മാർച്ച് 13ന് ഓസ്കർ പ്രഖ്യാപിക്കപ്പെട്ടപ്പോൾ ഇന്ത്യക്ക് അഭിമാനിക്കാനേറെ. തെലുങ്കിൽ ചന്ദ്രബോസ് എഴുതി കീരവാണി സംഗീതസംവിധാനം ചെയ്ത ‘‘നാട്ടു നാട്ടു’’ മികച്ച ഗാനമായി (ഒറിജിനൽ സോങ്) തിരഞ്ഞെടുക്കപ്പെട്ടു. ആ പാട്ടിനെക്കുറിച്ചും അത് സൃഷ്ടിച്ച തരംഗങ്ങെളപ്പറ്റിയും എഴുതുകയാണ് ഗ്രന്ഥകർത്താവും എഴുത്തുകാരനും അധ്യാപകനുമായ ലേഖകൻ.ഇന്ത്യൻ സിനിമ വീണ്ടും അക്കാദമി പുരസ്കാരത്തിന്റെ നിറവിൽ. എസ്.എസ്. രാജമൗലി സംവിധാനംചെയ്ത ‘ആർആർആർ’ (2022) എന്ന സൂപ്പർഹിറ്റ് തെലുഗു...
മാർച്ച് 13ന് ഓസ്കർ പ്രഖ്യാപിക്കപ്പെട്ടപ്പോൾ ഇന്ത്യക്ക് അഭിമാനിക്കാനേറെ. തെലുങ്കിൽ ചന്ദ്രബോസ് എഴുതി കീരവാണി സംഗീതസംവിധാനം ചെയ്ത ‘‘നാട്ടു നാട്ടു’’ മികച്ച ഗാനമായി (ഒറിജിനൽ സോങ്) തിരഞ്ഞെടുക്കപ്പെട്ടു. ആ പാട്ടിനെക്കുറിച്ചും അത് സൃഷ്ടിച്ച തരംഗങ്ങെളപ്പറ്റിയും എഴുതുകയാണ് ഗ്രന്ഥകർത്താവും എഴുത്തുകാരനും അധ്യാപകനുമായ ലേഖകൻ.
ഇന്ത്യൻ സിനിമ വീണ്ടും അക്കാദമി പുരസ്കാരത്തിന്റെ നിറവിൽ. എസ്.എസ്. രാജമൗലി സംവിധാനംചെയ്ത ‘ആർആർആർ’ (2022) എന്ന സൂപ്പർഹിറ്റ് തെലുഗു ചിത്രത്തിലെ, ഒരുപക്ഷേ ചിത്രത്തെക്കാൾ പോപുലറായ ‘‘നാട്ടുനാട്ടു...’’ എന്ന ഗാനത്തിനാണ് മികച്ച ഒറിജിനൽ സോങ്ങിനുള്ള അക്കാദമി പുരസ്കാരം. സംഗീതസംവിധായകൻ കീരവാണിയും വരികളെഴുതിയ ചന്ദ്രബോസും ചേർന്ന് ഓസ്കർ പുരസ്കാരം സ്വീകരിച്ചു. ‘ദ എലിഫന്റ് വിസ്പറേഴ്സ്’ മികച്ച ഹ്രസ്വ ഡോക്യുമെന്ററിക്കുള്ള പുരസ്കാരം നേടി- സംവിധായിക കാർത്തികി ഗോൺസാൽവസും നിർമാതാക്കളിലൊരാളായ ഗുനീത് മോംഗയും പുരസ്കാരം സ്വീകരിച്ചു. ഇന്ത്യൻ സിനിമയുടെ അവിഭാജ്യ ചേരുവകളിലൊന്നായ പാട്ട് ഇമ്മട്ടിൽ ലോകാംഗീകാരംനേടുന്നത് നടാടെയാണ്. ഗാനപുരസ്കാരം ഏഷ്യയിലേക്കെത്തുന്നതുതന്നെ ആദ്യമാണ്.
ചേരുവയുടെ –കോൺഗ്ലോമറേഷന്റെ– കലയാണ് ഇന്ത്യൻ സിനിമയെന്നു പറയാറുണ്ട്. ആട്ടവും പാട്ടും സംഘർഷങ്ങളും സംഘട്ടനങ്ങളും ചേരുംപടി ചേർത്ത, എരിവും പുളിയും നിറഞ്ഞ മസാലക്കൂട്ടായ – നല്ല അർഥത്തിലും ശകാരമെന്നനിലയിലും – ഇന്ത്യൻ പോപുലർ സിനിമ ഒരു സവിശേഷ ജനുസ്സായിത്തന്നെ വിലയിരുത്തപ്പെടുന്നു. കഥാഖ്യാനത്തിന്റെ വെളിയിലാണ് ആട്ടവും പാട്ടുമൊക്കെ സെറ്റുചെയ്യപ്പെടുന്നത്. മുമ്പും പിമ്പുമുള്ള കഥ, ആ ആട്ടവും പാട്ടും ഓർമിക്കുന്നുപോലുമുണ്ടാവില്ല. ഒരു നിറപ്പകിട്ടാർന്ന സ്വപ്നംപോലെ, കടുംവർണങ്ങൾ വാരിവിതറുന്ന കെട്ടുകാഴ്ചപോലെ അത് സിനിമയിൽ നിലകൊള്ളുന്നു. കഥയിൽ കാര്യമായ പങ്കൊന്നും വഹിക്കാത്ത ഇത്തരമൊരു കെട്ടിയെടുപ്പ് ഇന്ത്യൻ സിനിമയുടെ തനിമയായി മാറുന്ന കാഴ്ച അത്ഭുതത്തോടെയാണ് ലോകസിനിമ ശ്രദ്ധിച്ചത്. സിനിമ യാഥാർഥ്യത്തെ പകർത്തുന്ന ഒന്നല്ല, അതൊരു കലാരൂപമാണ് എന്ന തിരിച്ചറിവ് ഈ അത്ഭുതം അലിയിച്ചില്ലാതാക്കാൻ പോന്നതത്രേ. കഥയിൽനിന്ന് അടർത്തിമാറ്റിയാലും നിലനിൽപുള്ള, സവിശേഷ കലാരൂപമായിമാറുന്നു നമ്മുടെ ഗാനനൃത്തരംഗങ്ങൾ. സിനിമക്കുള്ള പരസ്യമായും അല്ലാതെയും അവ റേഡിയോയിലും ടെലിവിഷനിലും തുടർന്ന് സൈബറിടത്തിലും സ്വതന്ത്രജീവിതം നയിക്കുന്നു. അത്തരമൊരു മാർക്കറ്റുകൂടി ലക്ഷ്യമിട്ടുകൊണ്ട്, അമ്മട്ടിൽ പ്രാധാന്യം നൽകിക്കൊണ്ടുതന്നെയാണ് ഗാനനൃത്ത ചിത്രീകരണം നടക്കുക. മലയാള സിനിമയുടെ കാര്യമെടുത്താൽ ഇക്കാര്യം വേഗം തിരിഞ്ഞുകിട്ടും. റിയാലിറ്റി ഷോവിലും റീലുകളിലും കവറുകളിലുമൊക്കെയായി ഇന്നും സക്രിയമായിരിക്കുന്ന പഴയ പാട്ടുകളിൽ ബഹുഭൂരിപക്ഷത്തിന്റെയും ആലാപനസന്ദർഭങ്ങൾ നമുക്കോർമയില്ല. പാട്ടിനെ സംബന്ധിക്കുന്ന ഒരു ജനറൽ നോളജെന്ന നിലയിലാണ് അതു പ്രത്യക്ഷപ്പെട്ട സിനിമയുടെ പേര് പലപ്പോഴും ഓർക്കുക. പാട്ടിന് സ്വതന്ത്രജീവിതമുണ്ടെന്നു ചുരുക്കം.
‘‘നാട്ടുനാട്ടു’’ ഗാനത്തിന്റെ രചയിതാവ് ചന്ദ്രബോസും സംഗീതസംവിധായകൻ കീരവാണിയും ഓസ്കർ അവാർഡുമായി പുരസ്കാര പ്രഖ്യാപന വേദിയിൽ
ടെലിവിഷൻ കാഴ്ചകൾ പ്രധാനമായതോടെ ചിത്രീകരണത്തിൽ ശ്രദ്ധയേറി. വരികളും സംഗീതവും ആലാപനമാധുര്യവും മുന്നിൽനിൽക്കുന്നത് റേഡിയോയുടെ സന്ദർഭത്തിലായിരുന്നു. കാഴ്ച പ്രധാനമായതോടെ സംഗീതവും സാഹിത്യവും ചേരുവകളിലൊന്നു മാത്രമായി. സിനിമയിൽനിന്ന് അടർത്തിമാറ്റിയാലും നിലനിൽപുണ്ടാവുക എന്നതിനർഥം അത് ആഖ്യാനപരമായ നൃത്തസംഗീതങ്ങളാവണമെന്ന് നിർബന്ധമില്ലെന്നാണ്. ഉത്സവപ്പറമ്പിലെ വിവിധ മായക്കാഴ്ചകളെ അനുസ്മരിപ്പിക്കുംവിധം ഗാനനൃത്തരംഗങ്ങൾ ജനപ്രിയ സിനിമയിൽ ഒരു ആഹ്ലാദവിഭവമായി നിലകൊണ്ടു. മുംബൈ സിനിമയിലെ നൃത്തരംഗങ്ങളെക്കുറിച്ചുള്ള അക്കാദമിക പഠനങ്ങളിൽ അവ എങ്ങനെയാണ് ഒരു ദേശീയതാ ചിഹ്നമായി മാറുന്നതെന്ന് വിശദമാക്കുന്നുണ്ട്. സ്ത്രീയെയും പുരുഷനെയും നിറത്തെയും സൗന്ദര്യത്തെയും വേഷങ്ങളെയും ഫാഷനെയുമൊക്കെ നിർണയിക്കുന്ന വലിയൊരു കമ്പോളയിനമായി ബോളിവുഡ് നൃത്തരംഗങ്ങൾ ജനപ്രിയ സംസ്കാരത്തിൽ അടയാളപ്പെട്ടു. ബോളിവുഡിനെ അസ്തപ്രജ്ഞരാക്കി മുന്നേറുന്ന ദക്ഷിണേന്ത്യൻ സിനിമകളുടെ സമകാലത്ത്, അത്തരം പൂർവധാരണകളെ മാറ്റിമറിക്കുന്ന ഗാനനൃത്തരംഗമായി ഉയർന്നുവന്നുവെന്നതാണ് ‘‘നാട്ടുനാട്ടു’’വിന്റെ തത്സമയപ്രസക്തി.
കഥാബാഹ്യമായി, അനാഖ്യാനപരമായി പ്രത്യക്ഷപ്പെടുന്ന പോപുലർ ഗാനനൃത്തരംഗങ്ങളിൽനിന്നു വ്യത്യസ്തമായി, സിനിമയുടെ പ്രമേയത്തോട് ചേർന്നുനിൽക്കുന്ന മട്ടിൽ, ഇംഗ്ലീഷ് അപ്രമാദിത്വത്തോടുള്ള കോളനിനാടിന്റെ ചെറുത്തുനിൽപായാണ് ‘‘നാട്ടുനാട്ടു’’ ചിട്ടപ്പെടുത്തിയിരിക്കുന്നത്. കഥാപാത്രങ്ങളുടെ ആത്മബന്ധത്തിന്റെ സൂചകമായും പാരസ്പര്യത്തിന്റെ പ്രതീകമായും ഈ രംഗം മാറുന്നു. ഇംഗ്ലീഷുകാരുടെ പത്തിമടങ്ങുന്നത് നർത്തകരുടെ ഐക്യത്തിലാണ്. എതിരാളികളെ നിലംപരിശാക്കുന്ന മത്സരബുദ്ധി, നൃത്തത്തിനൊടുവിൽ ഒരാളുടെ തോറ്റുകൊടുക്കലിൽ – പരസ്പരം മനസ്സിലാക്കലിൽ അവസാനിക്കുന്നു. അപ്പോൾ അവസാനിച്ചിരുന്നില്ലെങ്കിൽ ആ നൃത്തം അനന്തമായി നീണ്ടുപോവുമായിരുന്നുവെന്ന പ്രതീതി സൃഷ്ടിക്കാൻ സാധിക്കുന്നുണ്ട് ആ കൊറിയോഗ്രഫിക്ക്.
ചന്ദ്രബോസിന്റെ വരികളിൽ നാടിന്റെ സംഘശക്തിയുടെ ഊർജമുണ്ട്. നാട്ടുദേവതയും ആലും ചെണ്ടമേളവും തീനും കുടിയും മുളകും വിയർപ്പുമെല്ലാം വരികളിൽ കടന്നുവരുന്നു. കർണാടക സംഗീതത്തിലെയും നാട്ടുസംഗീതത്തിലെയും താളങ്ങളും ഈണപദ്ധതികളും ഇണക്കിച്ചേർത്താണ് കൊടൂരി മരഗതമണി കീരവാണി സംഗീതമൊരുക്കിയിരിക്കുന്നത്. അസാമാന്യമായ ഊർജപ്രവാഹമായി ഈ പാട്ട് അനുഭവപ്പെടാൻ തലയറിഞ്ഞു പണിതിട്ടുണ്ട്, സംഗീതസംവിധായകൻ. രാഹുൽ സിപ്ലിഗഞ്ചും കീരവാണിയുടെ മകൻ കാലഭൈരവനും ചേർന്നാണ് ഗാനം ആലപിച്ചത്. ഹിന്ദിയിൽ ‘‘നാച്ചോ നാച്ചോ...’’, തമിഴിൽ ‘‘നാട്ടുകൂത്ത്...’’ എന്നിങ്ങനെ മൊഴിമാറ്റപ്പെട്ട ഗാനം മലയാളത്തിൽ ‘‘കരിന്തോല് സംഘമാകെ പട്ടിക്കാട്ടു കൂത്തുക്കാട്ട്’’ എന്നാണ് ആരംഭിക്കുന്നത്. മങ്കൊമ്പ് ഗോപാലകൃഷ്ണനാണ് രചന. പാടിയത് കെ.എസ്. ഹരിശങ്കറും യാസിൻ നിസാറും. വിവിധ ഭാഷകളിൽ ഹിറ്റായ ഈ ഗാനം ഗോൾഡൻ ഗ്ലോബ് ഉൾപ്പെടെ പത്തോളം അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. പത്തിരുപത് വ്യത്യസ്ത ഈണങ്ങളിട്ട് അതിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട ട്യൂണിലാണ് ഇന്നു നമ്മൾ ആ പാട്ടു കേൾക്കുന്നതെന്നാണ് കഥ. ഗാനനിർമാണത്തിന് മൊത്തത്തിൽ 19 മാസം പിടിച്ചത്രേ. ഇറങ്ങി 24 മണിക്കൂറിനകം തെലുഗിൽ മാത്രം 170 ലക്ഷം വ്യൂസ് ലഭിച്ച ഈ പാട്ടിന് 2022 ഫെബ്രുവരിയോടെതന്നെ 20 കോടിയിലധികം കാഴ്ചക്കാരുണ്ടായെന്നാണ് കണക്ക്; സിനിമയുടെ പണംവാരിക്കണക്കുകൾ വേറെ.
തികച്ചും ഫോക് എന്നു വിളിക്കാവുന്ന നാട്ടുക്കൂത്തുശൈലിക്കൊപ്പം കർണാട്ടിക്കിന്റെയും പാശ്ചാത്യസംഗീതത്തിന്റെയും സംസ്കാരം മിശ്രണംചെയ്ത് ചിട്ടപ്പെടുത്തിയ ഈ ഗാനം അതിചടുലമായ നൃത്തത്തോടൊപ്പമാണ് ഇത്രയധികം ജനപ്രീതിനേടിയത് എന്നുകാണാം. വിഷ്വലിനെ മാറ്റിനിർത്തി കേട്ടാൽ ഇത്രക്ക് ചടുലത ഫീൽ ചെയ്യണമെന്നില്ല. സിനിമാറ്റിക് ഡാൻസിനും വിനോദയാത്രകളിലെ സംഘനൃത്തത്തിനുമൊക്കെയായി നമ്മൾ ഉപയോഗിച്ചുപോരുന്ന തമിഴ് പാട്ടുകളെക്കാളൊക്കെ ഫാസ്റ്റ് എന്ന് ‘‘നാട്ടുനാട്ടു’’വിനെ വിശേഷിപ്പിക്കാനാവില്ല. അതേസമയം, പ്രേം രക്ഷിതിന്റെ അതിസങ്കീർണമായ കൊറിയോഗ്രഫി ‘‘നാട്ടുനാട്ടു’’വിന്റെ വേഗം പലമടങ്ങ് കൂട്ടുന്നതായി അനുഭവപ്പെടും. എഡിറ്റിങ്ങിലൂടെയും മറ്റും ലഭിക്കുന്ന അധികമാനങ്ങൾ ഈ ഗാനത്തെ അനനുകരണീയമാക്കി മാറ്റുന്നുമുണ്ട്. ‘‘നാട്ടുനാട്ടു’’ ഇറങ്ങിയ സമയത്തുതന്നെ ഇതിന്റെ സങ്കീർണമായ സ്റ്റെപ്പുകൾ പഠിപ്പിക്കുന്ന ട്യൂട്ടോറിയലുകൾ റീലുകളായും മറ്റും പ്രത്യക്ഷപ്പെട്ടതോർക്കുക. കാൽമടമ്പും മുൻവിരലുകളും സവിശേഷമായി ചലിപ്പിച്ചുകൊണ്ട് നടത്തുന്ന ഒരിനം അഗ്രതലസഞ്ചാരം അത്രതന്നെ ഫോക്കല്ലതാനും. പാദചലനത്തിന് സവിശേഷശ്രദ്ധ നൽകുന്നമട്ടിലാണ് ചിത്രീകരണം. മറ്റേതു ഗാനനൃത്തരംഗത്തിലും നൃത്തചലനങ്ങൾക്കിടെ മുഖഭാവങ്ങൾക്കും ഇതര അഭിനയചലനങ്ങൾക്കും ഇടമുണ്ടാവാമെങ്കിലും ‘‘നാട്ടുനാട്ടു’’വിൽ മുഴുവൻ അറ്റൻഷനും നൃത്തത്തിനാണ് ലഭിക്കുന്നത്. ഇടയിൽ വല്ലപ്പോഴും വരുന്ന ദൃശ്യവ്യതിയാനങ്ങൾപോലും ചടുലതക്ക് എരികൂട്ടുന്നതായാണ് അനുഭവപ്പെടുക. നാട്ടുക്കൂത്തിന് ഒരിക്കലും യോജിക്കില്ലെന്നു കരുതാവുന്ന വെസ്റ്റേൺ കോസ്റ്റ്യൂമും നാഗരികവും രാജകീയവുമായ പശ്ചാത്തലവും അത്രതന്നെ നാഗരികരായ പശ്ചാത്തല നർത്തകരുമൊക്കെയാണ് ഈ പാട്ടിനുള്ളത്. പശ്ചാത്തലനർത്തകരിലേക്ക് ഒരിക്കലും ശ്രദ്ധതിരിയാൻ സമ്മതിക്കാത്തമട്ടിലാണ് ജൂനിയർ എൻ.ടി.ആറും രാംചരണും പെർഫോം ചെയ്യുന്നത്. ടർക്കിഷ് ബ്ലൂവിനും ഇളം മഞ്ഞക്കും പ്രാധാന്യം ലഭിക്കും മട്ടിൽ രൂപകൽപനചെയ്ത പശ്ചാത്തലം, യുക്രെയ്നിലെ രാജകീയവസതിയുടെ പ്രൗഢി, നൃത്തത്തിന് സാക്ഷിയാവുന്ന ഇംഗ്ലീഷുകാരുടെ ഗ്രാൻഡ് എന്നുതന്നെ വിളിക്കാവുന്ന വസ്ത്രധാരണവും വർണബോധവും – ഇതെല്ലാംചേർന്നു നിർമിക്കുന്ന കളർ പാറ്റേൺ പതിവ് ഇന്ത്യൻ നൃത്തരംഗങ്ങളിൽനിന്ന് ‘‘നാട്ടുനാട്ടു’’വിനെ വ്യത്യസ്തമാക്കുന്നു. ഇളം സാപ് ഗ്രീനിലും ഓഫ് വൈറ്റിലും സെറ്റ് ചെയ്യപ്പെട്ട അകത്തളങ്ങൾ സൗണ്ട് ഓഫ് മ്യൂസിക്കിലെ (1965) ചില ഗാനരംഗങ്ങൾക്ക് പകരുന്ന പ്രൗഢി ഓർക്കുക. കഥ സെറ്റ് ചെയ്യപ്പെട്ട ബ്രിട്ടീഷ് പശ്ചാത്തലത്തിന് അനുഗുണമാവുന്നു ‘‘നാട്ടുനാട്ടു’’വിന്റെ വർണവിന്യാസം. തബല, മാൻഡോലിൻപോലുള്ള ഇന്ത്യൻ വാദ്യങ്ങൾക്കൊപ്പം പാശ്ചാത്യമായ സംഗീതോപകരണങ്ങളും ഇതിൽ ഉപയോഗിച്ചിട്ടുണ്ട്. ഭാഷക്കും സംസ്കാരത്തിനുമപ്പുറം കടന്ന് ജനപ്രിയമാകാൻ സാധിച്ചുവെന്നതാണ് ‘‘നാട്ടുനാട്ടു’’വിലെ ഈണത്തിനും ആലാപനത്തിനും നൃത്തച്ചുവടുകൾക്കും അവകാശപ്പെടാവുന്ന മേന്മ. അവ അത്രതന്നെ ‘നാട്ടുനാട്ടു’വല്ലെന്നു ചുരുക്കം. തന്റെ കേൾവിസംസ്കാരത്തിൽ പാശ്ചാത്യ പോപ്, റോക്ക് ശൈലികൾ ഉൾപ്പെട്ടിരുന്ന കാര്യം സംഗീതസംവിധായകൻതന്നെ വിശദീകരിച്ചിട്ടുമുണ്ടല്ലോ.
കഥാപാത്രങ്ങൾ മത്സരിച്ചാടുന്ന നൃത്തങ്ങൾ നമുക്ക് പുത്തരിയല്ല. സംയുക്തനൃത്തങ്ങളും കുറവല്ല. ‘‘നാട്ടുനാട്ടു’’ പെട്ടെന്നോർമിപ്പിക്കുന്ന പഴയൊരു നൃത്തരംഗം സഞ്ജയ് ലീലാ ബെൻസാലിന്റെ ‘ദേവദാസി’ലെ (2002) ഇസ്മാഇൽ ദർബാർ ഈണമിട്ട ‘‘ഡോലാ രേ ഡോലാ’’യാണ്. മാധുരി ദീക്ഷിതിന്റെയും ഐശ്വര്യ റായിയുടെയും സംയുക്തനൃത്തമാണ് ഈ ഗാനരംഗത്തിൽ. പെണ്ണും പെണ്ണും അല്ലെങ്കിൽ ആണും പെണ്ണും മത്സരിച്ചാടുന്നതിലും പുതുമയുണ്ട് രണ്ടു നർത്തകരുടെ മത്സരയാട്ടത്തിന്. ‘ആർആർആറി’ലെ അല്ലൂരി സീതാരാമ രാജുവും കൊമരം ഭീമും മത്സരിച്ചാടുന്ന ഈ നർത്തനരംഗത്തിന് ഇത്തരമൊരു സവിശേഷതകൂടിയുണ്ട്. പതിവുമട്ടിൽ ദൃശ്യവിഭവമായി മാറാറുള്ള സ്ത്രീകൾ ഇതിൽ സഹനർത്തകരോ കാഴ്ചക്കാരോ ആണ്.
തമിഴിൽ മരഗതമണിയെന്നറിയപ്പെടുന്ന കീരവാണി മലയാളത്തിലും നൂറിലധികം ഗാനങ്ങൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്. 1991ൽ പുറത്തുവന്ന ‘നീലഗിരി’യെന്ന ചിത്രമാണ് അതിൽ ആദ്യത്തേത്. പി.കെ. ഗോപിയുടെ വരികളിൽ പിറന്ന ആറു പാട്ടുകൾ ആ ചിത്രത്തിലുണ്ട്. 1992ൽ ‘സൂര്യമാനസം’ എന്ന ചിത്രത്തിൽ കൈതപ്രത്തിന്റെ വരികൾക്ക് അദ്ദേഹം ഈണമിട്ടു. ‘‘തരളിതരാവിൽ മയങ്ങിയോ സൂര്യമാനസം’’ ശ്രദ്ധിക്കപ്പെട്ടു. ‘ഏയ് ഹീറോ’ (1994), ‘ഇനിയൊരു പ്രണയകഥ’ (1995), ‘സൂപ്പർഹീറോ എസ്.പി പരശുറാം’ (1996) എന്നീ ചിത്രങ്ങളിൽ മങ്കൊമ്പിന്റെ വരികൾക്ക് ഈണമിട്ടെങ്കിലും ഗാനങ്ങൾ ശ്രദ്ധിക്കപ്പെട്ടില്ല. ‘ദേവരാഗ’ത്തിൽ എം.ഡി. രാജേന്ദ്രൻ എഴുതി ജയചന്ദ്രൻ-ചിത്ര ടീം ആലപിച്ച ‘‘ശിശിരകാല മേഘമിഥുന...’’ ആണ് മറ്റൊരു ശ്രദ്ധേയഗാനം. 1995 മുതൽ ഗാനരചനാരംഗത്തുള്ള ചന്ദ്രബോസ് ഏതാണ്ട് 3500ലധികം ഗാനങ്ങൾ രചിച്ചിട്ടുണ്ട്. ഓസ്കർ പുരസ്കാരം ഇരുവരുടെയും ഇതുവരെയുള്ള കരിയറിലെ എല്ലാ നേട്ടങ്ങളും അക്ഷരാർഥത്തിൽ നിസ്സാരമാക്കിക്കളഞ്ഞുവെന്നു ചുരുക്കം. അനവധി പ്രഗല്ഭമതികളായ ഗാനരചയിതാക്കളും സംഗീതസംവിധായകരും അരങ്ങുവാണ ഇന്ത്യൻ സിനിമയുടെ ഗാനമഹിമ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടാൻ ‘‘നാട്ടുനാട്ടു’’ ടീം നിമിത്തമായെന്നു കരുതാം. ‘ആർആർആർ’ എന്ന സിനിമ മുന്നോട്ടുവെക്കുന്ന ആശയത്തിനപ്പുറം സംഗീത-നൃത്തസംബന്ധിയായ ഒരു ഇന്ത്യൻനെസ് ലോകസമക്ഷം അവതരിപ്പിക്കാൻ ആ പാട്ടിനു കഴിഞ്ഞു. പ്രാദേശികമോ തീവ്രദേശീയമോ ആയ തനി നാട്ടുതനിമയല്ല, കലർപ്പിന്റെ രുചിയാണ് ആ പാട്ടിനെ ചടുലമാക്കുന്നത്. വൈദേശികതയെ സ്വാംശീകരിച്ച് ശക്തിപ്പെടുന്ന നാട്ടുമഹിമയാണ് ആ പാട്ട് പ്രസരിപ്പിക്കുന്നത് എന്നത് പ്രധാനമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.