അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വന്നു. വൈകാതെ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനൽ എന്നു വിശേഷിപ്പിക്കപ്പെട്ട മത്സരത്തിൽ രാജസ്ഥാനും മധ്യപ്രദേശും ഛത്തിസ്ഗഢും ബി.ജെ.പി നേടി. തെലങ്കാനയിൽ കോൺഗ്രസും മിസോറമിൽ പുതിയ പാർട്ടിയും അധികാരത്തിൽ വന്നു. എന്താണ് ഇൗ ഫലത്തിന്റെ സൂചനകൾ? വരാൻ പോകുന്ന തെരഞ്ഞെടുപ്പിൽ ഇൗ സന്നാഹം മതിയാകുമോ? കോൺഗ്രസ് നേരിടുന്ന തിരിച്ചടിക്ക് എന്താണ് കാരണം? –മുതിർന്ന മാധ്യമപ്രവർത്തകനായ ലേഖകന്റെ വിശകലനം.
ജനാധിപത്യത്തിൽ ഒരു രാഷ്ട്രീയകക്ഷിയുടെ തെരഞ്ഞെടുപ്പ് വിജയത്തിന് ഏറ്റവും അത്യന്താപേക്ഷിതം രണ്ട് ഘടകങ്ങളാണ്. ഒന്ന്, ജനങ്ങളെ വലുതായി ആകർഷിക്കാൻ കഴിയുന്ന ഒരു നേതാവ്. രണ്ട്, മറ്റുള്ള കക്ഷികളിൽനിന്നും വ്യതിരിക്തമായ സ്വത്വം നൽകുന്ന രാഷ്ട്രീയം അല്ലെങ്കിൽ പ്രത്യയശാസ്ത്രം. നാലു സംസ്ഥാനങ്ങളിൽ ഇപ്പോൾ നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളിൽ മൂന്നിലും പരാജയപ്പെട്ട കോൺഗ്രസിന്റെ അടിസ്ഥാനപരമായ പോരായ്മ ഈ രണ്ട് സുപ്രധാന ഘടകങ്ങളുടെയും അഭാവമാണ്. ഈ തെരഞ്ഞെടുപ്പിൽ മാത്രമല്ല, രാഹുൽ ഗാന്ധി കോൺഗ്രസിന്റെ നേതൃത്വം ഏറ്റെടുത്തപ്പോൾ മുതൽ പാർട്ടി നേരിട്ടുവരുന്ന എല്ലാ പരാജയങ്ങളുടെയും മുഖ്യ കാരണവും വ്യത്യസ്തമല്ല.
നരേന്ദ്ര മോദിയെപ്പോലെ അപാരവും അപായകരവുമായ ആകർഷണശക്തിയുള്ള ഒരു നേതാവിനൊപ്പം പോയിട്ട് അടുത്തുനിൽക്കാൻ പോലുമുള്ള ശക്തി രാഹുലിനില്ലെന്ന് തെളിയിച്ചിട്ട് കാലമേറെയായി. പക്ഷേ, നെഹ്രു കുടുംബത്തോടുള്ള അടിമത്തം രക്തത്തിൽ അലിഞ്ഞിരിക്കുന്ന കോൺഗ്രസിന് അതിൽനിന്ന് മോചനം തേടാനാവില്ല. കോൺഗ്രസിന്റെ ഏറ്റവും വലിയ വെല്ലുവിളി രാഹുൽ ആണെന്ന് രാമചന്ദ്ര ഗുഹ ഒരിക്കൽ പറഞ്ഞത് ഓർക്കുക. വ്യക്തിപരമായി എന്തൊക്കെ നന്മകളുണ്ടായാലും രാഹുലിന് ഒരു നേതാവാകാനുള്ള യോഗ്യതകളില്ലെന്ന സത്യം ഇന്ത്യയെ വീണ്ടും മോദിയുടെ സ്വേച്ഛാധികാരത്തിൽതന്നെ കുറേ കാലം കൂടി തളച്ചിടുമെന്ന് ഉറപ്പായിരിക്കുന്നു.
ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്കൊക്കെ വഴിമരുന്നിട്ടത് ശക്തരായ നേതാക്കളാണ്. സ്വാതന്ത്ര്യാനന്തരകാലചരിത്രത്തിൽ കോൺഗ്രസിനുള്ളിലെ വമ്പൻ ശത്രുക്കളെ തന്നെ ഒതുക്കി വൻ വിജയം കൊയ്ത ഇന്ദിരാഗാന്ധിയെയും അതിശക്തയെന്ന് തോന്നിച്ച കാലത്ത് തന്നെ ഇന്ദിരയെ മുട്ടുകുത്തിച്ച ജയപ്രകാശ് നാരായണനെയും അമ്മയുടെ വധം നൽകിയ സഹതാപത്തിൽ വലിയ മുന്നേറ്റം നേടിയ രാജീവ് ഗാന്ധിയെ അടിയറവ് പറയിച്ച വി.പി. സിങ്ങിനെയും ഇന്ത്യൻ രാഷ്ട്രീയത്തിന്റെ പ്രാന്തങ്ങളിൽനിന്ന് ബി.ജെ.പിയെ അരങ്ങിലെത്തിച്ച വാജ്പേയിയെയും മൂന്നാം തവണയും ഇന്ത്യ ഭരിക്കുമെന്ന് ഉറപ്പാക്കിയിരിക്കുന്ന മോദിയെയും ഓർക്കുക.
സ്വന്തം കഴിവില്ലായ്മ മാത്രമല്ല രാഹുലിന്റെ മുഖ്യ ദോഷം. അധികാരമേറുമ്പോഴൊക്കെ കഴിവ് കുറഞ്ഞവർക്ക് സ്വതഃസിദ്ധമായ മറ്റൊരു ദോഷവും അദ്ദേഹത്തിന്നുണ്ട്. സ്വന്തം ചേരിയിലെതന്നെ കഴിവുള്ളവരോടുള്ള ഭയം. തനിക്ക് അവർ എന്നെങ്കിലും വെല്ലുവിളിയാകുമെന്ന ആ അരക്ഷിതബോധംമൂലം അദ്ദേഹം തന്നേക്കാൾ കഴിവുള്ളവരെയൊക്കെ അരികുകളിലേക്ക് ഒതുക്കുന്നു. തനിക്ക് ഒരിക്കലും ഭീഷണിയാകില്ലെന്ന് ഉറപ്പായ സ്തുതിപാഠകരെയും അൽപവിഭവരെയും മാത്രം മുന്നിലേക്ക് കൊണ്ടുവരുന്നു. രാഹുലുമായി തെറ്റിയ ‘ജി 23’ എന്ന ഗ്രൂപ്പ് പരിശോധിക്കുക. വർത്തമാനകാല ഇന്ത്യയിൽ കോൺഗ്രസിന്റെ ഏറ്റവും പ്രതിഭാധനരായവരാണതിലേറെയും. ഇനി രാഹുലിന്റെ ഒപ്പം കോൺഗ്രസിന്റെ ഏറ്റവും തലപ്പത്ത് നിൽക്കുന്നവരെയും നോക്കിയാൽ ഈ വിഷയം എളുപ്പം മനസ്സിലാകും.
രാഹുൽ തന്റെ രാഷ്ട്രീയ ജീവിതത്തിൽ നടത്തിയ ഏറ്റവും അധ്വാനം ആയിരുന്നല്ലോ ഭാരത് ജോഡോ പദയാത്ര. മോദി സർക്കാറിന്റെ ആപൽക്കരമായ ഒട്ടേറെ നടപടികൾ വന്നിട്ടും ഒരു ജനകീയപ്രക്ഷോഭ പരിപാടിപോലും നടത്താതിരുന്ന കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം അത് ഒരു പ്രധാന നാഴികക്കല്ല് ആയി. കർഷക സമരത്തിലും പൗരത്വ നിയമ ഭേദഗതി വിരുദ്ധ പ്രക്ഷോഭത്തിലും ഒക്കെ കോൺഗ്രസ് അസന്നിഹിതമായിരുന്നുവല്ലോ. അതുകൊണ്ട് വരണ്ട ഭൂമിയിൽ വീണ ഒരു തുള്ളി വെള്ളം എന്നനിലക്ക് മാത്രമേ ഭാരത് ജോഡോക്ക് പ്രസക്തിയുണ്ടായിരുന്നുള്ളൂ.
നിഷ്ക്രിയതയുടെ പര്യായമായിത്തീർന്ന ഒരു പ്രസ്ഥാനത്തിന്റെയും നേതാവിന്റെയും ചെറുചലനത്തിന് അതിനാൽതന്നെ വലിയ മാധ്യമ ശ്രദ്ധയും കിട്ടി. കർണാടകത്തിലെ വിജയത്തിന്റെ ബഹുമതിയും അതിന് ലഭിച്ചു. പക്ഷേ, അതിനപ്പുറം അത് കോൺഗ്രസിനെയും രാജ്യത്തെയും ഒക്കെ ഇളക്കിമറിച്ചെന്നുമൊക്കെയുള്ളതു വെറും വായ്ത്താരി മാത്രമായിരുന്നുവെന്ന് ഈ തെരഞ്ഞെടുപ്പുകൾ തെളിയിച്ചു. വാസ്തവത്തിൽ ഭാരത് ജോഡോയെക്കുറിച്ച് വന്ന അതിശയോക്തികൾ ഏറ്റവും ദ്രോഹംചെയ്തത് അതിലൂടെ മല മറിച്ചെന്ന് കരുതിപ്പോയ കോൺഗ്രസിനാണ്.
തെരഞ്ഞെടുപ്പ് വിജയത്തിന്റെ രണ്ടാമത്തെ ഘടകം പ്രത്യയശാസ്ത്രം. കോൺഗ്രസിന് അങ്ങനെയൊന്ന് എന്നേ ഇല്ലാതായിക്കഴിഞ്ഞിരിക്കുന്നു. ഇന്ദിരയുടെ കാലം വരെ നെഹ്റുവിയൻ സോഷ്യലിസം അവർ ഉയർത്തിപ്പിടിച്ചിരുന്നു. അതിന്റെ പിൻബലത്തിലാണ് അവർ വലിയ വിജയങ്ങൾ കൈവരിച്ചതും. ബാങ്ക് ദേശസാൽക്കരണവും പ്രിവി പഴ്സ് നിർത്തലുമൊക്കെ ഇതിൽപെടുന്നു. അവസാനകാലം അതിൽനിന്നൊക്കെ മാറിയെങ്കിലും ആ പ്രത്യയശാസ്ത്രത്തോട് ഇന്ദിര അവസാനം വരെ അധരസേവയെങ്കിലും ചെയ്തു. തുടർന്നുവന്ന നരസിംഹറാവുവും രാജീവ് ഗാന്ധിയും ശവപ്പെട്ടിയിലായിരുന്ന നെഹ്റുവിയൻ സോഷ്യലിസത്തെ പൂർണമായും ഔദ്യോഗികമായും മറവു ചെയ്തു. പക്ഷേ, അതിന്റെ പിന്നിൽ അവർക്കും ഒരു പ്രത്യയ ശാസ്ത്രമുണ്ടായിരുന്നു. വിപണിസൗഹൃദമായ മുതലാളിത്തമെന്ന വലതുപക്ഷ പ്രത്യയശാസ്ത്രം.
അതിനുശേഷമുള്ള കോൺഗ്രസിന് ഉയർത്തിപ്പിടിക്കാൻ വ്യതിരിക്തമായ ഒരു രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക സന്ദേശമോ ആശയധാരയോ പ്രത്യയശാസ്ത്രമോ ഉണ്ടായിട്ടില്ല. തീർച്ചയായും രാജീവ് ഗാന്ധി പിന്തുടർന്ന വലതുപക്ഷ വിപണി സൗഹൃദ സാമ്പത്തിക ശാസ്ത്രത്തിന്റെ ഉറച്ച അനുഭാവികളാണ് രാഹുലും ഇന്നത്തെ കോൺഗ്രസും. പക്ഷേ, കറകളഞ്ഞ വലതുപക്ഷത്തിന്റെ പര്യായമായ ബി.ജെ.പി അപ്പുറത്തുള്ളപ്പോൾ പിന്നെ അതിൽ എന്ത് വ്യതിരിക്ത സ്വത്വം? ഒരേ സാമ്പത്തിക പ്രത്യയശാസ്ത്രത്തിന്റെ പാർട്ടികളായ ബി.ജെ.പിയെന്ന ‘എ’ ടീമിനെ വിട്ട് ‘ബി’ ടീമായ കോൺഗ്രസിനെ ജനം എന്തുകൊണ്ട് തെരഞ്ഞെടുക്കണം? മറ്റൊരു ബദൽ ഉയർത്തിപ്പിടിക്കാനുള്ള താൽപര്യമോ കഴിവോ ഇല്ലാത്ത കോൺഗ്രസിനെ എന്തിന് അവർ വരിക്കണം?
വ്യതിരിക്തമായ പ്രത്യയശാസ്ത്രത്തിന്റെ അഭാവംമൂലമാണ് തികച്ചും അതിവൈകാരികവും അവ്യക്തവുമായ മുദ്രാവാക്യങ്ങൾകൊണ്ട് കാലം കഴിക്കാൻ രാഹുൽ നിർബന്ധിതനാകുന്നത്. “വെറുപ്പിന്റെ വിപണിയിൽ സ്നേഹത്തിന്റെ പീടിക” തുടങ്ങിയ പൈങ്കിളി വാചകങ്ങൾ ഉദാഹരണം. ഭാരത് ജോഡോ യാത്രയിൽ ഉടനീളം കേട്ടത് ഈ വക മുദ്രാവാക്യങ്ങൾ മാത്രം. ഒരു ബദൽ നയമോ പരിപാടിയോ അതിൽ ഉയർന്നില്ല. ഈ തെരഞ്ഞെടുപ്പിന് മുമ്പായി കൊണ്ടുവന്ന ജാതി സെൻസസ് മുദ്രാവാക്യത്തിന് ഒരു ബദൽ രാഷ്ടീയ സാധ്യത ഉണ്ടായിരുന്നു. മന്ദിർ രാഷ്ടീയത്തെ മണ്ഡൽ രാഷ്ട്രീയംകൊണ്ട് വി.പി. സിങ് ചെറുത്തതുപോലെ. പക്ഷേ, രാഹുൽ ശ്രമിച്ചിട്ടും അത് മുന്നോട്ടുകൊണ്ടുപോകാൻ മൂന്ന് സംസ്ഥാനങ്ങളിലെയും കോൺഗ്രസ് നേതൃത്വങ്ങൾ താൽപര്യപ്പെട്ടില്ല.
നെഹ്റുവിയൻ സോഷ്യലിസത്തോടെന്നപോലെ തന്നെ സ്വാതന്ത്ര്യ പൂർവകാലം മുതൽ കോൺഗ്രസിനെ വ്യതിരിക്തമാക്കിയ മറ്റൊരു പ്രതിബദ്ധത മതനിരപേക്ഷതയോടാണ്. ഇവ രണ്ടും പരസ്പരബന്ധിതമാണെന്നതാണ് സത്യം. ഇവയിൽ ഒന്നിനെ ഉപേക്ഷിക്കുമ്പോൾ മറ്റൊന്നും ദുർബലമാകാൻ ആരംഭിക്കുന്നു. 1990കളിലാണ് ഇന്ത്യയിൽ സോഷ്യലിസവും സെക്കുലറിസവും ഒന്നിച്ച് തളർന്നു തുടങ്ങിയതെന്ന് ഓർക്കുക. കോൺഗ്രസ് തുറന്നുവിട്ട വലതുപക്ഷ രാഷ്ട്രീയം അതിന്റെ സ്വന്തം രക്തത്തെ തിരിച്ചറിയുന്നതോടെയാണ് ബി.ജെ.പിയുടെ കുതിപ്പിന്റെ തുടക്കം.
വർത്തമാനകാല ഇന്ത്യയിലെ കാഴ്ചയാകട്ടെ സാമ്പത്തിക ശാസ്ത്രത്തിലെന്നപോലെ ഇക്കാര്യത്തിലും കോൺഗ്രസ് ബി.ജെ.പിയുടെ വലതുപക്ഷ നിലപാടിന്റെ പൂർണ അനുയായി ആയതാണ്. ബി.ജെ.പി പണ്ട് ആക്ഷേപിച്ചിരുന്ന മതനിരപേക്ഷതയെ അതിനേക്കാൾ ശക്തമായി പുറംതള്ളുകയാണ് കോൺഗ്രസ്. ഹിന്ദുത്വയുടെ ഏറ്റവും വലിയ വക്താക്കൾ തങ്ങളാണെന്ന് തെളിയിക്കാൻ മത്സരിക്കുകയാണ് വടക്കേ ഇന്ത്യയിലെ കോൺഗ്രസ്. വാസ്തവത്തിൽ ഈ തെരഞ്ഞെടുപ്പിന്റെ ഏറ്റവും വലിയ ആഘാതം കോൺഗ്രസിന്റെ ഹിന്ദുത്വ രാഷ്ട്രീയത്തിനാണ്. ഈ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ വക്താവും പ്രയോക്താവുമായിരുന്നു കമൽനാഥ്. അതിന്റെ ഏറ്റവും കടുത്ത പരീക്ഷണശാലയായിരുന്നു മധ്യപ്രദേശ്. രണ്ടും തകർന്നിരിക്കുന്നു.
ഒരു ഉളുപ്പുമില്ലാതെ ബി.ജെ.പിയെക്കാൾ ഹിന്ദുവർഗീയവാദം കളിച്ചു ജയിച്ചുകളയാമെന്നായിരുന്നു കമൽനാഥിന്റെ പൂതി. താനാണ് ഏറ്റവും വലിയ ഹനുമാൻ ഭക്തൻ എന്ന് അയാൾ നിരന്തരം വിളിച്ചുപറഞ്ഞു. രാഷ്ട്രീയബോധം തൊട്ടുതീണ്ടാത്ത രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയുംകൊണ്ട് ക്ഷേത്രങ്ങളിലും ബാബമാരുടെ മുന്നിലും മുട്ടുകുത്തിച്ചു. കമൽനാഥിന്റെ സ്വന്തം തട്ടകമായ ചിന്ത്വാരയിൽ നടന്ന ഒരു മത സമ്മേളനത്തിൽ വെച്ച് ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമാണെന്ന ധീരേന്ദ്ര കൃഷ്ണ ശാസ്ത്രിയെന്ന പുരോഹിതന്റെ പ്രസ്താവനയെപ്പോലും അയാൾ പിന്തുണച്ചു.
“അതൊരു തർക്കവിഷയമല്ലല്ലോ. ഇന്ത്യയിലെ 80 ശതമാനം ജനങ്ങളും ഹിന്ദുക്കളല്ലേ?” എന്നായിരുന്നു കമൽനാഥിന്റെ പ്രതികരണം. 2018ൽ താൻ അധികാരത്തിൽ വന്നത് മൃദുഹിന്ദുത്വത്തിന്റെ പിന്തുണയിലാണെന്നായിരുന്നു അയാളുടെ വിശ്വാസം. അന്ന് 23,000 പഞ്ചായത്തുകളിൽ ഗോശാലകൾ തുറക്കുക, ഗോവധ നിരോധനം കൂടുതൽ കർശനമാക്കുക, ശ്രീരാമന്റെ വനയാത്ര മാർഗം –രാം വൻ ഗമൻ പഥ്– വികസിപ്പിക്കുക എന്നിവയൊക്കെ കമൽനാഥ് സർക്കാർ വാഗ്ദാനങ്ങളായിരുന്നു. കമ്പ്യൂട്ടർ ബാബ, മിർച്ചി ബാബ എന്നീ സന്യാസിമാർക്ക് അന്ന് മന്ത്രിപദം നൽകി. പക്ഷേ അധികം വൈകാതെ 20 എം.എൽ.എമാർ ബി.ജെ.പി കൂടാരത്തിലേക്ക് കൂറുമാറിയതോടെ ആ സർക്കാർ താഴെവീണു.
എന്നിട്ടും കമൽനാഥ് തന്റെ ഹിന്ദുത്വ പ്രചാരണം നിർത്തിയില്ല. ശ്രീരാമൻ നിർമിച്ചതെന്ന് രാമായണത്തിൽ പറയുന്ന ഇന്ത്യയും ശ്രീലങ്കയും തമ്മിൽ ബന്ധിപ്പിക്കുന്ന രാം സേതു എന്ന കടൽപ്പാലത്തിന് തെളിവൊന്നും ഇല്ലെന്ന് ബി.ജെ.പിയുടെ കേന്ദ്രസർക്കാർ തന്നെ രാജ്യസഭയിൽ അറിയിച്ചപ്പോൾ അതിനെതിരെ ചാടിപ്പുറപ്പെട്ടത് കമൽനാഥ്. “കോടിക്കണക്കിന് വിശ്വാസികളുടെ നേർക്കുള്ള ആക്രമണമാണത്. രാമനും രാമസേതുവും ഞങ്ങളുടെ വിശ്വാസത്തിന്റെ ആധാരമാണ്. ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തുകയാണ് ബി.ജെ.പി.”
ബി.ജെ.പിയെ ഹിന്ദു വിഭാഗത്തിൽനിന്ന് അകറ്റുകയെന്ന രാഷ്ട്രീയ ലക്ഷ്യമായിരുന്നിരിക്കാം അതിന്റെ പിന്നിൽ. പക്ഷേ, ഫലം ബി.ജെ.പിയുടെ ബി ടീം ആകുക മാത്രം. സാമ്പത്തിക കാര്യത്തിലെന്നപോലെ ഹിന്ദുത്വയിലും ‘എ’ ടീം ഉള്ളപ്പോൾ എന്തിന് ബി ടീം എന്ന് മധ്യപ്രദേശുകാർ കരുതിയാൽ അത്ഭുതപ്പെടേണ്ടതില്ലല്ലോ.
കമൽനാഥിന്റെ ഹിന്ദുത്വ രാഷ്ട്രീയത്തിനൊപ്പം ഓടുകയല്ലാതെ ഒരിക്കൽപോലും അയാളെ തിരുത്താൻ രാഹുലിനോ മറ്റ് കോൺഗ്രസ് നേതാക്കൾക്കോ കഴിഞ്ഞില്ല. മധ്യപ്രദേശിലെ ഹിന്ദുത്വ സംഘടനയായ ബജ്റംഗ് സേനയെ കോൺഗ്രസിൽ ലയിപ്പിച്ച് താൻ തന്നെയാണ് യഥാർഥ ‘കമൽനാഥ്’ എന്നദ്ദേഹം തെളിയിച്ചു. കോൺഗ്രസ് നേതൃത്വത്തിൽ വിവിധ ഹിന്ദുമത ഉത്സവങ്ങൾ സംഘടിപ്പിച്ചു. ചിന്ത്വാരയിലെ 101 അടി ഉയരമുള്ള ഹനുമാൻ പ്രതിമ താൻ നിർമിച്ചതാണെന്ന് അവസരം കിട്ടുമ്പോഴൊക്കെ അയാൾ ആവർത്തിച്ചു. മധ്യപ്രദേശിൽ ഹിന്ദുത്വ രാഷ്ടീയത്തിന്റെ ഏറ്റവും വലിയ വിമർശകനായിരുന്ന ദിഗ് വിജയ് സിങ് പാർട്ടിക്ക് ബാധ്യതയാകാതെ കമൽനാഥിന് വഴിമാറിക്കൊടുത്തു.
നാസി ജർമനിയിൽ ജൂതരെ എന്നപോലെ ഇന്ത്യയിൽ മുസ്ലിം സമുദായത്തെ എല്ലാ അധികാര സ്ഥാനങ്ങളിൽനിന്നും അകറ്റിനിർത്താനുള്ള ശക്തമായ നീക്കങ്ങളിലാണ് ബി.ജെ.പി. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി കേന്ദ്രമന്ത്രിസഭയിൽ ഒരു മുസ്ലിംപോലുമില്ല. മാത്രമല്ല, പാർലമെന്റിന്റെ ഇരു സഭകളിലും ഭരണകക്ഷിക്ക് ഒരു മുസ്ലിം അംഗംപോലുമില്ല. ഇപ്പോൾ എല്ലാ നിയമസഭകളിലും ഈ നയം നടപ്പാക്കുകയാണവർ. ഇപ്പോൾ നടന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ എവിടെയും ബി.ജെ.പിക്ക് ഒറ്റ മുസ്ലിം സ്ഥാനാർഥിപോലും ഉണ്ടായിരുന്നില്ല. കഴിഞ്ഞ തവണത്തെ ബി.ജെ.പിയുടെ വസുന്ധര രാജെ മന്ത്രിസഭയിലെ പ്രമുഖനായിരുന്ന യൂനുസ് ഖാന് പോലും ടിക്കറ്റ് കൊടുത്തില്ല.
നിർഭാഗ്യകരമെന്ന് പറയട്ടെ, കോൺഗ്രസ് അടക്കമുള്ള ‘മതനിരപേക്ഷ’ കക്ഷികളും ആ വഴിക്കാണ്. മുസ്ലിം സ്ഥാനാർഥികൾക്ക് വിജയസാധ്യത ഇല്ലെന്നാണ് ന്യായം. ബി.ജെ.പിയുടെ വർഗീയ രാഷ്ട്രീയം എത്രമാത്രം സമൂഹത്തിന്റെ ആഴത്തിൽ എത്തിയിരിക്കുന്നുവെന്നു വ്യക്തം. മധ്യപ്രദേശിൽ 50 ലക്ഷം വരുന്ന (ഏഴു ശതമാനം) മുസ്ലിം സമുദായത്തിൽനിന്ന് കോൺഗ്രസ് 230 സീറ്റുകളിൽ ഇക്കുറി നിർത്തിയത് രണ്ടുപേരെ മാത്രം. ഇരുവരും ജയിച്ചുവെന്നതും സത്യം. 2018ൽ മൂന്ന് ആയിരുന്നു മുസ്ലിം സ്ഥാനാർഥികൾ.
േഭാപാലിൽ ബി.െജ.പി പ്രവർത്തകരുടെ ആഹ്ലാദപ്രകടനം
കമൽനാഥ് മാത്രമല്ല, രാജസ്ഥാനിൽ അശോക് ഗെഹ് ലോട്ടും മൃദുഹിന്ദുത്വ പരീക്ഷണങ്ങൾ ആരംഭിച്ചിരുന്നു. മുസ്ലിം പ്രീണനം എന്ന ആരോപണം നേരിടാൻ ഗെഹ് ലോട്ട് സ്വീകരിച്ചത് തന്റെ സർക്കാറിന്റെ ഹിന്ദുസ്നേഹം തെളിയിക്കുകയാണ്. ഗോശാലകൾക്ക് കോടിക്കണക്കിന് രൂപയുടെ ധനസഹായം, പ്രിയങ്ക അടക്കമുള്ളവരുടെ വക ക്ഷേത്രസന്ദർശനങ്ങൾ, പരസ്യമായ ഗായത്രി മന്ത്രോച്ചാരണം എന്നിവ കൊട്ടിഗ്ഘോഷിക്കപ്പെട്ടു. ജനസംഖ്യയിൽ പത്തു ശതമാനം വരുന്ന മുസ്ലിം സമുദായത്തിൽനിന്ന് ഇക്കുറി ഒരാൾക്കുപോലും ബി.ജെ.പി ടിക്കറ്റ് നൽകിയില്ല. കോൺഗ്രസ് നിർത്തിയ 15 മുസ്ലിം സ്ഥാനാർഥികളിൽ നാലുപേർ മാത്രമേ ജയിച്ചുള്ളൂ. അതോടെ, ഇതുവരെ രാജസ്ഥാൻ നിയമസഭയിൽ ഒമ്പത് അംഗങ്ങളുണ്ടായിരുന്ന സമുദായത്തിന് ഇനി നാലു പേർ മാത്രം.
പ്രാതിനിധ്യ കാര്യത്തിൽ മാത്രമല്ല, ന്യൂനപക്ഷങ്ങൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നും രംഗത്ത് വരാൻ കോൺഗ്രസ് തയാറാകുന്നില്ലെന്നതാണ് സത്യം. ഉള്ളിൽ വളരുന്ന ഹിന്ദു വികാരത്തിനൊപ്പം മുസ്ലിംകൾക്ക് വേണ്ടി പരസ്യമായി നിൽക്കുന്നത് രാഷ്ട്രീയമായി നഷ്ടമാകുമെന്ന ഭയവും ഇതിന്റെ പിന്നിലുണ്ട്. ഇന്ത്യൻ ജനാധിപത്യം നേരിടുന്ന ഈ അഭൂതപൂർവമായ ഭീഷണി മതനിരപേക്ഷ കക്ഷികൾപോലും അവഗണിക്കുകയാണ്. തുടച്ചുനീക്കപ്പെടുന്ന സ്വന്തം പ്രാതിനിധ്യം എന്ന ദുരന്തം തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ മുസ്ലിം സമുദായത്തിനും ഉദ്ബുദ്ധമായ നേതൃത്വമില്ല.
മുസ്ലിംകളെപ്പോലെ എന്നും കോൺഗ്രസിന്റെ ഒപ്പം നിന്നവരാണ് ആദിവാസികളും ദലിതരും മറ്റും. ഛത്തിസ്ഗഢിലെ കോൺഗ്രസിന്റെ തകർച്ചയുടെ മുഖ്യ കാരണം ആദിവാസികൾ കൈവിട്ടതാണ്. തങ്ങളെ നിർബന്ധിതമായി ഹിന്ദുമതത്തിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾക്കെതിരെ രക്ഷ തേടിയെത്തിയ ആദിവാസികളെ ഛത്തിസ്ഗഢിലെ ഭൂപേശ് ബഘേലിന്റെ കോൺഗ്രസ്, സർക്കാർ അവഗണിക്കുകയായിരുന്നു. ഇതേ തുടർന്നാണ് ഹമാർ രാജ് പാർട്ടി എന്നൊരു രാഷ്ട്രീയ സംഘടനക്ക് അവർ രൂപം നൽകിയത്. കോൺഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമൊെക്കയായിരുന്ന അരവിന്ദ് നേതം നയിച്ച സർവ ആദിവാസി സമാജിന്റെ കീഴിലാണ് പുതിയ പാർട്ടി രൂപംകൊണ്ടത്.
അവർ സ്വന്തം നിലക്ക് അമ്പതോളം മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ നിർത്തി. ആരും ജയിച്ചില്ലെങ്കിലും കോൺഗ്രസിന്റെ പലയിടത്തെയും തോൽവിക്ക് പിന്നിൽ ഹമാർ പാർട്ടിക്ക് കൈയുണ്ട്. മധ്യപ്രദേശിലും രാജസ്ഥാനിലും പിന്നാക്ക-ഗ്രാമീണ-പട്ടിക വർഗ- കർഷക മേഖലകളിൽ മേൽക്കൈ ഉണ്ടായിട്ടും അത് മുതലാക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ലെന്ന് ഹിന്ദു പത്രം. വടക്കേ ഇന്ത്യയിൽ ബി.ജെ.പിയുടെ ശക്തമായ വോട്ട് ബാങ്കായിക്കഴിഞ്ഞ സവർണ-ഒ.ബി.സി കോട്ടയെ നേരിടാൻ കരുത്തുള്ള മുസ്ലിം-ദലിത്-ആദിവാസി സഖ്യത്തെ കോൺഗ്രസ് തന്നെ ഉപേക്ഷിച്ചിരിക്കുന്നു.
പരമ്പരാഗതമായി ഉയർത്തിപ്പിടിച്ച നിലപാടുകൾ ഉപേക്ഷിക്കുക മാത്രമല്ല, പകരം എതിർപക്ഷ നിലപാടുകൾ സ്വയം വരിക്കുകയും ചെയ്യുന്ന പ്രസ്ഥാനങ്ങൾക്ക് വന്നു ഭവിക്കുന്ന ഗതികേടാണ് കോൺഗ്രസ് ഈ തെരഞ്ഞെടുപ്പിൽ നേരിട്ടത്. എതിർപക്ഷത്തെ ഒപ്പം കൂട്ടാനായില്ലെന്ന് മാത്രമല്ല, ഒപ്പം നിന്നവരാലും ഉപേക്ഷിക്കപ്പെടുന്ന ഗതികേട്. എ ടീം ഉള്ളപ്പോൾ ബി ടീം എന്തിന്? ബി.ജെ.പിയുടെ തീവ്ര ഹിന്ദുത്വത്തെ നേരിടാൻ തുടങ്ങിയ കോൺഗ്രസിന്റെ മൃദു ഹിന്ദുത്വ പരീക്ഷണങ്ങളുടെ പരാജയമാണ് ഈ ജനവിധി.
തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനിടെ പാർട്ടിയുടെ വിജയം ആഘോഷിക്കുന്ന പ്രവർത്തകരെയും അനുഭാവികളെയും കോൺഗ്രസ് തെലങ്കാന പ്രസിഡന്റ് എ. രേവന്ത് റെഡ്ഡി അഭിവാദ്യംചെയ്യുന്നു
കോൺഗ്രസിന്റെ ഹിന്ദുത്വ രാഷ്ട്രീയത്തിന് പിന്നിൽ ഹിന്ദി ഹൃദയഭൂമിയിലെ നേതാക്കൾക്ക് മാത്രമാണോ പങ്ക്? ഈ പുതിയ പ്രതിഭാസത്തെക്കുറിച്ചുള്ള എല്ലാ പഠനങ്ങളിലും ചൂണ്ടിക്കാട്ടുന്ന ഒരു പ്രധാന കാരണം 2014 ലെ തെരഞ്ഞെടുപ്പ് പരാജയ കാരണങ്ങളെക്കുറിച്ച് എ.കെ. ആന്റണിയുടെ നേതൃത്വത്തിൽ എ.ഐ.സി.സിയുടെ നാലംഗ സമിതി തയാറാക്കിയ റിപ്പോർട്ടാണ്. കോൺഗ്രസ് ഹിന്ദുവിരുദ്ധമാണെന്ന പ്രതിച്ഛായയാണ് തോൽവിയുടെ മുഖ്യകാരണമെന്ന് അതിൽ കണ്ടെത്തി. ഈ പ്രതിച്ഛായയിൽനിന്ന് എത്രയും വേഗം കരകയറണമെന്നും സമിതി നിർദേശിച്ചു. 2022ൽ ഉദയ് പൂരിലെ കോൺഗ്രസിന്റെ നവ സങ്കൽപ് ചിന്തൻ ശിബിരിൽ ആന്റണി കമ്മിറ്റിയുടെ നിർദേശത്തിനുവേണ്ടി ഏറ്റവും ശക്തമായി വാദിച്ചത് കമൽനാഥും ബഘേലുമായിരുന്നുവെന്നതും ശ്രദ്ധേയം.
ആന്റണി 2022 മാർച്ചിൽ സജീവ രാഷ്ട്രീയത്തിൽനിന്ന് വിരമിച്ചതായി പ്രഖ്യാപിച്ച് ഡൽഹിയിൽനിന്ന് തിരുവനന്തപുരത്തേക്ക് താമസം മാറ്റി. അക്കൊല്ലം ഡിസംബറിൽ തിരുവനന്തപുരത്ത് കോൺഗ്രസ് രൂപവത്കരണ വാർഷിക ദിനത്തിൽ പ്രസംഗിക്കുമ്പോൾ ആന്റണി വീണ്ടും ഓർമിപ്പിച്ചു: “അമ്പലത്തിൽ പോകുന്നവരെയും നെറ്റിയിൽ ചന്ദനം തൊടുന്നവരെയും മൃദുഹിന്ദുക്കളായി വിശേഷിപ്പിക്കുന്നത് നരേന്ദ്ര മോദിക്ക് സഹായകമാകുമെന്ന് മറക്കരുത്.”
വാസ്തവത്തിൽ 2014ലെ തോൽവികൊണ്ട് മാത്രം ആന്റണിക്കുണ്ടായ വെളിപാട് ആയിരുന്നില്ല അത്. 2003ൽ കോൺഗ്രസിന്റെ ഷിംലയിൽ കൂടിയ ഉന്നതതലത്തിനു ശേഷം തിരുവനന്തപുരത്തെത്തിയ മുഖ്യമന്ത്രി ആന്റണി ന്യൂനപക്ഷങ്ങൾ സംഘടിതമായി വിലപേശി ആനുകൂല്യങ്ങൾ പിടിച്ചെടുക്കുന്നത് അനുവദിക്കില്ലെന്ന് പറഞ്ഞത് മുസ്ലിം ലീഗിനെയൊക്കെ പ്രകോപിപ്പിച്ചിരുന്നു. മാറാട് കലാപത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അത്. കുഞ്ഞാലിക്കുട്ടിയും സി.പി.എം സെക്രട്ടറി പിണറായി വിജയനും ആന്റണിയെ നിശിതമായി വിമർശിച്ചു. ബി.ജെ.പിയുടെ പി.പി. മുകുന്ദനും എൻ.എസ്.എസും ആയിരുന്നു അന്ന് ആന്റണിയെ പിന്തുണച്ചത്.
അശോക് ഗെഹ് ലോട്ട്, കമൽനാഥ്
പിന്നീട് കാഞ്ചി കാമകോടി യുടെയും അമൃതാനന്ദമയിയുടെയും ഒപ്പം പരിപാടികളിൽ പങ്കെടുക്കുകയും അന്നത്തെ കേന്ദ്രമന്ത്രി മുരളി മനോഹർ ജോഷിയുടെ കാവിവത്കരണ അജണ്ടക്കെതിരെയുള്ള പ്രതിഷേധം ഭാരതീയ ഋഷി വസ്ത്രമായ കാവിക്കെതിരെ ആകരുതെന്ന് പറഞ്ഞതും ഒക്കെ ആന്റണിക്ക് ‘കുട്ടി മോദി’ എന്നും ‘ചിന്ന തൊഗാഡിയ’ എന്നുമുള്ള പരിഹാസപ്പേരുകൾ സമ്മാനിച്ചു. കമൽനാഥിന്റെ ഹിന്ദുത്വം മധ്യപ്രദേശിനെ ബി.ജെ.പി കൂടാരത്തിൽ ഉറപ്പിച്ചപോലെ അവസാനം സ്വന്തം മകൻതന്നെ അപ്പുറത്തെത്തിയതാണ് ആന്റണിക്കുണ്ടായ ദുർവിധി. പണ്ട് എസ്.എൻ.ഡി.പിയെ ഉള്ളിൽനിന്ന് പിടിച്ചെടുക്കാൻ കമ്യൂണിസ്റ്റ് പാർട്ടി അയച്ച സഖാവ് തിരിച്ചുവരാതെ ആ സംഘടനയുടെ തലപ്പത്ത് എത്തിയതുപോലെ!
എന്തായാലും രാജസ്ഥാനും മധ്യപ്രദേശും ഛത്തിസ്ഗഢും മാത്രമല്ല, കോൺഗ്രസ് ഹിന്ദു പാർട്ടിയാകാൻ മിനക്കെടാതിരുന്ന തെലങ്കാനയും (തെക്കെ ഇന്ത്യ പൊതുവെയും) തെളിയിക്കുന്നത് മൃദുഹിന്ദുത്വവും ആത്യന്തികമായി സഹായിക്കുക തീവ്രഹിന്ദുത്വത്തെ തന്നെയാണെന്നാണ്. ന്യൂനപക്ഷ തീവ്രവാദം ഭൂരിപക്ഷ തീവ്രവാദത്തിന് വളമാകുന്നതിന് തികച്ചും സമാനമാണ് ആ പ്രതിഭാസം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.