ലേഖനത്തിന്റെ തലക്കെട്ട്: ‘ഇന്ത്യ ലോകകപ്പ് തോറ്റതിൽ എനിക്ക് ദുഃഖമില്ല; അതിതീവ്ര ദേശീയത ക്രിക്കറ്റിനെ എന്റെ കണ്ണിൽ നശിപ്പിച്ചുകഴിഞ്ഞിരിക്കുന്നു.’
ശിവസേന പത്രമായ സാമ്ന ഇന്ത്യയുടെ തോൽവി റിപ്പോർട്ട് ചെയ്തപ്പോൾ കൊടുത്ത ഒന്നാം പേജ് തലക്കെട്ടിൽ ഈ വിമർശനങ്ങളെല്ലാം ഭംഗിയായി ഉൾച്ചേർന്നു എന്നുപറയാം. ‘നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഭാരതത്തിന് പരാജയം’ എന്നാണ് ആ തലക്കെട്ട്.
‘സ്വയം പ്രതിരോധ’മെന്ന വ്യാജം
മാധ്യമങ്ങളെ ഉപയോഗിച്ചുകൊണ്ട് രണ്ട് വാദങ്ങളാണ് ഇസ്രായേൽ തങ്ങളുടെ കൂട്ടക്കശാപ്പിന് ന്യായമായി പറയുന്നത്. ഒന്ന്, ഒക്ടോബർ 7ലെ ഹമാസ് ആക്രമണം. രണ്ട്, തങ്ങൾക്ക് ‘സ്വയം പ്രതിരോധ’ത്തിന് എല്ലാ അവകാശവുമുണ്ടെന്ന്. ആദ്യത്തേതിന്റെ സത്യാവസ്ഥയും രണ്ടാമത്തേതിലെ ന്യായവും പരിശോധിക്കേണ്ട ബാധ്യത മാധ്യമങ്ങൾക്കുണ്ടായിരുന്നു.
നിർണായകമായ ഈ രണ്ട് കാര്യങ്ങളിലും അന്വേഷണം നടത്തിയത് പടിഞ്ഞാറിനു പുറത്തുള്ള മാധ്യമങ്ങളാണ്. നിഷ്പക്ഷ വാരികയെന്ന് പറയപ്പെടുന്ന ദ ഇക്കോണമിസ്റ്റ് ഇസ്രായേലി വിധേയത്വത്തിന് ഉദാഹരണമാണ്. മിക്ക രാജ്യങ്ങളും മഹാഭൂരിപക്ഷം ജനതകളും ഇസ്രായേൽ സിവിലിയന്മാരെ കൂട്ടക്കൊല ചെയ്യുന്നത് നിർത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടിരുന്നപ്പോൾ ഇക്കോണമിസ്റ്റിന്റെ യുദ്ധകാര്യ എഡിറ്റർ ശശാങ്ക് ജോഷി എഴുതി, ഇസ്രായേൽ സിവിലിയന്മാരെ കൊല്ലുന്നേ ഇല്ലെന്ന്. വാരിക മുഖക്കുറിപ്പിൽ ആവശ്യപ്പെട്ടത്, യുദ്ധം തുടരണമെന്നായിരുന്നു –ഹമാസിന്റെ കഥ തീരുംവരെ അത് തുടരണമെന്ന് (സയണിസത്തിന്റെ സ്ഥാപകരായ റോത് സ് ചൈൽഡ് കുടുംബത്തിന്റേതാണ് ഈ വാരിക).
ദ ക്രിസ്ത്യൻ സയൻസ് മോണിറ്റർ ഇസ്രായേലിന് ദാസ്യവേല ചെയ്യുന്ന പത്രമല്ല. പലപ്പോഴും സ്വതന്ത്ര നിലപാടാണ് അതിന്റേത്. മിക്ക മാധ്യമങ്ങളും ഇസ്രായേൽപക്ഷം മാത്രം പറഞ്ഞുകൊണ്ടിരുന്നപ്പോഴും ‘ഹമാസിന്റെ ഇസ്രായേലാക്രമണത്തെപ്പറ്റി ഗസ്സയിൽനിന്നൊരു വ്യത്യസ്ത വീക്ഷണ’മെന്ന തലക്കെട്ടിൽ റിപ്പോർട്ട് പ്രസിദ്ധപ്പെടുത്താൻ അവർ ധൈര്യം കാണിച്ചു. പക്ഷേ, അപ്പോഴും, ലേഖനത്തോടൊപ്പം പതിവില്ലാത്ത ഒരു ന്യായീകരണക്കുറിപ്പ് അവർ ചേർത്തു. ‘‘ഞങ്ങൾ എന്തിനിതെഴുതുന്നു’’ എന്ന തലക്കെട്ടിൽ, ക്ഷമാപണ സ്വരത്തിലുള്ള കുറിപ്പ്, ഹമാസിനെ ഫലസ്തീൻകാർ ഇഷ്ടപ്പെടാൻ കാരണം സമാധാനശ്രമങ്ങൾ പരാജയപ്പെട്ടതാണെന്ന് പറഞ്ഞുവെക്കുന്നു. അപ്പോഴും, ഹമാസിന്റെ ഭാഗം കേൾക്കാൻ പത്രം തയാറായില്ല.
ഒക്ടോബർ 7നുശേഷം രണ്ടുതവണയെങ്കിലും ഹമാസ് തങ്ങളുടെ നിലപാടും പ്രതികരണവും വാർത്താകുറിപ്പായും വിഡിയോ സന്ദേശമായും ലോക മാധ്യമങ്ങൾക്ക് മുമ്പാകെ വെച്ചു. പക്ഷേ, അത് വാർത്തയാക്കിയവർ നന്നേ കുറവാണ്. പക്ഷേ, ഇസ്രായേലി ആരോപണങ്ങൾ തള്ളിക്കൊണ്ട് അവർ അന്നു പറഞ്ഞത് സത്യമായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞുകൊണ്ടിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.