‘ഒരു പേജുകീറലിന്റെ ഓർമ’ ; എന്തുകൊണ്ടാണ്​ അച്ചടിച്ച ഫീച്ചർ താൾ കീറിമാറ്റി വനിതാ പ്രസിദ്ധീകരണം ഇറങ്ങിയത്​?

കേരളത്തിലെ ഫെമിനിസ്​റ്റ്​ മുന്നേറ്റത്തിൽ ​സുപ്രധാന പങ്കുള്ള ‘ബോധന’യുടെ സാമൂഹിക ഇടപെടലി​ന്റെ തുടക്കംകൂടിയായ സംഭവം എഴുതുകയാണ്​ മുതിർന്ന മാധ്യമപ്രവർത്തകനായ ലേഖകൻ. എന്തുകൊണ്ടാണ്​ അച്ചടിച്ച ഫീച്ചർ താൾ കീറിമാറ്റി വനിതാ പ്രസിദ്ധീകരണം ഇറങ്ങിയത്​? അതിനെതിരെയുള്ള പ്രതിഷേധം എത്തരത്തിലുള്ളതായിരുന്നു?1987ൽ ലൈംഗിക തൊഴിലാളിയായ കുഞ്ഞീബിയുടെ ലോക്കപ്പ് മരണത്തിൽനിന്നാണ് ‘ബോധന’യുടെ സാമൂഹിക ഇടപെടലുകളുടെ തുടക്കം എന്നാണ് അജിതയുടെ പിൽക്കാല രേഖപ്പെടുത്തൽ. അത് ശരിയല്ല. അതൊരു മറവി ഓർമയെ മൂടിയതുകൊണ്ട് സംഭവിച്ച ചരിത്രപരമായ പിശകാണ്. ‘ഗൃഹലക്ഷ്മി’ ഒരു പേജ് കീറിയെടുത്ത സംഭവം ഉണ്ടാകുന്നത് 1986 നവംബറിലും കുഞ്ഞീബി...

കേരളത്തിലെ ഫെമിനിസ്​റ്റ്​ മുന്നേറ്റത്തിൽ ​സുപ്രധാന പങ്കുള്ള ‘ബോധന’യുടെ സാമൂഹിക ഇടപെടലി​ന്റെ തുടക്കംകൂടിയായ സംഭവം എഴുതുകയാണ്​ മുതിർന്ന മാധ്യമപ്രവർത്തകനായ ലേഖകൻ. എന്തുകൊണ്ടാണ്​ അച്ചടിച്ച ഫീച്ചർ താൾ കീറിമാറ്റി വനിതാ പ്രസിദ്ധീകരണം ഇറങ്ങിയത്​? അതിനെതിരെയുള്ള പ്രതിഷേധം എത്തരത്തിലുള്ളതായിരുന്നു?

1987ൽ ലൈംഗിക തൊഴിലാളിയായ കുഞ്ഞീബിയുടെ ലോക്കപ്പ് മരണത്തിൽനിന്നാണ് ‘ബോധന’യുടെ സാമൂഹിക ഇടപെടലുകളുടെ തുടക്കം എന്നാണ് അജിതയുടെ പിൽക്കാല രേഖപ്പെടുത്തൽ. അത് ശരിയല്ല. അതൊരു മറവി ഓർമയെ മൂടിയതുകൊണ്ട് സംഭവിച്ച ചരിത്രപരമായ പിശകാണ്. ‘ഗൃഹലക്ഷ്മി’ ഒരു പേജ് കീറിയെടുത്ത സംഭവം ഉണ്ടാകുന്നത് 1986 നവംബറിലും കുഞ്ഞീബി സംഭവം 1987 സെപ്റ്റംബറിലുമാണ്.

‘ഗൃഹലക്ഷ്മി’യിൽ ഞാനെഴുതിയ ആ ഫീച്ചർ സ്ത്രീകളെ സെക്സ് റാക്കറ്റിലേക്കെത്തിക്കുന്ന രാഷ്ട്രീയബന്ധമുള്ള ഒരു ഗുണ്ടാസംഘത്തെക്കുറിച്ചായിരുന്നു. സാംസ്കാരിക വേദിക്കാലത്തെ ആദ്യത്തെ ജനകീയ വിചാരണയിലൂടെ പ്രശസ്തനായ എ. സോമൻ, ഫെമിനിസ്റ്റ് സാഹിത്യ പഠനങ്ങൾക്ക് മലയാളത്തിൽ വലിയ തുടക്കമിട്ട എൻ.കെ. രവി (പിൽക്കാലത്ത് ‘ഏഷ്യാനെറ്റി’ന്റെ ആദ്യകാല വാർത്താ അവതാരകരിൽ ഒരാൾ) തുടങ്ങിയ സഖാക്കളാണ് എന്നെ പീഡനത്തിനിരയായ, ജീവിച്ചിരിക്കുന്നവരും ആത്മഹത്യചെയ്തവരുമായ പെൺകുട്ടികളുടെ വീടുകളിലേക്ക് നയിച്ചത്. അതുടൻതന്നെ വലിയ രാഷ്ട്രീയ ബന്ധങ്ങളുള്ള ആ ഗുണ്ടാസംഘം അറിയുകയും ‘മാതൃഭൂമി’യിൽ അതച്ചടിച്ച് വരില്ല എന്ന് പരസ്യമായി വെല്ലുവിളിക്കുകയും ചെയ്തു. അച്ചടിച്ചുവരും എന്ന് ഞാനും (99 ശതമാനം എന്ന നാലപ്പാടൻ ഉറപ്പിന്റെ കരുത്തിൽ) –തിരിച്ച് ഒപ്പം നടന്ന സഖാക്കൾക്ക് ഉറപ്പുകൊടുത്തു. അതച്ചടിക്കുകയും ചെയ്തു: ‘ഗ്രാമങ്ങളിൽ പെൺവേട്ടക്കിറങ്ങുന്ന പുരുഷകേസരികൾ’ എന്നായിരുന്നു ഫീച്ചറിന്റെ തലക്കെട്ട് (പുരുഷകേസരി എന്ന പ്രയോഗം അടുത്ത പൊതുതെരഞ്ഞെടുപ്പുവരെ ശക്തമായി സമൂഹത്തിൽ കത്തിനിന്നതോർക്കുന്നു).

‘ഗൃഹലക്ഷ്മി’യിൽ പേജ് കീറിയ ലേഖനത്തിന്റെ തുടക്കം

അച്ചടിച്ചതിന് അടുത്ത രാവിലെ ഓഫിസിലെത്തുമ്പോൾ ഡെപ്യൂട്ടി എഡിറ്റർ ടി. വേണുക്കുറുപ്പ് കയറിവരുന്ന ഗാന്ധിപ്പടിയിൽ (ഗാന്ധിജി ‘മാതൃഭൂമി’യിൽ കയറിവന്ന പടികൾ – ഇന്നത് അടച്ചിട്ടിരിക്കയാണ്. അത് വഴിയല്ല – പകരം ലിഫ്റ്റ് വന്നു) കാത്തുനിൽക്കുകയായിരുന്നു. നേരെ അദ്ദേഹത്തിന്റെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി: ‘‘തെളിവെവിടെ?’’

ആ ചോദ്യത്തിൽ ഞാൻ പകച്ചുനിന്നു: ‘‘എല്ലാം അവർ പറഞ്ഞതാണ്.’’

‘‘അവർ മൊഴിമാറ്റിയാലോ? മാറ്റില്ല എന്ന് നിനക്ക് ഉറപ്പുണ്ടോ? വലിയ ശക്തരോടാണ് കളി. ഇത് ഈ നിലക്ക് പുറത്തുപോകാൻ പറ്റില്ല. എന്തു വരും എന്നെനിക്കറിയില്ല’’ – വേണുക്കുറുപ്പ് തറപ്പിച്ചുപറഞ്ഞു.

‘മാതൃഭൂമി’യിൽ അസാധാരണ നീക്കങ്ങൾ പലതും നടന്നു. അതിന്നും എല്ലാം എല്ലാവർക്കുമറിയില്ല. എനിക്കുമറിയില്ല.

‘ഗൃഹലക്ഷ്മി’ ഫീച്ചറിലെ ഒരു പേജ് കീറിയെടുത്ത് മാർക്കറ്റിൽ ഇറക്കാൻ തീരുമാനമായി. രാത്രിക്ക് രാത്രി സീനിയേഴ്സിന് കൊടുത്ത അഡ്വാൻസ് കോപ്പി തിരിച്ചെടുപ്പിച്ച്, വൻസുരക്ഷയിൽ ആളെ നിർത്തി മുഴുവൻ കോപ്പിയിൽനിന്നും ഇരകൾ പീഡകരുടെ പേര് വെളിപ്പെടുത്തിയ പേജ് കീറിയെടുത്തു. വേസ്റ്റ് പോലും ചികഞ്ഞ് കീറിയെടുത്ത ഭാഗങ്ങൾക്കൊപ്പം നശിപ്പിച്ചു. കമ്പനിയുടെ ഏറ്റവും വിശ്വസ്തരായ ആൾക്കാരെ മാത്രമാണ് ആ പണിക്ക് വിനിയോഗിച്ചത്.

പേജ് കീറിയെടുത്ത ‘ഗൃഹലക്ഷ്മി’ 1986 നവംബർ 8ന് മാർക്കറ്റിൽ ഇറങ്ങി. അന്നു വൈകുന്നേരംതന്നെ കോഴിക്കോട്ടെ സായാഹ്നപത്രങ്ങളിൽ പേജ് കീറൽ വാർത്തയായി. സ്ത്രീപീഡകരെ ‘മാതൃഭൂമി’ സംരക്ഷിക്കുന്നു എന്ന് പറഞ്ഞ് തൊട്ടടുത്ത ദിവസം , ’86 നവംബർ 9ന് ഞായറാഴ്ച ‘ദേശാഭിമാനി’യിലും ‘ജനയുഗ’ത്തിലും വൻ വാർത്ത വന്നു: നാം എങ്ങോട്ട് എന്ന്! തൊട്ടടുത്ത ദിവസം വിഷയം നിയമസഭയിലെത്തി. ‘നാം മുന്നോട്ട് (എങ്ങോട്ട്)’ എന്ന നാലപ്പാടിന്റെ കോളത്തെ പരിഹസിച്ച് ‘നാം എങ്ങോട്ട്’ എന്നായിരുന്നു ഉന്നയിക്കപ്പെട്ട ചോദ്യം.

എം.ഡി എം.പി. വീരേന്ദ്രകുമാറും മാനേജിങ് എഡിറ്റർ എം.ഡി. നാലപ്പാടും അപ്പോൾ സ്ഥലത്തില്ലായിരുന്നു.

‘‘എന്റെ പത്രത്തിൽ ഞാനറിയാതെ ഒരു പേജ് കീറിയെടുക്കാൻ അവിടെ ആർക്കാണ് അധികാരം’’ എന്ന് ചോദിച്ചാണ് നാലപ്പാട് ആദ്യം ഡൽഹിയിൽനിന്നും ഓഫിസിലേക്ക് കമ്പിയടിച്ചത്. ആ ടെലിപ്രിന്ററിന്റെ ഒരു കോപ്പി എന്നെ ആശ്വസിപ്പിക്കാനായി ഒപ്പം നിന്ന കാർട്ടൂണിസ്റ്റ് ബി.എം. ഗഫൂർ രഹസ്യമായി നൽകി. അത് മാഞ്ഞു പോകുംവരെ ഞാനത് സൂക്ഷിച്ചിരുന്നു.

‘നാം മുന്നോട്ട് (എങ്ങോട്ട്)’ എന്ന നാലപ്പാടിന്റെ കോളത്തെ പരിഹസിച്ച് ‘നാം എങ്ങോട്ട്’ എന്ന തലക്കെട്ടിൽ ‘ദേശാഭിമാനി’ പ്രസിദ്ധീകരിച്ചത്

വിഷയം പുറത്തെത്തിയതോടെ ‘ബോധന’യുടെ ആഭിമുഖ്യത്തിൽ അജിത, ഗംഗ, അംബുജം എന്നിവരുടെ നേതൃത്വത്തിൽ ‘മാതൃഭൂമി’ക്ക് മുന്നിൽ സ്ത്രീകൾ വന്നിരുന്ന് രാവിലെ മുതൽ ധർണ തുടങ്ങി. അവരുടെ മുദ്രാവാക്യങ്ങൾക്കിടയിലൂടെയാണ് മാനേജിങ് ഡയറക്ടർ എം.പി. വീരേന്ദ്രകുമാർ ഓഫിസിലേക്ക് വരുന്നത്. ഒന്നാം നിലയിലെ റിപ്പോർട്ടിങ്ങിലിരുന്ന് ആ കാഴ്ച ഞങ്ങൾ നോക്കിക്കണ്ടു: സ്ത്രീപീഡകരുടെ സംരക്ഷകരായി ‘മാതൃഭൂമി’ മാറി എന്ന മുദ്രാവാക്യം മുകളിലേക്കും അലയടിച്ചെത്തി. പുറത്തെ ശബ്ദവും ചൂടും പുകയും ഉള്ളിലേക്ക് അറിയാതിരിക്കാൻ സെൻട്രലൈസ്ഡ് എ.സി അന്ന് മാതൃഭൂമിയിൽ എത്തിയിട്ടില്ല. മീറ്റിങ്ങുകൾ തകൃതിയായി നടന്നു. അതിനിടയിൽ എന്നെ എം.ഡി വിളിപ്പിച്ച് എന്താണ് സംഭവിച്ചത് എന്ന് ശാന്തമായി ആരാഞ്ഞു. എല്ലാം കേട്ടശേഷം പൊയ്ക്കൊള്ളാൻ പറഞ്ഞു. ഒന്നും പ്രതികരിച്ചില്ല. ശകാരിച്ചതുമില്ല.

ഉച്ചയോടെ ബോധന ടീമിനെ വീരേന്ദ്രകുമാർ മുകളിലേക്ക് ചർച്ചക്ക് വിളിപ്പിച്ചു. അടിയന്തരാവസ്ഥയിൽ ഒന്നിച്ച് ജയിലിൽ കിടന്ന ബന്ധമുണ്ട് വീരേന്ദ്രകുമാറും അജിതയും തമ്മിൽ. ‘ബോധന’ ടീമിന് പറയാനുള്ളത് മുഴുവനും എഡിറ്റ് പേജിൽ അച്ചടിക്കാമെന്നും അതിനുള്ള ‘മാതൃഭൂമി’യുടെ മറുപടി ഒപ്പം നൽകുമെന്നും ചർച്ചയിൽ ധാരണയായി. ‘മാതൃഭൂമി’യുടെ ചരിത്രത്തിൽ ആദ്യമായാവും ‘മാതൃഭൂമി’ക്ക് എതിരെ നടന്ന ഒരു സമരത്തെ അങ്ങനെ അവസാനിപ്പിക്കുന്നത്. തൊട്ടടുത്ത ദിവസത്തെ പത്രത്തിലെ എഡിറ്റ് പേജിൽ ‘ആക്ഷേപങ്ങളും അഭിപ്രായങ്ങളും’ എന്ന പംക്തിയിൽ ‘കൊയിലാണ്ടി സംഭവം – ബോധന നിലപാടും’ അതിനടിയിൽ ‘മാതൃഭൂമി വെല്ലുവിളിക്കുന്നു’ എന്ന് കമ്പനിയുടെ മറുപടിയും പ്രസിദ്ധീകരിച്ചു. സ്ത്രീ പീഡകരെ സംരക്ഷിക്കാനാണ് ‘ഗൃഹലക്ഷ്മി’ പേജ് കീറിയത് എന്ന് ‘ബോധന’. അതു തെളിയിക്കാൻ ‘മാതൃഭൂമി’യുടെ വെല്ലുവിളി മറുപടിയായും വന്നു.

മാനേജിങ് എഡിറ്റർ എം.ഡി. നാലപ്പാട് ഡൽഹിയിൽനിന്നും എൻ.പി. രാജേന്ദ്രനെ വിളിച്ച് എല്ലാം അന്വേഷിച്ച് ഒരു റിപ്പോർട്ട് ഇംഗ്ലീഷിൽ തയാറാക്കാൻ ആവശ്യപ്പെട്ടു. എൻ.പി.ആർ എല്ലാവരെയും കണ്ട് റിപ്പോർട്ട് തയാറാക്കി. ഡൽഹിയിൽനിന്നും നാലപ്പാട് നേരെ ഓഫിസിൽ വന്നില്ല. പാരമൗണ്ട് ടവറിൽ മുറിയെടുത്ത് രാജേന്ദ്രനോട് അങ്ങോട്ട് വരാനാണ് ആവശ്യപ്പെട്ടത്. അവിടെ എത്തിയപ്പോൾ രാജേന്ദ്രന്റെ റിപ്പോർട്ട് വാങ്ങി വായിച്ചുനോക്കുകപോലും ചെയ്യാതെ കീറി കൊട്ടയിലിട്ടു. ‘‘ഒന്നും പറയേണ്ട രാജേന്ദ്രൻ, എന്താണ് സംഭവിച്ചത് എന്ന് എനിക്കറിയാം’’ എന്നു പറഞ്ഞ് ചർച്ച അവസാനിപ്പിച്ചു.

വൈകീട്ട് ഓഫിസിലെത്തി നാലപ്പാട് ബ്യൂറോ മീറ്റിങ് വിളിപ്പിച്ചു. ‘ദേശാഭിമാനി’ക്കും ‘ജനയുഗ’ത്തിനും ‘ഗൃഹലക്ഷ്മി’ ഫീച്ചറിന്റെ ഒറിജിനൽ ഞാൻ ചോർത്തിനൽകി എന്നാരോപിച്ച് എനിക്കുനേരെ ആക്രമണം തുടങ്ങി. വിഷയം നിയമസഭയിൽ എത്തിച്ചതടക്കം എല്ലാം ഞാൻകൂടി പങ്കാളിയായ ഒരു രാഷ്ട്രീയ ഗൂഢാലോചനയാണ് എന്നദ്ദേഹം ആക്രോശിച്ചു. പഴയ നക്സലൈറ്റ് ബന്ധവും അജിതയുമായും ‘ബോധന’ പ്രവർത്തകരുമായുമുള്ള എന്റെ ബന്ധങ്ങളും വിചാരണ ചെയ്യപ്പെട്ടു. കോൺഗ്രസ് വിരുദ്ധ ഇടതുപക്ഷ ബന്ധങ്ങളും ഇഴപിരിച്ച് പുറത്തെടുത്തിട്ടു. ഒരക്ഷരം അങ്ങോട്ടു പറയാൻ പറ്റാത്തരീതിയിലായിരുന്നു ആക്രമണം. എന്റെ ‘മാതൃഭൂമി’ ജീവിതം ആദ്യവർഷംതന്നെ തീർന്നു എന്ന് ഞാൻ ഉറപ്പിച്ചു. ആരും എന്നെ പിന്തുണക്കാനുമുണ്ടായില്ല. ഒരാൾക്കും ഒന്നും മിണ്ടാൻ പറ്റുന്ന സാഹചര്യം ആ മീറ്റിങ്ങിൽ ഇല്ലായിരുന്നു.

‘ബോധന’യുടെ നിലപാടും ‘മാതൃഭൂമി’യുടെ മറുപടിയും

എഡിറ്റോറിയൽ മീറ്റിങ് കഴിഞ്ഞ് റിപ്പോർട്ടിങ്ങിൽ ഒരു ടെർമിനേഷൻ ഓർഡർ ഞാൻ കാത്തിരുന്നു. എന്നാൽ അതു വന്നില്ല. ‘മാതൃഭൂമി’ ഡയറക്ടർ ബോർഡിൽ ഇതിനെ സംബന്ധിച്ച് എന്തു സംഭവിച്ചു – ഇന്നും എനിക്കറിയില്ല. കൂടാതെ, ഉന്നത സുരക്ഷാവലയത്തിൽ കീറിയെടുത്ത് നശിപ്പിച്ച ‘ഗൃഹലക്ഷ്മി’യുടെ പേജ് എങ്ങനെ പുറത്തുപോയി എന്നും അറിയില്ല. ഏതായാലും വിഖ്യാതമായ ഇൻവെസ്റ്റിഗേറ്റിവ് ജേണലിസത്തിന്റെ അന്ത്യമായിരുന്നു അത്. അതോടെ പത്രാധിപർ നാലപ്പാട് പൂർണമായും യു.ഡി.എഫ് പക്ഷത്തേക്ക് ഭ്രാന്തമായി ചാഞ്ഞു. അടുത്തുവന്ന തെരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണി തുടർഭരണം നേടുമെന്നും 130 സീറ്റ് നേടി വിജയിക്കുമെന്നും ‘മാതൃഭൂമി’ സർവേ പ്രവചിച്ചു.

‘ഗൃഹലക്ഷ്മി’ പേജ് കീറൽ തെരഞ്ഞെടുപ്പിലും വിഷയമായി. 1987 മാർച്ച് 23നായിരുന്നു നിയമസഭ തെരഞ്ഞെടുപ്പ്. അതിനിടയിൽ ഒരു മാർച്ച് 18ന്റെ ‘മാതൃഭൂമി’ വാർഷികം ടാഗോർ സെന്റിനറി ഹാളിൽ നടന്നിരുന്നു. വയനാട് ലോക്കൽ എഡിഷൻ ഒഴിച്ച് ‘മാതൃഭൂമി’ പത്രം മൊത്തം ഇടതുപക്ഷത്തിനെതിരെ ഒരു യു.ഡി.എഫ് നോട്ടീസ് കണക്കെ കാമ്പയിൻ നടത്തിക്കൊണ്ടിരിക്കുന്നതുകൊണ്ട് കൽപറ്റയിൽ ഇടത് സ്ഥാനാർഥിയായി മത്സരിക്കുന്ന വീരേന്ദ്രകുമാർ ‘മാതൃഭൂമി’ വാർഷികാഘോഷത്തിന് വരില്ല എന്നായിരുന്നു എല്ലാവരും വിചാരിച്ചിരുന്നത്. എന്നാൽ, അവസാനനിമിഷം വിയർത്ത് കുളിച്ച് ഒരു ‘ബാഷ’ സ്റ്റൈലിൽ വീരേന്ദ്രകുമാർ വയനാട്ടിലെ പ്രചാരണ തിരക്കിനിടയിൽനിന്നും ടാഗോർ സെന്റിനറി ഹാളിൽ നടക്കുകയായിരുന്ന ‘മാതൃഭൂമി’ പിറന്നാളിന് കുതിച്ചെത്തി. ജീവനക്കാരുടെ നിർത്താത്ത കരഘോഷത്തിനിടയിൽ അദ്ദേഹം പ്രഖ്യാപിച്ചു: ‘‘കേരളത്തിലെ രണ്ട് വലിയ ശക്തികളുമായാണ് ഞാൻ മത്സരിക്കുന്നത്. ഒന്ന് എല്ലാ അധികാരവും ഉള്ള ഐക്യ ജനാധിപത്യ മുന്നണിയുമായും മറ്റൊന്ന് എന്റെതന്നെ പത്രവുമായും. ‘മാതൃഭൂമി’ പത്രത്തിന്റെ അധികാരവുമായാണ് എന്റെ മത്സരം.’’

‘‘കാണാം ആര് ജയിക്കും’’ എന്നായിരുന്നു വീരേന്ദ്രകുമാറിന്റെ വെല്ലുവിളി.

‘മാതൃഭൂമി’യുടെ പ്രവചനം അപ്രസക്തമാക്കി യു.ഡി.എഫ് തോറ്റു. ഇടതുപക്ഷത്തു നിന്ന വീരേന്ദ്രകുമാറും വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. ഇ.കെ. നായനാർ സർക്കാർ അധികാരത്തിൽ വന്നു.

ആ ജയം ‘മാതൃഭൂമി’ക്കകത്ത് നാലപ്പാടിന്റെ നിലനിൽപ് അസാധ്യമാക്കി. ഒരു സുപ്രഭാതത്തിൽ നാലപ്പാട് തന്റെ ഓഹരികൾ ടൈംസ് ഓഫ് ഇന്ത്യക്ക് വിറ്റ വാർത്തയാണ് പുറത്തുവരുന്നത്. മൂലധന വിപണിയുടെ സ്വഭാവം എന്തെന്ന് ജനതയെ പഠിപ്പിച്ച ‘ടൈംസ് ഓഫ് ഇന്ത്യ’യുടെ ‘മാതൃഭൂമി’ ടേക്ക് ഓവർ കേസിന്റെ തുടക്കമായിരുന്നു അത്. കേസിന്റെ വഴിയിൽ ​െവച്ച് ‘ടൈംസി’ന്റെ പണത്തിന്റെ അധികാരത്തിൽ വീണു പോകാത്ത ഒരാളെ തേടിയ മാതൃഭൂമി ഡയറക്ടർ ബോർഡ് അച്ഛനെ തേടിവന്നു.

‘‘ഞങ്ങൾക്ക് കൂറുമാറാത്ത ഒരാൾ വേണം. ചന്തു ഏട്ടൻ കൂടെ നിൽക്കണം’’ -വീരേന്ദ്രകുമാർ ആവശ്യപ്പെട്ടു. അച്ഛൻ ഒപ്പം നിന്നു. ബെനറ്റ് ആൻഡ് കോൾമാൻ കമ്പനിക്ക് ‘മാതൃഭൂമി’ ഓഹരി വിറ്റ നാലപ്പാടിന്റെ നടപടി റദ്ദാക്കണം എന്നായിരുന്നു കേസ്. അത് സുപ്രീംകോടതി വരെ നീണ്ടു. നിയമസഭയിലും പാർലമെന്റിലും ഒക്കെ അതിനായി കാമ്പയിനുകൾ നടന്നു. ‘മാതൃഭൂമി’ ജീവനക്കാർ ടേക്ക് ഓവറിന് എതിരെ, ‘ടൈംസ് ഓഫ് ഇന്ത്യ’ക്ക് എതിരെ മുദ്രാവാക്യം വിളിച്ച് തെരുവിലിറങ്ങി. ‘മാതൃഭൂമി’ ജനതയുടെ പൊതുസ്വത്താണെന്നും ഗാന്ധിജിയുടെ പത്രമാണെന്നും അത് സ്വാതന്ത്ര്യ സമരത്തിന്റെ പത്രമാണെന്നും ഓരോ ‘മാതൃഭൂമി’ക്കാരനും തെരുവിൽ അഭിമാനംകൊണ്ടു.

ഒടുവിലത്തെ കോടതിവിധി രണ്ടുകൂട്ടർക്കും ജയം കൽപിച്ചായിരുന്നു. നാലപ്പാട് വിറ്റ ഓഹരികൾ കൈമാറി കൊടുക്കാനും കൂടുതൽ ഓഹരികൾ വാങ്ങി കമ്പനി പിടിച്ചെടുക്കാനുള്ള ശ്രമം തടഞ്ഞുകൊണ്ടുമായിരുന്നു വിധി.

വാർത്ത രണ്ടാം ഭാഗം

‘വാർത്ത’ (1986) അവസാനിക്കുന്നത് ‘‘വാർത്ത ഇവിടെ അവസാനിക്കുന്നില്ല’’ എന്ന് വെള്ളിത്തിരയിൽ എഴുതിക്കാട്ടിയാണ്. എന്നാൽ അത് നടന്നില്ല. അതിൽ ക്ലൈമാക്സിന് തൊട്ടുമുമ്പുള്ള ഒരു സീനിൽ ഏതാനും നിമിഷങ്ങൾ ‘ഗൃഹലക്ഷ്മി’യുടെ സാരഥി പി.വി.ജി ഏതാനും നിമിഷങ്ങൾ അഭിനയിച്ചിരുന്നു എന്ന് അടുത്തിടെ ആ സിനിമ യൂട്യൂബിൽ കണ്ടപ്പോഴാണ് ശ്രദ്ധയിൽപെടുന്നത്. അതു കണ്ടപ്പോൾ വാർത്തയുടെ രണ്ടാം ഭാഗത്തിന്റെ വൺലൈൻ ദാമോദരൻ മാഷ് പി.വി.ജിയോട് പറഞ്ഞ രംഗം ഓർത്തുപോയി.

ടി. ദാമോദരൻ (ചിത്രം: imdb)

‘വാർത്ത’യിറങ്ങി ഒരു പത്തു വർഷമെങ്കിലും കഴിഞ്ഞിട്ടുണ്ടാകും. മാഷ് ‘കാലാപാനി’യും പിന്നിട്ട് പ്രിയദർശനുവേണ്ടി ഒരു ബോളിവുഡ് ഹോളിവുഡ് സംരംഭമായി അമിതാഭ് ബച്ചനെ നായകനായി സങ്കൽപിച്ച് പ്ലേഗ് വിഷയമാക്കി ഒരു സിനിമയെക്കുറിച്ചുള്ള വായനയും ചർച്ചയും ആലോചനയുമായി നടക്കുന്ന കാലം. അതിനിടയിലെ ഒരു സൗഹൃദ കൂടിക്കാഴ്ചയിൽ പി.വി.ജി കുറച്ച് പരിഭവത്തോടെ മാഷോട് ചോദിച്ചു: ‘‘മാഷെ കിട്ടുന്നേയില്ലല്ലോ ഇനി എപ്പഴാ നമുക്കൊരു പടം ചെയ്യുന്നത്?’’ ചിങ്ങം ഒന്നിന് പതിവായ ഒരു രൂപ കൈനീട്ടം വാങ്ങി ഒരു ചെറുചിരിയോടെ മാഷ് താൻ എഴുതാൻ ആലോചിക്കുന്ന ‘വാർത്ത’ രണ്ടാം ഭാഗത്തിന്റെ കഥ ഒറ്റയടിക്ക് പി.വി.ജിയോട് പറഞ്ഞുതീർത്തു. ഞെട്ടിക്കുന്ന കഥതന്നെയായിരുന്നു അത്. 1986ന് ശേഷം ‘മാതൃഭൂമി’ പോലൊരു പത്രത്തിന് സംഭവിച്ച പരിണാമത്തിന്റെ കഥ, ‘ഗൃഹലക്ഷ്മി’യുടെതന്നെ ‘അങ്ങാടി’യുടെ പശ്ചാത്തലത്തിൽ കോഴിക്കോട് നഗരത്തിന്റെയും പരിണാമത്തിന്റെ കഥ. ഒന്നാം ഭാഗത്തെ വെല്ലുന്ന രാഷ്ട്രീയ സിനിമ. പണവും അധികാരവും കൂട്ടുകൂടി സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി ഉയർന്നുവന്ന പത്രത്തെ വിലക്കെടുക്കുന്ന കഥ. അവിടെ പുതിയ രാഷ്ട്രീയ നാടുവാഴികൾ സിംഹാസനത്തിൽ അരങ്ങേറ്റം കുറിക്കുന്ന അടിമുടി നെഗറ്റിവ് ആയ സിനിമ.

കഥ കേട്ട് പി.വി.ജി ചാടി എഴുന്നേറ്റു. ‘‘അയ്യോ മാഷെ, ഞങ്ങൾ രാഷ്ട്രീയ സിനിമയെടുക്കുന്നത് നിർത്തി. പഴയ കാലമല്ല. രാഷ്ട്രീയം മാറി, സിനിമയും മാറി. ഇപ്പോൾ നമ്മൾ എന്തെങ്കിലും ചെയ്താൽ നമ്മുടെ കച്ചവടം അവര് പൂട്ടിക്കും. മാഷ് നമ്മുടെ ‘കാറ്റത്തെ കിളിക്കൂട്’ പോലത്തെ നല്ലൊരു കുടുംബകഥ എഴുത്. നമുക്കത് ചെയ്യാം...’’

‘വാർത്ത’യുടെ രണ്ടാം ഭാഗം വഴി രാഷ്ട്രീയ സിനിമയുടെ തിരിച്ചുവരവിനുള്ള ദാമോദരൻ മാഷിന്റെ പദ്ധതി അങ്ങനെ തൽസമയം കുഴിച്ചുമൂടപ്പെട്ടു.

(തുടരും)

Tags:    
News Summary - premchand column

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.