വിഖ്യാത ചലച്ചിത്രമേളകളിൽ പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയ റാഡു ജൂഡ് എന്ന റുമേനിയന്‍ സംവിധായകന്റെ 2021ലെ സിനിമ 'ബാഡ് ലക്ക് ബാൻഗിങ് ഓര് ലൂണി പോണ്' (Bad Luck Banging or Loony Porn) കോവിഡ് കാലത്ത് ചിത്രീകരിച്ച സിനിമയാണ്. കഴിഞ്ഞ വര്‍ഷം ബര്‍ലിൻ മേളയിൽ ഗോള്‍ഡൻ ബിയര്‍ പുരസ്കാരം നേടിയ ഇൗ സിനിമ നടക്കുന്നത് മഹാമാരിയുടെ കാലത്താണ്. അതുകൊണ്ടുതന്നെ കഥാപാത്രങ്ങളും മാസ്ക് ധരിക്കുന്നു, സാമൂഹിക അകലം പാലിക്കുന്നു. പ്രധാന കഥാപാത്രമായ എമിയായി അഭിനയിക്കുന്ന Katia Pascariuയും മുഴുവന്‍ സിനിമയിലും...
വിഖ്യാത ചലച്ചിത്രമേളകളിൽ പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയ റാഡു ജൂഡ് എന്ന റുമേനിയന്‍ സംവിധായകന്റെ 2021ലെ സിനിമ 'ബാഡ് ലക്ക് ബാൻഗിങ് ഓര് ലൂണി പോണ്' (Bad Luck Banging or Loony Porn) കോവിഡ് കാലത്ത് ചിത്രീകരിച്ച സിനിമയാണ്. കഴിഞ്ഞ വര്‍ഷം ബര്‍ലിൻ മേളയിൽ ഗോള്‍ഡൻ ബിയര്‍ പുരസ്കാരം നേടിയ ഇൗ സിനിമ നടക്കുന്നത് മഹാമാരിയുടെ കാലത്താണ്. അതുകൊണ്ടുതന്നെ കഥാപാത്രങ്ങളും മാസ്ക് ധരിക്കുന്നു, സാമൂഹിക അകലം പാലിക്കുന്നു. പ്രധാന കഥാപാത്രമായ എമിയായി അഭിനയിക്കുന്ന Katia Pascariuയും മുഴുവന്‍ സിനിമയിലും മാസ്ക് ധരിച്ചാണ് അഭിനയിക്കുന്നത്.
നമ്മെ സംബന്ധിച്ച് അഭിനയം മുഖഭാവത്തിലൂടെയാണല്ലോ പ്രകടമാവേണ്ടത്. കഥാപാത്രമായി ജീവിക്കുമ്പോൾ നവരസങ്ങൾ ഓരോന്നും അതിന്റെ പൂർണതയോടെ മുഖത്ത് വിരിയിക്കുക എന്നതാണ് നമ്മുടെ അഭിനയസങ്കല്പം. മാസ്ക് ധരിക്കുമ്പോള്‍ കണ്ണുകൾ മാത്രമല്ലേ കാണുന്നുള്ളൂ. മറ്റൊരു കേമത്തം ശബ്ദഗാംഭീര്യമാണ്. വായ മൂടിയാല്‍ ഈ ഗാംഭീര്യം പുറത്തുവരില്ലല്ലോ. ഒരു സിനിമയില്‍ അഭിനയിക്കാനായി നമ്മുടെ സൂപ്പര്‍ താരങ്ങൾ കോണ്ട്രാക്റ്റ് ഒപ്പുവെക്കുമ്പോൾ തന്റെ മുഖം ഇത്രസമയം ക്ലോസപ്പിൽ കാണിക്കണം എന്നുപോലും നിര്ബന്ധിക്കാറുണ്ടത്രേ! ഈ സിനിമയിലെ സ്ത്രീ കഥാപാത്രം ലൈംഗികതയുടെ പേരിൽ നിസ്സഹായയാണ്, വൈകാരികസംഘര്‍ഷങ്ങൾ അനുഭവിക്കുന്നുണ്ട്. എന്നാല്‍, അത് മുഖഭാവങ്ങളിലൂടെയല്ല പ്രകടമാക്കുന്നത്. കാരണം അവര്‍ എപ്പോഴും മാസ്ക് ധരിച്ചിട്ടുണ്ട്. മാസ്ക് അവള്‍ക്കും പ്രേക്ഷകര്‍ക്കും ഇടയിൽ ഒരകലമുണ്ടാക്കുന്നു എന്ന് കാണാം. സിനിമ മൊത്തം അങ്ങനെയാണ്.
സിനിമ തുടങ്ങുമ്പോള്‍ നാം കാണുന്നത് ഒരു പോണ് വിഡിയോ ക്ലിപ്പാണ്. തുടര്‍ന്ന് ബുക്കാറസ്റ്റിന്റെ തിരക്കേറിയ തെരുവുകളിലൂടെ ധൃതിയിൽ നടക്കുന്ന ബിസിനസ് സ്യൂട്ടും മാസ്കും ധരിച്ച സ്ത്രീയെ കാണുന്നു. നടക്കുന്നതിനിടയില്‍ അവൾ ഫോണിൽ സംസാരിക്കുകയും മറ്റുപല കാര്യങ്ങള്‍ ചെയ്യുന്നുമുണ്ട്. എന്നാല്‍, സംവിധായകന് ഒന്നും തുറന്ന് അവതരിപ്പിക്കുന്നില്ല, പകരം സൂചനകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതൊക്കെ ചേർത്തുപിടിക്കുമ്പോള്‍ നമുക്ക് മനസ്സിലാക്കാം, നാം തുടക്കത്തില്‍ കണ്ട ക്ലിപ് സ്കൂൾ അധ്യാപികയായ എമി എന്ന ഈ സ്ത്രീയും ഭര്‍ത്താവും തമ്മിലുള്ള ലൈംഗിക കർമത്തിന്റേതായിരുന്നു. ഭര്‍ത്താവ് ഒരു പ്രൈവറ്റ് സൈറ്റിൽ അപ് ലോഡ് ചെയ്ത ഈ ക്ലിപ് ഏതോ വിധത്തിൽ ലീക്കാവുകയും എളുപ്പത്തിൽ ആക്സസ് ചെയ്യാവുന്ന പ്ലാറ്റ്ഫോമുകളിലേക്കും തുടർന്ന് അവളുടെ ചില വിദ്യാർഥികളുടെയും അവരുടെ മാതാപിതാക്കളുടെയും സ്ക്രീനിലും ലഭ്യമായി. കുട്ടികളുടെ രക്ഷിതാക്കൾ പ്രകോപിതരാണെന്നും അതിനാൽ സ്കൂള്‍ ഒരു പി.ടി.എ മീറ്റിങ് വിളിച്ചിട്ടുണ്ടെന്നും യാത്രക്കിടയിൽ അവള് മനസ്സിലാക്കുന്നു. സ്കൂളില്‍ തുടരുന്ന കാര്യം തീരുമാനിക്കാനുള്ള ആ മീറ്റിങ്ങിൽ പങ്കെടുക്കാന്‍ പോവുകയാണ് അവള്.
മാനഹാനി, അനിശ്ചിതമായ ഭാവി എന്നിവയാല്‍ പ്രക്ഷുബ്ധമായ മനസ്സുമായി നടക്കുന്ന എമിയുടെ വൈകാരികത ഒരിക്കലും അവതരിപ്പിക്കുന്നില്ലെങ്കിലും നടത്തത്തിലൂടെ അവളില്‍ വളരുന്ന അസ്വസ്ഥത അനുഭവപ്പെടുന്നു. ധൃതിയില്‍ നടക്കുന്ന മീഡിയം ഷോട്ടുകളാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. അവളുടെ ക്ലോസപ്പുകള്‍ ഇല്ല. പലപ്പോഴും അവളെ ഫോക്കസ് ചെയ്യാതെ കാമറ പല ബ്രാൻഡുകളുടെയും മോടിയുള്ള ബിൽബോർഡുകളിലേക്കും സൂപ്പര്‍മാര്‍ക്കറ്റിനു മുന്നിലുള്ള പരസ്യങ്ങളിലേക്കും നിയോണ്‍ ബോര്‍ഡുകളിലേക്കും പുസ്തക ഷോപ്പുകളിലേക്കും സൂപ്പര്‍മാര്‍ക്കറ്റുകളിലേക്കും പഴയ കെട്ടിടങ്ങളിലേക്കും ഭക്ഷണശാലകളിലേക്കും കമ്പ്യൂട്ടര്‍ ഗെയിമുകളിലേക്കും കാറുകളിലേക്കും ട്രാമുകളിലേക്കും പാൻ ചെയ്യുന്നു.
നമ്മുടെ സിനിമയില്‍ സാധാരണയായി കഥാപാത്രങ്ങളുടെ ചലനങ്ങൾക്കനുസരിച്ചാണ് കാമറ ചലിക്കുന്നത്. അവരെ ഫ്രെയിമില്‍ ഉള്‍ക്കൊള്ളിക്കാനാണ് കാമറ ചലിക്കുന്നത്. പ്രേക്ഷകരുടെ കാഴ്ചയില്‍ ഇപ്പോഴും പതിയേണ്ടത് അവരാണ്. എന്നാല്‍, ഇവിടെ കാമറയുടെ സ്ഥാനം, ചിലപ്പോള്‍ അകലെ, ചിലപ്പോൾ ചില കാറുകൾക്ക് പിന്നിലും എതിർ നടപ്പാതയിലും ആണ്. ഇത് അവളിലേക്കുള്ള പ്രേക്ഷകരുടെ ചാരക്കണ്ണുകൾകൊണ്ടുള്ള നോട്ടമാണ്. നഗരത്തിന്റെ ഏറക്കുറെ സംരക്ഷിതമായ അജ്ഞാതാവസ്ഥയിലുള്ള എല്ലാ അജ്ഞാതർക്കും ഇടയിൽ അവൾ ഒരു അജ്ഞാത വ്യക്തിയാണ്. പോണ് വിഡിയോ അവളുടേതാണെന്ന് മനസ്സിലാവുന്നതോടുകൂടി നാം അവളെ അജ്ഞാതരിൽനിന്ന് തിരിച്ചറിയുകയാണ്. പിന്നെ നാം അവളെ നോക്കുന്നത് ആ രീതിയിലാണ്, ഇവിടെ അവളുടെ അജ്ഞാതത്വവും സ്വകാര്യതയും തകരുന്നു.
ഐറണിയാണ് സിനിമയുടെ മുഖമുദ്ര (ഇമോജി സിനിമയിലെ കഥാപാത്രങ്ങൾക്കൊപ്പം യേശുവിന്റെ ചിത്രവും കാണാം). മറ്റു സന്ദര്‍ഭങ്ങളിൽ നമുക്ക് തീരെ താൽപര്യം ജനിപ്പിക്കാത്ത സങ്കീർണമായ നഗര ഭൂപ്രകൃതിയിൽ കാമറ പലരീതിയിലുള്ള പാനിങ്ങിലൂടെ സംവിധായകന് സ്കാൻ ചെയ്യുകയാണ് എന്ന് പറയാം. നഗരജീർണത, അശ്ലീലമായ കണ്‍സ്യൂമറിസം, ദയ വറ്റിയ മനുഷ്യർ -ഇതിലൂടെ ബുക്കാറസ്റ്റിന്റെ സമകാലിക അവസ്ഥ അവതരിപ്പിക്കുന്നു. കമ്യൂണിസ്റ്റ് കാലഘട്ടത്തിന്റെ അവശിഷ്ടങ്ങൾ, ഉപേക്ഷിക്കപ്പെട്ട ഫാക്ടറികൾ, കെട്ടിടങ്ങൾ -ഇതിലൂടെ മുതലാളിത്തത്തിന്റെ വിചിത്രമായ കൊളാഷ് അവതരിപ്പിക്കുകയായിരിക്കും സംവിധായകന്. ഇതിനിടയില്‍ മനുഷ്യര്‍ തമ്മിലുള്ള അശ്ലീലത്തെറിവിളികള് കേള്‍ക്കാം. ഇത് വാക്കുകൾകൊണ്ടുള്ള അക്രമംതന്നെയാണ്. മനുഷ്യരുടെ പെരുമാറ്റം ദുര്‍ഗന്ധം വമിക്കുന്നതുപോലെ. മറ്റൊന്ന്, ഇവിടെ എന്താണ് സിനിമക്കായി അരങ്ങേറ്റിയത്, എന്താണ് മനോധർമം ചെയ്തത് എന്ന് വ്യക്തമാവാത്ത അവസ്ഥയാണ്. നമ്മുടെ കൺമുന്നിൽ അനിശ്ചിതത്വം നിറഞ്ഞുനില്ക്കുന്നു, ഫിക്ഷനും ഡോക്യുമെന്ററിയും ഒന്നിച്ചുചേർന്ന് നാം ജീവിക്കുന്ന കാലത്തെ അസംബന്ധം അവതരിപ്പിക്കുന്നു. ഇതിലൂടെ ഒരു ആധുനിക നരകദൃശ്യം വരച്ചിടുന്നു, സംവിധായകന്.
സിനിമയെ ടൈറ്റിലുകള്‍ കൊടുത്ത് മൂന്നു ഭാഗങ്ങളിലായി തിരിച്ചിരിക്കുന്നു. സിനിമയുടെ ശ്ലഥമായ അവസ്ഥയിലേക്ക് കയറാനുള്ള കോവണിയായി ഈ ടൈറ്റിലുകള്‍ പ്രവര്‍ത്തിക്കുന്നു. അതേസമയം, സിനിമയുടെ ശ്ലഥാവസ്ഥയെ ഈ ടൈറ്റിലുകൾ വർധിപ്പിക്കുന്നു. ഇതിലൂടെ ആഖ്യാനത്തിന്റെ നൈരന്തര്യത്തെ തകര്‍ക്കുന്നു, സിനിമയില്‍നിന്ന് പ്രേക്ഷകരെ ഒരകലത്തില് നിര്‍ത്തുന്നു. ആത്മനിഷ്ഠയെക്കാള് വസ്തുനിഷ്ഠതക്കാണ് ഇവിടെ പ്രാധാന്യം. സിനിമ വാദ-പ്രതിവാദത്തിന്റെ രൂപത്തിലാണ്. റിയലിസത്തെ കുറിച്ചുള്ള സാമ്പ്രദായിക സങ്കൽപങ്ങളിൽനിന്ന് അകന്നുപോവാനുള്ള ശ്രമം ജൂഡിന്റെ മുന്‍ സിനിമകളിലും കാണാം. പ്രേക്ഷകരെ സിനിമയുടെ കല്പിത ലോകത്തിൽ മുഴുകാൻ അദ്ദേഹം അനുവദിക്കുന്നില്ല. ഇതിനായി അദ്ദേഹം ബ്രഹത്തിന്റെ അന്യവത്കരണ സങ്കേതങ്ങള്‍ ഉപയോഗിക്കുന്നു. 1960കളുടെ അവസാനത്തിലും 1970കളുടെ തുടക്കത്തിലും സിനിമയില്‍ നിലനിന്നിരുന്ന 'രാഷ്ട്രീയ ആധുനികതയെ' (Political Modernism) പുനരുജ്ജീവിപ്പിക്കാനും നവീകരിക്കാനുമുള്ള ശ്രമമാണ് ജൂഡിന്റെ സിനിമകൾ എന്നാണ് ചില നിരൂപകര്‍ പറയുന്നത്.
സംവിധായകന്റെ ശൈലി വളരെ ലീലാപരമാണ്, തമാശപോലെ ആണ് (Playfulness). കാര്യങ്ങളെ തമാശപോലെ ഉപയോഗിക്കുന്നുണ്ടെങ്കിലും അത് വളരെ ഗൗരവമുള്ള വിഷയങ്ങളാണ്. അത് പരീക്ഷണാത്മകതയുടെ ഭാഗമായി ഉപയോഗിക്കുന്നതാണ്. മൂന്നാം ഭാഗത്തിന്റെ ടൈറ്റിലില്‍ 'ഹാസ്യ പരമ്പര' എന്നാണ് ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍, അതോടൊപ്പം 'വ്യവഹാരം' എന്നും 'വ്യംഗ്യോക്തി' എന്നും ഉണ്ട്. ഹാസ്യം പ്രേക്ഷകരെ തിരശ്ശീലയിൽനിന്ന് അകലത്തിൽ നിര്‍ത്താനും സഹായിക്കുന്നു.
രണ്ടാം ഭാഗം ആദ്യത്തെ ഭാഗത്തിൽനിന്ന് തീര്‍ത്തും വ്യത്യസ്തമാണ്. ഈ ഭാഗത്തെ ഒരു മൊണ്ടാഷ് സീക്വന്‍സായി കാണാം. ടെക്സ്റ്റ്, ഫോട്ടോ, വിഡിയോ എന്നിവയൊക്കെ ചേര്‍ന്ന ഒരു മൊണ്ടാഷ്. ഈ 'നിഘണ്ടു' രണ്ടാം ലോകയുദ്ധസമയത്ത് റുമേനിയൻ പട്ടാളക്കാർ ജൂതന്മാർക്കും റോമാക്കാർക്കും എതിരെ ചെയ്ത ക്രൂരതകളും സിയോസെസ്കുവിന്റെ ഭരണത്തിന്റെ ഭീകരതകളും ഉൾപ്പെടുന്നു. ഈ ഭാഗം അശ്ലീലതയുടെയും അക്രമത്തിന്റെയും എക്കോ ചേംബർ പോലെ പ്രവർത്തിക്കുന്നു. യുദ്ധം, മരണം, ലൈംഗികത, ചൂഷണം, സ്ത്രീകളുടെ ചൂഷണം എന്നിവയുടെ ചിത്രങ്ങൾ അവതരിപ്പിക്കുന്നു. ഈ ഭാഗം വലിയ സങ്കീർണതയായി നമുക്ക് അനുഭവപ്പെട്ടേക്കാം. ചിന്തയുടെയും ഭാവനയുടെയും ലോകത്തെ മുഴുവൻ ഈ രംഗത്തേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നു. റുമേനിയയിലെ ഫാഷിസം, കത്തോലിക്കാ ഏകാധിപത്യം, യഹൂദ വിരുദ്ധത എന്നിവയുടെ ചരിത്രത്തിൽ കേന്ദ്രീകരിക്കുന്നു. ആഗോളതാപനം, കുട്ടികളും മാതാപിതാക്കളും തമ്മിലുള്ള ബന്ധം, കുടുംബം, ആര്‍ഭാടം, അടുക്കള, ബുദ്ധിജീവി, ദേശസ്നേഹം, പോര്‍ണോഗ്രാഫി, നിയോ നാസിസം ഇത്തരം വിവിധ വിഷയങ്ങള്‍ ഈ ഭാഗത്ത് അവതരിപ്പിക്കുന്നു. സിനിമയുടെ മുഖമുദ്ര ആക്ഷേപഹാസ്യമാണെങ്കിലും ഇവിടെ അത് കറുത്ത ഹാസ്യമാവുന്നു. പ്രായമായ ഒരു മനുഷ്യന് തന്റെ വലതുകൈ ചലിപ്പിക്കാൻ കഴിയുന്നില്ല. പരിശോധനയിൽ ശാരീരികവൈകല്യങ്ങളൊന്നും കാണുന്നില്ല. ആശയക്കുഴപ്പത്തിലായ സൈക്കോ അനലിസ്റ്റിന്റെ ബുദ്ധിയിൽ ഒരു ആശയം ഉദിച്ചു: അദ്ദേഹം ഹിറ്റ്ലർ നീണാൾ വാഴട്ടെ എന്ന് നിലവിളിച്ചു. അപ്പോള്‍ രോഗി വലതുകൈകൊണ്ട് കൃത്യമായ ഒരു നാസി സല്യൂട്ട് ചെയ്തു.
ടെലിവിഷൻ ഫൂട്ടേജുകളുടെ ഉപയോഗത്തിലൂടെ നമ്മുടെ ദൈനംദിന ഉപയോഗത്തിലുള്ള ദൃശ്യങ്ങളിൽ മറഞ്ഞിരിക്കുന്ന അശ്ലീലം വെളിപ്പെടുത്താൻ ശ്രമിക്കുന്നു. അതായത്, ലീക്കായ വിഡിയോയുടെ അശ്ലീലത എന്ന് വിളിക്കപ്പെടുന്നതും നമ്മെ ചുറ്റിപ്പറ്റിയുള്ള വിശാലമായ അശ്ലീലവും തമ്മിൽ താരതമ്യംചെയ്യാന്‍ പ്രേക്ഷകരെ ക്ഷണിക്കുന്നു. ലീക്കായ ആ ക്ലിപ്പിനെക്കാൾ കൂടുതൽ വിഷലിപ്തമാണ് ഈ ക്ലിപ്പുകൾ. എന്താണ് യഥാർഥത്തിൽ അശ്ലീലം? ഒരു സ്ത്രീ തന്റെ ഭർത്താവിനൊപ്പം രതിക്രീഡയിൽ ഏര്‍പ്പെടുന്നതോ, അതോ പട്ടാളക്കാര്‍ക്ക് സമാധാനത്തോടെ ക്രിസ്മസ് അവധി ആസ്വദിക്കാൻ ന്യൂനപക്ഷങ്ങളെ ധൃതിയിൽ കൊലപ്പെടുത്തുന്നതോ? നിങ്ങൾ എങ്ങനെയാണ് അശ്ലീലത്തെ നിർവചിക്കുന്നത്? അക്രമവും വംശീയതയും മനുഷ്യചരിത്രത്തിലെ മറ്റു ഭീകരതകളും ഉൾപ്പെടുന്ന ഒരു സ്പെക്ട്രത്തിൽ അതിന്റെ സ്ഥാനം എവിടെയാണ്? ലൈംഗികത കൂടുതൽ ജുഗുപ്സയും അപമാനവുമാണെന്ന് വിശ്വസിക്കുന്നവര്‍ സംസ്കാരത്തെ മഹത്ത്വപ്പെടുത്തുകയാണ്, കാരണം അതിനേക്കാള്‍ ഭയാനകമാണ് വാർത്തകളിൽ നാം ദിവസവും കാണുകയും കേള്‍ക്കുകയും ചെയ്യുന്ന ലൈംഗികത. ഈ കാപട്യത്തെ റാഡു ജൂഡ് ഈ ഭാഗത്ത് തുറന്നുകാട്ടുന്നു.
മൂന്നാം ഭാഗം രണ്ടാം ഭാഗത്തിൽനിന്ന് തീര്‍ത്തും വ്യത്യസ്തമാണ്. അശ്ലീലമെന്ന് വിളിക്കാവുന്ന വ്യത്യസ്തമായ കാര്യങ്ങൾ സംയോജിപ്പിച്ച് നമ്മുടെ കാപട്യത്തെ സമർഥമായി ഉയർത്തിക്കാട്ടാൻ സിനിമയുടെ രണ്ടാം ഭാഗത്ത് മൊണ്ടാഷാണ് ഉപയോഗിച്ചതെങ്കിൽ ഈ ഭാഗത്ത് മാതാപിതാക്കളുടെ നിര്‍ത്താതെയുള്ള ആക്രോശങ്ങളുടെ പരമ്പരയാണ്. സ്കൂളിന്റെ മുന്നിലുള്ള തുറസ്സായ സ്ഥലത്ത് കുപിതരായ മാതാപിതാക്കളുമായുള്ള എമിയുടെ കൂടിക്കാഴ്ച ഒരു കോടതിവിചാരണപോലെ. കുറ്റാരോപണം, പ്രതിവാദം എന്ന രീതിയിലാണ് മുന്നേറുന്നത്. ഇതിന് ഒരു നാടക അരങ്ങിന്റെ സ്വഭാവമുണ്ട്. പിന്നില്‍ സ്കൂള്‍ കെട്ടിടം, പുറത്തെ ചുവരില്‍ ഒരു ദേശീയനേതാവിന്റെ വലിയ പ്രതിമ. രണ്ടുഭാഗത്തും കത്തുന്ന പന്തങ്ങള്‍. വാഗ്വാദത്തിനിടയില്‍ ഒരു ജോലിക്കാരന് പ്രതിമ വൃത്തിയാക്കുകയും പന്തങ്ങളെ ജ്വലിപ്പിക്കുകയും ചെയ്യുന്നുണ്ട്. സിനിമയുടെ ആദ്യഭാഗത്ത് എമിയുടെ ഭാഗത്താണ് പ്രേക്ഷകരെ നിര്ത്തിയതെങ്കിൽ ഇവിടെ ഒരു അശ്ലീല വിചാരണ കോടതിയിൽ ജൂറിമാരാകാൻ അവരെ നിർബന്ധിക്കുന്നു. ഇത് അസഭ്യത്തെ കുറിച്ചാണ്, ഹാസ്യാത്മകമാണ്, കൃത്യമായി പറഞ്ഞാല്‍ ആക്ഷേപ ഹാസ്യാത്മകമാണ്, മെല്ലെ കറുത്ത ഹാസ്യമായിത്തീരുന്നു. അതേ സമയം വളരെ ബൗദ്ധികവുമാണ്.
ഈ ഭാഗത്ത് പ്രധാനമായും സൂമിങ്ങും പാനിങ്ങും ആണ് ഉപയോഗിച്ചിരിക്കുന്നത്. സംഭാഷണത്തിനിടയില്‍ കയറി ആരെങ്കിലും സംസാരിക്കുമ്പോള്‍ കാമറ ആ വ്യക്തിയുടെ മുഖത്തേക്ക് സൂം ചെയ്യുന്നു. വളരെ ശൈലീകൃതമാണ് ഈ ഭാഗം. നിറങ്ങളും ശൈലീകൃതമായാണ് ഉപയോഗിച്ചിരിക്കുന്നത്. കടുത്ത ചുവപ്പും പച്ചയും പ്രകോപിതരായ മാതാപിതാക്കളുടെ കോടതിയെ അടയാളപ്പെടുത്തുന്നു, അവർ വിഷയത്തിൽനിന്ന് അകന്ന് ചുറ്റിത്തിരിയുമ്പോൾ അവര്‍ കൂടുതൽ വിചിത്രമായി കാണപ്പെടുന്നു. അതുപോലെ ഈ ഭാഗം നാം പൊതുവെ വിവക്ഷിക്കുന്ന രീതിയില്‍ സിനിമാറ്റിക് അല്ല. വംശീയത, കാപട്യങ്ങൾ, വിഡ്ഢിത്തം, വിദ്യാഭ്യാസം എന്നിവയെക്കുറിച്ച് അഭിപ്രായം പറയാൻ വിവിധ എഴുത്തുകാരിൽനിന്നുള്ള നീണ്ട ഉദ്ധരണികൾ ഉച്ചത്തിൽ വായിക്കുന്ന കഥാപാത്രങ്ങൾ.
ഒരു ആർമി ലെഫ്റ്റനന്റ്, ഫാഷിസ്റ്റ്, രാഷ്ട്രീയ ചായ്വുള്ള ഒരു പൈലറ്റ്, സാമൂഹികമായി യാഥാസ്ഥിതികനായ ഒരു പുരോഹിതൻ, എമിയെ പ്രതിരോധിക്കുന്ന ഒരു 'നല്ല മനുഷ്യൻ' (ഇത് അവളെ പാട്ടിലാക്കാനുള്ള തന്ത്രമാണ്), കൂടാതെ തന്റെ കുട്ടിക്ക് ഉയര്‍ന്ന ഗ്രേഡ് കിട്ടുന്നതിനായി വലിയ തുക വാഗ്ദാനംചെയ്ത സ്ത്രീ എന്നിവരാണ് കൂടിയിരിക്കുന്നവരില്‍ പ്രധാനികള്‍. വാക്കുകൾ കൊണ്ടുള്ള മാതാപിതാക്കളുടെ അധിക്ഷേപത്തിന്റെ ആക്രമണത്തിന് എമി വിധേയയാവുന്നു. അതിൽ ഭൂരിഭാഗവും സ്ത്രീവിരുദ്ധതയിൽ വേരുകളുള്ളതാണ്. അവര്‍ വാദിക്കുന്നു, എമി കാമറയിൽ ചെയ്തതുപോലെ വേശ്യകൾ മാത്രമേ പ്രവർത്തിക്കൂ എന്നാണ് ചില പുരുഷന്മാർ പറയുന്നത്. താമസിയാതെ വാക്കുപോര് വംശീയതയിലേക്കും ആന്റി സെമിറ്റിസത്തിലേക്കും ഫാഷിസത്തിലേക്കും തിരിയുന്നു. ഒരു ചരിത്രാധ്യാപിക എന്ന നിലയിൽ, എമി വിദ്യാർഥികളെ ഹോളോകോസ്റ്റിനെക്കുറിച്ച് പഠിപ്പിക്കുന്നു, സോവിയറ്റ് രചനകൾ കുട്ടികളെ വായിച്ചു കേള്‍പ്പിക്കുന്നു, ജൂയിഷ്-ജർമൻ തത്ത്വചിന്തകയായ ഹന്ന അരെന്റിനെ (Hannah Arend) കുറിച്ച് കുട്ടികളോട് സംസാരിക്കുന്നു. അതുകൊണ്ട് മാതാപിതാക്കള്‍ അവളെ ജൂതപ്രചാരകയായും കമ്യൂണിസ്റ്റ് രാജ്യദ്രോഹിയായും മുദ്രകുത്തുന്നു. വാക്കാലുള്ള അക്രമം കോവിഡിന്റെ സാമൂഹികാകലം മറന്നുകൊണ്ട് ശാരീരികമായ അതിക്രമമായിത്തീരുന്നു. അവൾ ചെയ്തത് എന്താണെന്ന് കാണാത്തവര്‍ക്ക് കാണാനായി ആ വിഡിയോ അവളെ മധ്യത്തിൽ ഇരുത്തിക്കൊണ്ട് ലാപ്ടോപ്പിൽ പ്രദര്‍ശിപ്പിക്കുന്നു.
''എന്റെ സ്വകാര്യജീവിതം എന്റേതാണ്. കുട്ടികള്‍ മുതിര്‍ന്നവര്‍ക്കുള്ള വെബ്സൈറ്റുകൾ കാണരുത്, ഇതിന് മാതാപിതാക്കളാണ് നിയമപരമായി ഉത്തരവാദികൾ'' -എമി വാദിക്കുന്നു. ഈ ഭാഗത്തിനുശേഷം സിനിമ മൂന്നു രീതിയില്‍ അവസാനിക്കുന്നു. അതുകൊണ്ടുതന്നെ ഇത് അപൂർണവും തുറന്നതും വ്യാഖ്യാനത്തിന് സാധ്യത കൊടുക്കുന്നതുമാണ് (സാധാരണയായി ഒരു ആശയത്തെ വികസിപ്പിച്ചു വികസിപ്പിച്ച് പരിസമാപ്തിയില്‍ എത്തിക്കുകയാണല്ലോ). ഇതും പ്രേക്ഷകരെ സിനിമയിൽനിന്ന് അകലെ നിര്‍ത്താനുള്ള തന്ത്രമാണ്.
ശ്ലീലാശ്ലീലങ്ങളുടെ കോടതിയില്‍ സ്ത്രീ വിചാരണ ചെയ്യപ്പെടുന്നു. മുതലാളിത്തത്തിലും കമ്യൂണിസത്തിലും മതത്തിലും വികസിത രാജ്യത്തിലും അവികസിത രാജ്യത്തിലും ലൈംഗികതയുടെ പേരിൽ ഇത് ഒരുപോലെ നടക്കുന്നു. ഈ സിനിമയില്‍ ഈ കർമം ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന് ചെയ്തതാണെങ്കിലും ഭാര്യ മാത്രമാണ് വിമര്‍ശിക്കപ്പെടുന്നത്, പുരുഷനെ സിനിമയില്‍ കാണിക്കുന്നില്ല. തന്റെ ഭര്‍ത്താവുമായാണ് താൻ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് എന്നും അയാളെ വിവാഹം കഴിച്ചതിനുള്ള തെളിവായി അവള്‍ക്ക് വിവാഹമോതിരം കാണിക്കേണ്ടിയും വന്നു. മാത്രവുമല്ല, അവര്‍ മതപരമായികൂടി വിവാഹിതരാണ് എന്നും പറയേണ്ടിവരുന്നു. ഇത് അവളെ സംബന്ധിച്ച് പൊതു അപമാനത്തിന്റെ വേദനാജനകമായ നിമിഷമാണ്. വ്യക്തിഗതമായതില്നിന്ന് ആരംഭിച്ച് സിനിമ സ്ത്രീകളുടെ സ്വകാര്യജീവിതത്തിൽ ഭരണകൂടത്തിന്റെ കടന്നുകയറ്റം, ആധുനിക റുമേനിയയിലെ സ്ത്രീ ലൈംഗികതയോടുള്ള സ്ഥാപനങ്ങളുടെയും മനുഷ്യരുടെയും കപടമനോഭാവം എന്നിവ അവതരിപ്പിക്കുന്നു. അതിന് നമ്മുടെ സാമ്പ്രദായിക ആർട്ട് സിനിമകളിൽനിന്ന് വളരെ വ്യത്യസ്തമായ ശൈലി ഉപയോഗിക്കുന്നു. സിനിമ കേവലം കഥ മാത്രമല്ലെന്നും രൂപവും പ്രധാനപ്പെട്ടതാണെന്നും സംവിധായകന് വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.