അധികാരികൾ പുറത്തറിയരുതെന്ന് ആഗ്രഹിക്കുന്നതെന്തോ അത് കണ്ടെത്തലാണ് ജേണലിസമെന്ന് പറയാറുണ്ട്. ലഭ്യമായ വിവരങ്ങൾ ചേർത്തുവെച്ചും വിശകലനംചെയ്തും മികച്ച വാർത്തകൾ കണ്ടെത്താൻ ചിലപ്പോൾ കഴിയും. ന്യൂസ് മിനിറ്റ്, ന്യൂസ് ലോൺഡ്രി എന്നീ ഓൺലൈൻ പോർട്ടലുകൾ കഴിഞ്ഞ മാസം ചെയ്ത വാർത്ത അത്തരമൊന്നാണ്. ബി.ജെ.പി എന്ന പാർട്ടിയും അതിന്റെ സാമ്പത്തികശേഷിയും വിസ്മയകരമാംവിധം വളരുന്നതിന്റെ ഒരു കാരണം അവർ കണ്ടെത്തി. എങ്ങനെ അധികാര ദുർവിനിയോഗം വഴി അവിഹിതമായ രാഷ്ട്രീയനേട്ടം കൊയ്യാൻ ഭരണകക്ഷിക്ക് സാധിക്കുന്നു എന്നതിലേക്കുള്ള സൂചന.റിപ്പോർട്ട് തയാറാക്കിയത് ഈ രണ്ടു സ്ഥാപനങ്ങളിൽനിന്നുള്ള ജേണലിസ്റ്റുകളടങ്ങുന്ന സംഘമാണ്....
അധികാരികൾ പുറത്തറിയരുതെന്ന് ആഗ്രഹിക്കുന്നതെന്തോ അത് കണ്ടെത്തലാണ് ജേണലിസമെന്ന് പറയാറുണ്ട്. ലഭ്യമായ വിവരങ്ങൾ ചേർത്തുവെച്ചും വിശകലനംചെയ്തും മികച്ച വാർത്തകൾ കണ്ടെത്താൻ ചിലപ്പോൾ കഴിയും. ന്യൂസ് മിനിറ്റ്, ന്യൂസ് ലോൺഡ്രി എന്നീ ഓൺലൈൻ പോർട്ടലുകൾ കഴിഞ്ഞ മാസം ചെയ്ത വാർത്ത അത്തരമൊന്നാണ്. ബി.ജെ.പി എന്ന പാർട്ടിയും അതിന്റെ സാമ്പത്തികശേഷിയും വിസ്മയകരമാംവിധം വളരുന്നതിന്റെ ഒരു കാരണം അവർ കണ്ടെത്തി. എങ്ങനെ അധികാര ദുർവിനിയോഗം വഴി അവിഹിതമായ രാഷ്ട്രീയനേട്ടം കൊയ്യാൻ ഭരണകക്ഷിക്ക് സാധിക്കുന്നു എന്നതിലേക്കുള്ള സൂചന.
റിപ്പോർട്ട് തയാറാക്കിയത് ഈ രണ്ടു സ്ഥാപനങ്ങളിൽനിന്നുള്ള ജേണലിസ്റ്റുകളടങ്ങുന്ന സംഘമാണ്. ന്യൂസ് മിനിറ്റിലെ കോര അബ്രഹാം, രാഗമാലിക കാർത്തികേയൻ, നന്ദിനി ചന്ദ്രശേഖർ എന്നിവരും ന്യൂസ് ലോൺഡ്രിയിലെ പ്രതീക് ഗോയൽ, ബസന്ത് കുമാർ എന്നിവരുമാണ് വാർത്ത ചെയ്തത്. ഏതു മാധ്യമപ്രവർത്തകനും കാണാവുന്ന, പൊതുമണ്ഡലത്തിൽ ലഭ്യമായ ഒരുകൂട്ടം വിവരങ്ങൾ ഒരുഭാഗത്ത്. ഒന്ന് തുനിഞ്ഞിറങ്ങിയാൽ കിട്ടുന്ന മറ്റൊരു കൂട്ടം വിവരങ്ങൾ മറ്റൊരു ഭാഗത്ത്. ഇവ രണ്ടും ചേർത്തുവെച്ചാൽ തെളിയുന്ന ചില ചിത്രങ്ങൾ. പണച്ചാക്കുകളുടെ പോക്കുവരവുകളിലൂടെ തെളിഞ്ഞുവരുന്ന കുറേ അന്തപ്പുര രഹസ്യങ്ങൾ.
ന്യൂസ് മിനിറ്റ് ചീഫ് എഡിറ്റർ ധന്യ രാജേന്ദ്രൻ ഈ അന്വേഷണത്തിന്റെ തുടക്കം വിവരിച്ചിട്ടുണ്ട്. 2022 ഡിസംബറിൽ ഒരു വാർത്ത കാണാനിടയായി. തെലങ്കാനയിലെ ഒരു ആശുപത്രിയിൽ സർക്കാർ ഏജൻസി റെയ്ഡ് നടന്നു എന്നായിരുന്നു അത്. തൊട്ടുപിന്നാലെ വരുന്നു മറ്റൊരു വാർത്ത: ഈ ആശുപത്രി ബി.ജെ.പിക്ക് പത്തുകോടി രൂപ സംഭാവന ചെയ്തു എന്ന്.
ധന്യ തുടരുന്നു: ഇത് ഒറ്റപ്പെട്ട സംഭവമാകാൻ സാധ്യതയില്ല എന്നുതോന്നി. ഇത്തരം വേറെയും സംഭവങ്ങളുണ്ടെങ്കിൽ, അവക്ക് പൊതുവായ ഒരു സദൃശമാതൃകയുണ്ടെങ്കിൽ, അതുതന്നെ വലിയൊരു വാർത്തയാകും. അങ്ങനെയാണ് അന്വേഷണം നടത്താൻ തീരുമാനിക്കുന്നത്.
പാർട്ടികൾക്ക് സംഭാവന നൽകിയ കമ്പനികളുടെയും മറ്റും പേരുവിവരം ഇലക്ഷൻ കമീഷൻ വെബ്സൈറ്റിൽ ലഭ്യമാണ്. ഇതിൽ ഒരുകോടി രൂപയോ അതിൽ കൂടുതലോ സംഭാവന നൽകിയവരെപ്പറ്റിയാണ് മാധ്യമകൂട്ടായ്മ അന്വേഷണം നടത്തിനോക്കിയത്. അതിൽ തെളിഞ്ഞത്, അനേകം സംഭാവനകൾക്കിടയിലെ പൊതുസ്വഭാവമാണ്. ബി.ജെ.പിയോട് താൽപര്യമില്ലാത്ത, ആ പാർട്ടിക്ക് ഒറ്റരൂപപോലും സ്വമേധയാ സംഭാവന കൊടുത്തിട്ടില്ലാത്ത, കുറേ കമ്പനികൾ. ഒരുദിവസം സ്ഥാപനത്തിൽ ആദായനികുതിക്കാരോ ഇ.ഡിക്കാരോ റെയ്ഡ് നടത്തുന്നു. അതിനുപിന്നാലെ അവർ കോടികൾ സംഭാവന നൽകുന്നു. സർക്കാർ ഏജൻസികൾ റെയ്ഡ് നടത്തിയ കമ്പനികളുടെ വിവരം ശേഖരിച്ച് സംഭാവനപ്പട്ടികയുമായി ഒത്തുനോക്കുന്നതോടെ പൊതുരീതി തെളിഞ്ഞുവരുന്നു.
റെയ്ഡ് നടത്തിയത് ബി.ജെ.പിക്കുവേണ്ടി ഭീഷണിയിലൂടെ ഫണ്ട് പിരിച്ചെടുക്കാനാണെന്നതിന് നേർക്കുനേരെ തെളിവൊന്നുമില്ല. എന്നാൽ, രാഷ്ട്രീയത്തോടോ ബി.ജെ.പിയോടോ ഒരു മമതയും താൽപര്യവുമില്ലാതിരുന്ന കുറേ കമ്പനികൾ റെയ്ഡ് നടക്കുന്നതോടെ പെട്ടെന്ന് ഉദാരമനസ്കരും ബി.ജെ.പിക്ക് കോടികൾ നൽകാൻ തൽപരരുമാകുന്നത് ആകസ്മികമാകാനും സാധ്യത കുറവ്. ഒന്നും രണ്ടുമല്ല ഇത്തരത്തിൽ പെട്ടെന്ന് ഔദാര്യം ചുരത്തിത്തുടങ്ങിയ കമ്പനികൾ.
2018-19 മുതൽ 2022-23 വരെയുള്ള അഞ്ച് സാമ്പത്തിക വർഷങ്ങളിൽ ബി.ജെ.പിക്ക് ധാരാളം സംഭാവന കമ്പനികളിൽനിന്ന് കിട്ടി. മൊത്തം 335 കോടി രൂപ നൽകിയ മുപ്പത് കമ്പനികളിൽ അതിനുമുമ്പ് ഐ.ടി-ഇ.ഡി റെയ്ഡ് നടന്നിരുന്നതായി കണ്ടു. അതിൽതന്നെ 23 കമ്പനികൾ അതിനുമുമ്പ് ബി.ജെ.പിക്ക് ഒറ്റ സംഭാവനപോലും നൽകിയിരുന്നില്ല. മനസ്സുമാറ്റാൻ നിമിത്തമായത് റെയ്ഡ് ആകണം. മുമ്പ് സംഭാവന നൽകിയിരുന്നവരാകട്ടെ, റെയ്ഡിനുശേഷം വളരെ കൂടിയ തുകകൾ നൽകി.
വൻ അഴിമതിയിലേക്ക് വിരൽചൂണ്ടുന്ന ഈ റിപ്പോർട്ട് തയാറാക്കാൻ അന്വേഷകർക്ക് ധാരാളം അധ്വാനിക്കേണ്ടിവന്നെങ്കിലും സ്വന്തമായി മൗലിക ഗവേഷണമൊന്നും നടത്തേണ്ടിവന്നില്ല. തെരഞ്ഞെടുപ്പ് കമീഷൻ വെബ്സൈറ്റിൽ ലഭ്യമായ രേഖകൾ, കമ്പനികളുടെ ധനകാര്യ സ്റ്റേറ്റ്മെന്റുകൾ, കുറേ കേസ് ഫയലുകൾ എന്നിവ പരിശോധിക്കുകയേ വേണ്ടിവന്നുള്ളൂ.
റെയ്ഡിന് പിന്നാലെ ബി.ജെ.പിക്ക് സംഭാവന കൊടുത്ത സംഭവങ്ങൾക്കു പുറമെ, ദാതാക്കൾക്ക് അതുവരെ മുടങ്ങിക്കിടന്ന ലൈസൻസുകളും അനുമതികളും കിട്ടിയ സംഭവങ്ങളും കണ്ടെത്തി. സംഭാവന, ഇലക്ടറൽ ബോണ്ട് എന്നിവ മാത്രമല്ല ഫണ്ട് ശേഖരണത്തിന്റെ വഴികൾ. ഇലക്ടറൽ ട്രസ്റ്റുകൾ എന്ന ചാലിലൂടെയും പണമൊഴുകുന്നുണ്ട്. 2022-23ൽ ഇലക്ടറൽ ട്രസ്റ്റുകളിലൂടെ ഒഴുകിയെത്തിയ സംഭാവനകളുടെ 70 ശതമാനത്തിലധികവും ചെന്നത് ബി.ജെ.പി ഖജനാവിലേക്കാണ്.
തെരഞ്ഞെടുപ്പ് വരാനിരിക്കെ, വോട്ടർമാർ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന വസ്തുതകളാണ് രണ്ട് ഡിജിറ്റൽ മാധ്യമങ്ങൾ കൂട്ടുപ്രവർത്തനത്തിലൂടെ പുറത്തുകൊണ്ടുവന്നത്. രാഷ്ട്രീയ പാർട്ടി ഫണ്ടു ശേഖരണത്തിൽ സുതാര്യത പാടേ ഇല്ലാതാക്കിക്കൊണ്ട് നിയമം നിർമിച്ചതിനു പിന്നിലെ ഉദ്ദേശ്യം കൂടി വ്യക്തമാവുകയാണ്. ഇലക്ടറൽ ബോണ്ട് സമ്പ്രദായം ഭരണഘടന വിരുദ്ധമാണെന്ന് വിധിച്ച സുപ്രീംകോടതിക്കും രാജ്യത്തെ പൗരസമൂഹത്തിനും മുമ്പാകെ ഇനിയും മാധ്യമ വെളിപ്പെടുത്തലുകൾക്ക് സാധ്യതയുണ്ട്. മാധ്യമങ്ങൾ ഒറ്റക്കോ കൂട്ടായോ ഈ ജോലി ഏറ്റെടുക്കുമോ എന്നാണ് അറിയാനുള്ളത്.
മാധ്യമങ്ങളുണ്ടാക്കുന്നു വംശവെറി
ഇസ്‍ലാമിനും മുസ്‍ലിംകൾക്കുമെതിരെ നിന്ദാപരമായ കാർട്ടൂണുകൾ പതിവാക്കിയ ഫ്രഞ്ച് മാധ്യമങ്ങൾ കുറേയുണ്ട്. ഇടതുപക്ഷ പത്രമായ ലിബെഹാസ്യോൻ അക്കാര്യത്തിൽ പിന്നിലല്ല. അതിക്രൂരമായ ഒരു കാർട്ടൂൺ കഴിഞ്ഞ ദിവസം അതിൽ വന്നു.
ഗസ്സയാണ് ചിത്രത്തിൽ. പട്ടിണിക്കാരായ മാതാപിതാക്കളും കുഞ്ഞും. തകർന്ന കെട്ടിടാവശിഷ്ടങ്ങളിൽനിന്ന് കൊല്ലപ്പെട്ടയാളുടെ കൈ പുറത്തേക്ക് നീണ്ടുകിടക്കുന്നു. എച്ചിൽ എല്ലുമായി രണ്ട് എലികൾ പാഞ്ഞുപോകുന്നു. ആർത്തിയോടെ പിതാവ് അത് തട്ടിപ്പറിക്കാനോടുന്നു. അപ്പോൾ മാതാവ് പറയുന്നു: ‘‘അയ്യോ വേണ്ട, സൂര്യനസ്തമിക്കുന്നതുവരെ പറ്റില്ല.’’ കാർട്ടൂണിന് മേൽക്കുറിപ്പായി ഇങ്ങനെ: ‘‘ഗസ്സയിലെ റമദാൻ –വ്രതമാസത്തിന് ആരംഭമായി.’’
പട്ടിണിക്കിടയിലും നോമ്പെടുക്കുന്ന വിശ്വാസികളെ അഭിനന്ദിക്കുകയല്ല ലക്ഷ്യമെന്ന് വ്യക്തം. മറിച്ച്, പട്ടിണിക്കാരെയും അവരുടെ വ്രതത്തെയും ക്രൂരമായി പരിഹസിക്കുകയാണ്. വംശഹത്യക്ക് കാരണമൊരുക്കുന്നതിൽ മാധ്യമങ്ങൾക്കുള്ള പങ്ക് ചെറുതല്ല. ഗസ്സയിൽ അരങ്ങേറുന്ന മനുഷ്യത്വവിരുദ്ധമായ പാതകങ്ങൾക്കു പിന്നിൽ വർഷങ്ങളായി വളർത്തപ്പെട്ട സയണിസ്റ്റ് വംശീയതയുണ്ട്. അത് വളർത്തുന്നതിൽ മാധ്യമങ്ങൾ വലിയ പങ്കുവഹിച്ചിട്ടുമുണ്ട്.
ഇസ്രായേലിലെ താരതമ്യേന മിതത്വം പാലിക്കുന്നവരെന്നറിയപ്പെടുന്ന ഹആരറ്റ്സ് പത്രംപോലും ഈ പ്രചാരണജ്വരത്തിൽ പെടാറുണ്ട്. കഴിഞ്ഞയാഴ്ച അതിന്റെ ഹീബ്രു പതിപ്പിൽ ‘ലൈഫ് സ്റ്റൈൽ’ വിഭാഗത്തിൽ ഉൾപ്പെടുത്തിക്കൊണ്ട് ഒരു ലേഖനം വന്നു. പാചകവിശേഷങ്ങളാണ് അതിൽ. വീടുകളിൽനിന്ന് ഇസ്രായേൽ ആട്ടിയോടിച്ച ഗസ്സക്കാർ അടുക്കളകളിൽ ഉപേക്ഷിച്ചുപോയ സാധനങ്ങൾകൊണ്ട് ഇസ്രായേലി പട്ടാളക്കാർ വിവിധ വിഭവങ്ങൾ പാകം ചെയ്യുന്നതും അവയുടെ പാചകക്കുറിപ്പുകളുമാണ് ലേഖനത്തിൽ. തങ്ങൾ പട്ടിണിയിലേക്ക് എടുത്തെറിഞ്ഞ ഗസ്സക്കാരുടെ അടുപ്പും പാത്രവുമുപയോഗിച്ച് പാകം ചെയ്യുന്ന സയണിസ്റ്റ് പട്ടാളക്കാരുടെ പടങ്ങൾ സഹിതമാണ് ഫീച്ചർ അച്ചടിച്ചത്.
ബോംബിങ്ങിൽ ചിന്നിച്ചിതറിയ കുഞ്ഞുങ്ങളുടെ ശരീരാവശിഷ്ടങ്ങളുടെ പടത്തിലേക്ക് ചൂണ്ടി ആസ്വദിച്ച് ചിരിക്കുന്ന ഇസ്രായേലികളും ഗസ്സക്കാരുടെ കരച്ചിൽ ഹാസ്യാനുകരണം നടത്തുന്ന ഇസ്രായേലി ചെറുപ്പക്കാരികളുമെല്ലാം ഉണ്ടാകുന്നതെങ്ങനെ എന്നതിലേക്ക് ഒരു സൂചന കൂടിയാണിത്. തീവ്ര ദേശീയതയും വംശീയതയും മാധ്യമങ്ങളെ കീഴ്പ്പെടുത്തിയിട്ട് പതിറ്റാണ്ടുകളായി –പ്രത്യേകിച്ച് ടെലിവിഷൻ ചാനലുകളെ. ‘‘രാജ്യസ്നേഹം’’ എന്ന് അവർ നിർവചിക്കുന്ന പൈശാചിക നിലപാടിൽ പരസ്പരം മത്സരിക്കുകയാണവ. സർക്കാർ അഴിമതികളെ രൂക്ഷമായി എതിർക്കുമ്പോഴും അവ ഇസ്രായേലിന്റെ സൈനിക നിഷ്ഠുരതകളെ ന്യായീകരിക്കുന്നു.
1999ലെ തെരഞ്ഞെടുപ്പിൽ തോറ്റശേഷം നെതന്യാഹു മാധ്യമരംഗത്ത് സ്വാധീനമുറപ്പിക്കാൻ നടത്തിയ ശ്രമങ്ങളും ഫലംകണ്ടു. 2007ൽ സ്ഥാപിക്കപ്പെട്ട ഇസ്രായേൽ ഹയോം എന്ന തീവ്ര വർഗീയപത്രം അതിവേഗം പ്രചാരം നേടി. ചാനൽ 14 എന്ന ടി.വി സ്ഥാപനത്തിന് വാർത്താ സംപ്രേഷണാനുമതി നൽകിയതും അത് തീവ്ര വംശീയ ചാനലായി മാറിയതും നെതന്യാഹുവിന്റെ പദ്ധതിപ്രകാരം തന്നെ. ഫലസ്തീൻ വിഷയത്തിൽ ഇസ്രായേലികളുടെ അറിവ്, സയണിസ്റ്റ് സർക്കാർ നൽകുന്ന വാർത്തകളിൽ പരിമിതമാണ്. അവർക്ക് ഫലസ്തീൻ ചരിത്രം തുടങ്ങുന്നത് 2023 ഒക്ടോബർ 7ന് മാത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.