ഞാൻ മരിക്കണം എന്നാണ് വിധിയെങ്കിൽ നീ ജീവിക്കണം, എന്റെ കഥ പറയാൻ. എന്റെ സാധനങ്ങൾ വിറ്റ് വെള്ളത്തുണി വാങ്ങാൻ; കുറച്ച് ചരടും. (നീളമുള്ളതായിക്കോട്ടെ)... അസാധാരണ സ്ഥൈര്യമുള്ള മനുഷ്യരുടെ കഥകൾ പറയുന്നുണ്ട് ഗസ്സ. അക്കൂട്ടത്തിലൊരാളാണ് കഴിഞ്ഞയാഴ്ച ഇസ്രായേൽ കൊന്നുകളഞ്ഞ പ്രഫ. രിഫ്അത്ത് അൽ അരീർ. 44ാം വയസ്സിൽ രക്തസാക്ഷ്യം. ഇംഗ്ലീഷ് സാഹിത്യവും സർഗരചനയുമായിരുന്നു ഗസ്സ ഇസ്‍ലാമിക് യൂനിവേഴ്സിറ്റിയിൽ ഡോ. രിഫ്അത്ത് പഠിപ്പിച്ചിരുന്ന വിഷയങ്ങൾ. അസാമാന്യ പ്രതിഭയുള്ള, ശിഷ്യർക്കെല്ലാം പ്രിയങ്കരനായിരുന്ന അധ്യാപകൻ. ഇന്ന് ആ യൂനിവേഴ്സിറ്റി അപ്പാടെ ഇസ്രായേൽ തകർത്തിരിക്കുന്നു. ഗസ്സക്കാരൻ, അതും പ്രതിഭാശാലിയായ...
ഞാൻ മരിക്കണം എന്നാണ് വിധിയെങ്കിൽ
നീ ജീവിക്കണം, എന്റെ കഥ പറയാൻ.
എന്റെ സാധനങ്ങൾ വിറ്റ് വെള്ളത്തുണി വാങ്ങാൻ;
കുറച്ച് ചരടും. (നീളമുള്ളതായിക്കോട്ടെ)...
അസാധാരണ സ്ഥൈര്യമുള്ള മനുഷ്യരുടെ കഥകൾ പറയുന്നുണ്ട് ഗസ്സ. അക്കൂട്ടത്തിലൊരാളാണ് കഴിഞ്ഞയാഴ്ച ഇസ്രായേൽ കൊന്നുകളഞ്ഞ പ്രഫ. രിഫ്അത്ത് അൽ അരീർ. 44ാം വയസ്സിൽ രക്തസാക്ഷ്യം.
ഇംഗ്ലീഷ് സാഹിത്യവും സർഗരചനയുമായിരുന്നു ഗസ്സ ഇസ്‍ലാമിക് യൂനിവേഴ്സിറ്റിയിൽ ഡോ. രിഫ്അത്ത് പഠിപ്പിച്ചിരുന്ന വിഷയങ്ങൾ. അസാമാന്യ പ്രതിഭയുള്ള, ശിഷ്യർക്കെല്ലാം പ്രിയങ്കരനായിരുന്ന അധ്യാപകൻ. ഇന്ന് ആ യൂനിവേഴ്സിറ്റി അപ്പാടെ ഇസ്രായേൽ തകർത്തിരിക്കുന്നു. ഗസ്സക്കാരൻ, അതും പ്രതിഭാശാലിയായ ഗസ്സക്കാരൻ, മൗനത്തിലൊളിക്കാതെ പേനകൊണ്ട് പോരാടുന്നവൻ –ഇതൊക്കെ മതി ഇസ്രായേലിന്റെ ഹിറ്റ്ലിസ്റ്റിൽ പെടാൻ.
മരണം വരുന്നു എന്നറിഞ്ഞുള്ള ആ അവസാന കവിത അദ്ദേഹം തന്റെ ‘Refaat in Gaza’ എന്ന ട്വിറ്റർ (എക്സ്) അക്കൗണ്ടിന്റെ പൂമുഖത്ത് ‘പിൻ’ ചെയ്ത് വെച്ചിരുന്നു. ‘‘ഞാൻ മരിക്കണം എന്നാണെങ്കിൽ, അത് പ്രത്യാശ കൊണ്ടുവരട്ടെ, അതും ഒരു കഥയാകട്ടെ’’ എന്നാണ് ഉജ്ജ്വലമായ ആ കവിത അവസാനിക്കുന്നത്.
കഥകൾ –വാർത്തകളും സർഗസൃഷ്ടികളും– ഡോ. രിഫ്അത്തിന് ജീവിതമാർഗമായിരുന്നു; അധിനിവേശത്തെപ്പറ്റി, അധിനിവേശത്തിനെതിരെ, പറഞ്ഞുകൊണ്ടേ ഇരിക്കുക എന്നതുതന്നെ ശക്തമായ പ്രതിരോധമാണ് എന്നദ്ദേഹം തിരിച്ചറിഞ്ഞു. തന്റെ വിദ്യാർഥികളെക്കൊണ്ട് എഴുതിക്കാൻ അത്യുത്സാഹമായിരുന്നു രിഫ്അത്തിന്.
മാധ്യമപ്രവർത്തകരെ മാത്രമല്ല, എഴുത്തുകാരെയും ഇസ്രായേൽ ഭയപ്പെട്ടിരുന്നു എന്ന് വ്യക്തം –അതുകൊണ്ടാണല്ലോ അത്തരക്കാരെ തിരഞ്ഞുപിടിച്ച് കൊല്ലുന്നത്. കാരണം അവർ തളരാത്ത ഊർജം പ്രസരിപ്പിക്കുന്നവരാണ്. ഉപരോധത്തിൽ കുടുങ്ങിപ്പോയ സമൂഹത്തെ ശാക്തീകരിക്കുന്നവരാണ്. അതുകൊണ്ട് ഇസ്രായേൽ സേന അദ്ദേഹത്തെ നോട്ടമിട്ടു.
ഒരു സ്കൂളിലെ അഭയാർഥി ക്യാമ്പിലായിരുന്നു രിഫ്അത്ത് താമസിച്ചിരുന്നത്. ഡിസംബർ ആദ്യവാരത്തിലൊരു നാൾ അദ്ദേഹത്തിന് ഒരു ഫോൺ വന്നു. ഇസ്രായേൽ സൈന്യമാണ് വിളിക്കുന്നത്. സൂക്ഷിച്ചോളൂ, നിങ്ങളെ ഞങ്ങൾ കൊല്ലും എന്ന്. വെറും ഭീഷണിയാകാം, യഥാർഥ മുന്നറിയിപ്പാകാം. ഒരാളെ കൊല്ലാൻ അയാളെ മാത്രം വെടിവെക്കുന്നതല്ല ഇസ്രായേലി സൈന്യത്തിന്റെ രീതി. മറിച്ച്, അയാൾ ഉള്ള സ്ഥലത്ത് ബോംബിടലാണ്. താൻ സ്കൂളിലെ ക്യാമ്പിൽ നിൽക്കുന്നത് അവിടെ താമസിക്കുന്ന അനേകം കുടുംബങ്ങൾക്ക് അപകടം വരുത്തിയേക്കും എന്നറിഞ്ഞ് രിഫ്അത്ത് അവിടം വിട്ടു.അടുത്ത ദിവസങ്ങളിലൊരിക്കൽ, ഡിസംബർ ഏഴിന്, അദ്ദേഹം ശുജാഇയ്യയിലെ സഹോദരിയുടെ വീട് സന്ദർശിക്കാൻ ചെന്നു. അന്നേരമാണ് ഇസ്രായേലിന്റെ ബോംബ് വന്നുവീഴുന്നത്. രിഫ്അത്ത് തൽക്ഷണം മരിച്ചു. ഒപ്പം സഹോദരിയും അവരുടെ കുട്ടികളും മറ്റൊരു സഹോദരനും.
വാക്കും എഴുത്തുംകൊണ്ട് പോരാടുകയായിരുന്നു അദ്ദേഹം അവസാനം വരെ. 2015ൽ ഇറങ്ങിയ Gaza Unsilenced എന്ന സമാഹാരത്തിന്റെ സഹ എഡിറ്ററായിരുന്നു. അതിനുമുമ്പ്, 2014ൽ, Gaza Writes Back എന്ന കഥാസമാഹാരം എഡിറ്റ് ചെയ്തു. അദ്ദേഹത്തിന്റെ വിദ്യാർഥികൾ എഴുതിയ കഥകളായിരുന്നു അതിൽ. കഴിഞ്ഞ വർഷം ഇറങ്ങിയ Light in Gaza: Writings Born of Fire എന്ന ലേഖനസമാഹാരത്തിൽ രിഫ്അത്തിന്റെ ഒരു ലേഖനമുണ്ടായിരുന്നു: ‘‘Gaza Asks: When Shall This Pass?’’ എന്ന് തലക്കെട്ട്.
ഈ ദുരിതം എന്ന് തീരും? തീരുമെന്ന് ആശിക്കുക. അതിനായി നാം പൊരുതുന്നു. നമുക്ക് വേറെ വഴിയില്ല, പൊരുതുകതന്നെ. എഴുതുക തന്നെ. ഫലസ്തീനുവേണ്ടി ഫലസ്തീന്റെ കഥകൾ പറഞ്ഞുകൊണ്ടിരിക്കുകതന്നെ –അദ്ദേഹം കുറിച്ചു. ഫലസ്തീൻ യുവത ഏറ്റെടുത്ത We Are Not Numbers എന്ന പ്രോജക്ടിന്റെ സഹസ്ഥാപകനുമായിരുന്നു അദ്ദേഹം.
വിദേശ ജേണലിസ്റ്റുകളായ മാക്സ് ബ്ലൂ മന്താൾ, ഏയ്മി ഗുഡ്മൻ (ഡെമോക്രസി നൗ!) തുടങ്ങി അനേകം പേരുമായി സമ്പർക്കമുണ്ടായിരുന്നു രിഫ്അത്തിന്. ഏയ്മി ഗുഡ്മന്റെ വിഡിയോ ഷോകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മാക്സ് ബ്ലൂ മന്താളിന് നവംബർ 27ന് അദ്ദേഹം (അവസാനത്തെ) കത്തെഴുതി.
ബോംബുവർഷം അടുത്തടുത്ത് വരുന്നുണ്ടായിരുന്നു. ‘‘എല്ലാം തീരുകയാണ്’’, അദ്ദേഹം എഴുതി: ‘‘ഭക്ഷണം, വെള്ളം, പാചകവാതകം. ജീവന്റെ സകല ഉറവിടങ്ങളും ബോംബിട്ട് നശിപ്പിക്കുകയാണ് ഇസ്രായേൽ. സൗരോർജ പാനലുകൾ, ജലസംഭരണികൾ, പൈപ്പുകൾ. ഒരൊറ്റ ബേക്കറിയും പ്രവർത്തിക്കുന്നില്ല...’’
ഇലക്ട്രോണിക് ഇൻതിഫാദ എന്ന ഓൺലൈൻ മാഗസിനിൽ സ്ഥിരമായി എഴുതാറുണ്ടായിരുന്നു രിഫ്അത്ത്. ഈയിടെ ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു: ഞാൻ ഒരു വിദ്യാഭ്യാസ പ്രവർത്തകനാണ്. എന്റെ കൈയിലെ ഏറ്റവും കനമുള്ള ആയുധം ഒരു എക്സ്പോ മാർക്കറാണ്. ഇസ്രായേലി പട്ടാളമെങ്ങാനും കടന്നുവന്നാൽ, ഞങ്ങളെ കൂട്ടക്കൊല ചെയ്യാനായി വീടുതോറും തിരഞ്ഞെത്തിയാൽ, ഞാൻ ആ മാർക്കറെടുത്ത് ഇസ്രായേലി പട്ടാളക്കാരുടെ നേരെ എറിയും –അതോടെ ഞാനങ്ങ് തീർന്നാലും.
പക്ഷേ, ഇസ്രായേലി സൈന്യത്തിന് അത്ര ധൈര്യമില്ല. അവർ ഡ്രോണും വിമാനവും വിട്ട്, നിരപരാധികളെ മുകളിൽനിന്ന് ബോംബിട്ട് കൊല്ലുകയേ ചെയ്യൂ. അങ്ങനെയാണ് ഗസ്സയുടെ കഥാകാരൻ, ഫലസ്തീന്റെ പോരാളി, അവിടെനിന്ന് യഥാർഥ വാർത്തകൾ പുറംലോകത്തേക്ക് എത്തിച്ചുകൊണ്ടിരുന്ന ജേണലിസ്റ്റ്, വീരമൃത്യു വരിക്കുന്നത്.
മരണനിലവാരം
മാധ്യമങ്ങൾ കൊണ്ടുനടക്കുന്ന ‘പൊതുബോധം’ അവരുടെ ചരമവാർത്തകളിലും ഓർമക്കുറിപ്പുകളിലും പ്രതിഫലിച്ചു കാണാം. രിഫ്അത്ത് അൽ അരീറിന്റെ ജീവിതമോ മരണമോ ഒന്നും ആഗോള മാധ്യമങ്ങളിൽ കാണില്ല. അതേസമയം, ഈയിടെ നൂറാം വയസ്സിൽ മരിച്ച ഹെന്റി കിസിഞ്ജർ എന്ന അമേരിക്കൻ ‘നയതന്ത്രജ്ഞ’നെ എത്രയേറെയാണ് അവ മഹത്ത്വപ്പെടുത്തിയത്! അനേകം നാടുകളിൽ യുദ്ധത്തിനും കൂട്ടക്കൊലക്കും കാരണക്കാരനായിരുന്നു കിസിഞ്ജർ: കംബോഡിയ (അഞ്ചു ലക്ഷം), കിഴക്കൻ തിമൂർ (രണ്ടു ലക്ഷം), ബംഗ്ലാദേശ് (30 ലക്ഷം), അർജന്റീന (30,000), ലാഓസ് (രണ്ടു ലക്ഷം), വിയറ്റ്നാം (30 ലക്ഷം) തുടങ്ങി എത്ര നാടുകളിൽ എത്ര മനുഷ്യരുടെ ചോരപുരണ്ടാണ് അദ്ദേഹം കടന്നുപോയത്. എന്നിട്ടും അദ്ദേഹത്തെ ആഘോഷിച്ചവർ രിഫ്അത്തിനെ പോലുള്ളവരെ കാണുന്നില്ല, കാണിക്കുന്നില്ല.
ഇത് രാഷ്ട്രീയത്തോടും അധികാരത്തോടുമുള്ള വിധേയത്വത്തിന്റെ അടയാളംകൂടിയാകാം. കേരളത്തിലെ രണ്ടു മരണങ്ങളെ മാധ്യമങ്ങൾ എങ്ങനെ സമീപിച്ചു എന്നത് പഠിക്കേണ്ടതാണ്.
ഭരണമുന്നണി ഘടകകക്ഷിയുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രൻ തലയെടുപ്പുള്ള, ജനസ്വാധീനമുള്ള നേതാവായിരുന്നു. അദ്ദേഹത്തെ രണ്ടു ദിവസം മുഴുപ്പേജുകളും വർണനകളും ചിത്രങ്ങളുമായാണ് മാധ്യമങ്ങൾ യാത്രയയച്ചത്. അതേസമയം, കഴിഞ്ഞയാഴ്ച അന്തരിച്ച ഡോ. കുഞ്ഞാമൻ ഒരു വാർത്തയിലൊതുങ്ങി –കൂടിയാൽ ഒരു അനുസ്മരണംകൂടി ഉണ്ടായെന്നുമാത്രം. മരണാനന്തര ബഹുമതികളും ചടങ്ങുകളും വേണ്ടെന്നു പറഞ്ഞയാളാണ് അദ്ദേഹം. അതേസമയം, തിരസ്കൃത വിഭാഗങ്ങളോട് ചേർന്നുനിന്ന്, നിലപാടുകളിൽ മനുഷ്യസമത്വമെന്ന മൂല്യം ഉയർത്തിപ്പിടിച്ച, സാമ്പത്തിക ശാസ്ത്രത്തിൽ ഉയരങ്ങൾ സ്വന്തമാക്കിയ, അനീതികളോട് മാന്യമായി കലഹിച്ച കുഞ്ഞാമൻ പതിവു ചരമവാർത്ത മാത്രം, ആഘോഷിക്കപ്പെടാൻ രാഷ്ട്രീയക്കാരനോ അധികാരസ്ഥനോ അല്ലല്ലോ അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.