സർക്കാറിന്റെ നേട്ടങ്ങൾ –ചിലപ്പോൾ ഇല്ലാത്ത നേട്ടങ്ങളും– എടുത്തുപറഞ്ഞുകൊണ്ടിരിക്കാൻ ഔേദ്യാഗിക പി.ആർ വകുപ്പുണ്ട്. നേട്ടങ്ങൾക്കപ്പുറം കോട്ടങ്ങൾ കൂടി പറയാൻ ചുമതലയുള്ളത് മാധ്യമങ്ങൾക്കാണ്. വിദേശനയത്തിൽ പോരായ്മയോ പാളിച്ചയോ ഉണ്ടെങ്കിൽ അത് ചൂണ്ടിക്കാട്ടാനും അവക്ക് കഴിയണം. ഇന്ത്യയുടെ വിദേശനയരംഗത്തെ വലിയ നേട്ടമായി കുറേ പത്രങ്ങൾ പ്രധാനമന്ത്രിയുടെ യുക്രെയ്ൻ സന്ദർശനത്തെ എടുത്തുകാട്ടി. നല്ല വശങ്ങൾ മാത്രം ഉയർത്തിക്കാട്ടുന്ന മുഖപ്രസംഗങ്ങൾ കേരള കൗമുദിയും മാതൃഭൂമിയും മറ്റും പ്രസിദ്ധപ്പെടുത്തി. ‘‘യുക്രെയ്നിലെ മോദി മാജിക്’’ എന്ന മാതൃഭൂമി എഡിറ്റോറിയൽ തലക്കെട്ടുതന്നെ പത്രങ്ങൾ...
സർക്കാറിന്റെ നേട്ടങ്ങൾ –ചിലപ്പോൾ ഇല്ലാത്ത നേട്ടങ്ങളും– എടുത്തുപറഞ്ഞുകൊണ്ടിരിക്കാൻ ഔേദ്യാഗിക പി.ആർ വകുപ്പുണ്ട്. നേട്ടങ്ങൾക്കപ്പുറം കോട്ടങ്ങൾ കൂടി പറയാൻ ചുമതലയുള്ളത് മാധ്യമങ്ങൾക്കാണ്. വിദേശനയത്തിൽ പോരായ്മയോ പാളിച്ചയോ ഉണ്ടെങ്കിൽ അത് ചൂണ്ടിക്കാട്ടാനും അവക്ക് കഴിയണം.
ഇന്ത്യയുടെ വിദേശനയരംഗത്തെ വലിയ നേട്ടമായി കുറേ പത്രങ്ങൾ പ്രധാനമന്ത്രിയുടെ യുക്രെയ്ൻ സന്ദർശനത്തെ എടുത്തുകാട്ടി. നല്ല വശങ്ങൾ മാത്രം ഉയർത്തിക്കാട്ടുന്ന മുഖപ്രസംഗങ്ങൾ കേരള കൗമുദിയും മാതൃഭൂമിയും മറ്റും പ്രസിദ്ധപ്പെടുത്തി. ‘‘യുക്രെയ്നിലെ മോദി മാജിക്’’ എന്ന മാതൃഭൂമി എഡിറ്റോറിയൽ തലക്കെട്ടുതന്നെ പത്രങ്ങൾ എത്രത്തോളം സർക്കാർ പി.ആറുമായി മത്സരിക്കുന്നു എന്ന് കാണിച്ചു.
‘‘സമാധാന സന്ദേശവുമായി മോദി സെലൻസ്കിക്കൊപ്പം’’ (മാതൃഭൂമി), ‘‘യുദ്ധം: യുക്രെയ്നോടും റഷ്യയോടും ഇന്ത്യ – ‘ഗാന്ധിയാണ് മാർഗം’... ചരിത്രം കുറിച്ച് പ്രധാനമന്ത്രി മോദി കീവിൽ’’ (മലയാള മനോരമ), ‘‘രണ്ട് ആലിംഗനങ്ങൾ, ഒരേ നയതന്ത്രം’’ (മനോരമ) തുടങ്ങിയ റിപ്പോർട്ടുകളും ഫലവത്തായ ഒരു യുക്രെയ്ൻ സന്ദർശനത്തിന്റെ ചിത്രമാണ് എടുത്തുകാട്ടുന്നത്. അതേസമയം, മറ്റു ചില മാധ്യമങ്ങൾ –പ്രത്യേകിച്ച് ഓൺലൈൻ മാധ്യമങ്ങൾ– മോദിയുടെ യുക്രെയ്ൻ സന്ദർശനത്തെ അത്ര പ്രശംസാപൂർവമല്ല നിരൂപണം ചെയ്തത്.
മോദി കുറച്ചുമുമ്പ് റഷ്യ സന്ദർശിച്ച് വ്ലാദിമിർ പുടിനെ ആലിംഗനംചെയ്തതിലെ രോഷം യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി ‘എക്സി’ലൂടെ പ്രകടിപ്പിച്ചിരുന്നു. റഷ്യ യുക്രെയ്ൻ ആശുപത്രിയിൽ ബോംബിട്ട് കുട്ടികളെയടക്കം കൊലപ്പെടുത്തിയ അന്നാണ് മോദി പുടിനെ കെട്ടിപ്പിടിച്ചത്. അതുണ്ടാക്കിയ നീരസം ഇല്ലാതാക്കാൻപോലും മോദിയുടെ യുക്രെയ്ൻ സന്ദർശനം ഉപകരിച്ചില്ല എന്നാണ് സിദ്ധാർഥ വരദരാജൻ വിലയിരുത്തിയത്. സന്ദർശനത്തിനൊടുവിലിറക്കിയ സംയുക്ത പ്രസ്താവനയിൽ അത് നിഴലിക്കുന്നതായും അദ്ദേഹം എഴുതുന്നു (‘ദ ഇന്ത്യ കേബ്ൾ’, ദ വയർ). യുക്രെയ്നിലെ കിയവ് ഇൻഡിപെൻഡന്റ് പത്രവും വിമർശനരൂപത്തിലാണ് മോദിയുടെ സന്ദർശനത്തെ വിലയിരുത്തിയത്.
പലതട്ടിലും ഇന്ത്യയുടെ വിദേശനയത്തിൽ പാളിച്ചയുണ്ടെങ്കിലും പൊതുമാധ്യമങ്ങൾ അവ ചർച്ചചെയ്യാൻ മടിക്കുന്നു എന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. ശൈഖ് ഹസീനയെ സമ്പൂർണമായി പിന്തുണക്കുകയും ഒടുവിൽ അവർ നാടുവിട്ടപ്പോൾ അഭയം നൽകുകയും ചെയ്തതുവഴി ഇന്ത്യ ബംഗ്ലാദേശ് ജനതയിൽനിന്ന് ഏറെ അകന്നതായും അവർ പറയുന്നു. വിവിധ അയൽക്കാരുമായി ഉറ്റ ബന്ധം നിലനിർത്താൻ ഇന്ത്യക്ക് കഴിയുന്നില്ല.
വാർത്ത ഞങ്ങളുണ്ടാക്കും
ചിലപ്പോൾ മാധ്യമങ്ങളുടെ മുൻവിധികൾ റിപ്പോർട്ടിലെ കേന്ദ്രബിന്ദുവാകും. വിദേശബന്ധങ്ങളെ വക്രമായി കാണിക്കും. മലേഷ്യൻ പ്രധാനമന്ത്രിയായി 2022ൽ സ്ഥാനമേറ്റ ശേഷം ആദ്യത്തെ ഇന്ത്യാ സന്ദർശനത്തിന് എത്തിയ അൻവർ ഇബ്രാഹീം രണ്ടു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനെപ്പറ്റി ക്രിയാത്മക ചർച്ച നടത്തി. അതിന്റെ റിപ്പോർട്ടുകൾ ശ്രദ്ധിക്കുക.
മൂന്നു ദിവസത്തെ സന്ദർശനത്തിനിടെ അൻവർ ഇബ്രാഹീമും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനേകം ധാരണകൾ ഒപ്പുവെച്ചു. ഉഭയവ്യാപാരം, നയതന്ത്ര സഹകരണം, ഇരു ജനതകൾ തമ്മിലുള്ള സമ്പർക്കം തുടങ്ങിയവ ഉൾക്കൊള്ളുന്ന ‘‘ബഹുമേഖല സഹകരണ അജണ്ട’’ തയാറാക്കി. ഇന്ത്യ വിടും മുമ്പ് മാധ്യമങ്ങളോട് ഇതെല്ലാം വിസ്തരിച്ചു.
ഈ കാര്യങ്ങൾ എങ്ങനെയാണ് റിപ്പോർട്ട് ചെയ്യുക? ചില മാധ്യമങ്ങളിൽ അതിന്റെ റിപ്പോർട്ട് വന്നത് ഇങ്ങനെയൊക്കെയാണ്:
‘‘സാകിർ നായിക്കിനെ ഉടനെ ഇന്ത്യയിലേക്ക് തിരിച്ചയക്കും? –മലേഷ്യൻ പ്രധാനമന്ത്രി അൻവറിന്റെ സുപ്രധാന പ്രഖ്യാപനം’’ (റിപ്പബ്ലിക് ടി.വി).
‘‘വിവാദ ഇസ്‍ലാം പ്രബോധകൻ സാകിർ നായിക്കിനെതിരെ തെളിവുണ്ടെങ്കിൽ അദ്ദേഹത്തെ ഇന്ത്യക്ക് കൈമാറുന്ന കാര്യം ആലോചിക്കുമെന്ന് മലേഷ്യൻ പ്രധാനമന്ത്രി...’’ (എൻ.ഡി.ടി.വി).
ഇവ മാത്രമല്ല, ഇന്ത്യടുഡേ, എ.ബി.പി ലൈവ്, ഇ.ടി.വി ഭാരത് തുടങ്ങിയ വേറെയും മാധ്യമങ്ങളും എ.എൻ.ഐ എന്ന വാർത്താ ഏജൻസിയും രണ്ടു രാജ്യങ്ങൾ തമ്മിൽനടന്ന ബഹുമുഖ ചർച്ചകളുടെയും ധാരണകളുടെയും വാർത്ത സാകിർ നായിക് എന്ന അവാർത്ത (non-news)യിലേക്ക് ചുരുക്കി.
ഇത് അവാർത്തയാണെന്ന് പറയാൻ കാരണമുണ്ട്. ഇന്ത്യ-മലേഷ്യ ബന്ധത്തിൽ മുമ്പ് വിഷയമായിരുന്ന സാകിർ നായിക് ഇപ്പോൾ അങ്ങനെയല്ല. മലേഷ്യ മുമ്പേ അത് വിഷയമാക്കിയിരുന്നില്ല. കുറച്ചു വർഷമായി ഇന്ത്യയും.
2016ൽ ബംഗ്ലാദേശിലെ ധാക്കയിൽ 29 പേരുടെ മരണത്തിൽ കലാശിച്ച ആക്രമണത്തിന് ഉത്തരവാദികളായ അഞ്ച് തീവ്രവാദികളിലൊരാൾ സാകിർ നായികിന്റെ യൂട്യൂബ് പ്രസംഗങ്ങൾ കേട്ടതായി മൊഴികൊടുത്തിരുന്നു.
ഇന്ത്യക്കാരനായ അദ്ദേഹത്തിനെതിരെ ഇവിടെ വിദ്വേഷപ്രസംഗം, പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങൾ ചാർത്തി കേസെടുത്തു. ഇന്ത്യ വിട്ട അദ്ദേഹം മലേഷ്യയിൽ അഭയം തേടി. അന്നത്തെ മഹാതീർ മുഹമ്മദ് സർക്കാർ അദ്ദേഹത്തിന് സ്ഥിരവാസത്തിന് അനുമതി നൽകി. ഒപ്പം, അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയുംചെയ്തു.
ഇന്ത്യയിൽ ‘അറസ്റ്റ് വാറന്റ്’ പുറപ്പെടുവിക്കപ്പെട്ട സാകിർ നായികിനെ കൈമാറ്റക്കരാർ (എക്സ്ട്രഡീഷൻ ട്രീറ്റി) പ്രകാരം വിട്ടുതരണമെന്ന് മോദി ആവശ്യപ്പെട്ടെങ്കിലും മഹാതീർ അത് തള്ളി. അതിനിടക്ക്, ഇന്ത്യയിലെ പൗരത്വ നിയമ ഭേദഗതിയെയും ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെയും മഹാതീർ മുഹമ്മദ് രൂക്ഷമായി വിമർശിച്ചത് രണ്ട് സർക്കാറുകളുടെയും പരസ്പരബന്ധം കൂടുതൽ മോശമാക്കി.
പക്ഷേ, സാകിർ നായിക് കേസ് ദുർബലമാണെന്ന അഭിപ്രായം അന്നേ ഉണ്ടായിരുന്നു. എന്നിട്ടും ഇന്ത്യ സർക്കാർ ‘ഇന്റർ പോൾ’ എന്ന അന്താരാഷ്ട്ര പൊലീസിന് അപേക്ഷ സമർപ്പിച്ചു. സാകിർ നായികിനെ പിടികൂടാൻ ‘റെഡ് കോർണർ നോട്ടീസ്’ ഇറക്കണമെന്നായിരുന്നു അപേക്ഷ. ഇന്റർപോൾ അപേക്ഷ തള്ളി. പിന്നെയും അപേക്ഷ കൊടുത്തു. പിന്നെയും. 2017നും 2019നുമിടക്ക് മൂന്നുതവണയാണ് അപേക്ഷ നൽകിയത്. മൂന്നു തവണയും തെളിവ് അപര്യാപ്തമെന്ന് പറഞ്ഞ് ഇന്റർപോൾ തള്ളി. തെളിവ് പോരെന്ന് ഇന്റർപോളിന്റെ വിധിതീർപ്പ് സമിതി തീർത്തുപറഞ്ഞതോടെ ഇന്ത്യ സർക്കാർ മലേഷ്യയുമായുള്ള ചർച്ച വിഷയങ്ങളിൽനിന്ന് സാകിർ നായികിന്റെ കാര്യം ഒഴിവാക്കിയപോലെയായി. പിന്നീട് മലേഷ്യയിൽ പ്രധാനമന്ത്രി തന്നെ മാറിയതോടെ അത് വിഷയമേ അല്ലാതായി.
എന്നിട്ടും മാധ്യമങ്ങൾ യഥാർഥ വിഷയങ്ങൾ വിട്ട് സാകിർ നായിക് വിഷയം കേന്ദ്രബിന്ദുവാക്കി. ചർച്ചകൾ സംബന്ധിച്ച ഇന്ത്യ സർക്കാറിന്റെ അറിയിപ്പുകളിലൊരിടത്തും അതില്ലായിരുന്നു.
പക്ഷേ, മാധ്യമങ്ങൾ അതിനെ മുന്നിലേക്ക് തള്ളിക്കൊണ്ടിരുന്നു. അൻവർ ഇബ്രാഹീമിന്റെ സന്ദർശനത്തെപ്പറ്റി എഴുതിയ മുൻകൂർ റിപ്പോർട്ടിന് (സുഹാസിനി ഹൈദറും ദേവേശ് പാണ്ഡെയും എഴുതിയത്) ഹിന്ദു പത്രം തലക്കെട്ടിട്ടത് ഇങ്ങനെയായിരുന്നു: ‘‘മലേഷ്യൻ പ്രധാനമന്ത്രി മോദിയെ കാണാനിരിക്കെ സാകിർ നായിക് പ്രശ്നം പരിഹരിക്കാതെ കിടക്കുന്നു.’’ ചർച്ചാവിഷയങ്ങളിൽ തന്നെ അതുണ്ടായിരുന്നില്ലല്ലോ.
അത് വിഷയമല്ലാതായിക്കഴിഞ്ഞിരുന്നു എന്നർഥം. ചർച്ചകൾക്കും ധാരണകൾക്കുമൊടുവിൽ മോദിയും അൻവർ ഇബ്രാഹീമും മാധ്യമങ്ങളെ കണ്ട് കാര്യങ്ങൾ വിശദീകരിച്ചപ്പോഴും സാകിർ നായിക് വിഷയമേ വന്നില്ല. അതേസമയം, അൻവർ ഇബ്രാഹീം സ്ഥലംവിടും വരെ ഇന്ത്യയിലെ മിക്ക ‘‘ദേശീയ’’ മാധ്യമങ്ങൾക്കും അതല്ലാതൊരു വിഷയം ഇല്ലാത്തപോലെയായിരുന്നു. സംയുക്ത വാർത്ത സമ്മേളനത്തിൽ വിഷയം വരാതിരുന്നപ്പോൾ മാധ്യമങ്ങളാണ് ഉന്നയിച്ചത്. അതിന് മോദിയുടെ പ്രതികരണം തന്നെ വ്യക്തമായ സൂചനയായി. അദ്ദേഹം ആ ചോദ്യത്തിന് നേർക്കുനേരെ മറുപടി കൊടുത്തില്ല.
പക്ഷേ, മാധ്യമങ്ങൾ വിടുമോ? അവരത് അൻവർ ഇബ്രാഹീമിനോട് ചോദിച്ചു –സാകിർ നായികിനെ വിട്ടുതരുമോ എന്ന്. അൻവർ ഇബ്രാഹീം പറഞ്ഞു: ‘‘അതിന് വ്യക്തമായ തെളിവ് വേണം.’’
‘‘സാകിർ നായികിനെ ഇന്ത്യക്ക് കൈമാറു’’മെന്ന് മാധ്യമങ്ങൾ വ്യാഖ്യാനിച്ചത് ഇതിനെയാണ്. അൻവർ ഇബ്രാഹീം ‘‘ഭീകരതയെ ഞങ്ങൾ പൊറുപ്പിക്കില്ല’’ എന്നു പറഞ്ഞതിന് തൊട്ടുപിന്നാലെ, ‘‘ഏതെങ്കിലും വ്യക്തിയെപ്പറ്റിയല്ല ഇപ്പറഞ്ഞതെ’’ന്നും ‘‘ഗസ്സയിൽ ഇസ്രായേൽ ചെയ്തുകൂട്ടുന്ന ഭീകരത കണ്ടില്ലേ’’ എന്നുമൊക്കെയാണ് പറഞ്ഞത്. പക്ഷേ, നമ്മുടെ ചില മാധ്യമങ്ങൾക്ക് പറഞ്ഞതോ പറയാനുദ്ദേശിച്ചതോ ഒന്നുമല്ല വാർത്തയായത്. വിഷയമേ അല്ലാത്ത ഒരു ‘‘അവാർത്ത’’യാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.