‘‘അർധരാത്രിയായി. ‘പ്രേംചന്ദെവിടെ?’ ടീച്ചറുടെ ശബ്ദം മുഴങ്ങി. മുദ്രാവാക്യം വിളി നിർത്തി. ഇരുട്ടിന്റെ മൂലയിൽനിന്നും ഞാനെഴുന്നേറ്റ് മുന്നോട്ട് വന്ന് ലോക്കപ്പിന്റെ അഴി പിടിച്ചുനിന്നു. ടീച്ചർക്ക് ചുറ്റും സ്റ്റേഷനിലെ പൊലീസുകാർ മുഴുവനുമുണ്ട്’’ -‘അമ്മ’മാരെക്കുറിച്ച് എഴുതുന്നു. ‘അമ്മ അറിയാത്ത കാലത്ത്’ നിന്നുള്ള ജീവിതപ്രയാണം.
ജീവിതാഘോഷങ്ങൾക്കായി വീടിന് പുറത്ത് മതിമറന്ന കാലം ‘അമ്മ അറിയാത്ത’ കാലമായിരുന്നു. ‘അമ്മ അറിയാൻ’ അമ്മയുടെ മരണവും കടന്നുപോകേണ്ടി വന്നു.
മുതിർന്നതോടെയാണ് വീട് ഒരു ദൂരസ്മരണയായത്. വന്നുപോകുന്ന ഇടം. ‘കുടുംബം’, ‘സ്വകാര്യസ്വത്ത്’, ‘ഭരണകൂടം’ – വീടും കുടുംബവുമൊക്കെ എത്രമാത്രം സാമൂഹിക വിരുദ്ധമാെണന്ന് എംഗൽസ് പഠിപ്പിച്ചു. ജീവിതം പുറത്തായിരുന്നു. അടിയന്തരാവസ്ഥക്കുശേഷമുള്ള ആദ്യത്തെ കാമ്പസ് തലമുറക്ക് പുറത്ത് കാണാനും കേൾക്കാനും ഒട്ടേറെയുണ്ടായിരുന്നു. അത് തുറന്നിട്ട ആഘാതങ്ങളിൽനിന്നും ആർക്കും വിട്ടുനിൽക്കാനാവില്ലായിരുന്നു. ആക്ടിവിസം ഒരു തലമുറയെത്തന്നെ ഭൂതാവിഷ്ടരാക്കിയ കാലം, 1977.
പിന്നെ, ‘‘അമ്മമാർ ഉണരാതെ നിങ്ങൾക്കൊരു മാറ്റവും ലോകത്തുണ്ടാക്കാനാകില്ല’’ എന്നാദ്യം പറഞ്ഞുതന്നത് മധു മാസ്റ്ററായിരുന്നു. ഗോർക്കിയുടെ അമ്മയും ബ്രെഹ്തിന്റെ അമ്മയും മധു മാസ്റ്ററുടെ അമ്മയും ഞങ്ങളുടെ ലോകം കീഴ്മേൽ മറിച്ചു. അമ്മയും മകനും തമ്മിലുള്ള ബന്ധത്തിലൂടെയാണ് ‘അമ്മ’ നാടകം മുന്നോട്ടുപോകുന്നത്. മകന്റെ മാറ്റങ്ങളെ ആശങ്കയോടെ കാണുന്ന അമ്മ പിന്നീട് മകനൊപ്പം ചേരുന്നു. ചെങ്കൊടി കൈയിലേന്തുന്നു.
ജോൺ എബ്രഹാമിന്റെ ‘അമ്മ അറിയാനും’ കടന്ന് സ്വന്തം ‘ഷട്ടറി’ലൂടെ ഇന്നത്തെ മലയാള സിനിമയുടെ ഭാഗമായ ജോയ് മാത്യു ആയിരുന്നു ‘അമ്മ’യിൽ മകൻ പാവേൽ. മധു മാഷിനൊപ്പം അണിയറയിൽ ആ കഥാപാത്രത്തിന്റെ പിറവിക്കൊപ്പം ഞാനും നടന്നു. ഞങ്ങളുടെ വീടുകളിൽ രണ്ടു പേരും ‘പാവേലാ’യി ജീവിച്ച കാലമായിരുന്നു അത്.
മലബാർ ക്രിസ്ത്യൻ കോളജ് സ്കൂളിൽ അഞ്ചിലോ ആറിലോ മുതൽക്കാണ് ജോയ് ജീവിതത്തിലേക്ക് കയറിവരുന്നത്. രണ്ടു പേരുടെയും കുടുംബങ്ങൾ തമ്മിൽ പണ്ട് അയൽക്കാരായിരുന്നതുകൊണ്ട് ആ സൗഹൃദത്തിൽ ഭാഗഭാക്കായിരുന്നു വീടും. സ്കൂൾ കാലത്ത് ജോയ് നടത്തിയ നാടക പരീക്ഷണങ്ങളിൽ ഞാനും ഒപ്പം നടന്നു. അഭിനയിക്കാനറിയുമായിരുന്നില്ലെങ്കിലും അവന്റെ എല്ലാ നാടകങ്ങളിലും എന്നെയും വേഷം കെട്ടിച്ചു. നാടകം അങ്ങനെയാണ് തലയിൽ കയറുന്നത്. എൻ.എൻ. പിള്ള വരെയാണ് സ്കൂൾകാലത്ത് എത്തിയത്. ഗുരുവായൂരപ്പൻ കോളജിൽ ഞങ്ങൾ ഒന്നിച്ചു ചേർന്നു. രാമചന്ദ്രൻ മൊകേരിയായിരുന്നു പ്രിയപ്പെട്ട അധ്യാപകൻ. നാടകം ഹൃദയത്തിലേറ്റിയ മാഷ് ഞങ്ങളെയും കൂടെക്കൂട്ടി. അത് ഒഴുകിയെത്തിയത് മധു മാസ്റ്ററിലേക്കാണ്. മാഷ് ‘പടയണി’ എന്ന നാടകവുമായി വയനാട്ടിൽനിന്നും കോഴിക്കോട്ടേക്ക് ചുരമിറങ്ങി വന്ന കാലം. 1978.
‘പടയണി’ സംവിധാനംചെയ്തത് മുരളി ഇലയ്ക്കാട് ആയിരുന്നു. അത് ഒരു കോഴിക്കോടൻ നാടകമായിരുന്നില്ല, വയനാട് മീനങ്ങാടിയാണ് അതിന്റെ ജനനം. സാംസ്കാരികവേദിക്കും മുമ്പ് വയനാട് സാംസ്കാരിക വേദി ഉണ്ടായിരുന്നു. അധികാരത്തെ അരങ്ങിൽ ആവിഷ്കരിക്കാൻ ശ്രമിച്ച നാടകമായിരുന്നു ‘പടയണി’. നാടകരംഗത്തെ സർഗാത്മകമായ തിരുത്തലിന് തുടക്കം കുറിച്ച ഒരു ഇടപെടലായി അത്.
പിൽക്കാലത്ത് സംവിധായകനും ആം ആദ്മി പാർട്ടിക്കാരനും സംഘ്പരിവാറിലെ മുസ്ലിം ശബ്ദവും പിന്നിട്ട് പല വേഷങ്ങളിൽ നിറഞ്ഞാടി അലി അക്ബർ എന്ന രാമസിംഹൻ ‘പടയണി’യിൽ ഒരു ബാലനടനായി ഉണ്ടായിരുന്നു. പിന്നെ മധുമാഷ് ‘അമ്മ’ക്ക് തുടക്കമിട്ടതോടെ ജീവിതം കീഴ്മേൽ മറിഞ്ഞു.
വിപ്ലവമൊക്കെ പഠിപ്പ് കഴിഞ്ഞിട്ട് മതി എന്ന് മതിയാവോളം ഉപദേശങ്ങൾ എനിക്ക് എന്റെ വീട്ടിൽനിന്നും കിട്ടിയതിലേറെ തന്നിരുന്നത് ജോയ് മാത്യുവിന്റെ അമ്മ എസ്തേർ ടീച്ചറായിരുന്നു. ‘‘എന്റെ മകനോ പിഴച്ചു, നീ കൂടി അവന്റെ കൂടെ കൂടി ചീത്തയാകാതെ നോക്കണം. പറ്റിയാൽ അവനെ ഒന്ന് ഉപദേശിച്ച് നേർവഴിക്ക് നടത്തണം. നീ പറഞ്ഞാൽ കേൾക്കും. വിപ്ലവമൊക്കെ നല്ല കാര്യം. പക്ഷേ അതൊക്കെ പഠിപ്പ് കഴിഞ്ഞു മതി’’ -ടീച്ചർ ആവർത്തിച്ചു.
ജോയ് മാത്യുവിന്റെ അമ്മ എസ്തേർ
ഫെമിനിസം അന്ന് മലയാളക്കരയിൽ ഉടലെടുത്തിട്ടില്ലെങ്കിലും ഒരാദിമ ‘ഫെമിനിസം’ അമ്മമാരോട് സംസാരിക്കാൻ മധു മാസ്റ്ററുടെ ‘അമ്മ’ പഠിപ്പിച്ചു. ‘‘അമ്മ ഒരു വീട്ടടിമയല്ല, വിപ്ലവത്തിന്റെ ചാലകശക്തിയാണ്’’ എന്ന്. ‘അമ്മ’ രക്തത്തിൽ കയറി. അമ്മ നാടകത്തിൽ എന്നപോലെ ജീവിതത്തിലും ഞങ്ങളുടെ അമ്മമാർ അമ്പരന്നു നിന്നു.
മധു മാഷിന്റെ ശിഷ്യന്മാരായിരുന്നതുകൊണ്ട് തുടക്കം മുതൽക്കേ ഞങ്ങൾ രണ്ടുപേരും നക്സലൈറ്റുകളായിരുന്നില്ല. ജയിലിൽനിന്നും പുറത്തുവന്ന മധു മാസ്റ്റർതന്നെ ഒരു നക്സലൈറ്റ് ആയിരുന്നില്ല. ആൾക്കാരുടെ നോട്ടത്തിൽ മാത്രമായിരുന്നു നക്സലൈറ്റ്. ഗുരുവായൂരപ്പൻ കോളജിൽ ഞങ്ങളുടെ ഗുരുനാഥനായിരുന്ന രാമചന്ദ്രൻ മൊകേരി ‘അമ്മ’ നാടകത്തിലെ പ്രധാന നടനായിരുന്നു. മാഷായിരുന്നു കാമ്പസിൽ ഞങ്ങളുടെ പ്രധാന വഴികാട്ടി. റിഹേഴ്സൽ ക്യാമ്പിലെത്തിയാൽ ജനകീയ സാംസ്കാരിക വേദിയുടെ കോഴിക്കോട്ടെ ഏറ്റവും പ്രധാന സംഘാടകനും അമ്മയിലെ മറ്റൊരു പ്രധാന നടനുമായ സേതുവാണ് സാംസ്കാരിക രാഷ്ട്രീയ സംവാദങ്ങളുടെ കേന്ദ്രം.
1981 ജനുവരി 26. ഇ.കെ. നായനാരുടെ ഭരണകാലമാണ്. ചെങ്കൊടി അപ്പുറത്തുമുണ്ട്. ഇപ്പുറത്തുമുണ്ട്. കോഴിക്കോട്ട് മാനാഞ്ചിറ മൈതാനിയിൽ റിപ്പബ്ലിക് ദിന പരേഡ് നടക്കുമ്പോൾ അതിനെതിരെ പ്രകടനം നടത്താൻ പാർട്ടി തീരുമാനിച്ചു. വിപ്ലവ വിദ്യാർഥി സംഘടനയും സാംസ്കാരിക വേദിയും പാർട്ടിയും ഒന്നിച്ചണിനിരക്കുന്ന പരിപാടി. കൃത്യം ഏഴര മണിക്ക് തന്നെ മാനാഞ്ചിറയുടെ ടെലിഫോൺ എക്സ്ചേഞ്ചിനടുത്ത് പങ്കെടുക്കുന്ന എല്ലാവരും എത്തിച്ചേരണം. പിൽക്കാലത്ത് കോഴിക്കോട് മെഡിക്കൽ കോളജ് ജനകീയ വിചാരണയുടെ ജഡ്ജി ആയ എ. സോമനായിരുന്നു ഞങ്ങളുടെ നേതാവ്.
ആർ.ഇ.സിയിൽനിന്നും ഒരുകൂട്ടം വിദ്യാർഥി സഖാക്കളാണ് കാര്യമായി ഒപ്പമുള്ളത്. രാജന്റെ ഓർമയുടെ ചൂട് കെട്ടടങ്ങാത്തതുകൊണ്ട് ആർ.ഇ.സി വിപ്ലവ വിദ്യാർഥികളുടെ ശക്തികേന്ദ്രമായിരുന്നു. പിൽക്കാലത്ത് അപ്രത്യക്ഷനായിപ്പോയ ആർ.ഇ.സി വിദ്യാർഥി അയ്യപ്പൻ, ശ്രീനിവാസൻ, വിപ്ലവ വിദ്യാർഥി സംഘടനയുടെ കരുത്തുറ്റ നേതാക്കളായിരുന്ന സെക്രട്ടറി ഹരിദാസ്, ശശി എന്നിവരൊക്കെ എന്തിനും പോന്ന സഖാക്കളായിരുന്നു. വിപ്ലവ സംഘടനയുടെ മാഗസിൻ ‘കോറസി’ന്റെ എഡിറ്റർ കൂടിയായിരുന്നു ശശി. ഞാനതിൽ ഒരു കവിത എഴുതിയിരുന്നു ‘മഞ്ഞപ്പിത്തം’. പാർട്ടി സഖാക്കളായ ഗോപി, മോഹനൻ, വിദ്യാർഥി സഖാക്കളായ രഘു, ശിവരാജൻ, ശിവദാസൻ എന്നിവരൊക്കെ പ്രകടനത്തിനെത്തിയിരുന്നു.
അറസ്റ്റ് ഉറപ്പായിരിക്കുമെന്ന് എല്ലാവർക്കും ധാരണയുണ്ടായിരുന്നു. തീരുമാനവുമായി തലേന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ അതിൽ പങ്കെടുക്കുന്നതിൽനിന്നും എന്നോട് പിന്മാറാൻ ജോയ് ഉപദേശിച്ചു: ‘‘നമ്മൾ രണ്ടുപേരും ഒന്നിച്ച് അകത്താകുന്നത് അപകടമാണ്. ഒരാൾ പുറത്തുണ്ടാകുന്നതാണ് നല്ലത്.’’ അന്നൊക്കെ എന്തു പരിപാടിയും ഒന്നിച്ചേ ചെയ്യാറുള്ളൂ. ഞാൻ പിന്മാറിയില്ല. ‘അമ്മ’യിലെ പാവേലിന് പുറമെ ഏഥൽ ലീലിയൻ വോയ്നിച്ചിന്റെ ‘കാട്ടുകടന്നൽ’ എന്ന നോവലിലെ ആർതറും അക്കാലത്തെ ഞങ്ങളുടെ ഹീറോ ആയിരുന്നു.
ജോയ് മാത്യുവിന്റെ അച്ഛൻ പുലിക്കോട്ടിൽ മാത്യുവും ജീവിതപങ്കാളി എസ്തേർ ടീച്ചറും
മാനാഞ്ചിറയിൽ റിപ്പബ്ലിക് ഡേ പരേഡിന്റെ ബ്യൂഗിൾ മുഴങ്ങിയപ്പോൾ ഞങ്ങൾ മുദ്രാവാക്യം മുഴക്കി പ്രകടനം തുടങ്ങി: ‘‘ഇത് ഞങ്ങളുടെ റിപ്പബ്ലിക്കല്ല.’’ തത്സമയം പൊലീസുകാരുടെ പട കുതിച്ചെത്തി ഞങ്ങളെ വളഞ്ഞിട്ടു പിടിച്ചു. തൂക്കിയെടുത്ത് പൊലീസ് വണ്ടിയിലേക്കിട്ടു. ആരൊക്കെ വന്നു വന്നില്ല എന്നൊക്കെ മനസ്സിലായത് പിന്നീടാണ്. ജോയ് എത്തിയിട്ടില്ലായിരുന്നു. ടൗൺ പൊലീസ് സ്റ്റേഷനിലേക്കുള്ള വഴിയിലുടനീളം ‘‘ഇത് ഞങ്ങളുടെ റിപ്പബ്ലിക്കല്ല’’ എന്ന മുദ്രാവാക്യം വിളി തുടർന്നു. സ്റ്റേഷനിൽ എല്ലാവരുടെയും പേരും വിലാസവുമൊക്കെ എഴുതി വാങ്ങി ലോക്കപ്പിലടച്ചു. കവിതകളുടെയും വിപ്ലവ മുദ്രാവാക്യങ്ങളുടെയും നേരമായിരുന്നു പിന്നീട്. പൊലീസുകാർ എല്ലാം കൗതുകപൂർവം നിരീക്ഷിക്കുക മാത്രമേ ചെയ്തുള്ളൂ.
‘‘നഗരത്തിൽ ഒരനീതിയുണ്ടായാൽ അവിടെയൊരു കലാപമുണ്ടാകണം. ഇല്ലെങ്കിൽ സന്ധ്യ മയങ്ങും മുമ്പ് ആ നഗരം കത്തിച്ചാമ്പലാകുന്നതാണ് നല്ലത്’’ -ബ്രെഹ്ത് പാടിയത് ലോക്കപ്പിൽ അലയടിച്ചു. സന്ധ്യ മയങ്ങും മുമ്പ് എന്തു സംഭവിക്കും എന്ന് ഞങ്ങൾ ആകാംക്ഷാപൂർവം കാത്തിരുന്നു. എ. സോമനും അയ്യപ്പനുമായിരുന്നു പാട്ടുകാർ. കടമ്മനിട്ട, സച്ചിദാനന്ദൻ, കെ.ജി.എസ്, ബ്രെഹ്ത്... പിന്നെ നാടൻപാട്ടുകൾ. ‘‘വിപ്ലവം ജനങ്ങളുടെ ഉത്സവമാണ്’’ -മുദ്രാവാക്യങ്ങൾ കവിതകളായി ഒഴുകി.
പുറത്തുനിന്നും ഒരു വിവരവും അകത്തേക്കെത്തിയില്ല. വൈകി റിപ്പബ്ലിക് ഡേ പരേഡിനടുത്ത് വന്നിരിക്കാനിടയുള്ളവർ പിന്നീട് എന്തുചെയ്യുകയായിരിക്കും എന്നറിയാനും വീട്ടിലറിയിക്കാനും ഒരു വഴിയുമില്ലായിരുന്നു. വീട്ടിലറിഞ്ഞാൽ അച്ഛനും അമ്മയുമൊക്കെ എന്തുചെയ്യും എന്ന ആശങ്കയും പലരിലും പടർന്നിരുന്നു. ‘‘ബൂർഷ്വാ കോടതി തുലയട്ടെ’’ എന്ന മുദ്രാവാക്യത്തിൽ നയപരമായ തിരുത്തൊന്നും വരാത്ത സാഹചര്യത്തിൽ ജയിൽ എല്ലാവരും മുന്നിൽ കണ്ടു. അങ്ങനെയെങ്കിൽ എന്തുചെയ്യും എന്ന ആലോചനയുണ്ടായി. ആർക്കും തളർച്ചയൊന്നുമുണ്ടായില്ല. ഒന്നിച്ചു നിൽക്കുമ്പോഴുള്ളതിന്റെ ആവേശം ഉണ്ടായിരുന്നുതാനും.
അർധരാത്രിയായി. പൊടുന്നനെ പുറത്തെ പൊലീസുകാർ അട്ടഹസിക്കുകയും തോക്ക് തുറന്നടക്കുകയും ചെയ്യുന്ന ശബ്ദം കേട്ടു. ഒരു പൊലീസ് സ്റ്റേഷൻ ആക്രമണം എന്നപോലെയായിരുന്നു ബഹളം. ഒരു നിമിഷം ഒരു ഞെട്ടലുണ്ടായെങ്കിലും പുറത്തുള്ള സഖാക്കൾ ഞങ്ങളെ തേടി വന്നതാകാമെന്ന ആവേശത്തിൽ മുദ്രാവാക്യം വിളി ശക്തമായി. അകത്ത് ഞങ്ങളുണ്ട് എന്ന അറിയിക്കലായിരുന്നു അത്. പതുക്കെ പൊലീസ് അട്ടഹാസം ഒന്നടങ്ങി. പുറത്തുനിന്നും വന്നവരോട് പൊലീസുകാർ മാന്യമായി സംസാരിക്കുന്നത് കേൾക്കാനായി. ഇരുട്ടിൽ ഒരു സ്ത്രീ ലോക്കപ്പിനടുത്തേക്ക് വന്നു. അത് ജോയിയുടെ അമ്മ എസ്തേർ ടീച്ചറായിരുന്നു.
‘‘പ്രേംചന്ദെവിടെ?’’ ടീച്ചറുടെ ശബ്ദം മുഴങ്ങി. മുദ്രാവാക്യം വിളി നിർത്തി. ഇരുട്ടിന്റെ മൂലയിൽനിന്നും ഞാനെഴുന്നേറ്റ് മുന്നോട്ട് വന്ന് ലോക്കപ്പിന്റെ അഴി പിടിച്ചു നിന്നു. ടീച്ചർക്ക് ചുറ്റും സ്റ്റേഷനിലെ പൊലീസുകാർ മുഴുവനുമുണ്ട്. അസമയത്ത് സമ്മതം ചോദിക്കാതെ ആരെങ്കിലും പൊലീസ് സ്റ്റേഷനിലേക്ക് വന്നുകയറിയാൽ നടക്കുന്ന പതിവ് പൊലീസ് പ്രതിരോധമായിരുന്നു കേട്ട ശബ്ദഘോഷം. ലോക്കപ്പിൽ നക്സലൈറ്റുകളായതുകൊണ്ട് പൊലീസ് സ്റ്റേഷൻ ആക്രമണത്തോടുള്ള ഒരു കരുതൽ.
ടൗൺ പൊലീസ് സ്റ്റേഷനിലേക്കുള്ള വഴിയിൽ രണ്ടാം ഗേറ്റ് കടന്ന ഉടനെയുള്ള ആദ്യത്തെ കടയായിരുന്നു ജോയിയുടെ അച്ഛൻ പുലിക്കോട്ടിൽ മാത്യുച്ചായന്റെ ‘ഇന്ത്യാ ടയേഴ്സ്’. സ്റ്റേഷൻ എസ്.ഐയടക്കം എല്ലാ പൊലീസുകാർക്കും സുപരിചിതൻ. ടീച്ചർക്ക് തൊട്ടുപിറകെ മാത്യുച്ചായനെ കണ്ടപ്പോഴാണ് പൊലീസുകാർ അടങ്ങിയത്.
ലോക്കപ്പിന് മുന്നിൽ വന്നുനിന്ന് ആ അമ്മ എല്ലാവരോടുമായി ഒരു പ്രസംഗം തന്നെ നടത്തി. ‘‘എന്തുപറ്റി നിനക്ക് ഇങ്ങനെയൊരു കൂട്ടരോടൊപ്പം ചേരാൻ? എന്റെ മോനാണ് ഇവനെ വഴി തെറ്റിച്ചത്. അവനെ ഞാൻ വീട്ടിൽ കയറ്റിയിട്ടില്ല. ഇവനെ വിടീച്ചിട്ട് വീട്ടിൽ കയറിയാൽ മതീന്ന് പറഞ്ഞിട്ടുണ്ട്. അവൻ പകരം ഇവിടെ വന്നു കിടക്കട്ടെ. സ്വാതന്ത്ര്യസമര സേനാനികളുടെ കുടുംബമാണ് ചന്തു ഏട്ടന്റേത്. അവരൊന്നും ഇത്തരം കൂട്ടുകെട്ട് പൊറുക്കില്ല. വീട്ടിൽ പറഞ്ഞിട്ടാണോ ഇതിനിറങ്ങിയത്? അല്ലല്ലോ. ഇതിന് പുറപ്പെടുമ്പം അച്ഛനും അമ്മയുമൊക്കെ ഉണ്ട് എന്ന് ഓർക്കണമായിരുന്നു.’’
പൊലീസുകാർ സ്തബ്ധരായി നോക്കിനിന്നു. മാത്യുച്ചായനോടുള്ള ബഹുമാനാർഥം അവർ ഇടപെട്ടതേയില്ല. ഒരമ്മക്ക്, ടീച്ചർക്ക് പൊലീസ് സ്റ്റേഷനകത്ത് വെട്ടിപ്പിടിക്കാനായ നിമിഷങ്ങൾ. സംസാരം നിർത്താതായപ്പോൾ മാത്യുച്ചായൻ അകത്തേക്ക് വന്ന് അവരെ ഒരുവിധം സമാധാനിപ്പിച്ച് പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ‘‘കണ്ടില്ലേ വരുത്തിവച്ചത്’’ എന്ന അമർഷത്തോടെയുള്ള ഒരു നോട്ടം എല്ലാവരെയും നോക്കി അദ്ദേഹം കൊടുങ്കാറ്റുപോലെ കടന്നുപോയി.
കുറേ നേരം നിശ്ശബ്ദത മാത്രം. പിന്നെ അവർ പോയപ്പോൾ ഒപ്പമുണ്ടായിരുന്ന സഖാക്കൾ ഒരു വിമർശനം ഉന്നയിച്ചു. ‘‘ആ അമ്മയുടെ വികാരം ഞങ്ങൾക്ക് മനസ്സിലാകും. എന്നാൽ ‘കൂട്ടുകെട്ട്’ തെറ്റാണെന്ന് പറഞ്ഞപ്പോൾ സഖാവ് തിരുത്തണമായിരുന്നു. എല്ലാവർക്കുമുണ്ട് അച്ഛനും അമ്മയുമൊക്കെ എന്ന് പറയണമായിരുന്നു.’’ ഒന്നും പറയാനാവാതെ കരച്ചിലിന്റെ വക്കത്തായിരുന്നു ഞാൻ. എന്റെ വീട്ടിൽനിന്ന് അമ്മയോ അച്ഛനോ അതുപോലെ അന്വേഷിച്ച് വന്നിരുന്നില്ല. ഓടിയെത്തിപ്പോയ അമ്മ എസ്തേർ ടീച്ചറായിരുന്നു.
പിൽക്കാലത്ത് കലക്ടറും ചീഫ് സെക്രട്ടറിയും വൈസ് ചാൻസലറും ഗാനരചയിതാവുമൊക്കെയായ അന്നത്തെ ആർ.ഡി.ഒ കൂടിയായ സബ് കലക്ടർ കെ. ജയകുമാറിന്റെ ചേംബറിലാണ് പിറ്റേന്ന് രാവിലെ ഞങ്ങളെ ഹാജരാക്കിയത്. ഒപ്പമുള്ള വിദ്യാർഥി സഖാവ് ശിവരാജിന്റെ അച്ഛൻ ഹരിദാസ് അന്ന് കോഴിക്കാട്ടെ പ്രമുഖ വക്കീലാണ്. അച്ഛന്റെ സുഹൃത്തുമായിരുന്നു. അദ്ദേഹം മകനെ ജാമ്യത്തിലെടുക്കാൻ വന്നിരുന്നു. കോടതി മുമ്പാകെ ഞങ്ങൾ നിർത്താതെ മുദ്രാവാക്യം വിളിച്ചു. ‘‘ബൂർഷ്വാ കോടതി തുലയട്ടെ, ഇത് ഞങ്ങളുടെ റിപ്പബ്ലിക്കല്ല. അനീതിക്കെതിരെ കലാപംചെയ്യുന്നത് ന്യായമാണ്.’’ ഒരു ചെറുചിരിയോടെ ജയകുമാർ ഞങ്ങളെ നോക്കി ശാന്തരാകാൻ പറഞ്ഞു. പിന്നെ ഞങ്ങൾ അടങ്ങുംവരെ കാത്തുനിന്നു. ശിവരാജിന്റെ അച്ഛൻ എല്ലാവർക്കും വേണ്ടിയായിരുന്നോ ജാമ്യാപേക്ഷ കൊടുത്തിരുന്നത് എന്നോർമയില്ല. ജയകുമാറിന്റെ കോടതി എല്ലാവരെയും സ്വന്തം ജാമ്യത്തിൽ വിട്ടു.
പുറത്ത് ജോയ് മാത്യു കാത്തുനിൽപുണ്ടായിരുന്നു. എങ്ങനെ വീട്ടിൽ പോകും എന്നതായിരുന്നു ആശങ്ക. അവൻ കൂടെ വന്നു. വീട് ഒരു മരിച്ച വീടായി മാറിയിരുന്നു. എല്ലാവരും തളർന്നു കിടക്കുന്നു. ആരും ഒന്നും പറഞ്ഞില്ല. അതൊരു നീണ്ട നിശ്ശബ്ദതയായിരുന്നു. വിട്ടുമാറാൻ ഏറെ സമയമെടുത്തു.
‘‘ ‘ഗാലക്സി’യിൽ (ജോയിയുടെ വീടിന്റെ പേര്) ഒന്ന് പോയി വരാം. ഇവനെ കൂട്ടിച്ചെല്ലാതെ അമ്മ എന്നെ വീട്ടിൽ കയറ്റില്ല. അമ്മയെ കണ്ടിട്ട് വരാം’’ എന്നു പറഞ്ഞ് ജോയ് എന്നെ ‘ഗാലക്സി’യിലേക്ക് കൂട്ടി. അവിടെയും ഒരു കുറ്റപ്പെടുത്തലുമുണ്ടായില്ല. ‘‘ആരും ദൈവമൊന്നുമല്ല. ദൈവമൊട്ടാകാനും പറ്റില്ല. തെറ്റ് എല്ലാവർക്കും പറ്റും. അത് തിരുത്തിവേണം മുന്നോട്ടു പോകാൻ.’’ -എസ്തേറമ്മ ഉപദേശിച്ചു.
ഞങ്ങൾ വീണ്ടും ലോകത്തേക്കിറങ്ങി. ‘‘നീയിനി അങ്ങനെ സജീവമായി ഇറങ്ങേണ്ട. ഒരാൾ പുറത്ത് വേണം. എനിക്കെന്തായാലും നാടകം വിടാനാവില്ല’’ –ജോയ് തറപ്പിച്ചു പറഞ്ഞു. ‘‘അതൊക്കെ ഉണ്ടാകും. എല്ലാ അമ്മമാരും ഇങ്ങനെയാണ്. അമ്മ അറിയണം, നിങ്ങൾ എന്തുചെയ്യുന്നു എന്ന്’’ – മധു മാഷ് ഉപദേശിച്ചു. അഞ്ചു വർഷത്തിനപ്പുറം 1986ൽ ജോൺ എബ്രഹാം ‘അമ്മ അറിയാൻ’ ചെയ്യുമ്പോൾ മക്കൾ എന്തുചെയ്യുന്നു എന്നത് അമ്മ അറിയണം എന്ന സന്ദേശം അതിൽ ഒഴുകി എത്തിയിരുന്നു. അമ്മയോടുള്ള മകന്റെ ആത്മഭാഷണമായിരുന്നു അത്.
പൂത്തിരി കത്തിത്തീർന്നതുപോലെ സാംസ്കാരിക വേദിക്കാലം കത്തിയാളി കെട്ടടങ്ങാൻ അധികദൂരം പോകേണ്ടി വന്നില്ല. ഏതാനും മാസങ്ങളേ വേണ്ടിവന്നുള്ളൂ. മക്കളുടെ തിരിച്ചുവരവും കാത്തിരിക്കുന്നുണ്ടായിരുന്നു അപ്പോഴും അമ്മമാർ വീട്ടിൽ. ചിന്താ പ്രയോഗത്തിന്റെ കാലമായിരുന്നു പിന്നീട്.
1986ൽ ‘മാതൃഭൂമി’യിലെത്തി ആദ്യ രണ്ടു വർഷത്തെ റിപ്പോർട്ടിങ് കാലം പഴയ ആക്ടിവിസ്റ്റ് കാലത്തിന്റെ തുടർച്ചയായിരുന്നുവെങ്കിലും 1988ൽ െഡസ്ക് ജീവിതം തുടങ്ങിയതോടെ അത് തീരാത്ത നിദ്രയുമായുള്ള മല്ലിടലായിരുന്നു. ബയോളജിക്കൽ ക്ലോക്കിന്റെ മരണമാണ് ഡസ്ക് ജീവിതം. ഉറക്കമൊഴിച്ചിലിന്റെ രാത്രികൾ തീരാ തുടർച്ചയായിരുന്നു. ഉച്ചയാകും എഴുന്നേൽക്കാൻ. ഭക്ഷണവും കഴിഞ്ഞ് ഉച്ചമയക്കത്തിന്റെ മുനമ്പിലിരിക്കുമ്പോഴാണ് പണിയൊക്കെ കഴിഞ്ഞ് അമ്മ അരികിൽ വന്ന് വിശേഷങ്ങൾ പറഞ്ഞുതുടങ്ങുക. പാതിനിദ്രയിലാണത് കേൾക്കുക. പലപ്പോഴും പാതി കേട്ട് ഉറങ്ങിപ്പോകും. കേട്ടതെന്തായിരുന്നു എന്ന് ഉണരുമ്പോൾ മറന്നും പോകും. ആരും കേൾക്കാനില്ലെങ്കിലും ഒറ്റക്ക് മരച്ചില്ലയിലിരുന്നു പാടുന്ന കിളിയുടെ പാട്ടുപോലെയായിരുന്നു അമ്മയുടെ കഥപറച്ചിലുകൾ.
അച്ഛന്റെ മരണവും പിന്നിട്ട്, മക്കളെല്ലാം തിരക്കുകളുടെ ലോകത്തേക്ക് പറന്നുപോയ കാലത്താണ് വീട്ടിലേക്കുള്ള വരവുകളിൽ അമ്മ ഒറ്റക്കിരുന്ന് എഴുതുന്നത് ശ്രദ്ധിച്ചത്. വീട്ടിൽ പല കാലങ്ങളിൽ എത്തിപ്പെട്ട ഡയറികളെല്ലം അമ്മ സ്വന്തം നോട്ട് പുസ്തകങ്ങളാക്കി മാറ്റി. ജീവിച്ച കാലത്തിന്റെ പ്രളയജലത്തിൽ ഒരെഴുത്തമ്മ പ്രാണിയെപ്പോലെ സ്വന്തം സമയത്തിൽ തലപൂഴ്ത്തി തന്റെ ആത്മകഥ നിരന്തരം മാറ്റിയെഴുതിയ ഒരെഴുത്തുകാരിയായിരുന്നു അമ്മ. ‘‘മരിക്കുമ്പോൾ ആർക്കും ഒന്നും കൊണ്ടുപോകാനാവില്ല’’ എന്നതായിരുന്നു അമ്മയുടെ പ്രിയപ്പെട്ട സിദ്ധാന്തം. പ്രായം കൂടുംതോറും അമ്മ പതുക്കപ്പതുക്കെ എല്ലാം ഉപേക്ഷിച്ചുപോന്നു. ഒരുതരം ഭാരമില്ലായ്മയിലേക്കുള്ള യാത്രയായിരുന്നു അത്.
പിന്നിട്ട വഴികൾ വരും തലമുറകൾക്കായി രേഖപ്പെടുത്തിെവച്ച അച്ഛന്റെ പാപ്പൻ, രാരിച്ചപ്പാപ്പന്റെ ‘പൊറ്റങ്ങാടി തറവാടിന്റെ ഓർമച്ചരിത്രം’ അമ്മക്കായിരുന്നു കൈമാറിയത്. ജനിച്ചു വളർന്ന അച്ഛന്റെയും അമ്മയുടെയും തറവാടുകളിലെ താവഴി പരമ്പരകളെ മനസ്സിലാക്കുകതന്നെ പ്രയാസമായിരുന്നു. അമ്മ അതിൽ വർഷങ്ങളോളം പണിയെടുത്തു. പിന്നെ അതും മതിയാക്കി. ‘‘ഇനി നീ നോക്കിക്കോ’’ എന്നു പറഞ്ഞ് തറവാടിന്റെ ചരിത്രം രേഖപ്പെടുത്തിയ പുസ്തകം ഒരു ബാറ്റൺ കൈമാറുംപോലെ എനിക്ക് കൈമാറി. അവരെപ്പോലെ തറവാടിൽ ഉൾച്ചേർന്ന ജീവിതമല്ലാത്തതുകൊണ്ടുതന്നെ കുടുംബത്തിന്റെ അറ്റങ്ങൾ എവിടെയാണെന്ന് കണ്ടുപിടിക്കുകപോലും എനിക്ക് അസാധ്യമായിരുന്നു. എനിക്കത് മുന്നോട്ടു കൊണ്ടുപോകാനായില്ല. അമ്മയുടെ അസംഖ്യം നോട്ടുപുസ്തകങ്ങളിൽ ശേഖരിച്ച വിവരങ്ങൾ ഇപ്പോഴും ചിതറിക്കിടക്കുന്നു. അതൊരു കൂമ്പാരം തന്നെയുണ്ട്. ഒപ്പം നിരന്തരം തിരുത്തിയെഴുതി കാടും പടലും കത്തിച്ചു കളഞ്ഞ സ്വന്തം ജീവചരിത്രത്തിന്റെ മെലിഞ്ഞ പതിപ്പും. മറ്റാർക്കെങ്കിലും പിൽക്കാലത്ത് വേദനയുണ്ടാക്കിയേക്കും എന്നു തോന്നുന്ന ഭാഗങ്ങളാണ് അമ്മ അങ്ങനെ വെട്ടിമാറ്റി തിരുത്തി എഴുതിയത് എന്ന് പറഞ്ഞുതന്നത് അമ്മയുടെ അനുജത്തി, ഗീത ഇളയമ്മയാണ്. അവരായിരുന്നു അമ്മയുടെ ആദ്യ വായനക്കാരി. ‘‘അതിൽ പലതുമുണ്ടായിരുന്നു, പിന്നെ അതൊക്കെ അമ്മ വേണ്ടെന്നുെവച്ചതാണ്’’ –അമ്മയുടെ മരണശേഷം അവരെഴുതിക്കൂട്ടിയ പുസ്തകക്കൂമ്പാരങ്ങൾക്ക് മുന്നിലിരിക്കുമ്പോൾ ഗീത ഇളയമ്മ പറഞ്ഞു.
അമ്മയുടെ വിവാഹ ക്ഷണക്കത്ത്
അച്ഛന്റെ മരണശേഷമാണ് എഴുതിെവച്ച സ്വന്തം ‘ജീവിതകഥ’ ആരെയും മുഷിപ്പിക്കാതിരിക്കാൻ മാറ്റിയെഴുതി അമ്മ ചുരുക്കിക്കളഞ്ഞത്. അടുത്ത കൂട്ടുകാർക്കും ബന്ധുക്കൾക്കും ‘ആദ്യപ്രതി’ വായിക്കാൻ കൊടുത്ത് അതിന്റെയൊക്കെ പ്രതികരണങ്ങൾ തേടിയ ശേഷമാണ് അമ്മ ഈ വെട്ടിച്ചുരുക്കൽ നടത്തിയത്. അമ്മ ജനിച്ചു വളർന്ന അമ്മമ്മയുടെ തറവാടായ ‘കൊന്തനാടത്ത്’, അമ്മമ്മയെ കല്യാണം കഴിച്ചു കൊണ്ടുപോയ ‘ഇത്തിൾക്കണ്ടി’, അമ്മ കല്യാണം കഴിച്ചെത്തിയ ‘പൊറ്റങ്ങാടി’ എന്നിങ്ങനെ മൂന്ന് പുരാതന തറവാടുകളിലേക്കുള്ള കൈവഴികൾ അമ്മ വരച്ചിട്ടിട്ടുണ്ട്. അമ്മ മരിച്ചശേഷമാണ് വെട്ടിച്ചുരുക്കിയ ആ കൊച്ചു നോട്ടുപുസ്തകം എന്റെ കൈയിൽ കിട്ടുന്നത്. അമ്മ എഴുതിെവച്ചത് ഓർമിച്ചതിനേക്കാളേറെ മറച്ചുെവച്ചവയായിരുന്നു.
സ്വന്തം നോട്ട് പുസ്തകങ്ങളിലേക്ക് പിൻവാങ്ങി എഴുത്തിലേക്ക് മാത്രമായി ഒതുങ്ങിയ ജീവിതമായിരുന്നു അമ്മയുടെ അവസാന കാലം. എഴുതിക്കൂട്ടി വെക്കുന്നതൊന്നും ഉപയോഗശൂന്യമാകില്ലെന്നും വീട്ടിലെ ഏക പെൺതരിയായ മകൾ മുക്ത വലുതാകുമ്പോൾ അതൊക്കെ അവൾക്ക് ഉപകാരപ്പെടുമെന്നുള്ള പെൺകരുതലും അമ്മയുടെ സൂക്ഷിപ്പിലുണ്ടായിരുന്നു.
സ്വാതന്ത്ര്യസമരം മുതൽ അടിയന്തരാവസ്ഥ വരെയുള്ള നീണ്ട അനുഭവങ്ങളുണ്ടായിരുന്നു അച്ഛന്. എന്നാൽ ഒരു വരി ഓർമപോലും എഴുതിവെക്കാതെ വിടപറഞ്ഞ അച്ഛന്റെ, പൊറ്റങ്ങാടി ചന്തുവിന്റെ നിശ്ശബ്ദത ഒരു പ്രഹേളികയായാണ് മുന്നിലുയർന്നത്. മുതിർന്നപ്പോൾ പിന്നിട്ടത് എന്തായിരുന്നു എന്ന് അച്ഛനോടും അമ്മയോടും ചോദിച്ചറിയാനും സമയം കണ്ടെത്തിയില്ല. അതൊരു ഖേദമായി അവശേഷിച്ചു.
ആത്മകഥകൾ അസാധ്യമായ സ്ത്രീ ജീവിതങ്ങളെയാണ് അമ്മയും ഓർമിപ്പിക്കുന്നത്. അങ്ങനെ എഴുതുന്നവരും എഴുതി തിരുത്തിയവരും എഴുതാതെ പോയവരുമായ പെണ്ണെഴുത്തുകളുടെ കടലുകൾ നമ്മുടെ എഴുത്തിന്റെ ചരിത്രത്തിന്റെ ഭാഗമേ അല്ല. എഴുത്തിന്റെ ചരിത്രം ആ കടമ്പയെ പല വഴികളിലൂടെ അതിജീവിച്ചവരുടെ മാത്രം ഹ്രസ്വ ചരിത്രമാണ്. പറഞ്ഞതിനേക്കാൾ പറയാതെ പോയത് തന്നെയാണ് ബൃഹത്ത്. അമ്മയെപ്പോലെ ഓരോ അമ്മയും എഴുതപ്പെടാത്ത ചരിത്രങ്ങളായി ഓരോ വീട്ടിലുമുണ്ടാകും.
അയൽപക്കത്ത് എഴുത്തുകാരിയായ മാധവിക്കുട്ടി വരുമ്പോഴൊക്കെ അവരെ കാണാൻ വല്യമ്മമാരെയും കൂട്ടി അമ്മയും പോകുമായിരുന്നത് ഓർമയുണ്ട്. തറവാടിന്റെ ചരിത്രമെഴുത്തുകാരിയായതുകൊണ്ടുതന്നെ മാധവിക്കുട്ടിയുടെ ‘എന്റെ കഥ’ അമ്മയെയും സ്വാധീനിച്ചിട്ടുണ്ടാകും. മാധവിക്കുട്ടി തന്നെയും പിൽക്കാലത്ത് ഒരഭിമുഖത്തിൽ ‘എന്റെ കഥ’ ഒരു കഥ മാത്രമാണെന്നും അത് വായനക്കാർ വായിച്ച് അമ്പരക്കുന്നത് ഓർത്തു തങ്ങൾ കുടുംബസമേതം വീട്ടിലിരുന്ന് ചിരിക്കാറുണ്ടായിരുന്നു എന്ന് പറഞ്ഞത് ഓർക്കുന്നു. അക്കാലത്തെ മദിരാശി യൂനിവേഴ്സിറ്റിയുടെ ഭാഗമായിരുന്ന പ്രൊവിഡൻസ് കോളജിലെ വിദ്യാർഥിനിയായിരുന്നു അമ്മ. 1955ൽ പത്തൊമ്പതാം വയസ്സിൽ വിവാഹം കഴിഞ്ഞതോടെ പഠിപ്പ് നിന്നു. ‘‘പെൺകുട്ടികളുടെ പഠിപ്പിന്റെ കാര്യത്തിൽ അച്ഛന് വലിയ ശ്രദ്ധയില്ല. ആൺകുട്ടികളെ മാത്രം ശ്രദ്ധിക്കും. അവർ പഠിച്ച് ജോലി വാങ്ങണ്ടെ’’ എന്ന് ആത്മകഥയിൽ അമ്മ കുറിച്ചിട്ടിട്ടുണ്ട്. അതിൽ അക്കാലത്തെ ലിംഗപദവിയുടെ രാഷ്ട്രീയം ഇന്നു വായിക്കാം. ‘‘പിന്നീട് വിവാഹം കഴിഞ്ഞതിനാൽ പഠിപ്പ് നിർത്തി’’ എന്നും കുറിച്ചിടുന്നു.
പ്രേംചന്ദിന്റെ അച്ഛൻ ചന്തുവും അമ്മ തുളസിയും
അക്കാലത്തെ പ്രൊവിഡൻസ് കോളജിലെ അടുത്ത സുഹൃത്തുക്കൾ അവസാനംവരെ അമ്മയുടെ സുഹൃത്തുക്കളായി ഉണ്ടായിരുന്നു. പൊതുജീവിതം എന്നുപറയാൻ കോഴിക്കോട്ടെ ശ്രീനാരായണ മിഷൻ പ്രവർത്തകയായിരുന്നു അവസാനം വരെ.
മൂന്നാൺമക്കളായിരുന്നു അമ്മക്ക്. കുട്ടിക്കാലം മുതൽ മൂന്നുപേരെയും അമ്മ അടുക്കളപ്പണി മുഴുവനും പഠിപ്പിച്ചു. അത് വീട്ടിലെ സ്വാഭാവികമായ ശീലമായിരുന്നു. തേങ്ങ ചിരകൽ മുതൽ ചോറും കറിയും വെക്കലും പശുവിനെ കറക്കലും കോഴിക്കൂട് പരിപാലിക്കലും അടിച്ചുവാരലും തിരുമ്പലും ഒക്കെ. വീട്ടുപണിയിലെ ‘ജെൻഡർ’ അമ്മ തുടക്കം മുതലേ എടുത്തു കളഞ്ഞതുകൊണ്ട് അത് അസ്വാഭാവികമായി മക്കൾക്കാർക്കും ഒരിക്കലും തോന്നിയിട്ടുമില്ല. ഫെമിനിസത്തിന്റെ ആദ്യപാഠങ്ങൾ കേരളത്തിൽ പിച്ചെവച്ചപ്പോൾ അതിനൊപ്പം അതിന്റെ തുടക്കം മുതൽ നടക്കാനും ഒരു കടുത്ത ഫെമിനിസ്റ്റ് തീവ്രവാദിയായ ദീദിക്കൊപ്പം കുടുംബജീവിതം നയിക്കാനും പറ്റിയത് അമ്മയുടെ ഈ സ്കൂളിങ് ആയിരുന്നുവെന്ന് നിസ്സംശയം പറയാം.
ഇല കൊഴിയുന്നതുപോലെയായിരുന്നു അമ്മയുടെ മരണം. കുളിച്ച് വസ്ത്രം മാറ്റി, നനഞ്ഞ തോർത്ത് തലയിൽ കെട്ടിെവച്ച് അമ്മ സ്വന്തം മുറിയിൽ, കട്ടിലിനോട് ചേർന്ന് കിടന്നു. ഭക്ഷണം കഴിക്കാൻ വരാൻ വൈകുന്നതെന്ത് എന്ന് അനുജൻ നവീൻചന്ദ് ചെന്നു നോക്കിയപ്പോഴാണ് ആ കിടപ്പ് കാണുന്നത്. 2011 ആഗസ്റ്റ് 23ന്. സ്വച്ഛന്ദമൃത്യു പോലൊന്ന്. ‘‘ഓരോരുത്തരും പോവേണ്ട സമയമായാൽ പോവും. ജനിക്കുമ്പോൾതന്നെ ദൈവം നമ്മുടെ മരണസമയവും കുറിച്ചിട്ടിരിക്കും. ഒരുദിവസം മരിക്കും. കിടപ്പിലാകാതെ മരിക്കുന്നത് ഭാഗ്യം. കിടപ്പിലായാൽ കിടക്കുന്നവരേക്കാൾ ബുദ്ധിമുട്ട് അവരെ ശുശ്രൂഷിക്കുന്നവർക്കായിരിക്കും. ഭഗവാനോട് രോഗശയ്യയിൽ കിടക്കാതെ മരണം സംഭവിക്കണേ എന്ന് പ്രാർഥിക്കാം’’ – എന്ന് ആത്മകഥയിൽ കുറിച്ചിട്ട വാക്കുകൾ അമ്മ മരണംവരെ മുറുകെ പിടിച്ചു. രോഗം വന്ന് ഒരുദിവസം പോലും കിടക്കാതെ മരണം പുൽകി.
ഭക്തി ഒരിക്കലും അമ്മ മക്കളിൽ അടിച്ചേൽപിച്ചിരുന്നില്ല. ഒരമ്പലത്തിലും കൂട്ടിക്കൊണ്ടുപോയിട്ടില്ല. മുതിർന്നപ്പോൾ ദൈവനിഷേധിയായപ്പോൾ അതും ഒരു രീതി എന്നു മാത്രമേ കണക്കാക്കിയുള്ളൂ. എതിർക്കാനോ തിരുത്താനോ നിന്നില്ല.
ജീവിച്ചിരുന്നപ്പോൾ എന്നതിനേക്കാൾ മരിച്ചശേഷമാണ് അമ്മയോട് ശരിക്കും സംസാരിച്ചു തുടങ്ങിയത്. അമ്മ എഴുതിെവച്ച സ്ഥൂലമായ ആത്മകഥയിലെ ഒഴിഞ്ഞ സ്ഥലങ്ങളിലൂടെ പിറകോട്ട് പോയിട്ട്. ‘പാതാളക്കരണ്ടി’ എഴുതുമ്പോൾ അമ്മയുടെ ഓർമ ഒപ്പം സഞ്ചരിച്ചു. അല്ലെങ്കിലും അശരീരികളോടാണ് നമ്മൾ കൂടുതൽ സംസാരിക്കുന്നത്. അശരീരികളാണ് നമ്മളോടും കൂടുതൽ സംസാരിക്കുന്നത്. അവരാണ് കൂടുതൽ കേൾക്കുന്നത്. അവരാണ് മിക്കപ്പോഴും കൂടുതൽ വലിയ യാഥാർഥ്യം.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.