'പുഴു' എന്ന സിനിമയിൽ മമ്മൂട്ടിയുടെ കുട്ടൻ എന്ന സവർണ കഥാപാത്രത്തിനൊപ്പം കിടപിടിക്കുന്നതാണ് കെ.പി. കുട്ടപ്പനെന്ന ദലിത് കഥാപാത്രം. കെ.പി. കുട്ടപ്പനെ വെള്ളിത്തിരയിൽ അവതരിപ്പിച്ച അപ്പുണ്ണി ശശി, കറുത്തവനായതുകൊണ്ടുകൂടിയാണ് കെ.പി. കുട്ടപ്പനെന്ന കഥാപാത്രം തന്നെ തേടിയെത്തിയതെന്ന് പറയുന്നു. നാടകത്തിലൂടെ സിനിമയിലെത്തിയ അദ്ദേഹത്തിന്റെ ജീവിതകഥ കയറ്റിറക്കങ്ങൾ നിറഞ്ഞതാണ്. ഇവിടെ അദ്ദേഹം ജീവിത-നാടകം പറയുന്നു.
എന്റെ ചെറുപ്പത്തിൽ മലബാറിൽ ഏറ്റവും കൂടുതൽ ജനം കൂടുന്ന ഒരിടം പുതിയാപ്പ ഭഗവതി ക്ഷേത്രത്തിലെ ഉത്സവമാണ്. യേശുദാസ്, ജാനകി, ജയചന്ദ്രൻ എന്നിവരെയൊക്കെ ആദ്യമായി കാണുന്നത് അവിടെനിന്നാണ്. കണ്ടുവെന്നുപോലും പറയാൻ കഴിയില്ല, ദൂരെനിന്ന് തീപ്പെട്ടിക്കൂട് പോലെ മാത്രമേ സ്റ്റേജ് കാണാൻ സാധിക്കൂ. അത്രയും ജനം അവിടെക്കൂടും. അരയവിഭാഗക്കാരാണ് അധികവും. അവിടെ ഒരു പരിപാടി അവതരിപ്പിച്ച് വിജയിച്ചാൽ തിരിഞ്ഞുനോക്കേണ്ടിവരില്ല. 'എപെക്സ് എരഞ്ഞിക്കൽ' എന്ന സംഘടനയുടെ ഭാഗമായി ഒരു മിമിക്രി ട്രൂപ്പുണ്ടായിരുന്നു. അവിടെ മിമിക്സ് പരേഡ് അവതരിപ്പിക്കണമെന്നാണ് അന്നത്തെ ഏറ്റവും വലിയ ആഗ്രഹം. അത്രയും വലിയ പരിപാടി നടക്കുന്ന ഉത്സവത്തിന് ആർക്കും പരിചയമില്ലാത്ത ഞങ്ങളുടെ പരിപാടി അവർ അവതരിപ്പിക്കാൻ സമ്മതിക്കുന്നതെങ്ങനെ?
അവതരിപ്പിക്കാനായി സ്വന്തമായി നിർമിച്ച 11ഓളം സ്കിറ്റുകളുണ്ടായിരുന്നു. അതിനായി ഒരു സുഹൃത്തിനെയും ഒപ്പം കൂട്ടി. എന്നാൽ, അരയസമാജത്തിൽനിന്ന് പരിപാടി അവതരിപ്പിക്കാൻ അനുവാദം മാത്രം ലഭിച്ചില്ല. അരയസമാജത്തിന്റെ യോഗം നടക്കുന്ന ദിവസങ്ങളിലെല്ലാം ഞാൻ അവിടെയെത്തും. യോഗസ്ഥലത്തിന് പുറത്ത് കാവൽക്കാരനെപ്പോലെ നിൽക്കും, മീൻ മുറിക്കുന്നിടത്ത് പൂച്ച നിൽക്കുന്നതുപോലെ. അന്ന് എനിക്ക് 23 വയസ്സാണ്. അവരോട് പരിപാടി അവതരിപ്പിക്കാൻ അനുവദിക്കണമെന്ന് പറയുമ്പോൾ ഓടിക്കും. ആട്ടിപ്പായിച്ചാലും അൽപസമയത്തിനകം ഞാൻ വീണ്ടും വാതിൽക്കലെത്തും. പരിപാടി അവതരിപ്പിക്കാൻ ഒരു വേദി അതു മാത്രമായിരുന്നു ലക്ഷ്യം.
അരയസമാജത്തിന്റെ എട്ടാമത്തെ യോഗത്തിൽ അതിന്റെ സെക്രട്ടറി രാമേട്ടൻ -ഒരു സാത്വികനായ മനുഷ്യൻ എനിക്ക് സംസാരിക്കാൻ അവസരം തന്നു. ആ സംസാരത്തിലൂടെ വേദി നേടിയെടുക്കണം. അതിനായി ഒരു പ്രസംഗം അവതരിപ്പിച്ചു. ''ജീവിതത്തിൽ എന്നെ സഹായിക്കാൻ ആരുമില്ല. ഞാനൊരു കലാകാരനാണ്. എപെക്സ് എരഞ്ഞിക്കൽ എന്ന കലാകൂട്ടായ്മയുടെ ഭാഗമാണ് ഞാനും. ഞങ്ങൾക്ക് ഇവിടെ ഒരു പരിപാടി അവതരിപ്പിക്കാൻ എങ്ങനെയെങ്കിലും ഒരു വേദി ഒരുക്കിനൽകണം. ഇവിടെ പരിപാടി അവതരിപ്പിക്കുന്നതായി ഞാൻ സ്വപ്നം കണ്ടിരുന്നു. പുതിയാപ്പയിൽ പരിപാടി അവതരിപ്പിക്കാൻ എനിക്കൊരു വേദി ഒരുക്കി നൽകണം'' -ഇതായിരുന്നു പ്രസംഗം. എന്റെ വാക്കുകളിൽ അവർ പാതി സമ്മതം മൂളി. വേദി സ്വപ്നം കാണണമെങ്കിൽ എത്രമാത്രം അയാൾ ആഗ്രഹിക്കുന്നുണ്ടാകും എന്ന ചർച്ചയടക്കം അവിടെ ഉയർന്നു. അവസാനം അവർ വേദിയൊരുക്കി നൽകാമെന്ന് സമ്മതം മൂളി.
ഉത്സവത്തിന് പി. സുശീലയുടെ ഗാനമേളയായിരുന്നു പ്രധാന പരിപാടി. ഗാനമേളക്കുശേഷം മിമിക്സ് പരേഡ് അവതരിപ്പിക്കാനാണ് അവസരം കിട്ടിയത്. അത് ഗംഭീരമായി അവതരിപ്പിച്ചു. അവിടെനിന്ന് ഒരു വേദിക്കുവേണ്ടി പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
ഠഠഠ
ഹൈസ്കൂൾ കാലഘട്ടത്തിൽ നാടകത്തിലേക്ക് എത്തുന്നതിനു മുമ്പ് ചിത്രരചനയിലായിരുന്നു താൽപര്യം. എല്ലാ ചിത്രങ്ങളും വരക്കില്ല. ക്ലാസിൽ പഠിപ്പിക്കാൻ വരുന്ന അധ്യാപകരുടെ ചിത്രങ്ങൾ മാത്രം വരക്കും. ക്ലാസിൽ ശ്രദ്ധിക്കുന്നതിലേറെ ചിത്രം വരയിലായിരുന്നു താൽപര്യം. ഒരു വർഷത്തോളം ഇത് തുടർന്നു. അതോടെ വരയിലും കേമനായി. ഒരു ടീച്ചറെ മാത്രമല്ല, എല്ലാവരെയും വരക്കും. അവസാനം ടീച്ചറുടെ പിടിവീണു. പ്രതീക്ഷിച്ചപോലെ അവർ വഴക്ക് പറഞ്ഞില്ല, പകരം വര മാത്രം പോരാ വിദ്യാഭ്യാസംകൂടി അതിനൊപ്പം നേടണമെന്നായിരുന്നു ഉപദേശം. പഠിക്കാതെ വരച്ചുനടന്നാൽ യാതൊരു പ്രയോജനവുമില്ല, ദൈവം തന്ന കഴിവ് പുറത്തെടുക്കാൻ അവസരം ലഭിക്കണമെങ്കിൽ വിദ്യ നേടണം, അതായിരിക്കണം ഏറ്റവും പ്രധാനവും -ടീച്ചർ പറഞ്ഞുതന്നു. ഇന്ന് എന്റെ പണി പൂർത്തിയാക്കാത്ത വീടിന്റെ ചിത്രപ്പണികൾ സ്വയം ചെയ്തു. തൂണുകളിലും മുകളിലുമെല്ലാം പലതരം ചിത്രങ്ങൾ വരച്ചുചേർത്തു.
സ്കൂളിൽ പഠിക്കുമ്പോഴൊന്നും എന്നെപ്പോലുള്ളവരുടെ കഴിവുകൾ പുറത്തുകൊണ്ടുവരുന്നതിനോ പ്രോത്സാഹിപ്പിക്കുന്നതിനോ ആരുമുണ്ടായിരുന്നില്ല. ഇന്ന് മോണോ ആക്ട്, നാടകം, ചിത്രരചന എല്ലാം പഠിപ്പിക്കാൻ വീടുകളിൽതന്നെ സൗകര്യമൊരുക്കാം. പൈസ നൽകിയാൽ മാത്രം മതി. അന്ന് ഒരു രൂപ പോലും കൈയിലെടുക്കാനില്ല എന്നതാണ് യാഥാർഥ്യം. സ്കൂളിൽ പോകുമ്പോൾ ബസിന് ആവശ്യമായ പണം മാത്രം തരും. അതിനും കഷ്ടപ്പെടണം. അങ്ങനെയുള്ളവർക്ക് പണം നൽകി മറ്റൊന്നും പഠിക്കാനും കഴിയില്ലല്ലോ.
ചിത്രരചനക്കൊപ്പം അന്ന് മിമിക്രിയിലായിരുന്നു മറ്റൊരു ശ്രദ്ധ. അഭിനയിച്ച് ആളുകളെ ചിരിപ്പിക്കാൻ മിമിക്രിക്ക് കഴിയും. അനുകരണം മാത്രമല്ലായിരുന്നു എന്റെ മിമിക്രി. അനുകരിച്ച് പഠിക്കാനായി ടി.വിയോ മറ്റു സംവിധാനങ്ങളോ അന്നില്ല. ഓഡിയോ കാസറ്റുകളായിരുന്നു പ്രധാന ആശ്രയം. അതും ടേപ്പ് റെക്കോഡിൽ പ്രവർത്തിപ്പിക്കണം. ഒരു തവണ കണ്ട സിനിമയുടെയും മറ്റും തമാശകൾ സ്വന്തം രീതിയിലാക്കി അവതരിപ്പിക്കും. സഹപാഠികളായിരുന്നു ആദ്യ ആസ്വാദകർ. ഇന്റർവെൽ സമയത്ത് മറ്റു ക്ലാസിലെ കുട്ടികളടക്കം എന്റെ ചുറ്റും കൂടും. അവർ കൈയടിച്ച് ആർത്ത് ചിരിക്കുന്നതെല്ലാം ടീച്ചർമാർ ശ്രദ്ധിക്കുന്നുണ്ടാകും. അതോടെ എന്റെയുള്ളിൽ എന്തോ ഒരു കഴിവുണ്ടെന്ന് ടീച്ചർമാരും മനസ്സിലാക്കി. ''ഇവനുചുറ്റും എേപ്പാഴും കുട്ടികളെക്കാണാം. അവർ ആർത്തുചിരിക്കുകയും ചെയ്യും. അവന്റെയുള്ളിൽ കലയുണ്ട്, കലാകാരനാകാം. നീ പാട്ടുപാടുകയോ നാടകം കളിക്കുകയോ ചെയ്യൂ'' - ടീച്ചർമാർ പറയും. പക്ഷേ അന്നൊന്നും ആരും അവ പഠിപ്പിച്ചുതരാൻ ഇല്ലായിരുന്നു എന്നതാണ് കാര്യം.
പേടിയായിരുന്നു മറ്റൊരു പ്രധാന പ്രശ്നം. അധ്യാപകരുടെ മുന്നിൽ പോയി നിൽക്കാനോ സംസാരിക്കാനോ പേടിയായിരുന്നു. അത് മാറിയത് പത്താം ക്ലാസിലെ തോൽവിക്കു ശേഷവും. പത്തിൽ തോറ്റതോടെ പഠിക്കാനായി യുവത, ജനത, പ്രൊവിഡൻസ് തുടങ്ങിയ ട്യൂട്ടോറിയലുകളിൽ പോയി. അവിടെവെച്ച് മാഷന്മാർ ക്ലാസെടുക്കുന്നത് അനുകരിക്കും. അതേപോലെ പകർത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും ഒരുവിധം ചെയ്യുന്നതെല്ലാം കൂട്ടുകാർക്ക് ഇഷ്ടമാകും. അതോടെ ഈ ഐറ്റം സെന്റ് ഓഫിന് അവതരിപ്പിക്കാമെന്ന് പറഞ്ഞു. എന്നാൽ, കൂടെ നിൽക്കാൻ ആരുമില്ല. അതിനായി സഹപാഠിയായ എലത്തൂരുള്ള നൗഷാദിനെ കൂടെക്കൂട്ടി. അവൻ എന്തോ ചോദ്യം ചോദിച്ചശേഷം വേദിയിൽനിന്ന് ഇറങ്ങിയോടി. ബാക്കി മിമിക്രി ഞാൻ ഒറ്റക്ക് അവിടെനിന്ന് അവതരിപ്പിച്ചു. പേടിയുണ്ടായെങ്കിലും പഠിച്ചുവെച്ച കാര്യങ്ങൾ മുഴുവനാക്കാൻ സാധിച്ചു. എന്നാൽ, സ്റ്റേജിലിരുന്നവരെല്ലാം നന്നായി ആസ്വദിച്ചെന്ന് കൈയടിയിൽനിന്ന് മനസ്സിലായി. അതോടെ കോളജിൽ സ്റ്റാറായി. പിന്നീട് എന്തു പരിപാടിയും പേടിച്ച് വിറച്ച് ചെയ്യും.
പഠനത്തിനുശേഷം നാട്ടിൽ സജീവൻ നാഗത്താൻപള്ളി എന്ന സുഹൃത്തിനൊപ്പം പരിപാടി അവതരിപ്പിക്കാൻ തുടങ്ങി. അന്ന് നൂറും അമ്പതുമെല്ലാം ആളുകൾ തരും. അതിനുശേഷം നാട്ടിലെ ചെറുപ്പക്കാർ കൂടി 'യങ് ബഡ്സ് ഓഫ് എരഞ്ഞിക്കൽ' എന്ന സംഘടനയുണ്ടാക്കി. സംഘടനയിലെ എല്ലാവരും സമാനമനസ്കരും കലക്ക് വേണ്ടി എന്തും ത്യജിക്കാൻ തയാറായവരുമായിരുന്നു. അതിൽ റഫീഖ് പരിത്തിൻതൊടി എന്ന സുഹൃത്തിന് നാടകത്തെക്കുറിച്ച് നന്നായി അറിയാം. റഫീഖാണ് ആദ്യമായി എനിക്ക് ഒരു നാടകം പറഞ്ഞുതരുന്നതും. എപെക്സ് എരഞ്ഞിക്കൽ ഇതോടെ നാടകം കളിക്കാൻ തുടങ്ങുകയും പേരെടുക്കുകയും ചെയ്തു. നാടകത്തിനൊപ്പം എല്ലാ പരിപാടികളിലും പങ്കെടുക്കും. അന്ന് മിമിക്സ് പരേഡിന്റെ കാലമായിരുന്നു. അതിനാൽ നാടകം ഒന്നോ രണ്ടോ എണ്ണം കളിച്ചതിനുശേഷം മിമിക്സ് പരേഡുകൾ അവതരിപ്പിക്കാൻ ഇറങ്ങും. എപെക്സ് മിമിക്സ് കോഴിക്കോട് എന്നായിരുന്നു മിമിക്സ് പരേഡ് സംഘത്തിന്റെ പേര്. സജീവൻ നാഗത്താൻ പള്ളി, രാധാകൃഷ്ണൻ, ഗഫൂർ, അനിൽ ചെറിയേരി എന്നിവർക്കൊപ്പമായിരുന്നു തുടക്കം. സ്റ്റാൻഡിങ് കോമഡിയല്ലായിരുന്നു അവ. മിമിക്സ് പരേഡ് എന്നതിനുപകരം ഒരു ചെറു നാടകമെന്ന് അതിനെ വിളിക്കാനാണ് എനിക്കിഷ്ടം. നാട്ടിൻപുറത്തെ തമാശകൾ ഉൾപ്പെടുത്തിയായിരുന്നു അവ. മിമിക്സ് പരേഡ് ക്ലിക്കായതോടെ വലിയ വേദികളിൽ അവതരിപ്പിക്കാനായി ആഗ്രഹം.
അപ്പുണ്ണി ശശി നാടക വേഷത്തിൽ
ജയപ്രകാശ് കൂളൂർ എന്ന ഗുരു
സിനിമയിൽ രഞ്ജിത്താണ് ഗുരു. നാടകത്തിൽ ജയപ്രകാശ് കൂളൂരും. സംഘടനയുടെ ഭാഗമായി വലിയ നാടകങ്ങൾ കളിച്ച് കടം കയറിനിൽക്കുന്ന സമയം. അഭിനയിക്കാനുള്ള അതിയായ മോഹം കൊണ്ടുമാത്രം എപെക്സിന്റെ ഭാഗമായ 14 പേരും ഞാനും നാടക കലാകാരനായ ജയപ്രകാശ് കൂളൂരിന്റെ സമീപമെത്തി. എന്നാൽ, ഒരു പരിഗണനയും നൽകാൻ അദ്ദേഹം തയാറായിരുന്നില്ല. ആദ്യകാലത്ത് കളിക്കൂട്ടം എന്ന പരിപാടി മാത്രം അദ്ദേഹം സംഘടിപ്പിച്ചുതന്നു, ബാങ്ക്മെൻസ് ക്ലബിന്റെ ഒരു വേദിയും. ആന്റൺ ചെക്കോവിന്റെ 'ഡെത്ത് ഓഫ് എ ക്ലർക്കി'ലെ ഒരു ഭാഗം 'സോറി സാർ' എന്ന പേരിൽ ഞങ്ങൾ രണ്ടുപേർ അവതരിപ്പിച്ചു. അത് വളരെയധികം ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ഓരോ ഘട്ടത്തിൽ ഓരോരുത്തരായി പിൻവാങ്ങി. രണ്ടുപേർ മാത്രം കൂളൂരിനൊപ്പം നിന്നു. ആദ്യം തിരക്കഥ നൽകാൻ അദ്ദേഹം തയാറായിരുന്നില്ല. അദ്ദേഹം എല്ലാം ജോലിയും ചെയ്യിപ്പിക്കും. നാടക ക്യാമ്പുകളിൽ കൂട്ടിക്കൊണ്ടുപോകും. എന്നാൽ ഇൗ 'ടോർച്ചറി'ങ്ങെല്ലാം ഞങ്ങൾ അദ്ദേഹത്തെ വിട്ടുപോകുമോയെന്ന അദ്ദേഹത്തിന്റെ പരീക്ഷണങ്ങളായിരിക്കണം. ഇടക്ക് അറിഞ്ഞോ അറിയാതെയോ എന്തൊരു ക്രൂരനാണെന്ന് പോലും ചിന്തിച്ചുപോകും. എന്നാൽ, അവയെല്ലാം ഞങ്ങളെ പാകപ്പെടുത്തുന്നതായിരുന്നു.
രണ്ടു വർഷത്തിനുശേഷം ഒരിക്കൽ 'അപ്പുണ്ണികളുടെ റേഡിയോ' എന്ന നാടകത്തിന്റെ രണ്ടു മിനിറ്റ് കഥ അദ്ദേഹം പറഞ്ഞുതന്നു. എഴുതിയ തിരക്കഥ ഉണ്ടായിരുന്നുവെങ്കിലും അവ തരാൻ അദ്ദേഹം തയാറായില്ല. നേരത്തേ ആരോ അവതരിപ്പിച്ച് പരാജയപ്പെട്ട നാടകമായിരുന്നു അപ്പുണ്ണികളുടെ റേഡിയോ. കഥ പറഞ്ഞശേഷം സ്വയം തിരക്കഥയുണ്ടാക്കി അവതരിപ്പിക്കാൻ ആവശ്യപ്പെട്ടു. കഥക്ക് ഒരു ജീവനുണ്ടായിരുന്നുവെന്ന് അറിയാം. എന്നാൽ അതിന്റെ തിരക്കഥ തയാറാക്കാനോ കളിച്ചു പഠിക്കാനോ ഒരു സ്ഥലംപോലും ഞങ്ങൾക്കില്ലായിരുന്നു. അന്ന് നിർമാണ കരാർ തൊഴിലിന്റെ ഭാഗമായിരുന്നു ഞാൻ. ജോലിക്കുശേഷം വൈകീട്ടോടെ ഞങ്ങൾ നാടകം കളിച്ചു പഠിക്കാൻ സ്ഥലം അന്വേഷിക്കും. രണ്ടാഴ്ചക്ക് ശേഷം ചിന്താവളപ്പിലെ ഒരു മതിലിലെ മുകൾഭാഗം കണ്ടെത്തി. അവിടെെവച്ചായി നാടകം കളിയും രചനയും. നാലുമാസമെടുത്ത് നാടകം ചിട്ടപ്പെടുത്തി കൂളൂരിന്റെ അടുത്തെത്തി അവതരിപ്പിച്ചു. എന്നാൽ നാടകം അദ്ദേഹത്തിന് ഇഷ്ടമായില്ല. ഇതോടെ വീണ്ടും തിരുത്തലുകൾ വരുത്തും. തിരുത്തിയും മാറ്റി എഴുതിയും ഒരു മണിക്കൂർ നാടകം ഞങ്ങൾ ഒരു കൊല്ലംകൊണ്ട് പൂർത്തിയാക്കി. നടക്കാവ് ഒരു ക്ലബായിരുന്നു അപ്പുണ്ണികളുടെ റേഡിയോയുടെ ആദ്യ വേദി. എന്നാൽ, നാടകം നന്നായില്ലെന്ന് ഞങ്ങൾക്കുതന്നെ മനസ്സിലായി. ഇതോടെ വീണ്ടും തിരുത്തലിലേക്ക് കടന്നു. ആറുമാസത്തിനുശേഷം എരഞ്ഞിക്കലിൽ ഒരു നഴ്സറി സ്കൂൾ വാർഷികത്തിൽ നാടകം അവതരിപ്പിച്ചു. എന്നാൽ, നാട്ടുകാർ നാടകത്തെ നിറഞ്ഞ കൈയടികളോടെ സ്വീകരിച്ചു. ഒരു റേഡിയോ, രണ്ടു ചരട്, രണ്ടു പുസ്തകം എന്നിവ മാത്രമായിരുന്നു നാടകം കളിക്കാൻ ആവശ്യം. റേഡിയോ തെർമോകോളിൽ വരച്ചുണ്ടാക്കുകയായിരുന്നു. കാരണം ഒരു പൈസപോലും ചെലവാക്കരുതെന്ന് നിർബന്ധമുണ്ടായിരുന്നു. ഇനിയും നാടകത്തിന്റെ പേരിൽ കടം വരുത്തിവെക്കരുതെന്ന വാശിയും.
അപ്പുണ്ണി ശശി നാടക വേദിയിൽ
ഇന്നത്തെ പരിപാടികൾ
നാടകം കളിക്കുക, പണമുണ്ടാക്കുക എന്നതല്ലായിരുന്നു ഞങ്ങളുടെ ആവശ്യം. വേദികളിൽ കയറി അഭിനയിച്ച് ആളുകളെ ആസ്വദിപ്പിക്കുക, അതുമാത്രമായിരുന്നു ലക്ഷ്യം. വേദിക്കുവേണ്ടി ആളുകൂടുന്നിടത്തെല്ലാം പോയി നോക്കും. പത്രങ്ങളിലെ ഇന്നത്തെ പരിപാടികൾ നോക്കിയാണ് ഓരോ സ്ഥലത്തുമെത്തുക. നാടകത്തിനൊരു വേദി കിട്ടിയാൽ കാഴ്ചക്കാരെ പിടിച്ചുനിർത്താൻ ഞങ്ങൾക്ക് അറിയാം. എന്നാൽ, ഒരു മണിക്കൂർ രണ്ടുപേരുടെ നാടകമെന്ന് പറയുമ്പോൾതന്നെ അവർ വേദി നിഷേധിക്കും. പിന്നീട് ഒരു മണിക്കൂറെന്നത് കുറച്ച് 20 മിനിറ്റ് സമയം അനുവദിക്കണമെന്ന് കള്ളം പറഞ്ഞ് സമീപിക്കാൻ തുടങ്ങി. പലപ്പോഴും ഭക്ഷണംപോലും കഴിക്കാതെ വെള്ളം മാത്രം കുടിച്ച് മണിക്കൂറുകൾ കാത്തുനിൽക്കും. ആറു മണിക്കൂർ വരെ കാത്തുനിന്നശേഷം മടങ്ങിപ്പോകുന്ന അനുഭവങ്ങളുമുണ്ടായിട്ടുണ്ട്. പിന്നീട് വേദികളേക്കാൾ ഉപരി ആളുകൂടുന്ന ഇടങ്ങളിൽ നാടകം അവതരിപ്പിക്കാൻ അനുവദിക്കണമെന്ന ആവശ്യവുമായെത്തി. അതിനായി ആദ്യം തിരഞ്ഞെടുത്തത് ഗ്രാമസഭകളെയായിരുന്നു. പല തൊഴിലുകളിൽ ഏർപ്പെടുന്നവർ വൈകീട്ട് അഞ്ചരയോടെ തൊട്ടടുത്ത സ്കൂളിൽ ഒത്തുചേരും. പതിനഞ്ചോ ഇരുപതോ പേർ മാത്രമേ ഉണ്ടാകൂ. ഒരിക്കൽ അവരുടെ യോഗത്തിനുശേഷം നാടകം അവതരിപ്പിക്കാൻ അവസരം ലഭിച്ചു. കളി തുടങ്ങി പകുതിയായപ്പോഴേക്കും ഇരുട്ട് വീണു. അന്ന് ഇന്നത്തെപ്പോലെ ക്ലാസ് മുറികളിൽ ലൈറ്റൊന്നും ഇല്ല. പക്ഷേ, ആളുകൾക്ക് നാടകം കാണുകയും വേണം. അവർ വെളിച്ചം സംഘടിപ്പിക്കാൻ നാലുഭാഗത്തേക്കും പോയി. ഓലമുറിച്ച് ചൂട്ടുണ്ടാക്കിയും മെഴുകുതിരി കത്തിച്ചും അവർ വെളിച്ചം സംഘടിപ്പിച്ചുതന്നു. ഞങ്ങൾ നാടകം അവതരിപ്പിക്കുമ്പോൾ ഞങ്ങളുടെ പിറകിൽ മെഴുകുതിരിയും ചൂട്ടുമായി മറ്റൊരാളും നടക്കും. ഇങ്ങനെ വെളിച്ചമില്ലാതെ ധാരാളം നാടകം കളിച്ചു. അതോടൊപ്പം പണമൊന്നും വാങ്ങാതെ 72ഓളം വേദികളിലും. പിന്നീട് നിരവധി വേദികളിൽ ചെറിയ പണം നൽകി നാടകം കളിക്കാൻ അവസരം നൽകി.
അപ്പുണ്ണികളുടെ കാലം
ഓരോ വേദിയിൽ നാടകത്തെക്കുറിച്ച് ഒരേ അഭിപ്രായമായിരുന്നു. എല്ലാവരും കണ്ടിരിക്കേണ്ട നാടകമെന്ന അഭിപ്രായം പലയിടങ്ങളിൽനിന്നും ഉയർന്നു. 'അപ്പുണ്ണികളുടെ റേഡിയോ' രാവിലെയും ഉച്ചക്കും വൈകീട്ടും കളിക്കാൻ തുടങ്ങി. അതും കേരളത്തിൽ അങ്ങോളമിങ്ങോളം. സർക്കാർ ഓഫിസുകളിലും അമ്പലപ്പറമ്പുകളിലും നാടകം ആഘോഷമാക്കി. ഇതോടെ ഒരു മണിക്കൂർ നീണ്ട 'അപ്പുണ്ണികളുടെ നാളെ' എന്ന നാടകവും അരങ്ങിലെത്തിച്ചു. രണ്ടു മണിക്കൂർ നേരം രണ്ടു നടൻമാരുടെ രണ്ടു നാടകം. അപ്പുണ്ണി നാടകങ്ങളിൽ അപ്പു, ഉണ്ണി എന്നിങ്ങനെ രണ്ടു കഥാപാത്രങ്ങളാണുണ്ടാകുക. എട്ടുമാസത്തോളം എടുത്തായിരുന്നു രണ്ടാമത്തെ നാടകത്തിന്റെ രചന. 2002ൽ 'മാവാലങ്കൽ ഓഡിറ്റോറിയ'ത്തിൽ 'അപ്പുണ്ണികളുടെ നാടകം' കളിക്കാൻ അവസരം ലഭിച്ചു. കെ.കെ.എൻ. പണിക്കരായിരുന്നു മുഖ്യാതിഥി. ടിക്കറ്റെടുത്തായിരുന്നു ജനങ്ങൾ നാടകം കാണാനെത്തിയത്. എന്നാൽ, രണ്ടുപേർ റേഡിയോയും പുസ്തകവുമായി മറ്റു അലങ്കാരങ്ങളൊന്നുമില്ലാതെ സ്റ്റേജിൽ എത്തിയതോടെ കാണികൾ നിരാശരായി. ആദ്യ പത്തു മിനിറ്റിൽതന്നെ വൻ ജനാവലിയെയും അപ്പുണ്ണികൾ കൈയിലെടുത്തു. നാടകത്തിനുശേഷം അപ്പുണ്ണികളെ കാണാനായി ജനം വരിനിൽക്കുകയായിരുന്നു. അന്ന് മൊബൈൽ ഫോണൊന്നും ഇല്ലായിരുന്നു. പകരം ഒരു ലാൻഡ് ഫോൺ നമ്പർ കട്ടിയുള്ള കടലാസുകളിൽ എഴുതി മുറിച്ച് കൈയിൽ സൂക്ഷിച്ചിരുന്നു. അവ ഞങ്ങളെ കാണാനെത്തുന്നവർക്ക് വിതരണം ചെയ്ത് തീർത്തിരുന്നു. അവിടെനിന്ന് മറ്റു പല സംസ്ഥാനങ്ങളിലും ഞങ്ങൾ ഈ നാടകവുമായി സഞ്ചരിച്ചു. നാടകം ജനങ്ങൾക്കിടയിൽ വൻ സ്വീകാര്യത നേടിയതോടെ സംഗീത നാടക അക്കാദമി ഏറ്റെടുത്തു. കേരളം മുഴുവൻ സഞ്ചരിച്ച് കളിക്കേണ്ട നാടകമാണെന്നായിരുന്നു അവരുടെ അഭിപ്രായം. കാലങ്ങളോളം ആ നാടകവുമായി നാടുമുഴുവൻ സഞ്ചരിച്ചു. അപ്പുണ്ണികളുടെ നാടകത്തിൽനിന്നാണ് അപ്പുണ്ണി ശശിയെന്ന പേര് കിട്ടിയതും.
അച്ഛൻ കുഞ്ഞിക്കണ്ടൻ, അമ്മ ജാനു, നാലു സഹോദരിമാർ അടങ്ങുന്നതായിരുന്നു എന്റെ കുടുംബം. ഞാൻ നാടകം കളിയുമായി ലോകം ചുറ്റുന്നതിലും വീട്ടിൽ പാതിരാത്രി വന്നുകയറുന്നതിലും അച്ഛന് ഭയങ്കര വിഷമമുണ്ടായിരുന്നു. ഞാൻ ഒമ്പതാം ക്ലാസിൽ പഠിപ്പിക്കുമ്പോൾ മൂത്ത ചേച്ചിയുടെ വിവാഹം കഴിഞ്ഞു. പിന്നീട് അച്ഛന് വയ്യാതായി. ഇതോടെ നാടകം കളിച്ച് കുടുംബം നോക്കാൻ തുടങ്ങി. പിന്നീട് നാടകം കളിക്കാൻ അവസരം ലഭിക്കാനായി അവരുടെ പ്രാർഥന. നാടകത്തിൽനിന്ന് ലഭിച്ച വരുമാനത്തിലൂടെയാണ് മൂന്നു സഹോദരിമാരുടെയും വിവാഹവും മറ്റു ചെലവുകളും നടത്തിയത്. ഇപ്പോൾ ഭാര്യ സിന്ധുവും മകൻ കാർത്തിക്കും കൂട്ടിനുണ്ട്.
ഇന്നും സൂക്ഷിക്കുന്ന അഞ്ചു രൂപ
അപ്പുണ്ണികളുടെ റേഡിയോ, അപ്പുണ്ണികളുടെ നാളെ എന്നിവക്കുശേഷം അപ്പുണ്ണി ശ്രേണിയിൽ നിരവധി നാടകങ്ങൾ പുറത്തിറക്കിയിരുന്നു. അവയുടെ രചനയും ജയപ്രകാശ് കൂളൂരായിരുന്നു. കല്യാണവീടുകളിലും മറ്റു പരിപാടികളിലും പ്രധാന ഇനമായി ഞങ്ങളുടെ നാടകം. ഒരിക്കൽ കല്യാണക്കുറിയിൽ ഞങ്ങളുടെ നാടകമുണ്ടാകുമെന്ന് അടിച്ചുവന്നു. പരിപാടികളുടെ ഉദ്ഘാടനം വരെ ഞങ്ങളുടെ നാടകങ്ങളിലൂടെയായി. അതിലൊരു നാടകമായിരുന്നു ഓണക്കാലത്ത് പുറത്തിറക്കിയ 'നല്ലോണം ചിന്തിക്കുന്ന അപ്പുണ്ണികൾ'. ഓണസമയത്ത് പട്ടിണി കിടക്കുന്ന അപ്പുണ്ണികളുടേതാണ് കഥ. ഒരിക്കൽ ആ നാടകം ഒരു തെരുവിൽ കളിക്കുന്നതിനിടെ ഒരു ഭിക്ഷക്കാരൻ സമീപമെത്തി. അദ്ദേഹത്തിന്റെ വടിയിൽ ഭിക്ഷാടനത്തിന്റെ കാലപ്പഴക്കമെന്നോണം നിറയെ തുണികൾ ചുറ്റിവെച്ചിരുന്നു. നാടകം കളിച്ചുകൊണ്ടിരിക്കേ തന്നെ അദ്ദേഹം അടുത്തെത്തി ഒരു അഞ്ചുരൂപ നാണയം കൈയിൽവെച്ചുതന്നു. അഭിനയിച്ചുകൊണ്ടിരിക്കേതന്നെ അതുവാങ്ങി ഞാൻ പോക്കറ്റിലിട്ടു. 27 വർഷം മുമ്പ് കിട്ടിയ ആ അഞ്ചുരൂപ ഇപ്പോഴും അലമാരയിൽ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. അദ്ദേഹം ഒരുപാട് പട്ടിണി കിടന്നിരിക്കണം. അതിനാലാകണം പട്ടിണി കിടക്കുന്ന അപ്പുണ്ണികളെ കണ്ടപ്പോൾ അദ്ദേഹത്തിന്റെ മനസ്സലിഞ്ഞതും.
'ആരാണ്ടാ തട്ട് ചവിട്ടിപ്പൊളിക്കുന്നത്'
കേരളം മുഴുവൻ നാടകം കളിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്തും അപ്പുണ്ണികൾ നാടകവുമായെത്തി. സംഗീത നാടക അക്കാദമി പണം നൽകിയാണ് നാടകങ്ങൾ അവതരിപ്പിക്കാൻ അവസരം നൽകുക. തിരുവനന്തപുരത്ത് നാടകം കളിക്കുന്നതിനിടെ എം.എ. ബേബി കരഞ്ഞു. അദ്ദേഹത്തിന്റെ വെള്ള ഷർട്ടിൽ കണ്ണുനീര് കാണാം. നാടകം കഴിഞ്ഞതോടെ ഞങ്ങളുടെ കൈപിടിച്ച് ഒരു ഓട്ടോയിൽ കയറ്റി ബേബിച്ചേട്ടൻ വീട്ടിലേക്ക് കൊണ്ടുപോയി. ഭാര്യ ബെറ്റിയെ ഞങ്ങൾക്ക് പരിചയപ്പെടുത്തി. ശേഷം അദ്ദേഹം തന്നെ ബെറ്റിചേച്ചിക്ക് ഞങ്ങൾ അഭിനയിച്ചത് എങ്ങനെയാണെന്ന് കാണിച്ചുനൽകുകയായിരുന്നു. പിന്നീട് അദ്ദേഹം ഞങ്ങളുടെ നാടകത്തെക്കുറിച്ച് മാസികയിൽ എഴുതി. വേദികൾ ഒരുക്കിനൽകി. ബേബി ചേട്ടന്റെ വീട്ടിലായിരുന്നു അന്ന് ഞങ്ങളുടെ താമസം. അവിടെ താമസിച്ച് പകൽ പലയിടങ്ങളിൽ നാടകം കളിക്കും. രാത്രി ഭക്ഷണത്തിനുശേഷം ഓരോ നാടകം കളിക്കും. നാടകം മുറുകുമ്പോൾ ''ആരാണ്ടാ തട്ട് ചവിട്ടി പൊളിക്കണത്'' എന്ന ശബ്ദം കേൾക്കും. എം.എ. ബേബി താമസിക്കുന്നതിന്റെ തൊട്ടുതാഴെ അന്ന് മുഖ്യമന്ത്രിയായ നായനാരായിരുന്നു താമസം. അദ്ദേഹത്തിന്റേതായിരുന്നു ശബ്ദം. അപ്പോൾതന്നെ നാടകം നിർത്തും.
നഗരത്തിന് നടുക്ക് കലാകാരൻമാർക്കായി ഒരു വീഥി. അതാണ് തിരുവനന്തപുരത്തെ മാനവീയം. ആ വീഥിയുടെ ഉദ്ഘാടനത്തിന് അപ്പുണ്ണികളുടെ നാടകം ഉൾപ്പെടുത്തിയിരുന്നു. ഫുട്പാത്തിന് മുകളിൽ കയറിനിന്നായിരുന്നു നാടകം കളി. ഒരിക്കൽ നാടകം കളിക്കുന്നതിനിടെ നടൻ മുരളി നാടകം കാണാെനത്തി. നാടകം കുറച്ചുനേരം മാത്രമേ കാണാൻ കഴിയൂവെന്നും ഇല്ലെങ്കിൽ ട്രെയിൻ പോകുമെന്നും അദ്ദേഹം പറഞ്ഞു. ഷൂട്ടിങ്ങിന് കൃത്യസമയത്ത് അവിടെയെത്തണം എന്ന് പറഞ്ഞായിരുന്നു അദ്ദേഹം നാടകം കാണാൻ ഇരുന്നത്. എന്നാൽ നാടകം തീരുന്നതുവരെ അദ്ദേഹം അവിടെയിരുന്നു. ട്രെയിൻ പോകുകയും ചെയ്തു. ഷൂട്ടിങ്ങിന് കൃത്യസമയത്ത് എത്താൻ കഴിഞ്ഞില്ലെങ്കിലും ഞങ്ങളെ അഭിനന്ദിക്കാൻ അദ്ദേഹം മറന്നില്ല.
അപ്പുണ്ണി ശ്രേണി നാടകങ്ങൾക്കുശേഷം 'തിരഞ്ഞെടുപ്പ്' എന്ന നാടകം കളിച്ചു. ജയപ്രകാശ് കൂളൂരിന്റെ ഏകാങ്ക നാടകമായിരുന്നു തിരഞ്ഞെടുപ്പ്. സ്ത്രീകളുടെയും പുരുഷൻമാരുടെയും പ്രശ്നങ്ങൾ അവതരിപ്പിക്കുന്ന നാടകമായിരുന്നു. ഒരിക്കൽ ദീപൻ ശിവരാമൻ തിരഞ്ഞെടുപ്പ് കാണാനിടയായി. അന്താരാഷ്ട്രതലത്തിൽ കളിക്കേണ്ട നാടകമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്റർനാഷനൽ ഫെസ്റ്റിവലിൽ ഒരു നൂലാമാലകളുമില്ലാതെ നാടകം അവതരിപ്പിക്കാൻ വേദിയും അദ്ദേഹം ഒരുക്കിത്തന്നിരുന്നു.
വെള്ളിവെളിച്ചത്തിലേക്ക്
കലാഭവൻ മണിയെ നായകനാക്കി സിബി മലയിൽ സംവിധാനംചെയ്ത 'ആയിരത്തിൽ ഒരുവനാ'ണ് ആദ്യ ചിത്രം. അതിന് അവസരമൊരുക്കിയത് ടി.എ. റസാഖ് എന്ന വ്യക്തിയും. അതിൽ കാര്യമായ റോളൊന്നും ചെയ്തിരുന്നില്ല. എന്നാൽ, 'ആയിരത്തിൽ ഒരുവൻ' സിനിമയുടെ സെറ്റിൽവെച്ച് അവാർഡ് ലഭിച്ചതിന്റെ ഒരു ചടങ്ങിന്റെ ഭാഗമായി നാടകം അവതരിപ്പിച്ചിരുന്നു. സിബി മലയിൽ സാർ പറഞ്ഞിട്ടായിരുന്നു അന്ന് നാടകം കളിച്ചത്. നാടകം കഴിഞ്ഞതോടെ നടൻ കലാഭവൻ മണി സ്റ്റേജിൽ കയറി ഞങ്ങളെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചു. പിന്നീട് പത്തുവർഷത്തിന് ശേഷം രഞ്ജിത്തിന്റെ 'പാലേരി മാണിക്യം: ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ'യിൽ നല്ല വേഷം ചെയ്തു. മാണിക്യത്തിന്റെ സഹോദരനായായിരുന്നു വേഷം. അദ്ദേഹത്തിന്റെ 'ഇന്ത്യൻ റുപ്പി'യിലും നല്ല വേഷം ലഭിച്ചു. അതിനാൽതന്നെ രഞ്ജിത്താണ് സിനിമയുടെ ഗുരു. ദുൽഖർ സൽമാൻ നായകനായ 'ഞാൻ' എന്ന ചിത്രത്തിലും വേഷമിട്ടിരുന്നു. അതിലെ അഭിനയത്തിന് ശേഷം നാടകവും സിനിമയും പരിഗണിച്ച് സാമൂഹികക്ഷേമ വകുപ്പിന്റെ യൂത്ത് ഐക്കൺ അവാർഡ് ലഭിച്ചു.
സിനിമയിൽ വേഷമിട്ടെങ്കിലും നാടകമായിരുന്നു എന്റെ ജീവിതം. 24 വർഷമായി ഒറ്റക്കാണ് എന്റെ നാടകാവതരണം. എന്റെ ജീവിതത്തിൽ പുതിയ വഴിത്തിരിവുണ്ടാക്കിയ ഒരു നാടകമായിരുന്നു ശിവദാസ് പൊയിൽക്കാവിന്റെ 'ചക്കരപ്പന്തൽ'. അതാണ് 'പുഴു'വിലേക്കുള്ള വഴി തെളിച്ചതും. ഒരിക്കൽ ടൗൺഹാളിൽ വെച്ച് 'തിരഞ്ഞെടുപ്പ്' തിരക്കഥാകൃത്ത് ഹർഷാദ് കാണാനിടയായി. അദ്ദേഹം എന്നെ അഭിനന്ദിക്കാനെത്തിയിരുന്നു. അപ്പോൾ നാടകം കളിച്ച് ജീവിക്കുന്ന ഒരു കഥാപാത്രമായി സിനിമയിൽ അവസരം ലഭിക്കുമെന്ന് അദ്ദേഹം പറയുകയും ചെയ്തിരുന്നു. അതുതന്നെയാണ് പുഴു സിനിമ. ഹർഷാദാണ് ഈ സിനിമയിലേക്ക് എന്നെ സജസ്റ്റ് ചെയ്തത്. സംവിധായിക റത്തീന എന്നെ കാണുകയും ഈ കഥാപാത്രം എനിക്ക് നൽകുകയുമായിരുന്നു.
'പുഴു'വിന്റെ രാഷ്ട്രീയ മാനങ്ങൾ
'പുഴു'വിന് ശേഷം മമ്മൂട്ടി സിനിമയിലെ നായകൻ എന്ന് പറഞ്ഞാണ് പല മാധ്യമങ്ങളും എന്നെ വിശേഷിപ്പിച്ചത്. എന്നാൽ, ഞാൻ നായകനാണ് എന്ന് ചിന്തിച്ചിട്ടില്ല. എനിക്ക് ലഭിച്ച കഥാപാത്രം മനോഹരമാക്കാൻ സാധിച്ചു. സംവിധായികയും തിരക്കഥാകൃത്തും എന്റെ തോളിലാണ് ഈ സിനിമയെന്ന് പറയുമായിരുന്നു. കാരണം എന്റെ കഥാപാത്രം താഴെപ്പോഴാൽ അത് സിനിമയെ ബാധിക്കും. സിനിമയിൽ നന്നായി എല്ലാവരും അഭിനയിച്ചിട്ടുണ്ടെന്ന് അറിയാമായിരുന്നു. എന്നാൽ സിനിമയെ ജനങ്ങൾ എങ്ങനെ സ്വീകരിക്കുമെന്ന ഭയമുണ്ടായിരുന്നു. ഒരു അവാർഡ് സിനിമയെന്ന ഗണത്തിൽ ഉൾപ്പെടുത്തുമോ എന്നതായിരുന്നു പേടി.
എല്ലാവർക്കും സുപരിചിതനാണ് 'പുഴു'വിലെ കെ.പി. കുട്ടപ്പൻ. എന്നാൽ, സിനിമയിൽ അപരിചിതനും. ഇതുവരെ കണ്ടുപരിചയിച്ച ഒരു കഥാപാത്രമല്ല കുട്ടപ്പന്റേത്. അതുകൊണ്ടുതന്നെയാണ് 'പുഴു' വേറിട്ടതാകുന്നതും. കുട്ടപ്പൻ ഒരു പ്രഫസറാണ്. ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ നേരിട്ട, ജാതിയുടെ പേരിൽ ഒരുപാട് മാറ്റിനിർത്തലുകൾ അനുഭവിച്ചയാൾ. അതിനെയെല്ലാം മറികടന്നാണ് അയാളുടെ ജീവിതം. ഒരുപാട് തിക്താനുഭവങ്ങൾ നേരിട്ടതുകൊണ്ടുതന്നെ ഇനിയെന്തും നേരിടാൻ തയാറുള്ള, എന്തുവന്നാലും ഒരു പ്രശ്നവുമില്ല എന്ന് ചിന്തിക്കുന്ന വ്യക്തിത്വം. ഏതൊരു കാര്യത്തെയും പുഞ്ചിരിയോടെ നേരിടുന്നയാൾ.
സമീപകാലത്തെ സാമൂഹിക രാഷ്ട്രീയം പറയുന്ന പുഴു പോലൊരു സിനിമ അടുത്തെങ്ങും കണ്ടിട്ടില്ല. അതൊരിക്കലും കക്ഷിരാഷ്ട്രീയമല്ല. ഒരു ദലിത് കഥാപാത്രത്തെ മുഖ്യകഥാപാത്രമാക്കാൻ പുഴു തയാറായി. അതൊരു മാറ്റമാണ്. ജീവിതത്തിൽ പലപ്പോഴും പലരും നേരിടുന്നതാണ് സിനിമ പറയുന്ന കാര്യങ്ങൾ. അതിവിടെ ഉറക്കെ വിളിച്ചുപറയണം. ജാതീയതയും നിറവ്യത്യാസവുമെല്ലാം അർബുദംപോലെ സമൂഹത്തിൽ ബാധിച്ചുകഴിഞ്ഞു. അത് വെട്ടിമാറ്റിയാലും തുടച്ചുകളയാൻ ശ്രമിച്ചാലും പോകില്ല. എല്ലാകാലത്തും നിലനിൽക്കും. എന്നാൽ അതും പേറി നടക്കുന്നവർക്ക് ജനാധിപത്യപരമായി അടികൊടുക്കുക മാത്രമാണ് മാർഗം. അവക്കെതിരെ നിരന്തരം പോരാടിക്കൊണ്ടേയിരിക്കണം. അതിനൊരു ഉദാഹരണമാണ് പുഴു എന്ന ചിത്രം.
എല്ലാവിഭാഗം ആളുകളും ജീവിക്കുന്ന ഇടത്തേക്കാണ് പുഴു അവതരിപ്പിച്ചത്. ആരും വിമർശിച്ചോട്ടെ. എല്ലാവർക്കും വിമർശിക്കാനുള്ള സ്വാതന്ത്ര്യം ഇവിടെയുണ്ടല്ലോ. കൈയടിക്കാനുള്ള സ്വാതന്ത്ര്യമുള്ളതുപോലെതന്നെ കൂക്കിവിളിക്കാനും സ്വാതന്ത്ര്യമുണ്ട്. നാടകങ്ങൾക്ക് നിരവധി പ്രശംസയും അവാർഡുകളും എന്നെ തേടിയെത്തിയിരുന്നു. എന്നാൽ, പുഴു ഇറങ്ങിയതിനെ തുടർന്നുണ്ടായ പ്രതികരണങ്ങളുമായി അതിന് നല്ല വ്യത്യാസമുണ്ടായിരുന്നു. ഓരോ നാടകത്തിന്റെയും പ്രതികരണം, അവയുടെ അവതരണം കഴിയുമ്പോൾ തന്നെയായിരുന്നു. സ്റ്റേജിന്റെ അല്ലെങ്കിൽ പറമ്പിന്റെ ചുറ്റുമായിരുന്നു അതിന്റെ വിജയാഘോഷം. എന്നാൽ, പുഴു ഇറങ്ങിയതിനുശേഷം അങ്ങനെയായിരുന്നില്ല, നിരന്തരം ഫോൺ വിളികൾ തേടിയെത്തി. അതു പക്ഷേ, നാടകം ചെയ്താൽ കിട്ടില്ല. നാടകം ഒരു ആയിരമോ അഞ്ഞൂറോ ആളുകളിൽ ചുരുങ്ങും. സിനിമ അങ്ങനെയല്ലല്ലോ. നാടകമാണ് എന്റെ പ്രധാന വരുമാന മാർഗം. എന്നാൽ, ഇനി കൂടുതൽ സിനിമകളിൽ നല്ല വേഷങ്ങൾ ചെയ്യണമെന്നാണ് ആഗ്രഹം.
നിറമല്ല, പ്രതിഭ
നിറം, ഭംഗി, ആകാരവടിവ്, ഉയരം എന്ന സങ്കൽപങ്ങളെല്ലാം മലയാള സിനിമയിൽ മാറിവരുന്നുണ്ട്. ശ്രീനിവാസൻ നായകനായി ഒരുപാട് സിനിമകളിൽ അഭിനയിച്ചില്ലേ. അദ്ദേഹത്തിന്റെ കഴിവാണ് വിജയത്തിന് കാരണം. ആൾക്കൂട്ടത്തിനിടയിൽ നിന്നാൽ അദ്ദേഹം ഒരു സാധാരണക്കാരനല്ലേ. ഓരോരുത്തരുടെയും കാലിബർപോലെയായിരിക്കും അവരുടെ വിജയം. ശ്രീനിവാസന്റെ പ്രതിഭയാണ് അദ്ദേഹത്തെ അംഗീകരിക്കാൻ കാരണം.
മലയാള സിനിമയിൽ കലാഭവൻ മണിക്ക് ഒരു ഇടമുണ്ടായിരുന്നു. എന്നാൽപോലും അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാൻ വിസമ്മതിച്ച ഒരുപാടു പേരുണ്ടായിരുന്നുവെന്നും അറിയാം. അതെല്ലാം നമ്മുടെ ചുറ്റിലും ഇപ്പോഴും കാണാം. സിനിമയിൽ മാത്രമല്ല ഈ വിവേചനം നിലനിൽക്കുന്നതെന്നതാണ് സത്യം. മനുഷ്യനുള്ളിടത്തോളം കാലം അവ നിലനിൽക്കുമെന്നാണ് തോന്നൽ. അത് മാറ്റാൻ സ്വയം തീരുമാനിക്കണം. അവ സ്വയം മാറ്റാൻ അങ്ങനെയുള്ളവർ തീരുമാനിക്കാത്തിടത്തോളം മാറില്ല. എന്നാൽ എല്ലാവരും ഒന്നാണെന്നും ഒരു സമൂഹമാണെന്നും വിചാരിക്കുന്നവരും നമ്മുടെ സമൂഹത്തിലുണ്ട്, അങ്ങനെ വിചാരിക്കാത്തവരും ഉണ്ട്. അതുകൊണ്ടുതന്നെയാണ് പുഴു ചർച്ചയായതും. ''മനുഷ്യൻ പോയി റോബോട്ട് വന്നാലും ഈ പരിപാടിയൊന്നും അങ്ങനെ മാറൂല്ലടോ'' തുടങ്ങിയ കുട്ടപ്പന്റെ ഡയലോഗ് ചിലർക്ക് പൊള്ളി. ഇന്നുവരെ ഒരു സിനിമയിൽ ഒരു കഥാപാത്രവും പറയാത്ത വാചകങ്ങൾ പുഴുവിൽ പറയുന്നുണ്ട്.
മമ്മൂട്ടിയുടെ കഥാപാത്രവും അതുപോലെതന്നെ. അങ്ങനെയുള്ളവരുണ്ടെന്നും സിനിമ കാണിച്ചു. അതിലൂടെയും ചിലർക്ക് പൊള്ളിയിട്ടുണ്ടാകണം. അതായിരിക്കാം ഇത്രയധികം ചർച്ചയായതും. കൃത്യമായി രാഷ്ട്രീയം പറയുന്ന പാർവതി തിരുവോത്തും സിനിമയുടെ ഭാഗമായി.
ഏകാകിയുടെ യാത്ര
സിനിമ ഒരുകൂട്ടം ആളുകൾ ചേർന്ന് നിർമിച്ചെടുക്കുന്നവയാണ്. നാടകം തിരിച്ചും. കുറച്ചുപേർ ചേർന്ന് അവതരിപ്പിക്കുന്നു. നാടകത്തിൽ ഇതുവരെ ഒരു വിവേചനവും അനുഭവപ്പെട്ടിട്ടില്ല. ഒരുപാട് കാലം എന്റെ യാത്രകളെല്ലാം ഒറ്റക്കായിരുന്നു. യാത്രകളിൽ പലപ്പോഴും ഈ വിവേചനം കാണാൻ സാധിച്ചിട്ടുണ്ടെങ്കിലും നേരിട്ട് മൃഗീയമായ അനുഭവങ്ങൾ ഇതുവരെയുണ്ടായിട്ടില്ല. എന്റെ നിറംകൊണ്ട് ഒരുപാട് പോസിറ്റിവ് കാര്യങ്ങൾ സംഭവിച്ചു. പുഴുവിൽ അവസരം ലഭിച്ചതുപോലും നിറംകൊണ്ടാണല്ലോ. എന്നാൽ, പലതും ഒഴിവായി പോയിട്ടുമുണ്ട്. അത് അത്ര കാര്യമായെടുക്കാൻ ഞാൻ തീരുമാനിച്ചിട്ടില്ല. ക്രിയേറ്റിവായി ചിന്തിക്കുന്നവർ ഒരിക്കലും നിറത്തെക്കുറിച്ച് വ്യാകുലപ്പെടാറില്ല. അത്ര ക്രിയേറ്റിവ് അല്ലാത്തതിനാലാകാം നിറത്തെയും മറ്റും ആധാരമായി ചിലർ തിരഞ്ഞെടുപ്പുകൾ നടത്തുന്നതും.
അപ്പുണ്ണി ശശിയുടെ കുടുംബം
കറുപ്പിനെ കുറിച്ചുള്ള പരിഹാസങ്ങളും തമാശകളും മാറ്റേണ്ട കാലം വന്നുതുടങ്ങി. അതെല്ലാം ഇനി മാറുമെന്നുമാണ് വിശ്വാസം. പുതിയ തലമുറ മാറി ചിന്തിച്ചുതുടങ്ങി. പഴയ തലമുറയെ പോലെയല്ല, ചിന്തകളിൽ അഡ്വാൻസ്ഡ് ആയി ജീവിക്കുന്നവരാണ്. എന്നാൽ ഒരിക്കലും പഴയ തലമുറയെ കുറ്റം പറയാൻ കഴിയില്ല. ഒരുപാട് ഗംഭീര സിനിമകൾ ചെയ്തവരാണ് അവർ. നല്ല സിനിമകൾ അവർക്കെടുക്കാനുമറിയാം. എന്നാൽ, അതിൽനിന്ന് വ്യത്യസ്തമായി സാമൂഹിക രാഷ്ട്രീയ കാഴ്ചപ്പാടുകളെ ഉൾപ്പെടുത്തി പുതിയ തലമുറ സിനിമ നിർമിക്കാൻ തുടങ്ങി. അതിന്റെ പുരോഗതിയും സിനിമാ മേഖലയിൽ കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.