ഇന്നലെകളുടെ സ്മരണകളുണര്ത്തുന്നതിനായി മലയാള സിനിമയില്‍ പ്രമേയപരമായും സാങ്കേതികമായും ഉപയോഗിക്കുന്ന സാധ്യതകളെക്കുറിച്ച് മുമ്പ് പറഞ്ഞുകഴിഞ്ഞു. അവ കൂടാതെ, മലയാളത്തില്‍ സജീവമായ മറ്റൊരു പ്രവണതയാണ് ചലച്ചിത്ര താരങ്ങളുടെ കാലഗതിയെ അതിജീവിക്കുന്ന തരത്തിലുള്ള പ്രതിച്ഛായകള്‍ ഉപയോഗപ്പെടുത്തുന്ന രീതി. 1990കളില്‍ ശക്തിയാര്‍ജിച്ച മിമിക്രി, ചലച്ചിത്ര താരങ്ങളെ മലയാളികളുടെ അബോധത്തിലേക്കുകൂടി സ്ഥാനപ്പെടുത്തിയ കലാരൂപമായിരുന്നു. വിദേശ സ്റ്റേജ് ഷോകളിലൂടെയും അവയുടെ വിഡിയോ കാസറ്റ് വിപണനത്തിലൂടെയും താരങ്ങളെ കാലാതീതമായി അവരോധിക്കുന്ന സാഹചര്യം ഇപ്രകാരം രൂപപ്പെട്ടു. സമാനമായി, മരണത്തിനുശേഷവും തങ്ങളുടെ നിര്‍മിത പ്രതിച്ഛായയിലൂടെ സിനിമയില്‍ ചിരഞ്ജീവിത്വം നേടിയ അഭിനേതാക്കളുണ്ട്. വേഷ- ഭാവപ്രകടനങ്ങളിലൂടെ മലയാളിയുടെ ഗൃഹാതുരതയില്‍ ചിരപ്രതിഷ്ഠ നേടിയ താരങ്ങളില്‍ പ്രധാനപ്പെട്ട താരങ്ങളിലൊരാള്‍ ജയനാണ്. സമകാലിക സിനിമകളില്‍ സമാനമായല്ലെങ്കിലും മരണാനന്തരം പുനരവതരിപ്പിക്കപ്പെടുന്ന അഭിനേതാക്കള്‍ സുകുമാരന്‍, മുരളി, ശ്രീവിദ്യ തുടങ്ങിയവരാകുന്നു. പൃഥ്വിരാജ്, മല്ലിക സുകുമാരന്‍ എന്നിവരുടെ സിനിമ/വ്യക്തി ജീവിതങ്ങള്‍ക്കിടയിലെ നേര്‍ത്ത അതിര് അതിലംഘിക്കുന്ന സാന്നിധ്യമായി സുകുമാരന്റെ ഫ്രെയിം ചെയ്ത ചിത്രങ്ങള്‍ സിനിമകളില്‍ പ്രത്യക്ഷപ്പെടുന്നു. 'നന്ദനം,' 'ബ്രോ ഡാഡി,' ഗോള്‍ഡ്' തുടങ്ങിയവയിലാണ് ഇപ്രകാരം സുകുമാരന്റെ ചിത്രങ്ങള്‍ സാന്നിധ്യമറിയിക്കുന്നത്. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തില്‍ അധിഷ്ഠിതമായ പ്രമേയ പരിസരങ്ങളില്‍ മരണപ്പെട്ട പിതാവായും രക്തസാക്ഷിയായ സഖാവായും അവരോധിക്കുന്നത് മുരളിയുടെ സാന്നിധ്യമാണ്. ഏവരും ബഹുമാനിച്ചിരുന്ന സഖാവ് ജോസഫായി 'റെഡ് വൈനി'ലും (2013), രക്തസാക്ഷി സഖാവ് രാഘവനായി 'രാമലീല'യിലും (2017) മുരളിയുടെ ചിത്രങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. സമാനമായി, അകാലത്തില്‍ പൊലിഞ്ഞ അമ്മ/ ഭാര്യ കഥാപാത്രമായി ശ്രീവിദ്യയുടെ ചിത്രവും മലയാള സിനിമകളില്‍ ആവര്‍ത്തിച്ച് ആവിഷ്കരിച്ചിട്ടുണ്ട് ('ചിന്താമണി കൊലക്കേസ്', 'ഛോട്ടാ മുംബൈ', 'റെഡ് ചില്ലീസ്', 'ബ്രദേഴ്സ് ഡേ' തുടങ്ങിയ ചിത്രങ്ങള്‍ ഉദാഹരണങ്ങളാണ്).
മരണശേഷവും മലയാള സിനിമ ഇവരുടെ സാന്നിധ്യം ആവശ്യപ്പെടുന്നതിന്റെ കാരണമെന്തായിരിക്കാം? പ്രായാധിക്യം സൂചിപ്പിക്കുന്ന ശാരീരിക ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നതിന് മുമ്പുതന്നെ അരങ്ങൊഴിഞ്ഞത് ഒരു കാരണമായിരിക്കാം. എന്നിരുന്നാലും, മലയാളി സിനിമാ പ്രേക്ഷകരുടെ ഓര്‍മകളില്‍ പ്രസരിപ്പോടെ നിറഞ്ഞുനിന്നിരുന്ന ഇവരുടെ മുഖങ്ങള്‍ ഗൃഹാതുരമായ ഒരു അന്തരീക്ഷത്തിലേക്ക് പുനരാനയിക്കാന്‍ സഹായിക്കുന്നവയാണെന്ന വിപണിയുക്തിയാണ് ഇവരെ കേന്ദ്രീകരിച്ചുള്ള പ്രേതഭാവനകള്‍ ആവര്‍ത്തിക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഘടകം. മലയാളി സിനിമാകാണിയുടെ പൊതുബോധത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന മറ്റൊരു ഘടകം ചലച്ചിത്ര സംഭാഷണങ്ങളാണ്. ഇവയുടെ ഓരോ മട്ടിലുള്ള പ്രയോഗവും പ്രേക്ഷകരെ അതിന്റെ മൂലപാഠമായ സിനിമാസന്ദര്ഭങ്ങളിലേക്ക് നയിക്കാന്‍ പര്യാപ്തമായവ കൂടിയാണ്. ഉദാഹരണമായി, 'ഇരുപതാം നൂറ്റാണ്ട്' എന്ന ചിത്രത്തില്‍ ജാക്കി (മോഹന്‍ലാല്‍) പറയുന്ന "നര്‍കോട്ടിക്സ് ഈസ് എ േഡട്ടി ബിസിനസ്" എന്ന വാചകം കാലങ്ങള്‍ക്കിപ്പുറവും നിരവധി ചിത്രങ്ങളില്‍ ആവര്‍ത്തിക്കപ്പെടുന്നു. മോഹന്‍ലാലിന്റെ പ്രസ്തുത വാചകം പിന്നീട് 'വിക്രമാദിത്യന്', 'ലൂസിഫര്‍', 'നൈറ്റ് ഡ്രൈവ്' തുടങ്ങിയ ചിത്രങ്ങളില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നുവെന്നത് പ്രസക്തമാണ്. സമാനമായി, "എല്ലാത്തിനും അതിന്റേതായ ഒരു സമയമുണ്ട് ദാസാ" ('നാടോടിക്കാറ്റ്'), "ചന്തുവിനെ തോല്പിക്കാന് നിങ്ങള്‍ക്കാവില്ല" ('ഒരു വടക്കന്‍ വീരഗാഥ'), "പോളണ്ടിനെപ്പറ്റി നീയൊരക്ഷരം മിണ്ടരുത്," "താത്ത്വികമായൊരു അവലോകനമാണ് ഞാന്‍ ഉദ്ദേശിക്കുന്നത്" ('സന്ദേശം') തുടങ്ങിയ സംഭാഷണശകലങ്ങള്‍ കാലങ്ങള്‍ക്കിപ്പുറവും മലയാളികളുടെ നിത്യജീവിത വ്യവഹാരങ്ങളിലും ട്രോളുകളിലും പ്രതിഫലിക്കുന്നുവെന്നത് സാമൂഹിക അബോധത്തെ വിളക്കിനിര്‍ത്തുന്ന ഗൃഹാതുര ഭാവനയുടെ വ്യാപ്തി വെളിവാക്കുന്നു.
മലയാള സിനിമകളിലെ രംഗങ്ങള്‍, കഥാപാത്രങ്ങള്‍, വസ്തുക്കള്‍ തുടങ്ങിയവ മാറിയ പരിപ്രേക്ഷ്യത്തില്‍ നിരവധി ചിത്രങ്ങളുടെ ആഖ്യാനപരിസരങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. പ്രിയദര്‍ശന്റെ സംവിധാനത്തിലൊരുങ്ങിയ വടക്കന്‍പാട്ട് ചിത്രമായ 'കടത്തനാടന്‍ അമ്പാടി'യില്‍ തച്ചോളി ഒതേനന്റെ മരണവും മറ്റും ചിത്രീകരിച്ചിരിക്കുന്നത് 1964ല്‍ എസ്.എസ്. രാജന്റെ സംവിധാനത്തില്‍ സത്യന് മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച 'തച്ചോളി ഒതേനനി'ലെ രംഗങ്ങള്‍ പുനരുപയോഗിച്ചുകൊണ്ടായിരുന്നു. 'മോസയിലെ കുതിരമീനുകള്‍' (2014) എന്ന ചിത്രത്തില്‍ ജയിലില്‍നിന്ന് രക്ഷപ്പെടാനുള്ള അലക്സിന്റെ (ആസിഫ് അലി) പദ്ധതികളിലൊന്നിന്റെ പാഠാന്തരസൂചനയായി 'സീസണ്' (1989) എന്ന ചിത്രത്തിലെ ജീവന്റെ (മോഹന്‍ലാല്‍) ഉദ്യമം പരാമര്‍ശിതമാകുന്നു. സമാനമായി, 'മിഥുന'ത്തിലെ (1993) സേതുമാധവന്റെ (മോഹന്‍ലാല്‍) വ്യവസായ സംരംഭമായ ദാക്ഷായണി ബിസ്കറ്റ് 'പോളിടെക്നിക്,' 'മിന്നല്‍ മുരളി' എന്നീ ചിത്രങ്ങളില്‍ സൂചിപ്പിക്കപ്പെട്ടിരിക്കുന്നു. പ്രസ്തുത ബിസ്കറ്റ് കമ്പനിയുടെ പേര് 'മിന്നല്‍ മുരളി'യില്‍ കേവല സൂചനയായി നിലനിര്‍ത്തുമ്പോള്‍, 'പോളിടെക്നിക്' എന്ന സിനിമയുടെ പ്രമേയപരിസരം തന്നെ രൂപപ്പെടുത്തിയിരിക്കുന്നത് ദാക്ഷായണി ബിസ്കറ്റ് എന്ന പേരുമായി ബന്ധപ്പെടുത്തിയാണ്. 'മിഥുന'ത്തില്‍, വ്യവസായസംരംഭം തുടങ്ങുന്നതിന് തടസ്സമായി നിന്ന ഉദ്യോഗസ്ഥ ഇടപെടലുകള്‍ക്ക് സമാനമായ പശ്ചാത്തലം 'പോളിടെക്നിക്കി'ല്‍ സ്വീകരിച്ചിരിക്കുന്നതിനാല്‍ ദാക്ഷായണി ബിസ്കറ്റ് എന്ന പേരിന് പ്രസ്തുത ചിത്രത്തില്‍ ഗൃഹാതുരമൂല്യവും പാഠാന്തരസ്വഭാവവും കൈവരുന്നു.
അഭിനയിക്കുന്ന താരങ്ങളുടെ മുൻകാല ഫോട്ടോഗ്രാഫുകൾ ഭാവതീവ്രത വർധിപ്പിക്കുന്ന ഘടകം, സിനിമയിലെ അവരുടെ ജീവിതങ്ങളിലേക്കുള്ള പ്രവേശകം എന്നീ നിലകളിൽ ഗൃഹാതുരതയോടെ അവരോധിക്കുന്ന പ്രവണതയും വ്യാപകമാണ്. 'ഓം ശാന്തി ഓശാന'യിൽ (2014) നസ്രിയ നസീമിന്റെ ബാല്യകാല ചിത്രങ്ങൾ ഇത്തരത്തിലാണ് ഉപയോഗിച്ചിട്ടുള്ളത്. സമാനമായി, 'ബാംഗ്ലൂർ ഡെയ്സി'ൽ (2014) മുഖ്യകഥാപാത്രങ്ങളായ ദുൽഖർ സൽമാൻ, നസ്രിയ നസീം, നിവിൻ പോളി എന്നിവരുടെ കുട്ടിക്കാല ചിത്രങ്ങൾ ചേർത്തുവെച്ച് അവരുടെ പരസ്പരബന്ധവും ഇഴയടുപ്പവും ആവിഷ്കരിക്കുന്നു. സിനിമാ പരസ്യങ്ങളിലും താരങ്ങളുടെ മുൻകാല ചിത്രങ്ങൾ സംയോജിപ്പിച്ച് പ്രേക്ഷക ശ്രദ്ധ നേടുന്ന പ്രവണത നിലനിൽക്കുന്നുണ്ട്. സാജൻ ബേക്കറി Since 1962 (2021) എന്ന ചിത്രത്തിനായി ലെന, അജു വർഗീസ് എന്നിവരുടെ മുൻകാല ഫോട്ടോഗ്രാഫുകൾ ഉപയോഗിച്ചത് ഉദാഹരണമാകുന്നു
വ്യക്തികള്‍, കഥാപാത്രങ്ങള്‍, വസ്തുക്കള്‍, രുചിക്കൂട്ടുകള്‍, ഗ്രാമീണത തുടങ്ങിയവ പുതുകാല സിനിമകളില്‍ സന്നിവേശിപ്പിക്കുന്നത് കേരളീയത/ പൂര്‍വകാല സിനിമകളോടുള്ള ബാന്ധവം സൂചിപ്പിക്കുവാനാണ്. ഒരു മധ്യവര്‍ഗ കുടുംബം ആദ്യമായി സ്വന്തമാക്കുന്ന നാനോ കാറിനോടുള്ള വൈകാരിക ഇഴയടുപ്പവും അത് നഷ്ടപ്പെട്ടശേഷം വീണ്ടെടുക്കുമ്പോഴുണ്ടാകുന്ന ആനന്ദമൂല്യവുമാണ് 'ഗൗതമന്റെ രഥം' (2020) എന്ന ചിത്രം ആവിഷ്കരിക്കുന്നത് (തമിഴില്‍ പ്രീമിയര്‍ പത്മിനി കാറിനോടുള്ള താൽപര്യത്തെ മുന്‍നിര്‍ത്തി പന്നയാറും പത്മിനിയും (2014) എന്ന ചിത്രവും നിര്‍മിക്കപ്പെട്ടിട്ടുണ്ട്). ഇതോടൊപ്പം, 'മൃഗയ'യിലെ വാറുണ്ണി, 'നാടോടിക്കാറ്റി'ലെ ഗഫൂര്‍ തുടങ്ങിയ കഥാപാത്രങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ സമീപകാല ചിത്രങ്ങളിലും കണ്ടെത്താനാകും. 'ശിക്കാരി ശംഭു' (2018) എന്ന ചിത്രത്തില്‍ വേട്ടക്കാരന് വാറുണ്ണിയെക്കുറിച്ച് സൂചനയുണ്ടെങ്കില്‍ 'മരുഭൂമിയിലെ ആന' (2016) എന്ന ചിത്രത്തില്‍ ഗഫൂര്‍ എന്ന കഥാപാത്രവും പുനരവതരിക്കുന്നു. അതുപോലെ, അഭിനേതാവായ മോഹന്‍ലാലിനോട് മീനുക്കുട്ടിക്ക് (മഞ്ജു വാര്യര്‍) ബാല്യകാലം മുതല്‍ തോന്നുന്ന ആരാധനക്ക് പിന്നില്‍ 'ഒന്നു മുതല്‍ പൂജ്യം വരെ' (1986) എന്ന ചിത്രം വഹിച്ച പങ്ക് വ്യക്തമാക്കുന്ന സിനിമയാണ് 2018ല്‍ പുറത്തുവന്ന 'മോഹന്‍ലാല്‍.' ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ടവയാണ് നാടന്‍ രുചിക്കൂട്ടുകളുടെ ഓര്‍മകള്‍ നാവിലുണര്‍ത്തുന്ന 'സോള്‍ട്ട് & പെപ്പര്‍,' 'ഉസ്താദ് ഹോട്ടല്‍,' 'സാജന് ബേക്കറി Since 1962' എന്നീ ചിത്രങ്ങള്‍. ഇതില്‍, 'സാജന് ബേക്കറി'യില്‍ ക്രീം ബണ്ണിന്റെ രുചി കഥാപാത്രങ്ങളെ തങ്ങളുടെ ബാല്യകാലത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന രംഗം ആവിഷ്കരിച്ചിട്ടുണ്ട്. അതായത്, ഗൃഹാതുരാനുഭവമെന്നത് മാനസികമായ ഓര്‍മകളോടുള്ള ആഭിമുഖ്യമെന്നതിനപ്പുറം ഇന്ദ്രിയാനുഭൂതിയുടെ തലങ്ങള്‍കൂടി ഉള്‍ച്ചേരുന്ന വൈകാരിക പ്രതിഭാസമാകുന്നു. ഇവയെ കൃത്യമായി കണ്ടെടുക്കാനും ആവിഷ്കരിക്കാനും അപ്രകാരം വിപണിവിജയം നേടാനും സിനിമാ വ്യവസായത്തിന് സാധിക്കുന്നു.
ഒരു നിർദിഷ്ട കാലഘട്ടത്തെയാകെ ചിത്രീകരിക്കുന്ന ചരിത്രാനുകല്പിത സിനിമകളും ('കേരളവര്‍മ പഴശ്ശിരാജ,' 'പത്തൊമ്പതാം നൂറ്റാണ്ട്' തുടങ്ങിയവ), പ്രമുഖ വ്യക്തിത്വങ്ങളുടെ ജീവചരിത്ര സ്വഭാവമുള്ള ചിത്രങ്ങളും ('സെല്ലുലോയ്ഡ്,' 'ആമി' തുടങ്ങിയവ), ഒരു കാലഘട്ടത്തില്‍ സംഭവിക്കാമായിരുന്ന സാഹചര്യങ്ങളെ പുനഃസൃഷ്ടിക്കുന്ന സിനിമകളും ('വെനീസിലെ വ്യാപാരി,' 'ഓലപ്പീപ്പി,' 'സബാഷ് ചന്ദ്രബോസ്,' 'ഒരു തെക്കന്‍ തല്ലുകേസ്' തുടങ്ങിയവ) പലപ്പോഴും കമ്പോളവത്കരിക്കുന്നത് മലയാളികളുടെ ഗൃഹാതുരബോധത്തെക്കൂടിയാണ്. കൂടാതെ, സിനിമകളിലെ ചില രംഗങ്ങളില്‍ പ്രേക്ഷകരുടെ പങ്കാളിത്തവും വൈകാരികതയും തീവ്രമാക്കുന്നതിനായി മുന്‍കാല സിനിമകളിലെ രംഗങ്ങളും പശ്ചാത്തല സംഗീതവും പ്രയോജനപ്പെടുത്തുന്നു. വി.കെ. പ്രകാശ് സംവിധാനംചെയ്ത 'ബ്യൂട്ടിഫുള്‍' എന്ന ചിത്രത്തില്‍ അത്തരം ചില രംഗങ്ങള്‍ കണ്ടെടുക്കാനാകും. ശരീരം തളര്‍ന്ന് കിടപ്പിലായ സ്റ്റീഫന്റെ (ജയസൂര്യ) മുന്നില്‍നിന്ന് ചുവര് വൃത്തിയാക്കുന്ന കന്യകയെ (തെസ്നി ഖാന്) അവതരിപ്പിക്കുന്ന രംഗത്തില്‍ 'രാജശില്പി'യിലെ (1992) വശ്യമായ ഗാനരംഗം അകമ്പടിയായി ടെലിവിഷനില്‍ പ്രത്യക്ഷപ്പെടുന്നു. കൂടാതെ, ജോണും (അനൂപ് മേനോന്) സ്റ്റീഫനും പരസ്പരം കാണുന്ന രംഗത്തില്‍ പശ്ചാത്തലത്തിലെ ടെലിവിഷന്‍ രംഗം 'ഷോലെ'യിലെ അവസാന ഭാഗമാണ്. പരിക്കേറ്റ് മരണത്തെ അഭിമുഖീകരിക്കുന്ന ജയ് യുടെ (അമിതാഭ് ബച്ചന്) അടുക്കല്‍ വന്നു ചേരുന്ന വീരു (ധര്‍മേന്ദ്ര) 'ബ്യൂട്ടിഫുള്‍' എന്ന സിനിമയുടെ കഥാപശ്ചാത്തലത്തെ പ്രേക്ഷകബോധത്തിലേക്ക് വേഗത്തില്‍ ഇണക്കുന്ന സൂചകമായി പ്രവര്‍ത്തിക്കുന്നു. മാത്രവുമല്ല, മഴയില്‍ നനഞ്ഞെത്തുന്ന നായികയെ അവതരിപ്പിക്കുന്ന രംഗത്തിന്റെ പാഠാന്തര സൂചനയായി 'തൂവാനത്തുമ്പികളും' അതിലെ ക്ലാരയും വരുന്നു. ചുരുക്കത്തില്‍, 'ബ്യൂട്ടിഫുള്‍' എന്ന ചിത്രം മധ്യവര്‍ഗ മലയാളി പുരുഷന്റെ പ്രണയം- രതി- സൗഹൃദം എന്നിവയെക്കുറിച്ചുള്ള കാല്പനിക ഭാവനകളെ നിറം പിടിപ്പിക്കാനുപയോഗിക്കുന്നത് സവര്‍ണ ഗൃഹാതുര ചലച്ചിത്രാനുഭൂതികളെ ആഖ്യാനപരിസരത്തില്‍ ഉള്‍പ്പെടുത്തിയാണ്.
"നാട്ടിന്‍പുറം നന്മകളാല് സമൃദ്ധ"മെന്ന നിര്മിതബോധവും ആധുനിക നഗരവത്കരണത്തിന്റെ വിഹ്വലതകളും കൂട്ടുകുടുംബവ്യവസ്ഥയിലെ നന്മകളും ഭൂരിഭാഗം ഗൃഹാതുരസിനിമകളുടെയും പ്രമേയപരിസരങ്ങളിൽ ഉള്‍പ്പെടുന്നു. സത്യന് അന്തിക്കാട് സിനിമകളിലെ അടിപ്പടവായി പ്രയോഗത്തിലുള്ള പ്രസ്തുത സമവാക്യം 'സോള്‍ട്ട് മാംഗോ ട്രീ '(2015), 'ജിലേബി' (2015), 'രക്ഷാധികാരി ബൈജു ഒപ്പ്' (2017), 'ലളിതം സുന്ദരം' (2022), 'ഹോം' (2021) തുടങ്ങിയ നിരവധി സിനിമകളിലും കണ്ടെത്താനാകും. പരിഷ്കാരങ്ങള്‍ക്കും നവീന ജീവിതസാഹചര്യങ്ങള്ക്കുമൊപ്പം ജീവിക്കാന്‍ താൽപര്യപ്പെടുകയും അതിനാവശ്യമായ ഭൗതിക സാഹചര്യങ്ങളൊരുക്കുകയും ചെയ്യുമ്പോഴും പിന്നിട്ട വഴികളെയും കാലത്തെയും വേദനയോടെയും കുറ്റബോധത്തോടെയും പിന്തിരിഞ്ഞ് നോക്കുന്ന പ്രവണത മലയാള സിനിമയുടെ നിര്‍ണായക ചേരുവയായി തീര്‍ന്നിരിക്കുന്നു. മാത്രവുമല്ല, ആഴത്തിലുള്ള വിശകലനത്തില്‍ ഇത്തരം ഗൃഹാതുര ചേരുവകള്‍ പുരുഷ ഭാവനകളെയും അണുകുടുംബ ഘടനയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പുള്ള അയാളുടെ സൗഭാഗ്യങ്ങളെയും പൂരിപ്പിക്കുന്നവയാണ് എന്നു കാണാന്‍ കഴിയും. ഇത് കൂടുതല്‍ വ്യക്തമാകുന്നത് അഞ്ജലി മേനോന് ചിത്രങ്ങളെ അപഗ്രഥനവിധേയമാക്കുമ്പോഴാണ്.
മധ്യവര്‍ഗ മലയാളിയുടെ ഗൃഹാതുരഭാവനകളെ ഫലപ്രദമായി വിനിയോഗിച്ചുകൊണ്ടാണ് സംവിധായികയായ അഞ്ജലി മേനോന്റെ മുഖ്യധാരാ ചലച്ചിത്രങ്ങള്‍ വിപണിവിജയം കൈവരിച്ചത്. അവരുടെ തിരക്കഥയിലൊരുങ്ങിയ 'ഉസ്താദ് ഹോട്ടല്‍' (2012) പരമ്പരാഗത രുചിക്കൂട്ടുകളുടെ പുതുകാല വിപണന സാധ്യതകള്‍ വെളിവാക്കുന്ന ചിത്രമാണ്. കൂടാതെ 'മഞ്ചാടിക്കുരു' (2012), 'ബാംഗ്ലൂര്‍ ഡെയ്സ് ' (2014), 'കൂടെ' (2018) തുടങ്ങിയ ചിത്രങ്ങളും ഗൃഹാതുരതയുടെ വിപണിമൂല്യം ചൂഷണംചെയ്ത ചിത്രങ്ങളാണ്. ബാല്യകാലം, അരക്ഷിത യൗവനം, തിരികെപ്പിടിക്കുന്ന ഓര്‍മകള്‍ എന്നിവയുടെ സമീകൃത ചേരുവകളെന്ന നിലയില്‍ പ്രസ്തുത ചിത്രങ്ങള്‍ സവിശേഷ ശ്രദ്ധ നേടുന്നു. ഇവയില്‍, 'കൂടെ' ഗൃഹാതുരതക്ക് ജെന്നി (നസ്രിയ) എന്ന കഥാപാത്രത്തിലൂടെ മൂര്‍ത്തരൂപം നല്കുന്നു. ജോഷ്വക്ക് (പൃഥ്വിരാജ്) നഷ്ടപ്പെട്ട ബാല്യകാലം, കുടുംബത്തില്‍നിന്ന് ലഭിക്കേണ്ട സ്നേഹവായ്പുകള്‍ എന്നിവ സാങ്കല്പികമായെങ്കിലും പ്രാപ്യമാകുന്നത് ജെന്നിയെന്ന ഭാവനാപരിസരത്തിലൂടെയാണ്. മറ്റൊരർഥത്തില്‍, തന്റെ മുന്‍ചിത്രങ്ങളായ 'മഞ്ചാടിക്കുരു', 'ബാംഗ്ലൂര്‍ ഡെയ്സ്' എന്നിവയിലൂടെ ഗൃഹാതുരതയുടെ ഭാവനാലോകത്തിലേക്ക് പ്രവേശിക്കുന്ന സംവിധായിക, 'കൂടെ'യിലൂടെ പ്രസ്തുത ഭാവനക്ക് ശരീരം നല്കുന്നു. അഥവാ, ഭാവനക്കും യാഥാർഥ്യത്തിനുമിടയിലെ വൈകാരിക സമസ്യയായി ഗൃഹാതുര ബോധ്യം 'കൂടെ'യില്‍ സ്ഥാനപ്പെടുന്നു.
പുരുഷ കഥാപാത്രങ്ങളുടെ അബോധത്തിലേക്കു നോട്ടം നിലനിര്‍ത്തുകയും അയാളുടെ നഷ്ടങ്ങള്‍ക്ക് കൂടുതല്‍ വില കൽപിക്കുകയും അതിനു കാരണമായ കുടുംബഘടനയെ പഴിക്കുകയും ചെയ്യുന്ന ആഖ്യാനങ്ങള്‍ ഇത്തരം ചിത്രങ്ങളില്‍ ആവര്‍ത്തിക്കുന്നു. മാത്രവുമല്ല, അണുകുടുംബ വ്യവസ്ഥയെ തള്ളിപ്പറയുകയും കൂട്ടുകുടുംബത്തിലേക്ക് തിരികെ പോകുകയും ചെയ്യുന്ന ഇവയിലെ പുരുഷ കഥാപാത്രങ്ങള്‍ കാലപരമായി പിന്നാക്കം നടക്കുന്നു. എന്നാല്‍, സ്ത്രീ കഥാപാത്രങ്ങളാകട്ടെ, രാത്രികളിലെ ഒളിച്ചുചാട്ടങ്ങളിലൂടെയും ഷഹാന (നിത്യ മേനോന്)/ 'ഉസ്താദ് ഹോട്ടല്‍') നഗരങ്ങളിലേക്കുള്ള പുറപ്പെട്ടുപോക്കിലൂടെയും (കല്പന/ബാംഗ്ലൂര്‍ ഡെയ്സ്) കുടുംബഘടനയുടെ അതിരുകള്‍ ഭേദിച്ച് താൽക്കാലികമായെങ്കിലും രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരാണ്. പക്ഷേ, അഞ്ജലി മേനോന് ചിത്രങ്ങളുടെ ആഖ്യാനം ന്യായീകരിക്കുന്നത് പഴയ കുടുംബമൂല്യങ്ങളിലേക്ക് തിരികെ പ്രവേശിക്കാന്‍ അഭിലഷിക്കുന്ന ആണ്കഥാപാത്രങ്ങളെയാണ്. അതുകൊണ്ടാണ്, നഗരത്തില്‍നിന്ന് നാട്ടിലേക്ക് അടിക്കടി മടങ്ങിവരുന്ന കുട്ടന്റെ (നിവിന്‍ പോളി/ 'ബാംഗ്ലൂര്‍ ഡെയ്സ്') നിലപാടുകള്‍ ന്യായീകരിക്കപ്പെടുകയും അയാളുടെ അമ്മ (കല്പന) പരിഹാസപാത്രമാവുകയും ചെയ്യുന്നത്. അതിന് സഹായകമായ ചേരുവയെന്ന നിലയില്‍ ഗൃഹാതുരബോധങ്ങള് ആവര്‍ത്തിക്കുന്നു.
ഇന്നലെകളേ തിരികെ വരുമോ...
മലയാള ചലച്ചിത്രാഖ്യാനങ്ങളില്‍ ഓര്‍മകളുടെ ഭാവവും കഥ പറച്ചിലിന്റെ വേഗവും നിയന്ത്രിക്കുന്ന ഘടകമെന്ന നിലയില്‍ ഗാനങ്ങള്‍ക്ക് പ്രസക്തിയുണ്ട്. ദൃശ്യങ്ങളുടെ ധാരാളിത്തത്തില്‍നിന്ന് വരികളുടെയും സംഗീതത്തിന്റെയും അകമ്പടികളോടുകൂടി സംവിധായകന് പ്രേക്ഷകഭാവനയെ പലപ്പോഴും സ്വതന്ത്രമാക്കുന്നു. അതിനാല്‍ത്തന്നെ, ഗൃഹാതുരത്വമുണര്‍ത്തുന്ന ഭൂരിഭാഗം ഗാനങ്ങള്‍ക്കും അവയുടെ ചലച്ചിത്ര ദൃശ്യഭാഷ്യത്തിന്റെ അകമ്പടിയില്ലാതെതന്നെ സ്വതന്ത്രമായ അസ്തിത്വം ലഭിക്കുന്നു. അനേകം ദൃശ്യങ്ങളിലൂടെ സംവേദനം ചെയ്യപ്പെടേണ്ട ഗൃഹാതുരമൂല്യം തന്ത്രപരമായി വരികളിലൂടെ പ്രക്ഷേപിക്കപ്പെടുന്നു. പി. ഭാസ്കരന്റെയും ഒ.എന്‍.വിയുടെയും ഗാനങ്ങള്‍ക്ക് പലപ്പോഴും കാല-ദേശഭേദമന്യെ മലയാളിയുടെ പൊതുബോധമായി പരിണമിക്കുവാന്‍ സാധിക്കുന്നത് അവയിലടങ്ങിയിരിക്കുന്ന ഭൂതകാലസ്മൃതികളുടെ സാന്നിധ്യംകൊണ്ടുകൂടിയാണ്.
ചലച്ചിത്രങ്ങളിലെ സംഭാഷണങ്ങള്‍ക്കും സവിശേഷ രംഗങ്ങള്‍ക്കും മലയാളി സിനിമാപ്രേക്ഷകരുടെ പൊതുബോധത്തില്‍ ലഭിക്കുന്ന അമരത്വത്തിന് സമാനമാണ് ചലച്ചിത്രഗാനങ്ങളുടെ സാംസ്കാരിക ജീവിതം. 'നിണമണിഞ്ഞ കാല്പാടുകള്' (1963) എന്ന ചിത്രത്തില്‍ പട്ടാള ക്യാമ്പിലിരുന്ന തങ്കച്ചന് (പ്രേം നസീര്‍) കേരളത്തെ ഭാവനചെയ്ത് ഇപ്രകാരം പാടുന്നു: "മാമലകള്‍ക്കപ്പുറത്ത് മരതകപ്പട്ടുടുത്ത് മലയാളമെന്നൊരു നാടുണ്ട്..." സമാനമായി, 'തുറക്കാത്ത വാതില്‍' (1970) എന്ന ചിത്രത്തിലാകട്ടെ മദിരാശിയിലിരുന്ന് നാടിനെപ്പറ്റി "നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട്..." എന്നു ചിന്തിക്കുന്ന ബാപ്പു (പ്രേം നസീര്‍) എന്ന കഥാപാത്രവും കടന്നുവരുന്നു. വിവിധ കാരണങ്ങളാല്‍ പ്രവാസ ജീവിതം നയിക്കാനിടയായ കഥാപാത്രങ്ങള്‍ തങ്ങളുടെ ഓര്‍മകളിലൂടെ നാടിനെ പുനഃസൃഷ്ടിക്കുകയാണ്. നാടിനെക്കുറിച്ച് വിദൂരത്തിലിരുന്ന് ഓര്‍മിക്കുന്ന പ്രവാസ സ്വഭാവമുള്ള ഗാനങ്ങള്‍ വ്യത്യസ്ത കാലങ്ങളിലെ ചലച്ചിത്രങ്ങളില്‍ ഇത്തരത്തില്‍ പ്രമേയപരമായി സന്നിവേശിപ്പിച്ചിട്ടുണ്ട്. അതുപോലെ തന്റെ നഷ്ടപ്രണയത്തെ ഓര്‍മിക്കുന്ന 'ചില്ല്' (1982) എന്ന ചിത്രത്തിലെ അനന്തുവിനെ (വേണു നാഗവള്ളി) അവതരിപ്പിക്കുമ്പോള്‍ ഒ.എന്‍.വിയുടെ ''ഒരുവട്ടം കൂടിയെന്‍..." എന്ന വരികള്‍ അകമ്പടിയാകുന്നു. ഇത്തരത്തില്‍, നഷ്ടപ്പെട്ട കാലത്തെക്കുറിച്ചുള്ള ഓര്‍മകളുടെ വീണ്ടെടുപ്പുകള്‍ക്ക് സാക്ഷാത്കാരം ലഭിക്കുന്നതില്‍ ചലച്ചിത്ര ഗാനശാഖക്ക് വലിയ പങ്കുണ്ട്.
എന്നാല്‍, ഇത്തരം ഗൃഹാതുരമൂല്യങ്ങള്ക്ക് തൊണ്ണൂറുകള്‍ക്കുശേഷം സിനിമയില്‍ സ്വീകാര്യതയേറുന്നു. അതിന് മാറ്റുകൂട്ടാന്‍ മുന്‍കാല സിനിമകളിലെ വരികളും ഈണങ്ങളും വ്യാപകമായി ഉപയോഗപ്പെടുത്തുന്നുണ്ട്. 2009ല്‍ പുറത്തുവന്ന 'കേരള കഫെ' എന്ന സിനിമാസഞ്ചയത്തിലെ 'നൊസ്റ്റാള്‍ജിയ'യില്‍ ഗൃഹാതുരത്വമുണര്‍ത്തുന്ന അനേകം ചലച്ചിത്രഗാനങ്ങള്‍ ഉള്‍പ്പെടുത്തി പുരോഗമിക്കുന്ന തരത്തിലാണ് ആഖ്യാനം ക്രമീകരിച്ചിരിക്കുന്നത്. ആഖ്യാനത്തിന് അനുയോജ്യമായ പശ്ചാത്തലവും ഭാവവും സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെയും കാലസൂചന വെളിപ്പെടുത്തുന്ന സൂചകമെന്ന നിലയിലും മുന്‍കാല ചലച്ചിത്ര ഗാനങ്ങള്‍ സമകാലിക സിനിമകളില്‍ പ്രത്യക്ഷപ്പെടുന്നു. ആഖ്യാനവുമായി ബന്ധമില്ലാതെയും ചിത്രങ്ങളില്‍ പൂര്വഗാനങ്ങള് സന്നിവേശിപ്പിക്കുന്ന രീതി സിനിമാ വ്യവസായത്തില്‍ സമീപകാലങ്ങളില്‍ പ്രബലമാണ്. ഈ പ്രവണത കൂടുതല്‍ വിശദീകരണമര്‍ഹിക്കുന്നു.
തമിഴ് ജനതയുടെ സാമൂഹികബോധത്തില്‍ ലീനമായിരിക്കുന്നത് ഇളയരാജയുടെ ഗാനങ്ങളാണെങ്കില്‍, മലയാളത്തില്‍ അത്തരത്തില്‍ സ്വീകാര്യത ലഭിച്ചത് ജോണ്സണ്-ഔസേപ്പച്ചന് എന്നിവരുടെ മെലഡികള്ക്കാണ്. '96' എന്ന തമിഴ് ചിത്രത്തിന്റെ പ്രമേയപരിസരങ്ങളില്‍ ജാനു-റാം (തൃഷ- വിജയ് സേതുപതി) പ്രണയത്തിന്റെ അന്തര്‍ധാരയായി വര്‍ത്തിക്കുന്നത് ഇളയരാജയുടെ ഗാനപശ്ചാത്തലമാണ്. ഒരു കാലഘട്ടത്തെയും അതിന്റെ ഭാവുകത്വത്തെയും പുനഃസൃഷ്ടിക്കുകയെന്ന ദൗത്യമാണ് ഇവിടെ ഇത്തരം ഗാനങ്ങള്‍ നിറവേറ്റുന്നത്. മലയാളത്തില്‍, ഗൃഹാതുരതയുടെ പര്യായമായി നിലനില്‍ക്കുന്ന ജോണ്സണ്-ഔസേപ്പച്ചന് എന്നിവരുടെ ഗാനങ്ങള്‍ മൊബൈല്‍ റിങ് ടോണുകളില്‍ മുതല്‍ റീലുകളില്‍ വരെ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. 'തൂവാനത്തുമ്പികളി'ലെയും 'നമുക്ക് പാര്‍ക്കാൻ മുന്തിരിത്തോപ്പുകളി'ലെയും ഗാനങ്ങളും പശ്ചാത്തല സംഗീതവും ഉദാഹരണമാണ്. ദുല്‍ഖര്‍ സല്മാന് നായക കഥാപാത്രത്തെ അവതരിപ്പിച്ച 'ഒരു യമണ്ടന്‍ പ്രേമകഥ' (2019) എന്ന ചിത്രത്തിലെ രംഗത്തില്‍ ഒരു നാടന്‍ ചായക്കടയിലെ റേഡിയോയില്‍ െവച്ചിട്ടുള്ള തമിഴ് ഗാനം മാറ്റി "അനുരാഗിണി ഇതാ എന്‍..." എന്ന ഗാനം െവച്ചശേഷം നായകന് ഇപ്രകാരം പറയുന്നു: "മഴ, ചായ, ജോണ്സണ് മാഷ്... ആഹാ അന്തസ്സ്..." കാലങ്ങള്‍ക്കിപ്പുറവും മലയാളി മനസ്സിന്റെ തൃഷ്ണകളെ പൂരിപ്പിക്കാനും പുളകമണിയിക്കാനും ജോണ്‍സന്റെ ഗാനങ്ങള്‍ക്ക് സാധിക്കുന്നുവെന്നത് പ്രസ്തുത പരാമര്‍ശം തെളിയിക്കുന്നു.
മുന്‍കാല സിനിമകളിലെ ഗാനങ്ങളിലൂടെയും ഈണങ്ങളിലൂടെയും തന്റെ ചിത്രങ്ങള്‍ക്ക് 'ഫീല്‍ ഗുഡ്' പരിസരം നിര്‍മിക്കുക വഴി വിപണിവിജയം സ്വന്തമാക്കുന്ന സംവിധായകനാണ് ജിസ് ജോയ്. അദ്ദേഹത്തിന്റെ സംവിധാനത്തിലൊരുങ്ങിയ ഭൂരിപക്ഷം ചിത്രങ്ങളിലും മലയാളി കാണിയുടെ കലാബോധ്യങ്ങളുടെ ഭാഗമായ ജനപ്രിയഗാനങ്ങളുടെ നവീന പതിപ്പുകള്‍ അവതരിപ്പിക്കാറുണ്ട്. അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ 'ബൈസിക്കിള്‍ തീവ്സില്‍' (2013), 'കളിക്കളം' എന്ന സത്യന് അന്തിക്കാട് ചിത്രവും "ആകാശഗോപുരം..." എന്ന ഗാനവും മോഷ്ടാവായ നായക കഥാപാത്രത്തെക്കുറിച്ചുള്ള സൂചനയിലേക്ക് വിരല്‍ ചൂണ്ടുന്നു. കൂടാതെ, അയാള്‍ ആലപിക്കുന്ന "തെന്നലുമ്മകള്‍ ഏകിയോ..." ('നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്') എന്ന ഗാനം കൊച്ചുമക്കളെ കാത്തിരിക്കുന്ന അമ്മച്ചിയുടെ (കെ.പി.എ.സി ലളിത) കണ്ണുകള്‍ നിറക്കുന്ന രംഗവും സിനിമയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കൂടാതെ, 'സണ്‍ഡേ ഹോളിഡെ' എന്ന ചിത്രത്തില്‍ "നീ എന്‍ സര്‍ഗസൗന്ദര്യമേ..." ('കാതോട് കാതോരം'), "പാടറിയേന്‍ പഠിപ്പറിയേന്‍..." (സിന്ധു ഭൈരവി), "ഒരു കുഞ്ഞു പാട്ടായ് വിതുമ്പി..." (കിരീടം) എന്നീ പാട്ടുകളും/ഈണങ്ങളും അനുയോജ്യമായ വൈകാരിക പശ്ചാത്തലമുയര്ത്തുവാനായി ആഖ്യാനത്തില്‍ ഇടം നേടിയിട്ടുണ്ട്. ഇത്തരത്തില്‍ മുന്‍കാല സിനിമകളിലെ അഞ്ചോളം ഗാനങ്ങള്‍ ഉള്‍ച്ചേര്‍ത്തുകൊണ്ടാണ് ജിസ് ജോയ് 'വിജയ് സൂപ്പറും പൗര്‍ണമിയും' എന്ന ചിത്രത്തെ ഗൃഹാതുരതയോട് വിളക്കിനിര്ത്തിയിരിക്കുന്നത്. "യാത്രയായ് സൂര്യാങ്കുരം..." (നിറം), "എന്‍ കാതലേ..." ('ഡ്യൂയറ്റ്'), "നെഞ്ചുക്കുള്‍ പെയ്തിടും..." ('വാരണം ആയിരം'), "നെറ്റിയില്‍ പൂവുള്ള..." ('മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍'), "മനസ്സിന് മടിയിലെ മാന്തളിരില്..." ('മാനത്തെ വെള്ളിത്തേര്') തുടങ്ങിയ ഗാനങ്ങള്‍ ചിത്രത്തിന്റെ ആഖ്യാനപരിസരങ്ങളിലുള്പ്പെടുത്താന് തക്കവിധത്തിലാണ് കഥാപരിസരം വികസിക്കുന്നത്. പൗര്‍ണമിയുടെ സംരംഭമായ ഫുഡ് ട്രക്കില്‍ എ.ആര്. റഹ്മാന്റെ അടക്കം മെലഡി ഗാനങ്ങള്‍ പതിഞ്ഞ താളത്തില്‍ ഉപയോഗിക്കുമെന്ന പരാമര്‍ശം വഴി പുതുകാല അഭിരുചികളെയും തന്റെ ചലച്ചിത്ര ഭാവനാപരിസരങ്ങളിലേക്ക് ക്ഷണിക്കാന്‍ ജിസ് ജോയ് എന്ന സംവിധായകന് സാധിക്കുന്നു. 'മോഹന്‍കുമാര്‍ ഫാന്‍സ്' (2021) എന്ന ചിത്രത്തില്‍ ഇത്തരമൊരു പശ്ചാത്തലമൊരുക്കാനായി റിയാലിറ്റി ഷോയുടെ തിരഞ്ഞെടുപ്പ് പ്രക്രിയ ആഖ്യാനപരിസരമാകുന്നു. ജോണ്‍സന്റെ സംഗീതത്തില്‍ വാണി ജയറാം ആലപിച്ച "ഏതോ ജന്മ കല്പടവില്..." ('പാളങ്ങള്‍') എന്ന ഗാനം നായിക ആലപിക്കുമ്പോള്‍ "പൊന്നില്‍ കുളിച്ചുനിന്നു..." ('സല്ലാപം') എന്ന ഗാനമാണ് കൃഷ്ണനുണ്ണി (കുഞ്ചാക്കോ ബോബന്) ആലപിക്കുന്നത്. ഇത്തരത്തില്‍ പരിശോധിക്കുമ്പോള്‍ പഴയകാല ചലച്ചിത്ര ഗാനങ്ങളുടെ സന്നിവേശത്തിലൂടെ ജിസ് ജോയ് ചിത്രങ്ങളില്‍ നിര്‍മിക്കപ്പെട്ടിരിക്കുന്ന ഗൃഹാതുര ചിന്തകള്‍ കേവലമൊരു പ്രവണതയല്ല, മറിച്ച് വ്യവഹാരനിര്മിതിയാണ് സാധ്യമാക്കുന്നത്. കേരളീയ പൊതുബോധത്തിന്റെ ഭാഗമായ ഗാനശകലങ്ങളും ഈണങ്ങളും സമകാലികാവസ്ഥയിലും മറ്റൊരു പരിപ്രേക്ഷ്യത്തിലുപയോഗിക്കുമ്പോള് നേടുന്ന വിപണിവിജയം വിനോദവ്യവസായമെന്ന നിലയില്‍ സിനിമയുടെ അപാരമായ സാധ്യതകള്‍ സൂചിപ്പിക്കുന്നു.
മലയാള സിനിമയുടെ ഇന്നലെകളെ പശ്ചാത്തലമാക്കിയ 'നായിക' (2011) എന്ന ചിത്രത്തില്‍ "കസ്തൂരി മണക്കുന്നല്ലോ..." എന്ന ഗാനം സംവിധായകന് ജയരാജ് ഉപയോഗിച്ചിരിക്കുന്നു. കൂടാതെ, ബാല്യകാല പ്രണയ ഓര്‍മകളിലേക്ക് മടങ്ങുന്ന കഥാപാത്രത്തെ അടയാളപ്പെടുത്താന്‍ 'ലൗഡ് സ്പീക്കര്‍' (2009) എന്ന ചിത്രത്തില്‍ "അല്ലിയാമ്പല്‍ കടവിലന്നരയ്ക്കു വെള്ളം..." എന്ന ഗാനവും അദ്ദേഹം സ്വീകരിച്ചിരിക്കുന്നു. 'രക്ഷാധികാരി ബൈജു ഒപ്പ്' എന്ന ചിത്രത്തില്‍ കളിക്കളം നഷ്ടപ്പെട്ടുവെന്ന് ബോധ്യപ്പെട്ട ശേഷം വീടിലേക്ക് മടങ്ങിപ്പോകുന്ന നായകനെ ചിത്രീകരിക്കുന്ന അവസാന രംഗത്തില്‍ 'പൂച്ചക്കണ്ണി' (1966) എന്ന ചിത്രത്തിലെ "കക്കകൊണ്ട് കടല്‍മണ്ണുകൊണ്ട് കളിവീടുവെച്ചതെവിടെ..." എന്ന ഗാനം ചേര്‍ത്തിരിക്കുന്നു. നഷ്ടബോധത്തെ ഭിന്നമാനങ്ങളില്‍ അഭിമുഖീകരിക്കുന്ന ചേരുവയെന്ന നിലയിലാണ് പ്രസ്തുത ഗാനം അവിടെ ഉചിതമാകുന്നത്. പുതുകാല സിനിമകളില്‍ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന രംഗങ്ങളില്‍ ഉപയോഗപ്പെടുത്തുന്ന ഗാനശകലങ്ങളും ഇതോടൊപ്പം പരിശോധിക്കേണ്ടവയാണ്. ഉദാഹരണമായി, പ്രണവ് മോഹന്‍ലാല്‍ നായകനായി രംഗപ്രവേശം ചെയ്ത 'ആദി'യില്‍ (2018) പ്രസ്തുത കഥാപാത്രത്തെ തിരശ്ശീലയില്‍ അവതരിപ്പിക്കുമ്പോള്‍ പശ്ചാത്തലഗാനമായി വരുന്നത് 'മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍' എന്ന ചിത്രത്തിലെ "മിഴിയോരം..." എന്ന ഗാനമാണ്. വെള്ളിത്തിരയിലേക്ക് നായകനായുള്ള താരപുത്രന്റെ സ്ഥാനാരോഹണം പിതാവിന്റെ ആദ്യകാല സിനിമയിലെ അനശ്വരഗാനത്തിന്റെ മേമ്പൊടിയോടെയാകുന്ന വിപണിയുക്തിയാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഇതിന് സമാനമായ തരത്തിലാണ് നീണ്ട ഇടവേളക്കുശേഷം മടങ്ങിവന്ന ശോഭന, സുരേഷ് ഗോപി എന്നിവരെ മുഖ്യ കഥാപാത്രങ്ങളായി അവതരിപ്പിച്ച 'വരനെ ആവശ്യമുണ്ട്' (2020) എന്ന ചിത്രത്തില്‍ ഭൂതകാലത്തെ സമകാലികതയിലേക്ക് വിളക്കിച്ചേര്‍ത്തിട്ടുള്ളത്. പരിക്കേറ്റ് വിശ്രമിക്കുന്ന മേജര്‍ ഉണ്ണികൃഷ്ണനെ (സുരേഷ് ഗോപി) നീന (ശോഭന) കാണുന്ന ആദ്യരംഗത്തില്‍ പശ്ചാത്തലമായി ഉപയോഗിച്ചിരിക്കുന്നത് 'ധ്വനി'യിലെ (1988) "അനുരാഗ ലോല ഗാത്രി..." എന്ന ഗാനമാണ്. താരനായകന്മാര്ക്കൊപ്പം നായികയായി നിറഞ്ഞുനിന്ന ശോഭനയെന്ന അഭിനേത്രി കേവലമൊരു താരശരീരം എന്നതിലുപരി മലയാളി പുരുഷഭാവനയെ പൂരിപ്പിക്കുന്ന സ്ത്രൈണ പ്രതീകംകൂടിയാണ്. അതിനാല്‍ത്തന്നെ ശോഭനയുടെ ചിത്രത്തിലെ സാന്നിധ്യത്തിനു പിന്നില്‍ ഭൂതകാലാഭിരതിയില്‍ പൊതിഞ്ഞ കമ്പോളത്തിന്റെ ലളിതയുക്തിതന്നെയാണുള്ളത് (പ്രസ്തുത സിനിമയിലെ ഒരു രംഗത്തില്‍ മേജര്‍ ഉണ്ണികൃഷ്ണന് നീനയോട് നടി ശോഭനയുടെ മുഖസാമ്യമുണ്ടെന്ന് പറയുന്നുവെന്നതും ഇവിടെ ചേര്‍ത്ത് വായിക്കാവുന്നതാണ്).
കഥാപാത്രത്തിന്റെ സ്വഭാവം സൂചിപ്പിക്കുന്ന സംഗതി എന്ന നിലയില്‍ 'ജയ ജയ ജയ ജയ ഹേ' (2022) എന്ന ചിത്രത്തിലും ഒരു പൂര്‍വകാല ചലച്ചിത്ര ഗാനം ഉൾപ്പെടുത്തിയിട്ടുണ്ട്. പെണ്ണുകാണലിനായി കാറില്‍ സഞ്ചരിക്കുന്ന രാജേഷിനെ (ബേസില്‍ ജോസഫ്) അവതരിപ്പിക്കുമ്പോള്‍ മലയാള സിനിമയിലെ ആണത്തബോധത്തിന്റെ പ്രതീകമെന്ന് വിശേഷിപ്പിക്കാവുന്ന ജയറാം കഥാപാത്രത്തെ ധ്വനിപ്പിക്കുന്ന 'കൊട്ടാരം വീട്ടിലെ അപ്പൂട്ടനി'ലെ (1998) "ആവണിപ്പൊന്നൂഞ്ഞാല്‍..." എന്ന ഗാനവും ഉപയോഗിച്ചിരിക്കുന്നു. അതുപോലെ, കഥാപരിസരവുമായി ചേര്‍ന്നുനില്‍ക്കുന്ന ആഖ്യാനഘടകങ്ങളെന്ന നിലയിലാണ് 'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തില്‍ "ദേവദൂതര്‍ പാടി..." ('കാതോട് കാതോരം'), "ആയിരം കണ്ണുമായി" ('നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്') എന്നീ ഗാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
ന്നാ താന്‍ കേസ് കൊട്
പഴയകാല ചിത്രങ്ങളിലെ ഗാനങ്ങളും ഈണങ്ങളും സമകാലിക മലയാള സിനിമയില്‍ വിവിധ ഉദ്ദേശ്യങ്ങളോടെ ഉപയോഗിച്ചിട്ടുള്ളത് എന്ത് അധികമൂല്യത്തിന്റെ അടിസ്ഥാനത്തിലായിരിക്കും? ഉത്തരാധുനിക സംസ്കാരത്തിന്റെ സവിശേഷതകളിലൊന്നായി പരിഗണിക്കപ്പെടുന്ന പാസ്റ്റീഷ് ശൈലിയുടെ മികച്ച മാതൃകകളാണ് പഴയകാല ഗാനങ്ങളുടെ അണ്‍പ്ലഗ്ഡ്, കവര്‍ വേര്‍ഷന്‍, മാഷപ്പ് തുടങ്ങിയവ. ഡി.ജെ മുതല്‍ ടെലിവിഷനിലെ മ്യൂസിക് മോജോ (കപ്പ ടി.വി) വരെയുള്ള പുതുകാല സംഗീതപ്രവണതകള് പഴമയെ കാലികമായി പുനരവതരിപ്പിക്കാന്‍ ശ്രമിക്കുന്നവയാണ്. മലയാള ചലച്ചിത്ര ഗാനശാഖയുടെ പൈതൃകത്തിന്റെ ആധുനികവത്കരിച്ച ഭാവവ്യത്യാസങ്ങളായി ഇവ അടയാളപ്പെടുന്നു. അതായത്, ഗൃഹാതുര ഭാവങ്ങളില്‍ അടിയുറച്ചുനിന്നുകൊണ്ടുതന്നെ വ്യവസായികമായി പൈതൃകം പുനരുൽപാദിപ്പിച്ച് വൈകാരിക തീവ്രതയനുഭവിപ്പിക്കാന് ഇത്തരം നിര്മിതികള്ക്കാകുന്നു.
ആ നെല്ലിമരം പുല്ലാണ്*
കേരളീയമെന്നും മലയാളിത്തമെന്നും വ്യാപകമായി പ്രയോഗിക്കപ്പെടുന്ന വ്യവഹാരങ്ങളില്‍ ദലിത് ജനതയുടെ അനുഭവലോകം അദൃശ്യമാണ്. ഇത്തരമൊരു പശ്ചാത്തലത്തിലാണ് ഓര്‍മകളുടെ രാഷ്ട്രീയം കൂടുതല്‍ പ്രസക്തമാകുന്നത്. സവര്‍ണ ഭാവുകത്വത്തിലധിഷ്ഠിതമായ മുഖ്യധാരാ സാംസ്കാരികതക്ക് കീഴാള ജീവിതപരിസരങ്ങള്‍ അന്യമാണ്. കാല്പനികതയുടെ അലഞൊറിവുകളോടെ ദലിത് ജീവിതയാഥാര്‍ഥ്യങ്ങളിലേക്ക് കാമറ തിരിക്കാനാവില്ലെന്ന ബോധ്യം സവര്ണബോധ്യങ്ങളില് അടിയുറച്ച വാണിജ്യസിനിമാ വ്യവസായത്തിനുണ്ട്. ചുരുക്കത്തില്‍, ഗൃഹാതുരമായ നെല്ലിമരങ്ങള്‍ പുല്ലാണെന്ന ദലിത് ഭാഷ്യങ്ങള്‍ കാലാകാലങ്ങളായി മലയാള സിനിമയും ഇതര നിര്‍മിതികളും ഊട്ടിയുറപ്പിച്ച ചില പൊതുബോധ്യങ്ങളെ ചുവട്ടില്‍നിന്ന് ഇളക്കിക്കളയുകയാണ്.
സ്ത്രീകള്‍ക്കും കീഴാളസമൂഹങ്ങള്‍ക്കും ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കും മലയാള ജനപ്രിയ സിനിമയിലെ ഗൃഹാതുര ആഖ്യാന പരിസരങ്ങളില്‍ ഭാഷ ലഭിക്കുന്നില്ല. മധ്യവര്‍ഗ സിനിമാ കാണിയുടെ കാഴ്ചകളെ സമ്പന്നമാക്കുക എന്ന ഉദ്ദേശ്യത്തോടെ രൂപപ്പെടുത്തുന്ന സിനിമകളില്‍ അതിനു വിരുദ്ധമായവ പ്രതീക്ഷിക്കുക വയ്യല്ലോ! കമ്പോളത്തിന്റെ യുക്തികള്ക്കൊണ്ട് ചിന്തിക്കുന്ന ഇത്തരം സിനിമാ കാഴ്ചകള്‍ വര്‍ണശബളമായ നിറങ്ങളിലൂടെ കാണിയെ ഭൂതകാലത്തിലേക്ക് ആനയിക്കുന്നവയാണ്. ആ ഭൂതകാലമാകട്ടെ സ്ത്രീവിരുദ്ധവും കീഴാളവിരുദ്ധവുമാണ്.
ജാതി-പുരുഷ കേന്ദ്രിതമായ ഭൂതകാലത്തിലേക്കും അക്കാലത്തെ സൗഭാഗ്യങ്ങളിലേക്കുമുള്ള മധ്യവര്‍ഗ ആണ്‍നോട്ടങ്ങളാണ് സിനിമയിലെ ഗൃഹാതുരതയുടെ അന്തഃസത്ത. വിപണിയുടെ ഭാഗമായി നിലനില്‍ക്കുമ്പോഴും സമൂഹം ഇന്നോളം ആര്‍ജിച്ച പുരോഗമനങ്ങളില്നിന്ന് പിന്നാക്കം നടക്കാനുള്ള ആന്തരികപ്രേരണ ഇവ പേറുന്നു. സമൂഹത്തില്‍ പ്രചാരത്തിലില്ലാത്ത ഒന്നിനെ സിനിമ അവതരിപ്പിക്കുന്നുവെന്നോ സിനിമയില്‍നിന്നു പ്രചോദനം ഉള്‍ക്കൊള്ളുന്ന സമൂഹം ഗൃഹാതുരതയെ സ്വാംശീകരിക്കുന്നുവെന്നോ പറയാനാവില്ല. ഈ രണ്ട് പ്രക്രിയകളും ഒരേസമയം പരസ്പരപൂരകമായി നടപ്പാകുന്നവയാണ്. സമകാലിക സിനിമകളില്‍ ഗൃഹാതുര ചേരുവകള്‍ നിലനില്ക്കുകയും അവ പ്രേക്ഷക പിന്തുണ നേടുകയും ചെയ്യുന്നു. ഇതിന് സമാന്തരമായി, മൂലമറ്റം സെന്റ് ജോസഫ് കലാലയത്തിലെ വിദ്യാര്‍ഥികള്‍ 'സ്മൃതിയോരം' എന്ന പേരില്‍ 1980കളിലെ സാമൂഹികജീവിതം കാമ്പസില്‍ പുനരാവിഷ്കരിച്ചതും സമൂഹമാധ്യമങ്ങളിലൂടെ പ്രസ്തുത രംഗങ്ങള്‍ സ്വീകാര്യത നേടിയതും പരിഗണിക്കേണ്ടതുണ്ട്. ഇത്തരത്തില്‍, മുതലാളിത്ത ഇടപെടലുകള്‍ക്ക് അന്തരീക്ഷമൊരുക്കത്തക്ക വിധത്തില്‍ മലയാളിയുടെ ഭൂതകാലാഭിരതി തീവ്രമാണ്. അതിന്റെ അടിസ്ഥാനം സമകാലിക യാഥാര്‍ഥ്യങ്ങളെ അഭിമുഖീകരിക്കാന്‍ വിസമ്മതിക്കുന്നതും മധ്യവര്‍ഗ മൂല്യബോധ്യങ്ങളില്‍ അധിഷ്ഠിതവുമായ ആണ്നോട്ടങ്ങളുമാകുന്നു.
സൂചനകള്‍
Jameson, Fredric. 'Postmodernism and Consumer Society', The Cultural Turn. London: Verso, 1998.
ഷീബ എം. കുര്യന്. 'ആഗോളീകരണകാലത്തെ ഗൃഹാതുര സിനിമകള്‍', ഫോക്കസ് സിനിമാപഠനങ്ങള്‍. തൃശൂര്‍: ഗയ പുത്തകച്ചാല, 2021.
അജു കെ. നാരായണന്, ചെറി ജേക്കബ് കെ, 'സിനിമയിലെ നിറങ്ങളുടെ സൗന്ദര്യ രാഷ്ട്രീയങ്ങള്‍', സിനിമ മുതല്‍ സിനിമ വരെ. കോട്ടയം: എസ്.പി.സി.എസ്, 2016.
സന്തോഷ്, ഒ.കെ, "ദളിത് ഭൂതകാലവും വരേണ്യ ഫെറ്റിഷിസവും," www.utharakalam.com
*ഉപശീര്ഷകത്തിന് കടപ്പാട്: രജനി പാലാമ്പറമ്പിലിന്റെ ആത്മകഥയുടെ ശീര്‍ഷകം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.