മാധ്യമങ്ങൾ സ്വയം വെളിപ്പെടുത്തിയ വർഷം

2023ലെ ഏറ്റവും പ്രധാനപ്പെട്ട ലോകവാർത്ത ഒക്ടോബർ ഏഴിന് ഹമാസ് എന്ന ഫലസ്തീനി ചെറുത്തുനിൽപ് പ്രസ്ഥാനം നടത്തിയ ‘ഓപറേഷൻ അൽ അഖ്സ ഫ്ലഡും’ തുടർ സംഭവങ്ങളും തന്നെ. വാർത്തകളിൽനിന്ന് മിക്കവാറും അപ്രത്യക്ഷമായിരുന്ന ഫലസ്തീനും അന്നാട്ടുകാരോടുള്ള ഇസ്രായേലിന്റെ അതിക്രമങ്ങളും പെട്ടെന്ന് ഒക്ടോബർ ഏഴോടെ ആഗോളശ്രദ്ധയിൽ നാടകീയമായി തിരിച്ചെത്തുകയായിരുന്നു. അതോടൊപ്പം മാധ്യമരംഗത്തും പോരാട്ടം തുടങ്ങി. അതുവരെ നിലവിലുണ്ടായിരുന്ന ഇസ്രായേലിപക്ഷ ആഖ്യാനത്തിന്റെ ആധിപത്യം പടിഞ്ഞാറൻ നാടുകളിൽ വരെ നഷ്ടപ്പെട്ടു. വ്യാജവാർത്തകൾ ഇറക്കുന്ന മുറക്ക് പൊളിച്ചുകാട്ടപ്പെട്ടു.അപ്പോഴും മുഖ്യധാരാ മാധ്യമങ്ങൾ ഫലസ്തീന്റെ...

2023ലെ ഏറ്റവും പ്രധാനപ്പെട്ട ലോകവാർത്ത ഒക്ടോബർ ഏഴിന് ഹമാസ് എന്ന ഫലസ്തീനി ചെറുത്തുനിൽപ് പ്രസ്ഥാനം നടത്തിയ ‘ഓപറേഷൻ അൽ അഖ്സ ഫ്ലഡും’ തുടർ സംഭവങ്ങളും തന്നെ. വാർത്തകളിൽനിന്ന് മിക്കവാറും അപ്രത്യക്ഷമായിരുന്ന ഫലസ്തീനും അന്നാട്ടുകാരോടുള്ള ഇസ്രായേലിന്റെ അതിക്രമങ്ങളും പെട്ടെന്ന് ഒക്ടോബർ ഏഴോടെ ആഗോളശ്രദ്ധയിൽ നാടകീയമായി തിരിച്ചെത്തുകയായിരുന്നു.

അതോടൊപ്പം മാധ്യമരംഗത്തും പോരാട്ടം തുടങ്ങി. അതുവരെ നിലവിലുണ്ടായിരുന്ന ഇസ്രായേലിപക്ഷ ആഖ്യാനത്തിന്റെ ആധിപത്യം പടിഞ്ഞാറൻ നാടുകളിൽ വരെ നഷ്ടപ്പെട്ടു. വ്യാജവാർത്തകൾ ഇറക്കുന്ന മുറക്ക് പൊളിച്ചുകാട്ടപ്പെട്ടു.അപ്പോഴും മുഖ്യധാരാ മാധ്യമങ്ങൾ ഫലസ്തീന്റെ ശബ്ദം കേൾപ്പിക്കാൻ തയാറായില്ല. ഹമാസ് നേതൃത്വം ദിനേനയെന്നതോതിൽ സംഭവങ്ങളുടെ സംഗ്രഹം നൽകിയെങ്കിലും അതിന് വൻകിട പത്രങ്ങളോ ചാനലുകളോ ചെവികൊടുത്തില്ല.

യുക്രെയ്ൻ യുദ്ധമുണ്ടാക്കിയതിന്റെ അനേകമടങ്ങ് കൂടുതൽ താൽപര്യം ഗസ്സ പോരാട്ടം ലോകസമൂഹങ്ങളിൽ ഉണ്ടാക്കി. ഈ താൽപര്യത്തെ തൃപ്തിപ്പെടുത്താൻ പടിഞ്ഞാറൻ മാധ്യമങ്ങൾക്ക് കഴിയുന്നില്ലെന്ന് ലോകം കണ്ടെത്തിയത്, 2023ലെ പ്രധാനപ്പെട്ട മാധ്യമസംഭവമായിരിക്കണം.

വാർത്തകളറിയാൻ മറ്റു ഉറവിടങ്ങളിലേക്ക് ലോകം തിരിഞ്ഞു. അൽജസീറ ഈ രംഗത്ത് അസാമാന്യമായ പ്രവർത്തനം കാഴ്ചവെച്ചു. ഇലക്ട്രോണിക് ഇൻതിഫാദ, മോ​േണ്ടാവെയ്സ്, ഡെമോക്രസി നൗ!, ദ ഗ്രേസോൺ, ഫലസ്തീൻ ക്രോണിക്ൾ തുടങ്ങിയ അനേകം ഡിജിറ്റൽ മാധ്യമങ്ങളും സന്തുലിത വാർത്തകളിലൂടെ മികവുകാട്ടി.

വാർത്താലോകത്ത് നേരിനെച്ചൊല്ലിയുള്ള തർക്കങ്ങളിൽ പലപ്പോഴും മുഖ്യധാരാ മാധ്യമങ്ങളാണ് പ്രതിസ്ഥാനത്ത്. ഒക്ടോബർ ഏഴിലെ സംഭവങ്ങളെ ഹമാസിനും ഫലസ്തീനുമെതിരായി ലോകാഭിപ്രായം സൃഷ്ടിക്കാൻ പാകത്തിൽ റിപ്പോർട്ട് ചെയ്യുന്നതിൽ മുഖ്യധാരാ മാധ്യമങ്ങൾ വലിയ പങ്കുവഹിച്ചപ്പോൾ അവയുടെ സത്യാവസ്ഥ പുറത്തുകൊണ്ടുവന്നത് ഏറെയും ബദൽ, ഡിജിറ്റൽ മാധ്യമങ്ങളാണ്.

ഗസ്സ യുദ്ധം പല കാര്യങ്ങളിലും ലോകറെക്കോഡ് സ്ഥാപിച്ചിരിക്കുന്നു. ഇത്ര കുറഞ്ഞ ദിവസങ്ങളിൽ ഇത്രയേറെ ജേണലിസ്റ്റുകൾ കൊല്ലപ്പെട്ടത് ഒന്ന്. യു.എൻ ചരിത്രത്തിൽ ഇത്രയേറെ യു.എൻ ജീവനക്കാരും ഉദ്യോഗസ്ഥരും ഒരൊറ്റ യുദ്ധത്തിൽ (അതും ഒരു പക്ഷത്തിന്റെ ഇരകളായി) കൊല്ലപ്പെട്ടു എന്നത് മറ്റൊന്ന്. ഏറ്റവും കൂടുതൽ ആശുപത്രികളും ആരോഗ്യപ്രവർത്തകരും സ്കൂളുകളും യൂനിവേഴ്സിറ്റികളും ഇല്ലാതാക്കപ്പെട്ടത് വേറൊരു റെക്കോഡ്. കുട്ടികളെ കൊല്ലുന്ന കാര്യത്തിലും ഇസ്രായേലിന്റേത് സർവകാല റെക്കോഡാണ് –നവംബറിലെ 160 കുട്ടികൾ എന്ന പ്രതിദിന തോതടക്കം. 2023 അവസാനത്തോടെ 5300ലധികം കുട്ടികളെ ഗസ്സയിൽ ഇസ്രായേൽ കൊന്നതായി യൂനിസെഫ് കണക്കുകൂട്ടുന്നു.

ഈ റെക്കോഡുകൾക്കൊപ്പം മറ്റൊന്നുകൂടിയുണ്ടാകാം: ഒരൊറ്റ സംഭവത്തിൽ ഏറ്റവും കൂടുതൽ വ്യാജവാർത്തകൾ ഇറങ്ങുകയും മുഖ്യധാരാ മാധ്യമങ്ങൾ ഏറ്റുപിടിക്കുകയും ചെയ്തു എന്നത്. അവ തുറന്നുകാട്ടപ്പെട്ടതോടെ, ഇസ്രായേലി വ്യാജ പ്രചാരണങ്ങളെ ലോകം തിരിച്ചറിഞ്ഞ വർഷംകൂടിയായി 2023.

എത്രയെത്ര കഥകൾ! 40 കുഞ്ഞുങ്ങളെ ഹമാസ് തലയറുത്ത് കൊന്നു എന്ന്; സ്ത്രീകളെ പീഡിപ്പിച്ച് കൊന്നു എന്ന്; ഗർഭസ്ഥ ശിശുവിനെ മുറിച്ചുമാറ്റി കൊന്നു എന്ന്; മനുഷ്യരെ ചുട്ടുകരിച്ചു എന്ന്; മേശക്ക് ചുറ്റുമിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്ന അച്ഛന്റെ കണ്ണ് ചൂഴ്ന്നെടുത്തു എന്ന്; അനേകം പേരെ പൈശാചികമായ രീതികളിൽ വധിച്ചു എന്ന്. അമേരിക്കൻ പ്രസിഡന്റടക്കം പ്രചരിപ്പിച്ച കഥകൾ.

ഇതിലധികവും പിന്നീട് മാധ്യമങ്ങൾതന്നെ മാറ്റിപ്പറയുന്നതാണ് കണ്ടത്. ചില ഉദാഹരണങ്ങൾ ‘മീഡിയ സ്കാനി’ൽ മുമ്പ് പരാമർശിച്ചിട്ടുണ്ട്. എന്നാൽ, സ്ത്രീകളെ ഹമാസ് പീഡിപ്പിച്ചുകൊന്നു എന്ന വാർത്ത സജീവമായി നിലനിർത്തുന്നുണ്ട് ചിലർ.

ഡിസംബർ 28ന് ന്യൂയോർക് ടൈംസ് പ്രസിദ്ധപ്പെടുത്തിയ റിപ്പോർട്ടാണ് (Screams Without Words: How Hamas Used Sexual Violence as a Weapon on October 7) വിഷയത്തിന് ജീവൻ കൊടുത്തത്. മൂന്നു ലേഖകർ തയാറാക്കിയ ഈ അന്വേഷണാത്മക റിപ്പോർട്ടിൽ, പീഡനത്തിനിരയായി കൊല്ലപ്പെട്ട കുറെ സ്ത്രീകളുടെ ഫോട്ടോകളെ ചുറ്റിപ്പറ്റിയുള്ള ആരോപണങ്ങളാണുള്ളത്. ഒപ്പം, ഇരകളുടെ കുടുംബങ്ങളുടെയും മറ്റും മൊഴികളും.

തെളിവ് പൂജ്യം. സാക്ഷിമൊഴി നൽകിയവരിൽ ഒരാൾ ഇസ്രായേലി മുൻ സൈനികൻ റാസ് കോഹൻ. ഒക്ടോബർ ഒമ്പത് മുതൽ വിവിധ മാധ്യമങ്ങൾക്കും അധികൃതർക്കും നൽകിയ അഞ്ചാറ് അഭിമുഖങ്ങളിൽ ഓരോന്നിലും മുമ്പ് പറഞ്ഞ പലതും മാറ്റിപ്പറഞ്ഞയാൾ. അയാളുടെ ഒപ്പമുണ്ടായിരുന്നെന്ന് പറഞ്ഞ ഷോം ഗ്വേറ്റ എന്ന വ്യക്തിയാകട്ടെ കോഹൻ കണ്ടെന്ന് പറഞ്ഞ പീഡന സംഭവത്തെപ്പറ്റി മിണ്ടിയതേയില്ല. ടൈംസിന്റെ റിപ്പോർട്ട് ഹമാസ് ഉടൻതന്നെ നിഷേധിച്ചു: സയണിസ്റ്റ് പക്ഷക്കാരെ മാത്രം കണ്ട് ശേഖരിച്ച വാർത്തയിൽ വസ്തുത ഒട്ടുമില്ലെന്ന്.

എങ്കിലും സ്വതന്ത്ര മാധ്യമപ്രവർത്തകർ ടൈംസിന്റെ ‘അന്വേഷണാത്മക’ റിപ്പോർട്ടിനെ ചോദ്യംചെയ്യുന്നു. ദ ഗ്രേ സോൺ എഡിറ്റർ മാക്സ് ബ്ലൂ മന്താൾ അക്കൂട്ടത്തിൽ ഒരാളാണ്. ‘സാക്ഷി’മൊഴികളെ മാത്രം ആധാരമാക്കുന്ന ടൈംസ് റിപ്പോർട്ടിന്റെ ‘സാക്ഷി’കൾ എത്രത്തോളം വിശ്വാസ്യതയുള്ളവരാണെന്ന് പരിശോധിക്കുകയാണ് അദ്ദേഹം ചെയ്തത്. അദ്ദേഹത്തിന്റെ വാദങ്ങളെ ഹാരറ്റ്സിലൂടെ ഒരു ലേഖിക ഖണ്ഡിക്കാൻ ശ്രമിച്ചു; ബ്ലൂ മന്താൾ അതിന് മറുപടിയെഴുതി. തർക്കം തീർന്നമട്ടില്ല.

പക്ഷേ, പീഡനത്തിന് തെളിവൊന്നും ഇല്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നു –മൃതദേഹങ്ങൾ വേഗംതന്നെ സംസ്കരിക്കേണ്ടിവന്നതിനാലാണത്രെ അത്. തെളിവില്ലാത്തതിന് തെളിവുണ്ടാക്കുന്ന പണി മുമ്പ് ഗൾഫ് യുദ്ധകാലത്തും ന്യൂയോർക് ടൈംസ് അടക്കമുള്ളവർ ചെയ്തിട്ടുണ്ട്.

‘ടോയ്‍ലറ്റ് പേപ്പർ’

ഇസ്രായേൽ വധിച്ച രിഫ്അത്ത്, മലയാളി ഡോ. കുഞ്ഞാമൻ തുടങ്ങിയവർക്ക് മരണാനന്തര പ്രാധാന്യം കുറഞ്ഞതിനെപ്പറ്റി ‘മീഡിയ സ്കാനി’ൽ എഴുതിയിരുന്നു. മുണ്ടൂരിലെ ടി.ഐ. ലാലു പ്രതികരിക്കുന്നതിങ്ങനെ:

ദലിത് വോയ്സ് പത്രാധിപരായിരുന്ന വി.ടി. രാജശേഖർ ഇത്തരം മാധ്യമങ്ങളെ ‘ടോയ്‍ലറ്റ് പേപ്പർ’ എന്നാണ് വിളിച്ചിരുന്നത്. ആ പേരിന് മാറ്റം ആവശ്യമില്ലെന്ന് മുഖ്യധാരാ മാധ്യമങ്ങൾ തെളിയിച്ചുകൊണ്ടിരിക്കുന്നു.

ജോൺ പിൽജർ

ക്രിസ്തുവിനും ഏഴു പതിറ്റാണ്ടുമുമ്പ് റോമിൽ അടിമപ്പണിക്കാരുടെ നേതാവായിരുന്നു സ്പാർട്ടക്കസ്. അദ്ദേഹത്തെപ്പറ്റി ആ പേരിൽതന്നെ ഒരു സിനിമയുണ്ട്. അതിൽ അടിമകളെ വിളിച്ചുകൂട്ടി അധികാരികൾ പറയുന്നു: ‘‘നിങ്ങളിൽ ആരാണ് സ്പാർട്ടക്കസ് എന്ന് കാണിച്ചുതന്നാൽ മറ്റെല്ലാവർക്കും മാപ്പുതരാം.’’ ഒരുത്തനും നേതാവിനെ ഒറ്റിയില്ല. പകരം, ഒന്നും രണ്ടും പത്തും നൂറും ആയിരവുമായി കൈകൾ ഉയർന്നുകൊണ്ടിരുന്നു. ഓരോരുത്തരും വിളിച്ചുപറഞ്ഞു: ‘‘ഞാനാണ് സ്പാർട്ടക്കസ്! ഞാനാണ് സ്പാർട്ടക്കസ്!’’

ജോൺ പിൽജർ എന്ന വിഖ്യാത ജേണലിസ്റ്റ് കഴിഞ്ഞ നവംബർ 29ന് എംപയർ ഡയറീസ് എന്ന ഓൺലൈൻ മാധ്യമത്തിലെ തന്റെ അവസാന ലേഖനം അവസാനിപ്പിച്ചത് ഈ കഥ ഓർമിപ്പിച്ചാണ്. എന്നിട്ടദ്ദേഹം കുറിച്ചു:

‘‘ജൂലിയൻ (അസാൻജ്), ഡേവിഡ് (ലെയ്) എന്നീ ധീര ജേണലിസ്റ്റുകൾ സ്പാർട്ടക്കസാണ്. ഫലസ്തീൻകാർ സ്പാർട്ടക്കസാണ്. കൊടിയും ആദർശവും ഐക്യദാർഢ്യവും ഉയർത്തിപ്പിടിച്ച് തെരുവിലിറങ്ങുന്നവർ സ്പാർട്ടക്കസാണ്. വേണമെന്നുണ്ടെങ്കിൽ നമ്മളെല്ലാം സ്പാർട്ടക്കസാണ്.’’ സാമ്രാജ്യത്വമെന്ന ആധുനിക ഭീകരതക്കെതിരെ, അതിനോടു രാജിയാകുന്ന രാഷ്ട്രീയത്തിനും മാധ്യമപ്രവർത്തനത്തിനുമെതിരെ, 84ാം വയസ്സുവരെ സന്ധിയില്ലാതെ പോരാടിയ ജോൺ പിൽജർ 2023 ഡിസംബർ 30ന് അന്തരിച്ചു.

‘‘മനുഷ്യത്വത്തെപ്പറ്റിയല്ലെങ്കിൽ ജേണലിസം ഒന്നുമല്ല’’ എന്ന് എഴുതുക മാത്രമല്ല, തെളിയിക്കുകകൂടി ചെയ്തു അദ്ദേഹം. യുദ്ധം വൻശക്തികൾ നിർമിച്ചെടുക്കുന്നതെങ്ങനെ, അതിൽ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തുന്നതെങ്ങനെ എന്നെല്ലാം അദ്ദേഹം പലതവണ പലേടങ്ങളിലെത്തി വിശദീകരിച്ചു. 1930കളിൽ ഭരണകൂടങ്ങളുടെ യുദ്ധഭ്രാന്തിനെതിരെ യോജിച്ച് പോരാടിയ മാധ്യമങ്ങൾ ഇന്ന് നിശ്ശബ്ദതകൊണ്ടും ചിലപ്പോൾ പങ്കാളിത്തംകൊണ്ടും അധിനിവേശത്തിനും യുദ്ധവ്യവസായത്തിനും ഓശാന പാടുന്നു. അവർ ജൂലിയൻ അസാൻജിനെ കുറിച്ചും ഫലസ്തീനെ കുറിച്ചുമെല്ലാം മൗനം പാലിച്ചു. ‘‘ജേണലിസ്റ്റുകൾ അവരുടെ ജോലി ശരിയായി നിർവഹിച്ചിരുന്നെങ്കിൽ കോടിക്കണക്കിന് മനുഷ്യർ കൊല്ലപ്പെടില്ലായിരുന്നു; ശതകോടികൾ അഭയാർഥികളാകില്ലായിരുന്നു...’’ –പിൽജർ എഴുതി.

 

മിക്ക മാധ്യമങ്ങളും ഫലസ്തീനിലെ ഇസ്രായേലി ക്രൂരതകളെപ്പറ്റി മൗനം പാലിച്ചപ്പോൾ, 22 വർഷം മുമ്പ്, ‘‘ഫലസ്തീൻതന്നെ വിഷയം’’ (Palestine is Still the Issue) എന്ന ഡോക്യുമെന്ററി നിർമിച്ചു പിൽജർ. ഫലസ്തീൻ സ്വന്തം രക്തംകൊണ്ട് മാധ്യമശ്രദ്ധ പിടിച്ചുവാങ്ങേണ്ടിവന്ന മറ്റൊരു സന്ദർഭത്തിലാണ് അദ്ദേഹം വിടവാങ്ങുന്നത്.

Tags:    
News Summary - weekly column media scan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.