ഇന്ത്യയുടെ ചരിത്രത്തിൽ രാഷ്ട്രീയ മാറ്റങ്ങൾക്ക് തുടക്കംകുറിച്ച വർഷമാണ് 1857. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ചൂഷണത്തിനും കൊളോണിയൽ അധികാര അടിച്ചമർത്തലിനും എതിരെ ജനങ്ങൾ സംഘടിത സമര പ്രതിരോധം നടത്തിയ വർഷമാണ്. അതുപോലെ ഇന്ത്യയിൽ ആദ്യമായി മൂന്നു സർവകലാശാലകൾ ^െകാൽക്കത്തയിലും മുംബൈയിലും മദ്രാസിലും^ തുടങ്ങിയത് ആ വർഷമാണ്. ഈ രണ്ടു പ്രധാന നാഴികക്കല്ലുകൾ രാഷ്ട്രീയ- സാമൂഹിക ചരിത്രത്തെ മാറ്റിമറിച്ചു. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയെ പിരിച്ചുവിട്ട് ബ്രിട്ടീഷ് സാമ്രാജ്യത്വ സർക്കാർ 1860ൽ ഇന്ത്യയുടെ ഭരണം നേരിട്ട് ഏറ്റെടുത്തു. അതുകൊണ്ടു തന്നെ ഇന്ത്യയിൽ ഒരു ഗവർണസ് നിയമവാഴ്ചയും വ്യവസ്ഥയുമുണ്ടാകുന്നത് 1860 മുതലാണ്. ഇന്ത്യയിൽ പൊലീസ് ആക്ട് മുതൽ സൊസൈറ്റി രജിസ്ട്രേഷൻ ആക്ട് വരെ പല നിയമങ്ങളുടെയും തുടക്കം 1860 മുതലാണ്.
1860നു ശേഷം സാമൂഹിക സംഘടനകൾ നിയമാനുസൃതമായി തുടങ്ങി. അങ്ങനെ 1883ൽ ബ്രിട്ടീഷ് സിവിൽ സർവിസിൽനിന്ന് വിരമിച്ച അലൻ ഒക്ടേവിയോ ഹ്യൂം വിഭാവനം ചെയ്ത ദേശീയ സിവിൽ സംഘടനയായാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന ആശയത്തിെൻറ തുടക്കം. ഇന്ത്യയിലെ ജനങ്ങളുടെ പൊതു താൽപര്യങ്ങൾ സംരക്ഷിക്കുന്ന ഒരു സംഘടന എന്ന ആശയം അദ്ദേഹം ഒരു തുറന്ന കത്തിലൂടെ െകാൽക്കത്ത യൂനിവേഴ്സിറ്റിയിലെ വിദ്യാർഥികളുമായി പങ്കുെവച്ചാണ് ആശയം ആദ്യമായി പ്രചരിപ്പിച്ചത്. യഥാർഥത്തിൽ ബ്രിട്ടീഷ് സർക്കാറിെൻറ ആശീർവാദത്തോടെ ഇന്ത്യയിൽ യൂനിവേഴ്സിറ്റി വിദ്യാഭ്യാസം ലഭിച്ചവരുടെ ഒരു സംവാദ പ്ലാറ്റ്ഫോമായാണ് അത് വിഭാവനം ചെയ്തത്. അതിനു ആദ്യമായി ക്ഷണിച്ചത് െകാൽക്കത്ത, മുംബൈ, മദ്രാസ് യൂനിവേഴ്സിറ്റിയിൽനിന്ന് ബിരുദമെടുത്തവരെയായിരുന്നു. അതിെൻറ പരിമിത ഉദ്ദേശ്യം വിദ്യാഭ്യാസമുള്ള ഇന്ത്യക്കാർക്ക് ബ്രിട്ടീഷ് രാജിൽ തക്കതായ പങ്ക്, അതുപോലെ ബ്രിട്ടീഷ് സർക്കാറുമായി ഇന്ത്യക്കാരുടെ പൊതു താൽപര്യ വിഷയങ്ങൾ സംവാദം ചെയ്യാനുള്ള തുറന്ന സാമൂഹിക വേദി എന്നതായിരുന്നു. അതിനു ആദ്യം നൽകിയ പേര് ഇന്ത്യൻ നാഷണൽ യൂനിയൻ എന്നായിരുന്നു.
അതിെൻറ ആദ്യ മീറ്റിങ് പുണെയിൽ 1885 മാർച്ചിൽ നടത്താൻ ഉദ്ദേശിച്ചത് കോളറ മഹാമാരികൊണ്ടു മാറ്റിെവക്കേണ്ടി വന്നു. പിന്നീട് 1885 ഡിസംബർ 28-31 വരെ നടന്ന സമ്മേളനത്തോടെയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിെൻറ തുടക്കം. ബ്രിട്ടീഷ് ഇന്ത്യയുടെ വിവിധ ഭരണപ്രദേശങ്ങളിൽ നിന്ന് വന്ന 72 പ്രതിനിധികളുടെ സമ്മേളനമായിരുന്നു അത്. അതിൽ ബഹുഭൂരിപക്ഷവും ബംഗാൾ, മുംബൈ മേഖലയിൽനിന്നുള്ള യൂനിവേഴ്സിറ്റി വിദ്യാഭ്യാസമുണ്ടായിരുന്ന ജാതിവരേണ്യരും പാഴ്സികളുമായിരുന്നു. എന്നാൽ അവിടെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിെൻറ ആദ്യ പ്രസിഡൻറ് ആയി ഡബ്ല്യൂ.സി. ബാനർജിയെ തെരഞ്ഞെടുക്കുകയായിരുന്നു.
അന്ന് മുതൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിെൻറ ഡി.എൻ.എ യിലുള്ള രണ്ടു കാര്യങ്ങൾ പ്രധാനമാണ്. ഒന്നാമത്, അത് ഒരു തുറന്ന സംവാദ സംഘടന പ്ലാറ്റ്ഫോമായാണ് വിഭാവനം ചെയ്തത്. രണ്ടാമത്, വ്യത്യസ്ത സാമൂഹിക രാഷ്ട്രീയ ധാരകൾ തമ്മിൽ ജനായത്ത പ്രക്രിയയിലൂടെയുള്ള അഭിപ്രായ സമന്വയം. വിവിധ രാഷ്ട്രീയ സാമൂഹിക കാഴ്ചപ്പാടുകൾ തമ്മിലുള്ള സംവാദവും അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളും സമവായവുമെല്ലാം ഇന്ത്യൻ നാഷണൽ കോൺഗ്രസിെൻറ സംഘടനാ ഡി.എൻ.എയിലുണ്ട്. അതുകൊണ്ടുകൂടിയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് വിവിധ തരം വൈവിധ്യങ്ങളുടെ വിചാരധാരകളുടെ തുറന്ന സംവാദമാണന്ന് പറയുന്നത്.
ആദ്യത്തെ ഇരുപത് വർഷങ്ങളിൽ ബ്രിട്ടീഷ് രാജിലുള്ള ഒരു ഇന്ത്യൻ പൗരതാൽപര്യ അഡ്വക്കസി സാമൂഹിക ശൃംഖല മാത്രമായ കോൺഗ്രസ് ബ്രിട്ടീഷ് രാജിൽനിന്നുള്ള സ്വാതന്ത്ര്യം എന്ന രാഷ്ട്രീയ അജണ്ടയാക്കി മാറിയപ്പോൾ ബ്രിട്ടീഷ് കൊളോണിയൽ ഭരണം ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ശത്രുതയോടെ സമീപിച്ചു. സ്വരാജ് ഇന്ത്യയിലെ ജനങ്ങളുടെ അവകാശമാണെന്ന് പറഞ്ഞത് മുതൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്വാതന്ത്ര്യ സമരത്തിെൻറ ആഹ്വാനമായി മാറി. അതിനെ കൊളോണിയൽ ഭരണം നേരിട്ടത് വിഭജിച്ചു ഭരിക്കുക എന്ന കൊളോണിയൽ അധികാര തന്ത്രത്തിലൂടെയാണ്. അങ്ങനെയാണ് 1905ൽ ബംഗാൾ വിഭജിച്ചത്. അതിനു ശേഷം ഇന്ത്യയിൽ ഹിന്ദുക്കളെയും മുസ്ലിംകളെയും വിഭജിച്ച് തമ്മിലടിപ്പിച്ചു ഭരിക്കുക എന്ന് എല്ലായിടത്തും പ്രാവർത്തികമാക്കിയ ബ്രിട്ടീഷ് സാമ്രാജ്യ കൊളോണിയൽ നയമാരംഭിച്ചു. ഇന്ത്യയിൽ എല്ലാവർക്കും ജാതി മത ഭേദമന്യേ അംഗങ്ങളാകാവുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന തുറന്ന രാഷ്ട്രീയ പ്രസ്ഥാനത്തെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങൾ തുടങ്ങി. കോൺഗ്രസ് മുക്ത ഭാരതം എന്നത് ബ്രിട്ടീഷ് സാമ്രാജ്യ അധികാരത്തിെൻറ ആവശ്യമായിരുന്നു.
കോൺഗ്രസ് പ്രസ്ഥാനത്തെ ദുർബലപ്പെടുത്താനാണ് ബ്രിട്ടീഷ് രാജ് ഒത്താശയോടെ 1906ൽ ധാക്കയിൽവെച്ച് ഓൾ ഇന്ത്യ മുസ്ലിം ലീഗ് എന്ന പാർട്ടി രൂപവത്കരിച്ചത്. 1909ൽ-മിേൻറാ-മോർലി പോളിസിയിലൂടെ മുസ്ലിംകൾക്ക് പ്രത്യേക ഇലക്ട്രേറ്റ് എന്നതിലൂടെയാണ് ബ്രിട്ടീഷ് സാമ്രാജ്യത്വം വർഗീയ രാഷ്ട്രീയ വ്യവഹാരത്തിനു തുടക്കമിട്ടത്. അതേസമയം ഹിന്ദു മഹാസഭ എന്നതിനെ പ്രോത്സാഹിപ്പിച്ചു. 1915ൽ ഹിന്ദു മഹാസഭയുടെ ഉദ്ദേശ്യവും ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ദുർബലപ്പെടുത്തുകയായിരുന്നു. ഹിന്ദു മഹാസഭയുടെ താത്വിക ആചാര്യനായ സവർക്കറാണ് ഹിന്ദുത്വ എന്ന ഭൂരിപക്ഷ വംശ /വർഗീയ ആശയത്തിെൻറ ഉപജ്ഞാതാവ്.
ഈ ചരിത്രം പറഞ്ഞത് 'കോൺഗ്രസ് മുക്ത ഭാരതം' എന്നത് ബ്രിട്ടീഷ് സാമ്രാജ്യത്വ അജണ്ടയായിരുന്നു. അതിനു വേണ്ടിയാണ് അവർ ഇന്ത്യയിൽ മത വർഗീയതയെ പ്രോത്സാഹിപ്പിച്ചത്. സാമ്രാജ്യത്തിെൻറയും വർഗീയ രാഷ്ട്രീയത്തിെൻറയും അജണ്ടയായിരുന്നു 'കോൺഗ്രസ്മുക്ത ഇന്ത്യ' എന്ന അന്നത്തെയും ഇന്നത്തെയും രാഷ്ട്രീയ അജണ്ട.1905 മുതൽ കോൺഗ്രസിൽ വിവിധ ആശയധാരകൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളും കൂടുതലായി. അതുകൊണ്ടുതന്നെയാണ് 1909ൽ എം.കെ. ഗാന്ധി എഴുതിയ ഹിന്ദു സ്വരാജ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആദ്യമായി ഒരു പ്രത്യയശാസ്ത്ര വീക്ഷണം നൽകുന്നത്. ഇന്ത്യക്ക് വെളിയിൽ സൗത്ത് ആഫ്രിക്കയിൽ വിവേചനങ്ങൾക്കെതിരെ സാമൂഹിക നീതിക്കും തുല്യ അവകാശങ്ങൾക്കും വേണ്ടി നിരന്തര സമരം ചെയ്ത ഗാന്ധിജിയുടെ കാഴ്ചപ്പാട് ഇന്ത്യയിൽനിന്നുള്ള കോൺഗ്രസുകാരിൽനിന്ന് വ്യത്യസ്തമായിരുന്നു. അതിന് ഒരു കാരണം അദ്ദേഹം അനീതിയും വിവേചനവും കൊളോണിയൽ ഹിംസയും ജയിൽവാസവുമൊക്കെ നേരിട്ട് അനുഭവിച്ചതിൽനിന്നുള്ള രാഷ്ട്രീയ കാഴ്ചപ്പാടുകളും ബോധ്യങ്ങളുമാണ്.
ഹിന്ദു മഹാസഭയുണ്ടാക്കിയ അതേ വർഷമാണ് ഗാന്ധിജി ഇന്ത്യയിലേക്ക് തിരിച്ചു വരുന്നത്. നഗരങ്ങളിലുള്ള വിദ്യാഭ്യാസമുള്ളവരുടെ വരേണ്യ മേൽജാതി പുരുഷ നെറ്റ്വർക്കായ കോൺഗ്രസ് ആശയ കുഴമറിച്ചിലിലും സംഘടനാ പ്രശ്നങ്ങളിൽ ഉൾപ്പെട്ടിരിക്കുന്ന കാലത്താണ് ഗാന്ധിജി ഒരു പുതിയ തലമുറ മാറ്റത്തിെൻറ അടയാളമായി കോൺഗ്രസിൽ സജീവമാകുന്നത്. അതുവരെയുള്ള കോൺഗ്രസ്പ്രവർത്തനം പ്രധാനമായും നഗരകേന്ദ്രീകൃതമായിരുന്നു. ഗാന്ധി ഇന്ത്യയിൽ തിരികെ വന്നത് മുതൽ ഗ്രാമങ്ങളിലാണ് പ്രവർത്തനം തുടങ്ങിയത്. പടിഞ്ഞാറേ ഇന്ത്യയിൽ ഗുജറാത്തിലെ ഖേഡയിലും പിന്നെ കിഴക്കേ ഇന്ത്യയിൽ ചമ്പാരണിലും ഗാന്ധിജി സമരം ചെയ്തത് ഇന്ത്യയിലെ കർഷകരുടെ അവകാശത്തിനാണ്. അത് ഇന്നത്തെ കർഷക സമരത്തിെൻറ പശ്ചാത്തലത്തിൽ ചരിത്രപരമായി പ്രസക്തമാണ്.
എങ്ങനെയാണ് നൂറു കൊല്ലം മുമ്പ് ദുർബലമായിരുന്ന കോൺഗ്രസ് പ്രസ്ഥാനത്തെ ഗാന്ധിജി ഉത്തേജിപ്പിച്ച് ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനമാക്കി മാറ്റിയത്? ഇന്ത്യൻ നാഷനൽ കോൺഗ്രസ് പ്രായേണ ദുർബലമായ സമയത്താണ് ഗാന്ധിജി ഇന്ത്യയിലെ ഗ്രാമങ്ങളിൽ സമരവും സാമൂഹിക പ്രവർത്തനവുമൊരുമിപ്പിച്ച് പുതിയ ഒരു രാഷ്ട്രീയ നൈതികതക്ക് തുടക്കം കുറിച്ചത്.
നൂറു കൊല്ലംമുമ്പ് 1920കളിൽ ഒരു മഹാമാരി കാലഘട്ടത്തിൽ ഗാന്ധിയൻ സമീപനങ്ങളിൽ കോൺഗ്രസ് എങ്ങനെ മഹാ പ്രസ്ഥാനമായത് എന്നത് ഇന്ന് 2021ലും പ്രസക്തമാണ്. ഇന്ത്യയിലെ ജാതി -മത -ഭാഷ വൈവിധ്യങ്ങളെ ഉൾക്കൊണ്ട് കോൺഗ്രസിനെ ഒരു ബഹുജന പ്രസ്ഥാനമാക്കിയത് ഗാന്ധിയൻ ആശയ-ആദർശ രാഷ്ട്രീയ പ്രയോഗം കൊണ്ടാണ്. ഒന്നാമതായി അദ്ദേഹം ചെയ്തത് രാഷ്ട്രീയ ആശയ ഭാഷയിലെ വിപ്ലവമാണ്. അതുവരെ വരേണ്യ വിദ്യാഭ്യാസമുള്ളവർ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലൂടെ സ്വായത്തമാക്കിയ രാഷ്ട്രീയ ആശയങ്ങൾ പ്രകടിപ്പിച്ചതുതന്നെ ഇംഗ്ലീഷ് ഭാഷയിലായിരുന്നു. ഗാന്ധിജി അതിനു ബദലായി ഒരു പുതിയ രാഷ്ട്രീയ നൈതികതയും ഒരു പുതിയ രാഷ്ട്രീയ ഭാഷയുമേകി എന്നത് കോൺഗ്രസിനെ ഭാഷാപരവും ആശയപരവുമായി ജനായത്തവത്കരിച്ചു. അദ്ദേഹം ഹിന്ദ് സ്വരാജ് എന്ന പുസ്തകമെഴുതിയത് മാതൃഭാഷയായ ഗുജറാത്തിയിലാണ് എന്നത് പ്രസക്തമാണ്. കോൺഗ്രസ് പാർട്ടിയെ മാറ്റി മറിച്ച് പുതിയ ദർശനവും രാഷ്ട്രീയ പ്രയോഗവും പുതിയ സ്വാതന്ത്ര്യ കാഴ്ചപ്പാടും ആശയദാർഢ്യത്തോടുള്ള, സാകല്യത്തോടുള്ള സാമൂഹിക -രാഷ്ട്രീയ പരിവർത്തന ലക്ഷ്യവുമാണ് ഗാന്ധിജിയെ മഹാത്മാവാക്കിയത്. അദ്ദേഹത്തിെൻറ ലോകവീക്ഷണം 'സർവോദയ' എന്നത് സാകല്യ സാർവദേശീയ കാഴ്ചപ്പാട് ആയിരുന്നു. അദ്ദേഹത്തിന് സത്യത്തോടുള്ള രാഷ്ട്രീയ നൈതിക പ്രയോഗമായിരുന്നു സത്യഗ്രഹം. അതേസമയത്ത് സാമ്രാജ്യത്തിനും അധികാര അഹങ്കാരങ്ങൾക്കെതിരായ 'സംഘർഷത്തോട് ' ഒപ്പം 'സംവാദവും' നടത്തുക എന്ന രാഷ്ട്രീയ രീതിശാസ്ത്രം ഗാന്ധിജിയുടേതായിരുന്നു.
രാഷ്ട്രീയ പ്രവർത്തനം സാമൂഹിക പ്രവർത്തനമാണ് എന്ന 'സംരചന' അഥവാ സാമൂഹിക പുനർ നിർമാണം തിരിച്ചറിഞ്ഞത് സമൂഹത്തെ മാറ്റിയില്ലെങ്കിൽ രാഷ്ട്രീയത്തെ മാറ്റാനാകില്ല എന്ന കാഴ്ചപ്പാടായിരുന്നു. ഇതിലെല്ലാം അദ്ദേഹം അഹിംസ എന്ന ആശയ -ആദർശ സമീപനം രാഷ്ട്രീയ പ്രയോഗത്തിെൻറ ഭാഗമാക്കി. ഗാന്ധിജി രാഷ്ട്രീയ ആശയ -ആദർശങ്ങൾക്കൊപ്പം കോൺഗ്രസ് പാർട്ടിയുടെ സാമൂഹിക ജനായത്തവത്കരണവും നടത്തി. ഇന്ത്യയിൽ ഗ്രാമങ്ങളിൽനിന്നുള്ളവരെയും വിവിധ ജാതി -മത ധാരകളിൽ ഉള്ളവരെയുമൊക്കെ കോൺഗ്രസ്ധാരയിൽ കൊണ്ടുവന്നു. ഗാന്ധിജിയുടെ പ്രഭാവം പദവികൾക്കപ്പുറത്തുള്ള രാഷ്ട്രീയ ധാർമിക നേതൃത്വമായിരുന്നു. സത്യഗ്രഹവും സംഘർഷവും സംരചനയും അഹിംസയും അദ്ദേഹം രാഷ്ട്രീയ പ്രയോഗങ്ങളിൽ കൂടെ വളർത്തിയ രീതിശാസ്ത്രമായിരുന്നു. അങ്ങനെ ആശയവും ആദർശ വിചാരങ്ങളും രാഷ്ട്രീയ പ്രയോഗ വ്യവഹരണങ്ങളും ഒരേ രാഷ്ട്രീയ നൈതികതയുടെ ഭാഗമായിരുന്നു.
1920കളിൽ ഗാന്ധി കോൺഗ്രസ് പ്രസ്ഥാനത്തെ ജനകീയ ജനായത്ത പ്രസ്ഥാനമാക്കാനാണ് ശ്രമിച്ചത്. ഒരേ സമയം മുസ്ലിംലീഗിെൻറ മത രാഷ്ട്രീയത്തിനും ഹിന്ദു മഹാസഭയുടെ ഭൂരിപക്ഷ ഹിന്ദുത്വ രാഷ്ട്രീയത്തിനും ആശയങ്ങൾകൊണ്ടും ഭാഷകൊണ്ടും രാഷ്ട്രീയ പ്രയോഗങ്ങൾകൊണ്ടും ബദൽ രാഷ്ട്രീയമാവിഷ്കരിക്കാനാണ് ഗാന്ധിജി ശ്രമിച്ചത്. ഗാന്ധിയുടെ രാഷ്ട്രീയ നൈതികതയോടൊപ്പം കോൺഗ്രസിന് കൃത്യമായ രാഷ്ട്രീയ പൊതുകാര്യ നയം ചർച്ചയായത് 1929ൽ ജവഹർലാൽ നെഹ്റു കോൺഗ്രസ്പ്രസിഡൻറ് ആയതോടുകൂടിയാണ്. നിരവധി ചർച്ചകൾക്കും സംവാദങ്ങൾക്കും ശേഷമാണ് കോൺഗ്രസ് കൃത്യമായി സോഷ്യൽ ഡെമോക്രാറ്റിക് പ്രത്യയശാസ്ത്ര ധാരയിലുള്ള രാഷ്ട്രീയ പ്രസ്ഥാനമായത്. രണ്ടു വർഷത്തെ ചർച്ചകൾക്കു ശേഷമാണ് 1931ൽ കറാച്ചി എ.ഐ.സി.സി സമ്മേളനത്തിെൻറ പ്രമേയത്തിൽ കോൺഗ്രസ് പാർട്ടിയുടെ പൊതുനയകാര്യ നയങ്ങളും പ്രത്യയശാസ്ത്ര നിലപാടുകളും കൃത്യമായി ആവിഷ്കരിച്ചത്. അതിൽ പൂർണസ്വരാജ്, രാഷ്ട്രീയ -സാമ്പത്തികസ്വാതന്ത്ര്യം, ജനായത്ത ഭരണം, തുല്യ മനുഷ്യാവകാശങ്ങൾ, തൊഴിലാളികളുടെ അവകാശങ്ങൾ, പാർശ്വവത്കരിക്കപ്പെട്ടവരുടെ അവകാശങ്ങൾ, സർവധർമ സമഭാവന, മതേതരത്വം സാമൂഹിക -സാമ്പത്തിക നീതിയെല്ലാം പ്രതിപാദിക്കുന്നുണ്ട്.
ഇന്ത്യൻ നാഷണൽ കോൺഗ്രസിെൻറ രാഷ്ട്രീയ ആശയ-ആദർശ അടിത്തറ ഗാന്ധിയൻ സാകല്യ രാഷ്ട്രീയ നൈതിക ധാർമികതയും നെഹ്റുവിെൻറ നേതൃത്വത്തിൽ ആവിഷ്കരിച്ച രാഷ്ട്രീയ പ്രത്യയശാസ്ത്ര നിലപാടുകളുമാണ്. അതുകൊണ്ടാണ് ഇന്ത്യയിലെ എല്ലാ വിഭാഗം ജനങ്ങൾക്കിടയിലും സാധുതയും സ്വീകാര്യതയുമുള്ള ബഹുജന പ്രസ്ഥാനമായത്.
സംഘ്പരിവാറിനും അതിെൻറ നേരത്തേയുള്ള സംഘടനാരൂപമായ ഹിന്ദു മഹാസഭക്കും ബദലായി സർവമത സമഭാവനയെ ഉൾക്കൊള്ളുന്ന സനാതന ഹിന്ദു ആശയ-പ്രയോഗ ധാരയെ വളർത്തി. അദ്ദേഹത്തിെൻറ രാഷ്ട്രീയ നൈതിക ധാർമിക പുതിയതെന്നതിലുപരി വിവിധ മതധാർമ്മികതളുടെആധുനിക രാഷ്ട്രീയ പുനരാഖ്യാനങ്ങളായിരുന്നു. അദ്ദേഹം സാമ്പ്രദായിക മതസ്പർധകളെയും വർഗീയതയെയും എതിർത്തത് മത വിശ്വാസങ്ങളെയോ ദൈവവിശ്വാസങ്ങളെയോ നിരാകരിച്ചല്ലായിരുന്നു. മറിച്ച് ആധുനിക സോഷ്യൽ ലിബറൽ കാഴ്ചപ്പാടുകളെ വിവിധ മതധാർമികതകളുമായി കൂട്ടിയിണക്കി ഇന്ത്യയുടെ വൈവിധ്യങ്ങൾ ഉൾക്കൊണ്ടുള്ള ഒരു രാഷ്ട്രീയ ധാർമിക വ്യവഹാരമായിരുന്നു. ഗാന്ധിയൻ രാഷ്ട്രീയ നൈതികത ധാർമികതയുടെ ഭാഷയും ആശയ സ്രോതസ്സുകളും പാശ്ചാത്യ രാഷ്ട്രീയ വ്യവഹാരങ്ങളെ മറികടക്കുന്ന ബദൽ രാഷ്ട്രീയമായത് അതുകൊണ്ടാണ്. അതുകൊണ്ടുകൂടിയാണ് ദൈവ- മത നിരാസ യൂറോപ്യൻ ആശയമായ കമ്യൂണിസത്തിനും അതിെൻറ ലെനിനിസ്റ്റ് കേന്ദ്രീകൃത രാഷ്ട്രീയപ്രയോഗത്തിനും ഗാന്ധിയൻ രാഷ്ട്രീയ നൈതികതയെ മറികടന്ന് ഇന്ത്യൻ ദേശീയ വൈവിധ്യങ്ങളിൽ വേരുറപ്പിക്കാൻ സാധിക്കാഞ്ഞത്.
സ്വതന്ത്ര ഭാരതത്തിെൻറ ഭരണഘടന നിർമാണത്തിലും ചർച്ചകളിലും പ്രധാനമായ സ്വാധീനങ്ങളിലൊന്ന് എ.ഐ.സി.സിയുടെ കറാച്ചി പ്രമേയമായിരുന്നു. ഇന്ത്യൻ ഭരണഘടനാ മൂല്യങ്ങളും മൗലിക അവകാശങ്ങളും ഇന്ത്യൻ നാഷണൽ കോൺഗ്രസിെൻറ ലിബറൽ സാമൂഹിക ജനായത്ത പ്രത്യയശാസ്ത്ര നിലപാടുകളുടെ പുനരാഖ്യാനമായിരുന്നു. അതിനോട് അന്ന് യോജിപ്പില്ലാത്തവരായിരുന്നു സംഘ്പരിവാറും അന്നത്തെ കമ്യൂണിസ്റ്റുകാരും. ഇപ്പോഴും സംഘ്പരിവാർ രാഷ്ട്രീയ പാർട്ടിയായ ബി.ജെ.പി സർക്കാർ ഭരണഘടനാ മൂല്യങ്ങളും മൗലിക അവകാശങ്ങളും നിരന്തരം തുരങ്കം െവക്കുന്നത് അതുകൊണ്ടുകൂടിയാണ്.
സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ കൊളോണിയൽ സാമ്രാജ്യത്വ ഭരണത്തിനെതിരെ പോരാടിയ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഒരു ഭരണപാർട്ടിയായി മാറി. ഇതിൽ ആദ്യം സംഭവിച്ച മാറ്റം ഗാന്ധിജിയെ രാഷ്ട്രപിതാവാക്കി വിഗ്രഹവത്കരിച്ച് കറൻസി നോട്ടുകളിലും സർക്കാർ ഓഫിസുകളിൽ ഫോട്ടോയുമുള്ള അധികാര സിംബോളിസത്തിൽ ആവാഹിച്ചിരുത്തി എന്നതാണ്. ഭരണപാർട്ടിയായി മാറിയ കോൺഗ്രസിൽ അതിനു രാഷ്ട്രീയ ധാർമിക ദിശാബോധം നൽകിയിരുന്ന ഗാന്ധിയൻ രാഷ്ട്രീയ നൈതികതയെ അരികുവത്കരിക്കുകയാണ് ഉണ്ടായത്. ഗാന്ധിസം ഇല്ലാത്ത ഗാന്ധിയെ ഭരണ അധികാരത്തിെൻറ ആസ്ഥാന ബിംബമാക്കിയതോടെ കോൺഗ്രസിൽനിന്ന് ഗാന്ധിയൻ രാഷ്ട്രീയ ധാർമികതയെ തള്ളിമാറ്റുകയാണുണ്ടായത്. അത് പരിഹരിക്കാനെന്നവണ്ണം ഗാന്ധിയൻ സാമൂഹിക സംഘടനകളെ ഭരണകൂടവും കോൺഗ്രസ് ഭരണപാർട്ടിയും അധികാര-രക്ഷാകർതൃ ഗുണഭോക്ത സംവിധാനത്തിെൻറ ഭാഗമാക്കി പതിയെ നിർവീര്യമാക്കി. ഗാന്ധിയൻ സിംബോളിസത്തെ എടുത്ത് ഗാന്ധിമാർഗത്തെ വിെട്ടാഴിഞ്ഞത് മുതൽ കോൺഗ്രസ് പാർട്ടിക്ക് സംഭവിച്ച ഏറ്റവും വലിയ വെല്ലുവിളി അതിനു നൂറു വർഷങ്ങൾക്ക് മുമ്പ് കിട്ടിയ ഗാന്ധിയൻ രാഷ്ട്രീയ നൈതിക ധാർമികത ക്രമേണ നഷ്ടപ്പെട്ടുെവന്നതാണ്. ഇന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അതിെൻറ രാഷ്ട്രീയ നൈതിക ധാർമികത (political ethics )യുടെ ദൃഢതയില്ലായ്മയാണ്.
കോൺഗ്രസിെൻറ പ്രത്യയശാസ്ത്ര നിലപാടുകളും ജനായത്ത സംഘടനാ സംവിധാനവും നിലനിർത്താൻ കോൺഗ്രസ് പാർട്ടിയുടെ ഒന്നാം തലമുറയിലുള്ള നേതാക്കൾ ശ്രദ്ധിച്ചു. അതിനു ഒരു കാരണം അവർ കോൺഗ്രസിൽ ചേർന്നത് സ്വാതന്ത്ര്യമെന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രബോധ്യങ്ങളിൽനിന്നാണ്. അവരിൽ ഒരുപാട് പേർ ജയിൽവാസവും ഭരണകൂടത്തിെൻറ മർദനവും ഏറ്റവരായിരുന്നു. അതുകൊണ്ടുതന്നെ ജവഹർലാൽ നെഹ്റുവിെൻറ കാലത്തും ലാൽ ബഹദൂർ ശാസ്ത്രിയുടെ കാലത്തും കോൺഗ്രസ് പ്രത്യയശാസ്ത്ര അടിത്തറയുള്ള ജനായത്ത ബഹുജന സംഘടനയായിരുന്നു. എന്നാൽ 1960കളുടെ അവസാനത്തോടെ കോൺഗ്രസിൽ ചേരിതിരിവും ഗ്രൂപ്പ് രാഷ്ട്രീയവും സജീവമായി.
കോൺഗ്രസിൽ ഗാന്ധി -നെഹ്റു കാലത്തുള്ള ചേരിതിരിവുകൾ ആശയപരമായ സംവാദ സഹകരണങ്ങളായിരുന്നു. ജവഹർലാൽ നെഹ്റുവും വല്ലഭ്ഭായ് പട്ടേലും രാജേന്ദ്ര പ്രസാദും വിവിധ ആശയധാരകളുള്ളവരായിരുന്നു. പക്ഷേ അവർ കോൺഗ്രസിനുള്ളിലെ സംവാദ-സമവായ സഹകരണ രാഷ്ട്രീയ സംസ്കാരത്തിൽ വളർന്ന നേതാക്കളായിരുന്നു.
1960കളുടെ അവസാനത്തോടെയുള്ള ചേരിതിരിവുകൾ അധികാര രാഷ്ട്രീയത്തിെൻറ താൽപര്യങ്ങളുടെ ഏറ്റുമുട്ടലുകളായിരുന്നു. ഐഡിയോളജിക്കൽ രാഷ്ട്രീയത്തിൽ നിന്ന് അധികാര രാഷ്ട്രീയത്തിലേക്കുള്ള മാറ്റമായിരുന്നു അത്. അതിനു ശേഷം എഴുപതുകളിൽ കോൺഗ്രസ് പൂർണമായ അധികാര ഭരണപാർട്ടിയായി മാറി. കോൺഗ്രസ് ഒരു കേന്ദ്രീകൃത അധികാരപാർട്ടി സംവിധാനമായില്ലെങ്കിൽ അത് ശിഥിലമാകുമെന്ന ധാരണയിലാണ് ഹൈകമാൻഡ് എന്ന സംഘടനാ മാറ്റമുണ്ടായത്. ഇന്ദിരഗാന്ധിയുടെ കാലത്ത് പി.എൻ. ഹസ്കർ കൊടുത്ത ഉപദേശത്തിലാണ് കോൺഗ്രസിൽ അധികാര കേന്ദ്രീകൃത നേതൃത്വം എന്ന ആശയം നടപ്പാക്കിയത്. അടിയന്തരാവസ്ഥയോടെ കോൺഗ്രസിന് ഗാന്ധിയൻ സംഘടനകളുമായി ബന്ധംപോലും പോയി. ഗാന്ധിയൻ സാമൂഹിക സംഘടനകൾ അടിയന്തരാവസ്ഥയെ എതിർത്തു. അടിയന്തരാവസ്ഥയിൽ ഭരണഘടനയിലെ മൗലിക അവകാശങ്ങൾ മാത്രമല്ല ഹനിക്കപ്പെട്ടത്. ഗാന്ധിയൻ രാഷ്ട്രീയ നൈതികയും നെഹ്റുവിയൻ ലിബറൽ ജനായത്തവും അതിെൻറ ഭാഗമായിരുന്ന കോൺഗ്രസ് സംഘടനാ സംവിധാനവും മാറി.
അതുകൊണ്ടുതന്നെ ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലും കോൺഗ്രസ് പാർട്ടിയുടെ ചരിത്രവും അടിയന്തരാവസ്ഥക്ക് മുമ്പും പിൻപും എന്ന് വേർതിരിക്കാനാകും. ഇന്ന് ഇന്ത്യയിൽ കാണുന്ന അധികാര രാഷ്ട്രീയ വ്യവഹാരവും അതുപോലെ കക്ഷി രാഷ്ട്രീയ സംസ്കാരവും 1977- 82നും ഇടക്കുള്ള അഞ്ചു വർഷത്തിൽ രൂപപ്പെട്ടുവന്നതാണ്. അതിനു ശേഷം രാഷ്ട്രീയമെന്നത് അധികാര രാഷ്ട്രീയമെന്നത് മാത്രമായി. അധികാരം ഐഡിയോളജിയായി മാറി. മറ്റു പ്രത്യയശാസ്ത്ര നിലപാടുകൾ ഭാഷാവ്യവഹാരങ്ങൾക്ക് അപ്പുറം പോയില്ല. ഈ കാലത്താണ് രജനി കോത്താരി വിവരിച്ച കോൺഗ്രസ് സിസ്റ്റത്തിെൻറ അന്ത്യം തുടങ്ങിയത്. കോൺഗ്രസ് പാർട്ടി മാത്രം അല്ല മാറിയത്. പഴയ ജനസംഘിന് പുനരാഖ്യനം നൽകി പുതുക്കി ബി.ജെ.പിയായി പുനരവതരിച്ചു. കമ്യൂണിസ്റ്റ് പാർട്ടികൾ പഴയ ലൈൻ മാറ്റി അധികാര-രാഷ്ട്രീയ പാർട്ടികളായി പരിണമിച്ചു. അധികാര രാഷ്ട്രീയത്തിൽ ഭരണം പിടിക്കുക എന്നത് പരമമായ ലക്ഷ്യമായി. അതിനായി നീക്കുപോക്ക് രാഷ്ട്രീയം പ്രധാനമായപ്പോൾ ഐഡിയോളജി അധികാര രാഷ്ട്രീയ യുക്തിക്ക് വഴിമാറി.
അതുപോലെ ഐഡിയോളജിക്കൽ രാഷ്ട്രീയ വ്യവഹാരത്തിൽ (ideological politics) നിന്ന് സ്വത്വ രാഷ്ട്രീയ വ്യവഹാരത്തിേലക്ക് (identity politics ) മാറിയത് 1980കളിലാണ്. പഴയ രാം മനോഹർ സോഷ്യലിസ്റ്റുകൾ അധികാര രാഷ്ട്രീയത്തിൽ ജാതി -വോട്ടുകൾക്ക് വേണ്ടി ഭൂരിപക്ഷ ജാതിസമവാക്യങ്ങളുടെ അധികാര വക്താക്കളായി മാറി. ആ മാറ്റം പലതരത്തിൽ ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാർട്ടികളെയും വോട്ടു നോക്കി സംഘടനായന്ത്രങ്ങളാക്കി മാറ്റി.
രാഷ്ട്രീയ പാർട്ടികൾ അധികാര രാഷ്ട്രീയത്തിലേക്കുള്ള എൻട്രി പോയൻറ് മാത്രമായപ്പോൾ ഇന്ത്യയിലെ രാഷ്ട്രീയ സാമൂഹിക ശാസ്ത്രമാകെ മാറി. രാഷ്ട്രീയ പാർട്ടികളിൽ പദവികൾക്ക് പ്രാധാന്യമേകിയത് അത് സർക്കാർ അധികാരത്തിലെത്താൻ മാത്രമുള്ള ചവിട്ടുപടികളായതുകൊണ്ടാണ്. രാഷ്ട്രീയത്തിൽ ഒരുപാട് പേർ ചേർന്നത് അത് അധികാര കരിയർ സാധ്യതയിലേക്കുള്ള ഒരു പെരുവഴിയായതുമുതലാണ്. എങ്ങനെയും അധികാരത്തിൽ എത്തുക എന്ന താൽപര്യ കൂട്ടയോട്ടത്തിലെ ട്രാക്കുകളായി ഗ്രൂപ്പ് രാഷ്ട്രീയം. സർക്കാർ അധികാരം പിടിക്കാൻ ആരുമായും എങ്ങനെയും അവസരവാദ നിലപാട് എടുക്കുന്നത് 'ചാണക്യ' തന്ത്രമെന്നു മാധ്യമങ്ങൾ. ടെലിവിഷെൻറ ആവിർഭാവത്തോടെ രാഷ്ട്രീയം ടെലിജനിക്ക് അധികാരവ്യവഹാരമായി. ടെലിവിഷനിൽ നല്ലതുപോലെ കാര്യങ്ങൾ അവതരിപ്പിക്കുന്ന സുന്ദരന്മാരും സുന്ദരിമാരും ജനപ്രിയരായി. 1980കളുടെ അവസാനത്തോടെ രാഷ്ട്രീയ പാർട്ടികൾ കോർപറേറ്റ്വത്കരിക്കപ്പെട്ടു.
1992നു ശേഷമുള്ള നിയോ ലിബറൽ കാലത്താണ് രാഷ്ട്രീയ പാർട്ടികൾക്കും കോർപറേറ്റ് കമ്പനികൾ വലിയ തോതിൽ സംഭാവനകൾ നൽകിതുടങ്ങിയത്. രാഷ്ട്രീയ പാർട്ടികളുടെ ഫണ്ടുകൾ മുകളിൽനിന്ന് താഴോട്ട് വരാൻ തുടങ്ങിയതോടെ അധികാരവും മുകളിൽ നിന്ന് താഴോട്ട് വീതം െവക്കുന്ന ഒന്നായി. അധികാര രാഷ്ട്രീയത്തിൽ കോർപറേറ്റ്സംഭാവനകൾ അവിഭാജ്യ ഘടകമായതോടെ രാഷ്ട്രീയ പാർട്ടികളിൽ കേന്ദ്രീകൃത കോർപറേറ്റ് മാനേജ്മെൻറ് സംവിധാനമുണ്ടായി. രാഷ്ട്രീയ പാർട്ടികൾ രാഷ്ട്രീയ സംരംഭങ്ങളായി മാറി (പൊളിറ്റിക്കൽ എൻറർപ്രൈസ്). അങ്ങനെയുള്ള അവസ്ഥയിൽ ഫണ്ട് മാനേജർമാരും ടെലിജനിക് പ്രചാരകരുമാണ് അധികാരത്തിെൻറ ആൾരൂപങ്ങളായത്. ഫണ്ടും മാധ്യമങ്ങളും കോർപറേറ്റ് ഒത്താശയോടെ മാനേജ് ചെയ്യുന്നവർക്ക് പ്രാമുഖ്യം ലഭിച്ചു. അതോടൊപ്പം അടിസ്ഥാന തലത്തിലുള്ള രാഷ്ട്രീയ പ്രവർത്തനം തെരഞ്ഞെടുപ്പ് യന്ത്ര സംവിധാനത്തിെൻറ ഭാഗംമാത്രമായി ചുരുങ്ങി. പഞ്ചായത്ത് രാജ് സംവിധാനം വന്നതോടെ അടിസ്ഥാനതലത്തിലുള്ളവർക്കുള്ള അധികാര ഇൻസെൻറീവായി മാറി.
ഇന്ന് ഇന്ത്യയിൽ സ്വത്വ രാഷ്ട്രീയവും(identity politics) ഗുണഭോക്തൃ രാഷ്ട്രീയവും (incentive politics ) കോർപറേറ്റ് അധികാര രാഷ്ട്രീയത്തിെൻറ പ്രധാന വ്യവഹാരങ്ങളായി മാറിയിരിക്കുന്നു. അധികാര രാഷ്ട്രീയം ഇലക്ഷൻ മാനേജ്മെൻറായി പരിണമിച്ചു. അതിെൻറ ഭാഗമായി മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും പരസ്യ പ്രചാരണ മാർക്കറ്റിങ് സംവിധാനത്തിെൻറ ഭാഗമായി മാറി. ഈ മാറ്റങ്ങളെ പെട്ടെന്ന് സംഘടനാ സംവിധാനത്തിലാവേശിപ്പിച്ചു വിജയിച്ചതാണ് മോദി മോഡൽ. ഈ സാമൂഹിക -രാഷ്ട്രീയ സാഹചര്യത്തിൽ വേണം കോൺഗ്രസിെൻറ ഭാവിയെകുറിച്ച് വിഭാവനം ചെയ്യാൻ. നൂറു കൊല്ലം മുമ്പ് ഗാന്ധിജി കോൺഗ്രസിൽ സജീവമാകാൻ തുടങ്ങിയപ്പോൾ കോൺഗ്രസ് പാർട്ടി ഇതിലും ദുർബലമായിരുന്നു. അന്ന് 'കോൺഗ്രസ് മുക്ത' ഇന്ത്യ സാമ്രാജ്യത്വ ഭരണകൂടത്തിെൻറയും വർഗീയ രാഷ്ട്രീയത്തിെൻറയും ആവശ്യമായിരുന്നു. ഇന്നും തികച്ചും വ്യത്യസ്ത സാമൂഹിക -രാഷ്ട്രീയത്തിൽ കോൺഗ്രസ് നേരിടുന്ന വെല്ലുവിളി അതിനു ദേശീയ തലത്തിൽ ഒരു പുതിയ രാഷ്ട്രീയ നൈതിക ധാർമികതയും നെഹ്റുവിയൻ പ്രത്യയശാസ്ത്ര ദൃഢതയും അടിസ്ഥാന തലം തൊട്ടുള്ള ജനായത്തവത്കരണവുമാണ്.
ഒരു അധികാര ഭരണ പാർട്ടി എന്നതിലുപരി കോൺഗ്രസ് വീണ്ടും ഒരു ദേശീയ ജനായത്ത ബഹുജന പ്രസ്ഥാനമാകണം. സമൂഹം മാറിയെങ്കിലേ രാഷ്ട്രീയം മാറുകയുള്ളൂ. ഇന്ത്യയിലെ വർഗീയ വിവേചന അധികാര രാഷ്ട്രീയത്തിന് ബദലുണ്ടാകണമെങ്കിൽ കോൺഗ്രസ് സമൂഹത്തിൽ നിരന്തരം ഇടപെടുന്ന ഒരു സാമൂഹിക രാഷ്ട്രീയ പ്രസ്ഥാനമായി മാറണം. മാറിയ വിവര -സാങ്കേതിക മാധ്യമ സാഹചര്യത്തിൽപോലും ഏറ്റവും പ്രധാനം വിവിധ വിഭാഗങ്ങളിലുള്ള സാമൂഹിക രാഷ്ട്രീയ വിശ്വാസ്യത നേടുക എന്നതാണ്.
ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ വെറും വോട്ടു നോക്കി തെരഞ്ഞെടുപ്പ് യന്ത്രം എന്നതിൽ ഉപരിയുള്ള രാഷ്ട്രീയ സാമൂഹിക ഭാവനയും ദർശനവുമുണ്ടെങ്കിലേ അത് സാധിക്കുകയുള്ളൂ. എന്തിന് പുതിയ ആളുകൾ കോൺഗ്രസിൽ ചേരണം എന്ന് ആർജവത്തോട് പറയാനുള്ള രാഷ്ട്രീയ -സാമൂഹിക കാഴ്ചപ്പാടുകൾ വേണം. അതുമാത്രം അല്ല, സാധാരണ ജനങ്ങൾക്ക് കോൺഗ്രസ്പാർട്ടിയെയും നേതാക്കളെയും കുറിച്ചുള്ള സിനിക്കൽ അവജ്ഞ മാറ്റാൻ അടിസ്ഥാന തലത്തിൽ സാമൂഹിക പ്രവർത്തനവും രാഷ്ട്രീയ പ്രവർത്തനവും യോജിപ്പിച്ചുള്ള പോസിറ്റിവ് പൊളിറ്റിക്സിലൂടെയേ സാധിക്കുകയുള്ളൂ.
കോൺഗ്രസ് കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും നേരിടുന്ന വെല്ലുവിളികൾ സമാനമാണ്. അടിസ്ഥാന തലത്തിൽ തെരഞ്ഞെടുപ്പിന് മുമ്പുള്ള പ്രവർത്തനത്തിന് അപ്പുറം പ്രവർത്തനം ഇല്ല. പാർട്ടിയിൽ ആളുകൾ ചേരുന്നതിെൻറ പ്രധാന ഇൻസെൻറീവ് സർക്കാർ അധികാരത്തിെൻറയും ഭരണത്തിെൻറയും ഗുണഭോക്താവ് ആകുക എന്നത് മാത്രമായി. അതിനുള്ള ട്രാക്ക് മാത്രമായി ഗ്രൂപ്പ് പ്രവർത്തനം. പാർട്ടിയിൽ ഫണ്ട് മാനേജർമാരും മാധ്യമ വക്താക്കളും പ്രധാന നേതാക്കളുടെ ആശ്രിതരും പ്രധാനമായും വിവിധ സംസ്ഥാനങ്ങളിൽ സംഘടന സംവിധാനം ക്ഷയിച്ചു വിവിധ നേതാക്കളുടെ നെറ്റ്വർക്ക് മാത്രമായി.
ഈ അവസ്ഥക്ക് മാറ്റം വരാൻ മുകളിൽ തൊട്ട് അടിവരെ മാറ്റങ്ങളുണ്ടാകണം. ഭരണ-അധികാര അവസരവാദ രാഷ്ട്രീയത്തിനു അപ്പുറം പുതിയ രാഷ്ട്രീയ നൈതികതയും ഉറച്ച പ്രത്യയശാസ്ത്ര നിലപാടുകളും വേണം.
ഇന്ത്യയിൽ അടുത്ത മുപ്പതു കൊല്ലം എന്തുതരം രാഷ്ട്രീയമാണ് എന്നതിനെ കുറിച്ച് കൃത്യമായി വിശകലനവും കാഴ്ചപ്പാടുകളും വേണം. അതിനുവേണ്ടത് ആശയങ്ങളുടെ ജനായത്തവത്കരണമാണ്. നൂറുശതമാനം മതേതര ജനായത്ത പ്രസ്ഥാനമാകണം. അധികാര രാഷ്ട്രീയത്തിന് അപ്പുറത്ത് ചിന്തിക്കുകയും പ്രവർത്തിക്കുകയുംചെയ്യുന്നവരെ കോൺഗ്രസ് പ്രസ്ഥാനത്തിൽ എല്ലാ തലത്തിലും കൊണ്ടുവരണം. കോൺഗ്രസ് എല്ലായിടത്തും പലതരമായാൽ, പലതരം അവസരവാദ അധികാര രാഷ്ട്രീയമായാൽ പാർട്ടി വീണ്ടും ദുർബലമാകും. ഇന്ത്യയിലെ എല്ലാ ജാതി -മത -ഭാഷാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന ന്യൂനപക്ഷ വിഭാഗങ്ങളുടെയും പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെയും വിശ്വാസ്യത വീണ്ടെടുത്താൽ മാത്രമേ കോൺഗ്രസിന് ഇന്ത്യയിൽ രാഷ്ട്രീയ ഭാവിയുള്ളൂ.
ഒരുവശത്ത് കോൺഗ്രസിൽനിന്ന് പിരിഞ്ഞുപോയ തൃണമൂൽ കോൺഗ്രസ്, വൈ. എസ്.ആർ കോൺഗ്രസ്, എൻ.സി.പി എന്നിവരെ കോൺഗ്രസ് പ്രസ്ഥാനത്തിെൻറയോ മുന്നണിയുടെയോ ഭാഗമാക്കുക. മറുഭാഗത്ത്കോൺഗ്രസിന് മുപ്പതു കൊല്ലം മുമ്പിൽ കണ്ട് സാകല്യ രാഷ്ട്രീയ നൈതിക ദർശനമുണ്ടാകേണ്ടതുണ്ട്.
ഇരുപത്തിഒന്നാം നൂറ്റാണ്ടിൽ കോൺഗ്രസ് ഗാന്ധിയൻ രാഷ്ട്രീയ നൈതികത രാഷ്ട്രീയ പ്രയോഗത്തിൽ എല്ലാ തലത്തിലും വീണ്ടെടുക്കേണ്ടതുണ്ട്. ഖദർ ധരിക്കുക, ഗാന്ധിജയന്തി ആഘോഷിക്കുക, ഗാന്ധി സൂക്തങ്ങൾ ഉരുവിടുക എന്ന ടോക്കണിസത്തിന് അപ്പുറം ഗാന്ധിയൻ രാഷ്ട്രീയ നൈതികത അനുദിന രാഷ്ട്രീയ പ്രയോഗത്തിൽ കൊണ്ടുവന്നാൽ മാത്രമേ കോൺഗ്രസിന് ഒരേസമയം സാമൂഹിക പരിവർത്തന പ്രസ്ഥാനവും രാഷ്ട്രീയ പരിവർത്തന പ്രസ്ഥാനവുമാകാൻ കഴിയൂ.
തെരഞ്ഞെടുപ്പ് സമയത്തു കതിരിൽ കൊണ്ടു വളം െവച്ചാൽ മാത്രം കോൺഗ്രസ് തെരെഞ്ഞടുപ്പിൽ ജയിക്കില്ല. കോൺഗ്രസിനെ ഒരു തെരഞ്ഞെടുപ്പ് യന്ത്രമായി മാത്രം കണ്ടാൽ അതിനു സാധാരണ ജനങ്ങളുടെ വിശ്വാസ്യത തിരിച്ചുപിടിക്കാനാകില്ല. നേതാക്കളെ തെരഞ്ഞെടുപ്പിന് മുമ്പോ പിൻപോ മാറ്റിയതുകൊണ്ടോ കോസ്മെറ്റിക് മാറ്റങ്ങൾകൊണ്ടോ വലിയ മാറ്റങ്ങൾ ഉണ്ടാകില്ല.
ഇന്ത്യയിൽ എല്ലായിടത്തും അടിസ്ഥാന തലത്തിൽ ലക്ഷക്കണക്കിന് സാധാരണക്കാർ ചേർന്നെങ്കിലേ കോൺഗ്രസ് അടിത്തട്ടിൽ സജീവമാകുകയുള്ളൂ. അടിത്തട്ടിൽ പ്രവർത്തിക്കുന്ന കോൺഗ്രസ് പ്രവർത്തകരെ കൂടെ നിർത്തി നേതൃത്വ ഗുണമുള്ളവർക്ക് സ്വതന്ത്രമായി നേതൃത്വത്തിലേക്ക് വളരാനുള്ള സാഹചര്യമുണ്ടായാലേ കോൺഗ്രസ് പ്രസ്ഥാനം വളരുകയുള്ളൂ.
കോൺഗ്രസിന് തലമുറമാറ്റം വരേണ്ടത് ആശയ -ആദർശങ്ങളുടെ വീണ്ടെടുപ്പിലും അതുപോലെ ജനായത്തവത്കരണത്തിലൂടെയുമേ സാധിക്കുകയുള്ളൂ. കൂട്ടായ നേതൃത്വവും രാഷ്ട്രീയ സത്യസന്ധതയും വേണം. നേതൃത്വത്തിൽ ഉള്ളവർക്ക് പാർട്ടിക്കുള്ളിലും വെളിയിലും അകൗണ്ടബിലിറ്റി വേണം.
ഇന്ത്യ 2050ൽ എന്തായിരിക്കും എന്തായിരിക്കണം എന്ന സാകല്യ ദർശനവും കാഴ്ചപ്പാടുകളും രാഷ്ട്രീയ പ്രയോഗത്തിൽ കൊണ്ടുവന്ന് അഞ്ചു കൊല്ലം കഠിന പരിശ്രമം ചെയ്ത് പത്തു ലക്ഷം പുതിയ പൗരന്മാരെ, യുവാക്കളെ കോൺഗ്രസിന് ആകർഷിക്കാൻ കഴിഞ്ഞാൽ വീണ്ടും ഇന്ത്യൻ നാഷനൽ കോൺഗ്രസ് ഇന്ത്യയിലെ സമൂഹത്തെയും രാഷ്ട്രീയത്തെയും മാറ്റാൻ പ്രാപ്തിയുള്ള ബഹുജന പ്രസ്ഥാനമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.