അവർ വംശീയത വെളിപ്പെടുത്തുന്നു

വംശഹത്യയിലേക്ക് എട്ടോ പത്തോ ഘട്ടങ്ങൾ. അതിലൊന്നാണ് ഇരകളെ മനുഷ്യരല്ലാതാക്കി ചിത്രീകരിക്കൽ. വംശവിദ്വേഷം വളർത്താൻ അത്തരം പ്രചാരണം പ്രയോജനപ്പെടും. വംശഹത്യയുടെ പ്രധാനഘട്ടമാണതെന്ന് ‘ജനസൈഡ് വാച്ച്’. നാസികൾ ജൂതന്മാരെ എട്ടുകാലികളെന്നും കീടങ്ങളെന്നും വിളിച്ചിരുന്നു. റുവാണ്ടയിലെ ഒരു റേഡിയോ സ്റ്റേഷൻ ടുട്സി ന്യൂനപക്ഷക്കാരെ എപ്പോഴും വിശേഷിപ്പിച്ചത് കൂറകൾ, പാമ്പുകൾ എന്നൊക്കെ. മ്യാന്മറിലെ വർഗീയവാദി നേതാവ് അഷിൻ വിറാതു മുസ്‍ലിംകളെ പാമ്പ്, നായ് എന്നൊക്കെ വിളിച്ചു. ഇന്ത്യയിൽ അമിത് ഷാ ബംഗ്ലാദേശ് അഭയാർഥികളെ ചിതലുകൾ എന്ന് വിശേഷിപ്പിച്ചു. മനുഷ്യരെ മനുഷ്യരല്ലാതാക്കിയാൽ കൊല്ലാൻ എളുപ്പമാണ് –‘ജനസൈഡ്...

വംശഹത്യയിലേക്ക് എട്ടോ പത്തോ ഘട്ടങ്ങൾ. അതിലൊന്നാണ് ഇരകളെ മനുഷ്യരല്ലാതാക്കി ചിത്രീകരിക്കൽ. വംശവിദ്വേഷം വളർത്താൻ അത്തരം പ്രചാരണം പ്രയോജനപ്പെടും. വംശഹത്യയുടെ പ്രധാനഘട്ടമാണതെന്ന് ‘ജനസൈഡ് വാച്ച്’. നാസികൾ ജൂതന്മാരെ എട്ടുകാലികളെന്നും കീടങ്ങളെന്നും വിളിച്ചിരുന്നു. റുവാണ്ടയിലെ ഒരു റേഡിയോ സ്റ്റേഷൻ ടുട്സി ന്യൂനപക്ഷക്കാരെ എപ്പോഴും വിശേഷിപ്പിച്ചത് കൂറകൾ, പാമ്പുകൾ എന്നൊക്കെ. മ്യാന്മറിലെ വർഗീയവാദി നേതാവ് അഷിൻ വിറാതു മുസ്‍ലിംകളെ പാമ്പ്, നായ് എന്നൊക്കെ വിളിച്ചു. ഇന്ത്യയിൽ അമിത് ഷാ ബംഗ്ലാദേശ് അഭയാർഥികളെ ചിതലുകൾ എന്ന് വിശേഷിപ്പിച്ചു.

മനുഷ്യരെ മനുഷ്യരല്ലാതാക്കിയാൽ കൊല്ലാൻ എളുപ്പമാണ് –‘ജനസൈഡ് വാച്ച്’ ചൂണ്ടിക്കാട്ടുന്നു. പക്ഷേ, ഇത്തരം ശൈലികൾ പ്രഖ്യാപിത വർഗീയപക്ഷക്കാരും അവരുടെ മാധ്യമങ്ങളും മാത്രമാണ് പ്ര​േയാഗിക്കുക എന്ന് കരുതിയോ? മൂന്ന് തവണ പുലിറ്റ്സർ സമ്മാനം നേടിയ ഒരാൾ ഇത്തരം അപമാനവീകരണം നടത്തുക; അത് ന്യൂ​േയാർക് ടൈംസ് പ്രസിദ്ധപ്പെടുത്തുക എന്നത് വിശ്വസിക്കാനാകുമോ?

വിശ്വസിച്ചേ പറ്റൂ. ടൈംസിന്റെ ഓൺലൈൻ പതിപ്പിലെ പംക്തിയിൽ തോമസ് ഫ്രീഡ്മൻ എഴുതിയ ഒരു ലേഖനം ഫെബ്രുവരി 2ന് വന്നു. അതിന്റെ തലക്കെട്ട്: ‘മധ്യപൗരസ്ത്യ മേഖലയെ മൃഗലോകത്തിലൂടെ മനസ്സിലാക്കുമ്പോൾ’ (Understanding the Middle East Through the Animal Kingdom).

ലേഖനത്തിലെ ​താരതമ്യങ്ങൾ ഇങ്ങനെ: ഇറാൻ ഒരുതരം കടന്നലാണ് (‘‘കടന്നലിനെ കൊല്ലാൻ മറ്റൊരു വഴിയില്ല –കാട്ടിന് തീക്കൊടുക്കലല്ലാതെ.’’) ലബനാൻ, സിറിയ, യമൻ, ഇറാഖ് എന്നിവ പുഴുക്കളാണ്. ഹമാസ് എട്ടുകാലി. അമേരിക്ക ബോംബിട്ടുകൊണ്ടിരിക്കുന്ന സ്ഥലങ്ങളെല്ലാം ജന്തുക്കളുടെ കാട്. നേരിട്ടുതന്നെ വംശഹത്യക്ക് ന്യായീകരണമാകുന്നുണ്ട് ഇത്. അമേരിക്ക ഈ ജന്തുലോകത്തിലെ സിംഹമാണത്രെ: ‘‘മധ്യപൗരസ്ത്യ വനത്തിലെ രാജാവ്.’’

ന്യൂയോർക് ടൈംസും പുലിറ്റ്സർ ജേതാവും നാസി നിലവാരത്തിലെത്തുമ്പോൾ അവർ എന്താണെന്നു കൂടി ലോകം മനസ്സിലാക്കുകയാണ്. സയണിസം പടിഞ്ഞാറൻ ഡെസ്കുകളിൽ എത്തുക മാത്രമല്ല, പരസ്യമായി പ്രവർത്തനം തുടങ്ങുകയും ചെയ്തിരിക്കുന്നു. വംശീയത മാധ്യമപ്രവർത്തനത്തിന്റെ ഭാഗമാക്കിയ ഇത്തരമാളുകൾ വഴി മുഖ്യധാരാ മാധ്യമങ്ങളിൽ വംശഹത്യയുടെ ന്യായീകരണം സാധാരണവും സ്വാഭാവികവുമാകുന്നു.

വരുന്നു, വ്യാജങ്ങളുടെ അതിവൃഷ്ടി

കള്ളവാർത്തകളുടെ പെരുമഴക്കാലമാണ് വരുന്നത്. കാരണം, തെരഞ്ഞെടുപ്പുകളാണ് വരുന്നത്. ലോകത്തെ 64 രാജ്യങ്ങളിലെങ്കിലും ഇക്കൊല്ലം പൊതു തെരഞ്ഞെടുപ്പുണ്ട്. ബംഗ്ലാദേശിലേത് ജനുവരിയിൽ കഴിഞ്ഞു. ഇന്ത്യയിലും പാകിസ്താനിലും അമേരിക്കയിലും ബ്രിട്ടനിലും റഷ്യയിലുമെല്ലാം ഇലക്ഷൻ നടക്കാനിരിക്കുന്നു. തെരഞ്ഞെടുപ്പിൽ പ്രചാരണമെന്നാൽ കള്ളംപരത്തൽ എന്നായിട്ടുണ്ട്. അതിനാൽതന്നെ മാധ്യമങ്ങൾ സജീവമായി വ്യാജത്തിന്റെ വാഹകരാകാൻ രംഗത്തുണ്ട്.

ബംഗ്ലാദേശിൽ ഓൺലൈൻ മാധ്യമങ്ങൾ വഴി പതിവിൽ കവിഞ്ഞ വ്യാജപ്രചാരണങ്ങൾ നടന്നതാണ് ആ തെരഞ്ഞെടുപ്പിന്റെ ഒരു പ്രത്യേകത. നിർമിതബുദ്ധി ഇതിനായി കാര്യമായി പ്രയോജനപ്പെടുത്തി. അവാമി ലീഗ് ലക്ഷത്തിലേറെ ‘സൈബർ പോരാളിക’ളെ രംഗത്തിറക്കി. ഫേസ്ബുക്ക്, ടിക് ടോക്, യൂട്യൂബ് തുടങ്ങിയ സൈബർ വേദികളിൽ നടന്ന ​പൊരിഞ്ഞ പോരാട്ടത്തിൽ വ്യാജവാർത്തകൾ ധാരാളമായി പ്രവഹിച്ചു. നിർമിതബുദ്ധി ഉപയോഗിച്ച് നിർമിച്ച അതിവ്യാജ (ഡീപ് ഫേക്) വിഡിയോകൾ ഈ തെരഞ്ഞെടുപ്പിൽ നന്നായി പരീക്ഷിക്കപ്പെട്ടു. ഒരിടത്ത് ശക്തനായ സ്ഥാനാർഥി ഇലക്ഷനിൽനിന്ന് പിന്മാറിയതായി പ്രഖ്യാപിക്കുന്ന വിഡിയോ വരെ ഇറങ്ങി –സാധനം എ.ഐ നിർമിതിയായിരുന്നു.

ലോക സാമ്പത്തിക ഫോറത്തിന്റെ (ഡബ്ല്യു.ഇ.എഫ്) ​‘ഗ്ലോബൽ റിസ്ക്സ് റിപ്പോർട്ട്’ അനുസരിച്ച്, ലോകം നേരിടാൻ പോകുന്ന ഏറ്റവും കടുത്ത വെല്ലുവിളികൾ കാലാവസ്ഥാ പ്രതിസന്ധിയും വ്യാജ വിവരങ്ങളുമാണ്. ഇക്കൊല്ലത്തെ തെരഞ്ഞെടുപ്പുകളിൽ തെറ്റായ വാർത്തകളും (misinformation) വ്യാജ പ്രചാരണങ്ങളും (disinformation) വൻതോതിൽ വിപദ്സാധ്യതകൾ തുറക്കും.

അഞ്ച് ഡസനിലേറെ രാജ്യങ്ങളിൽ തെരഞ്ഞെടുപ്പും അതുമായി ബന്ധപ്പെട്ട് വ്യാജവാർത്തകളുടെ ആധിക്യവും ഉണ്ടാകുമെങ്കിലും വ്യാജങ്ങൾ ഏറ്റവും കൂടുതൽ ഉണ്ടാകാൻ സാധ്യതയുള്ളത് ഇന്ത്യയിലാണെന്ന് ഡബ്ല്യു.ഇ.എഫ് സർവേ അനുമാനിക്കുന്നു.

കഴിഞ്ഞ നവംബറിൽ പുറത്തുവന്ന യു​നെസ്കോ-ഇപ്സോസ് അഭിപ്രായ സർവേയും ഇന്ത്യയിൽ വ്യാജ വാർത്തകൾ ഒരു ഭീകര യാഥാർഥ്യമാണെന്ന് അംഗീകരിക്കുന്നു; വ്യാജങ്ങൾ ഏറ്റവും കൂടുതൽ പരക്കുന്നത് ഓൺലൈൻ വഴിയാണ് എന്നും.

ഫാക്ട് ചെക്കിങ് മാധ്യമപ്രവർത്തനത്തിന്റെ ദിനചര്യയാകണമെന്നു കൂടിയാണ് ഇതിനർഥം. സാധാരണ റിപ്പോർട്ടിങ്ങിലെ പരിശോധന (വെരിഫിക്കേഷൻ) മാത്രമല്ല വസ്തുതാ പരിശോധന. ഒരു വിവരം സത്യംതന്നെ എന്നു സ്ഥിരീകരിക്കലാണ് വെരിഫിക്കേഷനെങ്കിൽ, കൂടുതൽ ആഴത്തിലും കൃത്യതയിലും സമഗ്രതയിലും അത് ചെയ്തുകൊണ്ട്, ലഭ്യമായ വിവരത്തിൽ കള്ളത്തിന്റെ അംശമില്ല എന്ന് ഉറപ്പുവരുത്തലാണ് ഫാക്ട് ചെക്കിങ്.

ഏറെയും റിപ്പോർട്ടർത​ന്നെ സ്വയംചെയ്യുന്നതാണ് വെരിഫിക്കേഷൻ; എന്നാൽ, റിപ്പോർട്ട് എല്ലാനിലക്കും വ്യാജമുക്തമാണെന്ന് ഉറപ്പുവരുത്താൻ പ്രത്യേക ആളോ സംഘമോ സംവിധാനമോ ആവശ്യപ്പെടുന്നുണ്ട് ഫാക്ട് ചെക്കിങ്. റിപ്പോർട്ടിലെ പേരുകൾ, തീയതികൾ, സ്ഥലങ്ങൾ, വാക്കുകൾ എന്നിവയുടെ കൃത്യതയിലാണ് വെരിഫിക്കേഷൻ ഊന്നുന്നത്; അതിന്റെ ഉള്ളടക്കവും സന്ദർഭവും ധ്വനിയുമടക്കം പരിശോധനക്കെടുക്കുന്നു ഫാക്ട് ചെക്കിങ്.

വെരിഫിക്കേഷന് മാധ്യമപ്രവർത്തനത്തോളം പഴക്കമുണ്ട്. ഫാക്ട് ചെക്കിങ് നിലവിൽവന്നിട്ട് നൂറു വർഷമേ ആയിട്ടുള്ളൂ. ജേണലിസത്തിൽ ഫാക്ട് ചെക്കിങ് അതിപ്രധാനമാണെന്ന് പറയേണ്ടതില്ല. പ്രത്യേകിച്ച് ഇന്ത്യയെപ്പോലെ, ധ്രുവീകരണം ശക്തിപ്പെടുകയും തെരഞ്ഞെടുപ്പ് അടുക്കുകയും ചെയ്തുവരുന്ന ഒരു രാജ്യത്ത്. നമ്മുടെ മാധ്യമങ്ങൾ ഈ രംഗത്ത് കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. മലയാളത്തിലെ ചില പത്രങ്ങൾ ചിലപ്പോൾ മാത്രം ചില കാര്യങ്ങൾ ഫാക്ട് ചെക്ക് ചെയ്യാറുണ്ടെങ്കിലും, നിത്യ ജേണലിസത്തിന്റെ ഭാഗമായി ആരും അത് ചെയ്തുതുടങ്ങിയിട്ടില്ല.

ഫാക്ട് ചെക്കിങ് സമ്പ്രദായത്തിന്റെ കരുത്ത് വെളിപ്പെടുത്തുന്ന ഒരു പുസ്തകം ഈയിടെ ഇറങ്ങി. ശ്രീനിവാസൻ ജെയിൻ, മറിയം അലവി, സുപ്രിയ ശർമ എന്നീ മാധ്യമപ്രവർത്തകർ ചേർന്ന് രചിക്കുകയും അലിഫ് ബുക്സ് പ്രസിദ്ധപ്പെടുത്തുകയുംചെയ്ത ‘Love Jihad and other Fictions: Simple Facts to Counter Viral Falsehoods’ ആണ് പുസ്തകം. തീവ്ര വർഗീയപക്ഷം ന്യൂനപക്ഷങ്ങൾക്കെതിരെ വിജയകരമായി ഇറക്കിയ ഏതാനും വ്യാജങ്ങൾ ഇഴകീറി പരിശോധിക്കുകയാണിതിൽ. ലവ്ജിഹാദ്, പോപുലേഷൻ ജിഹാദ്, മതപരിവർത്തനത്തിനായുള്ള ക്രൈസ്തവ പദ്ധതി, ന്യൂനപക്ഷപ്രീണനം തുടങ്ങിയ പ്രചാരണങ്ങൾ ഫാക്ട് ചെക്കിങ്ങിന്റെ കർക്കശ പഠനത്തിലൂടെ പരിശോധിച്ചിരിക്കുന്നു ഇതിൽ. സമൂഹത്തെ ഭിന്നിപ്പിക്കാൻ പലതരത്തിലുള്ള വ്യാജങ്ങൾ ഇറങ്ങുമ്പോൾ അവയെ പ്രതിരോധിക്കേണ്ട ബാധ്യത മാധ്യമങ്ങൾക്കുണ്ട്; മാധ്യമപ്രവർത്തകർക്കും.

ജേണലിസത്തിലെ ഫാക്ട് ചെക്കിങ്

1920കളിൽ ടൈം മാഗസിനാണ് ആദ്യമായി ഫാക്ട് ചെക്കിങ്ങിനായി കുറച്ചുപേരെ നിയമിച്ചത്. മാഗസിനിൽ അച്ചടിക്കുന്ന ഓരോ ലേഖനത്തിലെയും പരിശോധിക്കാവുന്ന ഓരോ കാര്യവും ഒന്നുകിൽ സ്ഥിരീകരിക്കുക, അല്ലെങ്കിൽ ഖണ്ഡിക്കുക – ഇതാണ് ഫാക്ട് ചെക്കർമാർ ചെയ്യേണ്ടത് എന്ന് നിർദേശം നൽകി.

ലേഖനമെഴുത്തുകാരും റിപ്പോർട്ടർമാരും നമ്മുടെ എതിരാളികളാണെന്ന് സങ്കൽപിക്കുക. അവർ തെളിഞ്ഞും ഒളിഞ്ഞും നേരിട്ടും വ്യംഗ്യമായുമൊക്കെ എന്തൊക്കെയോ വ്യാജങ്ങൾ നമ്മെ മറികടന്ന് മാഗസിനിൽ കടത്തിവിടാൻ നോക്കുന്നു. നാം തികഞ്ഞ ജാഗ്രതയോടെ അവരുടെ ഓരോ വരിയും വരിക്കിടയിലും ശ്രദ്ധിച്ച് വായിക്കുന്നു. തെറ്റുകളെയും (misinformation) വ്യാജങ്ങളെയും (disinformation) പിടികൂടി പുറത്താക്കുന്നു. ഇതാണത്രെ നടക്കേണ്ടത്. ടൈമിനു പിറകെ ന്യൂയോർക്കറും ഫോർച്ചൂണുംപോലുള്ള മറ്റ് അമേരിക്കൻ മാധ്യമങ്ങളും ഫാക്ട് ചെക്കർമാരെ നിയമിച്ചു. എന്നാൽ, 1990കളിൽ ജീവനക്കാരെ വ്യാപകമായി പിരിച്ചുവിട്ട കാലത്ത് കൂടുതലും പുറത്താക്കപ്പെട്ടത് ഫാക്ട് ചെക്കർമാരായിരുന്നു.

ഇന്ന് പല സ്ഥാപനങ്ങളും ഫ്രീലാൻസ് ഫാക്ട് ചെക്കർമാരെ ആശ്രയിക്കുന്നു. Factcheck.org എന്ന ഓൺലൈൻ സ്ഥാപനം 1993ൽ തുടങ്ങിയതോടെ ഫാക്ട് ചെക്കിങ് എന്നത് മാധ്യമപ്രവർത്തനത്തിൽനിന്നും പുസ്തക പ്രസാധനത്തിൽനിന്നും വേറിട്ടുനിൽക്കുന്ന സ്വതന്ത്ര പ്രവർത്തനമായി. ഇത്തരം സ്ഥാപനങ്ങളും ഫാക്ട് ചെക്കർമാരും വിവിധ രാജ്യങ്ങളിൽ നിലവിൽ വന്നു. ഇന്ന് ലോകമെങ്ങുമായി 40ലേറെ ഫാക്ട് ചെക്കിങ് സ്ഥാപനങ്ങൾ സജീവമായി പ്രവർത്തിച്ചുവരുന്നുണ്ട്.

ഇത്തരം സ്ഥാപനങ്ങളും വ്യക്തികളും സമൂഹമാധ്യമ പോസ്റ്റുകൾ മുതൽ മാധ്യമവാർത്തകളും രാഷ്ട്രീയക്കാരുടെ പ്രസ്താവനകളും ചർച്ചകളും വിഡിയോകളും ഫോട്ടോകളുമെല്ലാം പരിശോധിച്ച് തീർപ്പ് നൽകുന്നു. ഇന്ന് ഡേറ്റാ ജേണലിസത്തിന്റെ അവിഭാജ്യ ഘടകം കൂടിയാണ് വസ്തുതാ പരിശോധന. വസ്തുതാ പരിശോധക സൈറ്റുകളുടെ നിലവാരവും ആധികാരികതയും സാക്ഷ്യപ്പെടുത്തുന്ന അന്താരാഷ്ട്ര സംവിധാനവും ഇന്നുണ്ട്: പോയ്ന്റർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഇന്റർനാഷനൽ ഫാക്ട് ചെക്കിങ് നെറ്റ്‍വർക് (ഐ.എഫ്.സി.എൻ). ഇന്ത്യയിലെ അറിയപ്പെടുന്ന ഫാക്ട് ചെക്കിങ് സ്ഥാപനങ്ങളിൽ ആൾട്ട് ന്യൂസ്, ബ്ലൂം ലൈവ്, ദ ക്വിന്റ്, ഫാക്ട്‍ലി എന്നിവ ഉൾപ്പെടുന്നു.

Tags:    
News Summary - weekly column media scan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.