ന്യൂയോർക് ടൈംസ് വീണ്ടും വംശഹത്യക്ക് മ​െണ്ണാരുക്കി

ന്യൂയോർക് ടൈംസ് അമേരിക്കയിലെയും പാശ്ചാത്യരുടെയും അതിനാൽ ലോകത്തിലെതന്നെയും ആധികാരിക ജേണലിസത്തിന്റെ മാതൃകയായി കൊണ്ടാടപ്പെടാറുണ്ട്. പുലിറ്റ്സർ സമ്മാനങ്ങളിൽ ഏറെയും നേടാറുള്ളത് ടൈംസാണ്. എന്നാൽ, ജേണലിസത്തിന്റെ വിശ്വാസ്യത തകർക്കുന്ന റിപ്പോർട്ടിന് പുരസ്കാരമുണ്ടെങ്കിൽ അതും ടൈംസ് തന്നെ നേടാനാണ് സാധ്യത. വാഷിങ്ടൺ പോസ്റ്റിലെ ‘ജിമീസ് വേൾഡ്’ എന്ന ‘അന്വേഷണാത്മക’ റിപ്പോർട്ടും ജർമനിയിലെ സ്റ്റേൺ മാഗസിനിലെ ‘ഹിറ്റ്ലറുടെ ഡയറിക്കുറിപ്പുകളും’ 1980കളിൽ പുറത്തിറങ്ങിയതിന് ശേഷം ‘അപജേണലിസം’ അവാർഡിന് 21ാം നൂറ്റാണ്ടിൽ അർഹത നേടിയിരിക്കുന്നത് ടൈംസാണ്. ജിമി എന്ന കറുത്ത നാടോടിബാലൻ അധോലോക മയക്കുമരുന്നു...

ന്യൂയോർക് ടൈംസ് അമേരിക്കയിലെയും പാശ്ചാത്യരുടെയും അതിനാൽ ലോകത്തിലെതന്നെയും ആധികാരിക ജേണലിസത്തിന്റെ മാതൃകയായി കൊണ്ടാടപ്പെടാറുണ്ട്. പുലിറ്റ്സർ സമ്മാനങ്ങളിൽ ഏറെയും നേടാറുള്ളത് ടൈംസാണ്. എന്നാൽ, ജേണലിസത്തിന്റെ വിശ്വാസ്യത തകർക്കുന്ന റിപ്പോർട്ടിന് പുരസ്കാരമുണ്ടെങ്കിൽ അതും ടൈംസ് തന്നെ നേടാനാണ് സാധ്യത. വാഷിങ്ടൺ പോസ്റ്റിലെ ‘ജിമീസ് വേൾഡ്’ എന്ന ‘അന്വേഷണാത്മക’ റിപ്പോർട്ടും ജർമനിയിലെ സ്റ്റേൺ മാഗസിനിലെ ‘ഹിറ്റ്ലറുടെ ഡയറിക്കുറിപ്പുകളും’ 1980കളിൽ പുറത്തിറങ്ങിയതിന് ശേഷം ‘അപജേണലിസം’ അവാർഡിന് 21ാം നൂറ്റാണ്ടിൽ അർഹത നേടിയിരിക്കുന്നത് ടൈംസാണ്.

ജിമി എന്ന കറുത്ത നാടോടിബാലൻ അധോലോക മയക്കുമരുന്നു മാഫിയക്ക് അടിമയായ ദയനീയ കഥയായിരുന്നു ജാനറ്റ് കുക്ക് എന്ന ലേഖികയുടേത്. അമ്മ നോക്കിനിൽക്കേ അവനെ ഗുണ്ടകൾ പിടിച്ചുവെച്ച് ഹെറോയിൻ കുത്തിവെക്കുന്നതടക്കം വാഷിങ്ടൺ നഗരത്തെ പിടിച്ചുകുലുക്കിയ സാക്ഷ്യങ്ങൾ റിപ്പോർട്ടിലുണ്ടായിരുന്നു. നല്ല ഫീച്ചർ റിപ്പോർട്ടിനുള്ള പുലിറ്റ്സർ സമ്മാനം ‘ജിമിയുടെ ലോക’ത്തിന് കിട്ടി. ചില സംശയങ്ങളുയർന്നപ്പോൾ പത്രം അന്വേഷണം നടത്തി. ചോദ്യംചെയ്യലിൽ ജാനറ്റ് കുക്ക് കാര്യം ഏറ്റുപറഞ്ഞു: ജിമി എന്ന കുട്ടിയും ലഹരിക്കഥയുമെല്ലാം താൻ കെട്ടിച്ചമച്ചതാണ്. പോസ്റ്റ് നാണംകെട്ടു; പുലിറ്റ്സർ സമ്മാനം മടക്കിക്കൊടുത്തു.

സ്റ്റേൺ മാഗസിനിൽ ‘ഹിറ്റ്ലറുടെ ഡയറിക്കുറിപ്പുകൾ’ പ്രസിദ്ധപ്പെടുത്താൻ പോകുന്നു എന്ന് അറിയിപ്പ് വന്നതോടെ പ്രചാരം കുതിച്ചുയർന്നു. പ്രമുഖ മാധ്യമങ്ങൾ പകർപ്പവകാശത്തിനായി ക്യൂ നിന്നു. ഗെർഡ് ഹൈൻമൻ എന്ന റിപ്പോർട്ടർ കണ്ടെത്തിയതാണ​േത്ര ഡയറിക്കുറിപ്പുകൾ. പക്ഷേ, പ്രസാധനം തുടങ്ങിയപ്പോഴേ സംശയമുയർന്നു. ഡയറിക്കുറിപ്പുകളുടെ മഷി രാസപരിശോധന ചെയ്തപ്പോൾ കഥ അപ്പടി പൊളിഞ്ഞു –ഡയറിക്കുറിപ്പുകൾ വ്യാജമാണ്. തെറ്റ് സമ്മതിച്ച് സ്റ്റേൺ റിപ്പോർട്ട് പിൻവലിച്ചു. ഏതോ നാസിപക്ഷക്കാരൻ ഹിറ്റ്ലറെ നല്ലവനാക്കാൻ നടത്തിയ ശ്രമമായിരുന്നു അതെന്ന് ഒടുവിൽ കണ്ടെത്തി.

കള്ളക്കഥ പരത്തി നാണംകെട്ട മാധ്യമങ്ങൾ ഇവ മാത്രമല്ല. ഇത്ര പേരെടുത്തവപോലും കബളിപ്പിക്കപ്പെട്ടിരിക്കെ കൂടുതൽ കരുതൽ പുലർത്താൻ ബാധ്യസ്ഥരായവ അതൊന്നും ചെയ്തുമില്ല. അങ്ങനെയാണ് ന്യൂയോർക് ടൈംസ് നാണംകെടുന്നത്. അത് 2001 സെപ്റ്റംബർ ഭീകരാക്രമണ പശ്ചാത്തലത്തിൽ. ഇസ്‍ലാം ഭീതി വളർത്തിയ അനേകം റിപ്പോർട്ടുകളുടെ ഉടമയായിരുന്നു ജൂഡിത് മിലർ. എഡ്വേഡ് സഈദ് (ഫലസ്തീൻകാരൻ, ക്രൈസ്തവൻ, ഓറിയന്റലിസം എന്ന പ്രസിദ്ധ കൃതിയുടെ കർത്താവ്) അദ്ദേഹത്തിന്റെ ഒരു പുസ്തകത്തിൽ ജൂഡിത് മിലറെപ്പറ്റി എഴുതിയത് ഇങ്ങനെ: ‘‘ഇസ്‍ലാമിനെപ്പറ്റി മാധ്യമങ്ങൾ നൽകുന്ന വാർത്തകളിലെ ന്യൂനതകളും വളച്ചൊടിക്കലുമെല്ലാം അവരുടെ രചനയിൽ കാണാം.’’

സെപ്റ്റംബർ 11 മറയാക്കി ജോർജ് ഡബ്ല്യു. ബുഷിന്റെ അമേരിക്ക അഫ്ഗാനിസ്താനു ശേഷം ഇറാഖിനെ അന്യായമായി കടന്നാക്രമിച്ചു. അതിന് കാരണമായി പറഞ്ഞത് ഇറാഖിന്റെ പക്കൽ കൂട്ടനശീകരണായുധങ്ങളുണ്ട് എന്നായിരുന്നു. ഇത് മായമില്ലാത്ത കള്ളമാണെന്ന് പിന്നീട് തെളിഞ്ഞതാണ്. എന്നാൽ, ഇറാഖിനെ ആക്രമിക്കുന്നതിന് യു.എസ് കോൺഗ്രസിന്റെയും യു.എന്നിന്റെയുമെല്ലാം സമ്മതം നേടിയെടുക്കാൻ ആ കള്ളം നിമിത്തമായി.

ആ വ്യാജ പ്രചാരണത്തിൽ ബുഷ് സർക്കാറിന് ശക്തമായ പിന്തുണ കൊടുത്തു ന്യൂയോർക് ടൈംസ്. ടൈംസിൽ കള്ളങ്ങൾക്ക് സത്യസന്ധമായ റിപ്പോർട്ടുകളുടെ കെട്ടും മട്ടും കൊടുത്ത് സ്വീകാര്യത നൽകിയത് ജൂഡിത് മിലർ. ഇറാഖിൽ ലക്ഷങ്ങളെ കൊല്ലുകയും നാശം വിതക്കുകയും ചെയ്യാൻ അമേരിക്കൻ സർക്കാറിന് ആവശ്യമായ വ്യാജം കെട്ടഴിച്ച പത്രമാണ് ന്യൂയോർക് ടൈംസ് എന്നത് ഇപ്പോൾ എടുത്തുപറയേണ്ടതുണ്ട്.

ഇസ്രായേലിനുവേണ്ടി ഒരു കള്ളക്കഥ

കാരണം, ഗസ്സയിൽ വംശഹത്യ നടത്താനും ആ പ്രദേശമാകെ ബോംബിട്ട് നിരപ്പാക്കാനും ഇസ്രായേൽ ഒഴികഴിവാക്കിയത് ഒക്ടോബർ 7ന് ഹമാസ് നടത്തിയ ആക്രമണവും അതിനെപ്പറ്റി പിന്നീട് പ്രചരിപ്പിക്കപ്പെട്ട വാർത്തകളുമാണ്. കൂട്ടത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു വാർത്തയാണ് അന്ന് ഇസ്രായേലി സ്ത്രീകളെ ഹമാസുകാർ ലൈംഗികമായി പീഡിപ്പിച്ചു എന്നത്.

ഒക്ടോബർ 7 മുതൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട ഈ വാർത്തക്ക് പുറമെ, 40 കുഞ്ഞുങ്ങളെ ഹമാസുകാർ കഴുത്തറുത്ത് ​െകാന്നു എന്നും, ഒരു സ്ത്രീയുടെ അവയവങ്ങൾ അറുത്തുമാറ്റി അവ തട്ടിക്കളിച്ചു എന്നും, ഭക്ഷണമേശക്കടുത്ത് ഇരുന്നവരെ ചുട്ടുകരിച്ചു എന്നുമൊക്കെ പല വാർത്തകളും ഇറങ്ങിയിരുന്നു. ഇതിൽ ആദ്യത്തേതൊഴിച്ച് ബാക്കിയെല്ലാം വ്യാജമെന്ന് പിന്നീട് തെളിഞ്ഞു.

ആദ്യത്തേതിന് കൂടുതൽ ഊർജവും വിശ്വാസ്യതയും നൽകാൻ കാരണമായത് ന്യൂയോർക് ടൈംസിൽ ഡിസംബർ 28ന് വന്ന ഒരു ‘അന്വേഷണാത്മക’ റിപ്പോർട്ടാണ്. ‘Screams Without Words: How Hamas Weaponized Sexual Violence on Oct 7’ എന്ന് തലക്കെട്ട്. ഹമാസുകാർ ആസൂത്രിതമായി പീഡനം നടത്തിയതിന്റെ തെളിവുകൾ എന്ന് അവകാ​ശപ്പെട്ട് സാമാന്യം നീണ്ട റിപ്പോർട്ട്.

എന്നാൽ, ഈ റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ അതിലെ ഒ​ട്ടനേകം പൊരുത്തക്കേടുകൾ മറ്റു മാധ്യമങ്ങളും ഇസ്രായേലികളും നിരീക്ഷകരും ചൂണ്ടിക്കാട്ടി. (‘മീഡിയ സ്കാനി’ൽ ഇതിനെപ്പറ്റി മുമ്പ് എഴുതിയിട്ടുണ്ട്.) പിന്നീടങ്ങോട്ട് ആ റിപ്പോർട്ടിലെ കാര്യങ്ങൾ ഒന്നൊന്നായി എടുത്ത് ഇഴകീറി പരിശോധിച്ചു പലരും. ഓരോ പരിശോധനയും ടൈംസിനെതിരായ ഓരോ കുറ്റപത്രമായി മാറുകയാണ്.

ദ ഗ്രേസോൺ, ഇലക്ട്രോണിക് ഇൻതിഫാദ, ദ ഇന്റർസെപ്റ്റ്, വാനിറ്റിഫെയർ, മോൺഡോ വെയ്സ് തുടങ്ങി അനേകം ഓൺലൈൻ മാധ്യമങ്ങളിൽ പരിശോധന റിപ്പോർട്ടുകൾ വന്നു; ഇപ്പോഴും വന്നുകൊണ്ടിരിക്കുന്നു. ടൈംസ് റിപ്പോർട്ടിൽ ഉദ്ധരിച്ച സാക്ഷിമൊഴികളിലെ വ്യക്തമായ വൈരുധ്യം, ഹമാസിന്റെ ഇരകളെന്ന് പറയപ്പെട്ടവരിൽ ഏറ്റവും പ്രമുഖ വനിതയുടെ കുടുംബങ്ങൾതന്നെ പരസ്യമായി സംഭവം നിഷേധിച്ചത്, ന്യൂയോർക് ടൈംസിനുള്ളിൽ ആ റിപ്പോർട്ടിനെച്ചൊല്ലി നടക്കുന്ന തർക്കങ്ങൾ തുടങ്ങി ഖണ്ഡനങ്ങളുടെ പട്ടിക നീളുന്നു. ഏറ്റവുമൊടുവിൽ ഇസ്രായേലികളെ പീഡിപ്പിച്ചതായി പറയപ്പെടുന്ന കിബുത് സ് ബെഅരി എന്ന പട്ടണത്തിലെ അധികൃതർ തന്നെ ടൈംസ് റിപ്പോർട്ടിനെ തള്ളിപ്പറഞ്ഞിരിക്കുന്നു. പത്രം എടുത്തുപറഞ്ഞ മൂന്ന് പീഡനക്കേസുകളിൽ രണ്ടെണ്ണം കള്ളമാണെന്ന് ബോധ്യപ്പെട്ടതായാണ് കിബുത് സ് വക്താവ് പറയുന്നത്.

ശ്രദ്ധിക്കുക: ന്യൂയോർക് ടൈംസ് രണ്ടുമാസമെടുത്ത് ചെയ്ത, മികവുറ്റ ഇൻവെസ്റ്റിഗേറ്റിവ് സ്റ്റോറിയെന്ന് അവർതന്നെ പരസ്യം ചെയ്ത, വംശഹത്യയെ ന്യായീകരിക്കാൻ ഒട്ടനവധി പേരെ പ്രേരിപ്പിച്ച, ഒരു റിപ്പോർട്ടാണ് മൂന്നാംകിട പത്രറിപ്പോർട്ടുകളെപ്പോലും കടത്തിവെട്ടുന്ന തരത്തിൽ ലോകത്തിന് മുമ്പാകെ പിച്ചിച്ചീന്തപ്പെടുന്നത്.

വ്യാപകമായി പീഡനം നടന്നു എന്നു പറയുന്ന റിപ്പോർട്ടിൽ, ഒരു സംഭവത്തിന്റെ പോലും ​​െഫാറൻസിക് തെളിവ് ഇല്ല. ഒരുതരിപോലും അധികൃത രേഖകളില്ല. സാക്ഷിമൊഴികളെ മാത്രമാണ് റിപ്പോർട്ട് ആശ്രയിച്ചത്. സാക്ഷികളാകട്ടെ ഫലസ്തീൻകാരോട് മുൻ വിദ്വേഷം പുലർത്തുന്നവർ. മൊഴികളിൽ വൈരുധ്യം.

ആ റിപ്പോർട്ടിന്റെ ലേഖകരോ? മൂന്നുപേർ ചേർന്നാണ് റിപ്പോർട്ട് തയാറാക്കിയത്. ജെഫ്രി ഗെറ്റൽമൻ പുലിറ്റ്സർ പുരസ്കാര ജേതാവാണ്. പറഞ്ഞിട്ടെന്ത്, ഹമാസിന്റെ പാതകങ്ങളെപ്പറ്റി റാസ് കോഹൻ (ഇസ്രായേലി മുൻ പട്ടാളക്കാരൻ) പറഞ്ഞ കാര്യങ്ങൾ മാറ്റിപ്പറഞ്ഞുകൊണ്ടിരുന്നിട്ടും സംശയം തോന്നാത്ത ശുദ്ധൻ. (ഗ്രേസോൺ ലേഖകൻ മാക്സ് ബ്ലൂമന്താളിന്റെ കുറിപ്പുകളിൽ വിശദാംശങ്ങളുണ്ട്.) മറ്റൊരാൾ അനാത് ഷ്വാർട്സ്.

 

ഈ വനിതാരത്നത്തിന്റെ യോഗ്യത, ജേണലിസത്തിൽ മുൻപരിചയമേ ഇല്ല എന്നതാണ്! സിനിമ നിർമാതാവായിരുന്ന അവരെ ടൈംസ് ഒക്ടോബറിൽ പെട്ടെന്ന് റിപ്പോർട്ടറാക്കി, ഇൻവെസ്റ്റിഗേറ്റിവ് സംഘത്തിൽ ഉൾപ്പെടുത്തുകയായിരുന്നു. അവരുടെ പക്ഷപാതിത്വം മുമ്പേ വെളിപ്പെട്ടതാണ്. ഇസ്രായേലി സേന ഗസ്സയെ ‘‘കശാപ്പുശാലയാക്കണം’’ എന്ന ഒരു ഫേസ്ബുക്ക് പോസ്റ്റ് വരെ ലൈക് ചെയ്തയാൾ. മൂന്നാമത്തെയാൾ, ഈ സയണിസ്റ്റിന്റെ തന്നെ ബന്ധുവായ ആഡം സെല്ല.

ഇല്ലാത്ത തെളിവ് ഉണ്ടെന്ന് തോന്നിപ്പിക്കാനുള്ള കഴിവ് മാത്രമാണ് ഈ മൂവർസംഘം തെളിയിച്ചത്. അവരുടെ റിപ്പോർട്ട് കാരണം ന്യൂയോർക് ടൈംസ് അതിന്റെ ചരിത്രത്തിലെ ഏറ്റവും കടുത്ത വിശ്വാസ്യത പ്രതിസന്ധി നേരിടുകയാണ്. ഒക്ടോബർ 7നെപ്പറ്റി പ്രചരിപ്പിക്കപ്പെടുന്ന കഥകൾ, ഇറാഖിനെ നശിപ്പിക്കാൻ അമേരിക്കക്കുവേണ്ടി തയാറാക്കപ്പെട്ട കഥകളുടെ ആവർത്തനമാണെന്ന് തെളിഞ്ഞുകൊണ്ടിരിക്കുന്നു.

Tags:    
News Summary - weekly column media scan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.