മൂന്നു പതിറ്റാണ്ടിനോടടുക്കുന്ന കേരളത്തിലെ പാലിയേറ്റിവ് കെയർ പ്രസ്ഥാനത്തിന്റെ കോഴിക്കോട് മെഡിക്കൽ കോളജിലെ ഒരൊറ്റ മുറിയിൽനിന്നുള്ള തുടക്കത്തെക്കുറിച്ച് എഴുതുന്നു. ആ തുടക്കത്തോടൊപ്പം നടന്ന ജോസിനെയും ഒാർമിക്കുന്നു.വിക്കിപീഡിയയാണ് ഓർമകളുടെ പുതിയ ചരിത്രപുസ്തകം. ഗൂഗ്ളിൽ ആർ. ജോസ് എന്ന് അടിച്ചു കൊടുത്താൽ ആർക്കും ഒന്നും കിട്ടില്ല. അതിനൊപ്പം പാലിയേറ്റിവ് കെയർ എന്നുകൂടി ചേർത്താലും കിട്ടില്ല. ‘പേഷ്യന്റ് വളന്റിയർ’ എന്നുകൂടി ചേർത്താലും ഒന്നും കിട്ടില്ല. ഇനി പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റി, കോഴിക്കോട് എന്ന് മുഴുവനായും അടിച്ചുകൊടുത്ത് ചികഞ്ഞാലും കിട്ടില്ല. ചരിത്രവും ഓർമകളും ഒക്കെ...
മൂന്നു പതിറ്റാണ്ടിനോടടുക്കുന്ന കേരളത്തിലെ പാലിയേറ്റിവ് കെയർ പ്രസ്ഥാനത്തിന്റെ കോഴിക്കോട് മെഡിക്കൽ കോളജിലെ ഒരൊറ്റ മുറിയിൽനിന്നുള്ള തുടക്കത്തെക്കുറിച്ച് എഴുതുന്നു. ആ തുടക്കത്തോടൊപ്പം നടന്ന ജോസിനെയും ഒാർമിക്കുന്നു.
വിക്കിപീഡിയയാണ് ഓർമകളുടെ പുതിയ ചരിത്രപുസ്തകം. ഗൂഗ്ളിൽ ആർ. ജോസ് എന്ന് അടിച്ചു കൊടുത്താൽ ആർക്കും ഒന്നും കിട്ടില്ല. അതിനൊപ്പം പാലിയേറ്റിവ് കെയർ എന്നുകൂടി ചേർത്താലും കിട്ടില്ല. ‘പേഷ്യന്റ് വളന്റിയർ’ എന്നുകൂടി ചേർത്താലും ഒന്നും കിട്ടില്ല. ഇനി പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റി, കോഴിക്കോട് എന്ന് മുഴുവനായും അടിച്ചുകൊടുത്ത് ചികഞ്ഞാലും കിട്ടില്ല. ചരിത്രവും ഓർമകളും ഒക്കെ അങ്ങനെയാണ്. അത് അതിന്റെ വേരുകളെത്തന്നെ പിഴുതുമാറ്റിക്കൊണ്ടാണ് വളരുക. ചരിത്രത്തിന് വളമാവുക എന്നത് ഒരു ഗ്രാംഷിയൻ സങ്കൽപമാണ്. ചരിത്രത്തിന്റെ വളർച്ചയിൽ പലരും പലതും അതിന് വളമാകുന്നു. ജോസും ഒരു വളമായിരുന്നു.
മൂന്ന് പതിറ്റാണ്ടിനോടടുക്കുന്ന കേരളത്തിലെ പാലിയേറ്റിവ് കെയർ പ്രസ്ഥാനത്തിന്റെ കോഴിക്കോട് മെഡിക്കൽ കോളജിലെ ഒരൊറ്റ മുറിയിൽനിന്നുള്ള തുടക്കം പുതിയ തലമുറയിൽ ആരുടെയെങ്കിലും ഓർമയിലുണ്ടാകുമോ എന്നെനിക്കറിയില്ല. എന്നാൽ, അതിന്റെ തുടക്കത്തോടൊപ്പം നടന്നവർക്ക് ജോസ് ഓർമയുടെ ചരിത്രമാണ്. കേരളത്തിലെ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ‘പേഷ്യന്റ് വളന്റിയർ’, ആ വ്യവഹരിക്കുന്നതിനുമപ്പുറം ഒരു വികാരമായിരുന്നു. പാലിയേറ്റിവ് കെയറിന്റെ പ്രസക്തി എത്രമാത്രം വലുതാണെന്ന് മരണം തൊട്ടെഴുതിയ സ്വന്തം ജീവിതകഥയിലൂടെ ലോകത്തോട് വിളിച്ചുപറഞ്ഞ ആദ്യ രചയിതാവും അതിന്റെ ആദ്യ ചരിത്രകാരനുമാണ് ജോസ്. ആ ചരിത്രത്തിന് അടിത്തറ പാകിയ മനുഷ്യരിൽ ഒരാൾ.
ജോസിന്റേത് ഒരു ‘വല്ലാത്ത കഥ’യാണ്. അവന്റെതന്നെ വാക്കുകളിൽ പറഞ്ഞാൽ ‘ശവപ്പെട്ടിയിൽനിന്നും എഴുന്നേറ്റു വന്നവന്റെ’ കഥ. എന്നാൽ, ജീവിച്ചിരിക്കെ അത് അച്ചടിച്ചുവരുന്നത് കാണാൻ അവന് ഭാഗ്യമില്ലായിരുന്നു. അത്രമേൽ തീവ്രമായി അഭിലഷിച്ചാൽ അതു നടത്തിയെടുക്കാൻ ലോകം നമുക്കായി ഗൂഢാലോചന നടത്തിക്കോളും എന്നൊക്കെ പൗലോ കൊയ്ലോയുടെ ആരാധകർക്ക് വിശ്വസിക്കാം. അതൊന്നും ലോകത്തിന് അത്ര ബാധകമൊന്നുമല്ല. പ്രത്യാശ നിലനിർത്താൻ സഹായിക്കും എന്നുമാത്രം.
ജോസിന്റെ ‘ഇത് എന്റെ കഥ’ മരണാനന്തരം അച്ചടിച്ചു വന്ന ‘മാതൃഭൂമി വാരാന്തപ്പതിപ്പ്’ കവർസ്റ്റോറി, 2002 ജനുവരി
1994 നവംബറിലാണ് ഇരുപതു വയസ്സുള്ള, കോഴിക്കോട് കുരുവട്ടൂർ പഞ്ചായത്തിലെ പറമ്പിൽബസാറുകാരനായ ആർ. ജോസ് തന്റെ വേദനകൾക്ക് ശമനം തേടി മെഡിക്കൽ കോളജിലെ ഒറ്റമുറിയിലെത്തുന്നത്. ദരിദ്രകുടുംബം. അമ്മയും ഒരനിയനും മാത്രമേയുള്ളൂ. ചെറുപ്പത്തിലേ അച്ഛൻ മരിച്ച ജോസ് 16 വയസ്സ് വരെ അനാഥാലയത്തിലാണ് കഴിഞ്ഞത്. ചിത്രം വരക്കും. കവിതയെഴുതും. അനാഥമന്ദിരത്തിലെ ജീവിതം കഴിഞ്ഞതോടെ പഠിപ്പും അവസാനിച്ചു. പിന്നെ, പോസ്റ്ററെഴുത്തും പരസ്യബോർഡുകൾക്ക് പെയിന്റടിക്കലുമായിരുന്നു ജോലി. കഷ്ടിച്ച് കുറച്ച് നല്ല വർഷങ്ങൾ. വിടാത്ത ചെവിവേദനയെ തുടർന്ന് 1990 ജനുവരിയിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സ തേടിയെത്തി. രണ്ടു വർഷം കഴിഞ്ഞപ്പോൾ ചെവിയിൽനിന്നും, തുപ്പുമ്പോൾ തൊണ്ടയിൽനിന്നും രക്തം വരാൻ തുടങ്ങി. ക്ഷീണമായി. പണിക്ക് പോകാൻ വയ്യാതായി. നീരിറക്കം, ജലദോഷം എന്നിവക്കൊക്കെയായിരുന്നു അതുവരെ ചികിത്സകൾ.
ആയിടെ വന്ന മൂക്കിൽനിന്നും രക്തംവന്ന് മരിക്കുന്ന നായകനുള്ള സിനിമ കണ്ട് കൂട്ടുകാർ കളിയാക്കി അവന് കാൻസറാണെന്ന്. അവൻ അതിനെ എതിർത്തെങ്കിലും ഉള്ളിൽ ഉറപ്പിച്ചു കാൻസറായിരിക്കുമെന്ന്. അതായിരുന്നു ശരി. ചോരവരുന്ന മൂക്കിൽ തുണി കുത്തിക്കയറ്റിയപ്പോൾ ഒന്നു തുമ്മിപ്പോയതിന് എണീറ്റു പോയിക്കൊള്ളാൻ പറഞ്ഞ ഡോക്ടർമാർ വരെ അതിനിടയിൽ ജീവിതത്തിലൂടെ കടന്നുപോയി. ഒടുവിൽ റഫർ ചെയ്ത കാൻസർ വാർഡിന്റെ ബോർഡ് കണ്ടപ്പോൾ എല്ലാം തീരുമാനമായി. മൂന്നുവർഷം അതിനിടയിൽ ഒഴുകിപ്പോയിരുന്നു. റേഡിയേഷൻ ചികിത്സക്കുശേഷം ഇനിയൊന്നും ചെയ്യാനില്ല, വീട്ടിലേക്ക് മടങ്ങാം എന്ന അന്തിമവിധി കൂടി വന്നതിനുശേഷമാണ് 1994 നവംബറിൽ അവൻ പെയിൻ ക്ലിനിക്കിലെ ഒറ്റമുറിയിൽ വേദനകൾക്കുള്ള ശമനം തേടിയെത്തുന്നത്.
പെയിൻ ക്ലിനിക്കിൽ ചികിത്സയും മരുന്നും സൗജന്യമാണ് എന്നു മാത്രമല്ല ചികിത്സക്ക് വരാൻ ബസിന് പൈസയില്ലാത്തവർക്ക് അതും ജീവിക്കാൻ ഒരു വകയുമില്ലാത്തവർക്ക് അത്യാവശ്യം നിലനിന്നുപോകാനുള്ള ഭക്ഷ്യവസ്തുക്കൾക്കുള്ള വകയും നൽകും എന്നതും ഒരു കൈത്താങ്ങായിരുന്നു. ജോസ് അങ്ങനെ ഒറ്റമുറി പാലിയേറ്റിവ് ക്ലിനിക്കിന്റെ ഭാഗമായി. ഡോ. എം.ആർ. രാജഗോപാലിന്റെയും ഡോ. സുരേഷ് കുമാറിന്റെയും ഒപ്പം നിന്നുള്ള സാന്ത്വനസ്പർശവും അവന്റെ ചേച്ചിമാരായി മാറിയ മീന, ലിസി എന്നിവരുടെ നഴ്സിങ് പരിചരണവും ചേട്ടന്മാരായി മാറിയ പെയിൻ ക്ലിനിക്കിലെ മൂന്നാമത്തെ വളന്റിയർ ഡോ. അമീൻ എന്ന ഹോമിയോ ഡോക്ടറും ഒരു മെഡിക്കൽ പശ്ചാത്തലവുമില്ലാതെ പെയിൻ ക്ലിനിക്കിലെത്തിയ (പൂവാട്ട്പറമ്പ് വേണു വഴി) എം.ജി. പ്രവീണും അവനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു. അവൻ ‘ശവപ്പെട്ടിയിൽനിന്നും എണീറ്റു നടക്കുന്നവനായി’. 1995 ജനുവരിയിൽ, ഒന്നര വർഷത്തിനുശേഷം അവൻ വീണ്ടും പെയിൻ ക്ലിനിക്കിന്റെ ഒരു ബോർഡെഴുതാൻ ബ്രഷ് ൈകയിലെടുത്തു. അവൻ പിന്നെ പോയില്ല. രണ്ടു മാസത്തിനകം ഔദ്യോഗികമായിത്തന്നെ പെയിൻ ക്ലിനിക്കിന്റെ ചരിത്രത്തിലെ ആദ്യത്തെ പേഷ്യന്റ് വളന്റിയറായി.
സിസ്റ്റർ മെർലിനാണ് പെയിൻ ക്ലിനിക്കിന് ആദ്യമായി സർക്കാർ ഔദ്യോഗികമായി അനുവദിച്ചുനൽകിയ നഴ്സ്. സമർപ്പിത ജീവിതത്തിലൂടെ പിൽക്കാലത്ത് പാലിയേറ്റിവ് പരിചരണരംഗത്തെ വിദഗ്ധസേവനത്തിന് ഫ്ലോറൻസ് നൈറ്റിംഗേൽ പുരസ്കാരം നേടി സാന്ത്വന പരിചരണത്തിന്റെ മാതൃകയായി മാറിയ സ്ത്രീ. മീന ഓക്സിലറി നഴ്സും ലിസി ഫാർമസിസ്റ്റുമായിരുന്നുവെങ്കിൽ മെഡിക്കൽ കോളജ് പശ്ചാത്തലമുള്ള ആദ്യത്തെ നഴ്സ് സിസ്റ്റർ മെർലിൻ ആയിരുന്നു. ജോസിനും സ്വന്തം സിസ്റ്ററായിരുന്നു സിസ്റ്റർ മെർലിൻ. ഡോ. ലക്ഷ്മിയാണ് അന്ന് പാലിയേറ്റിവ് ക്ലിനിക്കിൽ ഒപ്പമുണ്ടായിരുന്ന മറ്റൊരാൾ.
ഇന്ന് സർക്കാരിന്റെയും മൂന്നാം ലോകത്തിന്റെ മാതൃക എന്ന ലോകാരോഗ്യ സംഘടനയുടെയും ഒക്കെ അംഗീകാരം നേടി സാന്ത്വന പരിചരണം പടർന്നു പന്തലിച്ചു കഴിഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളജ് കാമ്പസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റിവ് മെഡിസിൻ ഇന്ന് പ്രശസ്തിയിൽ തലയുയർത്തി നിൽക്കുന്നു. മാധ്യമങ്ങളിൽ പഴയകാലത്ത് വന്ന വാർത്തകൾക്കും ചില ഓർമക്കുറിപ്പുകൾക്കുമപ്പുറം അതിന്റെ ചരിത്രം ഇനിയും രേഖപ്പെടുത്തപ്പെട്ടിട്ടില്ല. സമൂഹമാധ്യമങ്ങളിൽ ചികഞ്ഞുനോക്കിയാൽ കിട്ടാത്തതെല്ലാം കൂട്ടമറവിയിലേക്ക് വഴുതിവീഴും എന്നതാണ് പിൽക്കാലം നേരിടുന്ന പ്രതിസന്ധി.
ഇത് പാലിയേറ്റിവ് പ്രസ്ഥാനത്തിന്റെ മാത്രം പ്രശ്നമല്ല. പഴയ കോൺഗ്രസ്, കമ്യൂണിസ്റ്റ്, വിമോചനസമര, നക്സലൈറ്റ്, സാംസ്കാരിക വേദി, സാംസ്കാരിക രാഷ്ട്രീയ ചരിത്രങ്ങൾ ചികയുമ്പോഴൊക്കെ മൗനങ്ങൾ തലയുയർത്തി നിൽക്കുന്നതു കാണാം. മൗനങ്ങളുടെ വായന –അത് എവിടെയും പ്രധാനമാണ്.
വളർച്ചയുടെ പടവ്: 2003 ജനുവരി 21ന് വി.ടി. കുട്ടികൃഷ്ണൻ ഉദ്ഘാടനം ചെയ്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റിവ് മെഡിസിന്റെ ശിലാഫലകം
ചൈനയിലെ സാംസ്കാരിക വിപ്ലവകാലത്ത് രൂപംകൊണ്ട തുറന്ന ചുമരുകൾപോലെ പെയിൻ ക്ലിനിക്കിനുമുണ്ടായിരുന്നു ആർക്കും അഭിപ്രായം എഴുതി ഇടാവുന്ന തുറന്ന ബോർഡ്. ജോസ് അതിൽ തന്റെ അതിജീവനത്തിന്റെ കവിതകളും ചിത്രങ്ങളും ഒട്ടിച്ചിടുമായിരുന്നു. എല്ലാവരും അത് വായിച്ച് അവനെ പ്രോത്സാഹിപ്പിച്ചു. അതവന് സ്വന്തം ആത്മകഥ എഴുതാനുള്ള പ്രേരണയായിരുന്നു. ഒരുതരം വേദനയെഴുത്ത് എന്നുതന്നെ പറയാം. എല്ലാവരെയും അത് സ്പർശിച്ചു. വായിച്ചാൽ ഹൃദയം നുറുങ്ങുമായിരുന്നു. നമ്മുടെ ആരോഗ്യ സംവിധാനങ്ങളുടെ ഹൃദയരാഹിത്യത്തിന്റെ ഒരു വിചാരണ അതിലുണ്ടായിരുന്നു. അതിലേക്ക് കടന്നുവരുന്ന ഒരു സാന്ത്വനസ്പർശംപോലും ഒരു പാവപ്പെട്ട രോഗിയുടെ ജീവിതത്തെ എങ്ങനെ മാറ്റിത്തീർക്കും എന്നും അത് അച്ചടിസാഹിത്യത്തിന്റെ ഒരു മേമ്പൊടിയുമില്ലാതെ വരച്ചുകാട്ടി.
പലതരം ആത്മകഥകൾ സാഹിത്യലോകത്തുണ്ട്. ആത്മകഥകളായി അഭിനയിക്കുന്ന ‘എന്റെ കഥകൾ’ ആണ് കൂടുതലും. എന്റെ തിരഞ്ഞെടുത്ത ഓർമകൾ എന്നോ മറ്റുള്ളവർ അറിയാൻ ഞാനാഗ്രഹിക്കുന്ന ഓർമകൾ എന്നോ വിളിക്കാവുന്ന കഥകളിൽ ആത്മരതികൾ കലരും. അതായിരുന്നില്ല ജോസിന്റെ ‘എന്റെ കഥ’. അത് ഒരു മരണമൊഴിതന്നെയായിരുന്നു . മരണത്തെക്കുറിച്ച് അത്രമേൽ തീവ്രമായ ഒരനുഭവം മുമ്പ് വായിച്ചത് ലിയോ ടോൾസ്റ്റോയിയുടെ ‘ഐവാൻ ഇല്ലിച്ചിന്റെ മരണം’ എന്ന കഥയായിരുന്നു. ജോസിന്റെ ‘എന്റെ കഥ’ അവൻ ജീവിച്ചിരിക്കുമ്പോൾതന്നെ പ്രസിദ്ധീകരിക്കേണ്ടതുണ്ട് എന്ന വിചാരം അങ്ങനെയാണുണ്ടായത്. ചികിത്സക്കിടയിൽ സ്വാധീനമില്ലാതായിപ്പോയ വലംകൈക്ക് പകരം ഇടംകൈകൊണ്ടായിരുന്നു ജോസ് അതെഴുതിയത്. അന്ന് പാലിയേറ്റിവിൽ വളന്റിയർമാരായി ഒപ്പമുണ്ടായിരുന്ന എല്ലാവരുംകൂടി അത് പകർത്തിയെഴുതി ഒരു പത്ര ഓഫിസിലേക്ക് കൊണ്ടുപോകാനുള്ള രൂപത്തിലാക്കി. അന്നത്തെ മാതൃഭൂമി ആഴ്ചപ്പതിപ്പും വാരാന്തപ്പതിപ്പും അത് പെട്ടെന്നു തിരിച്ചുതന്നു – ‘‘ഇതെങ്ങനെ സാഹിത്യമാകും’’ എന്ന്. ‘മാതൃഭൂമി’യിൽ പരാജയപ്പെട്ട ഡോക്യുമെന്റ് ‘മനോരമ’യിൽ വിജയിക്കുമോ എന്നു പരീക്ഷിച്ചുനോക്കി. അവരും സ്വീകരിച്ചില്ല. പിന്നെ മറ്റു പത്രങ്ങൾ. അവിടെയും അത് തിരസ്കരിക്കപ്പെട്ടു. നമ്മുടെ നാട്ടിൽ ഏതു വഴിവക്കിലും കാണപ്പെടുന്ന, എന്നാൽ ആരുടെയും കണ്ണിൽ അതാരാണെന്ന് കാണപ്പെടാതെ പോകുന്ന ഏറ്റവും ‘നിസ്സാരരായ’ മനുഷ്യർക്ക് എന്ത് ആത്മകഥ എന്ന നിലപാടായിരുന്നു അന്ന് മാധ്യമങ്ങൾക്ക്.
ഞങ്ങൾ തോറ്റു പിന്മാറി. പ്രത്യാശയോടെ അത് എവിടെയെങ്കിലും അച്ചടിക്കപ്പെടുന്നത് കാണാനാവുമെന്ന് പ്രത്യാശിച്ച് കാത്തിരുന്ന ജോസിന്റെ മുഖത്ത് നോക്കാൻപോലും പിന്നെ കുറച്ച് പ്രയാസമുണ്ടായിരുന്നു. ആ പിന്മാറ്റത്തിലായിരുന്നു ജോസിന്റെ മരണം. 1996 ഒക്ടോബർ 3ന് പറമ്പിൽ ബസാറിലെ വീട്ടിൽ െവച്ച്. എഴുന്നേറ്റ് നടക്കാവുന്ന കാലം മുഴുവനും അവൻ പെയിൻ ക്ലിനിക്കിൽ വന്നു. തീരേ വയ്യാതായപ്പോഴാണത് നിലച്ചത്. ആ സേവനമാതൃക തിരഞ്ഞുനോക്കുമ്പോൾ ഒരു ചരിത്രമാണ്.
പിന്നെ ഞാനും ജോസിനെ മറന്നു. വർഷങ്ങൾക്കുശേഷം കുമിഞ്ഞുകൂടിയ എന്റെ പഴയ കടലാസു ശേഖരങ്ങൾ ഒഴിവാക്കാനായി ചികയുമ്പോൾ പണ്ട് തയാറാക്കിയ ജോസിന്റെ ‘ഇത് എന്റെ കഥ’ വീണ്ടും കൺമുന്നിലേക്ക് വന്നു. വീണ്ടും വായിച്ചു നോക്കിയപ്പോൾ അതിന് ആറു വർഷം മുമ്പ് വായിച്ചപ്പോഴുള്ള അതേ തീവ്രത. ടോൾസ്റ്റോയിയുടെ ‘ഐവാൻ ഇല്ലിച്ചിന്റെ മരണം’ പോലെത്തന്നെ. 2006ലായിരുന്നു അത്. ജോസ് മരിച്ചിട്ട് ആറു വർഷവും മൂന്ന് മാസവും പിന്നിട്ടിരുന്നു അപ്പോഴേക്കും.
ഒറ്റമുറിയിലെ സാന്ത്വന വിപ്ലവകാലം: ഡോ. അമീൻ, ഡോ. എം.ആർ. രാജഗോപാൽ, ഡോ. ലക്ഷ്മി, സിസ്റ്റർ മെർലിൻ, എം.ജി. പ്രവീൺ, മീന, ഒറ്റമുറിയിലെ സാന്ത്വന വിപ്ലവകാലം: ഡോ. അമീൻ, ഡോ. എം.ആർ. രാജഗോപാൽ, ഡോ. ലക്ഷ്മി, സിസ്റ്റർ മെർലിൻ, എം.ജി. പ്രവീൺ, മീന, ലിസിലിസി
‘മാതൃഭൂമി’യിലപ്പോൾ പുതിയ പത്രാധിപർ കെ. ഗോപാലകൃഷ്ണന്റെ കാലമാണ്. പത്രാധിപർക്ക് മുമ്പാകെ പാലിയേറ്റിവിന്റെ ചരിത്രവും ആർ. ജോസിന്റെ ജീവിതകഥ പ്രസിദ്ധീകരിക്കുന്നതിൽ പരാജയപ്പെട്ട ചരിത്രവും കെട്ടഴിച്ചു. എന്റെ വിശദീകരണം അദ്ദേഹത്തിന് തൃപ്തികരമായി തോന്നി. ‘‘ആ കണ്ടന്റിൽ അത്ര കോൺഫിഡന്റ് ആണെങ്കിൽ അത് വാരാന്തപ്പതിപ്പിൽ ശ്രീകുമാറിന്റെ അടുത്തു കൊടുത്തോളൂ, ഞാൻ കൊടുക്കാൻ പറയാം’’ എന്നദ്ദേഹം മറുപടി നൽകി.
നാടക ചരിത്രകാരനും ബാലസാഹിത്യകാരനുമായ കെ. ശ്രീകുമാറിനായിരുന്നു അന്ന് വാരാന്തപ്പതിപ്പിന്റെ ചുമതല. വാരാന്തം ഒന്നാം പേജിൽ ബോട്ടം സ്റ്റോറിയായി തയാറാക്കിയ പേജ് പാസാക്കാൻ എഡിറ്ററുടെ മേശപ്പുറത്ത് എത്തിയപ്പോഴാണ് അദ്ദേഹം അത് വായിക്കുന്നത്. ഉടൻ എന്നെയും ശ്രീകുമാറിനെയും മുറിയിലേക്ക് വിളിച്ചുവരുത്തി ആ ‘സ്റ്റോറി’യുടെ പ്രാധാന്യത്തെക്കുറിച്ച് നിർത്താതെ സംസാരിച്ചു. അത് അദ്ദേഹത്തെ പിടിച്ചുകുലുക്കി. തെയ്യങ്ങളുടെ കാലത്തിനെ വരവേൽക്കുന്ന ഒരു ലേഖനമായിരുന്നു കവർസ്റ്റോറി. പേജ് മാറ്റി ചെയ്ത് ജോസിന്റെ കഥ കവർ സ്റ്റോറിയാക്കാൻ പത്രാധിപർ നിർദേശിച്ചു. അതൊരു തിരുത്തുമായിരുന്നു. വാരാന്തത്തിൽ മൂന്ന് ലക്കമായി പ്രസിദ്ധീകരിച്ച ജോസിന്റെ ‘ഇത് എന്റെ കഥ’ ലോകം ശ്രദ്ധിച്ചു. നിരവധി കത്തുകൾ വന്നു. ചർച്ചകളുണ്ടായി. ആ ആത്മകഥക്ക് സാധാരണ ഒരു ലേഖനത്തിന് കൊടുക്കാവുന്നതിലും വലിയൊരു തുക െറമ്യൂണറേഷൻ എഴുതി ജോസിന്റെ അമ്മയുടെ പേരിൽ ചെക്കെഴുതി വീട്ടിലേക്ക് അയച്ചുകൊടുക്കുകയും ചെയ്തു.
സാന്ത്വന പരിചരണത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യരംഗത്തെ മനുഷ്യത്വരാഹിത്യത്തെക്കുറിച്ചുള്ള ജനകീയ ചർച്ചകൾക്കുതന്നെ ജോസിന്റെ ജീവിതകഥയുടെ പ്രസിദ്ധീകരണം വഴിയൊരുക്കി. 2002ൽ തന്നെ മലപ്പുറം ജില്ല പഞ്ചായത്തും മലപ്പുറം ഇനിഷ്യേറ്റിവ് ഇൻ പാലിയേറ്റിവ് കെയറും ചേർന്ന് ആ സംവാദങ്ങളും ജോസിന്റെ ആത്മകഥയും ചേർത്ത് ‘സാക്ഷ്യം’ എന്ന പേരിൽ ഒരു കൈപ്പുസ്തകം പുറത്തിറക്കി. പാലിയേറ്റിവ് വളന്റിയർമാർക്കുള്ള പരിശീലന പരിപാടിയുടെ ഭാഗമായി സൗജന്യമായി വിതരണംചെയ്ത പാഠപുസ്തകമായിരുന്നു അത്. മലപ്പുറത്ത് മാത്രമല്ല, കോഴിക്കോട്ടേക്കും അത് പടർന്നു. പാലിയേറ്റിവ് കെയറിന്റെ ആദ്യ ജനകീയ പാഠപുസ്തകമാണ് ‘സാക്ഷ്യം’ എന്നുപറയാം.
തൊട്ടുപിറകെ, 2003ൽ മലപ്പുറം ജില്ല പഞ്ചായത്ത് തന്നെ ഷീല കാസിഡിയുടെ ‘Sharing the darkness’ എന്ന ഗ്രന്ഥം സഹയാത്ര എന്ന പേരിൽ പ്രസിദ്ധീകരിച്ചു. ചിലിയിലെ പിനോഷെ സർക്കാറിന്റെ സ്വേച്ഛാധിപത്യത്തിനെതിരെ പൊരുതിയ മനുഷ്യാവകാശ പ്രവർത്തകയും സാന്ത്വന പരിചാരകയുമായ ഷീല കാസിഡിയുടെ ‘വിശ്വസിക്കാനുള്ള ധാർഷ്ട്യം’ (Audacity to believe) ആ ഭരണകൂടത്തിനെതിരായ കുറ്റപത്രം കൂടിയായിരുന്നു. മുറിവേറ്റ വിപ്ലവകാരിയെ ചികിത്സിച്ചതിനായിരുന്നു പിനോഷെ ഭരണകൂടം ഏകാന്ത തടവിലിട്ട് നഗ്നയാക്കി ഷോക്കടിപ്പിച്ച് പീഡിപ്പിച്ചത്. 1975 ഡിസംബറിലാണ് അന്താരാഷ്ട്ര സമ്മർദത്തെ തുടർന്ന് അവരെ വിട്ടയച്ചത്. ജയിൽമോചിതയായ ഷീല കാസിഡി വൈദ്യരംഗത്തുനിന്നും പിൻവാങ്ങിയെങ്കിലും 1980ൽ അവർ വീണ്ടും ശുശ്രൂഷാരംഗത്ത് തിരിച്ചെത്തി. വേദനിക്കുന്ന മനുഷ്യരുടെ ജീവിതത്തിലെ അന്ധകാരം പങ്കുെവക്കേണ്ടതുണ്ട് എന്ന് നിശ്ചയിച്ചുറപ്പിച്ച് ആസന്നമരണശയ്യയിലാണ്ട മനുഷ്യരുടെ ജീവിതത്തിലേക്ക് കാരുണ്യവുമായാണ് അവർ തിരിച്ചെത്തിയത്. ആ അനുഭവങ്ങളാണ് ‘സഹയാത്ര’ എന്ന പുസ്തകം. അപ്പോഴേക്കും കോഴിക്കോട് പെയിൻ ക്ലിനിക്ക് വഴി മലപ്പുറം പാലിയേറ്റിവ് കെയർ പ്രസ്ഥാനത്തിന്റെ ജീവനാഡിയായി മാറിയ ഡോ. അബ്ദുള്ള മണിമയാണ് അത് പരിഭാഷപ്പെടുത്തിയത്. സാക്ഷ്യവും സഹയാത്രയും ചരിത്രം സൃഷ്ടിച്ചു. അതിന്റെ സൃഷ്ടിയാണ് മലപ്പുറത്ത് പാലിയേറ്റിവ് കെയർ പ്രസ്ഥാനത്തിന് സംഭവിച്ച വളർച്ച. കോഴിക്കോടിനേക്കാൾ അത് മലപ്പുറത്ത് പച്ചപിടിച്ചു. മലപ്പുറം ജനതയും പഞ്ചായത്തുകളും രാഷ്ട്രീയ പാർട്ടികളും എല്ലാം ചേർന്ന് അത് മലപ്പുറത്തെ ഏറ്റവും വലിയ ജനകീയ സംരംഭമാക്കി പാലിയേറ്റിവ് കെയറിനെ വളർത്തി. കേരളത്തിന് പിന്നെ പാലിയേറ്റിവ് കെയറിനെ ശ്രദ്ധിക്കാൻ പറ്റില്ല എന്ന നിലയിലായി.
പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റിക്ക് അപ്പോഴേക്കും മെഡിക്കൽ കോളജ് കാമ്പസിൽ അതിവിശാലമായ കെട്ടിടം ഉണ്ടായിക്കഴിഞ്ഞിരുന്നു. 2003 ജനുവരി 21ന് ആയിരുന്നു അതിന്റെ ഉദ്ഘാടനം. പാലിയേറ്റിവിൽ ചികിത്സ തേടിയെത്തിയ സഖാവ് കുട്ടികൃഷ്ണനാണ് അത് ഉദ്ഘാടനം ചെയ്തത്. മുഖ്യമന്ത്രിയോ ആരോഗ്യ മന്ത്രിയോ മുഖ്യ രക്ഷാധികാരി മമ്മൂട്ടിയോ ആയിരുന്നില്ല അതിന്റെ ഉദ്ഘാടനം. അവിടെ കിടത്തി ചികിത്സിക്കാവുന്ന സംവിധാനത്തിന് പുറമെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റിവ് മെഡിസിനും പ്രവർത്തനമാരംഭിച്ചു കഴിഞ്ഞിരുന്നു.
സാന്ത്വന പരിചരണ പ്രസ്ഥാനത്തിന് പിന്തുണ നൽകണം എന്നാവശ്യപ്പെട്ട് എം.പി. വീരേന്ദ്രകുമാറിനെ കണ്ട് സംസാരിക്കാൻ ഡോ. സുരേഷ് കുമാർ ഓഫിസിൽ വന്നിരുന്നു. എന്തിനും തയാറായിരുന്നു അദ്ദേഹവും. എന്തുവേണം പറഞ്ഞാൽ മതി എന്നായിരുന്നു അദ്ദേഹത്തിന്റെയും നിലപാട്. പിന്നീടൊരിക്കൽ വീരേന്ദ്രകുമാറിന്റെ സഹോദരി അർബുദബാധിതയായി ചികിത്സ തേടിയപ്പോൾ അദ്ദേഹം എന്നെ വിളിപ്പിച്ചു. ഡോ. സുരേഷിനെ ഒന്ന് വയനാട്ടിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന് സഹോദരിക്ക് വേദനാമുക്തി നൽകാനുള്ള സംവിധാനമുണ്ടാക്കുമോ എന്ന് ചോദിച്ചു. തൊട്ടടുത്ത ദിവസംതന്നെ ഞാനും സുരേഷും പാലിയേറ്റിവ് ടീമും വയനാട്ടിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തി. പിന്നീട് പാലിയേറ്റിവ് ഹോം കെയർ ടീം അവരുടെ പരിചരണം ഏറ്റെടുത്തു.
1- ഷീല കാസിഡിയുടെ പുസ്തകത്തിൽ ആർ. ജോസിന്റെ അനുഭവം കൂടി ചേർന്നപ്പോൾ -മാതൃഭൂമി ബുക്സ് 2007
2-ഷീല കാസിഡിയുടെ ‘സഹയാത്ര’ മലപ്പുറം ജില്ല പഞ്ചായത്ത് 2008ൽ സൗജന്യ വിതരണം നടത്തിയപ്പോഴുള്ള കവർ
എം.പി. വീരേന്ദ്രകുമാറിന്റെ ഇടപെടലിലൂടെയാണ് 2007ൽ ആർ. ജോസിന്റെ ‘ഇത് എന്റെ കഥ’യും ഷീല കാസിഡിയുടെ ‘സഹയാത്ര’യും ചേർത്ത് ഒറ്റ പുസ്തകമായി പുറത്തിറക്കാൻ ‘മാതൃഭൂമി’ തയാറാകുന്നത്. പുസ്തകത്തിന് ഞാൻ അവതാരിക എഴുതി. ആ അവതാരിക മൂന്ന് ഭാഗങ്ങളായി ‘മാതൃഭൂമി’ പത്രത്തിൽതന്നെ അടിച്ചുവരുകയും ചെയ്തു. പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റിക്കാണ് പുസ്തകത്തിന്റെ കോപ്പിറൈറ്റ് അവകാശം നൽകിയത്.
കേരളമെങ്ങുമുള്ള പാലിയേറ്റിവ് വളന്റിയർമാർ തൃശൂരിൽ ഒത്തുചേർന്ന് രചിച്ച പാലിയേറ്റിവ് പോളിസിക്ക് കേരളസർക്കാർ അംഗീകാരം നൽകി. 2008ൽ അത് നിലവിൽ വന്നു. ആധുനിക കേരളത്തിൽ ഒരു ജനകീയ പ്രസ്ഥാനത്തിന് സാമൂഹിക ഇടപെടലുകളിലൂടെ ചരിത്രം രചിക്കാൻ കിട്ടിയ സന്ദർഭമായിരുന്നു അത്. അതുവരെ പാലിയേറ്റിവ് പ്രസ്ഥാനത്തിനൊപ്പം എന്നാലാവുന്നത് ചെയ്യുന്ന പണിയായിരുന്നു എനിക്ക്. 2008ൽ തന്നെയാണ് എന്റെ ജീവിതപങ്കാളിയും തുടക്കം മുതൽ തന്നെ ആ പ്രസ്ഥാനത്തിനൊപ്പം തന്റേതായ രീതിയിൽ നടന്നിരുന്ന വ്യക്തിയുമായ ദീദി അർബുദബാധിതയാകുന്നത്. ‘ഞാൻ ഒരു കാർസനോമ ബ്രസ്റ്റ് അല്ല’ എന്ന ദീദിയുടെ നിലപാട് ഒപ്പം ജീവിക്കുന്ന വ്യക്തി എന്ന നിലക്ക് ഒരു ബൈസ്റ്റാൻഡറുടെ വീക്ഷണത്തിൽ അതുവരെ ഉണ്ടായിരുന്ന എന്റെ പാലിയേറ്റിവ് കെയർ സങ്കൽപത്തിൽ വലിയ മാറ്റങ്ങളാണുണ്ടാക്കിയത്. അതിന്റെ തുടർച്ചയായാണ് 2008 മുതൽ 2010 വരെയുള്ള വർഷങ്ങളിൽ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റിയുടെ ചെയർമാൻ സ്ഥാനം ഞാൻ ഏറ്റെടുത്തത്. സാധ്യമായ സോഷ്യൽ ആക്ടിവിസത്തിന്റെ തുടർച്ച എന്ന നിലക്കായിരുന്നു ആ ഉത്തരവാദിത്തം എറ്റെടുക്കൽ.
സാന്ത്വന കേന്ദ്രത്തിന് പുതിയ കെട്ടിടം വാർത്തയായപ്പോൾ
പാലിയേറ്റിവ് കുടുംബം എന്നാൽ ദീദിക്ക് ഒരു വികാരംതന്നെയായിരുന്നു. ഒരു ദീർഘ ചികിത്സക്ക് അവൾ സമ്മതിച്ചത് തന്നെ ഡോ. സുരേഷിലുള്ള വിശ്വാസംകൊണ്ടായിരുന്നു. ഏത് ഡോക്ടർ, എവിടെ െവച്ച്, എങ്ങനെ എന്നതൊക്കെ സുരേഷിന്റെ തീരുമാനമായിരുന്നു. ആ കാലത്തുടനീളം മറ്റെല്ലാ യാത്രകളും മാറ്റിെവച്ച് സുരേഷ് ഒപ്പമുണ്ടായിരുന്നു. ഡോ. ജെയിം അബ്രഹാം അമേരിക്കയിലെ വെസ്റ്റ് വെർജിനിയ യൂനിവേഴ്സിറ്റിയിലും ഡോ. കെ.വി. ഗംഗാധരൻ ബേബി മെമ്മോറിയൽ ആശുപത്രിയിലും ഒരു ഫോൺകോളിനപ്പുറത്തുണ്ടായിരുന്നുവെങ്കിലും പാലിയേറ്റിവ് ക്ലിനിക്കിലെ ലിസിയും മീനയും മെർലിൻ സിസ്റ്ററും ഡോ. രാജശ്രീയും ഡോ. അനിലുമൊക്കെ ജീവിതത്തിലേക്കുള്ള ദീദിയുടെ തിരിച്ചുവരവിലെ ഓരോരോ അധ്യായങ്ങളായിരുന്നു.
2018ൽ ഡോ. എം.ആർ. രാജഗോപാലിന് പാലിയേറ്റിവ് രംഗത്തെ സേവനങ്ങൾ മാനിച്ച് രാഷ്ട്രം പത്മശ്രീ ബഹുമതി നൽകി ആദരിച്ചു. പ്രസ്ഥാനത്തെ തുടക്കം മുതൽ നയിച്ചുകൊണ്ടിരിക്കുന്ന ഡോ. കെ. സുരേഷ് കുമാറിനെയും മീനയെയും ഒക്കെ തേടിയും പത്മശ്രീ എത്തുമായിരിക്കും.
സെപ്റ്റംബറിൽ പാലിയേറ്റിവ് പ്രസ്ഥാനത്തിന് 30 വയസ്സ് തികയും. ചരിത്രത്തെക്കുറിച്ച് ചില ഓർമകൾ കിട്ടാൻ ഞാനതിന്റെ വെബ് സൈറ്റ് ഗൂഗിളിൽ ചികഞ്ഞുനോക്കി. സൊസൈറ്റിക്ക് ഒരു വെബ്സൈറ്റ് ഇല്ല. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റിവ് മെഡിസിനാണ് വെബ്സൈറ്റ് ഉള്ളത്. അതിൽ ഏതാനും പഴയ ചിത്രങ്ങൾ മാത്രം ബാക്കിനിൽക്കുന്നുണ്ട്. ബാക്കിയൊന്നുമില്ല. അതിനി ഉണ്ടാകേണ്ടതുണ്ട്. അതൊരാൾക്ക് രചിക്കാവുന്ന ഒന്നല്ല. വ്യക്തി ചെറുതാണ്. വ്യക്തികൾക്ക് പലതും കാണാനാവില്ല.
‘സൊസൈറ്റി’യുടെ പ്രസക്തി അവിടെയാണ്. ‘ശവപ്പെട്ടിയിൽനിന്നും എഴുന്നേറ്റു നടന്ന’ ജോസിനെപ്പോലുള്ള എത്രയോ അജ്ഞാതർകൂടി ചേർന്ന് സൃഷ്ടിച്ച ചരിത്രമാണത്. കൂട്ടമറവി അതിനെ വിഴുങ്ങാൻ അനുവദിച്ചുകൂടാ.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.