കഴിഞ്ഞ ജൂൺ 18ന് ആലപ്പുഴയിൽ ‘ജോൺ’ സിനിമയുടെ പ്രദർശനം കഴിഞ്ഞ് തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ, പണ്ട് എൺപതുകളുടെ ആദ്യപാതിയിൽ ചിങ്ങോലിയിൽ, അന്റോണിയോ ഗ്രാംഷി ഇൻസ്റ്റിറ്റ്യൂട്ടിന്റെയും സൊസൈറ്റി ഫോർ സോഷ്യലിസ്റ്റ് സ്റ്റഡീസിന്റെയും ആസ്ഥാനമായിരുന്ന മൈത്രേയന്റെ തറവാട് വീട് ഉണ്ടായിരുന്ന ഇടം ഒന്ന് തേടിപ്പോയി. മൈത്രേയനോട് ലൊക്കേഷൻ വാങ്ങി അത് ഫോണിലിട്ടായിരുന്നു യാത്ര. ‘‘ചിങ്ങോലി പഴയ ചിങ്ങോലിയൊന്നുമല്ല’’, മൈത്രേയൻ സൂചിപ്പിച്ചത് ശരിയായിരുന്നു, 1983 അല്ല 2023. നാൽപത് വർഷം അതിനിടയിൽ ഒഴുകിപ്പോയി. കണ്ടാൽ ഒരിക്കലും തിരിച്ചറിയാനാവാത്ത വണ്ണം ഹരിപ്പാട് ചിങ്ങോലി പ്രദേശം മാറിക്കഴിഞ്ഞു. പുതിയ റോഡുകൾ, പുതിയ വഴികൾ,...
കഴിഞ്ഞ ജൂൺ 18ന് ആലപ്പുഴയിൽ ‘ജോൺ’ സിനിമയുടെ പ്രദർശനം കഴിഞ്ഞ് തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ, പണ്ട് എൺപതുകളുടെ ആദ്യപാതിയിൽ ചിങ്ങോലിയിൽ, അന്റോണിയോ ഗ്രാംഷി ഇൻസ്റ്റിറ്റ്യൂട്ടിന്റെയും സൊസൈറ്റി ഫോർ സോഷ്യലിസ്റ്റ് സ്റ്റഡീസിന്റെയും ആസ്ഥാനമായിരുന്ന മൈത്രേയന്റെ തറവാട് വീട് ഉണ്ടായിരുന്ന ഇടം ഒന്ന് തേടിപ്പോയി. മൈത്രേയനോട് ലൊക്കേഷൻ വാങ്ങി അത് ഫോണിലിട്ടായിരുന്നു യാത്ര.
‘‘ചിങ്ങോലി പഴയ ചിങ്ങോലിയൊന്നുമല്ല’’, മൈത്രേയൻ സൂചിപ്പിച്ചത് ശരിയായിരുന്നു, 1983 അല്ല 2023. നാൽപത് വർഷം അതിനിടയിൽ ഒഴുകിപ്പോയി. കണ്ടാൽ ഒരിക്കലും തിരിച്ചറിയാനാവാത്ത വണ്ണം ഹരിപ്പാട് ചിങ്ങോലി പ്രദേശം മാറിക്കഴിഞ്ഞു. പുതിയ റോഡുകൾ, പുതിയ വഴികൾ, പുതിയ വീടുകൾ, ക്ഷേത്രങ്ങൾ, പള്ളികൾ, വ്യാപാര സ്ഥാപനങ്ങൾ, പുതിയ മതിലുകൾ, പുതിയ വേലികൾ, പുതിയ മനുഷ്യർ... മാറാത്തതായി അവിടെ കണ്ട, പഴയ ഓർമ നിലനിർത്തുന്ന ഏക കാര്യം ആ വീടിന്റെ അതിർത്തിയിലുണ്ടായിരുന്ന കുട്ടനാടൻ കായലിന്റെ ഒരു കൈവഴി മാത്രമാണ്. അവിടെപോലും കുറച്ചകലെയായി കായംകുളം താപനിലയം ഉയർന്നുനിൽക്കുന്നത് കണ്ടു. മൈത്രേയനെയും ആ കുടുംബത്തെയും മാത്രം ഓർമയുള്ള, പഴയ തലമുറയിൽ ബാക്കിയായ ഏതാനും പേരെ കായലരികത്തെ കൾവർട്ടിന് മുകളിൽ ഇരിക്കുന്നവരായി കണ്ടുമുട്ടി. അവരും പറഞ്ഞു, പഴയതായി ഒന്നും ഇനി അവിടെ ബാക്കിയില്ല എന്ന്.
ചരിത്രവും ഓർമകളും ഇങ്ങനെയാണോ? എല്ലാം മറ്റെന്തിനോ വളമായി മാറുകയാണോ?
‘സൊസൈറ്റി’യുടെ കോഓഡിനേറ്റർമാരായിരുന്ന ടി.എൻ. ജോയിയും ടി.കെ. രാമചന്ദ്രനും അശരീരികളായി. തുടക്കത്തിലേ പൊലിഞ്ഞ സുബ്രഹ്മണ്യദാസ്, സാംസ്കാരിക വിമർശകനും അധ്യാപകനുമായ എ. സോമൻ, ചരിത്രാധ്യാപകനായ മുരളീധരൻ, നാടകരംഗത്തെ പോരാളിയായിരുന്ന രാമചന്ദ്രൻ മൊകേരി മാഷും വഴിമധ്യേ പൊലിഞ്ഞു.
ഭാസുരേന്ദ്ര ബാബു, ബി. രാജീവൻ, സച്ചിദാനന്ദൻ, മൈത്രേയൻ, സേതു, കവിയൂർ ബാലൻ, ദേവസ്സിക്കുട്ടി, കെ. രാജീവൻ, പി.സി. രവി, പി.കെ. അശോക് കുമാർ, പ്രകാശൻ, അരുൺ, ഉദയകുമാർ, അനന്തകൃഷ്ണൻ, ഷറഫുദ്ദീൻ, പി.എൻ. വിജയകുമാർ, ജോയ് മാത്യു... മറ്റാരെങ്കിലുംകൂടി ഒപ്പമുണ്ടായിരുന്നോ എന്ന് എത്ര ആലോചിച്ചിട്ടും ഓർമയിൽ വരുന്നില്ല. മൈത്രേയനോടും സച്ചിദാനന്ദനോടും ഭാസുരേന്ദ്ര ബാബുവിനോടും പി.കെ. അശോക് കുമാറിനോടുമൊക്കെ ചോദിച്ചു, അവർക്കും ഇതിൽ കൂടുതൽ പേരെ ഓർമ കിട്ടുന്നില്ല. ഗ്രാംഷി ഇൻസ്റ്റിറ്റ്യൂട്ടും ഗ്രാംഷിയുടെ പേരിൽ ചിങ്ങോലി കേന്ദ്രമായി രൂപംകൊണ്ട ഒരു ‘കമ്മ്യൂണും’ എല്ലാം ഒരു കൂട്ടമറവിയുടെ മുനമ്പിൽ എന്നോണം നിന്നു.
‘കലാവിമർശം മാർക്സിസ്റ്റ് മാനദണ്ഡം’ (1983), ചിന്ത ഇറക്കിയ രണ്ടാം പതിപ്പ്
കോഴിക്കോട്ട് തിരിച്ചെത്തി കാലം ബാക്കിെവച്ച ഗ്രാംഷി ഇൻസ്റ്റിറ്റ്യൂട്ട് കാല കടലാസുകൾ ചികഞ്ഞപ്പോൾ അതിൽ ഒരു തീയതി മനസ്സിൽ പതിഞ്ഞു.
ഇംഗ്ലീഷിൽ തയാറാക്കപ്പെട്ട സൊസൈറ്റിയുടെ ആദ്യ ലഘുരേഖയിൽ ആ കാലം വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. [Society for socialist studies, Kerala – founded at the conference at Chingoli on 19th June ’83] അതൊരു ചരിത്രരേഖയാണിന്ന്, സൈദ്ധാന്തിക പ്രയോഗത്തിനായി മാത്രം രൂപംകൊണ്ട ഒരു കമ്യൂൺ ഗ്രാംഷിയുടെ പേരിൽ ഇവിടെ രൂപംകൊണ്ടിരുന്നു എന്നതിന്റെ ഓർമ. ആ ലഘുരേഖയുടെ മലയാളം പതിപ്പ് ഇറങ്ങിയപ്പോൾ അതിൽ ഒരു മാർഗരേഖപോലെ ഇംഗ്ലീഷ് പതിപ്പിൽ ചേർത്തിരുന്നിട്ടില്ലാത്ത, കാൾ മാർക്സിന്റെ ഒരു ദീർഘ ഉദ്ധരണി ആമുഖമായി ചേർത്തിരുന്നു. അക്കാലത്ത് ഏറ്റവും കൂടുതൽ ഞങ്ങൾക്കിടയിൽ ആവർത്തിക്കപ്പെട്ട നിലപാടും അതു തന്നെയായിരുന്നു.
‘‘നമ്മുടെ പണി എക്കാലത്തേക്കും ബാധകമായ ഒരു പദ്ധതിയുണ്ടാക്കുകയല്ല എന്നതുകൊണ്ട് നിശ്ചയമായും ഇക്കാലത്തു ജീവിക്കുന്ന നാം ചെയ്യേണ്ടത് നിലനിൽക്കുന്ന എല്ലാറ്റിനെയും വിട്ടുവീഴ്ചയില്ലാതെ വിലയിരുത്തുകയാണ്. നമ്മുടെ വിമർശനം അതിന്റെതന്നെ ഭവിഷ്യത്തുകളെ ഭയപ്പെടുന്നില്ല. ഈയർഥത്തിലാണ് അത് വിട്ടുവീഴ്ചയില്ലാത്തതാകുന്നത്. നാം ലോകത്തെ ഒരു സിദ്ധാന്തവുമായി ശുഷ്കതത്ത്വവാദപരമായി സംബോധന ചെയ്യുന്നില്ല. ‘ഇതാണ് സത്യം, ഇതിനു മുന്നിൽ മുട്ടുകുത്തുവിൻ’ എന്ന് നാം പറയുന്നില്ല. നാം ലോകത്തിന്റെ തത്ത്വങ്ങളിൽനിന്ന് പുതിയ തത്ത്വങ്ങൾ വികസിപ്പിക്കുന്നു.
‘നിങ്ങളുടെ സമരം നിർത്തൂ, അത് വിഡ്ഢിത്തമാണ്, ഞങ്ങൾ സമരത്തിന്റെ ശരിയായ മുദ്രാവാക്യം നൽകാം’ എന്ന് നാം ലോകത്തോട് പറയുന്നില്ല.അതെന്തിനുവേണ്ടിയാണ് പൊരുതുന്നതെന്ന്, അതിനാവശ്യമില്ലെങ്കിലും അതിന് ബോധമുണ്ടായേ തീരൂ എന്ന് ലോകത്തിന് കാണിച്ചുകൊടുക്കുക മാത്രമാണ് നാം ചെയ്യുന്നത്.’’ – മാർക്സിന്റെ ഈ ദിശാബോധത്തിന്റെ വെളിച്ചത്തിലാണ് ചിന്ത രവീന്ദ്രൻ എഡിറ്ററായി നിള പബ്ലിക്കേഷൻസിന്റെ ആഭിമുഖ്യത്തിൽ ‘കലാവിമർശം – മാർക്സിസ്റ്റ് മാനദണ്ഡം’ എന്ന ബൃഹദ് പുസ്തകത്തിന്റെ പണിപ്പുരയിലേക്ക് പ്രവേശിക്കുന്നത്. 1983 സെപ്റ്റംബറിലാണ് അത് പുറത്തിറങ്ങുന്നത്. 45 രൂപയായിരുന്നു 420 പേജുള്ള പുസ്തകത്തിന്റെ വില.
ചിന്ത രവീന്ദ്രന്റെ വിശദമായ അവതാരിക. സച്ചിദാനന്ദന്റെ വൈരുധ്യാത്മക നിരൂപണത്തിന് ഒരാമുഖം, ബി. രാജീവന്റെ കലയും പ്രത്യയശാസ്ത്രവും, പി. ഗോവിന്ദപ്പിള്ളയുടെ മാർക്സിസ്റ്റ് സൗന്ദര്യശാസ്ത്രം – ഉത്ഭവവും വളർച്ചയും, രവീന്ദ്രന്റെ സിനിമയും പ്രത്യയശാസ്ത്രവും, ആർ. നന്ദകുമാറിന്റെ ആധുനിക ഇന്ത്യൻ ചിത്രകല: ചരിത്രപരവും സാമൂഹിക ശാസ്ത്രപരവുമായ ഒരു സമീപനം, എൻ.എസ്. മാധവന്റെ ‘ഖസാക്കിലെ സമ്പദ് വ്യവസ്ഥ’, ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ‘ആധുനിക കവിതയിലെ നാടോടി പാരമ്പര്യവും ജീർണോദ്ധാരണ ശ്രമങ്ങളുടെ സാമൂഹ്യ സാംഗത്യവും: ഒരാമുഖം’, മുരളീധരന്റെ ‘ഇന്നത്തെ മതപരമായ പുനരുദ്ധാരണ ശ്രമങ്ങൾ – ഒരു പ്രത്യയശാസ്ത്രത്തിന്റെ വർഗസ്വഭാവവും സാമൂഹിക വേരുകളും’ ടി.കെ. രാമചന്ദ്രന്റെ ‘സാമൂഹിക വിമർശനത്തിന്റെ വ്യാപ്തിയും പ്രസക്തിയും; തത്ത്വശാസ്ത്രപരമായ ഒരാമുഖ സംരംഭം’ എന്നിങ്ങനെ ഗഹനമായ പഠനങ്ങളുടെ ഒരു സമാഹാരമായിരുന്നു ‘കലാവിമർശം – മാർക്സിസ്റ്റ് മാനദണ്ഡം’ എന്ന പുസ്തകം.
അനുബന്ധ പഠനങ്ങളായി ‘രവീന്ദ്രന്റെ സമകാലീന സിനിമയുടെ പ്രത്യയശാസ്ത്രം: നിരൂപണക്കുറിപ്പുകൾ’, ആർ. നന്ദകുമാറിന്റെ ‘ആധുനിക ഇന്ത്യൻ ചിത്ര കല: ഒരനുബന്ധം’, ടി.കെ. രാമചന്ദ്രന്റെ ‘സാംസ്കാരിക വിമർശം: അപഗ്രഥനക്കുറിപ്പുകൾ’ എന്നിവയുമുണ്ട്. 1500 കോപ്പി അച്ചടിച്ചു. വരുന്ന സെപ്റ്റംബറിൽ അതിന് 40 വയസ്സ് തികയും. പുസ്തകം പിൽക്കാലത്ത് ചിന്ത പബ്ലിഷേഴ്സ് ഏറ്റെടുത്തു. എൻ.എസ്. മാധവൻ അതിന് അവതാരിക എഴുതി. അതിന് രണ്ടാം പതിപ്പായി. 690 രൂപയാണിപ്പോൾ വില. സോവിയറ്റ് യൂനിയന്റെ പതനത്തിനും സംഘ്പരിവാറിന്റെ അധികാരത്തിലേക്കുള്ള ആരോഹണത്തിനും മുമ്പ് സൈദ്ധാന്തിക പ്രയോഗത്തിന് കൃത്യമായ ദിശാബോധം പകർന്നുനൽകിയ ഈ പുസ്തകത്തിന്റെ ചരിത്രപ്രാധാന്യം ഇന്നും വളരെ വലുതാണ്.
‘‘ജൂലൈ ക്രൂരമായ ഒരു മാസമാണ്’’ –പുതിയ ആമുഖത്തിൽ എൻ.എസ്. മാധവൻ ഓർമപ്പെടുത്തുന്നു. 2012 ജൂലൈ നാലിന് ചിന്ത രവീന്ദ്രന്റെ ഒന്നാം ചരമവാർഷികത്തിനാണ് പുസ്തകത്തിന്റെ ചിന്ത എഡിഷൻ പുറത്തിറങ്ങുന്നത്. 2009 ജൂലൈ 22 നാണ് ഗ്രാംഷി ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോഓഡിനേറ്ററും നിള പബ്ലിഷേഴ്സിന്റെ ഉപജ്ഞാതാവുമായ ടി.കെ. രാമചന്ദ്രൻ വിടപറയുന്നത്. എൻ.എസ്. മാധവന്റെ എഴുത്തിലേക്കുള്ള തിരിച്ചുവരവിന് നിമിത്തമാകുന്നത് നിള പബ്ലിഷേഴ്സ് ചിന്ത രവീന്ദ്രന്റെ അവതാരികയോടെ ‘ചൂളൈമേട്ടിലെ ശവങ്ങൾ’ പുറത്തിറക്കിയതിലൂടെയാണ്. ടി.കെയുടെയും ചിന്ത രവീന്ദ്രന്റെയും അനുസ്മരണച്ചടങ്ങുകൾ ഇപ്പോൾ സ്വന്തം ഉത്തരവാദിത്തംപോലെയാണ് എൻ.എസ്. മാധവന്റെ മുൻകൈയിൽ നടത്തിപ്പോരുന്നത്. സംഘ്പരിവാറിന്റെ രാഷ്ട്രീയത്തെ കൃത്യമായി അടയാളപ്പെടുത്തിയ ചരിത്രാധ്യാപകനായ മുരളീധരൻ തന്റെ 37ാമത്തെ വയസ്സിൽ 1995 ഡിസംബറിൽ വിടപറഞ്ഞു. എൻ.എസ്. മാധവൻ പുതിയ ആമുഖത്തിൽ നിരീക്ഷിക്കുന്നതുപോലെ ചിന്ത രവീന്ദ്രന്റെയും ടി.കെ. രാമചന്ദ്രന്റെയും മുരളീധരന്റെയും ഓർമകൾക്കുള്ള ഒരു സ്മാരകമായി കാണാം ‘കലാവിമർശം – മാർക്സിസ്റ്റ് മാനദണ്ഡം’ എന്ന പുസ്തകം. പിറന്നകാലത്തെ അതിശയിക്കുന്ന ഒരു സംരംഭമാണ് നിസ്സംശയമായും ആ പുസ്തകം.
സൊസൈറ്റി രൂപംകൊണ്ട് കൃത്യം 40 വർഷം തികയുന്നതിന്റെ തലേദിവസമായിരുന്നു വീണ്ടും ചിങ്ങോലിയിൽ എത്തിയത്. ജൂൺ 18ന്. ‘‘മാറ്റമില്ലാത്തത് മാറ്റം മാത്രം’’ എന്ന കാൾ മാർക്സിന്റെ മുന്നറിവ് എവിടെയും എഴുതിെവച്ചതുപോലെ ചിങ്ങോലി മാറിക്കഴിഞ്ഞിരുന്നു.
1983 ജൂൺ 19നാണ് സൊസൈറ്റിയുടെ ഔദ്യോഗിക പിറവിയെങ്കിലും അതിെന്റ മുന്നൊരുക്കങ്ങൾ അതിനും ഒരു വർഷത്തിനും മുമ്പുതന്നെ തുടക്കമിടുന്നുണ്ട്. കവി സച്ചിദാനന്ദന്റെ പത്രാധിപത്യത്തിൽ തൃശൂർ കേന്ദ്രമായി തുടക്കമിട്ട ‘ഉത്തരം’ എന്ന ദ്വൈമാസികക്കുവേണ്ടിയുള്ള അണിയറപ്രവർത്തനങ്ങളാണ് അതിന്റെ തുടക്കം. തൃശൂരിലെ ഒരു ലോഡ്ജ് മുറിയിലും കൊടുങ്ങല്ലൂരിൽ ടി.എൻ. ജോയിയുടെ സൂര്യകാന്തിയിലുംെവച്ചായിരുന്നു ആ മീറ്റിങ്ങുകൾ.
കൊടുങ്ങല്ലൂരിൽ ടി.എൻ. ജോയിയും ഇരിങ്ങാലക്കുടയിൽ സച്ചിദാനന്ദനും എറണാകുളത്ത് ടി.കെ. രാമചന്ദ്രനും തിരുവനന്തപുരത്തും ആലപ്പുഴയിലുമായി ബി. രാജീവനും ഭാസുരേന്ദ്ര ബാബുവും കോഴിക്കോട്ട് സേതുവും എ. സോമനും ജോയ് മാത്യുവും ഞാനും കണ്ണൂരിൽ കവിയൂർ ബാലനും പി.സി. രവിയും ഷറഫുദ്ദീനും പ്രകാശനും കാഞ്ഞങ്ങാട്ട് കെ. രാജീവനും ഒക്കെയായി പലപല കൂടിച്ചേരലുകൾ എത്തിച്ചേർന്നത് ചിങ്ങോലി ഗ്രാംഷി കമ്യൂണിലേക്കുള്ള വഴിയിലാണ്.
‘‘മാർക്സിയൻ ലോകവീക്ഷണത്തിൽ ഉറച്ചുനിന്നുകൊണ്ട് ഇന്നത്തെ അവസ്ഥയെ വിശകലനം ചെയ്യാനുള്ള ഒരു കൂട്ടായ ശ്രമമാണ് ഈ സൊസൈറ്റി. ഭരണകൂടത്തിന്റെ മർദനനയങ്ങളെയും അധീശവർഗ പ്രത്യയശാത്രത്തിന്റെ വർധിച്ചുവരുന്ന സ്വാധീനത്തെയും ഫലപ്രദമായി പ്രതിരോധിക്കുന്നതിൽ നിലവിലുള്ള ഇടതുപക്ഷ പാർട്ടികളും ഗ്രൂപ്പുകളും വിജയിക്കുന്നില്ല എന്ന ബോധമാണ് ഈ സംരംഭത്തിന്റെ ആരംഭബിന്ദു.
എന്നാൽ, ‘എന്തുകൊണ്ട് ഇടതുപക്ഷ പ്രസ്ഥാനങ്ങൾ പിന്നോട്ടടിക്കുന്നു?’ എന്ന ചോദ്യത്തിന് ലളിതമായ മറുപടികളില്ലെന്നും പ്രയോഗത്തിന്റെ തലത്തിൽ ഉണ്ടായ തിരിച്ചടികളെ വിശകലനംചെയ്യാൻ ദേശീയവും അന്തർദേശീയവുമായ പ്രശ്നങ്ങളെക്കുറിച്ച് ആഴത്തിലുള്ള സൈദ്ധാന്തിക പഠനവും നിഷ്കൃഷ്ടമായ ഗവേഷണവും ആവശ്യമാണെന്ന് ഞങ്ങൾ കരുതുന്നു.
അതുകൊണ്ടുതന്നെ ഈ സൊസൈറ്റി ഏതെങ്കിലും പാർട്ടിയുടെയോ ഗ്രൂപ്പിന്റെയോ ഘടകമല്ല. പുതിയൊരു പാർട്ടിക്കുള്ള ശ്രമവുമല്ല. ‘സൈദ്ധാന്തിക പ്രയോഗ’മാണ് ഈ സൊസൈറ്റിയുടെ അടിസ്ഥാനപരമായ പ്രവർത്തനമേഖല: പ്രായോഗിക രാഷ്ട്രീയമല്ല. സിദ്ധാന്തത്തെ ബൗദ്ധികവ്യായാമമായും പ്രായോഗിക പ്രവർത്തനത്തെ മാത്രം ‘പ്രയോഗ’മായും കണക്കാക്കുന്ന സാമാന്യബോധത്തിന്റെ കാഴ്ചപ്പാടിൽനിന്നല്ല ഞങ്ങൾ സിദ്ധാന്ത – പ്രയോഗ സമഗ്രതയെ കാണുന്നത്. ഇന്ന് സൈദ്ധാന്തിക രംഗത്തെ പ്രവർത്തനത്തിന്റെ പ്രാമുഖ്യം പ്രത്യേകം ഉൗന്നുന്നതിനുകൂടിയാണ് ‘സൈദ്ധാന്തിക പ്രയോഗ’മെന്ന പരികൽപന ഇവിടെ പ്രയോഗിക്കുന്നത്.’’
‘കലാവിമർശം – മാർക്സിസ്റ്റ് മാനദണ്ഡം’ എന്ന പുസ്തകം ഗ്രാംഷി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചരിത്രത്തിൽ നിർണായകമായ പങ്കുവഹിച്ചു. 1983 ഒക്ടോബറിൽ തിരുവനന്തപുരം ടി.ഡി.എം ഹാളിൽെവച്ചായിരുന്നു. സൊസൈറ്റി ഫോർ സോഷ്യലിസ്റ്റ് സ്റ്റഡീസ് എന്ന സംഘടനയുടെയും ഗ്രാംഷി ഇൻസ്റ്റിറ്റ്യൂട്ടിന്റെയും നിള പബ്ലിഷേഴ്സിന്റെയും പ്രഖ്യാപിത ലക്ഷ്യത്തോടടുത്തുനിന്ന, സ്വപ്നതുല്യമായ ഒരു വിജയമായിരുന്നു പുസ്തക പ്രകാശന ചടങ്ങ്.
ഇ.എം.എസും പി. ഗോവിന്ദപ്പിള്ളയും കെ.ആർ. ഗൗരിയമ്മയും സച്ചിദാനന്ദനും ബി. രാജീവനുമൊക്കെ ഒറ്റ വേദിയിൽ അണിനിരന്നു നടത്തിയ സംവാദംപോലൊന്ന് മലയാളിയുടെ സൈദ്ധാന്തിക പ്രയോഗത്തിന്റെ ചരിത്രത്തിലെ അപൂർവതകളിൽ ഒന്നായിരുന്നു. സ്വപ്നതുല്യമായ ആ കൂട്ടായ്മക്ക് നിമിത്തമായ ആ പുസ്തക പ്രകാശനച്ചടങ്ങിനെച്ചൊല്ലിയുള്ള ഭിന്നതകൾ തന്നെ അതിന്റെ പതനത്തിനും നിമിത്തമായി എന്നത് ഇന്ന് തിരിഞ്ഞാലോചിക്കുമ്പോൾ എന്തൊരു വൈപരീത്യം എന്നേ ചിന്തിക്കാനാവുന്നുള്ളൂ.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.