ഗോവയിൽ സമാപിച്ച ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രമേളയിലെ കാഴ്ചകൾ എത്തരത്തിലുള്ളതായിരുന്നു? കാണികൾ നിരാശരായോ? അഥവാ ചലച്ചിത്രോത്സവംഎങ്ങോട്ടാണ് നീങ്ങുന്നത്? -വിശകലനവും റിപ്പോർട്ടും.
ഗോവയിൽ സമാപിച്ച ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രമേളയിൽ (െഎ.എഫ്.എഫ്.െഎ) ലോകമെങ്ങുമുള്ള നൂറുകണക്കിനു ചലച്ചിത്രങ്ങൾ കാണിച്ചു. ബഹുസ്വര ബഹുജന സംസ്കാര വൈവിധ്യങ്ങളെയും സാമൂഹിക- രാഷ്ട്രീയ യാഥാർഥ്യങ്ങളെയും എത്രമാത്രം നീതിയും നേരും കാട്ടി കലാപരമായി പ്രതിഫലിപ്പിക്കുന്നതും, ചലച്ചിത്രത്തെയും സംസ്കാരത്തെയും സാധ്യമാക്കുന്ന അടിസ്ഥാന ജനസഞ്ചയത്തോട് എത്രത്തോളം നീതിപുലർത്തുന്നതുമായിരുന്നു ഇന്ത്യയുടെ രാജ്യാന്തര മേള എന്ന മൂല്യവിചാരം ഇത്തരുണത്തിൽ കാലിക പ്രസക്തമാണ്.
വിശ്വവിശ്രുതനായ ലാറ്റിനമേരിക്കൻ ചലച്ചിത്രകാരൻ കാർലോസ് സോറയുടെ പുത്തൻ പടമായ ദ കിങ് ഓഫ് ഓൾ ദ വേൾഡ് ആയിരുന്നു സ്പാനിഷിലുള്ള തുടക്ക ചലച്ചിത്രം. ശക്തവും മാനവികവും വൈകാരികവുമായ മെക്സിക്കൻ സംഗീതത്തിനകമ്പടിയോടെ തീർത്ത കാലികമായ ഇഴപ്പെരുക്കമുള്ള കല, ലോക മൂല്യവിചാരമായി ലോകമെങ്ങും വിലയിരുത്തപ്പെടുന്ന തിരപ്പടമാണിത്. സമഗ്രാധിപത്യ സംസ്കാര ദേശീയവാദങ്ങളാൽ വലയുന്ന ഇന്ത്യയുടെ ഇന്നത്തെ സാമൂഹിക-രാഷ്ട്രീയ സാഹചര്യത്തിൽ ഇതെത്രകണ്ട് സാധുവാണെന്ന വിമർശന വിചിന്തനവും പ്രസക്തമാകുന്നു. സാധൂകരണ, സാധാരണീകരണ അധീശ സംസ്കാര രാഷ്ട്രീയത്തെ വിമർശനചിന്ത തിരിച്ചറിയുന്ന പ്രകരണമാണിത്.
അഭൂതപൂർവമായ പെൺ പ്രാതിനിധ്യം ചലച്ചിത്ര നിർമിതിയിൽ ഇത്തവണ നിർണായകമായി കാണുന്നു. പരിസ്ഥിതിയും ലിംഗനീതിയും സാമൂഹികനീതിയും കലരുന്ന പുതുവിഷയികളും വ്യവഹാരങ്ങളും ആഗോള സിനിമയിലൂടെ ഉദിക്കുന്നത് പ്രതീക്ഷ പകരുന്നു. ഈ സാഹചര്യത്തിൽ പ്രമേയ പരിചരണ പ്രാധാന്യംകൊണ്ട് കാലികപ്രസക്തമായ പുതിയ ലബനീസ് ചിത്രമാണ് കോസ്റ്റാ ബ്രാവ ലബനാൻ. യുവസംവിധായിക മൗനിയ അകൽ കുട്ടികളുടെയും പെണ്ണുങ്ങളുടെയും കാഴ്ചപ്പാടിലൂടെ കൊടിയ പരിസ്ഥിതി ചൂഷണങ്ങളെയും മനുഷ്യദുരന്തങ്ങളെയും ആഴത്തിലും അടുപ്പത്തിലും വരച്ചുകാട്ടുന്നു. മാനവ കേന്ദ്രിത, പരിസ്ഥിതി മൗലികവാദങ്ങൾക്ക് അപ്പുറത്ത് സമഗ്രമായ ജൈവഭാവനയും മൈത്രിയുമാണ് സിനിമ ആഴത്തിൽ ഉണർത്തുന്നത്. കാൻ അടക്കമുള്ള ലോകമേളകളിൽ ശ്രദ്ധിക്കപ്പെട്ടവയാണ് അകലിെൻറ സിനിമകൾ. പുതു മാനവിക മൈത്രിയുടെയും നൈതികമായ ധർമപരിസ്ഥിതിയുടെയും കിരണങ്ങൾ തിരപ്പടത്തിൽ അലയടിക്കുകയായി.
ഇന്ത്യൻ പനോരമയിൽ ശ്രദ്ധേയമായ സിനിമയാണ് ആകൃതി സിങ്ങിെൻറ തൂഫാൻ മെയിൽ 8 ഡൗൺ. 1974ൽ നടന്ന ചരിത്രസംഭവം നാടകീയമായി അവതരിപ്പിക്കുകയാണ് യുവ നാടക ചലച്ചിത്ര പ്രതിഭയായ ആകൃതി സിങ്. ഇന്ദിര ഗാന്ധിയുടെ ഭരണകാലത്ത് പ്രാചീന സാകേതമായിരുന്ന അവധിലെ കുമാരിയെന്നു പറഞ്ഞ് പഴയ ദില്ലി സ്റ്റേഷനിലെത്തി വിരിവെക്കുകയാണ് ഒരു നവരാജകുമാരി. ഇവരുടെ മകൻ അക്കാലത്ത് മാധ്യമങ്ങളിൽ അറിയപ്പെട്ടത് ജങ്കിൾ പ്രിൻസ് എന്നായിരുന്നു. ഭരണകൂട നാടകങ്ങളെയും പ്രഹസനങ്ങളെയും അളവറ്റു കളിയാക്കുന്ന വർത്തമാന പ്രസക്തമായ ഒരു ആക്ഷേപഹാസ്യ സിനിമയാണിത്. ധർമപുരാണത്തിലെ ദില്ലിനാടകങ്ങൾ നാമോർത്തുപോകും.
റഫയേല എന്ന സ്പാനിഷ് ചിത്രം ഡൊമിനിക്കൻ റിപ്പബ്ലിക്കിൽനിന്ന് വന്നു. സിറ്റി ഓഫ് ഗോഡ് പോലെ വമ്പിച്ച അധോലോകങ്ങളും മയക്കുമരുന്നു മാഫിയയും ഉപയോഗിക്കുന്ന കുട്ടികളുടെ ചിതറിയ ജീവിതങ്ങളും അവതരിപ്പിക്കുന്നു. ഒരു കുഞ്ഞിനെ പ്രസവിക്കുന്ന ലെസ്ബിയൻ പെൺകുട്ടിയുടെ ജീവിതത്തിലൂടെയാണ് അവതരണം. സിനിമ പതിവു വാർപ്പുമാതൃക വിട്ട് ഭിന്നമായ ലിംഗയാഥാർഥ്യങ്ങളെയും ഉൾക്കൊള്ളുന്നു. കോവിഡാനന്തര സിനിമയുടെ പൊതു സ്വഭാവമായി ലിംഗാവബോധവും പെൺ സംവിധായകരുടെ പ്രാതിനിധ്യവും പൊതുവേ കാണാവുന്നതാണ്.
ബർഗ്മാൻ ഐലൻഡ് എന്ന ബൽജിയൻ ചിത്രവും അറ്റ് ഇറ്റേണിറ്റീസ് ഗെയിറ്റ് എന്ന അമേരിക്കൻ ചിത്രവും അനശ്വര കലാപ്രവർത്തകരായ ബർഗ്മാനെയും വാൻഗോഗിനെയും കുറിച്ചുള്ള അടങ്ങാത്ത ഓർമകളെ തഴുകി ഉണർത്തുന്നു. ജൂലിയൻ ഷ്നബൽ ചിത്രം വാൻഗോഗിനെ മുൻനിർത്തിയുള്ള ഒരു സ്വതന്ത്ര കഥനം അഥവാ ഫിക്ഷണൽ ബയോപിക്ക് പുത്തൻ കോംപോസിഷനായി മാറുന്നു.
റൈനോ എന്ന യുക്രേനിയൻ ചിത്രം സോവിയറ്റാനന്തര ലോകത്തെയും കാലത്തെയും മാഫിയ ജീവിതങ്ങളെ ഇരുട്ടടിപോലെ അടയാളപ്പെടുത്തുന്ന ശക്തമായ സിനിമാരചനയാണ്. വാർപ്പുമാതൃകയിൽ ആരംഭിക്കുന്ന സിനിമ കൂടുതൽ ഗഹനവും കെട്ടുപിണഞ്ഞതുമായി മാറുന്നു, സങ്കീർണമായ കഥാപാത്ര വികാസത്തിൽ. സെനഗലിൽനിന്നുള്ള ഹാലൂം പോലുള്ള ക്രൈം ഹൊറർ ചിത്രങ്ങളും പുതിയ ഇടിവെട്ടു ദൃശ്യഭാഷകൊണ്ട് യാഥാർഥ്യ ബോധമുള്ള പ്രതിനൈതിക വിമർശവിചാരം ചമയ്ക്കുന്നു. അയർലൻഡിൽനിന്നുള്ള ഹോളി ഐലൻഡ് സാമൂഹിക- രാഷ്ട്രീയ ചരിത്ര ഭാരങ്ങളെയും വേദനകളെയും ആഴത്തിൽ അടയാളപ്പെടുത്തുന്ന നാടകീയമായ വർണരഹിത രചനയാണ്. സൈലൻറ് ലാൻഡ് എന്ന ചെക് പടവും വിസ്മയകരവും ഭാവനാപൂർണവുമായിരിക്കുന്നു. ആഗാ വോസിയിൻസ്ക എന്ന ചെക് സംവിധായികയുടെ അസാധ്യമായ സംവേദനീയത തുളുമ്പുന്ന ദൃശ്യാവിഷ്കാരമാണിത്.
ന്യൂസിലൻഡിൽനിന്നുള്ള ലോകോത്തര പെൺചലച്ചിത്രകാരിയായ ജയിൻ ക്യാമ്പിയൻ ചിത്രമായ പവർ ഓഫ് ദ ഡോഗ് വിപുലമായ കൗബോയ് ചിത്രമാണ്. ന്യൂസിലൻഡിലെ പുൽമേടുകളിലാണ് ഇൗ തിണവഴക്കത്തിലുള്ള പ്രകൃതിദൃശ്യ സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ചരിത്രത്തിലാദ്യമായി പാം ഡി യോർ നേടിയ വനിതയാണ് ക്യാമ്പിയൻ എന്ന കാര്യം പ്രസ്താവ്യമാണ്. അയ്തൻ ആമീൻ എന്ന ഈജിപ്ഷ്യൻ സംവിധായികയുടെ സുവാദ് എന്ന ചിത്രം പുതുതലമുറയുടെ സാമൂഹിക മാധ്യമ ജീവിതങ്ങളെ സരസമായി ചിത്രീകരിക്കുന്ന സാമൂഹിക വിമർശന രചനയാണ്. ആഗോള കാലാവസ്ഥാ മാറ്റത്തെ കുറിക്കുന്ന നിരവധി സിനിമകൾ വെതർ ദ വെതർ ഈസ് ഫൈൻ എന്ന ഫിലിപ്പിനോ ചിത്രംപോലെ നിരവധിയുണ്ട്. ബംഗ്ലാദേശിൽനിന്നുള്ള നോ ഗ്രൗണ്ട് ബിനീത് ദ ഫീറ്റ് പോലുള്ള ചിത്രങ്ങളും രാഷ്ട്രീയ- സാമൂഹിക ദുരന്തങ്ങളുടെ ദുരിതപശ്ചാത്തലമായി പാരിസ്ഥിതിക ദുരന്തങ്ങളെ വരച്ചിടുന്നു. ചരാചര പ്രപഞ്ച പരസ്പര ബന്ധത്തെ സാമാന്യവത്കരിക്കുന്ന ചലച്ചിത്രങ്ങൾ ഏഷ്യയുടെ പരിസരത്ത് തിരിച്ചറിയുന്നത് ബോധോദയപരമാകുന്നു.
ആഗോള മുതലാളിത്ത വിപണിയുടെ നവ ഉദാരനയങ്ങളെ ഗോപ്യമായി സ്വീകരിച്ച ചൈനയുടെ പടങ്ങൾ സാധാരണയായി സമ്പദ് വ്യവസ്ഥയുടെ ഇരകളെ ചിത്രീകരിക്കാറാണ് പതിവ്. എന്നാൽ നവ പ്രചാരണ പരിപാടിയുടെ ഭാഗമായി ചൈന, മകൗ സമൂഹങ്ങളിൽനിന്നു വരുന്ന പുതുപടങ്ങൾ ഹോളിവുഡുമായി ചേരുന്ന ചില ചേരുവകളും നമുക്കു കാണാനാവുന്നു. ചീനത്തുനിന്നുള്ള ചിത്രങ്ങളിൽ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയത് ഗ്രെയിറ്റ് വോളും ഹുയാൻ സാങ്ങുമാണ്. ചൈനയുടെ പ്രബുദ്ധതയും ഇന്ത്യയുമായുള്ള നാഗരിക ബന്ധങ്ങളും വലിയ തിരയിലൂടെ വിഡിയോ ഗെയിംപോലെ ചടുലമായ താളക്രമങ്ങളിൽ അടരടരായി ആനിമേഷൻ ദൃശ്യപരിചരണത്തോടെ ഇതൾ വിരിയുന്നു.
സമകാലിക യൂറോപ്പിലെ നാഗരിക കേന്ദ്രങ്ങളും പുതുപുത്തനായ തിരപ്പട ഭാഷയും ഭാഷണവും അതിരുകളില്ലാതെ അഴിച്ചുവിടുകയാണ്. നിർമിതബുദ്ധിയെയും മായിക സാങ്കേതികതയെയും വെല്ലുന്ന പുതുയാനങ്ങളാണ് അവർ അതി സാഹസിക ചിത്രീകരണത്തിലൂടെ തീർക്കുന്നത്. ഇറ്റാലിയൻ ചിത്രമായ അറ്റ്ലാൻറ്റൈഡ് വെനീസിലെ ലഗൂണുകളിലൂടെയുള്ള അതിവേഗ ലോഞ്ചുകളുടെ അനവരതം തുടരുന്ന സഞ്ചാരവും നിലക്കാത്ത സംഗീതവുമാണ്. മാസ്മരികമായ ദൃശ്യശബ്ദ അനുഭവമാണിത്. ദ നൈറ്റ് ബിലോങ്സ് റ്റു ദ ലവേസ് എന്ന ഫ്രഞ്ചു ചിത്രം ആർദ്രമായ മാനുഷിക രതിതലങ്ങളെ ഉണർത്തുന്നു. ഫ്രഞ്ചു ചിത്രങ്ങളുടെ സവിശേഷമായ സൂക്ഷ്മ സാന്ദ്രമായ നിറതാളങ്ങളും സൗമ്യമായ ബിംബാവലിയും ദീപ്തമായ ദാർശനികതയും ചിന്തോദ്ദീപകമാകുന്നു. റ്റൈറ്റേൻ എന്ന ഫ്രഞ്ചു സിനിമ സൈക്കഡലിക്കായ സയൻസ് ഫിക്ഷൻ സിനിമയാണ്. ഭവിഷ്യോന്മുഖമായ ഈ ക്രൈം ഹൊറർ ത്രില്ലർ ചമച്ച ജൂലിയ ദുകൂർന പുത്തനായ നോക്കുപാടുകളിലൂടെ ഭാവിയിലേക്കു ചാലകമാകുന്ന ചലച്ചിത്ര ആവേഗങ്ങളും ആയങ്ങളും ജനായത്തപരമായി വികസിപ്പിക്കുന്ന പുതു പെൺചലച്ചിത്രകാരിയാണ്. ജൂലിയ പടങ്ങളെ വിമർശകർ സാധാരണ ബോഡി ഹൊറർ ഉപഗണത്തിലാണു പെടുത്തുക.
സ്പാനിഷ് മാസ്റ്ററായ പെഡ്രോ അൽമഡോവർ പ്രിയ നടിയായ പെനിലോപി ക്രൂസുമായി ചേർന്നു സാധ്യമാക്കിയ പുതു ചിത്രമായ പാരലൽ മദേഴ്സ് ഗോവ മേളയിൽ ജനപ്രിയമായി. താരമൂല്യമുപയോഗിച്ച് കനപ്പെട്ട സിനിമ ലാഘവത്തിലെടുക്കുന്ന മിടുക്കാണ് പെഡ്രോ ഇത്തരുണത്തിൽ കാട്ടുന്നത്. മനഃശാസ്ത്രപരവും ലൈംഗികവുമായ ഉൾക്കാഴ്ചകൾ തരുന്ന ചിത്രങ്ങളാണ് അദ്ദേഹം നെയ്യുന്നത്. ആശുപത്രിയിൽ കണ്ടുമുട്ടുന്ന ഗർഭിണികളായ രണ്ടു പെണ്ണുങ്ങളുടെ ജീവിതങ്ങളാണ് ഗാഢമായും ഏറെ അടുപ്പത്തിലും പ്രതിനിധാനം ചെയ്യപ്പെടുന്നത്.
52ാമത് ഇന്ത്യൻ മേളയുടെ മൂല്യവത്തായ ഭാഗം റിട്രോ വിഭാഗത്തിലെ റഷ്യൻ ചലച്ചിത്രകാരനായ ആന്ദ്രേ കൊഞ്ചലോവ്സ്കിയുടെ ചിത്രങ്ങളും ഹംഗേറിയൻ മാസ്റ്ററായ ബേല താറുടെ ചിത്രങ്ങളുമായിരുന്നു. വീണ്ടുമുള്ള കാഴ്ചയിൽ റഷ്യയുടെയും പഴയ സോവിയറ്റ് ഭാവനയുടെയും യൂറോപ്പിെൻറയും ജീവിത ചിത്രങ്ങൾ കരിവെള്ളയിലും നിറങ്ങളിലും നമ്മുടെ കാഴ്ചയിലും ഉൾക്കാഴ്ചയിലും നേരിയ വേദനയോടെ ആണ്ടിറങ്ങുന്നതായി തോന്നും. റഷ്യയിൽനിന്നുള്ള വിക്ടർ റൈസാഖോവ് ചിത്രമായ ദിയ ദേ ലോസ് മൂർതോസ് സിനിമയുടെ കാലസഞ്ചാരത്തെയും ഭൂരാശികളുടെ മാറ്റത്തെയും തൊട്ടുണർത്തുന്ന ഒരു റോഡ് മൂവിയാണ്. അമ്മയും മകനും നടത്തുന്ന അസാധാരണ യാത്രയും സംഭാഷണങ്ങളും വികാരവിചാര തലങ്ങളെ തൊടുന്നതും ഓർമകളുണർത്തുന്നതുമാണ്. ബ്രിക്സ് പടങ്ങളും മികച്ച നിലവാരം പുലർത്തി. ലോക സിനിമ കോവിഡാനന്തരം ശരാശരി നിലവാരത്തിലൊതുങ്ങിയപ്പോൾ ഇന്ത്യൻ പനോരമയുടെ ഭൂരിഭാഗവും ഭരണാധികാര താൽപര്യങ്ങളുടെ കള്ളികളിൽ നിർണീതമായി തളയ്ക്കപ്പെട്ടു.
സ്റ്റീഫൻ ഫിങ്കിൾടൺ എന്ന ബ്രിട്ടീഷ് സംവിധായകൻ സാധ്യമാക്കിയ നൈറ്റ് റൈഡ് അനിതരസാധാരണമായ ഒറ്റ ഷോട്ട് ചലച്ചിത്രമാണ്. 97 മിനിറ്റു നീളുന്ന ചിത്രം ഒറ്റ ഛായാഗ്രഹണി ഉപയോഗിച്ച് കാറിലും പുറത്തും വീടകങ്ങളിലുമായി അസാധ്യ കൈയൊതുക്കത്തോടെയും ചലനത്തോടെയും ശബ്ദലേഖനത്തോടെയും നിർമിച്ചിരിക്കുന്നത് കാണികളെ പിടിച്ചിരുത്തുന്ന തരത്തിലാണ്. എത്രമാത്രം റിഹേഴ്സലുകളും സംവിധാനനിയന്ത്രണങ്ങളും ഇതിൽ വേണ്ടിവന്നു എന്നതിനെ കുറിച്ചുമാത്രം ഒരു ചിത്രം ആവശ്യമാണ്. റഷ്യനാർക്കുപോലെ സൊകുറോവിെൻറയും മറ്റും നീണ്ട ഒറ്റ ഷോട്ടു പടങ്ങൾ നാം ദശകങ്ങളായി കണ്ടിട്ടുണ്ടെങ്കിലും ചലിക്കുന്ന വാഹനത്തിനകത്തും പുറത്തുമായി നടത്തിയ ഈ ഒറ്റ ഷോട്ടു ചിത്രീകരണം ഏറെ പുതു പഠനങ്ങളും വ്യാഖ്യാനങ്ങളുമുണർത്തുന്നു.
ജയരാജ് പടമായ ഏറെ തത്തകളുള്ള മരവും രൻജിത്ത് ശങ്കറുടെ സണ്ണിയും യദു വിജയകൃഷ്ണെൻറ സംസ്കൃതത്തിലുള്ള ഭഗവദ്ദജ്ജുകവും കേരള സംവിധായകരുടേതായി ഇന്ത്യൻ പനോരമയിലൂടെ ഫിക്ഷൻ വിഭാഗത്തിൽ വെളിച്ചം കണ്ടു. നോൺ ഫിക്ഷനിൽ ഹിന്ദി സിനിമകളുടെ എണ്ണം കേറുന്നത് നാം കാണേണ്ടതുമുണ്ട്. ഇംഗ്ലീഷ് ഡോക്യുസിനിമകളാകട്ടെ നാമാവശേഷമാകുന്നുതാനും. കേന്ദ്രീകരണ വ്യവഹാരങ്ങളും അധീശ ഭരണകൂട താൽപര്യങ്ങളും വിമർശ ശബ്ദങ്ങൾ ആരോപിക്കുന്നതും നാം കാണേണ്ടതാകുന്നു.
കോവിഡാനന്തര കലയും സിനിമയും ഏറെ മാറിയ ജനായത്ത ദർശനമാണ് മുന്നോട്ടു വെക്കുന്നത്. ഉൾക്കൊള്ളലും പങ്കാളിത്തവും ലോകത്താകെ മെച്ചപ്പെടുന്നു. മേളയിൽ സ്ത്രീ സംവിധായകരുടെ നിരവധി സിനിമകൾ ഉണ്ടെന്നുള്ളത് തികച്ചും ജനായത്തപരവും മാനവികവുമായ മാറ്റമാണ്. കേരള മേളക്കും ചെന്നൈ, മധുരൈ മേളകൾക്കും അനുകരണീയ മാതൃകയാണിത്. പ്രാതിനിധ്യ അസമത്വം ഏതാണ്ട് സംബോധന ചെയ്യപ്പെടുന്നു. വിമർശവിച്ഛേദവും ആവശ്യമാണ്.
ഇന്ത്യൻ സമൂഹത്തിൽ കൂടുതൽ ആഴത്തിൽ നഖമാഴ്ത്തിയ വർണജാതി വ്യവസ്ഥിതിയുമായി ബന്ധപ്പെട്ട ഗൗരവമേറിയ പ്രശ്നങ്ങളും പ്രതിനിധാനങ്ങളും ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രമേളയിൽ കാണപ്പെടുന്നില്ല. അപരവത്കരണവും ഹിംസാത്മക രാക്ഷസീകരണവും വംശഹത്യാകാമനകളും പെരുകുന്ന സമൂഹത്തിൽ പ്രാന്തീകൃത ചെറു കലാചാര വഴക്കങ്ങളും ബഹുസ്വര ബഹുജന സംസ്കാരധാരകളും കലയുടെയും സിനിമയുടെയും കാതലാകേണ്ടതുണ്ട്. അടിത്തട്ടിലേക്കു ചവിട്ടിയാഴ്ത്തി വെട്ടിമൂടിയ ജനകീയ ജനായത്ത പ്രബുദ്ധത കാലികമായി വീണ്ടെടുക്കേണ്ടതുണ്ട്. നീതിയുടെയും നേരിെൻറയും ചലച്ചിത്ര യാനങ്ങൾ സാധ്യമാക്കേണ്ടതുണ്ട്. സത്യത്തെ മായികാഖ്യാനങ്ങളിലൂടെ ഏെറക്കാലം മൂടിവെക്കാനാവില്ല. സിഖു കർഷകസമര വിജയം പ്രതീക്ഷയുണർത്തുന്ന മാറ്റംതന്നെ. പുരാണ പട്ടത്താനങ്ങളും ഗീതാഗിരികളും ശുദ്ധ കലാ മൗലികവാദവും സമഗ്രാധിപത്യത്തെ ഉറപ്പിക്കുന്നു. വിശ്വാസി, തീണ്ടാരി, ശൂദ്ര ലഹളകളും ഭരണഘടനാ അട്ടിമറിയും ജനായത്ത ഇന്ത്യയുടെ അന്ത്യവുമാകും ഫലം. നീതിക്കും നേരിനും വേണ്ടിയുള്ള ഭാവനാത്മകമായ നിതാന്ത സമരത്തിലാണ് ചലച്ചിത്രവും ചലച്ചിത്രമേളകളും എന്നും കൂടി നാം സാംസ്കാരികവും രാഷ്ട്രീയവുമായി തിരിച്ചറിയേണ്ടതുണ്ട്.
സാമൂഹിക ശ്രേണീകരണവും ജാതിമത ഹിംസകളും ഉച്ചനീച സാമൂഹിക അസമത്വവും രൂക്ഷമാകുന്ന ഇന്ത്യയിൽ ജാതിലിംഗ യാഥാർഥ്യങ്ങളെ ഒന്നിച്ചു മാത്രമേ സംബോധനചെയ്യാനാകൂ. അടിസ്ഥാന ബഹുജന സമുദായങ്ങളുടെയും അടിത്തട്ടിൽനിന്നുള്ള ജനതയുടെയും ജനായത്തപരമായ പ്രാതിനിധ്യങ്ങൾ ഇടംകൊള്ളുമ്പോൾ മാത്രമായിരിക്കും ഇന്ത്യൻ മേളയുടെയും റിപ്പബ്ലിക്കിെൻറയും ആധാര മൂല്യങ്ങൾ സാക്ഷാത്കരിക്കപ്പെടുക. ദലിത് ബഹുജന ചലച്ചിത്ര പ്രതിഭകളായ ചൈതന്യ തംഹാനേ, നാഗരാജ് മഞ്ജുളേ, ഗജേന്ദ്ര ആഹീരേ തുടങ്ങിയ പുതു മറാഠി ശബ്ദങ്ങളും തമിഴകത്തുനിന്നുള്ള പാ. രൻജിത്ത് തലമുറയും ബഹുജന സ്ത്രീകളും ഭിന്നലിംഗ കലാപ്രവർത്തകരും അവരുടെ നീതിക്കും യാഥാർഥ്യത്തിനും നിരക്കുന്ന ഇടം മേളയിൽ നേടുമ്പോൾ മാത്രമാകും ഒരു സാംസ്കാരിക രാഷ്ട്രീയ സംഭവവും ജനായത്ത പ്രക്രിയയുമായി അതു മാറുക. വെട്രിമാരൻ പടമായ അസുരൻ മാത്രമാണ് തമിഴകത്തു നിന്നും ജാതിസമൂഹ യാഥാർഥ്യത്തെ ഏതാണ്ടു സംബോധന ചെയ്ത ചിത്രം.
അസ്ഗർ ഫർഹാദിയുടെ എ ഹീറോ എന്ന ഇറാനിയൻ ചിത്രം സമാപനത്തിനായി കാണിച്ചതല്ലാതെ മറ്റ് അറേബ്യൻ ചിത്രങ്ങൾ മേളയിൽ വിരളമായിരുന്നു. സംസ്കാര ചരിത്രബന്ധങ്ങളുള്ള അടുത്ത അയലത്തുകാരുമായുള്ള വർത്തമാന ചലച്ചിത്ര വിനിമയങ്ങൾ ഒരു ആധുനിക ജനായത്ത രാഷ്ട്രം എന്ന നിലയിൽ അനിവാര്യമാണ്. ഒരു ചരിത്രാതീത നാഗരികതയായി നാം നിലനിൽക്കുന്നത് പശ്ചിമേഷ്യയുമായുള്ള, വിപുലമായ ലോകവുമായുള്ള ഇഴയടുപ്പത്തിലൂടെയാണെന്ന് നയനേതൃത്വങ്ങളും അധികാരികളും സാംസ്കാരിക മധ്യസ്ഥരും തിരിച്ചറിയുന്നത് ഇന്ത്യയുടെ ഭാവിക്ക് നല്ലതായിരിക്കും. ഇത്തരം വിമർശാവബോധങ്ങളോടെ തെന്നിന്ത്യൻ മേളകളിലേക്കു നാം തിരിയുന്നതു നന്നാവും.
l
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.